Prabodhanm Weekly

Pages

Search

2013 ഏപ്രില്‍ 26

ഹദീസിന്റെ ചരിത്രം - 6 / ഹദീസ് എഴുതി വെക്കുന്നത് നിരോധിച്ചിരുന്നോ?

ഡോ. മുഹമ്മദ് ഹമീദുല്ല

ന്റെ വചനങ്ങളോ കര്‍മങ്ങളോ ഒന്നും രേഖപ്പെടുത്തി വെക്കരുതെന്ന് പ്രവാചകന്‍ പറഞ്ഞതായി ചില ഹദീസുകളില്‍ കാണാം. 'നിന്റെ വലത് കൈ ഉപയോഗിക്കുക' (എഴുതി വെക്കുക എന്നര്‍ഥം) എന്നും, കാരണം 'ഈ നാവ് തെറ്റായ ഒരു വാക്കും ഉച്ചരിക്കുകയില്ല' എന്നും വേറെ ചില ഹദീസുകളില്‍ കാണാം. ഈ പ്രസ്താവനകളില്‍ കാണുന്ന വൈരുധ്യത്തെ നാമെങ്ങനെയാണ് ദൂരീകരിക്കുക? പക്ഷേ ഈ വിഷയത്തില്‍ ഇപ്പോള്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നില്ല എന്നതാണ് സത്യം.
വിശദീകരിക്കാം. ഹദീസുകള്‍ എഴുതിവെക്കരുതെന്ന് പറഞ്ഞ നിരവധി സ്വഹാബികളുണ്ട്. പക്ഷേ അവരൊന്നും ആ പ്രസ്താവനയെ പ്രവാചകനിലേക്ക് ചേര്‍ത്ത് പറഞ്ഞിട്ടില്ല. പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കാത്ത സ്ഥിതിക്ക് അതൊക്കെയും സ്വഹാബിമാരുടെ അഭിപ്രായമായാണ് ഗണിക്കുക. ഈ വിഷയത്തില്‍ സ്വഹാബിമാരുടെ അഭിപ്രായമെന്ത് എന്നത് നമ്മുടെ ചര്‍ച്ചാ വിഷയമല്ലാത്തത് കൊണ്ട് അക്കാര്യം നമുക്ക് വിടാം. ഹദീസ് എഴുതിയെടുക്കരുത് എന്ന് പ്രവാചകന്‍ മൊഴിഞ്ഞിട്ടുണ്ട് എന്നാണ് ഹദീസിലെ പരാമര്‍ശമെങ്കില്‍ അക്കാര്യം നാം ഗൗരവത്തില്‍ ചര്‍ച്ച ചെയ്യുകയും വേണം. എഴുതരുതെന്ന് നിര്‍ദേശിക്കുന്ന അത്തരം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് സ്വഹാബിമാരാണ്. അതിലൊരാള്‍ അബൂഹുറയ്‌റ(റ) ആണ്. അദ്ദേഹമാണല്ലോ ഏറ്റവും കൂടുതല്‍ ഹദീസുകള്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത്. രണ്ടാമത്തെയാള്‍ സൈദ് ബ്‌നു ഥാബിതും മൂന്നാമത്തെയാള്‍ അബൂ സഈദില്‍ ഖുദ്‌രിയും ആണ്. ഇതില്‍ അബൂഹുറയ്‌റ, സൈദ് ബ്‌നു ഥാബിത് എന്നിവരിലേക്ക് ചേര്‍ത്ത് പറഞ്ഞിട്ടുള്ള പരാമര്‍ശം ഹദീസ് പണ്ഡിതന്മാരൊക്കെയും സ്വീകാര്യ യോഗ്യമല്ല എന്ന് പറഞ്ഞിട്ടുണ്ട്. കാരണം ഇരു ഹദീസുകളിലെയും നിവേദക ശൃംഖലകള്‍ ഒട്ടും വിശ്വാസയോഗ്യമല്ല എന്ന് സ്ഥിരപ്പെട്ടിരിക്കുന്നു. ഹദീസ് ഉദ്ധരിച്ച ശൃംഖലയിലെ മറ്റു നിവേദകര്‍ക്ക് തെറ്റ് പറ്റയിട്ടുണ്ട്. അതുകൊണ്ട് ഹദീസ് നിവേദന ശാസ്ത്ര പ്രകാരം ഇരു ഹദീസുകളും സ്വീകരിക്കാന്‍ നിവൃത്തിയില്ല. ഇനിയുള്ളത് അബൂസഈദില്‍ ഖുദ്‌രി(റ) ഉദ്ധരിച്ച ഹദീസാണ്. ആധികാരിക ഹദീസ് ഗ്രന്ഥങ്ങളിലൊന്നായ സ്വഹീഹ് മുസ്‌ലിമില്‍ അത് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹദീസിന്റെ സാരമിതാണ്: ''ഞാന്‍ മൊഴിയുന്നതൊന്നും നിങ്ങള്‍ എഴുതിയെടുക്കരുത്. എഴുതിയെടുത്തിട്ടുണ്ടെങ്കില്‍ അവ മായ്ച്ച് കളയുക.''
