Prabodhanm Weekly

Pages

Search

2013 മെയ്‌ 3

വിപ്ളവാനന്തര ഭരണകൂടങ്ങള്‍ വിജയമോ പരാജയമോ?

മുബാറകുദ്ദുവൈല/പി.കെ ജമാല്‍ - അഭിമുഖം

റബ് വസന്തത്തെയും വസന്താനന്തരം നിലവില്‍ വന്ന ഭരണകൂടങ്ങളെയും സംബന്ധിച്ച് ലോകതലത്തില്‍ നടക്കുന്ന വിലയിരുത്തലുകള്‍ പൊതുവെ ആത്യന്തികമായ രണ്ടറ്റങ്ങളിലാണ് നിലകൊള്ളുന്നത്. മൊറോക്കോവിലും തുനീഷ്യയിലും ഈജിപ്തിലും വിപ്ലവത്തിന് മുമ്പ് നിലവിലിരുന്ന ഭരണകൂടങ്ങളെ അന്ധമായി പിന്താങ്ങുകയും പ്രശംസിക്കുകയും ചെയ്യുന്ന സമീപനമാണ് ഒരു വിഭാഗത്തിന്റേതെങ്കില്‍, നവജാഗരണത്തെ പ്രതിനിധാനം ചെയ്ത് ഭരണ ഭാരമേറ്റെടുത്ത, ഇസ്‌ലാമിസ്റ്റുകള്‍ക്ക് പ്രാമുഖ്യമുള്ള ഭരണകൂടങ്ങളെ നയ-നിലപാടുകളുടെയും സമീപനങ്ങളുടെയും നേട്ടകോട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന രീതിയാണ് മറുവിഭാഗത്തിന്റേത് (പ്രശസ്ത കോളമിസ്റ്റ് ഫഹ്മീ ഹുവൈദിയുടെ വിമര്‍ശനാത്മക വിലയിരുത്തല്‍ ഈ ലക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്). പുതിയ ലോകത്തെയും കാലത്തെയും അഭിസംബോധന ചെയ്യാന്‍ ബാധ്യസ്ഥമായ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അഭിമാനത്തിനും സന്തോഷത്തിനും വക നല്‍കുന്നതാണോ നിലവില്‍ ആ രാജ്യങ്ങളിലെ ഭരണപരവും സാമൂഹികവുമായ അവസ്ഥകളെന്ന ചിന്തക്ക് തീര്‍ച്ചയായും പ്രസക്തിയും പ്രാധാന്യവുമുണ്ട്.
കുവൈത്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ആഭിമുഖ്യമുള്ള ഇസ്‌ലാമിക് കോണ്‍സ്റ്റിറ്റിയൂഷനല്‍ മൂവ്‌മെന്റിന്റെ ടിക്കറ്റില്‍ അഞ്ചു തവണ മത്സരിച്ച് പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ച മുബാറക് ഫഹ്ദുദ്ദുവൈലയുമായി ഈ വിഷയകമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍...
അബൂമുആദ്, ഭരണഭാരം കൈയേല്‍ക്കാന്‍ കിട്ടിയ ആദ്യ അവസരം തന്നെ ഇസ്‌ലാമിസ്റ്റുകള്‍ കളഞ്ഞുകുളിക്കുകയും ഭരണ നിര്‍വഹണത്തില്‍ അമ്പേ പരാജയപ്പെടുകയും ചെയ്‌തെന്ന ലിബറലുകളുടെയും സെക്യുലരിസ്റ്റുകളുടെയും വിമര്‍ശനങ്ങളെ താങ്കള്‍ എങ്ങനെ കാണുന്നു?
