പൂര്‍ണ മനുഷ്യന്‍
അല്ലാഹുവിന്റെ അടിമയാണെന്ന ബോധവും ആ ബോധത്തെ സത്യപ്പെടുത്തുന്ന ജീവിത ക്രമവുമാണ് സൃഷ്ടിയുടെ യഥാര്‍ഥ ജ്ഞാനം-വിദ്യ. അല്ലാഹുവിന്റെ അടിമയാകുന്നു എന്ന യാഥാര്‍ഥ്യത്തിന്റെ വിസ്മൃതിയും അതില്‍ നിന്നു രൂപപ്പെടുന്ന കര്‍മജീവിതവും അവിദ്യ-ജഹാലത്ത് അല്ലെങ്കില്‍ പ്രജ്ഞാശൂന്യത-ഗഫ്ലത്ത്- ആകുന്നു. മര്‍ത്യരെ ഈ യാഥാര്‍ഥ്യങ്ങളിലേക്കുണര്‍ത്തുന്നതിനുവേണ്ടിയത്രെ പ്രവാചകവര്യന്മാരും വേദങ്ങളും ആഗതമായത്. ദൈവത്തിന്റെ ഉടമത്തം പ്രഘോഷണം ചെയ്യുകയും മനുഷ്യന്‍ അവനോടു പുലര്‍ത്തേണ്ട അടിമത്തം സ്വജീവിതത്തിലൂടെ സാക്ഷാത്കരിച്ചു കാണിച്ചുകൊടുക്കുകയുമാണ് പ്രവാചകന്മാര്‍ ചെയ്തത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അല്ലാഹുവിനടിമപ്പെടുവീന്‍, അവനല്ലാത്ത പൈശാചിക ശക്തികള്‍ക്ക് അടിമപ്പെടുന്നതു വര്‍ജിക്കുവീന്‍ എന്ന സന്ദേശവുമായി നാം എല്ലാ സമുദായങ്ങളിലേക്കും ദൈവദൂതനെ നിയോഗിച്ചിട്ടുണ്ടായിരുന്നു''(16:36). "എനിക്കടിമപ്പെടാനല്ലാതെ ഞാന്‍ ജിന്നുകളെയും മര്‍ത്യരെയും സൃഷ്ടിച്ചിട്ടില്ല'' (51:56). "വിധേയത്വം നിഷ്കളങ്കമായി അല്ലാഹുവിനര്‍പ്പിച്ചുകൊണ്ട് അവനടിമപ്പെടാനും നമസ്കാരം നിലനിര്‍ത്താനും സകാത്ത് നല്‍കാനും മാത്രമാകുന്നു അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അതാണ് സാധുവായ ധര്‍മം'' (98:5).
അല്ലാഹുവിനോടുള്ള അടിമത്തത്തിന്റെ പൂര്‍ത്തീകരണം രണ്ടിനമുണ്ട്. അനുഷ്ഠാനപരമാണൊന്ന്. രണ്ടാമത്തേത് വ്യവഹാരികവും. നമസ്കാരാദി ആരാധനാനുഷ്ഠാനങ്ങള്‍ ഒന്നാമത്തേതില്‍പ്പെടുന്നു. കുടുംബം, ദാമ്പത്യം, സാമ്പത്തിക ഇടപാടുകള്‍, സാമൂഹിക രാഷ്ട്രീയ കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ദൈവിക ശരീഅത്തിന്റെ പാലനം രണ്ടാമത്തേതില്‍ വരുന്നു. രണ്ടു രൂപങ്ങളിലും നിര്‍ബന്ധമായതും ഐഛികമായതുമുണ്ട്. അടിമയുടെ മനസ്സില്‍ യജമാനനോടുള്ള ഭയഭക്തി വിധേയത്വം സജീവമാക്കി നിലനിര്‍ത്തുകയും അത് ആത്മശുദ്ധീകരണത്തിന്റെ ത്വരകമാവുകയുമാണ് അനുഷ്ഠാനപരമായ ആരാധനാ കര്‍മങ്ങളുടെ ലക്ഷ്യം. "ഭയഭക്തിയോടെ നമസ്കരിക്കുന്നവര്‍ തീര്‍ച്ചയായും ജീവിതം സഫലമാക്കിയിരിക്കുന്നു'' (23:1-2), "നമസ്കാരം അസഭ്യവൃത്തികളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും വിലക്കുന്നു. അതിലേറെ മഹത്തരമത്രെ ദൈവബോധം'' (29:45). "നിങ്ങള്‍ക്കു മുമ്പുള്ളവര്‍ക്ക് നിയമമാക്കിയപോലെ നിങ്ങള്‍ക്കും വ്രതാനുഷ്ഠാനം നിയമമാക്കിയിരിക്കുന്നു; നിങ്ങള്‍ ധര്‍മനിഷ്ഠയുള്ളവരാവാന്‍'' (2:183). "പ്രവാചകന്‍ വിശ്വാസികളില്‍ നിന്ന് അവരെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്ന നിര്‍ബന്ധ ദാനം വസൂല്‍ ചെയ്യണം'' (9:103). തെളിനീരൊഴുകുന്ന നദിയില്‍ ദിനേന അഞ്ചുവട്ടം മുങ്ങിക്കുളിക്കുന്നവരുടെ ശരീരം എന്തുമാത്രം വൃത്തിയും വെടിപ്പുമുള്ളതാകുന്നുവോ അതുപോലെ വിചാരവും കര്‍മവും നിരന്തരം ശുദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അനുഷഠാനമായിട്ടാണ് പ്രവാചക(സ) അഞ്ചുനേരത്തെ നമസ്കാരത്തെ വര്‍ണിച്ചത്.
നമ്മുടെ നമസ്കാരവും നോമ്പും മറ്റാരാധനകളും ഈവിധം ജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ? ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ട വിഷയമാണിത്. വിചാര-കര്‍മങ്ങളെ സ്പര്‍ശിക്കാത്ത നമസ്കാരത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "സ്വന്തം നമസ്കാരത്തെക്കുറിച്ച് മറന്നുപോകുന്ന നമസ്കാരക്കാര്‍ക്ക് ഹാ കഷ്ടം! കപടനാട്യക്കാരാണവര്‍. ചെറിയ ചെറിയ പരോപകാരങ്ങള്‍ പോലും വിലക്കുന്നവരും'' (107:4-7) ഭക്തിയില്ലാത്ത നമസ്കാരം അല്ലാഹു ഉപയോഗശൂന്യമായ പഴന്തുണിയെന്നോണം എറിഞ്ഞു കളയുമെന്ന് പ്രവാചകനും ഓര്‍മിപ്പിച്ചിരിക്കുന്നു. അസത്യഭാഷണവും അധാര്‍മിക നടപടികളും വര്‍ജിക്കാത്തവര്‍ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പശിദാഹങ്ങളനുഭവിക്കുന്നതില്‍ അല്ലാഹുവിന് യാതൊരു താല്‍പര്യവുമില്ലെന്ന് ജീവിത സംസ്കരണത്തിനുപകരിക്കാത്ത വ്രതാനുഷ്ഠാനത്തെക്കുറിച്ചും നബി(സ) പ്രസ്താവിച്ചിട്ടുണ്ട്.
