ജനഹൃദയങ്ങളിലേക്കിറങ്ങാന്‍ സംഘടന തടസ്സമാവരുത്
ഉമറുബ്നു അബ്ദില്‍ അസീസിന്റെ കാലഘട്ടം മുതല്‍ ചരിത്രത്തിന്റെ ഓരോ ദശയിലും രംഗപ്രവേശം ചെയ്ത പ്രമുഖ പരിഷ്കര്‍ത്താക്കളെയും നവോത്ഥാന പ്രസ്ഥാനങ്ങളെയും കുറിച്ച സംക്ഷിപ്ത വിവരണമാണ് നല്‍കിയത്. ഓരോ സന്ദര്‍ഭത്തിന്റെയും തേട്ടവും താല്‍പര്യവുമനുസരിച്ച് ഉയര്‍ന്നുവന്ന വ്യക്തിത്വങ്ങളാണ് സമഗ്രമായ മാറ്റങ്ങള്‍ക്ക് സാരഥ്യം വഹിച്ചത്. ഇവിടെ പരാമര്‍ശിക്കുന്ന ചെറുതും വലുതുമായ നിരവധി പ്രസ്ഥാനങ്ങള്‍ക്കും കാലഘട്ടങ്ങള്‍ പിറവി നല്‍കിയിട്ടുണ്ട്. ഓരോ സന്ദര്‍ഭത്തിലെയും ആവശ്യങ്ങളെ ഫലപ്രദമായി അഭിസംബോധന ചെയ്ത് ചരിത്രത്തിന്റെ ഭാഗമായ പ്രസ്ഥാനങ്ങളാണവ. ചിലതെല്ലാം അവയുടെ ജന്മ ദൌത്യം നിറവേറ്റി. ചിലത് വരും തലമുറക്ക് വിട്ടേച്ച് തിരോധാനം ചെയ്തു. നിര്‍ണിതമായ ചില ലക്ഷ്യങ്ങള്‍ക്ക് വേണ്ടി നിലവില്‍ വന്ന പ്രസ്ഥാനങ്ങള്‍, പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാനാവാതെ ജീര്‍ണതയുടെയോ അകര്‍മണ്യതയുടെയോ ഭാരംപേറി, പരിവര്‍ത്തനത്തിന് തടസം നില്‍ക്കുന്ന മനോഭാവത്തിന്റെയും ഘടനയുടെയും തടവില്‍ പാര്‍ത്ത് കാലയവനികക്ക് പിന്നില്‍ മറഞ്ഞു. നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഊന്നല്‍ നല്‍കേണ്ട വിഷയങ്ങളില്‍ ഇന്ന് മാറ്റം വന്നിരിക്കുന്നു. പല സാമ്രാജ്യങ്ങളും മേല്‍കോയ്മകളും തകര്‍ന്നടിഞ്ഞു. പ്രത്യയശാസ്ത്രങ്ങള്‍ പലതും കാലഹരണപ്പെട്ടു. ആഗോളവല്‍ക്കരണത്തിന്റെയും ഉദാരീകരണത്തിന്റെയും നവയുഗത്തില്‍ പുതിയ പ്രശ്നങ്ങളും പോര്‍വിളികളുമാണുയരുന്നത്. ഈ മാറ്റങ്ങള്‍ക്കനുരോധമായ പരിവര്‍ത്തനങ്ങള്‍ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും അഭിസംബോധനകളിലും ശിക്ഷണങ്ങളിലും ഊന്നലുകളിലും കാഴ്ചപ്പാടുകളിലും ഉണ്ടായിട്ടുണ്ടോ? സ്വയം നവീകരണത്തിന് അവര്‍ എത്രത്തോളം തയാറായിട്ടുണ്ട്? ചരിത്രത്തിന്റെ മറ്റു സന്ദര്‍ഭങ്ങളില്‍ പ്രസക്തമായിരുന്ന മുദ്രാവാക്യങ്ങളുടെയും ധാരണകളുടെയും തടവുകാരാണോ ഇന്നും അവ? പുതിയതൊന്നും പഠിക്കുകയോ പഠിച്ചതൊന്നും മറക്കുകയോ ചെയ്യാത്ത ശാഠ്യങ്ങളുടെയും സങ്കുചിത ചിന്തയുടെയും പ്രത്യയശാസ്ത്ര പേശിപിടുത്തത്തിന്റെയും മുരടിപ്പിന്റെയും പക്ഷപാത മനസ്ഥിതിയുടെയും തടവറകളില്‍ നിന്ന് മോചനം നേടാന്‍ എത്രത്തോളം അവക്കായിട്ടുണ്ട്?
