ആസാം ഗ്രാമങ്ങളില്‍ അവരിപ്പോഴും കര്‍മനിരതരാണ്
കദംഗുഡി ഗ്രാമത്തിലേക്ക് വയലിലൂടെ അഞ്ചു കിലോമീറ്ററിലേറെ നീണ്ട മണ്‍പാതയിലൊരിടത്ത് മുളകൊണ്ടുണ്ടാക്കിയ ഒരു ചെറിയ പാലം കാണാം. അര അടിയിലേറെ കനത്തില്‍ പൊടി നിറഞ്ഞ്, ഉടനീളം കുണ്ടും കുഴിയുമായ ഈ വഴിയിലൂടെ വേനലില്‍ തന്നെ കടന്നുപോവുക പ്രയാസം. മഴ പെയ്യുന്നതോടെ മൃഗങ്ങള്‍ക്കു പോലും ഇതിലൂടെ യാത്ര ചെയ്യാനാകില്ല. ആയിരത്തിലേറെ ദരിദ്ര മുസ്‌ലിം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലേക്കുള്ള റോഡില്‍, വയല്‍ അല്‍പം താഴ്ന്ന് വെള്ളമൊഴുകുന്ന സ്ഥലത്താണ് മുളകൊണ്ടുള്ള പാലം. ആസാമിലെ ഹൗളി ടൗണിനോടടുത്ത ഈ ഗ്രാമത്തില്‍ 2012 ആഗസ്റ്റില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍ പണിത പാലം വലിയ കേടൊന്നും കൂടാതെ ഉപയോഗയോഗ്യമായി ഇപ്പോഴും നിലനില്‍ക്കുന്നു.
ആ പാലം ഒരു സൂചകമാണെന്ന് എനിക്ക് തോന്നിയത് ആസാമിലെ കലാപബാധിത ഗ്രാമങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിക്കൊണ്ടിരിക്കുന്ന ബൃഹത്തായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നേരില്‍ കണ്ടപ്പോഴാണ്. കദംഗുഡിയിലെ മുളകൊണ്ടുള്ള പാലം യഥാര്‍ഥത്തില്‍ ഒരു പ്രതീകമാണ്; പറിച്ചെറിയപ്പെട്ട ജീവിതത്തിലേക്ക് തിരിച്ചു നടക്കാന്‍ ആസാമിലെ കലാപബാധിതര്‍ക്കുവേണ്ടി ജമാഅത്തെ ഇസ്‌ലാമി നടപ്പിലാക്കിക്കൊണ്ടിരുന്ന വിപുലമായ പുനരധിവാസ പദ്ധതിയുടെ പ്രതീകം. കലാപനാളുകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുകയും കാമറക്കണ്ണുകള്‍ അടയുകയും ചെയ്തതോടെ എല്ലാവരും കൈവിട്ട ഒരു ജനതക്ക് കൈതാങ്ങ് നല്‍കാന്‍ ഇപ്പോഴും കലാപബാധിതരോടൊപ്പം കര്‍മനിരതരായ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരുടെ പ്രതീകം.
