Prabodhanm Weekly

Pages

Search

2013 മെയ്‌ 3

ഫിഖ്ഹിന്റെ ചരിത്രം

പഠനം / ഡോ. മുഹമ്മദ് ഹമീദുല്ല

സ്‌ലാമിന്റെ അടിസ്ഥാന സ്രോതസ്സുകളായ ഖുര്‍ആനെക്കുറിച്ചും നബിചര്യയെക്കുറിച്ചും മുസ്‌ലിംകള്‍ക്ക് ക്ഷമാപണ മനസ്ഥിതി ഉണ്ടാവേണ്ടതില്ല. കാരണം വിശ്വാസ പ്രമാണങ്ങള്‍ ഇത്ര കൃത്യമായും അതീവ ശ്രദ്ധയോടെയും നല്‍കപ്പെട്ട മറ്റൊരു ജനവിഭാഗവും ഇന്ന് ലോകത്ത് നിലനില്‍ക്കുന്നില്ല. മുസ്‌ലിംകള്‍ അവരുടെ നിയമവ്യവസ്ഥ എങ്ങനെ ഉരുത്തിരിച്ചെടുത്തു എന്നാണ് ഇനി ഈ പ്രഭാഷണത്തില്‍ നാം പരിശോധിക്കുന്നത്. ആ നിയമവ്യവസ്ഥ ഇസ്‌ലാമിന്റെ രണ്ട് അടിസ്ഥാന സ്രോതസ്സുകളില്‍ നിന്ന് കണ്ടെത്തിയത് കൊണ്ട് തന്നെ അത് ഇന്നും പ്രസക്തമാണ്.
വിശുദ്ധ ഖുര്‍ആന്‍ ദൈവവചനമാണ്. പ്രവാചകന്റെ വാക്കും പ്രവൃത്തിയും ചര്യയുമെല്ലാമാണ് ഹദീസ്. തനിക്ക് വെളിപാടായി ലഭിച്ച ദിവ്യ അരുളപ്പാടുകളെ വിശദീകരിക്കുകയാണ് പ്രവാചകന്‍ ചെയ്യുന്നത്. ഇനി നമ്മുടെ മുമ്പിലുള്ള പ്രശ്‌നം ഖുര്‍ആനിലോ ഹദീസിലോ പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്ന് കരുതുക. അപ്പോള്‍ എന്ത് ചെയ്യും? ഇതിന് പ്രവാചകന്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. തന്റെ അനുചരനായ മുആദ് ബ്‌നു ജബലിനെ യമനിലേക്ക് ഗവര്‍ണറായി പ്രവാചകന്‍ അയക്കുന്ന സന്ദര്‍ഭം. കുറെക്കാലം ജീവിച്ചിരുന്നെങ്കില്‍ പ്രവാചകന്റെ ഈ അരുമശിഷ്യന്‍ ഇസ്‌ലാമിന്റെ മികച്ച നിയമ പണ്ഡിതരില്‍ ഒരാളായിത്തീരുമായിരുന്നു. യമനിലേക്ക് പുറപ്പെടും മുമ്പ്, തന്നെ കാണാനെത്തിയ മുആദിനോട് പ്രവാചകന്‍ ചോദിച്ചു: 'ഒരു പ്രശ്‌നമുണ്ടായാല്‍ താങ്കള്‍ എങ്ങനെയാണ് വിധി പറയുക?' മുആദ് പറഞ്ഞു: 'ദൈവിക ഗ്രന്ഥം കൊണ്ട്.' പ്രവാചകന്‍: 'അത് ദൈവിക ഗ്രന്ഥത്തില്‍ കണ്ടില്ലെങ്കിലോ?' മുആദ്: 'അപ്പോള്‍ പ്രവാചകന്റെ തിരുചര്യവെച്ച് ഞാന്‍ വിധി പറയും.' പ്രവാചകന്‍: 'പ്രവാചകചര്യയിലും കണ്ടില്ലെങ്കിലോ?' മുആദ്: 'അപ്പോള്‍ ഞാന്‍ എന്റെ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ഒരു വിധി കണ്ടെത്തും.' അപ്പോള്‍ തന്റെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി പ്രവാചകന്‍ മൊഴിഞ്ഞു: 'അല്ലാഹുവേ! നിന്റെ ദൂതന്റെ ദൂതനായ ഇദ്ദേഹത്തിന്റെ പ്രതികരണത്തില്‍ ഞാന്‍ തൃപ്തനാണ്.' യമനിലേക്കയച്ച പ്രതിനിധിയുടെ അഭിപ്രായത്തെ പിന്താങ്ങുകയും ശരിയായ രീതിയിലാണ് അദ്ദേഹം ചിന്തിക്കുന്നതെന്ന് ഉറപ്പുനല്‍കുകയുമാണ് ഇവിടെ പ്രവാചകന്‍ ചെയ്തിരിക്കുന്നത്.
മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും ഖുര്‍ആനിലും ഹദീസിലും പരിഹാരം ഇല്ലാതെ വന്നാല്‍ സ്വാഭാവികമായും ആ സമൂഹം നിസ്സഹായമായിത്തീരും. അന്ത്യനാള്‍വരേക്കുമുള്ള ഒരു വിശ്വാസപ്രമാണത്തിന് ഒട്ടും യോജിക്കുന്നതല്ല ഈ സ്ഥിതിവിശേഷം. അതിനാലാണ് ഖുര്‍ആനിലും ഹദീസിലും വ്യക്തമായ പരാമര്‍ശം വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ ബുദ്ധിയും ചിന്തയുമുപയോഗിച്ച് (ഇജ്തിഹാദ്) ഒരു തീരുമാനത്തിലെത്താന്‍ പ്രവാചകന്‍ അനുവാദം നല്‍കിയത്.

