Prabodhanm Weekly

Pages

Search

2013 മെയ്‌ 3

ഇ-സേവകരുടെ കാലത്തെ തെരഞ്ഞെടുപ്പ്

മാറ്റൊലി / ഇഹ്സാന്‍

സോഷ്യല്‍ മീഡിയ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ണായക മാറ്റം വരുത്തുമെന്ന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പറയാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ ഇത് എത്രത്തോളം വാസ്തവമാണ്? കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ അംഗത്വമുണ്ടായിരുന്നവരുടെ ഇരട്ടിയിലേറെ ഇപ്പോള്‍ ഇത്തരം കൂട്ടായ്മകളുടെ ഭാഗമായിട്ടുണ്ടെന്ന ഒരു പഠനം ഈയിടെ പുറത്തുവന്നിരുന്നു. 2004-ലെ പൊതു തെരഞ്ഞെടുപ്പില്‍ നിന്നും 2009-ലേക്കെത്തിയപ്പോള്‍ ഇന്ത്യയിലെ വോട്ടര്‍മാരുടെ എണ്ണം 67 കോടിയില്‍ നിന്ന് 72 കോടിയായാണ് വര്‍ധിച്ചത്. ഇത്തവണ അത് 80 കോടി കവിയുമെന്നാണ് കണക്കുകള്‍. നിലവില്‍ ഇന്ത്യയില്‍ എട്ട് കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുമുണ്ട്. അതായത് ഓരോ നൂറ് വോട്ടര്‍മാരിലും 10 പേര്‍ വീതം സോഷ്യല്‍ മീഡിയയുമായി ബന്ധമുള്ളവരാണ് എന്നര്‍ഥം. ഇവരാവും ഇക്കുറി വിധിയെഴുത്തിന്റെ ചാലക ശക്തികളാവുകയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ തവണ വിജയിച്ച സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ ഫേസ്ബുക്ക് ഉപഭോക്താക്കളുള്ള മണ്ഡലങ്ങള്‍, താരതമ്യേന കൂടിയ ഉപഭോക്താക്കളുള്ള മണ്ഡലങ്ങള്‍, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ കുറഞ്ഞ സാന്നിധ്യമുള്ളവ, ഒട്ടും ഇല്ലാത്തവ എന്നിങ്ങനെ നാലായി ഇന്ത്യന്‍ ലോക്‌സഭാ മണ്ഡലങ്ങളെ തരംതിരിക്കുന്ന പഠനമായിരുന്നു ഇത്. ഈയടിസ്ഥാനത്തിലാണ് സംഘടനകള്‍ തന്ത്രം മെനയുന്നതും മനക്കോട്ട കെട്ടുന്നതും.
ടെലികമ്യൂണിക്കേഷന്‍ മേഖലയുമായി ബന്ധമുള്ള യുവാക്കള്‍ക്കു വേണ്ടി സംഘ്പരിവാര്‍ 2001 മുതല്‍ ഐ.ടി മിലന്‍ എന്ന പേരില്‍ പ്രത്യേക വാരാന്ത്യ ശാഖായോഗം തന്നെ നടത്തുന്നുണ്ട്. ആര്‍.എസ്.എസ്സിനു താല്‍പര്യമുള്ള വിഷയങ്ങളിലെ അഖിലേന്ത്യാ തല ചര്‍ച്ചകള്‍ക്ക് ഇന്റര്‍നെറ്റില്‍ ചുക്കാന്‍ പിടിക്കുന്നത് ഐ.ടി മിലനിലെ അംഗങ്ങളാണ്. ബംഗളുരു, ദല്‍ഹി, ഹൈദരാബാദ്, അഹ്മദാബാദ്, ഗുഡ്ഗാംവ് മുതലായ പ്രധാന നഗരങ്ങളിലെല്ലാം ആര്‍.എസ്.