Prabodhanm Weekly

Pages

Search

2012 ജൂലൈ 28

ദുര്‍ബലമായ ന്യൂനപക്ഷ കമീഷന്‍, ഫലപ്രദമല്ലാത്ത ന്യൂനപക്ഷ കാര്യമന്ത്രാലയം

വജാഹത്ത് ഹബീബുല്ല

ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വികസനം നിരീക്ഷിക്കുന്നതിനായി ഇന്ത്യാ ഗവണ്‍മെന്റ് 1978-ല്‍ രൂപീകരിക്കുകയും 1992-ല്‍ ഭരണഘടനാ സ്ഥാപനമായി (Statutory Authority) പ്രഖ്യാപിക്കുകയും ചെയ്ത ദേശീയ പിന്നാക്ക കമീഷന്(National Commission for Minorities) മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ വികസന പിന്നാക്കാവസ്ഥയോ വേവലാതികളോ പരിഹരിക്കുന്നതില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. കമീഷന്റെ പ്രവര്‍ത്തനങ്ങള്‍, പരാതികള്‍ സൂക്ഷ്മ പരിശോധന നടത്തുക എന്നതില്‍ പരിമിതമായിരിക്കുകയാണ്. സ്വതന്ത്രവും ഫലപ്രദവുമായ പ്രവര്‍ത്തനത്തിന് അവശ്യഘടകമായ രാഷ്ട്രീയവും സാമ്പത്തികവുമായ സ്വയംഭരണാവകാശം കമീഷന് ലഭ്യമായിട്ടില്ല. 2009-'10 ലെ ബഡ്ജറ്റ് ദേശീയ പിന്നാക്ക കമീഷനുവേണ്ടി നീക്കിവെച്ചത് വെറും 4 കോടി 51 ലക്ഷം രൂപയാണ്. അതില്‍ 72 ശതമാനം (ഏകദേശം 3 കോടി 23.5 ലക്ഷത്തോളം) രൂപ ശമ്പള ഇനത്തില്‍ തന്നെ ചെലവഴിക്കേണ്ടിവന്നു. മറുവശത്ത് ഷെഡ്യൂള്‍ഡ് കാസ്റ്റിനുവേണ്ടിയുള്ള ദേശീയ കമീഷനും ദേശീയ മനുഷ്യാവകാശ കമീഷനും ദേശീയ പിന്നാക്ക കമീഷനേക്കാള്‍ കൂടുതല്‍ രാഷ്ട്രീയാധികാരവും സ്വാതന്ത്ര്യവും അനുഭവിക്കുന്നു. ആ കമീഷനുകളുടേതു പോലെ ദേശീയ പിന്നാക്ക കമീഷന്റെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വം പരിഗണിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിംകള്‍ ഭീമമായ തോതില്‍ ഇരയാക്കപ്പെടുകയും സംസ്ഥാന ഭരണകൂടം തന്നെ അവരെ കുറ്റവാളികള്‍ക്ക് എറിഞ്ഞുകൊടുക്കുകയും ചെയ്ത 2002-ലെ കുപ്രസിദ്ധമായ വര്‍ഗീയ ലഹളകള്‍ അരങ്ങേറിയ ഗുജറാത്ത് ഉള്‍പ്പെടെ ഇന്ത്യയിലെ പതിമൂന്ന് സംസ്ഥാനങ്ങളില്‍ ഇപ്പോഴും ദേശീയ പിന്നാക്ക കമീഷന്‍ രൂപീകരിച്ചിട്ടില്ല എന്നത് മറ്റൊരു വസ്തുതയാകുന്നു.
ഇന്ത്യയില്‍ സാമൂഹിക-സാമ്പത്തികരംഗങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന പുറന്തള്ളപ്പെടലുകള്‍ക്കും വിവേചനങ്ങള്‍ക്കും പരിഹാരം കാണാന്‍ ദേശീയ പിന്നാക്ക കമീഷന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂനപക്ഷങ്ങളുടെ പുരോഗതി വിലയിരുത്തുന്നതില്‍ ഒരു പ്രധാന പങ്കുവഹിക്കാന്‍ വിശിഷ്യാ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനു ശേഷം ദേശീയ പിന്നാക്ക കമീഷനു സാധിക്കേണ്ടതായിരുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാറുകളുടെ ഫലപ്രദമായ പിന്തുണ ലഭിക്കായ്കയാല്‍ ബഹുമുഖ വികസന MSDP പരിപാടികളും പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികളും മുസ്‌ലിംകള്‍ക്ക് വേണ്ട രൂപത്തില്‍ പ്രാപ്യമാക്കുന്നതില്‍ കമീഷന്‍ പരാജയപ്പെടുകയാണുണ്ടായത്.