മതത്തോടും മതവിശ്വാസികളോടും വിശിഷ്യ ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും നിതാന്ത ശത്രുത പുലര്‍ത്തിപ്പോന്ന മീഡിയയുടെ നീചവും ദുഷ്ടവുമായ പ്രചാരണങ്ങള്‍ക്ക് നടുവിലും, എല്ലാ കുതന്ത്രങ്ങളെയും പരാജയപ്പെടുത്തി ബാലറ്റ് പെട്ടികളിലൂടെ അധികാരത്തിലേറാന്‍ കഴിഞ്ഞു എന്ന ഒരൊറ്റ കാരണം മതി അറബ് ലോകത്തെ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അഭിമാനിക്കാന്‍. ചങ്ങലയും ചമ്മട്ടിയും കാരാഗൃഹങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്തിയും, കൃത്രിമ തെരഞ്ഞെടുപ്പ്പ്രഹസനത്തിലൂടെ ഭരണത്തിലെത്തി അധികാരം വാണും, കഴിഞ്ഞ കുറെ ദശകങ്ങളായി അറബ് രാജ്യങ്ങളെ നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് വലിച്ചുകൊണ്ടുപോയി അജ്ഞതയുടെയും ദാരിദ്ര്യത്തിന്റെയും അടിമത്തത്തിന്റെയും നുകങ്ങളില്‍ തളച്ചിടുകയായിരുന്നു ഈ സെക്യുലരിസ്റ്റ് ഭരണകൂടങ്ങളെന്നോര്‍ക്കണം. വരാനിരിക്കുന്ന തലമുറകള്‍ കൂടി ഈ കെടുതികള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ടു. അറബ് വസന്തത്തിന്റെ കാറ്റടിച്ചു വീശിയതോടെ സിംഹാസനങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീണു. സഹൃദയര്‍ക്കും ജനക്ഷേമ തല്‍പ്പരര്‍ക്കും ഈ മാറ്റങ്ങളില്‍ ആഹ്ലാദമാണുണ്ടായത്. പൊതുമുതല്‍ കൊള്ളയടിച്ച് ജനകോടികളുടെ രക്തം ഊറ്റിക്കുടിച്ച് സുഖിച്ചുകൊണ്ടിരുന്നവര്‍ക്ക് രോഷമുണ്ടാവുക സ്വാഭാവികം. ദശകങ്ങളോളം ഇരുമ്പഴികള്‍ക്കകത്ത് പീഡനങ്ങളേറ്റ് മര്‍ദിതരായി കഴിഞ്ഞ ജനലക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന്റെ ശുദ്ധ വായു ശ്വസിക്കാന്‍ അവസരം കിട്ടുകയും കിട്ടിയ ആദ്യ സന്ദര്‍ഭത്തില്‍തന്നെ ശത്രുക്കള്‍ പോലും കുറ്റമറ്റതെന്ന് വിശേഷിപ്പിച്ച സംശുദ്ധ തെരഞ്ഞെടുപ്പിലൂടെ ഇസ്‌ലാമിസ്റ്റ് ശക്തികള്‍ അധികാരത്തിലേറുകയും ചെയ്തപ്പോള്‍ പഴയ ഭരണകൂടത്തിലെ പറ്റിത്തീനികളും അധികാര ദല്ലാള്‍മാരും മീഡിയയെ കൂട്ടുപിടിച്ച് വസന്താനന്തര ഭരണ സംവിധാനങ്ങള്‍ പരാജയമാണെന്ന് പെരുമ്പറ മുഴക്കുകയാണ്.

അനുഭവങ്ങളിലൂടെ തൊട്ടറിയാന്‍ കഴിയുന്ന നേട്ടങ്ങളുണ്ടാക്കാന്‍ പുതിയ ഭരണകൂടങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ?
തീര്‍ച്ചയായും. ആദ്യം ഞാന്‍ മൊറോക്കോവിനെക്കുറിച്ച് പറയാം. ജനാധിപത്യത്തില്‍ അധിഷ്ഠിതമായ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഗുണഫലങ്ങള്‍ കാണുകയും സ്ഥിതിഗതികള്‍ സുസ്ഥിരത കൈവരിക്കുകയും ചെയ്തതിനാല്‍ മൊറോക്കോവില്‍ അഭിമാനകരമായ ഭരണവിജയമുണ്ടാക്കാന്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് കഴിഞ്ഞു. അറബ് രാജ്യങ്ങളുടെ ഏറ്റവും പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന രാജ്യമായാല്‍ പോലും മാറ്റത്തിന്റെ കാറ്റ് മൊറോക്കോവിലും വീശിയെത്താതിരിക്കില്ല എന്ന് ദൃഢബോധ്യമുള്ള അവിടത്തെ രാജാവ് മുഹമ്മദ് ആറാമന്‍ ബുദ്ധിപൂര്‍വമാണ് പ്രവര്‍ത്തിച്ചത്. സൈന്യമോ അമേരിക്കയുടെ നിരുപാധിക പിന്തുണയോ രക്ഷക്കെത്തില്ലെന്ന് മനസ്സിലാക്കിയ രാജാവ്, തന്റെ മുമ്പില്‍ തകര്‍ന്നുവീണുകൊണ്ടിരിക്കുന്ന ഏകാധിപത്യ ഭരണകൂടങ്ങളുടെ പരിണതി കണ്ട് സമര്‍ഥമായി കരുക്കള്‍ നീക്കി. ജനവികാരങ്ങള്‍ മാനിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു. ഭരണ-നിയമ നിര്‍വഹണ രംഗത്തെ തന്റെ പ്രത്യേകാധികാരങ്ങളില്‍ ചിലത് കൈയൊഴിയാന്‍ തയാറായി. ആ അവകാശം ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്ന പാര്‍ലമെന്റിന് നല്‍കി. ഭൂരിപക്ഷം നേടുന്ന കക്ഷിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കി. നേരത്തെ ഈ അവകാശം രാജാവില്‍ നിക്ഷിപ്തമായിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയ സംശുദ്ധമാവുമ്പോള്‍ ജനപിന്തുണയുള്ള ഇഖ്‌വാന്‍ സ്ഥാനാര്‍ഥികള്‍ ജയിക്കുക സ്വാഭാവികം. ഒറ്റക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും മറ്റു കക്ഷികളെ കൂടി ഇഖ്‌വാന്‍ ഭരണത്തില്‍ പങ്കാളികളാക്കി. ബജറ്റ് പ്രതിസന്ധി, പത്രസ്വാതന്ത്ര്യം, പ്രതിഷേധിക്കാനും പ്രകടനം നടത്താനുമുള്ള സ്വാതന്ത്ര്യം, സംഘടിക്കാനും അഭിപ്രായ രൂപവത്കരണം നടത്താനുമുള്ള സ്വാതന്ത്ര്യം- ഇങ്ങനെ രാജ്യത്തെ അലട്ടിക്കൊണ്ടിരുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ ഭരണകൂടത്തിന് കഴിഞ്ഞു. തലസ്ഥാന നഗരിയുടെ സൗന്ദര്യത്തിന് കളങ്കമായ ചേരികള്‍ തുടച്ചുനീക്കി. ചേരിനിവാസികളെ പുനരധിവസിപ്പിക്കാന്‍ ഗ്രാമങ്ങളില്‍ ആവാസ കേന്ദ്രങ്ങളും നഗരികളും പണിതു. അയല്‍ രാജ്യങ്ങളായ സ്‌പെയിന്‍, അള്‍ജീരിയ, മൗറിത്താനിയ എന്നിവയുമായി സഹകരിച്ച് ചേരി-അഭയാര്‍ഥി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റാനും ജനക്ഷേമ പരിപാടികള്‍ ആവിഷ്‌കരിക്കാനുമാവുമെന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് മൊറോക്കോ അനുഭവം. റബാത്തില്‍ അവിടത്തെ പ്രക്ഷേപണ-ധനകാര്യ - വിദ്യാഭ്യാസ മന്ത്രിമാരുമായി കൂടിയിരിക്കാന്‍ എനിക്കവസരം ഉണ്ടായി. മൊറോക്കോവിനെ മാറ്റിപ്പണിയാനുള്ള പല പദ്ധതികളും അവരുടെ ചിന്തയിലുണ്ടെന്ന് എനിക്ക് ബോധ്യമായി.

തുനീഷ്യയെക്കുറിച്ച് താങ്കള്‍ ഒന്നും പറഞ്ഞില്ല?