എസ്സിന്റെ ഇ-സേവകന്‍മാര്‍ സജീവമായി ഇന്റര്‍നെറ്റിലുണ്ട്. രാജ്യത്തെ 150 മണ്ഡലങ്ങളില്‍ വിധി നിര്‍ണയിക്കുക ഫേസ്ബുക്ക് ആയിരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഏറ്റവുമൊടുവില്‍ രംഗത്തിറങ്ങിയിരിക്കുന്നു. ആര്‍.എസ്.എസ്സിന്റെ ശാഖകള്‍ വാരാന്ത്യത്തിലാണെങ്കില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നിത്യേനയാണ് ഇ-കോണ്‍ഗ്രസുകാര്‍ യോഗം ചേരാനൊരുങ്ങുന്നത്. നഗരകേന്ദ്രീകൃതമായ വോട്ടര്‍മാരെ, അതിലുപരി ഇന്റര്‍നെറ്റ് ഉപഭോക്താക്കളായ വോട്ടര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് ഇവര്‍ പുതിയൊരു പ്രചാരണഘട്ടത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുകയാണ്.
എത്രത്തോളമാണ് ഈ കണക്കുകള്‍ നമ്മെ ബാധിക്കാന്‍ പോകുന്നത്? 25 വയസില്‍ താഴെയുള്ള വോട്ടര്‍മാര്‍ ഏറ്റവുമധികം ബൂത്തുകളിലെത്തുന്നത് ഇത്തവണയാണ് എന്നതില്‍ ഒരു തര്‍ക്കവുമില്ല. യുവാക്കളുടെ എണ്ണത്തിലുണ്ടായ ഈ വര്‍ധനവ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ ഇന്ത്യയുടെ രാഷ്ട്രീയ പ്രക്രിയയില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭരണകൂടങ്ങളോടുള്ള അസംതൃപ്തി പ്രകടിപ്പിക്കാന്‍ യുവാക്കളാണ് എല്ലായ്‌പ്പോഴും തെരുവിലിറങ്ങി ബഹളം വെച്ചത്. അണ്ണാ ഹസാരെ സംഘത്തോടൊപ്പവും ദല്‍ഹിയിലെ ബലാത്സംഗ വിരുദ്ധ പ്രക്ഷോഭങ്ങളിലും ഭരണയന്ത്രത്തെ പിടിച്ചു കുലുക്കാന്‍ യുവജനങ്ങള്‍ മുമ്പിലുണ്ടായിരുന്നു. പക്ഷേ പൊതുതെരഞ്ഞെടുപ്പില്‍ ഇവരുടെ പങ്ക് എന്തായിരിക്കും? ഡോ. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായ കാലത്ത് ഇന്ത്യക്ക് സംഭവിച്ച രണ്ട് സുപ്രധാന നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ കൂടി വേണം ഈ യുവ സമൂഹത്തിന്റെ നിലപാടുകളെ വിലയിരുത്താന്‍. രാജ്യത്ത് അതിദ്രുതം പെരുകിയ നഗരവല്‍ക്കരണവും വിവര സാങ്കേതികവിദ്യയുടെ വികാസവുമാണിത്. നഗരവല്‍ക്കരണം ഇന്ത്യന്‍ യുവാക്കളെ വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷിതത്വവും കൂടുതല്‍ അവസരസമത്വവുമൊക്കെ അവരുടെ സജീവ വിഷയങ്ങളായി മാറുന്നുമുണ്ട്. ഈ നഗരജീവികളുടെ നിരാശയും വ്യാമോഹങ്ങളും തലതിരിഞ്ഞ വികസന സങ്കല്‍പ്പങ്ങളുമാണ് ഇന്ത്യന്‍ ഫേസ്ബുക്കിന്റെ അടിത്തറയായി മാറിക്കൊണ്ടിരിക്കുന്നത്. സ്രകിയമായ ഒരു ഇടപെടലും ഈ മേഖലയില്‍ മറ്റുള്ളവര്‍ നടത്തുന്നില്ല.