ഇതുപോലെതന്നെ ന്യൂനപക്ഷകാര്യ മന്ത്രാലയവും (MOMA) അതിന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ പരിമിതികള്‍ അനുഭവിക്കുന്നു. പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയും സന്തുലിതമായ വികസനത്തിലൂടെയും സാമൂഹിക-സാമ്പത്തികസ്ഥിതി, വിശിഷ്യാ ന്യൂനപക്ഷ സമുദായങ്ങളുടേത് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2006-ല്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം രൂപീകരിക്കപ്പെട്ടത്. ന്യൂനപക്ഷ വിഭാഗങ്ങളെ പൊതുധാരക്കൊപ്പം എത്തിക്കുന്നതിനു വേണ്ടി, ന്യൂനപക്ഷ വിഭാഗങ്ങളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനത്തിനായുള്ള പരിപാടികള്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുക, ന്യൂനപക്ഷങ്ങള്‍ക്കായുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും ഏജന്‍സികളെ സമന്വയിപ്പിക്കുക, ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക (Monitoring), ഫലപ്രാപ്തി വിലയിരുത്തുക തുടങ്ങിയവയാണ് ഈ മന്ത്രാലയത്തിന്റെ പ്രധാന ഉത്തരവാദിത്വം. പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടികളെ നിരീക്ഷിക്കുക, ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള സ്‌കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തുക, എം.എസ്.ഡി.പി പോലുള്ള ഫണ്ടുകള്‍ യഥാക്രമം നടപ്പിലാക്കുക, ഇപ്പോള്‍ തെരഞ്ഞെടുത്ത 90 ജില്ലകള്‍ പോലെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകള്‍ കണ്ടെത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ മന്ത്രാലയം നടത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ന്യൂനപക്ഷ മന്ത്രാലയത്തിന്റെ പരിധിയില്‍ പെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളിലെ മറ്റു വകുപ്പുകളുമായുള്ള മോശമായ ഏകോപനം കാരണം മുസ്‌ലിംകളുടെ മാറ്റിനിറുത്തപ്പെടലുകള്‍, ദാരിദ്ര്യം പോലുള്ള പ്രശ്‌നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ ഈ മന്ത്രാലയം പരാജയപ്പെടുകയാണുണ്ടായത്. ഏറ്റവും മോശമായ വിധത്തില്‍ ഇത് ബാധിച്ചത് പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടിയെയാണ്. നീക്കിവെക്കപ്പെട്ട സംഖ്യയുടെ 15 ശതമാനം പ്രത്യേകം നിജപ്പെടുത്തിയ പരിപാടികള്‍ക്കായി മാറ്റിവെച്ചതിനാലും കൃത്യമായ പ്രവര്‍ത്തനശൈലി രൂപപ്പെടുത്താത്തതിനാലും ഉത്തരവാദപ്പെട്ട ഒരൊറ്റ ഏജന്‍സിയും ഈ പരിപാടി വേണ്ട വിധത്തില്‍ നടപ്പിലാക്കിയിട്ടില്ല.
ന്യൂനപക്ഷങ്ങള്‍ അഭിമുഖീകരിക്കുന്ന പക്ഷപാതിത്വങ്ങളെയും വിവേചനത്തെയും ലഘൂകരിക്കാന്‍ നിയുക്തമായ സ്ഥാപനങ്ങള്‍ ആ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടില്ല എന്നതാണ് പ്രശ്‌നം. മുസ്‌ലിം ന്യൂനപക്ഷങ്ങളെ സംബന്ധിച്ചേടത്തോളം വളരെ മോശമായ വികസന സൂചകങ്ങളാണുള്ളത്. അര്‍ഹതപ്പെട്ട അധികാരങ്ങളും അവകാശങ്ങളും ലഭ്യമല്ലാത്ത വിധത്തില്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ വിവേചനം അനുഭവിക്കുകയും ചെയ്യുന്നു. ആസൂത്രിതവും അല്ലാത്തതുമായ വര്‍ഗീയ ലഹളകളുടെ ഫലമായി പലപ്പോഴുമവര്‍ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്നു.

വര്‍ഗീയ കലാപങ്ങളും
സര്‍ക്കാറുകളുടെ പ്രതികരണങ്ങളും
1993-ലും 2002-ലും ആസൂത്രിതമായി നടന്ന മുംബൈ, ഗുജറാത്ത് ലഹളകള്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു. സാധാരണ നടന്നുകൊണ്ടിരിക്കുന്ന വര്‍ഗീയ കലാപങ്ങളില്‍ വളരെ കുറച്ചുമാത്രമേ പുറത്തറിയുന്നുള്ളൂ. ഏറ്റവും ഒടുവിലായി 2011 ആഗസ്റ്റ് 2-ന് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ നടന്ന കലാപങ്ങളും 2011 ഒക്‌ടോബറില്‍ ഉത്തരഖണ്ഡിലെ രുദ്രാപൂരിലും സെപ്റ്റംബറില്‍ രാജസ്ഥാനിലെ ഭരത്പൂരിലും നടന്ന കലാപങ്ങളുമാണ് ശ്രദ്ധിക്കപ്പെട്ടത്. 2011 ജൂണ്‍ 4-ന് ബീഹാറിലെ ബിങ്കന്‍പൂര്‍ വില്ലേജില്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചും മനുഷ്യരെ കൊന്നൊടുക്കുന്ന കലാപങ്ങളെക്കുറിച്ചുമുള്ള ഒരു ഇ-മെയില്‍ സന്ദേശവും ഒരു പരാതി പെറ്റീഷനും അറാറിയക്കാരനായ സാഹിദുല്‍ ഹഖില്‍ നിന്നും ദേശീയ ന്യൂനപക്ഷ കമീഷന് ലഭിക്കുകയുണ്ടായി. പത്തുമാസം പ്രായമായ നൗഷാദ് എന്ന കുട്ടിയടക്കം ധാരാളം മുസ്‌ലിംകള്‍ പോലീസ് വെടിവെപ്പില്‍ മാത്രം മരണപ്പെട്ടു എന്നാണ് പരാതിക്കാരന്‍ ബോധിപ്പിച്ചത്. ഈ സംഭവത്തില്‍ മാത്രമല്ല, സമീപകാല സംഭവങ്ങളിലെല്ലാം നിയമപാലകര്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ കുറ്റവാളികളായ വലതുപക്ഷത്തെ സഹായിക്കുംവിധം ഗൂഢാലോചന നടത്തുകയും കലാപങ്ങളില്‍ പങ്കാളികളാവുകയും ചെയ്യുകയെന്ന പ്രവണത കണ്ടുവരുന്നു. ഭരത്പൂര്‍ കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ 23-ല്‍ 19 പേരും മുസ്‌ലിംകളായിരുന്നു. മാത്രമല്ല, 9 മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും ഒരു പള്ളി നിശ്ശേഷം നശിപ്പിക്കപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ മുസ്‌ലിംകള്‍ക്കും പള്ളികള്‍ക്കും നേരെ 219 ബുള്ളറ്റുകള്‍ വര്‍ഷിച്ചത് പോലീസുകാരായിരുന്നു.