സെക്യുലരിസ്റ്റ് സ്വേഛാധിപതിയായ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം അന്നഹ്ദ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം ലഭിച്ചത്. മുഖ്യ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട സഖ്യഭരണത്തിനാണ് ഇഖ്‌വാന്‍ മുതിര്‍ന്നത്. പുതിയ ഭരണഘടനക്ക് രംഗമൊരുക്കലായിരുന്നു ഈ ഗവണ്‍മെന്റിന്റെ മുഖ്യ അജണ്ട. ജനാധിപത്യത്തിന്റെയും ജനാഭിലാഷത്തിന്റെയും ശത്രുക്കള്‍ക്ക് ഇത് സഹിക്കാനായില്ല. നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും അരാജകത്വം സൃഷ്ടിക്കാനും അവസരം പാര്‍ത്തിരിക്കുകയായിരുന്നു അവര്‍. പ്രമുഖ പ്രതിപക്ഷ നേതാവിനെ വധിച്ച അവര്‍ അന്നഹ്ദക്കെതിരില്‍ പ്രക്ഷോഭത്തിന് വിത്തിടുകയായിരുന്നു. അവര്‍ കൊതിച്ചത് സംഭവിച്ചു. ബല്‍ഈദിനെ വധിച്ചത് അന്നഹ്ദയാണെന്ന് ആരോപണമുയര്‍ന്നു. ബല്‍ഈദിന്റെ യഥാര്‍ഥ കൊലയാളികളെ പിടികൂടിയപ്പോള്‍ അന്നഹ്ദയുടെ ശത്രുപക്ഷമാണ് കൃത്യം നിറവേറ്റിയതെന്ന് തെളിഞ്ഞു. അന്നഹ്ദ ഭരണകൂടം തുടങ്ങിവെച്ച പരിഷ്‌കരണ നടപടികളെ സ്തംഭിപ്പിക്കുകയും പരാജയപ്പെടുത്തുകയുമായിരുന്നു അവരുടെ ഉന്നം. പ്രധാനമന്ത്രിയുടെ രാജിയെ തുടര്‍ന്ന് പുതിയ ഭരണത്തലവനെ അന്നഹ്ദ തെരഞ്ഞെടുത്തു.
ഭരണത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാവുംവിധം അന്നഹ്ദ ഭരണനിര്‍വഹണത്തിലെ തങ്ങളുടെ പങ്ക് പരമാവധി കുറക്കുകയും പ്രധാന വകുപ്പുകള്‍ സ്വതന്ത്രര്‍ക്ക് നല്‍കുകയും ടെക്‌നോക്രാറ്റുകളെ മന്ത്രിമാരായി കൊണ്ടുവരികയും ചെയ്തു. എന്നിട്ടും തല്‍പര കക്ഷികളുടെ ഉറഞ്ഞുതുള്ളല്‍ അവസാനിച്ചില്ല എന്നതാണത്ഭുതം. വിദ്യാഭ്യാസമന്ത്രി നമസ്‌കരിക്കുന്നുവെന്നതും പള്ളിയില്‍നിന്ന് അദ്ദേഹം നമസ്‌കാരം കഴിഞ്ഞ് പുറത്ത് വരുന്നത് കണ്ടെന്നും വരെ പോയി ആരോപണം! മതപ്രസ്ഥാനങ്ങളോടൊപ്പം മതത്തോട് തന്നെയാണ് അരിശം എന്ന് ബോധ്യപ്പെടുത്തുന്ന ആരോപണങ്ങള്‍. പ്രാഥമിക വിദ്യാലയങ്ങളില്‍ ഖുര്‍ആന്‍ പാഠ്യവിഷയമാക്കുന്നതിനെതിരെ പ്രക്ഷോഭവുമായി രംഗത്തുവന്നു തുനീഷ്യയിലെ സെക്യുലരിസ്റ്റ് ഇടതുപക്ഷം. അത് ഭീകരവാദികള്‍ക്ക് ജന്മം നല്‍കുമെന്നാണവരുടെ കണ്ടെത്തല്‍. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും ഉതകുന്ന നിരവധി പദ്ധതികളും ഭരണനേട്ടങ്ങളുമായി അന്നഹ്ദ മുന്നേറുകയാണെന്ന് വസ്തുതകള്‍ വ്യക്തമാക്കുന്നു. അഴിമതിയുടെ കറപുരളാത്ത കൈകളുമായി ജനാഭിലാഷത്തോടൊപ്പം നിലകൊള്ളുന്ന പ്രസ്ഥാനങ്ങള്‍ക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവരില്ലെന്ന് റാശിദുല്‍ ഗനൂശിയുടെ നേതൃത്വത്തിലുള്ള അന്നഹ്ദ സാക്ഷ്യം വഹിക്കുന്നു. റാശിദുല്‍ ഗനൂശിയുടെ പ്രായോഗിക ചിന്തയെയും ദീര്‍ഘദൃഷ്ടിയെയും പുതിയ ലോകത്തെ അഭിമുഖീകരിക്കുമ്പോഴുള്ള പ്രശ്‌ന സങ്കീര്‍ണതകളെ മറികടക്കാനുള്ള അദ്ദേഹത്തിന്റെ നിര്‍ദേശങ്ങളെയും ആദരവുകളോടെയാണ് ഞാന്‍ കാണുന്നത്.