ഇന്ത്യയിലെ 545 ലോക്‌സഭാ മണ്ഡലങ്ങളില്‍ 150 എണ്ണത്തിലാണ് കഴിഞ്ഞ തവണത്തെ വിധി നിര്‍ണയിച്ച ഭൂരിപക്ഷത്തേക്കാളും കൂടുതല്‍ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുള്ളത്. കോണ്‍്രഗസിന്റെ 75 മണ്ഡലങ്ങളും ബി.ജെ.പിയുടെ 44 മണ്ഡലങ്ങളും 'ഹൈ റിസ്‌ക്' മണ്ഡലങ്ങളുടെ പട്ടികയിലാണുള്ളത്. മറുഭാഗത്ത് 256 എണ്ണത്തില്‍ ഇന്റര്‍നെറ്റിന് ഒരു സ്വാധീനവുമില്ലെന്നാണ് ഇതേ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചതും കോണ്‍്രഗസ് തന്നെയാണ്. അതേസമയം, രാജ്യത്തെ ദാരിദ്ര്യം 1981-ലെ 22 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും നഗരകേന്ദ്രീകൃത ദരിദ്രര്‍ എന്ന പുതിയൊരു കൂട്ടര്‍ ഇന്ത്യയില്‍ എണ്ണം പെരുക്കുന്നുണ്ടെന്നുമുള്ള കണക്കുകളും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. നഗരങ്ങള്‍ക്കു പുറത്തുള്ള 'പിന്നാക്ക, സംവരണ' മണ്ഡലങ്ങള്‍ തന്നെ പകുതിയോളമുണ്ടെന്നര്‍ഥം. ഇവരുടെ ദാരിദ്ര്യവും നിരക്ഷരതയും നമ്മുടെ തെരഞ്ഞെടുപ്പുകളെ എങ്ങനെ ബാധിക്കുന്നു എന്നത് ആരും കണക്കിലെടുക്കുന്നില്ല. മോഡി കൊണ്ടുവരുന്ന വര്‍ഗീയ ധ്രുവീകരണവും നഗരജീവികളുടെ ഫേസ്ബുക്ക് വ്യാമോഹങ്ങളും കൂടിയാല്‍ ദല്‍ഹി പിടിക്കാമെന്നാണ് ബി.ജെ.പിയുടെ വ്യാമോഹം. പ്രമോദ് മഹാജന്റെ കാലത്ത് ടെലിവിഷന്‍ എന്ന മാധ്യമത്തെ വാഹനമാക്കി ജനാഭിലാഷങ്ങളെ ഓവര്‍ടേക്കു ചെയ്യാന്‍ മെനക്കെട്ട പഴയ 'ഇന്ത്യാ ഷൈനിംഗ്' അനുഭവം അവര്‍ മറന്നുവെന്നാണ് തോന്നുന്നത്. വികസനത്തെയും ഭരണെനെപുണ്യത്തെയും പ്രധാനമന്ത്രിയുടെ വ്യക്തിത്വത്തെയും സംബന്ധിച്ച ഫേസ്ബുക്ക് ഉപഭോക്താക്കളുടെ തര്‍ക്കങ്ങളില്‍ കക്ഷി ചേരാനാവാത്ത പകുതിയോളം മണ്ഡലങ്ങളിലെ ദരി്രദനാരായണന്മാര്‍ ആണ് വോട്ടെടുപ്പില്‍ വിധി നിര്‍ണയിക്കുക എന്ന് ഫേസ്ബുക്കുകാര്‍ ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. സുഡാനിലെ പട്ടിണിയും അറേബ്യയിലെ ശൈഖുമാരുടെ ധൂര്‍ത്തുമൊക്കെ പേസ്റ്റിയും കമന്റടിച്ചും സമയം പാഴാക്കുകയാണ് ഫേസ്ബുക്കിന്റെ മുഖ്യ ഉപഭോക്താക്കളായ എന്‍.ആര്‍.ഐ ഇന്ത്യക്കാര്‍ പോലും....

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ കഹ്ഫ് 46-49
ഖുര്‍ആന്‍ ബോധനം / എ.വൈ.ആര്‍