Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

ഹജ്ജിന്റെ വ്യാപാരവത്കരണം / വിനകളും വ്യഥകളും

എ.ആര്‍ അഹ്മദ് ഹസന്‍, മയ്യഴി / ലേഖനം

ജ്ജ് എന്ന വിശുദ്ധ പുണ്യകര്‍മത്തെ അന്യര്‍ ഏറെ തെറ്റിദ്ധരിക്കാനിടയാകുംവിധം ഹജ്ജ് സംബന്ധമായി വരുന്ന വാര്‍ത്തകളും വിവാദങ്ങളും ഏതൊരു സത്യവിശ്വാസിയെയും വളരെ വേദനിപ്പിക്കുന്നതാണ്. സത്യവിശ്വാസിയെ സ്ഫുടം ചെയ്‌തെടുക്കേണ്ട ഉലയാണ് ഹജ്ജ്. ഈ ഉലക്ക് നല്ല താപം വേണം. ആകയാലാണ് ആരോഗ്യവും സാമ്പത്തിക സുസ്ഥിതിയും വഴി സൗകര്യങ്ങള്‍ ഒത്തുവന്നാലേ ഹജ്ജ് നിര്‍ബന്ധമാവുകയുള്ളൂവെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പണ്ടേ പറഞ്ഞുവെച്ചത്. ഉലയെ നിഷ്പ്രയോജനമാക്കുംവിധം ശീതീകരിക്കാനും 'ഫൈവ്സ്റ്റാര്‍ സ്റ്റൈലി'ലേക്ക് മാറ്റാനും ഹജ്ജിനെ കമ്പോളവത്കരിക്കുന്ന ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്. കച്ചവട ലാഭം ലാക്കാക്കി ഹജ്ജിന്റെ ആത്മാവിനോട് നീതിപുലര്‍ത്താതെ രോഗികള്‍, അവശര്‍, തനിച്ച് യാത്ര ചെയ്യാന്‍ അനുവാദമില്ലാത്ത സ്ത്രീകള്‍ ഉള്‍പ്പെടെ പലരെയും മോഹന വാഗ്ദാനം നല്‍കിയും പ്രലോഭനീയ പരസ്യങ്ങള്‍ വഴിയും കമീഷന്‍ നല്‍കി ഏജന്റുമാരെ നിശ്ചയിച്ചും മക്കയിലേക്ക് കൊണ്ടുപോവുകയാണ്. ഇവരില്‍ പലര്‍ക്കും പൂര്‍ണമായി, പുണ്യകരമായ രീതിയില്‍ ഹജ്ജ്കര്‍മം അനുഷ്ഠിക്കാന്‍ സാധിക്കാറില്ല. പലരും തങ്ങള്‍ക്ക് പിണഞ്ഞ അക്കിടിയും കഷ്ടനഷ്ടങ്ങളും തിരിച്ചറിയാത്തവരാണ്. തങ്ങളനുഭവിച്ചതൊക്കെ തന്നെയാണ് ഹജ്ജ് എന്ന് മൂഢമായി കരുതി സമാധാനം കൊള്ളുന്നു ചിലര്‍. വേറെ ചിലര്‍ നാണക്കേടും മറ്റും വിചാരിച്ച് അധികം പുറത്ത് പറയുന്നില്ല. കുറെയധികം ആളുകള്‍ ട്രാവല്‍ ഏജന്‍സികളുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങള്‍ പരസ്യമായി പറയുന്നുമുണ്ട്.