നിയമത്തെക്കുറിച്ച കാഴ്ചപ്പാട്
ഫിഖ്ഹ് എന്ന അറബിപദത്തിന്റെ അര്‍ഥം ഗ്രഹിക്കുക, മനസ്സിലാക്കുക എന്നാണ്. അതിന്റെ സാങ്കേതികാര്‍ഥം 'നിയമം' എന്നും. നിയമത്തെക്കുറിച്ച കാഴ്ചപ്പാട് വളരെ മനോഹരമായി ഒരു ഉപമയിലൂടെ ഖുര്‍ആനില്‍ വിശദീകരിച്ചിട്ടുണ്ട്. 'നല്ല വചനം ഒരു നല്ല വൃക്ഷം പോലെയാണ്. അതിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. അതിന്റെ ചില്ലകള്‍ ആകാശത്തേക്ക് പടര്‍ന്നു പന്തലിച്ച് നില്‍ക്കുന്നു' (14:24). അതായത് നിയമത്തിന്റെ ഉറവിടം ഒരു ചെറിയ വിത്താണ്. പക്ഷേ അതില്‍നിന്ന് പൊട്ടിമുളച്ചുണ്ടാകുന്ന മരത്തിന്റെ ചില്ലകള്‍ ആകാശത്തേക്ക് ഉയരുകയും എല്ലാറ്റിനെയും സ്പര്‍ശിച്ച് നില്‍ക്കുകയും ചെയ്യുന്നു. ഈ ഉപമയില്‍നിന്ന് ഖുര്‍ആന്റെയും ഹദീസിന്റെയും നില നമുക്ക് മനസ്സിലാവും. മരത്തിന്റെ വിത്ത് അല്ലെങ്കില്‍ വേര് ആണ് ആ രണ്ട് സ്രോതസ്സുകളും; അതില്‍നിന്ന് വളര്‍ന്നുവരുന്ന എണ്ണമറ്റ ശാഖകളും ഉപശാഖകളും മനുഷ്യന്റെ സര്‍വകാലത്തേയും ആവശ്യങ്ങള്‍ നിവര്‍ത്തിക്കാനുതകുംവിധം പടര്‍ന്ന് പന്തലിക്കുകയാണ് ചെയ്യുക. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മരം ഓരോ കാലത്തും വളര്‍ന്നുകൊണ്ടേയിരിക്കും. ആ വളര്‍ച്ച ഒരിക്കലും നിലക്കുകയോ മുരടിക്കുകയോ ഇല്ല.
മറ്റു സംസ്‌കാരങ്ങളിലെ നിയമവ്യവസ്ഥകളുമായി ഇസ്‌ലാമിക നിയമവ്യവസ്ഥയെ ഒരു പ്രാഥമിക താരതമ്യത്തിന് വിധേയമാക്കുന്നത് ഉചിതമാണ്. ചരിത്രകാരന്മാര്‍ പറയുന്നത് റോമക്കാരാണ് ഏറ്റവും വലിയ നിയമനിര്‍മാതാക്കള്‍ എന്നാണല്ലോ. മറ്റൊരു ജനവിഭാഗത്തിനും ഇക്കാര്യത്തില്‍ അവരോടൊപ്പം എത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് പറയുന്നത്. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം ഈ അവകാശവാദം ശരിയായിരിക്കാം. റോമക്കാര്‍ക്കു മുമ്പുള്ള ഗ്രീക്കുകാര്‍ വിജ്ഞാനത്തിന്റെ പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെങ്കിലും, നിയമ രംഗത്തെ അവരുടെ സംഭാവന അത്ര പ്രധാനമായിരുന്നില്ല. അതിനാല്‍ യൂറോപ്പില്‍ നിയമനിര്‍മാണ രംഗത്ത് മുന്നേ നടന്നത് റോമക്കാരാണെന്ന് സമ്മതിക്കേണ്ടിവരുന്നു.