മൊറോക്കോയോ തുനീഷ്യയോ അല്ല സജീവ ചര്‍ച്ചാ വിഷയം. അറബ് ലോകത്തിന്റെ ഹൃദയമായി കരുതുന്ന, ഇഖ്‌വാന്‍ നേതൃത്വം നല്‍കുന്ന ഈജിപ്തിലെ ഭരണമാണ് ലോകത്തില്‍ നടക്കുന്ന ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദു. ഈജിപ്തിനെയും ഭരണത്തെയും ഇഖ്‌വാന്‍വത്കരിക്കുകയാണ് പ്രസിഡന്റ് മുര്‍സിയെന്ന ആരോപണത്തില്‍ കഴമ്പുണ്ടോ? മുന്‍ ഭരണകൂടത്തെ പോലെ പുതിയ ഭരണകൂടവും സ്വേഛാധിപത്യപരമായാണ് നീങ്ങുന്നതെന്ന ഇടതുപക്ഷവും ലിബറേഷന്‍ ഫ്രണ്ടും നടത്തുന്ന പ്രചാരണത്തില്‍ സത്യമുണ്ടോ, സ്വാതന്ത്ര്യ ചത്വരത്തില്‍ (മൈദാനുത്തഹ്‌രീര്‍) വിമോചനത്തിനും പുതിയ അരുണോദയത്തിനും ദാഹിച്ച് പ്രക്ഷോഭം നടത്തിയ ജനലക്ഷങ്ങളുടെ സ്വപ്നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കുമൊത്തുയരാന്‍ പ്രസിഡന്റിനും ഭരണകൂടത്തിനും കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിനെ എങ്ങനെ കാണുന്നു? സംഘടന നടത്താനല്ലാതെ നാടു ഭരിക്കാന്‍ ഇഖ്‌വാന് കഴിയില്ല എന്ന പ്രതിപക്ഷാരോപണത്തിലേക്ക് വഴിവെച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ?
2011-ല്‍ ഹുസ്‌നി മുബാറക്കിനെതിരില്‍ ഈജിപ്ഷ്യന്‍ ജനത നടത്തിയ പ്രക്ഷോഭം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. ഹുസ്‌നി മുബാറക് കാലഘട്ടത്തിലെ ഈജിപ്തിനെ കുറിച്ചറിയാമല്ലോ. ആഴ്ചകള്‍ക്കകം മുബാറക് ഭരണകൂടം നിലംപതിച്ചു. ഭരണക്കടിഞ്ഞാണ്‍ താല്‍ക്കാലികമായി സൈന്യത്തിന്റെ കൈകളിലായി. പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുവരെ രാജ്യകാര്യങ്ങള്‍ നടത്തിക്കൊണ്ടുപോവുകയായിരുന്നു സൈന്യത്തിന്റെ ദൗത്യം. സൈനിക ഭരണകാലത്ത് പ്രക്ഷോഭകരുടെ ആവശ്യങ്ങളില്‍ മുഖ്യമായത്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തുക, നീതിന്യായരംഗം ശുദ്ധീകരിക്കുക, പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ വിചാരണ ചെയ്ത് ശിക്ഷിക്കുക, ഹുസ്‌നി മുബാറകിനെതിരില്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ മനഃപൂര്‍വം വീഴ്ച വരുത്തുകയും തെളിവുകള്‍ മറച്ചുവെക്കുകയും നശിപ്പിക്കുകയും ചെയ്ത പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കുക, കഴിവതും വേഗം സൈനിക ഭരണത്തിന്നറുതി വരുത്തി ഭരണം സ്വതന്ത്രവും നിഷ്പക്ഷവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന പ്രസിഡന്റിന് കൈമാറുക. ദേശീയ-അന്താരാഷ്ട്ര നിരീക്ഷകന്മാര്‍ സസൂക്ഷ്മം നിരീക്ഷിച്ച് സത്യസന്ധമെന്ന് സാക്ഷ്യപ്പെടുത്തിയ തെരഞ്ഞെടുപ്പില്‍ ഡോ. മുഹമ്മദ് മുര്‍സി ഈജിപ്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പ്രക്ഷോഭകരുടെയും ക്ഷുഭിത ജനകോടികളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അദ്ദേഹം ധീരമായ നടപടികള്‍ കൈക്കൊണ്ടു. സൈനിക ഭരണം അവസാനിപ്പിക്കാന്‍ ധീരമായ ചുവടുവെപ്പ് നടത്തി. ഭരണ നിര്‍വഹണാധികാരം പൂര്‍ണമായേറ്റെടുത്തു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റിന്റെ പുനര്‍വിചാരണ ആരംഭിച്ചു. പുതിയ ഭരണഘടനയുടെ കരട് തയാറാക്കാന്‍ സമിതി രൂപവത്കരിച്ചു. പ്രസിഡന്റിന്റെ ഭരണഘടനാപരമായ പ്രത്യേകാധികാരത്തിലൂടെയല്ലാതെ ഇതൊന്നും സാധിക്കുമായിരുന്നില്ല. ഇതിനെതിരില്‍ ശബ്ദമുയര്‍ന്നപ്പോള്‍, പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെയുള്ള താല്‍ക്കാലിക നടപടികളാണിവയെല്ലാമെന്ന് പ്രസിഡന്റ് മുര്‍സി രാഷ്ട്രത്തോടുള്ള പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. ഏതാനും ആഴ്ചകള്‍ കൊണ്ട് തീരുന്നതായിരുന്നു ആ നടപടികള്‍. എന്നിട്ടും ജനരോഷം ശമിപ്പിക്കാന്‍ നടപടികളില്‍ ചിലത് റദ്ദാക്കി. പുതിയ പ്രസിഡന്റിന്റെ ധീരമായ നടപടികളിലും മാറ്റത്തിനു വേണ്ടിയുള്ള ഉറച്ച കാല്‍വെപ്പുകളിലും അസ്വസ്ഥരായി പ്രതിഷേധത്തിന്റെ മുറുമുറുപ്പുകളുമായി രംഗത്ത് വന്നത് ചില ജഡ്ജുമാരും അഭിഭാഷകരുമാണ്. അവര്‍ കുഴപ്പങ്ങള്‍ കുത്തിപ്പൊക്കി. തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അവര്‍ ഉത്തരവിറക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ നിയമസാധുതയെ ചോദ്യം ചെയ്തു. പ്രസിഡന്റിന്റെ ഭരണഘടനാനുസൃതമായ ചരിത്ര പ്രധാനമായ പ്രഖ്യാപനം അവരുടെ പദ്ധതി പൊളിച്ചു. വികസനത്തെ വഴിമുട്ടിക്കാനും പരിഷ്‌കരണ നടപടി സ്തംഭിപ്പിക്കാനും പ്രസിഡന്റിനെ സ്വന്തം പ്രശ്‌നങ്ങളില്‍ കുടുക്കിയിടുന്ന തന്ത്രമാണ് പിന്നീടവര്‍ പയറ്റിനോക്കിയത്. പഴയ ഭരണകൂടത്തിലെ കുഴപ്പക്കാരായ 'വന്‍മര'ങ്ങളെ വേരോടെ പിഴുതെറിയാന്‍ പ്രസിഡന്റ് മുര്‍സി പ്രതിജ്ഞാബദ്ധനാണെന്ന് തിരിച്ചറിഞ്ഞ അവരുടെ അടുത്ത നീക്കം, പ്രസിഡന്റിനെ ഇകഴ്ത്താനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനത്തെ താറടിച്ചു കാണിക്കാനുമായി. മേഖലയിലെ ചില രാജ്യങ്ങളുടെ അധീനതയിലുള്ള മാധ്യമങ്ങളെയും അവര്‍ക്ക് കൂട്ടിനു കിട്ടി. പ്രസിഡന്റിനും ഇഖ്‌വാനുമെതിരില്‍ പൊതുജനാഭിപ്രായം രൂപവത്കരിക്കാനായിരുന്നു ഇതൊക്കെ. ലോകത്ത് നടക്കുന്ന മുഴുവന്‍ കുഴപ്പങ്ങള്‍ക്കും ഉത്തരവാദി ഇഖ്‌വാന്‍ ആണെന്ന് വരെ പറഞ്ഞുവെച്ചു അവര്‍. മൈദാനുത്തഹ്‌രീറില്‍ എന്നെ എത്തിച്ച ടാക്‌സി ഡ്രൈവര്‍ എന്നോട് പറഞ്ഞത്, ഓരോ വെള്ളിയാഴ്ചയും തഹ്‌രീര്‍ സ്‌ക്വയറില്‍ ചെന്ന് പ്രസിഡന്റിനും മുര്‍ശിദുല്‍ ആമിനുമെതിരില്‍ മുദ്രാവാക്യം വിളിച്ചാല്‍ തനിക്ക് 200 പൗണ്ട് കിട്ടുമെന്നാണ്.