ഭരത്പൂര്‍ കലാപം നടന്ന് മൂന്നാഴ്ചക്കുള്ളില്‍ ഉത്തരഖണ്ഡിലെ രുദ്രാപൂരില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന ഖുര്‍ആന്‍ കത്തിക്കല്‍, അനാദരിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട രണ്ട് സംഭവങ്ങളില്‍ പരാതി പറയാന്‍ ചെന്നവരോട് പോലീസ് കൈക്കൊണ്ട സമീപനം പോലീസിന്റെ അതിക്രമങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ തെളിവാകുന്നു. രണ്ടു പ്രാവശ്യവും ഈ ദുഷ്‌കൃത്യം ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പുപറഞ്ഞ് മുസ്‌ലിംകളെ തിരിച്ചയക്കുകയാണുണ്ടായത്. ഈ കുറ്റാരോപിതര്‍ക്കെതിരെ എഫ്.ഐ.ആര്‍ തയാറാക്കാന്‍ പോലും വിസമ്മതിച്ചു എന്നുമാത്രമല്ല, എഫ്.ഐ.ആര്‍ തയാറാക്കാതെ സ്റ്റേഷന്‍ വിടാന്‍ വിസമ്മതിച്ച മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായി ലാത്തി വീശുകയാണ് പോലീസ് ചെയ്തത്. ഗതിമുട്ടി കല്ലേറ് നടത്തിയവര്‍ക്കെതിരെ പോലീസ് വെടിയുതിര്‍ക്കുകയും, ഇതില്‍ നാലുപേര്‍ മരണമടയുകയും ധാരാളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ സമീപ പ്രദേശത്ത് തടിച്ചുകൂടിയ വര്‍ഗീയവാദികള്‍ മുസ്‌ലിംകളുടെ കടകള്‍ കൊള്ളയടിച്ച് നശിപ്പിക്കാനും വാഹനങ്ങള്‍ അഗ്നിക്കിരയാക്കാനും തുടങ്ങി. ജില്ലാ ഭരണകൂടത്തിനെതിരെ നടപടി സ്വീകരിച്ചുകൊണ്ട് മുഖ്യമന്ത്രി നടത്തിയ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഈ കുഴപ്പങ്ങള്‍ ആരംഭിച്ചത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍, മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ലഹളകള്‍ക്കെതിരെ അറസ്റ്റ് ചെയ്യപ്പെട്ടത് മൂന്ന് മുസ്‌ലിംകളാണ് എന്നതാണ് ഏറെ വേദനാജനകം. ഈ രണ്ട് സംഭവങ്ങളിലും ദേശീയ ന്യൂനപക്ഷ കമീഷന്‍ ഇടപെടുകയും നടപടികള്‍ നിര്‍ദേശിച്ചുകൊണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. കുറ്റവാളികള്‍ക്കെതിരെ പ്രതികരിക്കുന്നതിനുപകരം പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ആവശ്യപ്പെട്ടുകൊണ്ട് പോലീസിനെ സമീപിക്കുകയാണ് ഈ രണ്ട് സംഭവങ്ങളിലും മുസ്‌ലിംകള്‍ ചെയ്തത്. എന്നാല്‍ അടിയന്തര പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിതി നിയന്ത്രണാധീനമാക്കുന്നതിനുപകരം കലാപം വര്‍ധിക്കാനുതകുന്ന ഒരു രാസത്വരകം പോലെയാണ് പോലീസ് വര്‍ത്തിച്ചത്. നീതി നിഷേധിക്കുക മാത്രമല്ല, പോലീസ് സേനയില്‍ രൂഢമൂലമായ മുസ്‌ലിം വിരോധം ആവര്‍ത്തിച്ചുകൊണ്ട് കലാപങ്ങളില്‍ അവര്‍ പങ്കാളികളാവുകയാണുണ്ടായത്. ഈ പക്ഷപാതിത്വം ശമിപ്പിക്കുന്നതിനും, ഭരണകൂടങ്ങളുടെ സംരക്ഷണത്തിലും നീതിനിര്‍വഹണപ്രവര്‍ത്തനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കുള്ള വര്‍ധിച്ച ആശങ്കയകറ്റുന്നതിനും വേണ്ടി 2012 മാര്‍ച്ച് 13,14 തീയതികളില്‍ ദേശീയ ന്യൂനപക്ഷ കമീഷന്‍ ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തന്റെ പ്രമേയമായി 'പോലീസും ന്യൂനപക്ഷങ്ങളും' എന്ന വിഷയം തെരഞ്ഞെടുക്കുകയുണ്ടായി.