നാലു കോടി രൂപയുടെ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ നടപ്പിലാക്കുകയും അഞ്ചു കോടിയിലേറെ രൂപയുടെ വികസന പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്തുകൊണ്ടാണ്, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനസേവന വിഭാഗം ആസാം ഗ്രാമങ്ങളിലെ കലാപബാധിതര്‍ക്ക് താങ്ങും തണലുമായത്. കലാപത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായഹസ്തവുമായി ജമാഅത്ത് പ്രവര്‍ത്തകര്‍ ഓടിയെത്തുകയുണ്ടായി. എട്ടു മാസങ്ങള്‍ക്ക് ശേഷവും ജമാഅത്ത് ജനസേവന വിഭാഗം വളണ്ടിയര്‍മാര്‍ ആസാം ഗ്രാമങ്ങളില്‍ കര്‍മനിരതരാണ്. അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന താല്‍ക്കാലിക ഓഫീസുകള്‍ അടച്ചെങ്കിലും, ദീര്‍ഘകാല പുനരധിവാസ പദ്ധതിയുടെ നടത്തിപ്പിനായി മൂന്ന് സ്ഥിരം ഓഫീസുകള്‍ ജമാഅത്ത് ജനസേവന വിഭാഗത്തിന്റേതായി പ്രവര്‍ത്തിക്കുന്നുണ്ട്. വംശവെറിയുടെയും സങ്കുചിത ദേശീയത്വത്തിന്റെയും വിഘടനവാദത്തിന്റെയും ഇരകളായ പതിനായിരക്കണക്കിന് ജനങ്ങളെ ഗവണ്‍മെന്റും രാഷ്ട്രീയ പാര്‍ട്ടികളും സമുദായ നേതാക്കളും മതസംഘടനകളും മറ്റും കൈവിട്ടപ്പോള്‍ ഇസ്‌ലാമിക പ്രസ്ഥാനം അതിന്റെ ചരിത്രപരമായ ഭാഗധേയം നിര്‍വഹിക്കുന്നതിന്റെ ചേതോഹരമായ ചിത്രങ്ങള്‍ ആ ഗ്രാമങ്ങളില്‍ നമുക്ക് കണ്‍കുളിര്‍ക്കെ കാണാം. കലാപത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ മാത്രമല്ല, വര്‍ഗീയ സംഘര്‍ഷം കാരണം ദുരിതമനുഭവിച്ചവരും പരമ ദരിദ്രരുമായ ഏതാനും ബോഡോകളും ജമാഅത്തിന്റെ ദുരിതാശ്വാസ-പുനരധിവാസ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ ആസാം ഗ്രാമങ്ങളില്‍ ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി തനിച്ചാണ്. കലാപബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്രയില്‍ മറ്റൊരു സംഘടനയെയും എനിക്ക് കാണാനായില്ല.
ഭരണകൂടവും സംഘടനകളും ചെയ്തത്
2012 ജൂലൈ 20-ഓടെ ആസാമിലെ ബോഡോ ലാന്റില്‍ (ബി.ടി.എ.ഡി- ബോഡോ ലാന്റ് ടെറിറ്റോറിയല്‍ ഏരിയ ഡിസ്ട്രിക്ട്‌സ്) മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഉണ്ടായ വര്‍ഗീയ കലാപം മൂന്ന് ജില്ലകളിലായി 4 ലക്ഷം പേരെയാണ് ബാധിച്ചത്. കലാപത്തിന്റെ ആദ്യ നാളുകളില്‍ സന്ദര്‍ശനവും പ്രഖ്യാപനങ്ങളുമായി മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, അന്നത്തെ ആഭ്യന്തരമന്ത്രി പി. ചിദംബരം, ആസാം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് തുടങ്ങിയവര്‍ ഇരകള്‍ക്ക് ആശ്വാസവും സഹായവാഗ്ദാനവുമായി രംഗത്തുവന്നു. 300 കോടിയുടെ ധനസഹായമാണ് മന്‍മോഹന്‍ സിംഗ് പ്രഖ്യാപിച്ചത്. ദുരിതാശ്വാസ-പുനരധിവാസം (100 കോടി), സെപ്ഷ്യല്‍ പ്ലാന്‍-വികസനം (100 കോടി), ഇന്ദിര ആവാസ് യോജന (100 കോടി) എന്നീ മൂന്ന് ഇനങ്ങളായിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. വീട് പൂര്‍ണമായും തകര്‍ന്നവര്‍ക്ക് 30,000 രൂപയും ഭാഗികമായി തകര്‍ന്നവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 20,000 രൂപയും വാഗ്ദാനം ചെയ്യപ്പെട്ടു. കലാപത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും സഹായധനമായി പ്രഖ്യാപിക്കപ്പെട്ടു. കലാപഭൂമിയില്‍ പറന്നിറങ്ങിയ ആഭ്യന്തരമന്ത്രി പി. ചിദംബരം സാധ്യമാകുന്ന എല്ലാ സഹായങ്ങളും ഇരകള്‍ക്ക് വാഗ്ദാനം ചെയ്തു. പുനരധിവാസവും സംരക്ഷണവും ഉറപ്പാക്കും, വീടുകള്‍ എത്രയും പെട്ടെന്ന് പുനര്‍ നിര്‍മിക്കും, എല്ലാവര്‍ക്കും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനാകും, കേന്ദ്ര ഗവണ്‍മെന്റും ആസാം ഗവണ്‍മെന്റും അതിനുവേണ്ടതെല്ലാം ചെയ്യും എന്നൊക്കെയായിരുന്നു ചിദംബരത്തിന്റെ പ്രസ്താവന. ഹെലിക്കോപ്റ്ററില്‍ കലാപഭൂമിയിലെത്തിയ തരുണ്‍ ഗോഗോയ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. മറ്റു മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സമാന സ്വഭാവമുള്ള പല പ്രസ്താവനകളും നടത്തുകയുണ്ടായി.