സ്വകാര്യ ട്രാവല്‍ ഏജന്‍സികളുടെ ഏജന്റുമാരായും പിന്നെ അമീറു(?)മാരായും പ്രത്യക്ഷപ്പെടുന്ന പുരോഹിത വേഷധാരികള്‍ ഹാജിമാരെ സമര്‍ഥമായി വിരട്ടി ഒതുക്കുന്നതില്‍ ബഹുമിടുക്കന്മാരാണ്. ഹജ്ജ് ഖാഫിലയെയോ അമീറിനെയോ ദുഷിച്ചുപറഞ്ഞാല്‍ ഗുരുതര തിരിച്ചടികള്‍ വരുമെന്നും മറ്റും പറഞ്ഞ് വിശ്വസിപ്പിച്ചതിനാല്‍, ദുരനുഭവങ്ങളും അക്കിടിയും പറഞ്ഞ് 'മുസ്വീബത്ത്' ക്ഷണിച്ച് വരുത്തേണ്ടെന്ന് കരുതുന്നവരാണ് പല ശുദ്ധാത്മാക്കളും. ട്രാവല്‍ ഏജന്‍സികളില്‍ പലതും കൃത്യമായി മാര്‍ഗദര്‍ശനം നല്‍കാറില്ലെന്ന് മാത്രമല്ല തങ്ങളുടെ കള്ളക്കളി മറച്ചുവെക്കാന്‍ ചില 'സ്‌പെഷ്യ'ലുകള്‍ കൂട്ടിച്ചേര്‍ത്തു ആശയക്കുഴപ്പവും സങ്കീര്‍ണതകളും വര്‍ധിപ്പിക്കുകയും ചെയ്യും. ഒരിക്കല്‍ ഒരു ഗ്രൂപ്പിന്റെ 'അമീര്‍' തന്റെ പ്രാഗത്ഭ്യവും പാണ്ഡിത്യവും സ്‌പെഷ്യാലിറ്റിയും തെര്യപ്പെടുത്താനായി സഫയില്‍ നിന്ന് മര്‍വയിലേക്കും അവിടന്ന് തിരിച്ച് സഫയിലേക്കും വന്നാലേ സഅ്‌യ് ഒരു എണ്ണം തികയൂ എന്ന് തട്ടിവിടുകയും അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ക്ക് കുറെ പ്രാര്‍ഥിക്കാനാവുമെന്ന് ന്യായം ചമക്കുകയും ചെയ്തു. മറ്റൊരു അസിസ്റ്റന്റ് അമീര്‍ (?) 'സഫ'ക്ക് പകരം 'മര്‍വ'യില്‍ നിന്നാരംഭിച്ചാലും സഅ്‌യിന് കുഴപ്പമില്ലെന്ന് പഠിപ്പിച്ചു കൊടുത്തു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പോലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് പറ്റിയ പുരോഹിത വേഷധാരികളാണ് പലരും. ഒപ്പം പോകുന്ന പണ്ഡിതന്‍ ട്രാവല്‍ ഏജന്‍സികള്‍ നടത്തുന്ന ചൂഷണത്തെ എതിര്‍ത്താല്‍ അയാള്‍ക്ക് പിന്നെ ചാന്‍സ് കിട്ടില്ലത്രെ.
ഹജ്ജിന്റെ ഭാഗമായ മൃഗബലി മക്കയിലെത്തിയ ഉടനെ ആദായകരമായി നടത്തി ഗ്രൂപ്പിന്റെ ഭക്ഷണച്ചെലവ് ചുരുക്കി ലാഭം വര്‍ധിപ്പിക്കുന്ന പതിവും വ്യാപകമാണ്. അറവ് ഏറ്റെടുത്ത് അതു നടത്താതെ ഹാജിമാരുടെ കാശ് കൊള്ളയടിക്കുകയും ഹജ്ജ് അപൂര്‍ണമാക്കുകയും ചെയ്യുന്ന സംഭവങ്ങളും പറഞ്ഞു കേള്‍ക്കാറുള്ളതാണ്.