ദേശീയ ന്യൂനപക്ഷ കമീഷന്റെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ട് ദേശീയ ഉപദേശക സമിതി (എന്‍.എ.സി) തയാറാക്കുന്ന The Pending Communal and Targeted Violence (Prevention) ബില്ലില്‍ ഇത്തരം പരിമിതികളെ മറികടക്കാന്‍ സംവിധാനങ്ങള്‍ ആരായുന്നുണ്ട്. കലാപങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ബോധപൂര്‍വം അവഗണനയോ പരാജയമോ വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അതിന് ഉത്തരവാദികളാണെന്നതാണ് ഈ നിര്‍ദിഷ്ട നിയമ നിര്‍മാണത്തിന്റെ ശ്രദ്ധേയമായ വശം. മതിയായ കാരണങ്ങള്‍ ഇല്ലാതെ ഒരു ഓഫീസര്‍ കൃത്യനിര്‍വഹണത്തില്‍ പരാജയപ്പെട്ടാല്‍ അയാള്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടും. കൃത്യനിര്‍വഹണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥന്‍ മാത്രമല്ല, വിവരങ്ങള്‍ ലഭിച്ചിട്ടും ആവശ്യാനുസാരം കൃത്യമായ നിര്‍ദേശങ്ങളും കല്‍പനകളും നല്‍കുന്നതില്‍ വീഴ്ച വരുത്തിയ മേലുദ്യോഗസ്ഥനും ശിക്ഷിക്കപ്പെടുന്നതാണ്. ഇര സൗഹൃദപരമായ (Victim Friendly) വിധത്തില്‍ വിചാരണ നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും ഇരകള്‍ക്കുകൂടി വിചാരണ കേള്‍ക്കാന്‍ അവകാശമുണ്ട് എന്നും ബില്ല് അനുശാസിക്കുന്നു. സാക്ഷി സംരക്ഷണം (Witness Protection), ദുരിതാശ്വാസം, പുനരധിവാസം, നഷ്ടപരിഹാരം മുതലായവ ആസൂത്രിതവും വര്‍ഗീയവുമായ കലാപങ്ങളിലെ മുഴുവന്‍ ഇരകളുടെയും അവകാശമായി ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് തുല്യമായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും ഭവനരഹിതരായവരെ അവരവരുടെ പ്രദേശങ്ങളില്‍ തന്നെ പുനരധിവസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഈ ബില്ല് വ്യവസ്ഥ ചെയ്യുന്നു. ലൈംഗിക പീഡനത്തിന്റെ നേരിയ നിര്‍വചനത്തിനപ്പുറം എല്ലാവിധ ലൈംഗികാതിക്രമണങ്ങളെയും ഈ ബില്ല് കുറ്റകൃത്യമായി കാണുന്നു. സാമുദായികൈക്യം, നീതി, നഷ്ടപരിഹാരം എന്നിവക്കായി ഒരു ദേശീയ അതോറിറ്റിയും ഇതേ ഉദ്ദേശ്യങ്ങള്‍ക്കായി സംസ്ഥാന അതോറിറ്റികളും രൂപീകരിക്കപ്പെടണമെന്നും ഈ ബില്ല് നിര്‍ദേശിക്കുന്നു. വര്‍ഗീയ കലാപങ്ങളും മറ്റു ആസൂത്രിത കലാപങ്ങളും തടയുക, കലാപങ്ങള്‍ വ്യാപിക്കുന്നത് നിയന്ത്രിക്കുക, അന്വേഷണങ്ങള്‍, പ്രോസിക്യൂഷന്‍, വിചാരണ എന്നിവ നിരീക്ഷിക്കുക, നല്ലനിലയിലും നിഷ്പക്ഷമായും നഷ്ടപരിഹാരം, ദുരിതാശ്വാസം എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയവയായിരിക്കും ഈ അതോറിറ്റിയുടെ ചുമതല.
പാര്‍ലമെന്റില്‍ ഇനിയും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്ന ഈ കരട് ബില്ലിനെ ചില വലതുപക്ഷ പാര്‍ട്ടികള്‍ ഹിന്ദുവിരുദ്ധ നടപടിയായി ആക്രമിക്കുന്നു. യഥാര്‍ഥത്തില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന പ്രദേശങ്ങളില്‍ ഹിന്ദു ന്യൂനപക്ഷം കൂടി ഈ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്. 1990-91-കാലഘട്ടത്തില്‍ കൂട്ടപ്പാലായനത്തിന് നിര്‍ബന്ധിതരായ ഇനിയും പുനരധിവസിപ്പിക്കേണ്ടിയിരിക്കുന്ന കശ്മീര്‍ പണ്ഡിറ്റുകള്‍, ആഭ്യന്തരമായി സ്ഥാന ചലനം വന്ന വ്യക്തികള്‍ (Internally Displaced Personalities) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരിരക്ഷിക്കപ്പെടുന്നു. തന്നെയുമല്ല, ഇന്ത്യയിലെ മുഴുവന്‍ ജാതി-മത-ഭാഷാ ന്യൂനപക്ഷങ്ങളും ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് എന്നിവയില്‍പ്പെട്ടവരും ഈ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമോ, ഷെഡ്യൂള്‍ഡ് കാസ്റ്റ്, ഷെഡ്യൂള്‍ഡ് ട്രൈബ് വകതിരിവുകളോ ഇല്ലാതെ കലാപങ്ങള്‍ക്കിരയാകുന്ന മുഴുവന്‍ പേര്‍ക്കും ഈ ബില്ല് പരിരക്ഷ നല്‍കുന്നുണ്ട്.