കലാപാനന്തര ആസാം ഗ്രാമങ്ങളിലൂടെ യാത്ര ചെയ്താല്‍ ഈ പ്രസ്താവനകളില്‍ മിക്കതും വലിയ തമാശകളായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ വലിയ പ്രയാസമുണ്ടാകില്ല. മന്‍ മോഹന്‍ സിംഗിന്റെ മുന്നൂറു കോടി ദല്‍ഹിയില്‍ നിന്ന് ഇതുവരെ ആസാമില്‍ എത്തിയതായി അറിയില്ല. കേന്ദ്ര ഫണ്ടില്‍നിന്ന് 22,750 രൂപയും ടാര്‍പോളിന്‍ ഷീറ്റുമാണ് കലാപബാധിത കുടുംബങ്ങള്‍ക്ക് ലഭിച്ചത്. അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്ന സമയത്ത് അരിയും പരിപ്പും ഉപ്പും എണ്ണയുമടങ്ങുന്ന റേഷനും കിട്ടിയിരുന്നു. അതിനപ്പുറം വീടു നിര്‍മാണവും പുനരധിവാസവും മറ്റു നടപടികളുമൊന്നുമില്ല. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ സാധിച്ചവരില്‍ പലരും തകര്‍ന്ന വീടുകള്‍ക്ക് സമീപം മുളയും ടാര്‍പോളിനും കൊണ്ടുണ്ടാക്കിയ ടെന്റുകളിലാണ് കഴിയുന്നത്. 'ഇന്ദിരാ ആവാസ് യോജന'യെക്കുറിച്ച് പിന്നീട് വാര്‍ത്തകളൊന്നും ഉണ്ടായില്ല. മുന്നൂറില്‍ പരം കുടുംബങ്ങള്‍ തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനാകാതെ ഇപ്പോഴും ടെന്റുകളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്.
ഇത് 2012-ലെ കലാപത്തിന്റെ മാത്രം അവസ്ഥയല്ല. ആസാമില്‍ മുമ്പ് പലപ്പോഴും ഉണ്ടായ കലാപത്തിന്റെ ഇരകള്‍ക്ക് ഒരിക്കലും നീതി കിട്ടുകയുണ്ടായിട്ടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് പോകട്ടെ, ഇരകള്‍ക്ക് മാന്യമായ പുനരധിവാസം പോലും ഉണ്ടായിട്ടില്ല. ബോഡോ ലാന്റില്‍ തന്നെ 1993-'94 വര്‍ഷങ്ങളിലുണ്ടായ കലാപത്തിന്റെ ഇരകളായ 25,000 മുസ്‌ലിംകള്‍ 2013-ലും ബോംഗായ് ഗാവ് ജില്ലയിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുകയാണ്. 17/18 വര്‍ഷങ്ങളായി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാനാകാതെ ടെന്റുകളില്‍ കഴിയുന്ന മനുഷ്യ ജീവിതങ്ങളെക്കുറിച്ച് ചിന്തിച്ചു നോക്കൂ. അന്നും ഇന്നും കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് തന്നെ. ഇന്ത്യന്‍ മുസ്‌ലിംകളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ അഭയാര്‍ഥി ക്യാമ്പുകള്‍. 