Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

സോളിഡാരിറ്റിയെക്കുറിച്ച സി.പി.എം ചിന്ത

അബൂഫിദല്‍ / കവര്‍സ്റോറി

സോളിഡാരിറ്റിയുടെ കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക വിശകലനത്തിനും വിചാരണക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ മാര്‍ച്ച് 17-ന് തൃശൂരില്‍ 'സോളിഡാരിറ്റി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കപ്പെടുന്നു' എന്ന പരിപാടി സംഘടിപ്പിച്ചത്. കേരളീയ പൊതുമണ്ഡലത്തില്‍ പല അര്‍ഥത്തില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ശ്രദ്ധേയരായ ആളുകളുടെ വേദിയായിരുന്നു അത്. വിവിധ രംഗങ്ങളിലെ സോളിഡാരിറ്റിയുടെ ഇടപെടലുകളെ പരസ്യമായ നിരൂപണത്തിനും വിലയിരുത്തലിനും വിമര്‍ശത്തിനും വിധേയമാക്കിയ പകല്‍. സോളിഡാരിറ്റിയെക്കുറിച്ച് കേരളീയ പൊതുമണ്ഡലത്തിന് പറയാനുള്ളത് തുറന്നു പറയാനുള്ള വേദി സോളിഡാരിറ്റി തന്നെ ഒരുക്കുകയായിരുന്നു. ഒരു പക്ഷേ, നമ്മുടെ നാട്ടിലെ സംഘടനകളുടെ ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന കാര്യം.
വിശാലമായ ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന പലരും വേദിയിലുണ്ടായിരുന്നു. സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയും ഇപ്പോഴും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആത്മീയ നേതാവ് എന്നറയിപ്പെടുകയും ചെയ്യുന്ന ഡോ. എം.പി പരമേശ്വരനും അവിടെയുണ്ടായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ സംഘടനാ സംവിധാനത്തിലുള്ള ആരുമുണ്ടായിരുന്നില്ല. ഡി.വൈ.എഫ്.ഐ നേതാവ് ടി.വി രാജേഷ് എം.എല്‍.എ, എ.ഐ.വൈ.എഫ് നേതാവ് അഡ്വ. കെ. രാജന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് ഏറ്റെങ്കിലും എത്തിച്ചേര്‍ന്നതുമില്ല (അവസാന നിമിഷം ഒഴികഴിവുകള്‍ പറയുകയല്ലാതെ പങ്കെടുക്കുകയില്ല എന്ന് കൃത്യമായി പറയാനുള്ള രാഷ്ട്രീയ സത്യസന്ധത ഇവരാരും കാണിച്ചതുമില്ല). തങ്ങളല്ലാത്തവരുമായും തങ്ങള്‍ക്ക് പരിചയമില്ലാത്ത ആശയധാരകളുമായും സംസാരിക്കുന്നതിലും സംവദിക്കുന്നതിലും മുഖ്യധാരാ ഇടതുപക്ഷത്തിന് പൊതുവായുള്ള ദൗര്‍ബല്യത്തിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളിലൊന്നാണിത്. ലളിതമായി പറഞ്ഞാല്‍, അകത്തുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ക്കു നേരെ അച്ചടക്കത്തിന്റെ വാള്‍, പുറത്തുള്ള വ്യത്യസ്ത ശബ്ദങ്ങള്‍ക്കു നേരെ വടിവാള്‍ എന്നതു മാത്രമാണ് അവര്‍ക്കറിയാവുന്ന രീതി. ഇടതുപക്ഷത്തെ മുഖ്യ പാര്‍ട്ടിയായ സി.പി.എം ആണ് ഈ നയം വ്യവസ്ഥാപിതമാക്കുന്നതില്‍ ഏറെ വിജയിച്ചത്. ഇതാകട്ടെ, സ്റ്റാലിന്‍ മുതലുള്ള ആചാര്യന്മാര്‍ പഠിപ്പിച്ച കാര്യമാകയാല്‍ അത്രയെളുപ്പം ഒഴിവാക്കിയെടുക്കാനും കഴിയുന്നില്ല. വികസിതമാവുന്ന ജനാധിപത്യ അന്തരീക്ഷത്തില്‍ ഈ പഴയ രീതികള്‍ അവലംബിക്കുന്നതിലെ പ്രതിസന്ധിയാണ്, സംഘടനാപരമായും ആശയപരമായും സി.പി.എം ഇന്നനുഭവിക്കുന്നത്. സി.പി.എമ്മിന് പുറത്തും ചിന്തിക്കുന്ന മനുഷ്യരുണ്ടെന്നും ദേശാഭിമാനിയല്ലാത്ത പത്രങ്ങളും ഇവിടെ മനുഷ്യര്‍ വായിക്കാറുണ്ടെന്നുമൊക്കെ അംഗീകരിച്ചു കൊടുക്കാന്‍ എന്തോ മടിയുള്ളത് പോലെയാണവര്‍ക്ക്.