ഈ ഹദീസിനെ സംബന്ധിച്ച് ഉയരുന്ന ചോദ്യം ഇതാണ്: ഇതൊരു പ്രത്യേക സന്ദര്‍ഭത്തില്‍ നബി പറഞ്ഞതാണോ? അതോ ഒരു പൊതുതത്ത്വം തന്നെയാണോ പ്രവാചകന്‍ പറഞ്ഞിരിക്കുന്നത്? രിയാദ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറായിരുന്ന എന്റെ സുഹൃത്ത് മുസ്ത്വഫ അല്‍ അഅ്‌സമി ഇതേക്കുറിച്ച് ശ്രദ്ധേയമായ ഒരു പഠനം നടത്തിയിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഇതാണ്: ''സ്വഹീഹ് മുസ്‌ലിമില്‍ വന്ന ഈ ഹദീസ് ഇമാം ബുഖാരിക്ക് ലഭിച്ചിരുന്നുവെങ്കിലും അദ്ദേഹമത് തന്റെ സമാഹാരത്തില്‍(സ്വഹീഹ്)നിന്ന് ഒഴിവാക്കുകയാണുണ്ടായത്. ഈ ഹദീസ് ഉദ്ധരിക്കുന്നേടത്ത് ഒരു തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെന്നാണ് ഇമാം ബുഖാരിയുടെ പക്ഷം. ഹദീസ് ആയി വിവരിക്കപ്പെട്ടിട്ടുള്ള ഈ പരമാര്‍ശം യഥാര്‍ഥത്തില്‍ പ്രവാചകന്‍ നടത്തിയതല്ല, അത് അബൂസഈദില്‍ ഖുദ്‌രിയുടെ അഭിപ്രായമാണ്. നിവേദക ശൃംഖലയില്‍ സ്വഹാബിക്ക് ശേഷം വന്നയാള്‍ അത് പ്രവാചകനിലേക്ക് ചേര്‍ത്ത് പറയുകയാണുണ്ടായത്.'' ഹദീസ് നിവേദന ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, ഹദീസ് എഴുതി വെക്കുന്നത് തടയുന്ന ഖണ്ഡിത പ്രമാണങ്ങളൊന്നും തന്നെയില്ല എന്നര്‍ഥം.
ഇനി ഏതെങ്കിലും സന്ദര്‍ഭത്തില്‍ പ്രവാചകന്‍ എഴുതിവെക്കുന്നത് തടഞ്ഞിരുന്നു എന്ന് അംഗീകരിച്ചാല്‍ തന്നെ, അത് ആ പ്രത്യേക സന്ദര്‍ഭത്തിന് (Context) മാത്രം ബാധകമായതായിരിക്കും. നമുക്ക് മുമ്പില്‍ അബുഹുറയ്‌റ(റ)യുടെ ഉദാഹരണമുണ്ടല്ലോ. വളരെ ഭക്തനായ ആളായിരുന്നു അദ്ദേഹം. ഹദീസിലെ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. എഴുതിയെടുക്കുന്നത് പ്രവാചകന്‍ നിരോധിച്ചിരുന്നെങ്കില്‍ ഒട്ടനവധി ഏടുകളില്‍ അദ്ദേഹം ഹദീസ് രേഖപ്പെടുത്തിവെക്കുമായിരുന്നില്ലല്ലോ.