2012-ലെ കലാപത്തിന്റെ ബാക്കിപത്രമായ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ കൂടി ചേരുമ്പോള്‍ ചിത്രം പൂര്‍ണമാകും. സമുദായ നേതാക്കളുടെയും മത-രാഷ്ട്രീയ സംഘടനകളുടെയും സ്ഥിതി ഇതിലും ദയനീയമാണ്. കലാപ നാളുകളിലെ ബഹളമയമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പലരും ഉണ്ടായിരുന്നു. ആ ഘട്ടത്തില്‍ അവര്‍ നിര്‍വഹിച്ച സേവനങ്ങള്‍ പ്രശംസനീയം തന്നെ. പക്ഷേ, ഏതാനും ആഴ്ചകള്‍ക്കകം എല്ലാവരും സ്ഥലം കാലിയാക്കി; ജമാഅത്തെ ഇസ്‌ലാമി ഒഴികെ. വടക്കേ ഇന്ത്യയില്‍ വലിയ സ്വാധീനമുള്ള സംഘടനകളാണ് ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദും തബ്‌ലീഗ് ജമാഅത്തും. ആദ്യ ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ചില സ്ഥലങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമ രംഗത്തുണ്ടായിരുന്നു. എന്നാല്‍, പുനരധിവാസ പ്രവര്‍ത്തനത്തില്‍ പേരിനു പോലും അവരുടെ പങ്കാളിത്തമുള്ളതായി അറിയില്ല. ഒരു പ്രദേശത്ത് ഏതാനും വീടുകള്‍ പണിതുകൊടുക്കാമെന്ന് ജംഇയ്യത്തുല്‍ ഉലമ വാഗ്ദാനം ചെയ്‌തെങ്കിലും അതിന് ചുമരുകള്‍ മാത്രമേ ഉണ്ടാകൂ, മേല്‍കൂര ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ ജനങ്ങള്‍ അത് വേണ്ടെന്ന് പറയുകയായിരുന്നു. മൂന്ന് പ്രാഥമിക മതപഠന കേന്ദ്രങ്ങള്‍ മാത്രമാണ് കലാപബാധിത പ്രദേശങ്ങളില്‍ ജംഇയ്യത്തുല്‍ ഉലമ നടത്തുന്നത്. തബ്‌ലീഗ് ജ മാഅത്തിനെയും ഇപ്പോള്‍ ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുന്നില്ല.
ആസാമിലെ എ.യു.ഡി.എഫ് എം.എല്‍.എമാരും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും മുസ്‌ലിം എം.എല്‍.എമാരും എം.പിമാരുമൊക്കെ ഏറെക്കുറെ പിന്തുടരുന്നത് ഇതേ പോളിസി തന്നെയാണ്. ചെറിയ ചില നീക്കങ്ങള്‍ എ.യു.ഡി.എഫ് നടത്തുന്നുണ്ടെങ്കിലും 4 ലക്ഷം ആളുകളെ ബാധിച്ച കലാപത്തിന്റെ ഇരകള്‍ക്ക് ആശ്വാസമാകാന്‍ പറ്റുന്നവിധത്തില്‍ യാതൊന്നും ചെയ്യാന്‍ അവര്‍ക്ക് നട്ടെല്ലില്ല. കേന്ദ്രത്തില്‍ എം.പിയും മന്ത്രിയുമൊക്കെയുള്ള മുസ്‌ലിം ലീഗിനാകട്ടെ ആസാമും മുസ്‌ലിംകളും കലാപവുമൊന്നും ഇതുവരെ ഗൗരവത്തോടെ വിഷയമായിട്ടില്ല. ദുരിതബാധിതര്‍ക്കായി സന്നദ്ധ സംഘടന ശേഖരിച്ച വസ്ത്രങ്ങള്‍ കേരളത്തില്‍നിന്ന് റെയില്‍ മാര്‍ഗം ആസാമിലെത്തിക്കാന്‍ സഹായം ചോദിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ നേതാവിനോട് നിഷേധാത്മക സമീപനമാണ് മുസ്‌ലിം ലീഗിന്റെ കേന്ദ്രമന്ത്രി സ്വീകരിച്ചത്.