സോളിഡാരിറ്റിയെ സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുന്ന ഒരു വേദിയില്‍ വരാതിരിക്കുന്നതിന് സി.പി.എമ്മിന്/ഡി.വൈ.എഫ്.ഐക്ക് ന്യായങ്ങളുണ്ടാവാം. തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പീരങ്കിക്ക് മുന്നിലെ വെറുമൊരു മൂട്ടയെന്നതായിരിക്കും അവര്‍ക്ക് സോളിഡാരിറ്റിയെക്കുറിച്ച വിചാരം. അങ്ങനെയിരിക്കെ, വെറുതെ അവരെ ആളാക്കാനുള്ള ഏര്‍പ്പാടിനൊന്നും പോവേണ്ടതില്ല എന്നും വിചാരിച്ചു കാണും. സംഘടനാപരമായ ഒരു അഹങ്കാരത്തിന്റെ ഭാഗമായി നമുക്കിതിനെ കാണാം. പക്ഷേ, കേരളത്തിന്റെ സാമൂഹിക ജീവിതത്തിലും പൊതുമണ്ഡലത്തിലും നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയ ഒരു സംഘം പത്തുവര്‍ഷം തികക്കുമ്പോള്‍ അതില്‍ സി.പി.എമ്മിനെപ്പോലെ ഒരു പ്രസ്ഥാനത്തിന് അഭിപ്രായങ്ങള്‍ ഉണ്ടാവേണ്ടതല്ലേ? പ്രത്യേകിച്ച്, ഇടതുപക്ഷം കൈയടക്കി വെച്ച പൊതുമണ്ഡലത്തിലാണ് സോളിഡാരിറ്റി ഇടപെടുകയും അതിന്റെ മുദ്ര പതിപ്പിക്കുകയും ചെയ്തത് എന്നിരിക്കെ. സി.പി.എമ്മിന്റെ പോലും അജണ്ടകളെ സ്വാധീനിക്കുന്നതിലും നിര്‍ണയിക്കുന്നതിലും സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ പങ്കുവഹിച്ചിട്ടുണ്ട് എന്നിരിക്കെ വിശേഷിച്ചും. പക്ഷേ, അത്തരമൊരു സംഘത്തോട് എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ച വ്യക്തതയില്ലായ്മ സി.പി.എമ്മിന് നന്നായുണ്ട്. അതാകട്ടെ, സോളിഡാരിറ്റിയുടെ കാര്യത്തില്‍ മാത്രമല്ല താനും. പുതുതായി രൂപപ്പെടുന്ന സാമൂഹിക രാഷ്ട്രീയ പ്രതിഭാസങ്ങളോടും പ്രസ്ഥാനങ്ങളോടും ക്രിയാത്മകമായി സംവദിക്കാനുള്ള ശേഷി അതിന് എന്നേ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പുതിയ എല്ലാ ആലോചനകളെയും അതിന്റെ സംഘടനാ രൂപങ്ങളെയും നേര്‍ എതിര്‍പക്ഷത്തു നിര്‍ത്തുകയെന്നതാണ് അവരുടെ ലൈന്‍. സാമ്രാജ്യത്വ ദല്ലാള്‍, ഫണ്ടഡ് സംഘടന, മതമൗലികവാദം, തീവ്രവാദം തുടങ്ങിയ ലഘുതമ സാധാരണ ഗുണിതങ്ങള്‍ കൊണ്ട് എല്ലാ സാമൂഹിക പ്രതിഭാസങ്ങളെയും വിശകലനം ചെയ്ത് അവസാനിപ്പിക്കാനുള്ള മിടുക്ക് അവര്‍ക്കുണ്ട്. ഉത്തരാധുനികതയെപ്പോലും സാമ്രാജ്യത്വ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഏര്‍പ്പാട് എന്ന മട്ടിലാണ് അവര്‍ വിശകലനം ചെയ്തുകളഞ്ഞത്! പിന്നെയിപ്പോള്‍, മതമൗലിക മൂരാച്ചികളായ ഈ സോളിഡാരിറ്റിക്കാരുടെ കാര്യത്തില്‍ മാത്രം എന്താണിത്ര വിശേഷം?