റോമന്‍ നിയമത്തിന്റെ പ്രശസ്ത ചരിത്രകാരന്മാരിലൊരാളായ കോളിനെറ്റ് (Colinet) പറയുന്നത്, റോമന്‍ നിയമം തുടക്കത്തില്‍ വളരെ പ്രാകൃതമായിരുന്നു എന്നാണ്. റോമക്കാര്‍ ഏഷ്യന്‍ നിയമങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരുന്നു എന്നും അദ്ദേഹം തുറന്നെഴുതുന്നുണ്ട്. റോമന്‍ സാമ്രാജ്യം ഏഷ്യയിലേക്ക് കൂടി വികസിച്ചപ്പോഴാണ് ഈ സ്വാധീനമുണ്ടായത്. ആദ്യകാല റോമന്‍ നിയമത്തിന്റെ ഉപജ്ഞാതാവായ ഗായ്യസ് (Gaius) ഏഷ്യ മൈനറിലെ-ഇന്നത്തെ തുര്‍ക്കി-താമസക്കാരനായിരുന്നു. അദ്ദേഹം യൂറോപ്യനായിരുന്നില്ല. റോമന്‍ സാമ്രാജ്യം ഏഷ്യന്‍, ആഫ്രിക്കന്‍, യൂറോപ്യന്‍ ഭൂഖണ്ഡങ്ങളെ ഉള്‍ക്കൊണ്ടിരുന്നതിനാല്‍ റോമന്‍ നിയമം കാലക്രമത്തില്‍ കൂടുതല്‍ സമഗ്ര സ്വഭാവമുള്ളതായിത്തീരുകയാണുണ്ടായത്. പലതരം ജനവിഭാഗങ്ങള്‍ അവരുടെ ഭരണത്തില്‍ കീഴില്‍ ഉണ്ടായിരുന്നതിനാല്‍ അവരെയെല്ലാം ഉള്‍ക്കൊള്ളുന്ന നിയമങ്ങള്‍ ഉണ്ടാക്കേണ്ടിവന്നു. കാലം മാറുന്നതിനനുസരിച്ച് അവ നിരന്തരം മാറ്റേണ്ടതായും പരിഷ്‌കരിക്കേണ്ടതായും വന്നു. പ്രാവചകന്‍ തിരുമേനി(സ)യുടെ ജനനത്തിന് ഏതാനും വര്‍ഷം മുമ്പ് മരണമടഞ്ഞ റോമന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍, ഭേദഗതി ചെയ്ത റോമന്‍ നിയമം ക്രോഡീകരിക്കാന്‍ ശ്രമിച്ചിരുന്നു. ഈ ജസ്റ്റീനിയന്‍ ക്രോഡീകൃത നിയമത്തെ നമുക്ക് ഒരു നിലക്ക് ഫതാവാ ആലംഗീരിയുമായി താരതമ്യപ്പെടുത്താവുന്നതാണ് (മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ചുമതലപ്പെടുത്തിയ ഒരു പണ്ഡിതസമിതി തയാറാക്കിയ ഇസ്‌ലാമിക നിയമങ്ങളുടെ സമഗ്ര ക്രോഡീകൃതരൂപമാണ് ഫതാവാ ആലംഗീരി). ഔറംഗസേബ് (മരണം ക്രി. 1707) തീര്‍ച്ചയായും വിജ്ഞാനത്തെ പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത ആളായിരുന്നെങ്കിലും, അദ്ദേഹം പ്രഗത്ഭ പണ്ഡിതനോ നിയമജ്ഞനോ ഒന്നുമായിരുന്നില്ല. ഇതുപോലെത്തന്നെയായിരുന്നു ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയും. അദ്ദേഹം കൂര്‍മബുദ്ധിയുള്ള രാജാവായിരുന്നു. പക്ഷേ ഒരിക്കലും ഒരു നിയമവിദഗ്ധനായിരുന്നില്ല. അദ്ദേഹം പണ്ഡിതന്മാര്‍ക്ക് അളവറ്റ പ്രോത്സാഹനം നല്‍കുകയും അവരുടെ സഹായത്തോടെ റോമന്‍ നിയമം ക്രോഡീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്തു. ജനിതകമായിത്തന്നെ ആ നിയമസംഹിതയില്‍ പരസ്പര വിരുദ്ധമായ ഭാഗങ്ങളുണ്ടായിരുന്നു. ഇങ്ങനെയാണ് ഈ നിയമസംഹിതയുടെ ഉത്ഭവം. യൂറോപ്പിനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അഭിമാനകരം തന്നെ ഈ നേട്ടം.
