Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

ഹജ്ജ് യാത്രയെ ട്രാവല്‍ ഏജന്‍സികള്‍ കച്ചവടവത്കരിക്കുന്ന വിധം

റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍ / ലേഖനം

കേരളത്തില്‍ നിന്ന് പ്രതിവര്‍ഷം 15000ലധികം തീര്‍ഥാടകരെ സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ ഹജ്ജ് കര്‍മത്തിന് കൊണ്ടുപോകാന്‍ ആരംഭിച്ചിട്ട് പത്ത് വര്‍ഷത്തോളമായി. ഇന്ത്യയില്‍ നിന്ന് സ്വകാര്യ മേഖലയിലൂടെ പോകുന്ന 45000 എന്ന ക്വാട്ടയിലെ മൂന്നിലൊന്ന് വരുമിത്. അവശേഷിക്കുന്ന 30000 സീറ്റില്‍ രാജ്യത്തെ മറ്റു മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് പോവുന്നത്. സര്‍ക്കാര്‍ ക്വാട്ടയില്‍ കേരളത്തില്‍നിന്ന് 8000 പേര്‍ക്കേ അവസരം കിട്ടാറുള്ളൂ. അതുതന്നെ നിരവധി വര്‍ഷം അപേക്ഷിച്ച് കാത്തിരുന്നും, 70 വയസ്സ് തികഞ്ഞ ആനുകൂല്യം ഉപയോഗപ്പെടുത്തിയുമാണ് അതില്‍ ഇടം ലഭിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ പോകുന്നവരുടെ ഇരട്ടി ഹാജിമാര്‍ സ്വകാര്യ മേഖലയിലൂടെ കേരളത്തില്‍ നിന്ന് പോവുന്നു എന്നാണീ കണക്ക് സൂചിപ്പിക്കുന്നത്. ഹാജിമാരോ ഔദ്യോഗിക സംഘാടകരായ സര്‍ക്കാറോ അല്ല, സ്വകാര്യ ട്രാവല്‍ ഏജന്‍സികളാണ് ഈ നടത്തിപ്പിലെ മുഖ്യ 'ഉത്സാഹകര്‍.'
2012 -ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 337 സ്വകാര്യ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുണ്ട്. ഇതില്‍ 69 എണ്ണം കേരളത്തില്‍നിന്ന് മാത്രമുള്ള ട്രാവല്‍ ഏജന്‍സികളും വ്യക്തികളും സ്ഥാപനങ്ങളുമാണ്. 2011-ല്‍ സ്വകാര്യ ഗ്രൂപ്പിന് വേണ്ടി കേരളത്തില്‍ നിന്ന് 85 പേര്‍ അപേക്ഷിച്ചതില്‍ 28 പേരുടേത് തള്ളപ്പെടുകയാണുണ്ടായത്. അങ്ങനെയാണ് എണ്ണം 69 ആയത്. 2011-ല്‍ 569 സ്വകാര്യ ഗ്രൂപ്പുകള്‍ ഇന്ത്യയില്‍ നിന്നുണ്ടായിരുന്നു. അവയില്‍ മിക്കതിനെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ 2012-ല്‍ സ്വകാര്യ ഗ്രൂപ്പുകളുടെ എണ്ണം 337 ആയി കുറച്ചത്.
ഇത്രയേറെ ഹാജിമാരെ ഇത്രയധികം ഗ്രൂപ്പുകള്‍ കൊണ്ടുപോകുമ്പോള്‍ വമ്പിച്ച സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നത് ഒരു പച്ച പരമാര്‍ഥം മാത്രം. ഇവിടെ 69 മലയാളി സ്വകാര്യ ഗ്രൂപ്പുകള്‍ എന്ന് പറഞ്ഞത് വ്യത്യസ്ത വ്യക്തികളോ ട്രാവല്‍ ഏജന്‍സികളോ ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുന്ന ക്വാട്ടക്ക് പരിധിയുണ്ട്. അത് മറികടക്കാന്‍ പല ബിനാമി പേരുകളിലും ഒരേ കൂട്ടര്‍ തന്നെ ഇക്കണ്ട ക്വാട്ടകളത്രയും കൈപിടിയിലൊതുക്കുകയാണ് ചെയ്യുന്നത്.
