Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

സോളിഡാരിറ്റിയുള്ള കേരളത്തിന് പത്ത് വയസ്സ് പൂര്‍ത്തിയാവുകയാണ്

പി.ഐ നൌഷാദ് / മുഹ്സിന്‍ പരാരി

സോളിഡാരിറ്റി പത്തുവര്‍ഷം പിന്നിടുന്നു. സംഘടനയുടെ പ്രസക്തിയെ സംബന്ധിച്ച അവകാശവാദങ്ങള്‍ ഉറക്കെ ആഘോഷിക്കുന്നതിനു പകരം അതിനെ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുന്നു. എന്തുകൊണ്ടാണ് ഇത്തരമൊരു പരിപാടി?
സോളിഡാരിറ്റി പ്രതിനിധാനം ചെയ്യുന്നത് വിശാലാര്‍ഥങ്ങളുള്ള ജനാധിപത്യത്തെയാണ്. ആന്തരിക വിമര്‍ശനങ്ങളും വിശകലനങ്ങളും മാത്രമല്ല ഒരു പ്രസ്ഥാനത്തെ ആശയപരമായി സമ്പന്നമാക്കുക. പൊതു സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ള പ്രതികരണങ്ങളില്‍ നിന്ന് കൂടിയാണ് അതിന് ഊര്‍ജം ലഭിക്കുന്നത്. തങ്ങളുടെ സംഘടനയെ കുറിച്ച് പൊതുസമൂഹത്തിന് ഒരു ചുക്കും അറിയില്ല എന്ന നിലപാട് ഒരു സംഘടനയുടെ തന്നെ പരാജയമാണ്. ജനങ്ങള്‍ക്ക് നന്നായി അടുത്തറിയാനും അനുഭവിക്കാനും കഴിയുന്ന വിധം സുതാര്യമാകുമ്പോള്‍ മാത്രമേ ഒരു പ്രസ്ഥാനത്തിന് ജനകീയ പ്രസ്ഥാനം എന്ന്് ആത്മവിശ്വാസത്തോടെ അവകാശപ്പെടാന്‍ സാധിക്കൂ. മാത്രമല്ല, അപ്പോള്‍ മാത്രമാണ് ജനാധിപത്യം എന്ന ആശയം സാര്‍ഥകമാവുന്നത്. ജനങ്ങളോട് ഉത്തരവാദിത്വബോധമുള്ള ഒരു സംഘടനക്ക്് നിരന്തരമായി അവരുടെ അഭിപ്രായങ്ങളറിഞ്ഞുകൊണ്ടല്ലാതെ നിലനില്‍ക്കാനാവില്ല. അവരോടുള്ള അളവില്ലാത്ത ഗുണകാംക്ഷയാണ് സംഘടനയുടെ നിലനില്‍പ്പിന്റെ ആന്തരിക പ്രേരകം എന്ന പൂര്‍ണ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ അത്തരമൊരു ഉദ്യമത്തിന് മുതിരാനും സാധിക്കുകയുള്ളൂ. നിക്ഷിപ്ത താല്‍പര്യക്കാരായ രാഷ്ട്രീയ മത കൂട്ടായ്മകള്‍ക്ക് സോഷ്യല്‍ ഓഡിറ്റിംഗ് ഒരു അത്ഭുതമായി തോന്നുമെന്ന് മാത്രമല്ല, അതിനു മുതിരുന്നത് തന്നെ നിലനില്‍പ്പിനെ അട്ടിമറിക്കുമെന്ന ഭയവും ഉണ്ടാവുക സ്വാഭാവികമാണ്. സോളിഡാരിറ്റിക്ക്, പക്ഷേ അത് സാധിച്ചുവെന്നത് സംഘടനയുടെ പ്രസക്തി തെളിയിച്ചിരിക്കുകയാണ്. വര്‍ധിച്ച ആത്മവിശ്വാസത്തോടെ സോളിഡാരിറ്റി കേരളത്തെ ഇനി സേവിക്കുകയും സംരക്ഷിക്കുകയും തന്നെ ചെയ്യും.