നിത്യജീവിതത്തിലെ വിവേചനം
വര്‍ഗീയ കലാപ നിയന്ത്രണ ബില്ലിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ സര്‍ക്കാരും പൗരാവലിയും നിത്യജീവിതത്തില്‍ മുസ്‌ലിം സമുദായം അനുഭവിക്കുന്ന വിവേചനവും മാറ്റിനിര്‍ത്തപ്പെടലുകളും അരക്ഷിതാവസ്ഥയും കാണാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്നു. സര്‍വോപരി അവര്‍ ഭീകരവാദികളായും മൗലികവാദികളായും പാകിസ്താന്‍ ചാരന്മാരായും മുദ്രകുത്തപ്പെടുകയും, തങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനോ തങ്ങളെ ആക്രമിക്കുന്ന കുറ്റവാളികളെ ശിക്ഷിക്കാനോ തയാറാകാതെ ഉത്തരവാദപ്പെട്ടവര്‍ തങ്ങള്‍ക്കെതിരെ തെറ്റായ കുറ്റങ്ങള്‍ ആരോപിച്ചുകൊണ്ട് നീതി നിഷേധിക്കുകയും ചെയ്യുമ്പോള്‍ അവര്‍ നിസ്സഹായരായിത്തീരുന്നു.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല, പൊതുസ്ഥാപനങ്ങളും ഭരണ നിര്‍വഹണ സംവിധാനങ്ങളും എപ്രകാരമാണ് മുസ്‌ലിം സമൂഹത്തെ നോട്ടപ്പുള്ളികളാക്കുന്നതെന്ന് സച്ചാര്‍ കമ്മിറ്റി ഉയര്‍ത്തിക്കാട്ടുന്നുണ്ട്. പൊതുമാര്‍ക്കറ്റുകളിലും ആശുപത്രികളിലും വിദ്യാലയങ്ങളിലും മാത്രമല്ല, വാഹനങ്ങളില്‍ വരെ പര്‍ദാധാരിണികളായ സ്ത്രീകള്‍ അനുഭവിക്കുന്ന മര്യാദകെട്ട പെരുമാറ്റങ്ങളെക്കുറിച്ച് ധാരാളം പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. സ്വകാര്യ വ്യക്തികളും ഹൗസിംഗ് സൊസൈറ്റികളും മുസ്‌ലിം വിഭാഗത്തിന് വീടോ സ്ഥലമോ വില്‍ക്കാനും വാടകകക്ക് കൊടുക്കാനും മടിക്കുക മാത്രമല്ല, ചില പ്രദേശങ്ങളില്‍ താമസിക്കുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കുക കൂടി ചെയ്യുന്നു. താടിയുള്ള മുഴുവന്‍ ആളുകളെയും ഐ.എസ്.ഐ ഏജന്റുമാരായി കണക്കാക്കുന്നതു കാരണം തങ്ങള്‍ അനുഭവിക്കുന്ന അധമബോധത്തെ കുറിച്ച് മുസ്‌ലിം ചെറുപ്പക്കാര്‍ ആവലാതിപ്പെടുന്നു. എവിടെ എന്ത് സംഭവിച്ചാലും മുസ്‌ലിം ചെറുപ്പക്കാര്‍ പിടിക്കപ്പെടുകയും വ്യാജവും അവ്യക്തവുമായ കുറ്റങ്ങള്‍ ചുമത്തപ്പെടുകയും ചെയ്യുന്ന ദുരവസ്ഥ അടിക്കടി ആവര്‍ത്തിക്കപ്പെടുന്നു. ഈവക കാരണങ്ങളാല്‍ മുസ്‌ലിംകളുടെ മനോവീര്യം വലിയ തോതില്‍ തകരുന്നു എന്നതാണ് വസ്തുത, വിശിഷ്യാ അവര്‍ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളെ അഭിമുഖീകരിക്കാന്‍ നിയമപരമായ ഒരു സംവിധാനവും ഇല്ലാത്ത സാഹചര്യത്തില്‍.
മുസ്‌ലിം വിഭാഗത്തിന് സര്‍ക്കാരുദ്യോഗങ്ങളില്‍ റിസര്‍വേഷന്‍ എന്ന രംഗനാഥ കമീഷന്‍ നിര്‍ദേശത്തിന് എന്തെങ്കിലും പ്രതികരണം ഉണ്ടായോ? മുസ്‌ലിംകളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു സുനിശ്ചിത നടപടി എന്നത് പതിറ്റാണ്ടുകളായി രാഷ്ട്രീയ ഭിന്നതകളില്‍പ്പെട്ട് തട്ടിത്തകരുകയാണ്. മുസ്‌ലിംകള്‍ക്കായുള്ള ഏതു പ്രഖ്യാപിത നടപടിക്രമങ്ങളും ഇന്ത്യന്‍ ഭരണഘടനാ ലംഘനവും ഇന്ത്യന്‍ മതേതരത്വത്തിനെതിരുമായിത്തീരുമെന്ന വാദം വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകളടക്കമുള്ള പ്രതിപക്ഷം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി ജാതീയമായ വിവേചനവും അസമത്വവും അനുഭവിക്കുന്നവര്‍ക്കാണ് ക്വാട്ടകള്‍ (Reservation) വേണ്ടത് എന്നാണ് അവരുടെ വാദം. എന്നാല്‍, ഈ വാദങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിഷേധ്യമായ ഒരുപോല്‍പന്നമെന്ന നിലയില്‍ ക്രമാനുഗതമായി തള്ളിപ്പോയിരിക്കുന്നു. മനഃപൂര്‍വമുള്ള വിവേചനത്തിന്റെ ഫലമായി വിദ്യാഭ്യാസത്തിലും തൊഴിലിലും സാമ്പത്തികാവസ്ഥയിലും മുസ്‌ലിംകള്‍ പിന്നാക്കം പോയിരിക്കുന്നു. 2006-ല്‍ സച്ചാര്‍ കമ്മിറ്റി കണ്ടെത്തിയതുപോലെ ഒരു ബാങ്ക് ലോണിനുപോലും അര്‍ഹരല്ലാത്തവിധത്തില്‍ വിദ്യാലയങ്ങളോ, ആതുര ശുശ്രൂഷാലയങ്ങളോ മറ്റു സൗകര്യങ്ങളോ ഇല്ലാത്ത കുഗ്രാമങ്ങളിലാണ് മുസ്‌ലിംകള്‍ ജീവിക്കുന്നത്.
ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ് ആദ്യം ഉയര്‍ത്തിയ, മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസത്തിലും ഉദ്യോഗങ്ങളിലും നിശ്ചിത ക്വാട്ട നിശ്ചയിക്കും എന്ന ആശയം, അടുത്ത് നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി വാഗ്ദാനം ചെയ്തതിനാല്‍ മുസ്‌ലിം പ്രശ്‌നങ്ങളില്‍ പലതും വീണ്ടും പൊങ്ങിവന്നിരിക്കുന്നു. മുസ്‌ലിംകളെ ഒ.ബി.സി റിസര്‍വേഷന് അര്‍ഹരായ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈയിടെ നടത്തിയ ശ്രമങ്ങള്‍ ഹൈക്കോടതി തടഞ്ഞു. അതിനാല്‍ നിയമപരവും രാഷ്ട്രീയവുമായ തടസ്സങ്ങള്‍ വീണ്ടും നിലനില്‍ക്കുന്നു. മുസ്‌ലിംകള്‍ക്ക് നിശ്ചിത ക്വാട്ട നിശ്ചയിക്കുക എന്നത് നീതീകരിക്കത്തക്കതും വര്‍ഷങ്ങളായി കിട്ടാക്കടമായി നില്‍ക്കുന്നതുമായതിനാല്‍ മുസ്‌ലിം നേതാക്കള്‍ അതിനായി ഒരു രാഷ്ട്രീയ സമ്മര്‍ദം സംഘടിപ്പിക്കണമെന്ന ആവശ്യം പലരില്‍ നിന്നും ഉയര്‍ന്നുവരുന്നു.