എട്ടു വര്‍ഷം മക്കയിലും മദീനയിലും ഹജ്ജ് സേവന മേഖലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലക്ക് ഈ ലേഖകന് സ്വകാര്യ മേഖലയിലെ നിരവധി തട്ടിപ്പുകള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു ഉദാഹരണം മാത്രം: കേന്ദ്ര വിദേശ കാര്യമന്ത്രാലയത്തില്‍ നിന്ന് രജിസ്‌ട്രേഷന്‍ നേടിയ ഓരോ ട്രാവല്‍ പ്രതിനിധിയും ഹജ്ജിന് മാസങ്ങള്‍ മുമ്പ് മക്കയിലും മദീനയിലുമെത്തി തീര്‍ഥാടകരുടെ താമസത്തിന് കെട്ടിടം ബുക്ക് ചെയ്യണം. ആ രേഖ സുഊദി ഹജ്ജ് മന്ത്രാലയത്തില്‍ ബോധിപ്പിച്ചാലാണ് ഹാജിമാരുടെ പാസ്‌പോര്‍ട്ടില്‍ പതിക്കാനുള്ള സ്റ്റിക്കറുകള്‍ ലഭ്യമാവുക. അവ മുംബൈ ഹജ്ജ് കോണ്‍സുലേറ്റില്‍ ഹാജരാക്കി വേണം വിസയടിക്കുന്ന പ്രക്രിയ മുന്നോട്ട് നീക്കാന്‍. പിന്നെ മക്കയിലെ സുഊദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് താന്‍ സ്വകാര്യ ഹജ്ജ് ഓപ്പറേറ്ററാണെന്നതിന്റെ ഇന്ത്യന്‍ രേഖ കാണിച്ച്, സുഊദി ഗവണ്‍മെന്റിന്റെ മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡ് കൂടി കൈപ്പറ്റണം. അതില്‍ കാണിക്കുന്ന റഖമുല്‍ മുനള്ളം (ഹജ്ജ് ഓപ്പറേറ്ററുടെ കമ്പ്യൂട്ടര്‍ നമ്പര്‍) ആണ് കെട്ടിട ഉടമകളുമായുള്ള രേഖയിലും മറ്റും ഇയാള്‍ എഴുതേണ്ടത്. ഈ ആവശ്യത്തിന് വേണ്ടി വന്ന ഒരു സ്വകാര്യ ട്രാവല്‍സിന്റെ ഓപ്പറേറ്റര്‍ അയാളുടെ തന്നെ പേര് മൂന്ന് രൂപത്തില്‍ ക്രമം തെറ്റിച്ചെഴുതി, മൂന്ന് സുഊദി ഹജ്ജ് ഐ.ഡി കാര്‍ഡ് സ്വന്തമാക്കുകയുണ്ടായി. ഒന്നില്‍ കക്ഷിയുടെ മൂന്ന് പേരുകള്‍ ഒന്നിച്ച് ചേര്‍ത്തിരിക്കുന്നു. (സാങ്കല്‍പിക ഉദാഹരണം: മുഹമ്മദ് അഹ്മദ് മാലാബറമ്പന്‍). രണ്ടാമത്തേതില്‍ പേരിലെ ആദ്യ രണ്ട് ഭാഗം മാത്രം (മുഹമ്മദ് അഹ്മദ്). മൂന്നാം ഐഡിയില്‍ പേരിന്റെ അവസാന രണ്ട് ഭാഗം (അഹ്മദ് മാലാബറമ്പന്‍). അതിലെ ഫോട്ടോകളിലുമുണ്ട് തട്ടിപ്പ്. ഒന്നില്‍ താടിയില്ലാതെ ടൈ കെട്ടിയ പടം. മറ്റേതില്‍ ടൈ കെട്ടാതെ താടിവെച്ച് എടുത്ത