എന്തൊക്കെയാണ് സോഷ്യല്‍ ഓഡിറ്റിംഗില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍? അവയെ എങ്ങനെ കാണുന്നു?
ഏറെ സന്തോഷകരമായ അനുഭവമായിരുന്നു അത്. ശാസിച്ചും അഭിനന്ദിച്ചും വിമര്‍ശിച്ചും ഉയര്‍ന്നുവന്ന പ്രതികരണങ്ങള്‍ സോളിഡാരിറ്റിയില്‍ കേരളീയ പൊതു മനസ്സ് അര്‍പ്പിക്കുന്ന പ്രതീക്ഷയുടെ ദൃഷ്ടാന്തങ്ങളാണ്. തീര്‍ത്തും വിരുദ്ധമായ ധ്രുവങ്ങളില്‍ നിന്നുകൊണ്ടുള്ള വിശകലനങ്ങള്‍ അതിലുണ്ടായിരുന്നു. ചിലരുടെ പരാതി സോളിഡാരിറ്റിയുടെ മതാത്മകതയായിരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് സോളിഡാരിറ്റി മുസ്‌ലിം സാമുദായിക സ്വത്വം പ്രദര്‍ശിപ്പിക്കാത്തതായിരുന്നു. ചിലര്‍ക്ക് സോളിഡാരിറ്റി കൂടുതല്‍ മതേതരമാകണമെന്നായിരുന്നു ആവശ്യമെങ്കില്‍, മറ്റു ചിലര്‍ക്ക് സോളിഡാരിറ്റി കൂടുതല്‍ പ്രദര്‍ശനാത്മകമായ രീതിയില്‍ മതാത്മകമാവണമെന്നതായിരുന്നു നിര്‍ദേശം. മത സാമൂഹികതയുടെ ഒരു മികച്ച പ്രതിനിധാനമായി മാറാന്‍ സോളിഡാരിറ്റിക്ക് സാധിക്കുന്നുണ്ട് എന്നത് തന്നെയാണ് ഇത്തരം പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. സോളിഡാരിറ്റി ശൈലി കൊണ്ടോ സമീപനം കൊണ്ടോ സ്ത്രീവിരുദ്ധമല്ലെങ്കിലും സംഘടനയില്‍ സ്ത്രീ പങ്കാളിത്തമില്ലാത്തത് ജനാധിപത്യപരമായ വലിയ പിശകായി പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എല്ലാ വിമര്‍ശനങ്ങളും തികഞ്ഞ ആത്മാര്‍ഥതയോടെയും അര്‍ഹിക്കുന്ന ഗൗരവത്തോടെയും തന്നെയാണ് സോളിഡാരിറ്റി സ്വീകരിച്ചിരിക്കുന്നത്. തീര്‍ച്ചയായും പാകപ്പിഴകള്‍ തിരുത്തികൊണ്ടുള്ള സമീപനങ്ങള്‍ വരും കാലങ്ങളിലുണ്ടാവുക തന്നെ ചെയ്യും.

യൂത്ത് സ്പ്രിങ്ങ് എന്ന തലക്കെട്ടില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. യുവസംഘടനകള്‍ക്ക് അത്തരമൊരു പരിപാടി നടത്തിയ പരിചയമില്ല. അതേക്കുറിച്ച് ഒന്നു പരിചയപ്പെടുത്താമോ?
