Prabodhanm Weekly

Pages

Search

2013 മെയ്‌ 3

ഒരു രാജസ്ഥാന്‍ തമാശ

ലിത രസികരെ നന്നായി ആകര്‍ഷിക്കുന്നതാണ് ജയ്പൂരില്‍ നിന്ന് ഈയിടെ വന്ന ഒരു വാര്‍ത്ത. ആര്‍.എസ്.എസ്സുമായോ ജമാഅത്തെ ഇസ്‌ലാമിയുമായോ ബന്ധമുള്ള കായിക താരങ്ങള്‍ക്ക് ഇനിമുതല്‍ യാതൊരു പുരസ്‌കാരവും നല്‍കേണ്ടതില്ലെന്ന് രാജസ്ഥാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നുവത്രെ. അവാര്‍ഡിനര്‍ഹരാകുന്നവര്‍ക്ക് അത് ലഭിക്കണമെങ്കില്‍ ഈ രണ്ട് സംഘടനകളുമായി ബന്ധമില്ലെന്ന് സത്യവാങ്മൂലം നല്‍കണമെന്നാണ് നിയമം. കഴിഞ്ഞ ഏപ്രില്‍ 12-ന് കായിക താരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്യുമ്പോഴാണ് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്. ഏറ്റുവാങ്ങാനെത്തിയ താരങ്ങളെ മേപ്പടി സത്യവാങ്മൂലത്തില്‍ ഒപ്പുവെപ്പിച്ച ശേഷമാണ് അവാര്‍ഡുകള്‍ കൈമാറിയത്. ഈ നിയമം 1982 മുതല്‍ നിലവിലുള്ളതാണെന്നും ചെയര്‍മാന്‍ വെളിപ്പെടുത്തുകയുണ്ടായി. സ്‌പോര്‍ട്‌സിനും ഗെയിംസിനും മത-മതേതര സംഘടനകളും വീക്ഷണ വിശേഷങ്ങളും തികച്ചും അന്യമായിരിക്കെ കായിക താരങ്ങളുടെ മികവിന്റെയും യോഗ്യതയുടെയും മാനദണ്ഡങ്ങളില്‍ അവരുടെ സംഘടനാ ബന്ധവും രാഷ്ട്രീയ-സാംസ്‌കാരിക വീക്ഷണങ്ങളും ഉള്‍പ്പെടുത്തുന്നതിനെന്തു ന്യായം എന്നതാണ് ഒരു ചോദ്യം. തീര്‍ത്തും അപലപനീയമായ നടപടിയായേ സാമാന്യ ബുദ്ധിക്ക് അത് കാണാനാകൂ. അതുകൊണ്ടാണ് ആര്‍.എസ്.എസ്സിനും ജമാഅത്തെ ഇസ്‌ലാമിക്കും പുറമെ നിഷ്പക്ഷ സാംസ്‌കാരിക വൃത്തങ്ങളും നീതിബോധമുള്ള സാധാരണക്കാരും അതിനെ രൂക്ഷമായി വിമര്‍ശിച്ചത്. പക്ഷേ, സ്‌പോര്‍ട്‌സ് വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന മന്ത്രി പറഞ്ഞത് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വ്യവസ്ഥകള്‍ നടപ്പിലാക്കപ്പെടുക തന്നെ വേണമെന്നാണ്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഈ വര്‍ഷാവസാനം നടക്കേണ്ട അസംബ്ലി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. നേരത്തെ സംസ്ഥാനം ഭരിച്ച ബി.ജെ.പിയാണ് മുഖ്യ പ്രതിയോഗി. സംസ്ഥാന ഭരണം അവര്‍ തിരിച്ചുപിടിക്കുന്നത് തടയാന്‍ കോണ്‍ഗ്രസിന് എല്ലാ തന്ത്രങ്ങളും പയറ്റേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് ആര്‍.എസ്.എസ് ബന്ധമുള്ള കായിക താരങ്ങള്‍ക്കെതിരെയുള്ള അയിത്ത പ്രഖ്യാപനം. അതിനിടയിലേക്ക് ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചതെന്തിനാണെന്നത് ഇവിടെ പ്രസക്തമായ മറ്റൊരു ചോദ്യമാണ്. അതിന്റെ മറുപടി കഴിഞ്ഞ അര നൂറ്റാണ്ടുകാലത്തെ ദേശീയ ചരിത്രത്തില്‍ നിന്ന് വായിച്ചെടുക്കാം. സ്വാതന്ത്ര്യ ലബ്ധി തൊട്ടേ കോണ്‍ഗ്രസ് പാലിച്ചുപോരുന്ന മൃദു ഹിന്ദുത്വം സമ്മാനിച്ച ദുശ്ശീലമാണത്. ഏതെങ്കിലും രണോത്സുക ഹൈന്ദവ സംഘടനക്കെതിരെ നടപടിയെടുക്കുമ്പോള്‍ ഹിന്ദുത്വശക്തികളെ സമാശ്വസിപ്പിക്കാന്‍ അതേ നടപടിയില്‍ ഏതെങ്കിലും നിരപരാധികളായ മുസ്‌ലിം സംഘടനയെയും ഉള്‍പ്പെടുത്തുക. പരിവാര്‍ സംഘങ്ങളെയും പ്രവര്‍ത്തനങ്ങളെയും നേരിട്ടെതിര്‍ക്കാനുള്ള സത്യസന്ധതയും ഇഛാശക്തിയും കോണ്‍ഗ്രസിനില്ല. കൂടെ പറയാന്‍ ഏതെങ്കിലും മുസ്‌ലിം സംഘടനാ നാമം കണ്ടെത്താതെ ആര്‍.