Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

ഗസ്സ പ്രതിരോധത്തിന്റെ പാഠശാല-9 / ഹന്‍ദല എന്ന പത്തു വയസ്സുകാരന്‍

സി. ദാവൂദ് / യാത്ര

ഗര ചത്വരമായ ഫീനിക്‌സ് സ്‌ക്വയര്‍, ഗസ്സ സിറ്റിയുടെ ഹൃദയമാണ്. ഗസ്സയിലെ ഏറ്റവും തിരക്കേറിയ മാര്‍ക്കറ്റുകള്‍ അവിടെയാണ്. കരകൗശല വസ്തുക്കളും ഫലസ്ത്വീനി മൊമന്റോകളും കൗതുക വസ്തുക്കളും വില്‍പനക്ക് വെച്ച കടകള്‍ അവിടെ ധാരാളമുണ്ട്. യാസര്‍ അറഫാത്തിന്റെ പ്രസിദ്ധമായ, കറുപ്പും വെളുപ്പും വരകളുള്ള കിഫായയെ ഓര്‍മിപ്പിക്കുന്ന ഷാളുകള്‍, മാലകള്‍, കീ ചെയ്‌നുകള്‍, മോതിരങ്ങള്‍, ഫലസ്ത്വീനി മുദ്രാവാക്യങ്ങള്‍ എഴുതിച്ചേര്‍ത്ത തൊപ്പികള്‍, ടീ ഷര്‍ട്ടുകള്‍, തസ്ബീഹ് മാലകള്‍... എല്ലാം അവിടെ കിട്ടും (ഓര്‍ക്കുക, മിക്കവയും ചൈനീസ് നിര്‍മിതങ്ങളാണ്! എന്ത്, എവിടെ കച്ചവടം ചെയ്യണമെന്ന് കമ്യൂണിസ്റ്റുകള്‍ക്കറിയാം!). ഈ കാഴ്ച വസ്തുക്കളിലും മൊമന്റോകളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഒരാളുണ്ടായിരുന്നു-ഹന്‍ദല. ഫലസ്ത്വീനി തെരുവുകളിലും മതിലുകളിലും ചുമര്‍ചിത്രങ്ങളിലും പോസ്റ്ററുകളിലും പുസ്തകങ്ങളിലുമെല്ലാം ഹന്‍ദലയുണ്ട്. ഇടുങ്ങിയ ഗല്ലികളിലെ സിമന്റ് തേക്കാത്ത ചുമരുകളില്‍ പോലും കുട്ടികള്‍ കരിക്കട്ട കൊണ്ട് ഹന്‍ദലയെ വരച്ചുവെച്ചത് കാണാം. ഹന്‍ദലയെക്കുറിച്ച് പറയാതെ ഫലസ്ത്വീനെക്കുറിച്ചും ഫലസ്ത്വീന്‍ സാംസ്‌കാരിക രംഗത്തെക്കുറിച്ചുമുള്ള സംസാരം പൂര്‍ത്തിയാവില്ല.
ഇസ്‌ലാമിക ചരിത്രത്തില്‍ ഹന്‍ദല, ഒരിക്കലും കെടാത്ത ഓര്‍മയുടെ വിളക്കാണ്. തന്റെ വൈവാഹിക ജീവിതത്തിന്റെ ആദ്യരാത്രിയില്‍, ജിഹാദിനായുള്ള വിളി കേട്ട് പടര്‍ക്കളത്തിലേക്ക് പാഞ്ഞുപോയി രക്തസാക്ഷിയായ പ്രവാചകാനുയായി-സ്വഹാബി- ആണ് ഹന്‍ദല. ആത്മത്യാഗത്തിന്റെ സ്‌ഫോടനാത്മകമായൊരു ഓര്‍മ ബിംബം. ഒഴിവുകഴിവുകളുടെ അവസാനത്തെ സാധ്യതയെയും അടച്ചുകളഞ്ഞ ചരിത്രത്തിലെ ആപ്പ്. പക്ഷേ, ഫലസ്ത്വീനിലെ ഹന്‍ദല ജീവിച്ചിരുന്ന ഒരു വ്യക്തിയേ അല്ല; ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമാണ്. ഒരു കാര്‍ട്ടൂണ്‍ കഥാപാത്രം ഒരു ജനതയുടെ ജീവിതത്തിന്റെ ഭാഗമായ അപൂര്‍വ അനുഭവമാണ് ഹന്‍ദലയുടേത്. അക്കഥ പറയാം.