യുവസംസ്‌കാര(youth culture)ത്തെ കുറിച്ച് കേരളത്തില്‍ നിലനില്‍ക്കുന്ന രണ്ടു ധ്രുവങ്ങളിലുള്ള കൃത്രിമമായ നിര്‍മിതികളുണ്ട്. യുവ രാഷ്ട്രീയോര്‍ജത്തെ കുറിച്ച വ്യാജമായ ഗൃഹാതുരത്വവും മുതലാളിത്ത ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമായുള്ള ഉള്ളുപൊള്ളയായ ഉത്സവപരതയുമാണത്. രണ്ടും അപകടപരമായ രീതിയില്‍ അരാഷ്ട്രീയമായ നിലപാടുകളാണ്. അവയെ പൊളിച്ചു പണിത്്, യുവസംസ്‌കാരത്തിന്റെ മധ്യമവും വിപ്ലവകരവുമായ രൂപങ്ങളിലേക്ക് പുനര്‍നിര്‍വചിക്കാനുള്ള മഹത്തായ ഉദ്യമമാണ്, പത്താം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തുന്ന ഈ പരിപാടി. യുവത്വത്തിന്റെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷം തന്നെയാണ് ഇത്. യുവത്വം ഇടപെടുന്ന എല്ലാ ജീവമേഖലകളിലും സാധ്യമാകുന്ന വമ്പിച്ച തോതിലുള്ള ധാര്‍മികവും രാഷ്ട്രീയവുമായ ദൗത്യങ്ങളിലേക്ക് ഈ പരിപാടി വെളിച്ചം വീശും. തൊഴില്‍, സംരംഭകത്വം, കല, കുടുംബം, ആത്മീയത തുടങ്ങിയ മേഖലകളിലെല്ലാം ഉള്ള യുവ ജീവിതത്തെ സംബന്ധിച്ച വീക്ഷണങ്ങളിലേക്കുള്ള തുറന്ന അന്വേഷണമായിട്ടാണ് പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. വ്യക്തി എന്ന നിലക്കുള്ള യുവാവിന്റെ സമഗ്ര സവിശേഷതകളെ അഭിസംബോധന ചെയ്തിട്ടല്ലാതെ ഒരു യുവസംഘടനക്ക് സ്വയം നിലനില്‍ക്കാന്‍ ന്യായമില്ല. അവന്റെ / അവളുടെ സര്‍വമാന ക്രിയാത്മകതയെയും നന്മയുടെ ദിശയിലേക്ക് ചലിപ്പിക്കാന്‍ സാധിക്കുക എന്നതാണ് യുവസംഘാടനത്തെ കുറിച്ച സോളിഡാരിറ്റിയുടെ നയം. സോളിഡാരിറ്റിയുടെ രാഷ്ട്രീയം അറിയുന്നവര്‍ക്ക് അതിന്റെ ദിശയെ സംബന്ധിച്ച് യാതൊരു ആശങ്കയുമുണ്ടാവുകയില്ല. അരസികന്മാരായ, ആത്മാവിന് അകാല വാര്‍ധക്യം ബാധിച്ച, മുരടന്മാരായ വ്യാജ വിപ്ലവകാരികള്‍ക്ക് പകരം, സൗന്ദര്യബോധമുള്ള, സര്‍ഗാത്മക മൂലധനം വേണ്ടുവോളമുള്ള, സമഗ്രശേഷിയുള്ള യൗവനമാണ് വിപ്ലവത്തിന്റെ ചാലകശക്തികള്‍ എന്നാണ് യൂത്ത് സ്പ്രിംഗ് നല്‍കുന്ന സന്ദേശം.

സ്ത്രീ പങ്കാളിത്തം തീരെയില്ലാത്ത ഒരു സംഘടനയാണ് സോളിഡാരിറ്റി എന്നത് ഒരു യാഥാര്‍ഥ്യമല്ലേ? മുരട്ടു തത്ത്വവാദങ്ങള്‍ കൊണ്ട് ഒഴിഞ്ഞു മാറാനാകുമോ? സ്ത്രീകള്‍ക്ക് ഇടമില്ലാതെ എന്ത് യുവസംസ്‌കാരം?