എസ്.എസ്സിനെതിരെ വാ തുറക്കുക അവര്‍ക്ക് അസാധ്യമാകുന്നു. തൂക്കമൊപ്പിക്കാന്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന പേരാണ് ജമാഅത്തെ ഇസ്‌ലാമി. അത് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല. ഇടതുപക്ഷവും വലതുപക്ഷവും അവര്‍ക്ക് വേണ്ടി പ്രക്ഷോഭം നയിക്കുമെന്ന് ഭയപ്പെടേണ്ട.
ഇപ്പോള്‍ നേരിയ തോതിലെങ്കിലും ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായി രാജസ്ഥാന്‍ രാഷ്ട്രീയത്തിലും അത് സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, ജമാഅത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിന് എത്രയോ മുമ്പ് തന്നെ കോണ്‍ഗ്രസ് അവരെ ആര്‍.എസ്.എസ്സുമായി സമീകരിക്കുക പതിവായിരുന്നു.
1970-കളില്‍ കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാ ഗവണ്‍മെന്റിനെതിരെ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം അരങ്ങേറുകയുണ്ടായി. ഭാരതീയ ജനസംഘം (ആര്‍.എസ്.എസ്) ആ പ്രക്ഷോഭത്തെ ശക്തിയായി പിന്തുണച്ചു. പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോള്‍ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തുടര്‍ന്ന് ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടു. അതുവഴി ഹിന്ദുക്കള്‍ക്കുണ്ടാകുന്ന അതൃപ്തി ലഘൂകരിക്കാന്‍ ഒപ്പം ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചു. വാസ്തവത്തില്‍ ജയപ്രകാശിന്റെ പ്രക്ഷോഭവുമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. 1992-ലും കോണ്‍ഗ്രസ് ഈ ക്രൂരമായ അനീതി ആവര്‍ത്തിച്ചു. അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസ്സിനെ നിരോധിച്ചപ്പോള്‍ ഒപ്പം ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ സമാധാനപരമായ പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുകയായിരുന്ന ജമാഅത്തെ ഇസ്‌ലാമിയെയും നിരോധിച്ചു. യഥാര്‍ഥ കുറ്റവാളികളെ ഒറ്റപ്പെടുത്തി ശിക്ഷിക്കാനുള്ള മനോധൈര്യം കോണ്‍ഗ്രസ് ഒരിക്കലും കാണിച്ചിട്ടില്ല. അപരാധികളെ നിരപരാധികളുമായി സമീകരിച്ച് അപരാധം ലഘൂകരിക്കാനും അവഗണിക്കാനുമാണ് എന്നും അവര്‍ ശ്രമിച്ചത്. ആര്‍.എസ്.എസ്സിനെ നിരന്തരം തുറന്നാക്ഷേപിക്കാറുള്ള പ്രഗത്ഭനായ കോണ്‍ഗ്രസ് നേതാവാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗ്. ഒരുകാലത്ത് അദ്ദേഹം ആര്‍.എസ്.എസ്സിനെ ആക്ഷേപിക്കുമ്പോള്‍ ഓര്‍മപ്പിശകായി പോലും ജമാഅത്തിനെ പരാമര്‍ശിക്കാതിരിക്കാറില്ല. അടുത്ത കാലത്തായി ഈ ദുശ്ശീലം അല്‍പമൊന്ന് കുറഞ്ഞിട്ടുണ്ട്. എങ്കിലും ആര്‍.എസ്.എസ്സിനെ തല്ലുമ്പോള്‍ ഇപ്പോഴും ഇടക്കൊക്കെ അദ്ദേഹത്തിന്റെ ലാത്തി ജമാഅത്തിനു നേരെ തിരിയുന്നത് കാണാം. മുള്ളും മലരും ഒന്നാണെന്ന്, ഇരുട്ടും വെളിച്ചവും തുല്യമാണെന്ന് ജല്‍പിക്കാതിരിക്കാനുള്ള പക്വതയും പാകതയും ഇനിയും എന്നാണ് കോണ്‍ഗ്രസ്സുകാര്‍ ആര്‍ജിക്കുക?!

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