യൂത്ത് സ്പ്രിംഗ് / ആവിഷ്കാരങ്ങളുടെ ആഘോഷം
2013 മെയ് 17,18,19 തീയതികളില്‍ കോഴിക്കോട് ചെറുപ്പത്തിന്റെ മറ്റൊരു വസന്തത്തിന് ഒരുങ്ങുകയാണ്. കേരളത്തിലെ യുവത്വത്തിന്റെ പ്രസരിപ്പും ക്രയശേഷിയും സമരോത്സുകതയും തിരിച്ചുപിടിച്ച പത്ത് വര്‍ഷങ്ങളാണ് സോളിഡാരിറ്റിയുടെ ഈ വസന്തകാലത്തിന് കരുത്തേകുന്നത്. കേരളത്തിലെ ഒട്ടുമിക്ക സാംസ്‌കാരിക വിശാരദന്മാരും തെരുവിലെ 'അരാഷ്ട്രീയ' യുവത്വത്തില്‍ മനം നൊന്ത് യുവത്വത്തെ കാണ്‍മാനില്ലെന്ന് പരിതപിച്ച് പരതി നടക്കുന്ന രാഷ്ട്രീയ അന്ധതയെ തന്നെ ചോദ്യം ചെയ്യുന്ന ചെറുപ്പമാണ് ഇവിടെ പല വഴികളിലൂടെ സംഗമിക്കുന്നത്. 'മഹത്തായ' എഴുപതിന്റെയും എണ്‍പതിന്റെയും ഗൃഹാതുര വരേണ്യ രാഷ്ട്രീയത്തിന്റെ ക്ഷുഭിത യൗവ്വനമാണ് കേരളത്തിന്റെ യുവത്വമെന്ന് തീര്‍പ്പ് കല്‍പിക്കപ്പെട്ടിരിക്കുന്നു. അതിനപ്പുറത്ത് വികസിച്ച് വന്ന ഒന്നിനെയും കാണാതെ അന്ധത നടിക്കാനും കേരളത്തിന്റെ പൊതുബോധം അതീവ ജാഗ്രത പാലിക്കുകയും ചെയ്യുന്നു. യുവത്വം അനുദിനം ആര്‍ജിച്ചെടുക്കുന്ന പ്രസരിപ്പും രാഷ്ട്രീയ ഉദ്ബുദ്ധതയും സാമൂഹിക പ്രതിബദ്ധതയും 'അപകടകര'മായ ശക്തികളുടെ വളര്‍ച്ചയാണെന്ന് മുറവിളി കൂട്ടി പഴയ വിപ്ലവ ഭാവുകത്വത്തിന് ഉറങ്ങാതെ കാവല്‍ കിടക്കുന്നവരെ പ്രകോപിതരാക്കുന്നതായിരുന്നു കേരളത്തിലെ കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍.
ഇത് ലോകത്ത് പറ്റംതെറ്റിയ ചെറുപ്പക്കാര്‍ ഏകാധിപത്യത്തിനെതിരെ തെരുവിലിറങ്ങിയ കാലമാണ്. 'കിഫായ' (മതിയായി) എന്ന അക്ഷരങ്ങള്‍ക്കു പിന്നില്‍ ആശയമുള്ളവരും ആശയുള്ളവരും ഒരുമിച്ചു തീര്‍ത്ത വസന്തത്തിന്റെ കഥ പറയുന്ന കാലം. അമേരിക്കയും യൂറോപ്പും തീര്‍പ്പ് കല്‍പിച്ചിരുന്ന ലോകക്രമത്തില്‍ നിന്ന് കുതറി മാറി തങ്ങളുടേതായ ഇടം വികസിപ്പിച്ചെടുത്തവര്‍. അവര്‍ക്ക് പിന്തുണയേകിയാണ് ആധുനിക പ്രസ്ഥാനങ്ങള്‍ രംഗത്തിറങ്ങിയത്. നോക്കി നില്‍ക്കുന്നവരെയും പരാതി പറഞ്ഞിരുന്നവരെയും അമ്പരപ്പിച്ച് തങ്ങളുടെ കൂടെ നിര്‍ത്താന്‍ പുതിയ കാലത്തെ യുവാക്കള്‍ക്ക് സാധിച്ചു. വെള്ളക്കാരന് അപരിഷ്‌കൃതരായിരുന്ന അറബികളും ആഫ്രിക്കക്കാരും റോള്‍ മോഡലായി. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ വെള്ളക്കാരായ യുവാക്കള്‍ വിളിച്ച മുദ്രാവാക്യം 'ഈജിപ്തുകാരനാകൂ, അഭിമാനിയാകൂ'വെന്നായിരുന്നു. ഏറ്റവും അപരിഷ്‌കൃതമായി അവര്‍ ഉപയോഗിച്ചിരുന്ന 'അറബ്' അവര്‍ക്ക് വസന്തത്തിന്റെ പര്യായമായി മാറി. യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല, അറബ് സമൂഹത്തിന്റെ പരമ്പരാഗത മതബോധത്തിലും വലിയ പരിവര്‍ത്തനങ്ങള്‍ക്കാണ് ഇതു വഴിവെച്ചത്. മതത്തിന്റെ നിയമാവലികളല്ല സാധ്യതകളായിരുന്നു ഇവിടെ ആധിപത്യം നേടിയത്. സംഗീതവും സാങ്കേതികവിദ്യയും കഥയും കവിതയും ഫലിതവും വേദഗ്രന്ഥവും ഒരുപോലെ അലിഞ്ഞു ചേര്‍ന്ന് വിരിയിച്ചെടുത്ത വിപ്ലവങ്ങളായിരുന്നു അവിടെ നടമാടിയത്.
കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ മതത്തിന്റെ സാധ്യതകളെ തന്നെയാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ഉപയോഗപ്പെടുത്തിയത്. ഇത് പരമ്പരാഗത മതബോധത്തെയും യൂറോ-അമേരിക്കന്‍ പൊതുബോധത്തെയും ഇടത് -സവര്‍ണ വരേണ്യ വാദത്തെയും ഒരുപോലെ പോറലേല്‍പിച്ചിട്ടുണ്ട്. വികസനത്തെക്കുറിച്ചും ബദലുകളെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും സന്ധിയില്ലാത്ത സമരമുഖങ്ങളെക്കുറിച്ചും വിളിച്ചുപറയാന്‍ കേരളത്തില്‍ യുവാക്കളെ പ്രതിനിധീകരിക്കുന്ന ഈ സംഘത്തിനു സാധിച്ചിട്ടുണ്ട്. മാതൃ പ്രസ്ഥാനങ്ങളെ പരിഭ്രാന്തിപ്പെടുത്തുന്ന ജരാനരകളിലേക്ക് കേരളത്തിലെ യുവത്വം അഭയം തേടിയപ്പോള്‍ വ്യത്യസ്തമായി യുവത്വത്തിന്റെ പുതിയൊരു തെരുവ് കേരളത്തിന് ഈ യുവജന സംഘടന സമ്മാനിക്കുകയും, ഇടത് വരേണ്യ മുദ്രാവാക്യങ്ങള്‍ക്ക് വീര്യം കുറയുകയും ചെയ്ത സന്ദര്‍ഭത്തിലാണ് ടെലസ്‌കോപ്പ് വെച്ച് കേരളത്തിന്റെ യുവത്വത്തെ നമ്മുടെ ബുദ്ധിജീവികള്‍ അന്വേഷിച്ചിറങ്ങിയത്. മതത്തിന്റെ സര്‍ഗാത്മക സമരസാധ്യതകളെയൊന്നും അവര്‍ക്ക് രാഷ്ട്രീയമായി അംഗീകരിക്കാന്‍ സാധിച്ചില്ല. റോഡിനും കുടിവെള്ളത്തിനും വെളിച്ചത്തിനും മണ്ണിനും വായുവിനും അധഃസ്ഥിതര്‍ക്ക് അന്തസ്സോടെ ജീവിക്കാനും സമരം നടത്തുമ്പോള്‍ അതിനെ മതമൗലികവാദികളുടെ മുഖംമൂടികളായി ചിത്രീകരിച്ച് രാഷ്ട്രീയ സത്യസന്ധത പണയം വെക്കാന്‍ അവര്‍ തയാറായി. കേരളത്തിലെ സമരങ്ങളും മുദ്രാവാക്യങ്ങളും സേവന പ്രവര്‍ത്തനങ്ങളും ഒരു പ്രത്യേക ഇനം 'യുവത്വം' നിര്‍വഹിക്കുമ്പോഴാണ് ശുദ്ധമാവുന്നതെന്ന അയിത്ത വാദത്തെ ആഞ്ഞു പ്രഹരിക്കാന്‍ പത്തു വര്‍ഷക്കാലം കൊണ്ട് സോളിഡാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വയം നിര്‍വഹിച്ച ഒരു ദശാബ്ദത്തിന്റെ വര്‍ണാഭമായ പ്രകാശനമാണ് 'യൂത്ത് സ്പ്രിംഗ്' എന്ന പേരില്‍ കോഴിക്കോട് കടപ്പുറത്ത് മെയ് 