അല്ലാഹുവിനുള്ള അബ്ദിയ്യത്തിന്റെ ഏറ്റം മികച്ച ഉദാഹരണമാണ് അന്ത്യപ്രവാചകന്റെ വിശുദ്ധ ജീവിതം. തിരുമേനിയുടെ ജീവിതം ഖുര്‍ആന്‍ ആയിരുന്നുവെന്ന് തിരുപത്നി ആഇശ(റ) പ്രസ്താവിക്കുകയുണ്ടായി. ഇരുപ്പിലും നടപ്പിലും ഊണിലും ഉറക്കിലും കുടുംബത്തിലും സമൂഹത്തിലും പള്ളിയിലും പടക്കളത്തിലുമെല്ലാം തിരുമേനിയെ നയിച്ചിരുന്നത് അല്ലാഹുവിലുള്ള ഭയഭക്തിയും അവന്റെ ആജ്ഞാനിര്‍ദേശങ്ങളോടുള്ള വിധേയത്വവുമായിരുന്നുവെന്നാണവരുദ്ദേശിച്ചത്. നബി(സ) പൂര്‍ണമായും അല്ലാഹുവിന്റെ അടിമയായിരുന്നു. അടിമത്തം പൂര്‍ണമായി അല്ലാഹുവിനര്‍പ്പിച്ച മനുഷ്യനാണ് പൂര്‍ണ മനുഷ്യന്‍-അല്‍ ഇന്‍സാനുല്‍ കാമില്‍.
മുഹമ്മദീയ ജീവിതത്തിലെ നിസ്സാര ചലനങ്ങള്‍ പോലും കൃത്യമായി രേഖപ്പെടുത്തിവെച്ച നിരവധി ഗ്രന്ഥങ്ങളുണ്ട്. അവയുടെ വിശകലനങ്ങളും വ്യാഖ്യാനങ്ങളുമായി വേറെയുമുണ്ട് എണ്ണമറ്റ ഗ്രന്ഥങ്ങള്‍. ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മുഹമ്മദീയ ജീവിതത്തോളം മിഴിവോടെ തെളിമയോടെ വിശദമായി രേഖപ്പെടുത്തപ്പെട്ട മറ്റൊരു ജീവിതവും ലോകചരിത്രത്തിലില്ല. ഇതര ലോകനേതാക്കളുടെ ചരിത്രങ്ങളില്‍ അവരുടെ ധിഷണാശക്തി, വിജ്ഞാനവിശാലത, സ്വാധീനശക്തി, നേതൃപാടവം, വാഗ്വിലാസം, സാഹിത്യനൈപുണി തുടങ്ങിയ ഒട്ടേറെ വശങ്ങളെ സംബന്ധിച്ച് അനുവാചകരെ അത്ഭുതപ്പെടുത്തുന്ന കഥകള്‍ കാണാം. പക്ഷേ ജ്ഞാനവും ദര്‍ശനവും പൂര്‍ണമായി പ്രയോഗവല്‍ക്കരിച്ച ജീവിതം കാണുകയില്ല. അവരാരും പൂര്‍ണ മനുഷ്യന്‍-ഇന്‍സാനുല്‍ കാമില്‍ ആയിരുന്നില്ല എന്നതാണ് കാരണം. നൂറു ശതമാനം തികഞ്ഞ അബ്ദിയ്യത്ത് ആര്‍ജിച്ച് പൂര്‍ണ മനുഷ്യനായ അന്ത്യപ്രവാചകനെയാണ് അല്ലാഹു മാനവികതയുടെ മാതൃകയായി അവതരിപ്പിച്ചിരിക്കുന്നത്. "തീര്‍ച്ചയായും ദൈവദൂതനില്‍ നിങ്ങള്‍ക്ക് വിശിഷ്ട മാതൃകയുണ്ട്'' (33:21). ലോകത്ത് മാതൃകാ പുരുഷന്മാര്‍ ഏറെയുണ്ട്. അവര്‍ മാതൃകയാകുന്നതു അവര്‍ വിജയിച്ച ജീവിത മേഖലകളില്‍ മാത്രമായിരിക്കും. മുഹമ്മദീയ മാതൃക മുഴുവന്‍ ജീവിതത്തിന്റേതാണ്. അതു പിന്‍പറ്റുകയാണ് സമ്പൂര്‍ണ മാനവികതയിലേക്കുള്ള ഒരേയൊരു മാര്‍ഗം.
Comments