പ്രാഥമികമായി മനസ്സിലാക്കേണ്ട സാങ്കേതികമായ ഒരു കാര്യം സോളിഡാരിറ്റി ഒരു സമഗ്ര പ്രസ്ഥാനമല്ല എന്നതാണ്. അത് സ്ഥാപിക്കപ്പെടുന്നത് തന്നെ യുവാക്കളായ പുരുഷന്മാരെ സംഘടിപ്പിക്കാനാണ്. ആശയതലത്തിലോ പ്രയോഗത്തിലോ സ്ത്രീവിരുദ്ധമായ കാഴച്പ്പാടുകള്‍ ഇല്ലാത്ത ഒരു കൂട്ടായ്മയില്‍ നിന്നും രൂപപ്പെട്ടതുകൊണ്ട് തന്നെ വ്യക്തിപരമായ പെരുമാറ്റത്തിലോ സംഘടനാപരമായ ശൈലിയിലോ ആശയങ്ങളിലോ സോളിഡാരിറ്റി സ്ത്രീ വിരുദ്ധമാവുന്നുമില്ല. അതേ സമയം തന്നെ ഞങ്ങള്‍ക്ക് തിരിച്ചറിവുള്ള ഒരു മറുവശമുണ്ട്. അതായത്, രൂപീകരിക്കുമ്പോള്‍ തന്നെ ശാസ്ത്രീയമായ രീതിയില്‍ സ്ത്രീ പങ്കാളിത്തം സാധിച്ചിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ മാത്രമല്ല, സ്ത്രീകളുടെ പൊതുചരിത്രത്തില്‍ തന്നെ മറ്റൊരു അധ്യായം കുറിക്കാന്‍ ഈ സംഘടനക്ക് കരുത്തുണ്ടായിരുന്നു. ഒരു പക്ഷേ, കേരളത്തിന്റെ സാമൂഹിക ഘടനയുടെ ജനിതക ദൗര്‍ബല്യങ്ങളുടെ ഭാഗമായി തന്നെയുണ്ടായ നിസ്സഹായാവസ്ഥകളായിരിക്കാം ഇങ്ങനെ ഈ പ്രസ്ഥാനത്തെ പരിമിതപ്പെടുത്താന്‍ ഇടയാക്കിയത്. ആ പരിമിതികളില്‍ നിന്ന്, മൗലികമായ അര്‍ഥത്തില്‍ ഇവിടത്തെ ഒരു പ്രസ്ഥാനവും മുക്തമല്ല എന്നതാണ് യാഥാര്‍ഥ്യം. എത്ര തന്നെ പ്രകടനപരത അവര്‍ കാണിച്ചാലും മൗലികമായ സ്ത്രീ പങ്കാളിത്തം നമുക്ക് കാണാന്‍ സാധിക്കുകയില്ല. പക്ഷേ, അത്തരം ന്യായം പറഞ്ഞ് അതില്‍ നിന്ന് മാറിനില്‍ക്കാന്‍ നമുക്കാവില്ല. ജനനന്മയെ ലക്ഷ്യം വെച്ച്, സ്ത്രീശക്തിയില്‍ നിലനില്‍ക്കുന്ന വമ്പിച്ച മാനുഷികോര്‍ജത്തെ ലഭ്യമാക്കാനാവശ്യമായ കൂട്ടായ നടപടികള്‍ എല്ലാവരില്‍ നിന്നും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോളിഡാരിറ്റിയുടെ മാതൃപ്രസ്ഥാനം അതിനുള്ള ശ്രമങ്ങളില്‍ ചരിത്രപരമായ മുന്നോട്ടുപോക്കുകള്‍ നടത്തുന്നത് കേരളത്തിന് അറിയുന്ന കാര്യമാണ്. അത് ഇനിയും ഏറെ മുന്നോട്ടു പോകാനുമുണ്ട്.

കഴിഞ്ഞ പ്രവര്‍ത്തന കാലയളവില്‍ സോളിഡാരിറ്റി നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് കുടിവെള്ള പദ്ധതിയും പശ്ചിമ കൊച്ചിയിലെ സേവന പ്രവര്‍ത്തനങ്ങളും. എങ്ങനെയാണ് ഇത്ര ഭാരിച്ച പദ്ധതികള്‍ ഏറ്റെടുക്കാനാവുന്നത്്?
