Prabodhanm Weekly

Pages

Search

2013 മെയ്‌ 3

മുര്‍സി ഭരണകൂടത്തിന്റെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നു / സംഘടന വേറെ ഭരണം വേറെ

ഫഹ്മീ ഹുവൈദി / അന്താരാഷ്ട്രീയം

ഹസ്രാബ്ദങ്ങളുടെ കുലീന പാരമ്പര്യമുള്ള നൈലിന്റെ നാട് ദാരുണമാംവിധം ജീവന്‍ വെടിഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ് ലോക വാര്‍ത്താമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. രാജ്യം അതിന്റെ പ്രയാണത്തില്‍ തടസ്സങ്ങളേറെ അഭിമുഖീകരിക്കുന്നു എന്നത് ഈജിപ്തിന്റെ അകത്ത് നിന്ന് വീക്ഷിക്കുമ്പോള്‍ വെളിവാകുന്ന വസ്തുതയാണ്. നാനാഭാഗത്തുനിന്നും വരുന്ന ആക്രമണ ശരങ്ങളേറ്റ് രാഷ്ട്ര നൗക ഏത് ദിശയിലേക്ക് നീങ്ങുന്നു എന്നറിയാത്ത വിഭ്രമാവസ്ഥ നിലവിലുണ്ട്. വിപ്ലവത്തെയും ഭരണത്തെയും വിലയിരുത്തുന്നതില്‍ ചിന്തയുടെ ഒരു കുഴമറിച്ചില്‍ ഉണ്ടെന്നാണ് ഞാന്‍ കരുതുന്നത്. പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം വിപ്ലവത്തില്‍ ചാര്‍ത്തി, വിപ്ലവത്തോട് ജനമനസ്സില്‍ വെറുപ്പ് സൃഷ്ടിക്കാനും ഭരണപ്രതിസന്ധിയുടെ വാര്‍ത്തകള്‍ പെരുപ്പിച്ച്കാട്ടി വിപ്ലവത്തിന്റെ നേട്ടങ്ങളെ വിസ്മൃതിയിലാഴ്ത്താനും മാധ്യമങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മുന്‍കൈ ലഭിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. അരാജകത്വവും കുഴപ്പവും സ്വേഛാധിപത്യവും അവസാനിപ്പിച്ചു എന്നത് മാത്രമല്ല വിപ്ലവത്തിന്റെ നേട്ടം. കൊള്ളക്കാരില്‍നിന്നും കവര്‍ച്ചക്കാരില്‍നിന്നും ഈജിപ്തിനെ മോചിപ്പിച്ച്, രാജ്യത്തെ ഈജിപ്തുകാര്‍ക്ക് തിരിച്ചുകൊടുക്കാന്‍ കഴിഞ്ഞതും വിപ്ലവത്തിന്റെ നേട്ടമായെണ്ണണം. ഫറവോന്‍ യുഗത്തിന്നറുതിവരുത്താനും സമൂഹത്തെ സ്വാതന്ത്ര്യത്തിന്റെ പുതിയ അന്തരീക്ഷത്തിലേക്കാനയിക്കാനും അതിന്ന് കഴിഞ്ഞു. ന്യൂനപക്ഷത്തിന്റെ ഭരണത്തിന് അന്ത്യം കുറിച്ച്, ജനങ്ങള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും തങ്ങളുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കാനും ഭാഗധേയം നിര്‍ണയിക്കാനും അവസരമുണ്ടായി എന്നത് ചെറിയ നേട്ടമല്ല. വിപ്ലവപൂര്‍വ ഈജിപ്തില്‍ അത് സാധ്യമായിരുന്നില്ല.