അതേ സമയം, സോളിഡാരിറ്റിയെ പോലൊരു പ്രസ്ഥാനം, തങ്ങള്‍ അവഗണിച്ചാലും ഇല്ലെങ്കിലും പൊതുമണ്ഡലത്തില്‍ സജീവമായി ഇടപെടുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതായത്, സോളിഡാരിറ്റി സി.പി.എമ്മിന്റെ കേഡറിനോടും അനുഭാവിയോടും സംസാരിക്കുന്നുണ്ട്. അതിനാല്‍ തന്നെ, പാര്‍ട്ടി അംഗങ്ങളെ അതേക്കുറിച്ച് വിദ്യാഭ്യാസം ചെയ്യിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമാണ്. അണികളെ പാര്‍ട്ടി നിലപാടുകള്‍ പഠിപ്പിക്കാനും പാര്‍ട്ടിയുടെ സംഘടനാ, പ്രത്യയശാസ്ത്ര നിലപാടുകള്‍ പൊതുസമൂഹത്തെ അറിയിക്കാനും വേണ്ടി പ്രസിദ്ധീകരിക്കുന്ന സി.പി.എം മുഖവാരികയാണ് ചിന്ത. സോളിഡാരിറ്റിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് പരിപാടിയെക്കുറിച്ച വിശകലനം ചിന്ത വാരിക പ്രസിദ്ധീകരിക്കുന്നത് അതുകൊണ്ടാണ്. മാര്‍ച്ച് 29-ന് ഇറങ്ങിയ ചിന്ത വാരികയില്‍ 'ജമാഅത്തെ ഇസ്‌ലാമിയുടെ സാമ്രാജ്യത്വ വിരുദ്ധത' എന്ന തലക്കെട്ടില്‍ കെ.എ വേണുഗോപാലിന്റെ ലേഖനം വരുന്നത് ഇതിന്റെ പശ്ചാത്തലത്തിലാണ്. നേരത്തെ പറഞ്ഞ ലസാഗു എങ്ങനെ എത്ര നന്നായി പ്രയോഗിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് മേല്‍ പറഞ്ഞ ലേഖനം. സോളിഡാരിറ്റി തൊഴിലാളി വര്‍ഗത്തെ അഭിസംബോധന ചെയ്യുന്നില്ല. തൊഴിലാളി വര്‍ഗത്തെ അഭിസംബോധന ചെയ്യാത്ത എല്ലാ സംഘടനകളും മുതലാളി വര്‍ഗത്തെയാണ് പ്രീതിപ്പെടുത്തുന്നത്. സ്വാഭാവികമായും അവര്‍, മുതലാളി വര്‍ഗത്തിന് വേണ്ടി നിലകൊള്ളുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഭാഗമാണ്. എന്തെളുപ്പം! ഇത്രയെളുപ്പം സാമൂഹിക പ്രതിഭാസങ്ങളെയും പ്രസ്ഥാനങ്ങളെയും വിശകലനം ചെയ്ത് തീര്‍പ്പിലെത്താന്‍ കഴിയുന്നത് ആ പാര്‍ട്ടിയുടെ മഹാ അനുഗ്രഹം തന്നെ. ഇത്രയും വേഗത്തില്‍, ലളിതമായി വിശകലനത്തിലെത്താനും രാഷ്ട്രീയ തീര്‍പ്പുകള്‍ രൂപപ്പെടുത്താനും കഴിയുന്ന ബുദ്ധിജീവികളെക്കൊണ്ട് സമ്പന്നമാണ് ആ പാര്‍ട്ടി. തീര്‍ന്നില്ല, സോളിഡാരിറ്റിയുടെ അമേരിക്കന്‍ പക്ഷപാതത്തിനുള്ള തെളിവ് ഇനിയുമുണ്ട്. സോളിഡാരിറ്റി, ജമാഅത്തെ ഇസ്‌ലാമിയുടെ മുന്നണി സംഘടനയാണ്. ജമാഅത്തെ ഇസ്‌ലാമിയാവട്ടെ, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഭാഗവും. ബ്രദര്‍ഹുഡിന്റെ ആസ്ഥാനം സുഊദി അറേബ്യയിലും! സുഊദി അറേബ്യയാവട്ടെ, അമേരിക്കന്‍ പക്ഷത്തുള്ള രാജ്യവും. ആര്‍.