Prabodhanm Weekly

Pages

Search

2012 ജൂലൈ 28

സംസ്കാരത്തിന്റെ വായന സാധ്യമാകുന്ന വിവരസാകല്യം

ശിഹാബ് പൂക്കോട്ടൂര്‍

ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസിന്റെ കീഴില്‍ പ്രകാശനം ചെയ്യപ്പെട്ട ഇസ്ലാമിക വിജ്ഞാന കോശങ്ങള്‍ ബഹുമുഖമായ വായനയെ സാധ്യമാക്കുന്ന വിവരശേഖരങ്ങളാണ്. 20 വര്‍ഷമായി തുടങ്ങിയ ഈ വൈജ്ഞാനിക ധ്യാനത്തില്‍ നിന്നും 11 വാള്യങ്ങള്‍ പുറത്തുവന്നു. 11-ാം വാള്യമാണ് കഴിഞ്ഞ മാസം പ്രകാശനം ചെയ്യപ്പെട്ടത്. കാശ്മീരിലെ ചക് രാജവംശത്തില്‍ തുടങ്ങി അല്‍ജാഹിലിയ്യ പ്രസ്ഥാനത്തില്‍ അവസാനിക്കുന്നതാണ് 11 ാം വാല്യത്തിന്റെ തലക്കെട്ടുകള്‍. കേരളീയ മുസ്ലിം - മുസ്ലിമേതര സമൂഹത്തിനു ഏറെ പ്രയോജനം ചെയ്യുന്ന, മലയാളത്തില്‍ തന്നെ ലഭ്യമാവുന്ന ഏറ്റവും സൂക്ഷ്മമായ അറിവുകളുടെ സ്രോതസ്സായി ഇതിനെ പരിഗണിക്കാം. ഒന്നാമതായി ഇതിനെ ഇസ്ലാമിക സമൂഹത്തിന്റെ നാഗരിക ശേഷിപ്പുകളുടെ തുടര്‍ച്ചയായി കാണാവുന്നതാണ്. നാഗരികമായി ഒരു സമൂഹത്തെ അടയാളപ്പെടുത്തുന്നതില്‍ വിജ്ഞാനശേഖരണത്തിനും ക്രോഡീകരണത്തിനും സംസ്കാരത്തിനും വലിയ പങ്കുണ്ട്.
ഇസ്ലാമിക സമൂഹത്തിന്റെ വിജ്ഞാന പ്രഭവകേന്ദ്രം വിശുദ്ധ ഖുര്‍ആനാണ്. ഖുര്‍ആന്റെ വ്യാഖ്യാനം പ്രഥമമായി നിര്‍വഹിച്ചത് പ്രവാചകചര്യയാണ്. പ്രവാചകചര്യയുടെ സംരക്ഷണത്തിനുവേണ്ടിയാണ് ധാരാളം വിജ്ഞാനശാഖകള്‍ ഇസ്ലാമിക സമൂഹത്തില്‍ ഉടലെടുത്തത്. വ്യക്തികളെ കുറിച്ചുള്ള വിജ്ഞാനം (ഇല്‍മുരിജാല്‍), വംശങ്ങളെ കുറിച്ചുള്ള പഠനം (ഇല്‍മുനസബ്), ഹദീസ് നിദാനശാസ്ത്രം തുടങ്ങിയ നിരവധി മേഖലകളിലേക്ക് അറിവുകളും പഠനങ്ങളും ചെന്നെത്തിയത് പ്രവാചകചര്യയുടെ സൂക്ഷ്മമായ സംരക്ഷണത്തിനായിരുന്നു. പിന്നീട് വിജ്ഞാനകോശത്തിന് സമാനമായ വ്യക്തിത്വങ്ങള്‍ തന്നെ സമൂഹത്തില്‍ ഉണ്ടായി. ഇസ്ലാമിക സമൂഹത്തിന്റെ മത, സാംസ്കാരിക,രാഷ്ട്രീയ പുരോഗതി ഇത്തരം വ്യക്തികളുടെ വൈജ്ഞാനിക ശ്രമത്തില്‍ ഉള്‍ക്കൊണ്ടു. ഇമാം ഗസാലി ഇതിനു മികച്ച ഉദാഹരണമാണ്.
