മഹാരാഷ്ട്ര സര്‍ക്കുലറിന്റെ മാനങ്ങള്‍
ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ (ജി.ഐ.ഒ) പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര സ്‌പെഷ്യല്‍ ബ്രാഞ്ച് മേധാവി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലേക്കയച്ച സര്‍ക്കുലര്‍ തികച്ചും അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണെന്ന് ആ സംഘടനയെയും അതിന്റെ മാതൃസംഘടനയായ ജമാഅത്തെ ഇസ്‌ലാമിയെയും നേരിട്ടു മനസ്സിലാക്കിയിട്ടുള്ള എല്ലാവര്‍ക്കും നന്നായിട്ടറിയാം. പോലീസ് നിരീക്ഷണം വഴി തങ്ങള്‍ക്കെതിരെ വല്ല കുറ്റവും കണ്ടെത്തിക്കളയുമെന്ന് ജി.ഐ.ഒവിനോ മാതൃ സംഘടനക്കോ ഒട്ടും ഭയമില്ല. അഥവാ വല്ലതും ആരോപിക്കപ്പെട്ടാല്‍ തന്നെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന നല്ല ഉറപ്പുമുണ്ട്. പ്രശ്‌നം അതൊന്നുമല്ല. ഈ സര്‍ക്കുലറിന്ന് അതിനൊക്കെ അപ്പുറം ദേശീയ ഐക്യവുമായും പൗരസ്വാതന്ത്ര്യവുമായും ബന്ധപ്പെട്ട ഗൗരവമാര്‍ന്ന മാനങ്ങളുണ്ട്. ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്‍കിയിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും എതിരെ ഉയര്‍ത്തപ്പെടുന്ന കടുത്ത വെല്ലുവിളിയാണിത്. നിയമവിധേയമായും സമാധാനപരമായും സാമൂഹിക സേവനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയെ അടിസ്ഥാനരഹിതമായി തീവ്രവാദം പോലുള്ള ഗുരുതരമായ ആരോപണങ്ങളുടെ കരിനിഴലില്‍ തള്ളി അപകീര്‍ത്തിപ്പെടുത്തുന്നത് അത്യന്തം ഗര്‍ഹണീയമായ നടപടിയാണ്. ഈ അന്യായത്തിനെതിരെ മഹാരാഷ്ട്ര ജമാഅത്ത് നേതൃത്വം സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി നാവല്‍ ബാജാജിനോട് പരാതിപ്പെടുകയുണ്ടായി. സര്‍ക്കുലറിന്റെ അനൗചിത്യം തുറന്നു സമ്മതിക്കുന്നതിനുപകരം അത് ചോര്‍ന്ന് വാര്‍ത്തയായതില്‍ ഖേദം പ്രകടിപ്പിക്കുകയാണദ്ദേഹം ചെയ്തത്. കേരളത്തില്‍ ഇമെയില്‍ വിവാദമുണ്ടായപ്പോള്‍ 258 മുസ്‌ലിംകളെ നിരീക്ഷണ വിധേയരാക്കിയതിലല്ല, ആ വിവരം ചോര്‍ന്നതിലാണല്ലോ പോലീസ് വെപ്രാളപ്പെട്ടത്. തങ്ങള്‍ക്ക് അപകീര്‍ത്തികരമായ പോലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനാലോചിക്കുകയാണ് സംഘടന.