എസ്.എസ്സിനും പണം നല്‍കുന്നത് അമേരിക്ക. ബ്രദര്‍ഹുഡിന്റെ ആസ്ഥാനം കിടക്കുന്നതാകട്ടെ അമേരിക്കന്‍ പക്ഷത്തുള്ള സുഊദി അറേബ്യയില്‍. അതിനാല്‍ ഇവയെല്ലാം ഒന്നു തന്നെ. നാം സഖാക്കള്‍ അതിനാല്‍ ഈ അമേരിക്കന്‍ മൂരാച്ചികളോട് പൊരുതുക. ലാല്‍ സലാം.
പ്രത്യയശാസ്ത്ര വിശകലനവും സൈദ്ധാന്തിക കുണ്ടാമണ്ടികളും വിട്ടേക്ക്. നന്നെച്ചുരുങ്ങിയത്, ഇതു വായിക്കുന്ന ഏതെങ്കിലും യുവ സഖാവ്, ക്വിസ് മത്സരത്തിന് പോയാല്‍, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആസ്ഥാനം ചോദ്യമായി വരികയാണെങ്കില്‍ തെറ്റുത്തരം എഴുതിപ്പോവുമെന്നെങ്കിലും, അണികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യതപ്പെട്ട മഹാന്‍ ആലോചിക്കേണ്ടേ? മുസ്‌ലിം ബ്രദര്‍ഹുഡിന് പ്രവര്‍ത്തന സ്വാതന്ത്ര്യമോ സംഘടനാ സംവിധാനങ്ങളോ ഇല്ലാത്ത സുഊദി അറേബ്യയെ ആണ് അദ്ദേഹം ബ്രദര്‍ഹുഡിന്റെ ആസ്ഥാനമായി പരിചയപ്പെടുത്തിയിരിക്കുന്നത്. ഇത് കേവലമായ ഒരു വസ്തുതാപരമായ തെറ്റ് ആയി കാണാന്‍ കഴിയില്ല. ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും എന്തുമാത്രം ദരിദ്രരും നിരക്ഷരരുമാണ് നമ്മുടെ ഇടതുപക്ഷം എന്നതിന്റെ മികച്ച ദൃഷ്ടാന്തമാണ്. നന്നെച്ചുരുങ്ങിയത്, ശത്രുവിനെ നേരിടാന്‍ ശത്രുവിനെയും അവന്റെ സങ്കേതങ്ങളെയും നന്നായി അറിയുക എന്നത് പ്രാഥമികമായ ഒരു യുദ്ധതന്ത്രമാണ്. ഇത്രയും വലിയ മതമൗലിക മൂരാച്ചിയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കങ്കാണിയുമായ മുസ്‌ലിം ബ്രദര്‍ഹുഡിനെ തോല്‍പിച്ച് വര്‍ഗ സമരം വിജയിപ്പിക്കാന്‍, അതിന്റെ ആസ്ഥാനമെവിടെയാണെന്നെങ്കിലും ചിന്ത ലേഖകന്‍ അറിഞ്ഞിരിക്കേണ്ടേ? ഇത്തരമാളുകളെ വെച്ചാണ് അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കുന്നതെങ്കില്‍ ദൈവമേ, ആ അണികളുടെ കാര്യം?!