ജനാധിപത്യാവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ടോ?
മാറ്റിനിര്‍ത്തപ്പെടലുകളോട് മുസ്‌ലിംകളും വിശാലമായ പൗരസഞ്ചയവും എങ്ങനെയാണ് പ്രതികരിക്കുന്നത്? മുന്നേറുന്ന ഒരു ജനാധിപത്യ വ്യവസ്ഥയുടെ പ്രധാന സൂചകങ്ങളില്‍ ഒന്ന് വിസമ്മതിക്കാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും ലഭിക്കുകയെന്നതാകുന്നു. ഇന്ത്യയില്‍ പ്രകടനങ്ങള്‍, ധര്‍ണകള്‍, നിരാഹാരങ്ങള്‍, ബന്ദുകള്‍, റെയില്‍-റോഡ് ഉപരോധങ്ങള്‍ തുടങ്ങിയവയാകുന്നു എതിര്‍ക്കാനും ആവശ്യങ്ങള്‍ നേടിയെടുക്കാനും ഉപയോഗപ്പെടുത്തുന്ന സമരോപാധികള്‍. പക്ഷേ, മുസ്‌ലിംകള്‍ ഒരു സമുദായം എന്ന നിലയില്‍ എതിര്‍ക്കാനും വിസമ്മതിക്കാനുമുള്ള അവരുടെ അവകാശമായി മേല്‍പറഞ്ഞ സമരമുറകള്‍ ഉപയോഗപ്പെടുത്തുന്നില്ല. മുസ്‌ലിം പേഴ്‌സണല്‍ ലോ, മുസ്‌ലിം വ്യക്തിത്വം എന്നിവക്കു നേരെ ഭീഷണിയുയരുമ്പോഴല്ലാതെ അത്തരം എതിര്‍പ്പുകള്‍ ദൃശ്യമാകുന്നില്ല. കലാപകാരികളെ ശിക്ഷിക്കുക, നീതി ലഭ്യമാക്കുക, പുനരധിവാസം തുടങ്ങിയ ഏതെങ്കിലും ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടോ, നിരന്തരമായ മാറ്റിനിര്‍ത്തലുകള്‍ക്കും വിവേചനങ്ങള്‍ക്കും എതിരായോ ഒരുവിധത്തിലുള്ള പരസ്യ പ്രകടനങ്ങളോ, സമരമുറകളോ ഗുജറാത്തില്‍ കലാപാനന്തരം അവിടത്തെ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആദിവാസികളുടെയും ദലിതുകളുടെയും സ്ത്രീകളുടെയും പോലെ തന്നെ അടിയന്തര സ്വഭാവമുള്ള രീതിയില്‍ മുസ്‌ലിം പ്രശ്‌നം എടുത്തുകാണിച്ച സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പോലും ഉന്നത ബൗദ്ധിക മേഖലകളിലെ ചര്‍ച്ചകളില്‍ ഒതുക്കുകയാണുണ്ടായത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അലംഭാവത്തിനും അയഞ്ഞ സമീപനത്തിനുമെതിരെ ഒറ്റപ്പെട്ട രീതിയില്‍ മുസ്‌ലിംകളുടെ ഭാഗത്തുനിന്നുണ്ടായ ചില ആവശ്യങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമപ്പുറം പൊതുസമൂഹത്തില്‍ നിന്ന് ഒരു ശബ്ദവും ഉയര്‍ന്നിട്ടില്ല.
ഒരു പക്ഷേ, സ്വതസിദ്ധമായ അരക്ഷിതാവസ്ഥ കാരണമായിരിക്കും ഇത്തരത്തിലുള്ള ഒരു സ്ഥിതി സംജാതമായത്. ഭീകരവാദം പോലെ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തെറ്റായ രീതിയില്‍ മുസ്‌ലിം ചെറുപ്പക്കാരെ ഉന്നംവെച്ചുകൊണ്ടുള്ള ധാരാളം കള്ളക്കേസുകള്‍ രാജ്യമൊട്ടുക്കും നിലനില്‍ക്കുന്നു. അത്തരത്തിലുള്ള ചെറുപ്പക്കാര്‍ പോലീസ് കസ്റ്റഡിയില്‍ നിയമവിരുദ്ധമായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ മറ്റു സമുദായങ്ങളെപ്പോലെ മുസ്‌ലിം സമുദായം പ്രതികരിക്കുന്നില്ല. ഇന്റര്‍നെറ്റ് അവലംബിച്ചുള്ള ഒരു സമരത്തിന് പോലും അവര്‍ തയാറാകുന്നില്ല. മുസ്‌ലിംകളുടെ ഈ നിര്‍ജീവാവസ്ഥ അസ്വസ്ഥതയുളവാക്കുന്നതാണ്. എന്തുകൊണ്ട് മുസ്‌ലിംകള്‍ ഈ ദുരവസ്ഥക്കെതിരെ പ്രതികരിക്കുന്നില്ല എന്ന ചോദ്യം വ്യാപകമായ ചര്‍ച്ചക്കിടം നല്‍കുന്നുണ്ടെങ്കിലും നിലനില്‍ക്കുന്ന ഭയവും (Fear) അവിശ്വാസ(Mistrust)വുമാണ് പ്രധാന കാരണമെന്ന് കാണാം.