ഹജ്ജിന്റെ ഭാഗമായ ചില കര്‍മങ്ങളില്‍ വരുത്തുന്ന വീഴ്ചയും അപൂര്‍ണതയും തട്ടിപ്പും മറച്ചുവെക്കാന്‍ ബദ്ര്‍ സിയാറത്ത് പോലുള്ള സ്‌പെഷ്യല്‍ ഐറ്റം നടപ്പാക്കാനും ഇതിന്റെ മറവില്‍ എക്‌സ്ട്രാ കാശ് വാങ്ങാനും ചിലര്‍ 'ഭക്തിപൂര്‍വം' ശ്രമിക്കാറുണ്ട്. മദീനയില്‍ താരതമ്യേന വാടക കുറവായതിനാല്‍ മദീനയുടെ പോരിശ കുറെക്കൂടി പൊലിപ്പിച്ച് പറഞ്ഞ് കൂടുതല്‍ ദിവസം അവിടെ തങ്ങി 'സംഗതി' ലാഭകരമാക്കുന്ന വേലയും, ദുല്‍ഖഅ്ദ് മാസത്തില്‍ ഉംറ ചെയ്തു മദീനയിലേക്ക് പോയി പിന്നെ അറവില്‍നിന്ന് രക്ഷപ്പെടുത്താനായി 'ഇഫ്‌റാദി'ന്റെ നിയ്യത്തോടെ ഹജ്ജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞ്, മദീനയില്‍നിന്ന് നേരെ മിനായിലേക്കും പിന്നെ ദുല്‍ഹജ്ജ് പന്ത്രണ്ടിന് വളരെ തത്രപ്പെട്ട് എല്ലാം 'ഒരുവിധം' ഒപ്പിച്ച് നേരെ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുപോയി സലാമത്താക്കുന്ന തന്ത്രങ്ങളും പലരെയും വല്ലാതെ അസ്വസ്ഥപ്പെടുത്താറുണ്ട്. 'മഹ്‌റ'മില്ലാതെ യുവതികളായ സ്ത്രീകളെ ഹജ്ജിനും ഉംറക്കും കൊണ്ടുപോകാന്‍ എക്‌സ്ട്രാ ചാര്‍ജ് നല്‍കിയാല്‍ സാധിക്കുന്നുണ്ടെന്ന അനുഭവങ്ങളും ചിലപ്പോഴൊക്കെ ഉണ്ട്. കാശ് കൂടുതല്‍ സമ്പാദിക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് പല ട്രാവല്‍ ഏജന്‍സികളും. വിസ കച്ചവടം, വ്യാജ റിക്രൂട്ടിംഗ്, കള്ളക്കടത്ത് ഉള്‍പ്പെടെ പലതും ഇവരില്‍ ചിലരെ പറ്റിയെങ്കിലും പരാതികളായുണ്ട്. ഇവര്‍ക്ക് വേറെയും പലവിധ വ്യാപാരങ്ങളുമുണ്ടാവാം. ഉന്നതങ്ങളില്‍ നല്ല പിടിപാടുമുണ്ട്.
സുഊദി അറേബ്യയിലെ മുനിസിപ്പാലിറ്റിയുടെയും ആരോഗ്യവകുപ്പിന്റെയും ചട്ടമനുസരിച്ച് കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ (പാക്കറ്റുകളിലായി വരുന്ന മാംസം ഉള്‍പ്പെടെ) വില്‍ക്കാന്‍ പാടില്ല. ഇത് നശിപ്പിക്കുകയാണ് വേണ്ടത്. എന്നാല്‍, സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും മൊത്തക്കച്ചവടക്കാരില്‍ നിന്നും തുഛവിലയ്ക്ക് ഇത് വാങ്ങി നല്ലതുമായി കൂട്ടിക്കലര്‍ത്തി ചില ട്രാവല്‍ ഏജന്‍സികള്‍ ഭക്ഷണം ഒപ്പിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
സമുദായത്തിലെ നേതാക്കളും പണ്ഡിതരും, ഗതികേട് കൊണ്ട് ട്രാവല്‍ ഏജന്‍സി വഴി ഹജ്ജിന് പോകാന്‍ നിര്‍ബന്ധിതരാകുന്ന സഹോദരങ്ങളും ജാഗ്രത പുലര്‍ത്തി ആവുംവിധം ഇത്തരം ദുഷ്പ്രവണതകളെ തിരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