സോളിഡാരിറ്റിയില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു വലിയ ജനവിഭാഗത്തിന്റെയും അവരുടെ സംയുക്ത ഉദാരതയുടെയും (collective generosity) പിന്‍ബലത്തിലാണ് ഇത്തരം മഹത്തായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ ധൈര്യം ലഭിക്കുന്നത്. സോളിഡാരിറ്റി ഇരകളാക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും പ്രതീക്ഷയാകുന്നത്, ഇവിടത്തെ ജനങ്ങളുടെ നീതിബോധത്തിന്റെയും ധാര്‍മികബോധത്തിന്റെയും ചാലകശക്തികളായിക്കൊണ്ടാണ്. സാഹോദര്യബോധത്തിലൂന്നിയ സമഗ്രക്ഷേമത്തെ സംബന്ധിച്ച് സ്വപ്നം പേറുന്ന ഒരു സംഘം എന്ന നിലക്ക് വലിയ സേവന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് അതിന്റെ ജനിതക ഗുണം തന്നെയാണ്. സേവനം സമരമാണ് എന്ന മുദ്രവാക്യം സോളിഡാരിറ്റി ആവര്‍ത്തിച്ച് വിളിക്കുന്നത് കേട്ട് മനഃപാഠമാക്കിയവരാണ് മലയാളികള്‍. സേവന പ്രവര്‍ത്തനങ്ങള്‍ക്ക് വികസന മാതൃകകളായി രൂപാന്തരപ്പെടുത്തുന്ന സമീപനമാണ് സോളിഡാരിറ്റി സ്വീകരിക്കുന്നത്. കുടിവെള്ള പദ്ധതി കേരളത്തിന്റെ ജലക്ഷാമത്തിനും വെള്ളത്തിന്റെ സ്വകാര്യവത്കരണത്തിനുമെതിരെയുള്ള സര്‍ഗാത്മക പ്രതിരോധമാണ്.

ഇടതുപക്ഷ ചട്ടക്കൂട് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനം ആണ്്് സോളിഡാരിറ്റി എന്ന്് വിമര്‍ശനമുണ്ടല്ലോ. പ്രത്യേകിച്ച് കീഴാള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഈ ആശങ്ക പങ്കുവെക്കുന്നുണ്ട്.
തെറ്റായ ഒരു ആരോപണമാണത്. എന്നു മാത്രമല്ല തീരെ സൂക്ഷ്മതയില്ലാത്ത വിശകലനവുമാണ്. കാരണം, സോളിഡാരിറ്റിയുടെ രൂപീകരണത്തിന് ഹേതുവാകുന്നവിധം, തൊണ്ണൂറുകള്‍ തൊട്ട് മുസ്‌ലിം യുവമനസ്സുകളെ സംഘര്‍ഷഭരിതമാക്കിയ, രാഷ്ട്രീയ വംശീയതയുടെ ദേശീയവും ആഗോളവുമായ ഒരുപാട് അനുഭവശേഖരങ്ങളെ ഈ വിമര്‍ശകര്‍ തിരിച്ചറിയേണ്ടതുണ്ട്. ആ ആന്തരിക പ്രക്ഷുബ്ധതകളുടെ ആവിഷ്‌കാരങ്ങളുടെയും പ്രതികരണങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് സ്വയം പ്രകാശനത്തിന്റെ പുതിയ അധ്യായമായി സോളിഡാരിറ്റിയെ പോലുള്ള നിര്‍മാണാത്മക പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നത്. അതുകൊണ്ട് തന്നെ ഈ പ്രസ്ഥാനത്തിന്റെ ഉത്ഭവം തന്നെ കീഴാള രാഷ്ട്രീയത്തിന്റെ പരിസരങ്ങളോട് താദാത്മ്യപ്പെടുന്നതാണ് എന്ന് കാണാവുന്നതാണ്. പുരോഗമന മതേതതരത്വം സൃഷ്ടിച്ച മൂല്യബോധമാണ് ആ സംഘര്‍ഷത്തെ തീവ്രമാക്കിയത് എന്നത് തന്നെ ഇടതുപക്ഷ സാംസ്‌കാരിക മൂലധനത്തോട് അതിന് എത്ര ഇടയേണ്ടിവരുന്നു എന്നതിന്റെ തെളിവാണ്. പിന്നെ, സാമ്രാജ്യത്വത്തോടും ചൂഷണപരമായ മേധാവിത്വത്തോടുമുള്ള കലഹം ഇസ്‌ലാമിന്റെ പൈതൃകത്തില്‍ നിന്നാണ് സോളിഡാരിറ്റി സ്വാംശീകരിച്ചിരിക്കുന്നത് എന്നത് ചരിത്രബോധമുള്ളവര്‍ക്ക് മനസ്സിലാകും.