'ദലിത്-ന്യൂനപക്ഷ-ഫെമിനിസ്റ്റ്-മനുഷ്യാവകാശ' ഐക്യമുന്നണിക്കുള്ള ആഹ്വാനം സോളിഡാരിറ്റിയുടെ സോഷ്യല്‍ ഓഡിറ്റിംഗില്‍ മുഴങ്ങിയെന്ന പത്രവാര്‍ത്തയാണ് ലേഖകനെ രോഷം കൊള്ളിക്കുന്നത്. ഇതില്‍ എന്തുകൊണ്ട് കമ്യൂണിസ്റ്റില്ല/തൊഴിലാളി വര്‍ഗമില്ല എന്ന ചോദ്യമുന്നയിച്ചു കൊണ്ടാണ് ലേഖകന്‍ നേരത്തെ പറഞ്ഞ, ഇതെല്ലാം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഓരോ കളികളാണ് എന്ന തീര്‍പ്പിലെത്തുന്നത്. സോളിഡാരിറ്റി അടിസ്ഥാനപരമായി ഒരു വര്‍ഗസംഘടനയോ, ഒരു സമ്പൂര്‍ണ രാഷ്ട്രീയ പ്രസ്ഥാനമോ അല്ല. അത്, 40 വയസ്സോട് കൂടി, അംഗത്വം റദ്ദാവുന്ന യുവാക്കളുടെ ഒരു കൂട്ടായ്മയാണ്. വര്‍ഗം മാത്രമാണ് ഏക സാമൂഹിക യാഥാര്‍ഥ്യമെന്നും വര്‍ഗപരമായ വിശകലനം മാത്രമാണ് ഏക വിശകലനോപാധിയെന്നും വിചാരിക്കുന്നവര്‍ക്ക് സോളിഡാരിറ്റിയെ മാത്രമല്ല, ലോകത്തുള്ള ഒരു പ്രതിഭാസത്തെയും വിശകലനം ചെയ്യാനുള്ള ശേഷിയുണ്ടാവില്ല. എന്നല്ല, വര്‍ഗവിശകലനത്തിന്റെ കേവല കേളികളില്‍ ഏര്‍പ്പെട്ടതുകൊണ്ടാണ്, സി.പി.എം അടക്കമുള്ള ഇന്ത്യന്‍ ഇടതുപക്ഷത്തിന് ഇന്ത്യയിലെ മഹാഭൂരിഭാഗം വരുന്ന, പാവങ്ങളില്‍ പാവങ്ങളായ തൊഴിലാളികള്‍ക്കിടയില്‍ വേരോട്ടമില്ലാതെ പോയത് എന്ന സത്യം അവര്‍ തന്നെ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ട്. ജാതിയടക്കമുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കാതെ വര്‍ഗം, വര്‍ഗസമരം എന്നൊക്കെ നാമം ജപിക്കുന്നതു പോലെ ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. അതിനിടയിലാണ്, പുതിയ സാമൂഹിക, രാഷ്ട്രീയ തിരിച്ചറിവുകള്‍ ഉടലെടുക്കുകയും തൊഴിലാളികളും പിന്നാക്കക്കാരുമായ സാധാരണക്കാരെ സംഘടിപ്പിച്ചു കൊണ്ടുള്ള പുത്തന്‍ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ഉത്തരേന്ത്യയിലടക്കം വ്യാപകമാവുകയും സി.പി.എം, സി.പി.ഐ പാര്‍ട്ടികളെ നിഷ്പ്രഭമാക്കിക്കൊണ്ട് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്യുന്നത്. ഇതൊക്കെ കണ്ടിട്ടാണ്, തങ്ങളുടെ കേവലമായ വര്‍ഗവിശകലനത്തിന്റെ പൊള്ളത്തരം, സി.പി.എമ്മില്‍ തന്നെയുള്ള ചിലരെങ്കിലും മനസ്സിലാക്കിത്തുടങ്ങിയത്. തൊഴിലാളിയെന്നോ മുതലാളിയെന്നോ ഭേദമില്ലാതെ, കടുത്ത സാമൂഹിക വിവേചനങ്ങള്‍ക്ക് വിധേയമാവുന്ന ഇന്ത്യന്‍ അവസ്ഥയെ മനസ്സിലാക്കണമെന്ന് അവരില്‍ കാര്യശേഷിയുള്ളവര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, അണികള്‍ക്ക് പാര്‍ട്ടി വിദ്യാഭ്യാസം നല്‍കാന്‍ ബാധ്യതപ്പെട്ട ചിന്താ ലേഖകന്‍ ഇക്കാര്യമൊന്നും അറിഞ്ഞ മട്ടില്ല.