പ്രസിദ്ധ ഫലസ്ത്വീനി കാര്‍ട്ടൂണിസ്റ്റാണ് നാജി അല്‍ അലി (1938-1987). ഫലസ്ത്വീനിലെന്നല്ല, ലോകതലത്തില്‍ തന്നെ ശ്രദ്ധേയനായ കലാകാരന്‍. കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ രക്തസാക്ഷിയായ കലാപ്രതിഭ. 1938-ല്‍ നസ്‌റേത്തിനടുത്ത അല്‍ ശജറ ഗ്രാമത്തിലാണ് ജനനം. 10-ാം വയസ്സില്‍ അഭയാര്‍ഥിയായി ലബനാനിലേക്ക് പോയി. അവിടെ ഐനുല്‍ ഹില്‍വ അഭയാര്‍ഥി ക്യാമ്പിലായി പിന്നീട് നാജിയുടെ ജീവിതം. അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളില്‍ പഠിച്ചും മുന്തിരിത്തോപ്പില്‍ ജോലി ചെയ്തും കഴിയുന്ന കാലത്ത് തന്നെ, അടുപ്പില്‍ ബാക്കിയായ കരിക്കട്ടകളെടുത്ത് നാജി, ക്യാമ്പിലെ ചുമരുകളില്‍ ചിത്രങ്ങള്‍ വരക്കുമായിരുന്നു. പിന്നീട്, 40,000ത്തിലേറെ കാര്‍ട്ടൂണുകള്‍ വരച്ച് നാജി ലോക പ്രശസ്തനായപ്പോഴും കറുപ്പു വരകളുള്ള ചിത്രങ്ങള്‍ മാത്രമാണ് വരച്ചത്. ഒരിക്കല്‍ പോലും നാജിയില്‍ നിന്ന് ഒരു വര്‍ണ ചിത്രവും പുറത്തുവന്നില്ല.
ഫലസ്ത്വീനി സാഹിത്യകാരനും ഇടതുപക്ഷക്കാരനുമായ ഗസ്സാന്‍ ഖനഫാനി (1936-1972-ഇദ്ദേഹത്തെ ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലുകയായിരുന്നു) 1961-ല്‍ ഐനുല്‍ ഹില്‍വ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ചപ്പോള്‍ ചുമരുകളില്‍ നാജിയുടെ ചിത്രങ്ങള്‍ കാണാനിടയായി. നാജിയിലെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റിനെ തിരിച്ചറിഞ്ഞ ഖനഫാനി, കൂടുതല്‍ വരക്കാനും പ്രസിദ്ധീകരിക്കാനും പ്രേരിപ്പിച്ചു. അങ്ങനെ, ഖനഫാനിയുടെ സഹായത്താല്‍ നാജിയുടെ ആദ്യ കാര്‍ട്ടൂണ്‍, 1961 സെപ്റ്റംബര്‍ 25-ന് അല്‍ഹുരിയ പത്രത്തില്‍ അച്ചടിച്ചുവന്നു. അതുവരെ കാര്‍ മെക്കാനിക്കായും വ്യവസായ തൊഴിലാളിയുമൊക്കെയായി ജോലി ചെയ്തിരുന്ന നാജി ഒരു കാര്‍ട്ടൂണിസ്റ്റായി പുനര്‍ജനിക്കുകയായിരുന്നു. പിന്നീടങ്ങോട്ട്, ഫലസ്ത്വീനി ധിഷണയെ പ്രകോപിപ്പിക്കുകയും ത്രസിപ്പിക്കുകയും ചെയ്ത കാര്‍ട്ടൂണുകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ചെറുപ്പം മുതല്‍ തന്നെ ഇടതുപക്ഷ, അറബ് ദേശീയവാദ ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു നാജി. എന്നാല്‍, ഖനഫാനിയെപ്പോലെ ഇടതു സംഘടനാ ചട്ടക്കൂടില്‍ അദ്ദേഹമുണ്ടായിരുന്നില്ല. പിന്നീട് കുവൈത്തിലേക്ക് നീങ്ങിയ നാജി, അത്ത്വലീഅഃ, അസ്സിയാസ തുടങ്ങിയ പത്രങ്ങള്‍ക്ക് വേണ്ടി വരക്കാന്‍ തുടങ്ങി. 