17,18,19 തീയതികളില്‍ സാധ്യമാക്കുന്നത്. പ്രകടനവും സമ്മേളനങ്ങളും മാത്രം കണ്ട് മുഷിഞ്ഞ കേരളീയര്‍ക്ക് ഒരു മാറ്റം കൂടിയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നത്. അക്ഷരാര്‍ഥത്തില്‍ ഇത് 'സ്പ്രിംഗ്' തന്നെയാണ്. ആദിവാസിയുടെയും ദലിതന്റെയും ന്യൂനപക്ഷത്തിന്റെയും മണ്ണിനും ജീവനും വേണ്ടിയുള്ള വാദത്തെ സംഗീതവത്കരിച്ചതാണ് ഇതിന്റെ 'തീം സോംങ്'. യുവാക്കളുടെ മാറിയ രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും പ്രകാശിപ്പിക്കുന്ന, നിലവിലെ രാഷ്ട്രീയ സാംസ്‌കാരിക അപചയങ്ങളെ തുറന്നെതിര്‍ക്കുന്ന ചര്‍ച്ചകളും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. യുവാക്കള്‍ വിഭാവനം ചെയ്യുന്ന സാദാചാരം, കുടുംബ സങ്കല്‍പം, ലൈംഗികത, ആവിഷ്‌കാര രീതികള്‍, പുതുഭാവനകള്‍, രാഷ്ട്രീയ ബോധം എന്നിവയെല്ലാം വ്യത്യസ്ത വേദികളിലായി നടക്കുന്ന സംവാദങ്ങളിലൂടെ, പ്രദര്‍ശനങ്ങളിലൂടെ, ഡോക്യുമെന്ററികളിലൂടെ ചര്‍ച്ചയാവുന്നു. മുഖ്യധാര പത്രങ്ങളും സംഘങ്ങളും ചാനലുകളും ആഴ്ചപ്പതിപ്പുകളും വിഭാവന ചെയ്യുന്ന യുവത്വമല്ല പുതിയ കാലത്തെ ചെറുപ്പം. അവരെ അറിയാനോ അന്വേഷിക്കാനോ ഉള്ള ശ്രമങ്ങള്‍ തന്നെ പ്രതിലോമപരമായ (പൈങ്കിളി) രീതിയില്‍ മാത്രമാണ് നടക്കുന്നത്. അതുകൊണ്ടാണ് യുവത്വം അരാഷ്ട്രീയമാണെന്ന പ്രമേയത്തിന് കേരളത്തില്‍ വേഗത്തില്‍ സ്വീകാര്യത ലഭിക്കുന്നത്. ഒരു സംഘടനയിലും കൂട്ടായ്മയിലും ഉള്‍പ്പെടാത്ത ചെറുപ്പക്കാര്‍ പോലും സജീവമായ രാഷ്ട്രീയ ബോധവും ഇടപെടലും നടത്തുന്ന സന്ദര്‍ഭമാണിത്. ഇതിനെ അന്വേഷിക്കാനും പരിചയപ്പെടുത്താനുമുതകുന്ന ധാരാളം പരിപാടികള്‍ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. മികച്ച യുവസംരംഭകരെയും പഞ്ചായത്ത്, മിനിസിപ്പാലിറ്റി മെമ്പര്‍മാരെയും ക്ലബ്ബുകളെയും ആദരിക്കുന്ന ചടങ്ങുകളും ഇതിന്റെ ഭാഗമായിട്ടുണ്ടാവും.