ദലിത്-പിന്നാക്ക-ഫെമിനിസ്റ്റ്-പരിസ്ഥിതിവാദ-മനുഷ്യാവകാശ കൂട്ടായ്മ എന്ന ആഹ്വാനം സോളിഡാരിറ്റി സമ്മേളനത്തില്‍ മുഴങ്ങിയിട്ടുണ്ടെങ്കില്‍ അതില്‍ പുതുമയൊട്ടില്ല താനും. പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി, അതില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും ഐക്യമുന്നണിയുണ്ടാക്കുകയെന്നത് സോളിഡാരിറ്റിയുടെ പ്രഖ്യാപിത നിലപാടാണ്. അതാകട്ടെ, സോളിഡാരിറ്റി മാത്രമല്ല, ലോകത്തെങ്ങുമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നയവുമാണ്. ഒരേ സമയം, സെക്യുലറിസ്റ്റുകളുമായും സോഷ്യലിസ്റ്റുകളുമായും സോഷ്യല്‍ ഡെമോക്രാറ്റുകളുമായും ഫെമിനിസ്റ്റുകളുമായും അരാജകവാദികളുമായും മിതവാദികളുമായും തീവ്രവാദികളുമായും സംവദിക്കാനും ഐക്യമുന്നണികള്‍ തീര്‍ക്കുമാനുമുള്ള ശക്തിയും പ്രത്യയശാസ്ത്ര ശേഷിയും ഇസ്‌ലാമിസ്റ്റുകള്‍ക്കുണ്ട്. നമ്മുടെ നാട്ടിലെ സി.പി.എമ്മിന്റേതുപോലെ ഒഴിവാക്കല്‍ നയമല്ല, ഉള്‍ക്കൊള്ളല്‍ നയമാണ് ഇസ്‌ലാമിസ്റ്റുകള്‍ സ്വീകരിക്കുന്നത്. തങ്ങളല്ലാത്തവരെയെല്ലാം മാറ്റിനിര്‍ത്തി, അവരെ തീവ്രവാദികളും സാമ്രാജ്യത്വവാദികളുമായി മുദ്രകുത്തി സ്വയം പരിശുദ്ധി ചമയുന്ന ഇടതുപക്ഷ ശുദ്ധിവാദം സാമൂഹികമായ ഒരു നന്മയും കൊണ്ടുവരില്ല. സോഷ്യലിസത്തിന്റെയും ഫെമിനിസത്തിന്റെയും സൈദ്ധാന്തിക നിലപാടുകള്‍ക്കെതിരെ ശക്തമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെ തന്നെ, പ്രായോഗിക രംഗത്ത് അവരുമായി ഐക്യമുന്നണികള്‍ തീര്‍ക്കുന്ന സമീപനമാണത്. അതിലൂടെയാണ് കൂടുതല്‍ അടുപ്പവും പ്രായോഗികമായ സംവാദങ്ങളും ഉയര്‍ന്നുവരികയെന്ന് ഇസ്‌ലാമിസ്റ്റുകള്‍ മനസ്സിലാക്കുന്നു. അത്തരം ഐക്യമുന്നണികള്‍ മനുഷ്യര്‍ക്ക് കൂടുതല്‍ നന്മ കൊണ്ടുവരുമെന്നാണ് ഇസ്‌ലാമിസ്റ്റുകള്‍ വിചാരിക്കുന്നത്. എന്നാല്‍, തങ്ങളല്ലാത്തവരെ ശത്രുപക്ഷത്ത് നിര്‍ത്തുകയും അവരുടെ ഒരു സംവാദ പരിപാടിക്ക് വരാന്‍ പോലുമുള്ള ശേഷി കാണിക്കാതിരിക്കുകയും ചെയ്യുന്നവര്‍ സ്വയം ചെറുതാവുകയാണ്; സ്വയം അപ്രസക്തരാവുകയാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