1974-ല്‍ വീണ്ടും ലബനാനിലേക്ക് മടങ്ങി അസ്സഫീര്‍ പത്രത്തിന് വേണ്ടി വര ആരംഭിച്ചു. 1982-ലെ ഇസ്രയേലിന്റെ ലബനാന്‍ അധിനിവേശക്കാലത്ത് ജയിലിലടക്കപ്പെടുകയും ചെയ്തു. 1983-ല്‍ വീണ്ടും കുവൈത്തിലേക്ക് പോയ നാജി, അല്‍ ഖബസ് പത്രത്തിന് വേണ്ടി കാര്‍ട്ടൂണുകള്‍ വരക്കാന്‍ തുടങ്ങി. 1985-ല്‍ അല്‍ ഖബസിന്റെ അന്താരാഷ്ട്ര എഡിഷന്റെ ചുമതലയുമായി ലണ്ടനിലേക്ക് പോയി. നാജിയുടെ കാര്‍ട്ടൂണുകള്‍ രാഷ്ട്രീയ തീവ്രതയുടെ മൂര്‍ധന്യതയില്‍ എത്തിയ നാളുകളായിരുന്നു അത്. 1987 ജൂലൈ 22-ന് അല്‍ഖബസിന്റെ ഓഫിസിന് പുറത്തെ തെരുവിലൂടെ നടക്കുമ്പോള്‍ നാജിയുടെ നെറ്റിയുടെ വലതുഭാഗത്ത് അജ്ഞാത തോക്കുധാരിയുടെ വെടിയേറ്റു. ബോധരഹിതനായി വീണ അദ്ദേഹം, ജൂലൈ 29-ന് ആശുപത്രിയില്‍ അന്ത്യശ്വാസം വലിച്ചു. മൊസാദിന്റെ ഏജന്റുമാരാണ് നാജിയെ കൊലപ്പെടുത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പേരില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ ലണ്ടനിലെ മൊസാദ് ഓഫീസ് അടച്ചുപൂട്ടുക പോലുമുണ്ടായി.
നാജിയുടെ കാര്‍ട്ടൂണുകളിലെ സ്ഥിരം കഥാപാത്രമാണ് ഹന്‍ദല. പത്തുവയസ്സുകാരനായ ഫലസ്ത്വീനി പയ്യനാണ് ഹന്‍ദല. എപ്പോഴും, കാഴ്ചക്കാരന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന, കൈ രണ്ടും പുറകില്‍ കെട്ടിയ, നഗ്നപാദനായ, കീറിയ വസ്ത്രം ധരിച്ച ഒരു ധിക്കാരി പയ്യന്‍. കാര്‍ട്ടൂണ്‍ വര തുടങ്ങിയ നാള്‍ മുതല്‍, ഹന്‍ദല അങ്ങനെത്തന്നെയാണ്. എന്തുകൊണ്ടാണ് ഹന്‍ദല വളരാത്തതെന്ന ചോദ്യത്തിന് നാജിയുടെ ഉത്തരമിതാണ്. 