പക്ഷേ, മുസ്‌ലിംകള്‍ സമുദായം എന്ന നിലക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ സോളിഡാരിറ്റി പരിഗണിക്കാറുണ്ടോ?
ഞാന്‍ നേരത്തെ പറഞ്ഞുവെച്ചതില്‍ തന്നെ അതിനുള്ള ഉത്തരത്തിന്റെ ഒരു അംശമുണ്ട്. മറ്റൊരു കാര്യം കൂടി ചേര്‍ത്ത് വായിക്കേണ്ടത്, മുസ്‌ലിം സമൂഹത്തിന്റെ സംഘടിത പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ഭാവുകത്വത്തെ തന്നെ മാറ്റിപ്പണിതത് സോളിഡാരിറ്റിയാണ് എന്നതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സമുദായത്തികത്തുണ്ടായ പരിണാമങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകും. മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ വിശകലനവും പരിഹാരവും മനുഷ്യാവകാശത്തിന്റേയും ഭരണഘടനാദത്തമായ അവകാശ നിഷേധത്തിന്റേയും തലങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കുകയായിരുന്നു സോളിഡാരിറ്റി.
ഈ പ്രവര്‍ത്തനകാലയളവില്‍ സോളിഡാരിറ്റി അതിന്റെ ഏറ്റവും വലിയ അളവ് സാമ്പത്തികോര്‍ജവും മാനുഷികോര്‍ജവും ചെലവഴിച്ചത് മുസ്‌ലിംകള്‍ക്കെതിരായുള്ള വംശീയമായ ഭരണകൂട അക്രമത്തിനെതിരായാണ്. മഅ്ദനിയെപോലുള്ള രാഷ്ട്രീയ വ്യക്തികളുടെതെന്ന പോലെ, സകരിയയെ പോലുള്ള സാധാരണക്കാരുടെയും സ്വാതന്ത്ര്യത്തിനും നീതിക്കുമുള്ള അവകാശത്തിനായി സോളിഡാരിറ്റി ഊര്‍ജം ചെലവഴിക്കുന്നത് മേല്‍പറഞ്ഞ രാഷ്ട്രീയത്തിന്റെ തന്നെ ഭാഗമാണ്. മലബാര്‍ നേരിടുന്ന അവഗണനയേയും സാമുദായിക/പ്രാദേശികവാദത്തിന്റെ പരിമിതികളെ ഭേദിച്ചുകൊണ്ടാണ് പൊതുമണ്ഡലത്തില്‍ സോളിഡാരിറ്റി അവതരിപ്പിച്ചത്. അതോടൊപ്പം, കേരളീയ ഭരണകൂട സംവിധാനത്തിന്റെ കേവല ക്ലെറിക്കല്‍ അപാകതകളല്ല, വംശീയ മനോഘടനയും ദേശ അപരവത്കരണവും ആണ് അതിന്റെ കാരണമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് തന്നെയാണ് സോളിഡാരിറ്റി ആ അവകാശ സമരത്തെ ഏറ്റെടുക്കുന്നത്. മുന്‍പത്തെ ചോദ്യത്തിലേക്ക് ചേര്‍ത്ത് പറയട്ടെ, സോളിഡാരിറ്റിയുടെ ഇടപെടലിന്റെ മാനദണ്ഡങ്ങള്‍ മനസ്സിലാക്കാന്‍ ഇടതുപക്ഷ ചട്ടക്കൂടോ, കീഴാള രാഷ്ട്രീയത്തിന്റെ ചട്ടക്കൂടോ പരമ്പരാഗത മതാത്മകതയോ പര്യാപ്തമല്ല. അതുകൊണ്ട് അതിനെ ഏതെങ്കിലും കള്ളിക്കുള്ളിലൊതുക്കി ലഘൂകരിക്കാനാവില്ല.