ചിലപ്പോള്‍ വിലക്ക് വരാനുള്ള പ്രത്യേക സന്ദര്‍ഭം ഹദീസില്‍ പരാമര്‍ശിച്ചില്ല എന്നുവരാം. ചില ദിവസങ്ങളില്‍ നിങ്ങള്‍ എഴുതിയെടുക്കരുത് എന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടാവാം. പിന്നെ എഴുതാന്‍ അനുവദിച്ചിട്ടുമുണ്ടാവാം. അക്കാര്യം പക്ഷേ ഹദീസില്‍ പരാമര്‍ശിച്ചിട്ടുണ്ടാവില്ല. മറ്റൊരു ഉദാഹരണം പറഞ്ഞാല്‍, പ്രവാചകന്‍ ഒരിക്കല്‍ അനുയായികളെ ഒരുമിച്ച് കൂട്ടുന്നു. അന്ത്യനാള്‍ വരെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങള്‍ അവരോട് പറയുന്നു. ഇന്നയിന്ന രാജ്യങ്ങള്‍ നിങ്ങള്‍ കീഴടക്കും, ഇന്നയിന്ന സ്ഥലങ്ങളില്‍ നിങ്ങള്‍ ചെന്നെത്തും, ഇന്നയിന്ന പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും... അപ്പോള്‍ ചില സ്വാഹാബികള്‍ക്ക് സംശയം: അന്ത്യനാള്‍ വരെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ പിന്നെ ഞങ്ങള്‍ അധ്വാനപരിശ്രമങ്ങള്‍ നടത്തുന്നത് എന്തിനാണ്? നിങ്ങളുടെ അധ്വാനപരിശ്രമങ്ങളും പൂര്‍വനിശ്ചിതങ്ങളാണ് എന്ന് പ്രവാചകന്റെ മറുപടി. ഇത്തരമൊരു സംഭാഷണം രേഖപ്പെടുത്തി വെക്കരുത് എന്ന് പ്രവാചകന്‍ പറഞ്ഞിരിക്കാന്‍ നല്ല സാധ്യതയുണ്ട്. കാരണം ചിലരെങ്കിലും ഈ പരാമര്‍ശങ്ങള്‍ തെറ്റായി മനസ്സിലാക്കാനും ഇനി എന്തിന് കര്‍മം ചെയ്യുന്നു എന്ന് ചിന്തിക്കാനും സാധ്യതയുണ്ട്. ഇതുപോലെ സാന്ദര്‍ഭികമായി ചില വിലക്കുകള്‍ ഉണ്ടായിട്ടുണ്ടാവാം.
അബൂബക്ര്‍, ഉമര്‍, അലി (റ) പോലുള്ള പ്രമുഖരായ സ്വാഹാബികള്‍ എന്തുകൊണ്ടാണ് ഹദീസ് സമാഹാരങ്ങള്‍ രേഖപ്പെടുത്താതിരുന്നത്? ഹദീസ് സമാഹര്‍ത്താക്കളില്‍ പലരും പ്രധാനികളല്ലാത്തവരാണല്ലോ? ഇതാണ് മറ്റൊരു ചോദ്യം. മുതിര്‍ന്ന സാഹാബികള്‍ അതിന് ശ്രമിച്ചിരുന്നു എന്നാണ് ഉത്തരം. പ്രവാചക വിയോഗത്തിന് ശേഷം, അബൂബക്ര്‍ സിദ്ദീഖ്(റ) തന്റെ ആയുസ്സിന്റെ അവസാന രണ്ടര വര്‍ഷം ഒരു ഹദീസ് സമാഹാരത്തിന്റെ പണിപ്പുരയിലായിരുന്നു. അതില്‍ 500 ഹദീസുകള്‍ ഉണ്ടായിരുന്നു. അതിന്റെ കൈയെഴുത്ത് പ്രതി അദ്ദേഹം തന്റെ പുത്രിയായ ആഇശ (റ)യെ ഏല്‍പ്പിച്ചു. കൈയെഴുത്ത് പ്രതി ഏല്‍പ്പിക്കുന്ന ദിവസം അബൂബക്ര്‍ (റ) താമസിച്ചത് ആഇശയുടെ വീട്ടിലായിരുന്നു. അബൂബക്ര്‍(റ) ആ രാത്രി ഉറങ്ങിയില്ല. അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. പിതാവ് അസുഖം ബാധിച്ച് കിടപ്പാവുമോ എന്നുപോലും ആഇശ(റ) ഭയന്നു. കാര്യമെന്തെന്ന് ചോദിക്കാന്‍ പോലും ആഇശ(റ)ക്ക് ഭയമായിരുന്നു. പിറ്റേന്ന് രാവിലെ അദ്ദേഹം മകളോട് പറഞ്ഞു: 'മോളേ, ഞാനിന്നലെ കൊണ്ടുവന്ന കൈയെഴുത്ത് പ്രതി കൊണ്ടുവരൂ.' അത് കൊണ്ടുകൊടുത്തപ്പോള്‍ അദ്ദേഹം കുറച്ച് വെള്ളമെടുത്ത് അതിലൊഴിച്ച് എഴുതിയതൊക്കെ മായ്ച്ച് കളഞ്ഞു. എന്നിട്ട് പറഞ്ഞു: ''ഇതില്‍ ചില നബി വചനങ്ങള്‍ ഞാന്‍ നേരില്‍ കേട്ടതാണ്. അതിലെനിക്ക് അശേഷം സംശയമില്ല. പക്ഷേ, ബാക്കിയുള്ളത് എന്റെ സുഹൃത്തുക്കളില്‍നിന്ന് കേട്ട നബിവചനങ്ങളാണ്. ഒരു പക്ഷേ ഹദീസുകളില്‍ ഞാന്‍ എഴുതിയ വാക്കായിരിക്കില്ല പ്രവാചകന്‍ ഉരുവിട്ടതെന്ന് ഞാന്‍ ഭയക്കുന്നു. അദ്ദേഹം പറയാത്ത ഒരുവാക്ക് അദ്ദേഹത്തിലേക്ക് ചേര്‍ത്തിപ്പറയാന്‍ എനിക്കാവില്ല. മറ്റുള്ളവരെ ഉദ്ധരിക്കുമ്പോള്‍ അത് സംഭവിച്ചു കൂടായ്കയില്ല.''