'ഞാന്‍ പത്താം വയസ്സില്‍ നാടുവിട്ടു പോവേണ്ടിവന്ന ഒരു ഫലസ്ത്വീനി പയ്യനാണ്. ഞാന്‍ എന്ന് എന്റെ നാട്ടിലേക്ക് തിരിച്ചുവരുന്നുവോ അന്നു മുതലേ ഞാന്‍ ജീവിച്ചുതുടങ്ങുന്നുള്ളൂ'. ഹന്‍ദല എന്ന പാത്ര സൃഷ്ടിയെക്കുറിച്ച് നാജി തുടര്‍ന്നു പറയുന്നു: 'ഹന്‍ദല എന്ന കുട്ടി എന്റെ കൈയൊപ്പാണ്. ഞാന്‍ പോകുന്നിടത്തെല്ലാം ആളുകള്‍ എന്നോട് അവനെക്കുറിച്ച് ചോദിക്കുന്നു. ഞാന്‍ ഗള്‍ഫിലായിരിക്കുമ്പോഴാണ് ഈ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നിട്ട് ഞാനവനെ ജനങ്ങള്‍ക്ക് നല്‍കി. അവന് ഞാന്‍ ഹന്‍ദല എന്ന് പേരിട്ടു. അവന്‍ അവനോട് തന്നെ സത്യസന്ധനായിരിക്കുമെന്ന് ഞാന്‍ ജനങ്ങള്‍ക്ക് വാക്ക് നല്‍കി. സൗന്ദര്യമില്ലാത്ത കുട്ടിയായാണ് അവനെ ഞാന്‍ വരച്ചത്. മുള്ളന്‍ പന്നിയുടെ മുള്ളുകള്‍ പോലെയാണ് അവന്റെ തലമുടികള്‍. കാരണം, ശത്രുവിനെതിരെയുള്ള മുള്ളന്‍ പന്നിയുടെ ആയുധമാണത്. ഹന്‍ദല തടിയനല്ല. സന്തോഷവാനുമല്ല. അവന്‍ താലോലിക്കപ്പെട്ടവനോ ആശ്വാസം കൊള്ളുന്നവനോ അല്ല. അഭയാര്‍ഥി ക്യാമ്പിലെ കുഞ്ഞുങ്ങളെപ്പോലെ നഗ്നപാദനാണവന്‍. അബദ്ധങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് എന്നെ തടയുന്ന ബിംബമാണ് ഹന്‍ദല. അവന്‍ പരുക്കനാണെങ്കിലും അമ്പറിന്റെ മണമുണ്ടവന്. പുറത്തുനിന്നുള്ള പരിഹാരങ്ങളെ അംഗീകരിക്കാന്‍ സന്നദ്ധമല്ല എന്നറിയിക്കാനാണ് അവന്‍ കൈകള്‍ പുറകില്‍ കെട്ടിയിരിക്കുന്നത്. പത്താം വയസ്സില്‍ ജനിച്ചു വീണവനാണ് ഹന്‍ദല. അവന് എല്ലായ്‌പ്പോഴും പത്ത് വയസ്സ് തന്നെയായിരിക്കും. എനിക്കു നാടുവിടേണ്ടി വന്നത് പത്താം വയസ്സിലാണ്. തിരിച്ചു ചെല്ലുന്ന നാളുവരെ അതിനാല്‍ അവന് പത്ത് വയസ്സ് തന്നെയായിരിക്കും. അതിനു ശേഷമാണ് അവന്റെ ജീവിതം ആരംഭിക്കുന്നത്. പ്രകൃതിയുടെ നിയമങ്ങള്‍ അവന് ബാധകമല്ല. അവന്‍ അതുല്യനാണ്. മാതൃഭൂമി തിരിച്ചുകിട്ടുമ്പോഴേ കാര്യങ്ങള്‍ സാധാരണ നിലയിലാവുന്നുള്ളൂ. ഞാന്‍ അവനെ പാവങ്ങള്‍ക്ക് സമര്‍പ്പിച്ചു. അവന് ഹന്‍ദല എന്നു പേരിട്ടു. കാരണം അവന്‍ കയ്പിനെ1യാണ് പ്രതിനിധീകരിക്കുന്നത്. ഒന്നാമതായി അവന്‍ ഒരു ഫലസ്ത്വീന്‍ ബാലനാണ്. പക്ഷേ, അവന്റെ ആത്മബോധം അവനെ സാര്‍വദേശീയവും മാനുഷികവുമായ ചക്രവാളത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അവന്‍ വിനയാന്വിതനായ, എന്നാല്‍ കടുപ്പക്കാരനായ ഒരു പയ്യനാണ്. അതുകൊണ്ടാണ് ജനങ്ങള്‍ അവനെ അവരുടെ മനസ്സാക്ഷിയുടെ ഭാഗമാക്കിയത്'.