വിജ്ഞാന ശേഖരണത്തിന്റെ സൂക്ഷ്മത, ആധികാരികത, വിശ്വാസ്യത എന്നിവക്ക് അറിവിനേക്കാള്‍ മഹാത്മ്യം കല്‍പ്പിച്ചിരുന്നു. യൂറോപ്പ് നിര്‍മിച്ച വിജ്ഞാന വിശകലനങ്ങള്‍ക്ക് വിശ്വാസ്യതയും സൂക്ഷ്മതയും കുറവായിരുന്നു. ഊഹങ്ങളുടെയും അനുമാനങ്ങളുടെയും പരവിദ്വേഷത്തിന്റെയും പുകമറക്കുള്ളിലാണ് യൂറോകേന്ദ്രീകൃതമായ വിജ്ഞാനങ്ങള്‍ നിലകൊണ്ടിരുന്നത്. ഓക്സ്ഫോര്‍ഡ് ഇംഗ്ളീഷ് ഡിക്ഷനറി എഡിറ്ററായ പ്രഫ. ജയിസംമുറെ ഡിക്ഷനറി നിര്‍മിക്കുന്ന ഘട്ടത്തില്‍ വാക്കുകളുടെ അര്‍ഥം കണ്ടെത്താന്‍ ധാരാളം റീഡര്‍മാരെ ഏല്‍പിച്ചിരുന്നു. അദ്ദേഹം ഡിക്ഷനറി പുറത്തിറക്കിയതിനുശേഷം ഏറ്റവും കൂടുതല്‍ പദങ്ങള്‍ കണ്ടെത്തിയ വ്യക്തിയായ വില്യം മൈനറെ അഭിനന്ദിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. അദ്ദേഹം എത്തിച്ചേര്‍ന്നത് മനോരോഗ ആശുപത്രിയിലായിരുന്നു. ഓക്സ്ഫോര്‍ഡ് ഡിക്ഷനറിയിലേക്ക് ഏറ്റവും കൂടുതല്‍ പദങ്ങള്‍ നല്‍കിയ വില്യം മൈനര്‍ അപകടകാരിയായ മനോരോഗിയായിരുന്നു! ഇതുപോലെ തന്നെയാണ് യൂറോപ്പിന്റെ വിജ്ഞാനകോശങ്ങളും. മുസ്ലിമിനെയും ഇസ്ലാമിനെയും തെറ്റായ വിവരണങ്ങളിലൂടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരമത വിദ്വേഷത്തിന്റെ എരിവുകളാണ് ഇതില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഇവിടെയാണ് ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് പുറത്തിറക്കിയ വിജ്ഞാനകോശങ്ങള്‍ ഇസ്ലാമിക നാഗരികതയോടും അറിവിനോടും ചേര്‍ന്ന് നില്‍ക്കുന്നത്. വിവിധ സംഘടനകള്‍ ഇറക്കുന്ന പ്രസിദ്ധീകരണങ്ങള്‍, വിജ്ഞാനകോശങ്ങള്‍ എല്ലാം അവരവരുടെ കീര്‍ത്തനങ്ങളും മറ്റുള്ളവരുടെ കുറവുകളും ദൂഷ്യങ്ങളും എഴുതിനിറക്കുമ്പോള്‍, ഇവിടെ വസ്തുതകളെ-വിജ്ഞാനങ്ങളെ സൂക്ഷ്മമായ, സ്വതന്ത്രമായ സ്ഥാനവും പദവിയും നല്‍കി നിലനിര്‍ത്തുന്നു. ഇത് ഇസ്ലാമിക സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്. ഇത്തരം സംരംഭങ്ങളിലൂടെയാണ് ഏതൊരു സമൂഹവും സമുദായവും സംഘടനയും ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത്. അതുതന്നെയാണ് ഈ വിജ്ഞാനകോശങ്ങളുടെ ചരിത്രപരതയെ ന്യായമാക്കുന്നത്. രണ്ടാമതായി സംസ്കാരത്തിന്റെ വായനയെ വര്‍ധിച്ചരീതിയില്‍ സാധ്യമാക്കുന്നു. ദര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ സംസ്കാരങ്ങളെയാണ് ഇന്ന് വായിക്കുന്നത്. അത്കൊണ്ടുതന്നെ ഇസ്ലാമിക സംസ്കാര ചിഹ്നങ്ങള്‍, പ്രദേശങ്ങള്‍ എന്നിവയെ പ്രത്യേക രീതിയില്‍ ഭീതിദമായി നിലനിര്‍ത്താന്‍ സമകാലിക വിജ്ഞാനങ്ങളും വായനകളും ശ്രമിക്കുന്നു. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളെ, താടി, തൊപ്പി, പള്ളികള്‍ തുടങ്ങിയ ചിഹ്നങ്ങളെ, ഭക്ഷണം, വിവാഹം തുടങ്ങിയ സാംസ്കാരങ്ങളെയെല്ലാം ഭീകരമായും അപകടകരമായും നിര്‍മിച്ചെടുക്കാന്‍ ഭരണകൂടങ്ങളും മീഡിയയും എഴുത്തുകളും എല്ലാം ഒരുപോലെ ശ്രമിക്കുന്നു. ഇന്ത്യയിലെ അഅ്സംഗഢ്, ഹൈദരാബാദ്, മാലേഗാവ്, കശ്മീര്‍, ബട്കല്‍ കേരളത്തിലെ കോഴിക്കോട്, ഈരാറ്റുപേട്ട, മലപ്പുറം, ആലുവ തുടങ്ങിയ പ്രദേശങ്ങള്‍ പ്രത്യേകമായ പദാവലികളുടെ അകമ്പടിയോടെ മാത്രമേ സമകാലിക സമൂഹം സ്മരിക്കാറുള്ളൂ. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ കേന്ദ്രങ്ങളെ മാധ്യമങ്ങള്‍ 'അഅ്സംഗഢ്' (ഭീകരപ്രവര്‍ത്തനത്തിന്റെ കേന്ദ്രം) എന്ന നിലയിലാണ് സൂചിപ്പിക്കാറുള്ളത് (കേരളത്തിലെ ഇ-മെയില്‍ ചോര്‍ത്തലില്‍ അറസ്റിലായ പോലീസുകാരന്റെ ഭീകര കൃത്യമായി നമ്മുടെ മാധ്യമങ്ങള്‍ നിരീക്ഷിച്ചത് അദ്ദേഹം 'കോഴിക്കോടു'മായി ബന്ധം പുലര്‍ത്തിയെന്നതായിരുന്നു).
സമകാലിക സമൂഹത്തില്‍ മുസ്ലിംകളുടെ ചിഹ്നങ്ങളെയും അവര്‍ താമസിക്കുന്ന പ്രദേശങ്ങളെയും അവയുടെ ചരിത്ര, രാഷ്ട്രീയ പ്രാധാന്യങ്ങളെയും വെളിപ്പെടുത്തുകയെന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. യൂറോപ്പും യൂറോ കേന്ദ്രീകൃത പ്രത്യയശാസ്ത്രങ്ങളും സവര്‍ണ മീഡിയയും എഴുത്തുകാരും ചേര്‍ന്ന് രൂപപ്പെടുത്തിയ ഇത്തരം 'അപകട'മതത്തെ, പ്രദേശങ്ങളെ, വ്യക്തികളെ വസ്തുനിഷ്ഠമായി കോറിയിടുന്നത് രാഷ്ട്രീയമായൊരു പ്രതിരോധം കൂടിയാണ്. ഇസ്ലാമും മുസ്ലിംകളും അവരുടെ സംസ്കാരവും ആചാരവും പ്രത്യേകമായി ടാര്‍ഗറ്റ് ചെയ്യപ്പെടുന്ന കാലത്ത് അവരുടെ ചരിത്രപരവും സാമൂഹികവുമായ പ്രാധാന്യത്തെ എഴുതുന്നുവെന്നത് വിജ്ഞാനകോശത്തിന്റെ സമകാലിക പ്രസക്തിയെയാണ് സൂചിപ്പിക്കുന്നത്.
മൂന്നാമതായി, പുതിയ കാലത്തെ ഗവേഷണരീതികള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്രോതസ്സായി മാറുന്നു അത്. സംസ്കാരങ്ങളെയും ആചാരങ്ങളെയും മുന്‍നിര്‍ത്തി സമൂഹത്തെയും സമുദായങ്ങളെയും കുറിച്ച് പഠിക്കുന്ന സാംസ്കാരിക പഠനങ്ങള്‍ക്ക് വിജ്ഞാനകോശങ്ങള്‍ വലിയ മുതല്‍കൂട്ടാകുന്നു. മുസ്ലിം സമുദായത്തെ കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. അവരുടെ സംഘടനകള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രമുഖരായ വ്യക്തികള്‍, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍, അറബ്-പേര്‍ഷ്യന്‍ ഭരണകൂടങ്ങള്‍ വിദേശ രാഷ്ട്രങ്ങളിലെ മുസ്ലിംകള്‍, പ്രധാനപ്പെട്ട ചരിത്രസംഭവങ്ങള്‍, തുടങ്ങി അഇസ്സുദ്ദീന്‍ മുതല്‍ അല്‍ജാഹിളിയ്യ വരെ നീണ്ടു പരന്നു കിടക്കുന്ന വൈജ്ഞാനിക സാകല്യം പുതിയ ഗവേഷക സമൂഹത്തിന് മാറിനില്‍ക്കാന്‍ സാധ്യമാകാത്ത പ്രേരകമായി ഇതുവര്‍ത്തിക്കും.