വിപ്ലവാനന്തരമുണ്ടായ ഭരണത്തിന് പ്രയാണഭംഗം നേരിട്ടതും തടസ്സങ്ങളുണ്ടായതും തിളക്കത്തിന് മങ്ങലേറ്റതും എങ്ങനെ? എന്താണ് കാരണം! എന്റെ മറുപടി വ്യക്തമാണ്. സ്വേഛാധിപത്യത്തിന്റെ കഴിഞ്ഞ ദശകങ്ങള്‍ രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക വര്‍ത്തമാന കാലത്തെ മാത്രമല്ല തകര്‍ത്തത്. രാജ്യത്തിന്റെ ഭാവിയെയും അത് നശിപ്പിച്ചുകളഞ്ഞിട്ടുണ്ട്. എല്ലാവരെയും രാഷ്ട്രീയത്തില്‍ നിന്നകറ്റി, രാഷ്ട്രീയ-ഭരണകാര്യങ്ങള്‍ ഒരു കക്ഷിയിലോ ഏതാനും വ്യക്തികളുടെ ഗ്രൂപ്പുകളിലോ നിക്ഷിപ്തമായി. അവരാണ് ആജീവനാന്ത പ്രസിഡന്റുമാരെ അവരോധിച്ചുകൊണ്ടിരുന്നത്. രാഷ്ട്രീയ കക്ഷികള്‍ക്ക് രാജ്യം ഭരിക്കാനുള്ള അവസരങ്ങള്‍ നഷ്ടമായതാണ് ഇതിന്റെ ദുരന്തഫലം. രാജ്യഭരണത്തില്‍ ഈ രാഷ്ട്രീയ കക്ഷികള്‍ക്കോ അവരുടെ വിവിധ സംവിധാനങ്ങള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ എന്തെങ്കിലും പങ്ക് നിര്‍വഹിക്കാനുണ്ടെന്ന് തോന്നിയതുമില്ല. ഈ സാഹചര്യത്തിലാണ് ഭരണപ്രതിസന്ധി രൂക്ഷമാവുകയും അനഭിലഷണീയ തലങ്ങളിലേക്കത് പടരുകയും ചെയ്തത്. എണ്ണിപ്പറഞ്ഞാല്‍: നിലവിലുള്ള ഭരണക്രമത്തെ തകര്‍ത്ത് അധികാരത്തിലെത്തുന്ന ഏത് ബദല്‍ ഭരണസംവിധാനവും നേരിടുന്ന ഒരു പ്രതിസന്ധിയുണ്ട്. നാട്ടിന്റെ സാമ്പത്തിക രാഷ്ട്രീയ സുസ്ഥിരതയെ തകര്‍ത്ത് തരിപ്പണമാക്കിയ മുന്‍ഭരണത്തിന്റെ ശേഷിപ്പുകളില്‍നിന്ന് തുടങ്ങേണ്ടിയിരുന്നു രാജ്യത്തിന്റെ പുനര്‍നിര്‍മാണം. ഇതോടൊപ്പം പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും ഭരണനിര്‍വഹണത്തിലെ അപക്വത ഭരണപരാജയത്തിന് ആക്കം കൂട്ടി. ദേശീയ കക്ഷികള്‍ പല വിഭാഗങ്ങളായി പിരിഞ്ഞ് അവക്കിടയിലെ ശീതസമരം ശക്തിപ്പെടുകയും, പഴയ ഭരണകൂടത്തിന്റെ നെടുംതൂണുകളില്‍ പലരുമായി കൈകോര്‍ത്ത് അവ പ്രതിപക്ഷത്തിരുന്ന് നിലവിലെ സംവിധാനത്തിനെതിരില്‍ ഉപജാപങ്ങള്‍ മെനയുകയും ചെയ്തപ്പോള്‍, രാജ്യം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും കൈകളില്‍ അമരുകയാണോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായി. ആഭ്യന്തര സുരക്ഷാരംഗത്ത് തദ്ഫലമായുണ്ടാവുന്ന അരക്ഷിതാവസ്ഥ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയേണ്ടതില്ല. സാമ്പത്തികോപരോധത്തിന്റെയും മാധ്യമ പ്രചാരവേലയുടെയും ഫലമെന്നോണം ഉണ്ടായ വിദേശ ഇടപെടലുകളും സമ്മര്‍ദങ്ങളും ഭരണകൂടത്തിന്നെതിരില്‍ ഉയര്‍ന്നുവന്ന ഭീഷണികളില്‍ ചിലതാണ്. ഈ കാരണങ്ങളും ഘടകങ്ങളുമെല്ലാം ഏറെക്കുറെ പ്രതീക്ഷിക്കപ്പെട്ടത് തന്നെയാണ്. എന്നാല്‍, വിപ്ലവാനന്തര ഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കപ്പെട്ട വിജയം സാക്ഷാത്കരിക്കുന്നതില്‍ പരാജയപ്പെട്ട രാജ്യഭരണരീതിയാണ് നമ്മെ ഞെട്ടിച്ചത്. മെല്ലെപ്പോക്കിന്റെയും അറച്ചുനില്‍പ്പിന്റെയും പരിവേഷമാണ് ഭരണഗാത്രമണിഞ്ഞത്. അവശ്യമായ സുതാര്യതയും ചില സന്ദര്‍ഭങ്ങളില്‍ ഇല്ലാതെപോയി. ഭരണകൂടത്തിന്നും ജനങ്ങള്‍ക്കുമിടയില്‍ ഇത് വിടവ് സൃഷ്ടിച്ചു. അന്തരീക്ഷം കലുഷമാകാനും പ്രയാണം തടസ്സപ്പെടാനുമാണ് ഇത് ഇടവെച്ചത്. ഇതിനെല്ലാം പുറമെ തീരുമാനങ്ങളെടുക്കുന്നതില്‍ വന്ന സമയവിളംബവും വാഗ്ദാനങ്ങളില്‍നിന്നുള്ള പിറകോട്ടുപോക്കും ഭരണകൂടത്തിന്റെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിച്ചു. ഭരണകൂടവും ബഹുജനങ്ങളും തമ്മിലെ ഭിന്നത മൂര്‍ഛിച്ചു ധ്രുവീകരണം സംഭവിച്ചു. സന്ദര്‍ഭം മുതലെടുക്കാന്‍ അവസരം പാര്‍ത്തിരുന്ന ഒരു വിഭാഗം സൈനികഭരണം തിരിച്ചുകൊണ്ടുവരാനുള്ള ആവശ്യവുമായി രംഗത്തിറങ്ങാന്‍ വരെ ഇത് വഴിവെച്ചു. 'പട്ടാള ഭരണം തകരട്ടെ' എന്നാര്‍ത്ത് വിളിച്ച് മാസങ്ങള്‍ക്കുമുമ്പ് തെരുവില്‍ ഇറങ്ങിയവരാണിവരെന്നോര്‍ക്കണം.
കടുത്ത പരീക്ഷണം നിറഞ്ഞ കഴിഞ്ഞ ദശകങ്ങളില്‍ സംഘടനാ പ്രവര്‍ത്തനം വിജയകരമായി നടത്തിക്കൊണ്ടുപോകുന്നതില്‍ വൈദഗ്ധ്യം തെളിയിച്ച ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനം, പക്ഷേ രാജ്യഭരണം കൈയേറ്റ് രാഷ്ട്രത്തെയും സമൂഹത്തെയും നയിക്കുന്നതില്‍ പ്രതീക്ഷക്കൊത്ത് വിജയിച്ചില്ല എന്ന തോന്നല്‍ ഇന്ന് ഈജിപ്തില്‍ പരക്കെയുണ്ട്. രാഷ്ട്രീയ സ്തംഭനത്തിന്റെ അവസ്ഥയോളമെത്തിയ നിലവിലെ പ്രതിസന്ധിയുടെ മര്‍മം ഇവിടെയാണ്. അങ്ങേയറ്റം യുക്തിയോടും നയചാതുരിയോടും ധീരമായ കാല്‍വെയ്പ്പുകളോടും ദീര്‍ഘവീക്ഷണത്തോടും കൂടി പരിഹരിക്കേണ്ട ഒരവസ്ഥയാണിത്. കാത്തിരിപ്പിന്റെ ഒരവധി നല്‍കിയാലും നടേപറഞ്ഞ ഗുണവിശേഷങ്ങളോടെ പ്രശ്‌നപരിഹാരത്തിന്റെ സൂചനകള്‍ സമകാല സാഹചര്യത്തില്‍ കാണാനാവുന്നില്ല.
വീഴ്ചകള്‍ ഭരണത്തിന്റേത്, വിപ്ലവത്തിന്റേതല്ല
ഈ വീഴ്ചകള്‍ക്ക് കണക്ക് പറയേണ്ടത് ഭരണമാണ്, വിപ്ലവമല്ല. ചില രാജ്യങ്ങളിലെ ഭരണം മാറാനോ ഭരണമാറ്റത്തിന്റെ ദിശയിലൂടെ നീങ്ങാനോ സാഹചര്യം ഒരുങ്ങി എന്നതിനെക്കാള്‍ അഗാധവും ദൂരവ്യാപകവുമാണ് വിപ്ലവം വരുത്തിയ പരിവര്‍ത്തനം. നാലോ അഞ്ചോ രാജ്യാതിര്‍ത്തികളെ ഭേദിച്ച് മുന്നേറിയ വിപ്ലവ കൊടുങ്കാറ്റിന്റെ ഫലമായി ഉളവായ മാറ്റങ്ങളും പ്രകമ്പനങ്ങളുമാണ് ഉപരിതലത്തില്‍ നമുക്ക് ദര്‍ശിക്കാനാവുന്നത്. ഈ മാറ്റങ്ങളുടെ അനുരണനമായി വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന പ്രചാരവേലകളും, സംഭവങ്ങളെയും പ്രതിസന്ധികളെയും പെരുപ്പിച്ചുകാട്ടി ആഘോഷമാക്കുന്ന പ്രവണതകളും ബാഹ്യസ്പര്‍ശിയായ ചില അടയാളങ്ങളായേ നാം കാണേണ്ടതുള്ളൂ. ഇതിനെക്കാളെല്ലാം പ്രധാനവും ഫലദായകവുമായി കാണേണ്ടത്, സ്വേഛാധിപത്യത്തിനും ചൂഷണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ ഉച്ചത്തില്‍ ഉയര്‍ന്നുപൊങ്ങുന്ന, സാധാരണക്കാരനായ അറബി പൗരന്റെ തിരസ്‌കാര ബുദ്ധിയും ക്ഷുഭിതജനസഞ്ചയത്തിന്റെ ഉള്ളില്‍നിന്ന് ജ്വലിച്ചുയരുന്ന പ്രതിഷേധാഗ്നിയുമാണ്. 