സമുദായ നേതാക്കളും സംഘടനകളും ഒരുമിച്ചുനിന്ന് ഗവണ്‍മെന്റില്‍ സമ്മര്‍ദം ചെലുത്തി നടപടികളെടുപ്പിച്ചും സ്വയം പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയും കലാപത്തിന്റെ ഇരകള്‍ക്ക് ആശ്വാസമാകേണ്ടതായിരുന്നു. അത് സാധിച്ചിരുന്നെങ്കില്‍ ആസാം ഗ്രാമങ്ങളില്‍ ഇപ്പോഴനുഭവിക്കുന്ന ദുരിതം വലിയൊരളവില്‍ കുറയുമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ജമാഅത്തെ ഇസ്‌ലാമി പുനരധിവാസ പദ്ധതി കൂടുതല്‍ പ്രസക്തമാകുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍
അടിയന്തര ദുരിതാശ്വാസം, വ്യവസ്ഥാപിതമായ പുനരധിവാസം, സുസ്ഥിര വികസനം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ബഹുമുഖ ജനസേവന പ്രവര്‍ത്തനങ്ങള്‍ കലാപബാധിത പ്രദേശങ്ങളില്‍ പുരോഗമിക്കുന്നത്. കൃത്യമായ ആസൂത്രണത്തോടെയും ദീര്‍ഘവീക്ഷണത്തോടെയും നടപ്പിലാക്കുന്ന പദ്ധതി ബോഡോലാന്റിലെ മുസ്‌ലിം സമൂഹത്തിന്റെ സമൂലമായ മാറ്റവും സമഗ്രമായ വളര്‍ച്ചയും ലക്ഷ്യമിടുന്നതാണ്. കൊക്രാജര്‍, ചിറാഗ്, ബക്‌സ ജില്ലകളിലെ തെരഞ്ഞെടുത്ത ഗ്രാമങ്ങളിലാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഒന്നാം ഘട്ടം: കലാപബാധിത പ്രദേശങ്ങളില്‍ തുടക്കം മുതലേ ജമാഅത്തെ ഇസ്‌ലാമി സജീവമായി രംഗത്തുണ്ടായിരുന്നു. മൊത്തം 250 ക്യാമ്പുകളുള്ളതില്‍ 167 എണ്ണം ജമാഅത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചത്. ചിറാഗ്, ബക്‌സ, ദുബ്‌രി ജില്ലകളിലും, ഗുഷയ്ഗാവ്, തമര്‍ഹത് ഏരിയകളിലും ബിലാസപാറ സബ് ഡിവിഷനിലുമായി പ്രവര്‍ത്തിച്ചിരുന്ന ഈ ക്യാമ്പുകളില്‍ 28000 കുടുംബങ്ങളിലായി 1,75,000 ആളുകളാണ് കഴിഞ്ഞിരുന്നത്. അവര്‍ക്ക് അടിയന്തരമായി ലഭിക്കേണ്ട എല്ലാ സഹായങ്ങളും സേവനങ്ങളും ഉറപ്പാക്കാന്‍ ജമാഅത്ത് ശ്രമിക്കുകയുണ്ടായി. ആദ്യ ഘട്ടത്തില്‍ ഈ ക്യാമ്പുകളില്‍ ജമാഅത്ത് ചെയ്ത പ്രധാന കാര്യങ്ങള്‍ ഇവയാണ്.
1. കലാപബാധിത കുടുംബങ്ങളെക്കുറിച്ച വിശദമായ സര്‍വെ.
2. ക്യാമ്പുകളുടെയും ഗ്രാമങ്ങളുടെയും സര്‍വെ.
3. താല്‍ക്കാലിക ടെന്റുകള്‍ നിര്‍മിക്കാന്‍ ടാര്‍പോളിന്‍ വിതരണം.
4. പ്രാഥമിക ചികിത്സക്കാവശ്യമായ മരുന്നുകള്‍.
5. അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, വസ്ത്രങ്ങള്‍.
6. കലാപബാധിതര്‍ക്ക് നിയമസഹായവും കൗണ്‍സലിംഗും.
7. ധാര്‍മിക-സദാചാര ബോധവത്കരണവും ഉപദേശ നിര്‍ദേശങ്ങളും.
പതിനായിരം കുടുംബങ്ങള്‍ക്ക് പാത്രങ്ങളും മറ്റ് അടിസ്ഥാന സാമഗ്രികളും, 20,000 കുടുംബങ്ങള്‍ക്ക് സാരിയും ലുങ്കിയും, 20,000 കുടുംബങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍, 12,000 കുട്ടികള്‍ക്ക് വസ്ത്രം, 50000 ടാര്‍പോളിനുകള്‍ തുടങ്ങിയവ വിതരണം ചെയ്ത ജമാഅത്ത്, 70 ക്യാമ്പുകളില്‍ കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുക്കി. 4000 എഫ്.ഐ.ആറുകളാണ് ജമാഅത്ത് മുന്‍കൈയെടുത്ത് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത്. മറ്റാരും ശ്രദ്ധിക്കാത്ത മേഖലയായിരുന്നു ഇത്.