ജമാഅത്തെ ഇസ്ലാമിയെന്നു കേള്‍ക്കുമ്പോള്‍ പുരപ്പുറത്ത് കയറി വെടിവെക്കുന്നവര്‍ക്ക് ഇസ്ലാമിക പ്രസ്ഥാനത്തെക്കുറിച്ച് അതിന്റെ മുഴുവന്‍ സംവിധാനങ്ങളെയും വിവരിക്കുന്ന പാഠങ്ങളും നിഷ്പക്ഷമായി വായിക്കാന്‍ അവസാനമിറങ്ങിയ 11-ാം വാല്യത്തിലൂടെ സാധിക്കുന്നു. കേരളീയ മുസ്ലിം സമൂഹത്തില്‍ സ്വന്തം പൈതൃകത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചുമുള്ള ഓര്‍മപ്പെടുത്തലുകളായി ഇത് മാറുന്നു. അറിവിന്റെ ബഹുമുഖമായ, ഇസ്ലാമിന്റെ വിശാലമായ പ്രചാരണം കൂടി ഇതിലൂടെ കഴിയുന്നു. ഇസ്ലാമിക പ്രസ്ഥാനം കേരളീയ/ഇന്ത്യന്‍ മുസ്ലിം സമുദായത്തിനും അവരുടെ കലാലയങ്ങള്‍ക്കും വ്യത്യസ്ത മതാനുയായികള്‍ക്കും നല്‍കുന്ന ഏറ്റവും ശ്രേഷ്ഠമായ ഉപഹാരം കൂടിയാണ് ഇസ്ലാമിക വിജ്ഞാനകോശം. തലമുറകളുടെ പരാഗണം സാധ്യമാകുന്ന വിജ്ഞാനത്തിന്റെ സുകൃതം നുകരുന്ന വലിയൊരു പൂന്തോപ്പായി ഇത് വിടര്‍ന്ന് നില്‍ക്കുകയാണ്. അസാമാന്യമായ വേഗത്തില്‍ വിവരക്കൈമാറ്റവും സമ്പാദനവും നടക്കുന്ന കാലത്ത് മറന്നുപോകുന്ന ഏടുകളെ സുരക്ഷിതമായി ക്രോഡീകരിക്കുന്ന സല്‍ക്കര്‍മമാണ് ഈ മഹത്തായ സംരംഭം കേരളത്തില്‍ നിര്‍വഹിച്ച് കൊണ്ടിരിക്കുന്നത്.
നാലാമതായി, ലോകം മുഴുവനായി പരന്ന് കിടക്കുന്ന ഇസ്ലാമിക സംസ്കാരത്തിന്റെ തനിമകളെയും മുസ്ലിംകളെയും ഇതില്‍ കണ്ണിചേര്‍ക്കുന്നുണ്ട്. കേരളീയ മുസ്ലിമിന്റെ തന്നെ ചരിത്രപരമായൊരു സവിശേഷത കൂടി ഇതില്‍ തെളിയുന്നുണ്ട്. മുന്‍കാലങ്ങളില്‍ ലോകത്തുള്ള ഏത് ചലനങ്ങളെയും മുസ്ലിംകളുടെ സംവാദവികാസങ്ങളെയും അറിയുകയും അതിനോടു ക്രിയാത്മകമായ പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കേരളത്തില്‍ മുസ്ലിം സമൂഹം നടത്തിയ പോരാട്ടങ്ങള്‍, സമരങ്ങള്‍, അതിനോടനുബന്ധമായി രചിക്കപ്പെട്ട ഗ്രന്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ഇത് നമുക്ക് ബോധ്യമാവും. ചൈനയിലെയും, ജപ്പാനിലെയും, അമേരിക്കയിലെയും, സുഡാനിലെയും മുസ്ലിം സംസ്കാരങ്ങള്‍, ഇസ്ലാമിക പൈതൃകങ്ങള്‍, മുസ്ലിം സമൂഹം അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ എന്നിവ വിസ്തരിച്ച് രേഖപ്പെടുത്തപ്പെട്ടതാണ് ഇസ്ലാമിക വിജ്ഞാനകോശത്തിന്റെ പതിനൊന്നു വാല്യങ്ങളും. മുസ്ലിം സമൂഹം വിശ്വാസപരമായി ആര്‍ജിച്ചെടുത്ത ആഗോള ഐക്യത്തെ സാധൂകരിക്കുന്ന അറിവുകള്‍ ഇതിന്റെ ഏറ്റവും വലിയ സംഭാവനയാണ്. ആഗോള സാഹോദര്യം സാധ്യമാക്കുന്നതും അവരുടെ വിശ്വാസത്തിന്റെ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതും കൂടിയാണ് വിജ്ഞാനകോശം നിര്‍വഹിക്കുന്ന പ്രവര്‍ത്തനങ്ങള്‍
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