കാര്‍ട്ടൂണ്‍ കഥാപാത്രം കാര്‍ട്ടൂണിസ്റ്റിനെയും കടന്നു വളരുന്നതാണ് ഹന്‍ദലയുടെ കാര്യത്തില്‍ കണ്ടത്. ഇസ്രയേലിന്റെ കൊടും ക്രൂരതകള്‍ മാത്രമല്ല, ഫലസ്ത്വീനിലെ രാഷ്ട്രീയ നേതൃത്വവും അറബ്-മുസ്‌ലിം ഭരണാധികാരികളും ഫലസ്ത്വീന്‍ പ്രശ്‌നത്തോട് കാണിക്കുന്ന നിഷേധാത്മക സമീപനവും നാജിയുടെ പൊള്ളുന്ന കാര്‍ട്ടൂണുകളുടെ ഭാഗമായി. നാജി കാര്‍ട്ടൂണുകളില്‍ ഒരിക്കലും ഏതെങ്കിലും പ്രത്യേക വ്യക്തികളെ ചിത്രീകരിക്കാറില്ല. വയറുവീര്‍ത്ത തടിയന്മാരിലൂടെ അറബ് ഭരണാധികാരികളെ നാജി ചിത്രീകരിച്ചു. വ്യക്തിയെ ചിത്രീകരിക്കാതെ തന്നെ, ആരെയാണ് ഉദ്ദേശിക്കുന്നതെന്ന് കാഴ്ചക്കാരന് എളുപ്പം മനസ്സിലാക്കാവുന്ന തരത്തിലായിരുന്നു നാജിയുടെ വരകള്‍. ഇസ്രയേല്‍ മാത്രമല്ല, അറബ് ലോകത്തെ പെട്രോഡോളര്‍ കങ്കാണിമാരും സ്വന്തം ജനതയെ ഒറ്റുകൊടുക്കുന്ന പി.എല്‍.ഒ നേതൃത്വവുമെല്ലാം നാജിയുടെ കാര്‍ട്ടൂണുകളെ ഭയപ്പെട്ടു തുടങ്ങി. 1987-ലെ ഒന്നാം ഇന്‍തിഫാദയുടെ ന്യുനമര്‍ദം അന്തരീക്ഷത്തില്‍ രൂപം കൊള്ളുന്ന സന്ദര്‍ഭത്തിലാണ് നാജി വധിക്കപ്പെടുന്നത്. ഇന്‍തിഫാദയുടെ ആശയപരിസരം ഒരുക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച ഒരു ഘടകമായിരുന്നു അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍. എപ്പോഴും പിറകില്‍ കൈകെട്ടി നിന്നിരുന്ന ഹന്‍ദല, കത്തിമുനയുള്ള പേന ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന രംഗങ്ങള്‍ നാജിയുടെ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് അക്കാലത്താണ്.