സാമൂഹിക പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനം അടുക്കും ചിട്ടയും വ്യവസ്ഥയുമുള്ള സംഘടനയാണ്. നിര്‍ണിതമായ ഒരു പ്രവര്‍ത്തനത്തിന് വേണ്ടി ഒരു കൂട്ടമാളുകള്‍ സംഘടിക്കുമ്പോള്‍ അതിന് നേതാവ് വേണം, നേതാവിനോട് അനുസരണവും കൂറുമുള്ള അണികള്‍ വേണം, സംഘടനക്ക് ലക്ഷ്യവും കര്‍മപരിപാടികളും അവ നടപ്പാക്കാന്‍ ആസൂത്രിത പദ്ധതികളും വേണം. വ്യക്തികളുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങളെക്കാള്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സ്വാധീനമോര്‍ത്താണ് ഇസ്ലാം സംഘടനാ സംവിധാനത്തിന് വലിയ പ്രാധാന്യം കല്‍പിച്ചിട്ടുള്ളത്. വ്യക്തികളുടെ വ്യത്യസ്ത കഴിവുകളും വൈവിധ്യമാര്‍ന്ന സിദ്ധികളും ഒന്നിച്ചു കൂടുമ്പോള്‍ പരസ്പര പൂരകമായിത്തീരുകയും മാറ്റത്തിന്റെ ചാലക ശക്തിയായി മാറുകയും ചെയ്യും. വ്യക്തിയുടെ കഴിവുകള്‍ വളരുകയും വികസിക്കുകയും ചെയ്യുന്നത് സമൂഹത്തിലാണ്. സംഘടിത പ്രവര്‍ത്തനങ്ങള്‍ തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് നീങ്ങുമ്പോള്‍ അവക്ക് മരണമുണ്ടാവുകയില്ല. വ്യക്തികള്‍ മണ്‍മറഞ്ഞാലും സംഘടനാ സംവിധാനം മരണമില്ലാതെ നിലനില്‍ക്കും. സമഗ്ര ജീവിതദര്‍ശനമായ ഇസ്ലാമിനെ സമ്പൂര്‍ണമായി പ്രതിനിധാനം ചെയ്യാന്‍ സര്‍വ സജ്ജമായ ഒരു സംഘടനക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ അച്ചടക്കമില്ലാത്ത വ്യക്തികളുടെ കൂട്ടങ്ങള്‍ക്കോ ഈ ദൌത്യ നിര്‍വഹണം സാധ്യമാവില്ല.