പടം. മൂന്നാമത്തേതില്‍ ഒരു സാദാ പടം. ഇയാള്‍ 2000-ലധികം സ്വകാര്യ ഹാജിമാരുടെ രേഖ ശരിയാക്കിയാണ് മക്കയില്‍ നിന്ന് മടങ്ങാറ്. സ്വന്തം ക്വാട്ടക്കു പുറമെ 50 എണ്ണം വെച്ച് ക്വാട്ട ലഭിച്ചവരുടേത് വിലയ്ക്ക് വാങ്ങി അതിലും കൂടിയ വിലയ്ക്ക് നാട്ടില്‍ മറിച്ച് വിറ്റ് പണം ഉറപ്പിച്ചായിരുന്നു ഈ വരവ്. 50 എണ്ണം വീതം ആരില്‍നിന്നാണോ വാങ്ങിയത് അയാള്‍ തന്നെ വേണം ഈ രേഖയില്‍ ഒപ്പുവെക്കാനെന്നതിനാല്‍ ഐ.ഡിയില്‍ പേരുള്ള സംഘാംഗങ്ങളെയും ഒപ്പം കൊണ്ടുവന്നിട്ടുണ്ടാകും. ഇത് ശുദ്ധ തട്ടിപ്പോ, അതോ സേവനമോ?
സുഊദി ഹജ്ജ് മന്ത്രാലയം ഹജ്ജ് സൗജന്യമായാണ് അനുവദിക്കുന്നത്. യാത്രാ ചെലവ്, വിസ സ്റ്റാമ്പിംഗ്, മറ്റു ചെലവുകള്‍ എന്നിവയാണ് അതിനെ വില കൂടിയതാക്കുന്നത്. 2001-ലെ സെന്‍സസ് പ്രകാരമാണ് ഇന്ത്യക്ക് 1,70,000 ക്വാട്ട അനുവദിക്കുന്നത്. അതില്‍ 1,25,000 പേര്‍ക്കാണ് സര്‍ക്കാര്‍ സബ്‌സിഡി. ബാക്കിയുള്ളവര്‍ക്ക് സബ്‌സിഡിയില്ലാതെ സ്വകാര്യ മേഖലയിലൂടെ പോകാം എന്നാണ് സര്‍ക്കാര്‍ തീരുമാനം. 2001 വരെ ഇതാര്‍ക്കും വലിയ നിയമ കെട്ടിക്കുടുക്കുകളില്ലാതെ വാങ്ങി തീര്‍ഥാടകരെ കൊണ്ടുപോകാമായിരുന്നു. ആ വര്‍ഷം മുതല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ മാത്രമേ, സ്വകാര്യ ഗ്രൂപ്പുകാരായി ഹജ്ജ് നടപടികള്‍ക്ക് വരാവൂ എന്ന് സുഊദി ഭരണകൂടം നിയമം കൊണ്ടുവന്നു. അതോടെ ചെറുകിടക്കാരെ തട്ടിമാറ്റി വിദേശ മന്ത്രാലയത്തില്‍നിന്ന് വമ്പന്മാര്‍ ക്വാട്ടകള്‍ വാരിക്കൂട്ടി വെച്ചു. പുതിയ ഒറ്റ ഗ്രൂപ്പിനും രജിസ്‌ട്രേഷന്‍ കിട്ടാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തിയ ഇവര്‍ മറുവശത്ത് ലഭിച്ച ക്വാട്ടകള്‍ മറിച്ചുവിറ്റ് കോടികള്‍ സമ്പാദിച്ചു. ആദ്യ വര്‍ഷം ഒരു ഹജ്ജ് വിസക്ക് മാത്രം 2000 രൂപയായിരുന്നു. വര്‍ഷം പിന്നിടുംതോറും അത് 10/15/25/40/80 ആയിരങ്ങളിലേക്ക് കുതിച്ചുയര്‍ന്നു. ഇപ്പോള്‍ ഒരു വിസക്ക് ലക്ഷമാണ് വില. 400 