Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

വേണം ഒരു പ്രായോഗിക പ്രവാസി പുനരധിവാസ നയം

പ്രതികരണം / ഡോ. നസീര്‍ അയിരൂര്‍

സുഊദി അറേബ്യക്ക് പുറമെ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളും സ്വദേശിവത്കരണത്തിന്റെ ത്വരിത പാതയിലാണ്. ഈ സാഹചര്യത്തില്‍ ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഗോളസാമ്പത്തിക മാന്ദ്യം ഇതിന് കാരണമായി വര്‍ത്തിച്ചെങ്കിലും മാറിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഈ കുത്തൊഴുക്കിന് ഹേതുവായതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതാണ് സുഊദി അറേബ്യയിലെ 'നിതാഖാത്ത്' നടപടിയിലൂടെ കേരളത്തിന് അനുഭവവേദ്യമായത്. പ്രതിവര്‍ഷം 50,000 കോടിയിലധികം രൂപ ഗള്‍ഫ് മലയാളികളുടെ സമ്പാദ്യമായി കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസങ്ങളില്‍ സുഊദിയില്‍ നടപ്പിലാക്കിയ 'നിതാഖാത്ത്' നടപടികള്‍ കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍ നിറം പിടിപ്പിച്ചും അല്ലാതെയും നാം കണ്ടതാണ്. ഇത് സൂചിപ്പിക്കുന്നത് ഗള്‍ഫ് മേഖലകളിലെ ഏത് ചലനങ്ങളും അത് സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക മേഖലകളിലായാല്‍ പോലും കേരളത്തിന്റെ സാമ്പത്തിക മേഖലകളില്‍ ഇളക്കങ്ങള്‍ സൃഷ്ടിക്കുന്നുവെന്നാണ്. കാരണം, അത്രമേല്‍ ഗള്‍ഫ് മേഖലകളുടെ വരുമാന സ്രോതസ്സുകളെ കേരളം ആശ്രയിക്കുന്നുവെന്ന് സാരം. ഇതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ വിദേശ നിക്ഷേപത്തില്‍ കേവലം മൂന്ന് മാസത്തിനിടെ 462 കോടിയുടെ കുറവ് വരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മനസ്സിലാകും. കാര്യങ്ങള്‍ പകല്‍വെളിച്ചം പോലെ യാഥാര്‍ഥ്യമായിരിക്കെ ഇത്തരം സത്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയും അപക്വമായ പ്രതികരണങ്ങളുമായി രംഗത്ത് വരികയും മുന്‍ അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാറിന്റെ പ്രവാസി നയം ഏറെ അത്ഭുതപ്പെടുത്തുന്നതാണ്.
വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇന്ത്യന്‍ എംബസി കാര്യാലയങ്ങളില്‍ ഇന്ത്യന്‍ പ്രവാസികളെ കുറിച്ച വിവരങ്ങളുള്ള ഒരു 'ഡാറ്റ ബേസ്' പോലും ഇതുവരെയില്ല. അടിയന്തര സന്ദര്‍ഭങ്ങളില്‍ ഏറ്റവും ഉപകാരപ്പെടുന്ന ഇത്തരം സംവിധാനങ്ങളെ കുറിച്ച ചര്‍ച്ച തുടങ്ങിയിട്ടേയുള്ളൂ. കടല്‍ക്കടന്നെത്തി കുടുംബത്തെയും ഒപ്പം രാജ്യത്തെയും വളര്‍ത്തിയെടുത്ത അനൗദ്യോഗിക കള്‍ച്ചറല്‍ അംബാസഡര്‍മാരായ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ഏതുതരത്തിലുള്ള സ്വീകരണമായിരിക്കും ലഭിക്കുക എന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായി. മറ്റൊരര്‍ഥത്തില്‍ സര്‍ക്കാറുകളുടെ അജണ്ടയില്‍ പ്രവാസി പുനരധിവാസം എന്ന ഒരിനം ഇതുവരെ ഇടം കണ്ടിട്ടില്ല. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ഓരോ വര്‍ഷവും നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ തോത് ശതമാനക്കണക്കില്‍ പ്രഖ്യാപിക്കുമ്പോള്‍ സര്‍ക്കാറുകളും അനുബന്ധ ഏജന്‍സികളും ഇതൊന്നും ശ്രദ്ധിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്യുന്നില്ല. അതതുരാജ്യങ്ങളുടെ ആഭ്യന്തര നയങ്ങളില്‍ ഇടപെടുവാനോ തിരുത്താനോ മറ്റൊരു രാജ്യത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും ഈ നയങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി പുനരധിവാസ പ്രക്രിയകള്‍ക്കും പുതിയ തൊഴില്‍ മേഖലകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും നേരത്തെ തന്നെ നമുക്ക് തുടക്കം കുറിക്കാമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഇപ്പോഴുള്ള ഈ തത്രപ്പാട് ഒഴിവാക്കാമായിരുന്നു. ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അഹ്‌ലുവാലിയയെയും കണ്ടുനടത്തിയ ചര്‍ച്ചയില്‍ പുനരധിവാസത്തിന് പ്രത്യേക സഹായം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മടങ്ങുന്നവര്‍ക്ക് 10 ലക്ഷം രൂപവരെ പലിശ രഹിത വായ്പ നല്‍കി തൊഴില്‍ സംരംഭങ്ങളില്‍ സഹായിക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. എന്നാല്‍, വൈകിയ വേളയില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തുന്നവരുടെ കണക്കെടുക്കാന്‍ നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയതായ വാര്‍ത്ത ഏറെ ശ്രദ്ധേയാണ്. തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതി തയാറാക്കുന്നതിനാണ് നോര്‍ക്കയുടെ ഈ സംവിധാനം എന്നാണ് അവകാശപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ എത്രത്തോളം ലക്ഷ്യം കാണുമെന്ന് കണ്ടറിയണം. സുഊദിയില്‍ നിന്ന് മടങ്ങി വരുന്നവര്‍ നിതാഖാത്ത് കാരണം വന്നവരാണ് എന്ന് തിരിച്ചറിയാന്‍ ഒരു സംവിധാനവും നിലവിലില്ല എന്നതാണ് യാഥാര്‍ഥ്യം.
ദീര്‍ഘ വീക്ഷണത്തോടെയുള്ള പുനരധിവാസ നയമാണ് പ്രവാസി വിഷയത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത്. ഇത്തരം നയങ്ങളുടെ ആസൂത്രണവും ആവിഷ്‌കാരവും തീര്‍ത്തും സുതാര്യവും സത്വരവുമായിരിക്കണം. തൊഴില്‍ നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ക്കായി പുതിയ തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി തൊഴില്‍ വിന്യാസം നടത്താന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനമൊരുക്കേണ്ടിയിരിക്കുന്നു. വൈവിധ്യമാര്‍ന്ന തൊഴില്‍ മേഖലകളില്‍ നിന്നും സാങ്കേതിക വിദ്യയില്‍ നിന്നും പ്രവാസികള്‍ നേടിയെടുത്ത 'പ്രഫഷനലിസം' കേരളത്തിന്റെ സമഗ്രമായ പുരോഗതിയുടെയും വളര്‍ച്ചയുടെയും മേഖലകളിലേക്ക് ക്രിയാത്മകമായി തിരിച്ചുവിടുകയും സന്നിവേശിപ്പിക്കുകയും ചെയ്യുന്നിടത്താണ് സര്‍ക്കാറുകള്‍ വിജയിക്കുന്നത്. പ്രവാസത്തിന്റെ ഇത്തരം ശക്തി സ്രോതസ്സുകളെ വിശകലനം ചെയ്യാനും അപഗ്രഥനം ചെയ്യാനും സര്‍ക്കാര്‍ ഏജന്‍സികള്‍ തയ്യാറാകേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