പ്രസിഡന്റ് ഈജിപ്തിനെ ഇഖ്‌വാന്‍വത്കരിക്കുന്നു എന്നാണല്ലോ ആരോപണം. ഇത് പ്രചരിപ്പിക്കാന്‍ മീഡിയക്ക് ആയിരം നാവാണ്. അവരത് ഭംഗിയായി ചെയ്തുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്റ് രൂപവത്കരിച്ചതും ഗവര്‍ണര്‍മാരെ നിശ്ചയിച്ചതും പ്രമുഖപത്രങ്ങളില്‍ മുഖ്യ പത്രാധിപന്മാരെ നിയമിച്ചതും ചൂണ്ടിക്കാട്ടിയാണ് ആരോപണം. കള്ളമാണ് ഈ ആരോപണങ്ങളെല്ലാം. ഈ നിയമനങ്ങളിലെല്ലാം ഇഖ്‌വാനികളുടെ സാന്നിധ്യം തുലോം തുഛമാണ്. തന്നോടും തന്റെ വീക്ഷണങ്ങളോടും ഒട്ടിനില്‍ക്കുന്ന ആളുകളെ തന്നോടൊപ്പം കൂട്ടി ഭരണം നടത്തുകയാണ് ലോകത്തുള്ള എല്ലാ പ്രസിഡന്റുമാരും തുടര്‍ന്നുവരുന്ന രീതി. ഏത് ഭരണകക്ഷിയും തങ്ങളുടെ പാര്‍ട്ടികളിലുള്ളവരെയാണ് ഭരണ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുക. നിര്‍ബന്ധിത സാഹചര്യത്തിലേ അവര്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കൂ. എല്ലാ അനുകൂല ഘടകങ്ങള്‍ ഒത്തിണങ്ങിയിട്ടും പ്രസിഡന്റ് മുര്‍സി ചെയ്തതെന്താണ്? ഈ സ്ഥാപനങ്ങളിലൊക്കെ ഇഖ്‌വാന്‍കാരുടെ എണ്ണം കുറക്കാനാണ് അദ്ദേഹം താല്‍പര്യം കാണിച്ചത്. അല്‍ അഹ്‌റാം, അല്‍ അഖ്ബാര്‍, അല്‍ജൂംഹൂരിയ്യ എന്നീ ദിനപത്രങ്ങളുടെ പത്രാധിപരെ മുര്‍സി, ഇഖ്‌വാന്റെ നിര്‍ദേശത്തിനൊത്ത് നിയമിച്ചു എന്നാണല്ലോ വാദം. സത്യങ്ങളും അര്‍ധ സത്യങ്ങളും നിരത്തി പ്രസിഡന്റ് മുര്‍സിയെ നിശിതമായി വിമര്‍ശിക്കുകയാണ് ഈ പത്രങ്ങളെല്ലാം എന്ന് കണ്ട് ഞാന്‍ ഞെട്ടി. മുര്‍സിക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെങ്കില്‍ ഇത് സംഭവിക്കുമോ?