കേരളത്തിലെ ഐഡിയല്‍ റിലീഫ് വിംഗ്(ഐ.ആര്‍.ഡബ്ല്യു), മുസ്‌ലിം എജുക്കേഷനല്‍ സൊസൈറ്റി(എം.ഇ.എസ്), ഇഖ്‌റഅ് മെഡിക്കല്‍ സൊസൈറ്റി എന്നിവയുടെ സാന്നിധ്യവും സഹകരണവുമാണ് ആദ്യഘട്ടത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ അളവില്‍ സഹായകമായത്. 18 ഡോക്ടര്‍മാരും 30 പാരാ മെഡിക്കല്‍ സ്റ്റാഫും 90 വളണ്ടിയര്‍മാരും കഠിനാധ്വാനം ചെയ്തതുകൊണ്ട് വിവിധ ക്യാമ്പുകളില്‍ അയ്യായിരത്തിലധികം രോഗികളെയാണ് തീര്‍ത്തും സൗജന്യമായി ചികിത്സിക്കാനായത്. ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് ഏറെ സഹായകമായി.
രണ്ടാംഘട്ടം പുനരധിവാസം: താല്‍ക്കാലിക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കാള്‍ പ്രയാസകരമാണ് കലാപബാധിതരുടെ പുനരധിവാസം. പ്രകൃതി ദുരന്തമുണ്ടായ പ്രദേശങ്ങളിലേതിനേക്കാള്‍ ദുരിതം നിറഞ്ഞതായിരിക്കും വര്‍ഗീയകലാപങ്ങള്‍ക്കിരയായ പ്രദേശങ്ങളിലെ സേവന പ്രവര്‍ത്തനങ്ങള്‍. സാമുദായിക ധ്രുവീകരണത്തിന്റെയും സംഘര്‍ഷത്തിന്റെയും പശ്ചാത്തലം വലിയൊരു പ്രതിസന്ധി തന്നെയാണ്. എന്നാല്‍, എല്ലാതരം പ്രതിസന്ധികളെയും ആസൂത്രിതവും സമര്‍ഥവുമായി മറികടന്നുകൊണ്ടാണ് കലാപബാധിത ഗ്രാമങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞ ഇരകള്‍ക്ക്, നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാനുള്ള വഴികളാണ് ജമാഅത്തെ ഇസ്‌ലാമി തുറന്നുകൊടുക്കുന്നത്. വീട് നിര്‍മാണം, വിദ്യാഭ്യാസം, പള്ളി-മദ്‌റസ നിര്‍മാണം, തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഗുഷയ്ഗാവ്, ബെല്‍പുരി, ബൊണ്‍ഗായ്ഗാവ് എന്നിവിടങ്ങളിലെ ഓഫീസുകളുടെ ചുമതല വഹിക്കുന്നതും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും യഥാക്രമം സഫീഉര്‍റഹ്മാന്‍ അകന്ദ്, ഹരീഫ് അലി, സൈഫുല്‍ ഇസ്‌ലാം ഫലാഹി എന്നിവരാണ്.
2012 ഒക്‌ടോബറിലാണ് ക്യാമ്പുകളില്‍ നിന്ന് ജനങ്ങള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോക്ക് തുടങ്ങിയത്. 90 ശതമാനവും ഇതിനകം മടങ്ങിപ്പോയി എന്നു പറയാം. കൊക്രാജര്‍ ജില്ലയിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകളിലും മറ്റു സ്ഥലങ്ങളിലുമായി കുറെയേറെ പേര്‍ തിരിച്ചുപോകാന്‍ സാധിക്കാതെ കഴിയുന്നുണ്ട്. തിരിച്ചുപോയ പലര്‍ക്കും തകര്‍ക്കപ്പെട്ട വീടുകള്‍ പുനര്‍ നിര്‍മിക്കാനോ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനോ വിദ്യാഭ്യാസം തുടരാനോ കഴിഞ്ഞിട്ടില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ പുനരധിവാസ പ്രവര്‍ത്തങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കലാപം ഏറ്റുവുമധികം ദുരിതം വിതച്ച ഗ്രാമങ്ങളിലാണ്. തകര്‍ക്കപ്പെട്ട കച്ചവട സ്ഥാപനങ്ങള്‍ പുനസ്ഥാപിച്ചും കാര്‍ഷിക ഉപകരണങ്ങള്‍ വിതരണം ചെയ്തും, നിലച്ചുപോയ വരുമാന മാര്‍ഗങ്ങള്‍ വീണ്ടെടുക്കുന്നതിനാണ് ജമാഅത്ത് പ്രഥമ പരിഗണന നല്‍കിയത്. സ്വയം തൊഴില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും ജമാഅത്ത് പ്രോത്സാഹനവും സാമ്പത്തിക സഹായവും നല്‍കുന്നു. കൃഷിഭൂമിയുള്ളവര്‍ക്ക് കൃഷി നടത്താനാവശ്യമായ സൗകര്യങ്ങളും ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും നല്‍കാന്‍ പദ്ധതിയാവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്നു.