21-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ധാരാളം ഗവണ്‍മെന്റേതര സംഘങ്ങള്‍ (എന്‍.ജി.ഒ) മുസ്‌ലിംകളുടെ നേതൃത്വത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണ തേടിക്കൊണ്ട് ഉയര്‍ന്നുവരുന്നത് കാണാന്‍ സാധിക്കുന്നു. 2002-ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് 2003 മാര്‍ച്ചില്‍ സ്ഥാപിതമായ ഒരു ഇന്ത്യന്‍ സാമൂഹിക സാംസ്‌കാരിക സംഘടനയാകുന്നു Act Now for Harmony and Democracy(ANHAD). മതേതരത്വം, മനുഷ്യാവകാശം, സാമുദായിക ഐക്യം എന്നിവക്കുവേണ്ടിയാകുന്നു ദല്‍ഹി കേന്ദ്രമാക്കി ANHAD പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മതേതരത്വ മുന്നേറ്റം, പൊതുജനത്തെ അവരുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കല്‍, ഗവേഷണവും തദ്‌സംബന്ധമായ റിപ്പോര്‍ട്ടുകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കല്‍, പാര്‍ശ്വവത്കൃത വിഭാഗത്തിനും സമുദായങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍, പൊതുമുന്നേറ്റങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയവ ANHADയുടെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതുജന പങ്കാളിത്തമുള്ള തര്‍ക്ക പരിഹാര സമിതികള്‍ രൂപീകരിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ സംഘടന മാര്‍ഗങ്ങള്‍ തേടുന്നു. വര്‍ഗീയതക്കെതിരെ നിലപാട് സ്വീകരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെമേല്‍ ഒരു സമ്മര്‍ദ ഗ്രൂപ്പായി അത് പ്രവര്‍ത്തിക്കുന്നു. പോലീസ് വെടിവെപ്പില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ട ബീഹാറിലെ അറാറിയ ജില്ലയിലും, ഹിന്ദു ഗുജ്ജാറുകളും മുസ്‌ലിംകളും തമ്മില്‍ വര്‍ഗീയലഹള നടന്ന ഭരത്പൂര്‍ ജില്ലയിലും ഹര്‍ത്താലുകളും പ്രതികരണങ്ങളുമായി മുമ്പില്‍ വന്നത് 'അന്‍ഹദി'ന്റെ പ്രവര്‍ത്തകരാണ്.
രാഷ്ട്രീയാവബോധം
സമുദായത്തില്‍ ശക്തമായ രാഷ്ട്രീയാവബോധം വളര്‍ന്നുവരുന്നതിന്റെ വ്യക്തമായ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ അവബോധം കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ കൂട്ടുകെട്ടുകളുടെ ഘടനയെ സ്വാധീനിക്കത്തക്കവിധത്തില്‍ തെരഞ്ഞെടുപ്പുകളില്‍ സമ്മതിദാനാവകാശം നിര്‍ണായകമായി ഉപയോഗപ്പെടുത്താന്‍ സമുദായത്തെ ശക്തമാക്കാന്‍ കെല്‍പുറ്റതാണ്. 2009-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലാണ് ഈ പ്രവണത ആദ്യമായി വ്യക്തമായത്. ഉത്തര്‍പ്രദേശില്‍ 2012-ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബഹുജന്‍ സമാജ് പാര്‍ട്ടിയെ (ബി.എസ്.പി) ബഹുദൂരം പിറകിലാക്കിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി ( എസ്.പി) അധികാരത്തിലേറി. വളരെ സൂക്ഷ്മമായ പരിശോധനയില്‍ സമ്മതിദാനാവകാശം ഉപയോഗിച്ചവരില്‍ മുസ്‌ലിം പങ്കാളിത്തം 35 ശതമാനത്തോളമായിരുന്നു എന്നുകാണാന്‍ സാധിക്കുന്നു. വ്യാപകമായി അവര്‍ മുലായംസിംഗ് യാദവിനെ പിന്തുണച്ചപ്പോള്‍, ദേശവ്യാപകമായി മുസ്‌ലിംകളുടെ ശത്രുവായി കാണുന്ന ബി.ജെ.പി.ക്ക് തടയിടുക എന്ന നിലയില്‍ വിവേചന ബുദ്ധിയോടെ കോണ്‍ഗ്രസിനെയും പിന്തുണച്ചിട്ടുണ്ട്.
2011-ല്‍ ആസ്സാം, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിങ്ങനെ അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നു. ഇതില്‍ ആസ്സാമിലും പശ്ചിമ ബംഗാളിലും കേരളത്തിലും മുസ്‌ലിം ജനസംഖ്യ യഥാക്രമം 31 ശതമാനം, 25 ശതമാനം, 25 ശതമാനം എന്ന തോതിലാണ്. ആസ്സാമിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന്റെ തോല്‍വി പ്രവചിക്കപ്പെട്ടതായിരുന്നു. പശ്ചിമ ബംഗാളിലാവട്ടെ 1967 മുതല്‍ തുടര്‍ച്ചയായി നിലനിന്നിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടത്തിന് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ അത്യുഗ്ര ആക്രമണത്താല്‍ ഇളക്കം തട്ടി. ഇവിടെയെല്ലാം മുസ്‌ലിം വോട്ടര്‍മാരുടെ പങ്കാളിത്തം വളരെ വലുതായിരുന്നു. അസ്സമിലെ ദുബ്‌രി, ഗോല്‍പാറ, ബാര്‍പെറ്റ, നാഗറോണ്‍, കരിംഗഞ്ച്, ഹൈലക്‌നാദി എന്നീ ആറ് ജില്ലകളില്‍ 50 ശതമാനത്തിലധികമാണ് മുസ്‌ലിം ജനസംഖ്യ. സംസ്ഥാനത്തിലെ മൊത്തം 126 അസംബ്ലി നിയോജക മണ്ഡലങ്ങളില്‍ 38 ശതമാനവും ഈ ജില്ലകളിലാകുന്നു. അതിനുപുറമെ, മറ്റ് 4 ജില്ലകളിലും 35 ശതമാനവും 45 ശതമാനവും ഇടക്ക് മുസ്‌ലിം ജനസംഖ്യയുണ്ട്. ജയിക്കുന്നതിനുവേണ്ടി ധാരാളം പ്രോഗ്രാമുകള്‍ ആസ്സാം കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇവിടെ നടപ്പിലാക്കിയിട്ടുണ്ട്. അതിനാലാണ് പാര്‍ട്ടിക്ക് Party of Ali (മുസ്‌ലിം), Party of Coolie (തൊഴിലാളി) എന്നീ പേരുകള്‍ കിട്ടിയതത്.