'ബഹള വസന്ത'വും 'നിശ്ശബ്ദ വസന്ത'വും തമ്മിലെ വ്യത്യാസം തിരിച്ചറിയാന്‍ എന്നെ പ്രേരിപ്പിച്ചതും ഈ സാഹചര്യമാണ്. അറബി രാജ്യങ്ങളിലെ ഭരണമാറ്റത്തിന്നായി അത്യുച്ചത്തില്‍ ഉയര്‍ന്നുപൊങ്ങി തെരുവുകളെ ഇളക്കിമറിച്ച മുദ്യാവാക്യങ്ങളാല്‍ മുഖരിതമായ അവസ്ഥയെയാണ് 'ബഹള വസന്തം' എന്ന് വിളിച്ചത്. ബഹളങ്ങളും ശബ്ദ ഘോഷങ്ങളുമില്ലാതെ ശാന്തമായി സോഷ്യല്‍നെറ്റ്‌വര്‍ക്ക് മാധ്യമങ്ങളിലൂടെ പരിഷ്‌കരണത്തിനുവേണ്ടി നടന്നുകൊണ്ടിരിക്കുന്ന സന്ദേശ കൈമാറ്റങ്ങളെയാണ് 'നിശ്ശബ്ദ വസന്തം' എന്ന് പേരിട്ടത്. പ്രമുഖ സുഊദി പണ്ഡിതനും ചിന്തകനുമായ ഡോ. സല്‍മാനുല്‍ ഔദ കഴിഞ്ഞ മാസം ട്വിറ്ററില്‍ എഴുതിയ ചില ലേഖനങ്ങള്‍ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. രാഷ്ട്രീയ പരിഷ്‌കരണത്തിന് ഭരണകൂടങ്ങള്‍ ഒരുമ്പെട്ടിറങ്ങണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും അദ്ദേഹം രാഷ്ട്ര സാരഥികളോടാവശ്യപ്പെടുകയുണ്ടായി. ഡോ. സല്‍മാനുല്‍ ഔദയുടെ ട്വിറ്റര്‍ സന്ദേശം ഈ ഘട്ടത്തില്‍ ഏറെ പ്രസക്തവും പ്രധാനവുമാണ്. ഇതിനുമുമ്പ് ഗുണകാംക്ഷാപൂര്‍വമായ ഇത്തരം നിരവധി സന്ദേശങ്ങള്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും പ്രചരിച്ചിട്ടുണ്ട്. ഗള്‍ഫ് മേഖലയില്‍ ഈ ഗണത്തില്‍ ഇത് ഒന്നാമത്തേതുമല്ല. പരിഷ്‌കരണവാദികള്‍ തങ്ങളുടെ മനോഗതമറിയിക്കുന്ന സമാനമായ മീറ്റുകള്‍ ഒമാനിലും യു.എ.ഇയിലും കുവൈത്തിലും ബഹ്‌റൈനിലുമൊക്കെ അനുരണനങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഏറെ ശ്രദ്ധയോടെ വീക്ഷിക്കുകയും സര്‍ഗാത്മക ഫലങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ട മൗലിക മാറ്റം അറബ് ബോധമണ്ഡലത്തില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്നതിന്ന് സാഹചര്യത്തെളിവുകള്‍ നിരവധിയാണ്. മേഖലയിലെ ചരിത്രപ്രധാനമായ മാറ്റത്തെയാണ് 'അറബ് വസന്തം' എന്നുവിളിച്ചുവന്നത്. അറബ് പൗരന്‍ തന്റെ അന്തസ്സിന്നും അഭിമാനത്തിന്നും അവകാശത്തിന്നും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പടപൊരുതുകയും ഉറച്ച കാല്‍വെപ്പുകളോടെ മുന്നോട്ടു കുതിക്കുകയും ചെയ്യുന്ന പുതിയ പ്രഭാതത്തിന്റെ അരുണോദയമാണ് അറബ് വസന്തം. പ്രതിസന്ധിയില്‍നിന്ന് പുറത്തുകടക്കാന്‍, ഇന്നത്തെ ഈജിപ്ഷ്യന്‍ സാഹചര്യത്തില്‍ മൂന്ന് കക്ഷികളെങ്കിലും മനസ്സ് വെക്കണം.
1. പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും അദ്ദേഹത്തിന്റെ ഭരണ സഹായികളും പിന്തുണക്കാരും.
2. പ്രസിഡന്റ് മുര്‍സിയുടെ എതിരാളികള്‍.
3. വിപ്ലവത്തെത്തന്നെ എതിര്‍ക്കുകയും പ്രതിവിപ്ലവം നയിക്കുകയും ചെയ്യുന്നവര്‍.
ഈജിപ്തിലെ പ്രതിപക്ഷത്തിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ. പ്രസിഡന്റ് മുര്‍സിയെ, പ്രത്യേകിച്ച് ഇഖ്‌വാനെ തള്ളിപ്പറയുക. അടിസ്ഥാനപരമായിത്തന്നെ 'അട്ടിമറി പ്രതിപക്ഷ'മാണ് ഈജിപ്തിലേത്; എന്ന് വെച്ചാല്‍ പ്രസിഡന്റിന്റെ തെറ്റുകള്‍ തിരുത്താനോ പ്രശ്‌നപരിഹാരത്തിന് സമവായത്തിലെത്താനോ അല്ല അവരുടെ ശ്രമം. സമ്മര്‍ദങ്ങളിലൂടെ അദ്ദേഹത്തിന്റെ പദ്ധതികള്‍ പൊളിക്കാനും തുടര്‍ന്ന് ഭരണം വീഴ്ത്താനുമാണ് തുടക്കം മുതല്‍ക്കേ അവര്‍ ശ്രമിച്ചുവന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അവര്‍ സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തി. പുതിയ ഭരണത്തിന്റെ കുറ്റമറ്റ സംവിധാനത്തിന്നൊരുക്കുന്ന ക്രമീകരണങ്ങളുടെയെല്ലാം നിയമസാധുത ചോദ്യം ചെയ്തു. വകുപ്പുകളെല്ലാം തീരുമാനിച്ചുറപ്പിച്ചതിന്ന് ശേഷവും ഭരണഘടനാ സമിതിയില്‍നിന്ന് പിന്മാറി. തെരഞ്ഞെടുപ്പു ബഹിഷ്‌കരിക്കുന്നതു പോലെ ചര്‍ച്ചയും ബഹിഷ്‌കരിച്ചു. അധികാരം പട്ടാളം കൈയേല്‍ക്കണമെന്ന് ഉറക്കെ ആവശ്യപ്പെട്ടു. തെരുവില്‍ പ്രകടനം നടത്തുന്നവരോ സ്വാതന്ത്ര്യ ചത്വരത്തില്‍ സത്യഗ്രഹമിരിക്കുന്നവരോ പ്രതിപക്ഷ നേതാക്കളുടെ അണികളാണെന്ന് പറയാനുമാവില്ല. ഓരോരുത്തരും അപരരെ വെച്ച് മുതലെടുക്കുന്നു എന്നതാണ് സത്യം.