വ്യക്തിതലത്തിലും സംഘടനാ തലത്തിലും മുസ്ലിമിന്റെ ജീവിത ദൌത്യം ഇസ്ലാമിന്റെ പ്രബോധനമാണ്. സഹ്ലുബ്നു സഅ്ദുസ്സാഇദി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: "സൈന്യവുമായി ഖൈബറിലേക്ക് തിരിച്ച അലിയ്യുബ്നു അബീ ത്വാലിബി(റ)ന് പതാക കൈമാറി നബി(സ) ഓര്‍മിപ്പിച്ചു: "നീ മുഖേന ഒരാളെയെങ്കിലും സന്മാര്‍ഗത്തിലേക്ക് നയിക്കുകയാണ് മേത്തരം ഒട്ടകങ്ങളേക്കാള്‍ നിനക്ക് അഭികാമ്യമായിട്ടുള്ളത്'' (മുസ്ലിം). പ്രവാചകന്റെ ജീവിതത്തിലുടനീളം നിറഞ്ഞ് നിന്നത് ഈ സന്ദേശമായിരുന്നു. ജനഹൃദയങ്ങളില്‍ ഇടംപിടിക്കാനുള്ള മാര്‍ഗങ്ങള്‍ തേടിയലഞ്ഞു എപ്പോഴും ആ പ്രവാചക മനസ്. ഒരേയൊരു ചിന്ത മാത്രം. വിശ്വാസത്തിന്റെ വെളിച്ചം ഒരു വ്യക്തിക്കും നിഷേധിക്കപ്പെടരുത്. അതിന് എന്ത് വിട്ടുവീഴചയുമാവാം. അടഞ്ഞുകിടക്കുന്ന ഹൃദയത്തിന്റെ വാതിലുകള്‍ തുറക്കാനുള്ള താക്കോല്‍ തന്റെ കൈവശമാണുള്ളതെന്ന വിചാരം പ്രവാചകനെ നയിച്ചു.
ഇസ്ലാമിന്റെ ആദ്യകാലം. ബനൂതമീം പ്രതിനിധി സംഘത്തെ നയിച്ച് അഖ്റഅ് പ്രവാചകസന്നിധിയിലെത്തി. ഉതാരിദുബ്നുഹാജിബ്, സുബര്‍ഖാനുബ്നുബദ്ര്‍, ഖൈസുബ്നുആസിം എന്നീ ഗോത്ര പ്രമുഖന്മാരുമുണ്ട് സംഘത്തില്‍. മദീനയില്‍ എത്തിയ അഖ്റഅ്: "മുഹമ്മദ്, എന്റെ വന്ദനം ഹൃദ്യവും മനോഹരവുമാണ്. എന്റെ നിന്ദ ക്രൂരവും അസഹ്യവുമായിരിക്കും''.
"അത് ചെയ്യേണ്ടത് അല്ലാഹു. നിങ്ങള്‍ക്കെന്ത് വേണം?'' നബി(സ).
"ഞങ്ങള്‍ തമീം ഗോത്രം. ഞങ്ങളുടെ വംശപ്രതാപത്തിന്റെ തോറ്റം പാടാനും പറയാനും ഞങ്ങളുടെ കവിയെയും പ്രസംഗകനെയും കൊണ്ടാണ് ഞങ്ങള്‍ വന്നിട്ടുള്ളത്''.
"കവിത ചൊല്ലാനല്ല ഞാന്‍ നിയോഗിക്കപ്പെട്ടിട്ടുള്ളത്. കുലമഹിമ പാടിപറയാനും ഞാന്‍ കല്‍പിക്കപ്പെട്ടിട്ടില്ല. എങ്കിലും നിങ്ങളുടെ പക്കലുള്ളത് കേള്‍ക്കട്ടെ'' നബി(സ).
സംഘത്തിലെ യുവാവായ ഉതാരിദിനോട് അഖ്റഅ്: "നമ്മുടെ ഗോത്ര മഹിമ ചൊല്ലിക്കൊടുക്കൂ''
ഉതാരിദ് കവിത ചൊല്ലി. ദീര്‍ഘമായ ഒരു പ്രഭാഷണവും നടത്തി.
അതിന് നബി(സ)യുടെ ഭാഗത്ത് നിന്ന് സാബിതുല്‍ അന്‍സാരി മറുപടി കൊടുത്തു.
പിന്നീട് രംഗമേറ്റെടുത്തത് സംഘത്തലവന്‍ അഖ്റഅ്. കവിതയും പ്രസംഗവുമായി അഖ്റഅ് തകര്‍ത്തു.
നബി(സ) ഹസ്സാനുബ്നു സാബിത്തിനോട്. "ഹസ്സാന്‍ അയാള്‍ക്ക് മറുപടി കൊടുക്കൂ''.