തീര്‍ച്ചയായും റോമന്‍ നിയമം വളരെ താല്‍പര്യമുണര്‍ത്തുന്നത് തന്നെയാണ്. ഇന്നും പ്രായോഗികവും മാറ്റം ആവശ്യമില്ലാത്തതുമായ നിയമങ്ങള്‍ അതിലുണ്ട്. നിയമനിര്‍മാതാവ് മനുഷ്യന്‍ എന്ന അടിസ്ഥാനത്തിലാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. അതിനാല്‍ ഒരാള്‍ ഉണ്ടാക്കിയ നിയമം മറ്റൊരാള്‍ക്ക് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. അതിനാല്‍ ഈ മനുഷ്യനിര്‍മിത നിയമത്തിന് യാതൊരു സ്ഥിരതയുമില്ല. മുപ്പതില്‍പരം വര്‍ഷങ്ങള്‍ നീളുന്ന ജസ്റ്റീനിയന്റെ ഭരണകാലത്ത് തന്നെ റോമന്‍ നിയമം പലതവണ ഭേദഗതി ചെയ്‌തെന്നും അദ്ദേഹത്തിന്റെ ജീവിതകാലത്ത് തന്നെ ആ നിയമസംഹിത തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയെന്നും ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മറിച്ച്, ദൈവദത്തമാണ് നിയമങ്ങളുടെ അടിത്തറയെങ്കില്‍ അതിന് സ്ഥിരതയും ഈടും ഉണ്ടാകുമായിരുന്നു. കാലത്തിനനുസരിച്ച് അത് അപ്പാടെ മാറുകയില്ല. മനുഷ്യനിര്‍മിത നിയമങ്ങള്‍ക്ക് ഈ ഗുണങ്ങളാര്‍ജിക്കാന്‍ കഴിയില്ല. മനുഷ്യര്‍ തുല്യരായത് കൊണ്ട്, തന്നെപ്പോലുള്ള ഒരാള്‍ ഉണ്ടാക്കിയ നിയമം മറ്റൊരാള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. ഒട്ടു മിക്ക രാജ്യങ്ങളിലും ഈ പ്രവണതയാണ് നമുക്ക് കാണാനാവുക.
പ്രവാചകന്‍ തന്റെ ദൗത്യവുമായി വരുന്ന കാലത്ത്, റോമന്‍ നിയമത്തെക്കാള്‍ മികച്ച ഒരു നിയമം ലോകം തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതൊരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുക്കുകയാണ് പ്രവാചകന്‍ ചെയ്തത്. അദ്ദേഹം ജസ്റ്റീനിയന്‍ നിയമസംഹിതയേക്കാള്‍ മികച്ച ഒന്ന് ലോകത്തിന് സംഭാവന ചെയ്തു. റോമന്‍ നിയമസംഹിതയുടെ പോരായ്മകളൊന്നും അതിന് ഉണ്ടായിരുന്നില്ല. അത് വളരെ ഭദ്രവും സ്ഥിരതയാര്‍ന്നതും കാലങ്ങളെ അതിജീവിക്കുന്നതുമായിരുന്നു. ഇസ്‌ലാമിക നിയമസംഹിതയുടെ വിശാലതയോ സമഗ്രതയോ റോമന്‍ നിയമത്തിന് ഉണ്ടായിരുന്നില്ല. ഉദാഹരണത്തിന്, ജസ്റ്റീനിയന്‍ നിയമസംഹിത മനുഷ്യന്റെ മതകീയ ആവശ്യങ്ങളെ പരിഗണിക്കുന്നേയില്ല. പ്രാര്‍ഥനകളെയും ആരാധനകളെയുമൊക്കെ അത് പൂര്‍ണമായി ഒഴിവാക്കിയിരിക്കുകയാണ്. ഇതുപോലുള്ള പലതും റോമന്‍ നിയമത്തില്‍ പരതിയാല്‍ നിങ്ങള്‍ക്ക് കണ്ടെത്താനാവുകയില്ല. ഇവ രണ്ടിനെയും നിഷ്പക്ഷമായി പഠിക്കുന്ന ഏതൊരാള്‍ക്കും ഇസ്‌ലാമിക നിയമസംഹിത തന്നെയാണ് മികച്ചുനില്‍ക്കുന്നതെന്ന നിഗമനത്തില്‍ എത്താതിരിക്കാനാവില്ല.
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