മീഡിയ വഹിച്ച പങ്ക്
പ്രതിപക്ഷത്തിന്റെ ഇത്തരം ഹീനവും കുത്സിതവുമായ ശ്രമങ്ങള്‍ക്ക് പുറമെയാണ് തക്കംപാര്‍ത്തിരിക്കുന്ന മീഡിയയുടെ കടന്നുകയറ്റം. ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ സ്ഥിതിഗതികളെ ഭയാനകമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടും അവര്‍ മതിയാക്കിയില്ല. പ്രസിഡന്റ് മുര്‍സിയുടെ പ്രതിഛായ തകര്‍ക്കാനും വ്യക്തിഹത്യ നടത്താനും ജനമധ്യത്തില്‍ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടാനും മീഡിയ കൊണ്ടുപിടിച്ചുശ്രമിക്കുന്നു. ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് നീതിന്യായപീഠത്തില്‍ നിന്നുയരുന്ന അപശബ്ദങ്ങള്‍. പഴയ ഭരണകൂടത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച നീതിന്യായ സംവിധാനവും അതിന്റെ സ്ഥാനത്തിന് നിരക്കാത്തവിധം തെരുവില്‍ ഇറങ്ങിക്കളിക്കുകയായിരുന്നു. അഭിഭാഷകരുടെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും ജഡ്ജിമാരുടെയും രാജി കോലാഹലങ്ങളും പ്രകടനങ്ങളും നാം കണ്ടതാണല്ലോ. ആഭ്യന്തര വകുപ്പിലെ ചില ഘടകങ്ങളെങ്കിലും-സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗമുള്‍പ്പെടെ-മുര്‍സിക്കെതിരെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നതിന്ന് സാഹചര്യത്തെളിവുകളുണ്ട്. അതെങ്ങനെ സംഭവിക്കാതിരിക്കും? കഴിഞ്ഞ മുപ്പത് വര്‍ഷമായി അടിയന്തരാവസ്ഥയുടെ തണലിലും നിയമങ്ങള്‍ക്കതീതമായും മുര്‍സി അംഗമായ ഇഖ്‌വാന്‍ ആയിരുന്നുവല്ലോ അവരുടെ സ്ട്രാറ്റജിക്കല്‍ ശത്രു! ഇഖ്‌വാനെ വേട്ടയാടാനും പീഡിപ്പിക്കാനും ഭേദ്യം ചെയ്യാനും മുമ്പില്‍ നിന്നവര്‍. ഇതാണ് അവരുടെ പിന്നാമ്പുറമെന്നിരിക്കെ വിപ്ലവം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം അവരാകെ മാറുമെന്ന് പ്രതീക്ഷിക്കുന്നതാണ് തെറ്റ്. നാടിന്റെ സുരക്ഷാവീഴ്ചയുടെ കാരണങ്ങള്‍ അന്വേഷിച്ച് ഒരുയര്‍ന്ന ഉദ്യോഗസ്ഥനോട് ഞാന്‍ ചോദിച്ചു: 'ഈ സ്ഥിതി കൈകാര്യം ചെയ്യാന്‍ സുരക്ഷാസംവിധാനം അശക്തമാണെന്നാണോ മനസ്സിലാക്കേണ്ടത്? അല്ലെങ്കില്‍ അവരും ഇതിലെല്ലാം പങ്കാളികളാണെന്നാണോ? അതുമല്ലെങ്കില്‍ അവര്‍ ഭരണകൂടവുമായി സഹകരിക്കുന്നില്ലെന്നാണോ കരുതേണ്ടത്?'' അദ്ദേഹത്തിന്റെ മറുപടി: ''മൂന്നിനും സാധ്യതയുണ്ട്.''
തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളെ അട്ടിമറിക്കാനും വീഴ്ത്താനുമുള്ള തന്ത്രങ്ങളും ഉപായങ്ങളും ഏവര്‍ക്കും അറിവുള്ളതാണ്. എഴുപതുകളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രങ്ങളാണവ. രാജ്യത്ത് അരാജകത്വം പടര്‍ത്തുകയും നാട്ടിന്റെ സുരക്ഷിതത്വം തകിടം മറിക്കുന്ന കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രത്തിന്ന് അതിന്റെ പ്രാഥമിക പ്രതിരോധ ദൗത്യം പോലും നിര്‍വഹിക്കാനൊക്കാത്തവിധം ദുര്‍ബലപ്പെടുത്തുകയും സാമ്പത്തികമായി തകര്‍ക്കുകയും ചെയ്യുക എന്ന തന്ത്രമാണത്. പിന്നീട് സ്വാഭാവികമായുണ്ടാവുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും മൂലം ഭരണകൂടം ദുര്‍ബലമാവുകയും തകര്‍ന്നുവീഴുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.