പേര്‍ക്ക് ഒരു ലക്ഷം വീതം അനുമതി ടിക്കറ്റിന് മാത്രം വാങ്ങിയാല്‍ 4 കോടി കിട്ടും ആ ട്രാവല്‍ ഏജന്‍സിക്ക്. ഇക്കാര്യം മറച്ചുവെക്കാന്‍ ഇന്ത്യന്‍ രൂപയും സുഊദി രിയാലും തമ്മിലെ വിനിമയ നിരക്കിലെ വ്യത്യാസം, വിമാന ടിക്കറ്റിന് സബ്‌സിഡിയില്ല തുടങ്ങിയ ദുര്‍ബല കച്ചിതുരുമ്പുകളേ ഇവര്‍ക്ക് ഉന്നയിക്കാനുള്ളൂ. ഒരു ഹാജിയില്‍നിന്ന് 2.75 ലക്ഷം വാങ്ങുമ്പോള്‍, ഒന്നേ മുക്കാല്‍ ലക്ഷത്തില്‍തന്നെ എല്ലാ ചെലവുകളും ലാഭവിഹിതം പോലും അടങ്ങുന്നു എന്ന സത്യം മറച്ചുവെച്ചാണ് ഈ ഉരുണ്ടുകളി. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന പോകാന്‍ പരമാവധി 1,40,000 രൂപ മാത്രമേ ആവശ്യമുള്ളൂ. അതില്‍ തന്നെ ചെലവിനത്തിലേക്ക് 25000-ലധികം രൂപ സുഊദി രിയാലായി തിരിച്ചുനല്‍കുന്നുമുണ്ട് എന്നും ഓര്‍ക്കുക.
ചൂഷണം സകല പരിധികളും ലംഘിക്കുകയും ക്വാട്ട നേടാന്‍ സ്വകാര്യ ഗ്രൂപ്പ് അസോസിയേഷനിലെ വമ്പന്മാര്‍ കച്ചമുറുക്കുകയും ചെയ്തപ്പോഴാണ് സുപ്രീം കോടതിയിലെ ഹജ്ജ് കേസില്‍ ജമാഅത്തെ ഇസ്‌ലാമി കക്ഷി ചേര്‍ന്നത്. പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് ജമാഅത്ത് ഹരജിയില്‍ മുന്നോട്ട് വെച്ചത്. ഒന്ന്, സ്വകാര്യ മേഖലയിലെ ക്വാട്ടയിലേക്ക് കൂടി സര്‍ക്കാര്‍ തന്നെ ഹാജിമാരെ നേരിട്ട് തെരഞ്ഞെടുക്കുക. തുടര്‍ന്ന് യാത്രയും താമസവുമൊക്കെ ഹാജിമാര്‍ക്ക് ഇഷ്ടപ്പെട്ട ട്രാവല്‍ ഏജന്‍സികള്‍ മുഖേനയാകാം. രണ്ട്, പുതിയ സംഘങ്ങള്‍ക്ക് സ്വകാര്യ ക്വാട്ട ലഭിക്കാതിരിക്കാന്‍ വേണ്ടിയുണ്ടാക്കിയ സ്വകാര്യ ഹജ്ജ് നയത്തിലെ വ്യവസ്ഥകള്‍ ജീവകാരുണ്യ സംഘടനകള്‍ക്ക് ബാധകമാക്കാതിരിക്കുക. ക്വാട്ട അനുവദിക്കുമ്പോള്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുക. കടുത്ത സാമ്പത്തിക ചൂഷണം അവസാനിപ്പിക്കാന്‍ വേണ്ടി വെച്ച ഈ ആവശ്യങ്ങള്‍ക്ക് നേരെ, പക്ഷേ, നമ്മുടെ ചില ട്രാവല്‍ ഏജന്‍സികളും മത സംഘടനാ പ്രതിനിധികളും പൊട്ടിത്തെറിക്കുകയായിരുന്നു.