പ്രവാചകന്‍ ഹദീസ് രേഖപ്പെടുത്തുന്നത് തടഞ്ഞിരുന്നെങ്കില്‍ അബൂബക്ര്‍ ഈ ഏട് തയാറാക്കുമായിരുന്നില്ലല്ലോ. നബി തടഞ്ഞത് കൊണ്ടല്ല അദ്ദേഹം ഏടിലുള്ള ഹദീസുകള്‍ മായ്ച്ച് കളഞ്ഞത്; പ്രവാചകന്‍ ഉച്ചരിക്കാത്ത വല്ല വാക്കുകളും അതില്‍ വന്നുപോയേക്കുമോ എന്ന ഭീതി നിമിത്തമായിരുന്നു.
ഹസ്‌റത്ത് ഉമറിനെക്കുറിച്ചും ഇങ്ങനെയൊരു സംഭവം ഉദ്ധരിക്കപ്പെടുന്നുണ്ട്. ഒരിക്കല്‍ അദ്ദേഹം ഹദീസുകള്‍ ശേഖരിക്കാന്‍ ഒരു ശ്രമം നടത്തി. പലരോടും അഭിപ്രായമാരാഞ്ഞു. അങ്ങനെ ചെയ്യാനാണ് അവര്‍ ഉപദേശിച്ചത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ ഉമര്‍(റ) പറഞ്ഞത് ഇങ്ങനെയായിരുന്നു: ''നമുക്ക് മുമ്പ് കഴിഞ്ഞ സമുദായങ്ങള്‍ പ്രവാചകന്മാരുടെ വാക്കുകള്‍ രേഖപ്പെടുത്തിവെച്ചു, അതനുസരിച്ച് പ്രവര്‍ത്തിച്ചു. പക്ഷേ ദൈവം ഇറക്കിക്കൊടുത്ത വേദം അവര്‍ മറന്നുകളഞ്ഞു. അതില്‍ മാറ്റത്തിരുത്തലുകളും വരുത്തി. അങ്ങനെയൊരു വിധി ഖുര്‍ആന് ഉണ്ടാവരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ഇവിടെയും ഉമര്‍(റ) പിന്തിരിഞ്ഞത് ഹദീസ് എഴുതിവെക്കുന്നതിന് പ്രവാചകന്റെ വിലക്ക് ഉള്ളതുകൊണ്ടല്ല. വേദഗ്രന്ഥമായ ഖുര്‍ആനില്‍ നിന്ന് ജനശ്രദ്ധ തെറ്റിപ്പോകുമോ എന്ന ആശങ്ക നിമിത്തം നേരത്തെ തീരുമാനിച്ച കാര്യത്തില്‍നിന്ന് പിന്മാറുകയായിരുന്നു.
തന്റെ ഭരണകാലത്തൊരിക്കല്‍ അലി(റ) പറഞ്ഞു: 'ഒരു ദിര്‍ഹം കൈവശമുള്ളവന്‍ കടലാസ് വാങ്ങി വരട്ടെ. അവന് ഞാന്‍ ഹദീസുകള്‍ പറഞ്ഞുകൊടുക്കാം. അവനത് എഴുതിയെടുക്കാം.' ഒരാള്‍ പോയി കടലാസ് വാങ്ങിവന്നു. അയാള്‍ അലി(റ) ചൊല്ലിക്കൊടുത്ത ഹദീസുകള്‍ പകര്‍ത്തിയെടുത്തു. എന്നിട്ടത് സൂക്ഷിച്ച് വെക്കുകയും ചെയ്തു. ഹദീസ് എഴുതിയെടുക്കുന്നതിന് വിലക്കില്ലെന്നാണ് ഈ സംഭവവും നമ്മെ പഠിപ്പിക്കുന്നത്. വിലക്കുണ്ടായിരുന്നെങ്കില്‍ നാം വിശദീകരിച്ചപോലെ ഈ മൂന്ന് പ്രമുഖ നബി ശിഷ്യന്മാരും ഹദീസ് സമാഹരിക്കാന്‍ ആലോചിക്കുമായിരുന്നോ?
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-18 / അല്‍ കഹ്ഫ്
എ.വൈ.ആര്‍