പഴയ ഭരണകൂടത്തിന്റെ പ്രായോജകരായ ഒരു വലിയ വിഭാഗം ഈജിപ്തിലുണ്ട്. പുതിയ ഭരണം അവരുടെ സാമ്പത്തിക-രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ക്ഷതമേല്‍പ്പിച്ചിട്ടുണ്ട്. ഭരണകൂടത്തെ അട്ടിമറിക്കാനും ഭരണകൂടത്തിന്നെതിരില്‍ ഉപജാപങ്ങള്‍ മെനയാനും സമ്പത്തൊഴുക്കുന്നത് ഈ വിഭാഗമാണ്. അവരെ സംബന്ധിച്ചേടത്തോളം ഇത് ജീവന്‍മരണ പ്രശ്‌നമാണ്. ഉദ്യോഗസ്ഥ-സുരക്ഷാ മേഖലകളില്‍ അവഗണിക്കാനാവാത്ത സ്വാധീനമുറപ്പിച്ച തല്‍പരകക്ഷികള്‍ കരുക്കള്‍ നീക്കി അണിയറക്ക് പിന്നില്‍നിന്ന് സമര്‍ഥമായി കളിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അമേരിക്കയും ഇസ്രയേലും ഈജിപ്തില്‍ സ്വതന്ത്രമായി വിഹരിക്കുകയായിരുന്നു. വിപ്ലവാനന്തര ഈജിപ്തില്‍നിന്ന് സര്‍വതാല്‍പര്യങ്ങളും ഉപേക്ഷിച്ച് സാധുക്കളായി അവര്‍ പിന്തിരിഞ്ഞു പോകുമെന്ന് മന്ദബുദ്ധികള്‍ക്കേ വിശ്വസിക്കാനാവൂ. ചില അറബ് രാജ്യങ്ങളും ഈജിപ്തില്‍ സംഭവിച്ച വിപ്ലവം തങ്ങളുടെ നാടുകളിലേക്കും പടരുമോ എന്ന് ഭയക്കുന്നുണ്ട്. ഇഖ്‌വാന്‍ അധികാരത്തില്‍ തുടരുവോളം തങ്ങളില്‍നിന്ന് ഒരു സാമ്പത്തിക സഹായവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ചില അറബ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് സംഭവിക്കുകയും ചെയ്തു.

പരിഹാരം സാധ്യമാണ്
പ്രസിഡന്റ് ഡോ. മുഹമ്മദ് മുര്‍സിയുടെ ഉത്തരവാദിത്വം മറ്റാരേക്കാളും ഭാരിച്ചതാണ്. അദ്ദേഹം അധികാരത്തിലിരുന്ന കഴിഞ്ഞ ഒമ്പത് മാസങ്ങളില്‍ ഭരണ നിര്‍വഹണ രംഗങ്ങളില്‍ എടുത്ത് പറയേണ്ട ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്.
* പൊതുസമൂഹവുമായി ബന്ധപ്പെടുന്നതില്‍ കഴിവ് കേട് പ്രകടമായി. തന്റെ കാഴ്ചപ്പാട് ജനങ്ങളിലേക്ക് എത്തിക്കുന്നതിലും തന്റെ തീരുമാനങ്ങള്‍ക്ക് പ്രേരകമായ സാഹചര്യങ്ങള്‍ തൃപ്തികരമാംവിധം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചില്ല.
* പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ അങ്ങേയറ്റത്തെ മന്ദഗതിയാണുള്ളത്.
* പ്രസിഡന്റിന്റെ സഹായിവൃന്ദത്തിന്റെ ബലഹീതന മൂലം നല്ലൊരു വിഭാഗം പിന്തുണക്കാര്‍ അകന്നുമാറി. ഇത് പ്രസിഡന്റിന്റെ പല തീരുമാനങ്ങളുടെയും സുബദ്ധതയെ പ്രതികൂലമായി ബാധിച്ചു.
* വാഗ്ദാനങ്ങളില്‍ പലതും പാലിക്കാന്‍ കഴിയായ്കമൂലം രാഷ്ട്രീയ കക്ഷികള്‍ക്കും പ്രസിഡന്റിന്നുമിടയില്‍ വിശ്വാസത്തകര്‍ച്ചയുണ്ടായി.
* സഖ്യകക്ഷികളുമായും (ഉദാഹരണം സലഫികള്‍) സുഹൃദ് സംഘടനകളുമായും (ഉദാ: മിസ്വ്‌റുല്‍ ഖവിയ്യഃ, ഗദുസ്സൗറഃ) സ്ഥാപിച്ചെടുക്കേണ്ട ശക്തമായ രാഷ്ട്രീയ ബന്ധങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല. ഒരിക്കലും പ്രസിഡന്റിന്നെതിരില്‍ നിലകൊണ്ട പാരമ്പര്യമില്ലാത്ത സ്വതന്ത്രരെയും കൂടെകൂട്ടുന്നതില്‍ പരാജയം നേരിട്ടു. അവര്‍ പ്രസിഡന്റുമായി സഹകരിക്കാന്‍ തയാറായിരുന്നു. ക്രമേണ അവരും ചുറ്റിലും നിന്ന് പിരിഞ്ഞുപോയി.
* തനിക്കെതിരില്‍ ശത്രുതാപരമായ നിലപാടുകള്‍ കൈക്കൊണ്ടവരോടുപോലും ചര്‍ച്ചക്കും സമവായത്തിന്നും മുന്നിട്ടിറങ്ങേണ്ടത് യഥാര്‍ഥത്തില്‍ പ്രസിഡന്റാണ്. പ്രതിസന്ധികള്‍ മറികടക്കാനും വരാനിരിക്കുന്ന സങ്കീര്‍ണതകള്‍ അകറ്റാനും പ്രസിഡന്റിന്റെ അത്തരം ഒരു നീക്കത്തിനാവുമായിരുന്നു.