ആ പൊട്ടിത്തെറിക്കലില്‍ നിന്ന് തന്നെ മനസ്സിലാക്കാം, ഇവരുടെ മകരകൊയ്ത്ത് നിലക്കുമെന്ന ആധിയാണ് അതിന്റെ പിന്നിലെന്ന്. എന്നാല്‍, സ്വകാര്യ ക്വാട്ടയുള്ള ട്രാവല്‍ ഏജന്‍സികളില്‍നിന്ന് ഭിന്നമായി ക്വാട്ട ലഭിച്ച മത സംഘടനകളും ഈ ഏജന്‍സികള്‍ക്കൊപ്പം ചേര്‍ന്നത് ദുഃഖകരമാണ്. ഈ കഴുത്തറുപ്പില്‍ തങ്ങളുടെ ക്വാട്ട വെച്ച് മത സംഘടനകളും ഹാജിമാരെ കുളിപ്പിച്ചുകിടത്തുന്നുണ്ട്. ഇത് മത സംഘടനകള്‍ക്ക് ചേര്‍ന്നതാണോ? വേട്ടക്കാരുടെ പക്ഷത്ത് നിലയുറപ്പിക്കാതിരിക്കാനുള്ള ആര്‍ജവമായിരുന്നു അവര്‍ക്കുണ്ടാവേണ്ടിയിരുന്നത്. അല്ലെങ്കില്‍ വേട്ടക്കാരായ ട്രാവല്‍ ഏജന്‍സികള്‍ അവരെയും വിലയ്‌ക്കെടുത്തിരിക്കുന്നു എന്നു വേണം കരുതാന്‍. ഹറാമായ പണം ഒഴുകിവരുന്നത് കണ്ടാല്‍ 'വേണ്ട' എന്നു പറയാന്‍ ആലിമീങ്ങള്‍ക്കും കഴിയാതെ വന്നിരിക്കുന്നു. ട്രാവല്‍ ഏജന്‍സികള്‍ വാങ്ങുന്ന അതേ തുക തന്നെ വാങ്ങാതെ, ചൂഷണ മുക്തമായൊരു ഹജ്ജ് മത സംഘടനകള്‍ക്ക് എന്തു കൊണ്ട് സംഘടിപ്പിച്ചുകൂടാ? ഈ സത്യം പറഞ്ഞതിന് ജമാഅത്തെ ഇസ്‌ലാമിക്ക് മേല്‍ കുതിര കയറാന്‍ ചന്ദ്രികയിലും വര്‍ത്തമാനത്തിലും പേരുമാറ്റി കത്തെഴുതിയിരിക്കുന്നു ഒരു പണ്ഡിതന്‍. സ്വന്തം പേരു വെച്ച് കത്തെഴുതാന്‍ എന്താണിത്ര പേടി? അവാസ്തവങ്ങളുടെ പൊടിപൂരമാണ് അതിന്റെ ഉള്ളടക്കം.