ഗസ്സയിലോ ഫലസ്ത്വീനിലോ മാത്രമല്ല, ലോകത്തെങ്ങുമുള്ള പൊരുതുന്ന മനുഷ്യരുടെ ആവേശമായി മാറുകയായിരുന്നു ഹന്‍ദല. പ്രതിരോധത്തിന്റെ ബിംബമായി ഹന്‍ദല പുനര്‍ചിത്രീകരിക്കപ്പെട്ടു കൊണ്ടേയിരുന്നു. ഇന്നും ഹന്‍ദലയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണുകളും ചിത്രങ്ങളും പുതുതായി വരക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഫലസ്ത്വീനിലാകട്ടെ, തെരുവായ തെരുവ് മുഴുവന്‍ ഹന്‍ദലയുണ്ട്. വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ വിഭജന മതില്‍ ഹന്‍ദല ചിത്രങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് ഫലസ്ത്വീനി കലാകാരന്മാര്‍. മതിലിനു നേര്‍ക്ക് മൂത്രമൊഴിക്കുന്ന ഹന്‍ദലയുടെ ചിത്രം ഏറെ പ്രസിദ്ധം. 2000-ത്തിന് ശേഷം, കേരളത്തില്‍ എസ്.ഐ.ഒവിന്റെ പോസ്റ്ററുകളില്‍ ഹന്‍ദല വ്യാപകമായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയത് കാണാന്‍ കഴിയും. എസ്.ഐ.ഒ ഹൈസ്‌കൂള്‍ സര്‍ക്കിളിന്റെ ഔദ്യോഗിക ചിഹ്നമായി സ്വീകരിക്കപ്പെട്ടത് കത്തിമുനയുള്ള പേനയുമായി നില്‍ക്കുന്ന ഹന്‍ദലയായിരുന്നു. നാജി തന്നെ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: 'എന്റെ കണ്ടെത്തലായ ഈ അസ്തിത്വം (ഹന്‍ദല) എനിക്കു ശേഷവും നിലനില്‍ക്കും. എന്റെ മരണത്തിന് ശേഷം ഞാന്‍ അവനിലൂടെ ജിവിച്ചു കൊണ്ടേയിരിക്കും എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല'.
കത്തിമുനയുടെ മൂര്‍ച്ചയുള്ള വരകളായിരുന്നു നാജിയുടെത്. 'മനുഷ്യന്റെ എല്ലുകൊണ്ടാണ് ഇയാള്‍ ചിത്രം വരക്കുന്നതെ'ന്നാണ് ടൈം മാഗസിന്‍ ഒരിക്കല്‍ നാജിയെക്കുറിച്ചെഴുതിയത്. 'ഫോസ്‌ഫോറിക് ആസിഡ് ഉപയോഗിച്ചാണ് നാജി ചിത്രം വരക്കുന്നത്' എന്ന ജപ്പാനിലെ അസാഹി ദിനപത്രം എഴുതുകയുണ്ടായി. ഫലസ്ത്വീനി എഴുത്തിനെയും വരയെയും മാത്രമല്ല അവരുടെ ജീവിതത്തെയും സമരത്തെയും രൂപപ്പെടുത്തുന്നതിലും പുനര്‍നിര്‍ണയിക്കുന്നതിലും നാജിയുടെയും ഹന്‍ദലയുടെയും പങ്ക് അളക്കാനാവാത്തതാണ്. അരാജകവാദത്തോടടുത്ത ഇടതുപക്ഷക്കാരനായിരുന്നു നാജിയെങ്കിലും നാജിയുടെ കാര്‍ട്ടൂണുകള്‍ എല്ലാവര്‍ക്കുമിടയില്‍ വ്യാപകമായി സ്വീകരിക്കപ്പെട്ടു. അതുകൊണ്ടാണ് ഹമാസിന്റെ ഗസ്സയിലും ഏറ്റവും കൂടുതല്‍ വരക്കപ്പെടുന്ന ചിത്രമായി, വിറ്റഴിക്കപ്പെടുന്ന മൊമന്റോ ആയി ഹന്‍ദല മാറാന്‍ കാരണം. ഇസ്രയേലി ബോംബിന്റെ അവശിഷ്ടങ്ങളില്‍ നിന്നു വരെ കരകൗശല വസ്തുക്കളും കലാ ഉരുപ്പടികളും ശില്‍പനിര്‍മിതികളും രൂപപ്പെടുത്തുന്ന ഗസ്സയിലെ കലാകാരന്മാരും അവരുടെ ചിത്രപ്പണികളുടെ അരികുവടിവുകള്‍ തേച്ചുമിനുക്കിയെടുക്കുന്നത് ഹന്‍ദലയുടെ കത്തിമുനയുള്ള പേനകൊണ്ടാണ്. പ്രതിരോധത്തിന്റെ ഉസ്താദാണ് അവര്‍ക്ക് പത്തുവയസ്സുള്ള ആ പയ്യന്‍.
(തുടരും)
കുറിപ്പ്
1. ഹന്‍ദല എന്ന അറബിവാക്കിന് ആട്ടങ്ങ എന്നര്‍ഥം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