ഇസ്‌ലാമിസ്റ്റുകളുടെ ഭരണം തകര്‍ക്കാനും അതിന്റെ പ്രതിഛായക്ക് മങ്ങലേല്‍പിക്കാനും മുന്‍ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളായ ശക്തികള്‍ സ്വീകരിച്ച രീതി ഭാഗികമായി ഫലം കണ്ടു എന്ന് കരുതണം. അറബ് പൊതുജന ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഈജിപ്ഷ്യന്‍ ഭരണകാര്യങ്ങളാക്കിത്തീര്‍ക്കാനും അവരുടെ ശ്രമങ്ങള്‍ക്ക് ഏറെക്കുറെ കഴിഞ്ഞു. രാജ്യത്തെ നയിക്കാന്‍ നിലവിലെ ഭരണകൂടം അശക്തമാണെന്ന ധാരണ പരത്താനും അവര്‍ക്കായി. ഈജിപ്ത് ഒന്നടങ്കം പ്രസിഡന്റ് മുര്‍സിക്കെതിരാണെന്ന പ്രചാരണത്തിലും ചിലരൊക്കെ വീണു. എന്നാല്‍, യാഥാര്‍ഥ്യം ഇതിനെതിരാണ്. കൂലിക്കെഴുതുകയും പറയുകയും ചെയ്യുന്ന ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ അഴിച്ചുവിടുന്ന വിഷലിപ്തമായ കള്ളപ്രചാര വേലകളെ എള്ളോളം വകവെക്കാതെ പ്രസിഡന്റ് മുര്‍സി വ്യക്തമായ കാഴ്ചപ്പാടോടെയും ദിശാബോധത്തെയും നേരത്തെ തീരുമാനിച്ച പദ്ധതികളും ജനക്ഷേമ പരിപാടികളുമായി മുന്നോട്ടു പോവുക തന്നെയാണ്. രാജ്യത്തെ അധികാര സ്ഥാപനങ്ങളുടെ പുനര്‍നിര്‍മാണവും പുനര്‍ വിന്യാസവും തുടങ്ങിവെച്ച അദ്ദേഹം, വിവിധ സ്രോതസ്സുകളില്‍നിന്ന് പൊതു ബജറ്റിലേക്കുള്ള ധനസമാഹാരണത്തിന് കുറ്റമറ്റ ക്രമീകരണങ്ങള്‍ ചെയ്തു.
ആയിരക്കണക്കില്‍ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. നൂറുകണക്കില്‍ നിര്‍ധനര്‍ക്ക് ഉപകാരപ്പെടുന്ന പാര്‍പ്പിട പദ്ധതി തുടങ്ങി. കള്ളപ്പണം വെളുപ്പിക്കാനുള്ള താവളമാക്കി ഈജിപ്തിനെ മാറ്റിയ അവസ്ഥക്കറുതിവരുത്തി (മുര്‍സിയോട് ചില രാഷ്ട്രങ്ങള്‍ക്കുള്ള ശത്രുതക്ക് ഇതൊരു കാരണമായിട്ടുണ്ട്). വിഭാഗീയ-വംശീയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മണ്ണല്ല ഈജിപ്ത് എന്ന് പ്രഖ്യാപിച്ചു. ഹമാസിന് അര്‍ഹമായ പരിഗണന നല്‍കി. റഫാ ചെക്‌പോസ്റ്റ് തുറന്നുകൊടുത്തു. അറബികള്‍ പറയാന്‍ മടിക്കുന്നത് തെഹ്‌റാനില്‍ ചെന്ന് പ്രഖ്യാപിക്കാന്‍ മുര്‍സിക്ക് സാധിച്ചു. മുര്‍സിക്കെതിരില്‍ പ്രചാരണത്തിന് ചില ഗള്‍ഫ് രാഷ്ട്രങ്ങളാണ് മുന്‍പന്തിയില്‍ എന്നതാണത്ഭുതം. ഗസ്സയെ സാമ്പത്തികമായി പിന്തുണക്കുന്നതില്‍ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു ഈജിപ്ത്. സിറിയന്‍ പോരാളികളെ പിന്തുണക്കാനും മുര്‍സി മടിച്ചു നിന്നില്ല. കയ്‌റോ-തെഹ്‌റാന്‍ വ്യോമ മാര്‍ഗം തുറന്നതോടെ 'ഇസ്‌ലാം അപകടത്തില്‍' എന്ന് വിളിച്ചുകൂവിയവര്‍ യു.എ.ഇയില്‍ നാലു ലക്ഷം ഇറാനികള്‍ അധിവസിക്കുന്നുവെന്നതും കുവൈത്ത്-മശ്ഹദ് ലൈനില്‍ കുവൈത്ത് പുതിയ വിമാന സര്‍വീസ് തുടങ്ങിയെന്നതും മറന്നുകളയുന്നു. മുന്‍ ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളെ വകഞ്ഞുമാറ്റി പുതിയ രാഷ്ട്രം നിര്‍മിച്ചെടുക്കുക എന്ന ശ്രമകരമായ ദൗത്യത്തിലാണ് പ്രസിഡന്റ് മുര്‍സിയും ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ പ്രസ്ഥാനവും ഏര്‍പ്പെട്ടിട്ടുള്ളത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