സ്വകാര്യ ഹജ്ജ് നടത്തിപ്പില്‍ കടുത്ത ചൂഷണമുണ്ടെന്ന സത്യം കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക് നേരത്തെ തന്നെ ബോധ്യമായതാണ്. ഈ പ്രശ്‌നത്തില്‍ 2012 ജൂണില്‍ വകുപ്പ് മ്ര്രന്തി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത മുസ്‌ലിം സംഘടനാ നേതാക്കളുടെ യോഗം 'സ്വകാര്യ ഓപ്പറേറ്റര്‍മാരെ കര്‍ശനമായി നിയന്ത്രിക്കണമെന്ന്' ആവശ്യപ്പെട്ടതുമാണ്. മന്ത്രി മഞ്ഞളാംകുഴി അലി, വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ സൈതാലിക്കുട്ടി, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, സംഘടനാ പ്രതിനിധികളായ കെ.പി.എ മജീദ്, പ്രഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ഡോ. ഹുസൈന്‍ മടവൂര്‍, ടി.പി അബ്ദുല്ലക്കോയ മദനി, ടി. ആരിഫലി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി എന്നിവരും പങ്കെടുത്തിരുന്നു ആ യോഗത്തില്‍. അതിലപ്പുറം ജമാഅത്തെ ഇസ്‌ലാമി ഇക്കാര്യത്തില്‍ കൂടുതലായൊന്നും പറഞ്ഞിട്ടില്ല.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം ഈ വര്‍ഷം ജനുവരി 15-ന് കേന്ദ്ര സര്‍ക്കാര്‍ കോടതിക്കു സമര്‍പ്പിച്ച സ്വകാര്യ ഹജ്ജ് നയത്തിന്റെ കരട് രൂപപ്പെടുത്തിയേടത്തുമുണ്ട് തമാശകള്‍. സ്വകാര്യ ക്വാട്ട ലഭിക്കാതെ വന്ന ഗ്രൂപ്പുകള്‍ വിവിധ കോടതികളില്‍ കേസ് സമര്‍പ്പിച്ചപ്പോള്‍, അവ ഒന്നിച്ച് പരിഗണിച്ചാണ് സുപ്രീംകോടതി സ്വകാര്യ ഹജ്ജ് ക്വാട്ടക്ക് സമഗ്ര ഹജ്ജ് നയം എന്ന ഒരാവശ്യം കേന്ദ്ര സര്‍ക്കാറിനു മുമ്പാകെ വെച്ചത്. അതുപ്രകാരം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഹജ്ജ് സെല്ലിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘം കരടു നയം തയാറാക്കി, അംഗീകൃത സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളുടെ അസോസിയേഷനുകള്‍ക്ക് അഭിപ്രായമറിയിക്കാന്‍ അയച്ചുകൊടുത്തേടത്തുനിന്ന് തുടങ്ങുന്നു ഈ തമാശ. കോഴിയെ പറ്റി കുറുക്കനോട് അഭിപ്രായം തേടിയാല്‍ അതിനെ പെട്ടെന്ന് വിഴുങ്ങാനും, മറ്റൊരാള്‍ക്കും അതിന്റെ തൂവല്‍ പോലും കിട്ടാതിരിക്കാനുമുള്ള സൂത്രമല്ലേ കുറുക്കന്‍ പ്രയോഗിക്കുക. സ്വകാര്യ ഹജ്ജ് നയം രൂപപ്പെടുത്തിയത് സര്‍ക്കാറല്ല, കൊമ്പന്മാരായ സ്വകാര്യ ഗ്രൂപ്പുകള്‍ തന്നെയാണെന്ന് വ്യാപകമായ ആക്ഷേപമുണ്ടായത് അതിനാലാണ്. പ്രസ്തുത കരടിന്റെ കാലാവധി 2013 മുതല്‍ 2017 വരെയുള്ള അഞ്ചു വര്‍ഷത്തേക്കാണെന്നും അതില്‍ പറഞ്ഞിരിക്കുന്നു. അതായത് അഞ്ചു വര്‍ഷത്തേക്കെങ്കിലും ഈ നയം ഒരാള്‍ക്കും ഇളക്കാന്‍ കഴിയരുതെന്ന്!