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സംബന്ധിച്ച് എന്തുപച്ചക്കള്ളം കെട്ടിച്ചമച്ചാലും ബഹുജനം അണ്ണാക്കു തൊടാതെ വിഴുങ്ങുന്ന ഒരന്തരീക്ഷം ചില വൈദേശിക ശക്തികളും ഇന്ത്യന്‍ മാധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. ഈ അന്തരീക്ഷം തന്നെയാവാം ഐ.ബിയെയും മഹാരാഷ്ട്ര സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ഇത്തരമൊരു കുത്സിത വേലക്കു ധൃഷ്ടരാക്കിയത്. ബുര്‍ഖ ധരിച്ച സ്ത്രീകള്‍ തോക്കേന്തിയ ചിത്രസഹിതമാണ് ശിവസേനയുടെ മുഖപത്രമായ 'സാമ്‌ന' സര്‍ക്കുലര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ചില ഉത്തരേന്ത്യന്‍ പത്രങ്ങളുടെ ഭാഷയില്‍ ജി.ഐ.ഒ ജിഹാദി സംഘടനയാണ്. എന്നുവെച്ചാല്‍ തീവ്രവാദി ഭീകര സംഘടന. മുസ്‌ലിം യുവതികളെ ജിഹാദിലേക്ക് റിക്രൂട്ട് ചെയ്യുകയാണവരുടെ ജോലി. ഈ റിക്രൂട്ടിംഗ് നടക്കുന്നതെങ്ങനെയാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ സര്‍ക്കുലര്‍ വിശദീകരിക്കുന്നുണ്ട്. ഇസ്‌ലാമികാചാരങ്ങളെ ആദരിക്കാന്‍ പ്രേരിപ്പിക്കുക. ഖുര്‍ആന്‍ പഠിപ്പിച്ച് അതിലെ നിയമങ്ങള്‍ അനുസരിപ്പിക്കുക. പര്‍ദ ധരിക്കാന്‍ പ്രേരിപ്പിക്കുക. ശാസ്ത്ര വിഷയങ്ങളില്‍ തല്‍പരരായ വിദ്യാര്‍ഥിനികളെ ഇസ്‌ലാം പഠിപ്പിക്കുക. ഇങ്ങനെ മുസ്‌ലിം സ്ത്രീകളെ മതാന്ധകളാക്കാന്‍ സാധ്യമാകുന്ന എല്ലാ തന്ത്രങ്ങളും ജി.ഐ.ഒ പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഇപ്പറഞ്ഞതെല്ലാം ശരിയാണെന്നുവെച്ചാല്‍പോലും ഒരു സംഘടനക്കെതിരെ തീവ്രവാദവും രാജ്യദ്രോഹവും സംശയിക്കാനുള്ള ന്യായമാകുമോ? സര്‍ക്കുലര്‍ വാര്‍ത്ത പ്രാധാന്യത്തോടെ റിപ്പോര്‍ട്ടു ചെയ്ത ടൈംസ് ഓഫ് ഇന്ത്യയുടെ ലേഖകനുപോലും അത് ബോധ്യപ്പെടുന്നില്ല. അദ്ദേഹം ഐ.ബി മേധാവി സഞ്ജയ്ഷിന്റെയോടു ചോദിച്ചു: ''ഒരു സംഘടന മതപ്രബോധനം നടത്തുന്നത് നിയമവിരുദ്ധമാണോ? അതോ, ജി.ഐ.ഒവിനെതിരെ വല്ല കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?'' ''അതൊന്നുമില്ല, എങ്കിലും ഞങ്ങളവരെ നിരീക്ഷിച്ചുകൊണ്ടിരിക്കും'' എന്നായിരുന്നു ഷിന്റെയുടെ മറുപടി. ഒരു മാസക്കാലമായി തങ്ങള്‍ നടത്തി വരുന്ന അന്വേഷണത്തില്‍ ജി.ഐ.ഒ തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിന് ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി നാവല്‍ ബജാജും പറയുന്നു.
ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെ നടക്കുന്ന മസ്തിഷ്‌ക യുദ്ധത്തിന്റെ ഭാഗമാണിത്. ലോക ദൃഷ്ടിയില്‍ മുസ്‌ലിംകളെ വികൃതമായി ചിത്രീകരിക്കാനും വെറുക്കപ്പെട്ട സമൂഹമാക്കി മാറ്റാനുമുള്ളതാണീ യുദ്ധം. 'ഇസ്‌ലാമിന്റേത് ഹിംസാത്മക ജീവിതദര്‍ശനം, ഖുര്‍ആന്‍ മനുഷ്യവിരുദ്ധ പ്രമാണങ്ങളുടെ സമാഹാരം, ജിഹാദ് പുണ്യത്തിനു വേണ്ടിയുള്ള പരജനഹത്യ'. ഈവിധമുള്ള ഇസ്‌ലാം ദൂഷണം സിയണിസം അതിന്റെ ആവിര്‍ഭാവം തൊട്ടാരംഭിച്ചതാണ്. 9/11 നുശേഷം ഈ ദുഷ്പ്രചാരണം ആഗോളതലത്തില്‍ വമ്പിച്ച ശക്തിനേടി. ഇസ്‌ലാംവിരുദ്ധ സംഘങ്ങളും സമുദായങ്ങളും സര്‍ക്കാറുകളുമെല്ലാം അതേറ്റെടുക്കാന്‍ അഹമഹമികയാ മുന്നോട്ടുവന്നു. ഈ സംരംഭത്തിന് മഹാരാഷ്ട്ര സ്‌പെഷ്യല്‍ ബ്രാഞ്ചും ഐ.ബിയും ചേര്‍ന്ന് അര്‍പ്പിക്കുന്ന സേവനമാണ് ജി.ഐ.ഒ വിരുദ്ധ സര്‍ക്കുലര്‍. തെളിവൊന്നും വേണ്ട; ആരോപണങ്ങളങ്ങ് അഴിച്ചുവിട്ടാല്‍ മതി. സാഹചര്യം അതിനെ ജനമനസ്സിലുറപ്പിച്ചുകൊള്ളും. കാലങ്ങള്‍ക്കുശേഷം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടാലും ജനങ്ങളുടെ മൈന്റ്‌സെറ്റ് മാറുകയില്ല. കലാപം പോലുള്ള അവസരങ്ങള്‍ ലഭിക്കുമ്പോള്‍ അതു നന്നായി പ്രവര്‍ത്തിച്ചുകൊള്ളും.
ഉത്തരവാദപ്പെട്ട കേന്ദ്രങ്ങളുടെ ഇത്തരം ദ്രോഹങ്ങള്‍ ഇന്ന് മുസ്‌ലിം സമൂഹം പൊതുവില്‍ മനസ്സിലാക്കിവരുന്നു എന്നത് ആശ്വാസദായകമായ കാര്യമാണ്. ഖുര്‍ആനിനും ഇസ്‌ലാമിനുമെതിരെയുള്ള പരോക്ഷമായ ആക്രമണമായി അവരതിനെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ജി.ഐ.ഒ ഒരു പ്രതീകം മാത്രമാണ്. എല്ലാം മുസ്‌ലിം സംഘടനകളും സ്ഥാപനങ്ങളുമാണ് യഥാര്‍ഥ ലക്ഷ്യം. മുസ്‌ലിം സമുദായത്തിന്റെ അഭിമാനവും ആത്മവീര്യവും കര്‍മശേഷിയും തകര്‍ക്കാന്‍ ഏതൊക്കെ ദിശകളിലൂടെ നീക്കം നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണിത്. മുസ്‌ലിം സമൂഹം ഒന്നിച്ചു നേരിടേണ്ടതാണീ സ്ഥിതിവിശേഷം. ഇല്ലെങ്കില്‍ രാജ്യത്തെ മുസ്‌ലിം കൂട്ടായ്മകള്‍ ഒന്നൊന്നായി നിഷ്‌ക്രിയമാക്കപ്പെട്ടുകൊണ്ടിരിക്കും.
നടേ സൂചിപ്പിച്ചപോലെ രാജ്യത്തെ സാമുദായിക സൗഹാര്‍ദത്തിന്റെയും ദേശീയോദ്ഗ്രഥനത്തിന്റെയും കൂടി പ്രശ്‌നമാണിത്. വ്യത്യസ്ത സമുദായങ്ങളുടെ പരസ്പര വിശ്വാസത്തിലൂടെയും സഹോദര ഭാവനയിലൂടെയും മാത്രമേ ദേശീയോദ്ഗ്രഥനം യാഥാര്‍ഥ്യമാകൂ. സമുദായങ്ങള്‍ക്കിടയില്‍ അവിശ്വാസവും സംശയവും സ്പര്‍ധയും വളര്‍ത്തുന്ന ഏതു നടപടിയുടെയും ഫലം ദേശീയ ശിഥിലീകരണം മാത്രമായിരിക്കും. സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നുതന്നെ അത്തരം നീക്കങ്ങളുണ്ടാകുന്നത് കൂടുതല്‍ അപകടകരവും അപലപനീയവുമാകുന്നു.
Comments