പൂര്‍ണമായും തകര്‍ക്കപ്പെട്ട വീടുകളുടെ നിര്‍മാണവും കേടുപാടുകള്‍ സംഭവിച്ചവയുടെ അറ്റകുറ്റ പണികളുമാണ് മറ്റൊന്ന്. ഇഷ്ടികകൊണ്ടുള്ള ചുമരുകളും ജി.ഐ ഷീറ്റുകള്‍ കൊണ്ട് മേല്‍കൂരകളുമുള്ള വീടുകളാണ് ജമാഅത്ത് നിര്‍മിച്ചുകൊടുക്കുന്നത്. നൂറു വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. പതിനഞ്ച് പള്ളികള്‍ റിപ്പയര്‍ ചെയ്ത് നമസ്‌കാര യോഗ്യക്കുകയും നാല് പുതിയ പള്ളികള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. ആസാം ഗ്രാമങ്ങളില്‍ ഏറ്റവും വലിയ പ്രശ്‌നമാണ് കുടിവെള്ളത്തിന്റെ ലഭ്യത. സാധ്യമാകുന്നത്ര കുഴല്‍ കിണറുകള്‍ നിര്‍മിച്ച് ഹാന്റ് പമ്പുകള്‍ സ്ഥാപിച്ചാണ് ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നത്. വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ അത്യാവശ്യ വസ്തുക്കളും റേഷനും ജമാഅത്ത് നല്‍കിയിട്ടുണ്ട്. റേഷന്‍ സംവിധാനം ആവശ്യാനുസാരം ഇപ്പോഴും തുടരുന്നു. പ്രദേശവാസികളുടെ സഹായത്തോടെ മൂന്ന് റോഡുകള്‍ പുനര്‍നിര്‍മിക്കുകയും മുളകൊണ്ടുള്ള രണ്ട് പാലങ്ങള്‍ പണിയുകയും ചെയ്തു. ബിലാസിപാറ, ബോണ്‍ഗായ്ഗാവ്, ഗുഷയ്ഗാവ് എന്നീ പ്രദേശങ്ങളിലാണ് വീടുകളുടെയും പള്ളികളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെയും നടക്കുന്നത്.
മുസ്‌ലിംകളില്‍ മാത്രം പരിമിതമല്ല ജമാഅത്തിന്റെ ജനസേവന പ്രവര്‍ത്തനങ്ങള്‍. കലാപത്തിന്റെ ഇരകളും ദരിദ്രരുമായ ബോഡോ കുടുംബങ്ങള്‍ക്കും ജമാഅത്ത് ദുരിതാശ്വാസം നല്‍കുകയും അവര്‍ക്കു വേണ്ടി വീടു നിര്‍മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കലാപനാളുകളിലും ബോഡോകള്‍ക്ക് ജമാഅത്ത് റിലീഫ് നടത്തുകയുണ്ടായി. തങ്ങളുടെ പ്രദേശത്തു വെച്ചും ബലിയറുക്കണമെന്നും തങ്ങള്‍ക്കും ബലിമാംസം തരണമെന്നും ബോഡോകള്‍ മുസ്‌ലിംകളോട് ആവശ്യപ്പെട്ട അനുഭവമുണ്ട്. അതനുസരിച്ച് കഴിഞ്ഞ ഈദുല്‍ അദ്ഹയില്‍ ഒരു ഉരുവിനെ ബോഡോകളുടെ പ്രദേശത്ത് ബലിയറുത്ത് മാംസം അവര്‍ക്ക് വിതരണം ചെയ്യുകയുണ്ടായി.
(തുടരും)
Comments