പുതിയ ഗ്രൂപ്പുകള്‍ക്ക് 50 വീതം ക്വാട്ട ലഭിക്കുമ്പോള്‍ അവരിലെ നാലു പേര്‍ ഒരു ഗ്രൂപ്പായി മാറി, 200 പേര്‍ക്കുള്ള താമസ കെട്ടിടം മക്കയിലും മദീനയിലും എടുക്കണം എന്ന് ഇടക്ക് നിയമമുണ്ടാക്കി. ക്വാട്ട 50 എണ്ണം കിട്ടിയവര്‍ക്ക് അത്ര കുറഞ്ഞ അളവുകൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല, പ്രസ്തുത 4 ക്വാട്ടക്കാര്‍ ഒന്നിച്ച് മറ്റൊരാള്‍ക്ക് മറിച്ചുവിറ്റാല്‍ മതി എന്ന് പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ. അതും സംഭവിച്ചതിന് സാക്ഷ്യങ്ങള്‍ ഏറെയുണ്ട്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്ക് സ്വാഭീഷ്ട പ്രകാരം വീതം വെക്കാന്‍ 5050 വീതം ക്വാട്ടയും മാറ്റിവെച്ചിരുന്നു. 2012 ജലൈയില്‍ വന്ന ഒരു സുപ്രീംകോടതി വിധി ഇത് ഓരോരുത്തര്‍ക്കും 300 ആക്കി വെട്ടിച്ചുരുക്കി. പുതിയ സ്വകാര്യ ക്വാട്ട അനുവദിക്കണമെങ്കില്‍ ഒരു കോടി അറ്റാദായം വേണമെന്നും ഓഫീസിന് 250 ചതുരശ്ര അടി വിസ്തീര്‍ണം വേണമെന്നും നിബന്ധനയും വന്നു(വരുത്തി). ഓഫീസിന് പ്രസ്തുത വലുപ്പം ഇല്ലാത്തതിനാല്‍ 170 സ്വകാര്യ ഹജ്ജ് ടൂര്‍ ഓപറേറ്റര്‍മാരുടെ ലൈസന്‍സ് 2011-ല്‍ വിദേശകാര്യ വകുപ്പ് റദ്ദാക്കിയതായും പത്രവാര്‍ത്തയുണ്ടായി. ഹജ്ജും ഓഫീസിന്റെ വിസ്തൃതിയും തമ്മിലെന്തു ബന്ധം എന്നാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ സുപ്രീംകോടതി ചോദിച്ചത്.
ചുരുക്കത്തില്‍ ഇന്ത്യയിലെ സ്വകാര്യ ഹജ്ജ് ക്വാട്ട കോടികള്‍ കൊയ്യാന്‍ വമ്പന്‍ ട്രാവല്‍സുകളും സ്ഥാപനങ്ങളും പിടിച്ചുവെച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാറിന്റെ സ്വകാര്യ ഹജ്ജ് നയം പൂര്‍ണമായും നിഷ്പക്ഷമായും പൊളിച്ചെഴുതാന്‍ മുസ്‌ലിം സമൂഹം പോര്‍ക്കളത്തിലിറങ്ങുകയാണ് രക്ഷ. ഇല്ലെങ്കില്‍ പാവനമായ ഒരു ആരാധനാ കര്‍മത്തെ കച്ചവടവത്കരിച്ച് നാശമാക്കുന്നതിനുള്ള മൗന സമ്മതമാവും നാം നല്‍കുന്നത്. സ്വകാര്യ മേഖലയിലെ ഹജ്ജിന്റെ കുത്തകവത്കരണം സമ്മതിക്കില്ലെന്ന സുപ്രീം കോടതി വിധിക്ക് അപ്പോഴാണ് അര്‍ഥം കൈവരിക. ജമാഅത്തെ ഇസ്‌ലാമി രാഷ്ട്രീയ സംഘടനയാണെന്ന് സുപ്രീം കോടതിയെ ധരിപ്പിച്ചാണ് ക്വാട്ട ലഭിക്കുന്നതില്‍ നിന്ന് കേരള മുസ്‌ലിം സര്‍വീസ് ട്രസ്റ്റിനെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരിക്കുന്നത്. ശുദ്ധ മതപരമായ ഒരു ആവശ്യത്തിന് അധികാരികളെ സമീപിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടിയെന്ന് വിധി. രാഷ്ട്രീയാവശ്യങ്ങള്‍ക്ക് സമീപിച്ചാല്‍ മത സംഘടനയെന്നും വിധി. വല്ലാത്തൊരു വിധിവൈപരീത്യം!

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