സോളിഡാരിറ്റി സ്ഥിരമായി നേരിടുന്ന പഴഞ്ചന്‍ വിമര്‍ശനമാണല്ലോ അതിന്റെ 'മതമൗലികവാദ' പരമായ വേരുകള്‍. സോളിഡാരിറ്റിയെ ആളുകള്‍ ഇപ്പോഴും സന്ദിഗ്ധതയോടെ തന്നെയാണോ സ്‌നേഹിക്കുന്നത്?
ശരിയാണ്. സോളിഡാരിറ്റിക്ക് നന്നായി അറിയുന്ന ഒരു കാര്യമാണ്, ആളുകളുടെ അതിനോടുള്ള സമീപനത്തില്‍ സ്‌നേഹവും സംശയവും സമ്മിശ്രമായി കാണപ്പെടുന്നു എന്നത്. പക്ഷേ, എങ്കിലും തുടങ്ങിയ പ്രയോഗങ്ങള്‍ ചേര്‍ത്തിട്ടല്ലാതെ സോളിഡാരിറ്റിയെ അഭിനന്ദിക്കാന്‍ പലര്‍ക്കും കഴിയാതെ പോകുന്നത് ഇക്കാരണത്താലാണ്. മത സാമൂഹികതയോടുള്ള വിപ്രതിപത്തിയും, ഇസ്‌ലാമിക രാഷ്ട്രീയത്തെ സംബന്ധിച്ച സമുദായത്തിനകത്തും പൊതു സമൂഹത്തിലും നിലനില്‍ക്കുന്ന വമ്പിച്ച തോതിലുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും ഒക്കെയാണ് ഇതിന്റെ കാരണം. ഇടതുപക്ഷ പൊതുബോധത്തിലൂന്നിയ ഒരു സാമൂഹിക മനശ്ശാസ്ത്രത്തിന്റെ രോഗമായാണ് ഒന്നാമത്തെ പ്രവണതയെ സോളിഡാരിറ്റി കാണുന്നത്. അത് വ്യത്യസ്തതകളോടുള്ള അസഹിഷ്ണുതയും വിശാല രാഷ്ട്രീയബോധത്തിന്റെ കുറവുമാണ്. പക്ഷേ, രണ്ടാമത്തെ പ്രശ്‌നവും അടിസ്ഥാനപരവും അടിയന്തര പരിഗണന ആവശ്യമായതുമാണ്. പൊതുമനസ്സില്‍ വേരുറച്ച വാര്‍പ്പുമാതൃകകളെ അട്ടിമറിക്കുന്ന വിധത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയത്തെ സുതാര്യമാക്കുന്ന ആഖ്യാനങ്ങള്‍ ഉണ്ടാവുമ്പോഴേ അത് പരിഹരിക്കപ്പെടുകയുള്ളൂ. ആ തരത്തില്‍ വിശാലതയുള്ളതും സഹിഷ്ണുതയുള്ളതുമായ ഒരു അക്കാദമിക സംസ്‌കാരം പടുത്തുയര്‍ത്തുക എന്നതാണ് അതിനുള്ള വഴി. അത് ജനാധിപത്യത്തിന്റെ സാക്ഷാത്കാരത്തിന് അനിവാര്യവുമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