* തെരഞ്ഞെടുപ്പ് നിയമങ്ങളിലായാലും വിവാദത്തിന് വഴിവെച്ച ഭരണഘടനാ വകുപ്പുകളെ കുറിച്ചായാലും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി ഉള്ളുതുറന്നു ചര്‍ച്ചകളും കൂടിയാലോചനകളും നടത്തി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുന്നു എന്ന് പ്രയോഗ തലത്തില്‍ കാണിച്ചുകൊടുക്കാന്‍ പ്രസിഡന്റ് മുന്‍കൈ എടുക്കേണ്ടതായിരുന്നു.
* ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ദൗത്യവും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനം നിറവേറ്റിക്കൊണ്ടിരിക്കുന്ന പ്രബോധന ദൗത്യവും വ്യക്തമായി വേര്‍തിരിക്കപ്പെടുകയും രണ്ടിന്റെയും പ്രവര്‍ത്തന മണ്ഡലങ്ങള്‍ പുനര്‍നിര്‍വചിക്കപ്പെടുകയും വേണം. ഇന്നത്തെ പരിതഃസ്ഥിതിയില്‍ ഈ സമീപനം പ്രസ്ഥാനത്തിന് നഷ്ടമേല്‍പ്പിക്കുമെന്ന കാര്യം ശരിതന്നെ. പക്ഷേ ഇതല്ലാതെ പ്രതിസന്ധി മറികടക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ല. പ്രസ്ഥാനത്തിന്റെ ദൈനംദിന രാഷ്ട്രീയത്തിലെ ഇടപെടല്‍ അനഭിലഷണീയമാണ്.
* നിലവിലുള്ള ഭരണകൂടം ഉടച്ചുവാര്‍ക്കണം. ജനവിശ്വാസം ആര്‍ജ്ജിക്കാന്‍ അതുകൂടിയേ തീരൂ. സമൂഹത്തില്‍ സ്വാധീനവും കീര്‍ത്തിയുമുള്ള വ്യക്തിത്വങ്ങളെ ഭരണ തലപ്പത്ത് കൊണ്ടുവരുന്നത് ജനവിശ്വാസം ബലപ്പെടുത്താനുതകും. ടെക്‌നോക്രാറ്റുകളുടെ എണ്ണവും കൂട്ടിയേതീരൂ. ഇഖ്‌വാന്‍ പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നാണെങ്കില്‍ അത് മന്ത്രിസഭക്ക് പുറത്തുള്ള മറ്റ് സംവിധാനങ്ങളിലുമാവാമല്ലോ.
* സാമ്പത്തിക പരിഷ്‌കരണ രംഗത്തും സാമൂഹിക നീതിയുടെ സംസ്ഥാപനത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാവുന്നുണ്ടെന്ന് ബഹുജനങ്ങള്‍ക്ക് ബോധ്യമാവണം. ഓരോ രംഗത്തും വൈദഗ്ധ്യം തെളിയിച്ച ഈജിപ്ഷ്യന്‍ പൗരന്മാരെ ഉള്‍പ്പെടുത്തി സെമിനാറുകള്‍, കോണ്‍ഫ്രന്‍സുകള്‍ എന്നിവ നടത്തി ജനാഭിപ്രായം പ്രതിഫലിക്കുന്ന തീരുമാനങ്ങളിലെത്തണം.
* ഇടത്പക്ഷം, ലിബറലുകള്‍, സെക്യുലറിസ്റ്റുകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും തുറന്ന മനസ്സോടെ ഇടപെട്ട്, നീതിനിഷേധത്തിന്നും ചൂഷണത്തിന്നും, അവകാശ ഹനനത്തിന്നുമെതിരെ 'ഹില്‍ഫുല്‍ ഫുദൂല്‍' മാതൃകയില്‍ സഖ്യങ്ങള്‍ക്ക് രൂപം കൊടുക്കണം.
(ഈജിപ്തിലെ 'മിസ്വ്‌റുല്‍ യൗം,' കുവൈത്തിലെ 'അല്‍വത്വന്‍' ഫഹ്മീ ഹുവൈദി ബ്ലോഗ് പോസ്റ്റ് എന്നിവയില്‍ കഴിഞ്ഞാഴ്ച പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ ക്രോഡീകരിച്ചത്-വിവ: പി.കെ.ജെ)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