അഴിമതിമുക്തരായ, സേവന പ്രതിബദ്ധതയുള്ള, പരിസ്ഥിതി സൗഹാര്‍ദപൂര്‍ണമായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കേരളത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയാണ് ആദരിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പുതിയ കണ്ടുപിടിത്തങ്ങളും ബദല്‍ വികസന മാതൃകകളും ജൈവകൃഷിയും യുവാക്കളുടെ പുതിയ സംരംഭങ്ങളും ഉള്‍ക്കൊള്ളുന്ന എക്‌സിബിഷന്‍ സ്റ്റാളുകള്‍ നഗരിയില്‍ ഒരുക്കുന്നതാണ്. പ്രവാസികളുടെ പുതിയ സംരംഭങ്ങള്‍ക്കും കലാ ആവിഷ്‌കാരങ്ങള്‍ക്കും പ്രത്യേക വേദികള്‍ തന്നെയുണ്ടാവും. പൊതു ചരിത്രം തമസ്‌കരിച്ച കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍, കലാവിഷ്‌കാരങ്ങള്‍, മലബാറിന്റെ സവിശേഷമായ ചരിത്രങ്ങള്‍ എല്ലാം പ്രദര്‍ശിപ്പിക്കുന്ന സ്റ്റേജ് പ്രോഗ്രാമുകളും സോളോ പെര്‍ഫോമന്‍സുകളും യൂത്ത് സ്പ്രിംഗിനെ ശ്രദ്ധേയമാക്കും. അത് മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും ആഘോഷവും സംസ്‌കാരവും ഇടകലര്‍ന്നതാണ് ഓരോ പരിപാടിയും. കവിയരങ്ങുകള്‍ക്കും കഥാവേദികള്‍ക്കും ഗ്രാഫിറ്റികള്‍ക്കും ചിത്ര രചനകള്‍ക്കും കൂടി വേദിയൊരുക്കുന്നതാണ് ഈ സംരംഭം.
ലോകത്ത് നടന്ന പോരാട്ടങ്ങളെയും സ്വാതന്ത്ര്യ സമരങ്ങളെയും ഉത്തേജിപ്പിച്ച പാട്ടുകളുടെ അരങ്ങേറ്റം ഈ പരിപാടിയുടെ ഏറ്റവും ശ്രദ്ധേയമായ ഒരിനമാണ്. ഫലസ്ത്വീന്‍, ആഫ്രിക്ക തുടങ്ങി കേരളത്തിലെ ആദിവാസി-ദലിത് സമരങ്ങള്‍, മലബാര്‍ പോരാട്ടങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുള്ള റവല്യൂഷന്‍ ബാന്റോടു കൂടിയാണ് ഈ വസന്തത്തിന് സമാപനമാകുന്നത്. നാടന്‍ വിഭവങ്ങളെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും പത്തു വര്‍ഷത്തെ കേരള ചരിത്രത്തെയും സോളിഡാരിറ്റിയുടെ സാന്നിധ്യത്തെയും പരിചയപ്പെടുത്തുന്ന എക്‌സിബിഷന്‍ ഹാളും പുതിയ സമരാവിഷ്‌കാരങ്ങളെയും, ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന സമരങ്ങളെയും പുതിയ രീതികളെയും പരിചയപ്പെടുത്തുന്ന സ്റ്റേജ് ഷോയും ഉള്‍ച്ചേര്‍ന്ന വര്‍ണാഭമായ ആഘോഷവും ആഘോഷത്തിന്റെ രാഷ്ട്രീയവുമാണ് യൂത്ത് സ്പ്രിംഗ് വിളംബരം ചെയ്യുന്നത്.
കോഴിക്കോടിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ പുതിയൊരു ചരിത്രമാണ് ഒരു ദശാബ്ദം പിന്നിട്ട ചെറുപ്പം ഒരുക്കുന്നത്. പാട്ടും കഥയും ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളും സോഷ്യല്‍ മീഡിയയും സമരാവിഷ്‌കാരങ്ങളും ഉള്‍ച്ചേര്‍ന്ന വസന്തങ്ങളുടെ പകര്‍പ്പാണ് ഏറെ ചരിത്രേതിഹാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കോഴിക്കോട്ട് നടക്കുന്നത്. വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ക്ക് അന്ധത ബാധിച്ചപ്പോള്‍ സ്വയം ചരിത്രം രചിക്കുന്ന നിമിഷങ്ങളാണ് ഇവിടെ മൂന്ന് ദിനങ്ങളിലായി അരങ്ങേറുന്നത്. യുവാക്കളുടെ സൃഷ്ടികളും സംരംഭങ്ങളും മാത്രമല്ല, സര്‍ഗാവിഷ്‌കാരങ്ങളും പ്രദര്‍ശിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവല്‍ ഇതിന്റെ പ്രത്യേകതയാണ്. ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കുന്ന വളരെ രാഷ്ട്രീയ പ്രാധാന്യമേറിയ ഒരു തിയേറ്ററും വസന്ത നഗരിക്ക് മാറ്റ് കൂട്ടും. യുവത്വത്തിന്റെ വസന്തത്തിന് പൊലിമയേറ്റുന്ന ഈ വിപ്ലവ വസന്തം കേരള ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി മാറും.
[email protected]
Comments