ഇപ്രകാരം തന്നെ മലപ്പുറത്ത് 69 ശതമാനമാകുന്നു മുസ്‌ലിം ജനസംഖ്യ. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളില്‍ 27 ശതമാനത്തിനും 35 ശതമാനത്തിനും ഇടയിലാകുന്നു മുസ്‌ലിം ജനസംഖ്യ. ഒറ്റക്കക്ഷി എന്ന നിലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി വിജയം നേടിയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗുമടങ്ങുന്ന മുന്നണിക്കാണ് ലഭിച്ചത്.
2011-ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പെട്ടെന്നുള്ള ഒരു ദിശാമാറ്റത്തിലൂടെ തൃണമൂല്‍ കോണ്‍ഗ്രസ്സും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സീറ്റുകള്‍ പങ്കിട്ടെടുക്കുന്നതാണ് കണ്ടത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിവരിച്ച വിധത്തിലുള്ള വിവേചനങ്ങളും അവകാശ നിഷേധങ്ങളും വര്‍ഷങ്ങളായി അനുഭവിക്കുന്ന, ഇതുവരെയും ഇടതുപക്ഷത്തെ പിന്തുണച്ചിരുന്ന മുസ്‌ലിംകളാണ് ഈ ദിശാമാറ്റത്തിന്റെ കേന്ദ്രബിന്ദു എന്നുകാണാന്‍ കഴിയുന്നു. വ്യവസായവത്കരണത്തിന്റെ ഭാഗമായി മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളായ നന്ദിഗ്രാമിലെയും മറ്റും ഭൂമി പിടിച്ചെടുത്തതുമൂലമുണ്ടായ പോലീസ് വെടിവെപ്പില്‍ ധാരാളം കര്‍ഷകര്‍ മരിക്കാനും ഒട്ടനവധി പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായത് ഈ മാറ്റത്തിന് പ്രേരകമായിത്തീര്‍ന്നു. ഉത്തര്‍പ്രദേശില്‍ 70 ശതമാനം മുസ്‌ലിംകളും ബി.എസ്.പിയുടെ ഭാഗത്തുനിന്ന് എസ്.പിയുടെ ഭാഗത്തേക്ക് മാറിയതാണ് മാറ്റത്തിന് കാരണമായത്.
ഇവിടെ മുഖ്യപ്രശ്‌നം തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ നേതൃത്വം ഉത്തരവാദിത്വബോധമുള്ളവരാവുക എന്നതാണ്. അധികാരികളുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണം. നിയമ നിര്‍മാണം, നീതിന്യായം, ഭരണ നിര്‍വഹണം, രാഷ്ട്രീയ സംഘടനകള്‍ തുടങ്ങി എല്ലാ രംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ ഇന്ത്യയുടെ വിവരാവകാശ നിയമം (Right to Information Act) അനുശാസിക്കുന്നു.
എല്ലാ ഗ്രാമങ്ങളും ഇന്ത്യന്‍ ഭരണഘടന പ്രകാരം സ്വയംഭരണ സ്ഥാപനങ്ങളായി ഉത്തരവ് നല്‍കി അധികാര വികേന്ദ്രീകരണം നടക്കുന്ന ഒരു സന്ദര്‍ഭമാണിത്. ഇന്ത്യന്‍ ഭരണഘടനയുടെ സെക്ഷന്‍ 243 (ഡി) പ്രകാരം പഞ്ചായത്ത് എന്നുപറഞ്ഞാല്‍ ഗ്രാമീണ പ്രദേശങ്ങളില്‍ ഭരണഘടനയുടെ 243 (ബി) പ്രകാരം രൂപീകരിച്ചിട്ടുള്ള സ്വയംഭരണ സ്ഥാപനങ്ങളാകുന്നു. സ്വന്തം അയല്‍പ്രദേശങ്ങളിലെ ഭരണ നിര്‍വഹണ രംഗത്ത് ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ ഭേദഗതി കൊണ്ടുവന്നത്. പക്ഷേ അധികാര വികേന്ദ്രീകരണം ഇപ്പോഴും യാഥാര്‍ഥ്യമായിത്തീര്‍ന്നിട്ടില്ല. ഒരു പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തിട്ടുള്ള ഗ്രാമീണരായ മുഴുവന്‍ വ്യക്തികളും ഉള്‍ക്കൊളളുന്നതാണ് ഗ്രാമസഭ എന്നാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എല്ലാ ഓരോ വ്യക്തിക്കും, വിശിഷ്യാ പല വെല്ലുവിളികള്‍ നേരിടേണ്ടിവരുന്ന മുസ്‌ലിമിനും തന്റെ പ്രദേശത്തെ സംബന്ധിച്ച കാര്യങ്ങളില്‍ നിയമ നിര്‍മാണാധികാരം ലഭ്യമാകുമെന്നാണ് അത് മുഖേന പ്രതീക്ഷിക്കുന്നത്.
(അവസാനിച്ചു)
വിവര്‍ത്തനം:
പ്രഫ. കെ. മുഹമ്മദ് അയിരൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