ബനൂ തമീമിന്റെ കവിതകളെ കടത്തിവെട്ടുന്ന കവിതകള്‍ ചൊല്ലി ഹസ്സാന്‍ തിളങ്ങി നിന്നപ്പോള്‍ അഖ്റഅ്: "കൂട്ടരെ, ഇതെന്ത് കഥ! നമ്മുടെ പ്രസംഗകന്‍ പ്രസംഗിച്ചു. പക്ഷേ അവരുടെ പ്രസംഗകന്റെ പ്രഭാഷണമായിരുന്നു മികച്ചു നിന്നത്. നമ്മുടെ കവികള്‍ പാടി. പക്ഷേ അവരുടെ കവികളെ വെല്ലാന്‍ നമ്മുടെ കവികള്‍ക്കായില്ല.''
പിന്നെ അഖ്റഅ് നബി(സ)യുടെ അടുത്തുവന്നു പ്രഖ്യാപിച്ചു: "അശ്ഹദു അന്‍ലാഇലാഹ ഇല്ലല്ലാഹു, അശ്ഹദു അന്ന മുഹമ്മദന്റസൂലുല്ലാഹ്''.
"നേരത്തെ സംഭവിച്ചതൊന്നും സാരമില്ല'' നബി(സ).
ബനൂ തമീം ഗോത്രത്തിന്റെ ഹൃദയങ്ങളിലേക്ക് നബി(സ) കടന്നുചെന്ന രീതി നമ്മുടെ ചിന്താവിഷയമാവണം. അവരുടെ ആവശ്യം അംഗീകരിച്ച് അവര്‍ തുറന്ന വാതിലിലൂടെ അവരോടൊപ്പം സഞ്ചരിച്ച് ഹൃദയങ്ങളെ കീഴടക്കാനാണ് പ്രവാചകന്‍ ശ്രമിച്ചത്. ഗോത്ര മഹിമയില്‍ ഊറ്റം കൊണ്ടിരുന്ന ആ സമൂഹത്തിന് അലോസരമുണ്ടാക്കുന്ന ഒരു സമീപനവും സ്വീകരിക്കാതിരിക്കാന്‍ നബി(സ) ശ്രദ്ധിച്ചു. ഇസ്ലാമിലേക്ക് വരുന്നവരോടും ഇസ്ലാമില്‍ വന്ന് കഴിഞ്ഞവരോടും നബി(സ) സ്വീകരിച്ച നയം സൌമനസ്യത്തിന്റേതും വിശാല മനഃസ്ഥിതിയുടേതുമായിരുന്നു.
ജനങ്ങള്‍ പലവിധം
ജനങ്ങള്‍ എല്ലാവരും ഒരേ തരക്കാരല്ലെന്ന് പ്രബോധകന്‍ തിരിച്ചറിയണം. കഴിവുകളില്‍ തുല്യരല്ല. മനോഘടനയില്‍ സമന്മാരല്ല. ഇസ്ലാമിലും തുടര്‍ന്ന് പ്രസ്ഥാനത്തിലും കടന്നുവരുന്നവര്‍ വിവിധ വിതാനത്തിലായിരിക്കും. പ്രസ്ഥാനത്തിന്റെ സന്ദേശം ഗ്രഹിച്ച് പൂര്‍ണാര്‍ഥത്തില്‍ അണിചേരുന്നവര്‍ അവരിലുണ്ടാവും. പ്രസ്ഥാന സന്ദേശം നന്നായി മനസിലായിട്ടുണ്ടെങ്കിലും പ്രസ്ഥാന ഘടനയിലേക്ക് വരാന്‍ സമയവും സാവകാശവും വേണ്ടവരുണ്ടാവും. പ്രസ്ഥാനത്തെക്കുറിച്ച് നന്നായറിയുന്നവര്‍ തന്നെ സഹായത്തിന്റെയും പിന്തുണയുടെയും പരിധിക്കപ്പുറം കടക്കാത്തവര്‍ കാണും. പ്രസ്ഥാനത്തിന് വേണ്ടി സംസാരിക്കുന്നവരും വീറോടും ആവേശത്തോടും അതിന്ന് വേണ്ടി വാദിക്കുന്നവരും സംഘടനാ ചട്ടക്കൂട്ടില്‍ വന്നുകൊള്ളണമെന്നില്ല. പ്രസ്ഥാനത്തിന്റെ പരിപാടികളില്‍ ചിലതിനോടാഭിമുഖ്യം പുലര്‍ത്തി അതില്‍ സഹകരിക്കുന്നവരുണ്ടാവും. ക്രിയാത്മകമായ സംഭാവനകള്‍ അര്‍പ്പിച്ച് ഇസ്ലാമിക നവോത്ഥാന സംരംഭത്തില്‍ തന്റേതായ എളിയ സംഭാവനകള്‍ അര്‍പ്പിക്കണമെന്നാഗ്രഹിക്കുന്നവര്‍ കാണും. ഇനിയും ചിലര്‍ രാഷ്ട്രീയ-സാംസ്കാരിക-സാമൂഹിക പ്രവര്‍ത്തനങ്ങളിലേതിലെങ്കിലും പ്രത്യേക താല്‍പര്യം പുലര്‍ത്തി അതില്‍ സഹകരിക്കുന്നവരായിരിക്കും.
ഈ വിഭാഗങ്ങളെയെല്ലാം പ്രസ്ഥാനത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും അവരെയെല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യാനുള്ള വൈദഗ്ദ്ധ്യവും വിശാല മനസുമാണ് ഈ കാലഘട്ടം തേടുന്നത്. പ്രസ്ഥാനത്തിന് പ്രവര്‍ത്തകരും അണികളും മാത്രം പോര. അതിന് സഹയാത്രികരും അഭ്യുദയകാംക്ഷികളും വേണം. വൈവിധ്യവും വൈജാത്യവും വാസനാ വിശേഷങ്ങളും കഴിവുകളും സിദ്ധികളുമുള്ള സമൂഹത്തിലെ വ്യത്യസ്ത വ്യക്തിത്വങ്ങളെയും വിഭാഗങ്ങളെയും കണ്ടെത്തി, കൂടെ കൂട്ടാനുള്ള വിശാല മനസ്സ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് വേണം. ഈ കാലഘട്ടത്തിലെ ഇസ്ലാമിക പ്രവര്‍ത്തനം പരിമിതമായ തോതിലും തലത്തിലും നടക്കേണ്ട ഒന്നല്ല. പലതരം കഴിവുകള്‍ ഒന്നിച്ചു മേളിച്ച് മുന്നോട്ടു കുതിക്കേണ്ട സവിശേഷ സാഹചര്യമാണ് ഇന്നുള്ളത്. നമ്മുടെ ഇടുങ്ങിയ കാഴ്ചപ്പാടുകള്‍ ഇസ്ലാമിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ തടസ്സം നിന്നുകൂടാ. "ഞാന്‍, ഞങ്ങള്‍'' എന്ന പരികല്‍പനകള്‍ക്കപ്പുറം "നാം, നമ്മള്‍'' എന്ന വിശാലതയിലേക്കുയരണം. അനസ്(റ) ഒരു സംഭവം ഓര്‍ക്കുന്നു. "ഞങ്ങള്‍ പള്ളിയില്‍ നബി(സ)യോടൊപ്പം ഇരിക്കുകയാണ്. ഒരു ഗ്രാമീണന്‍ പള്ളിയില്‍ കടന്നു വന്നു. പള്ളിയില്‍ ഒരിടത്ത് മൂത്രമൊഴിച്ചു തുടങ്ങി. സ്വഹാബിമാര്‍ ഒന്നടങ്കം അയാളുടെ നേരെ ചാടിയടുത്തു ആക്രോശിച്ചു: "നിര്‍ത്തൂ''. നബി(സ) ഉടനെ ഇടപെട്ട് പറഞ്ഞു: അയാള്‍ മൂത്രിച്ചു തീരട്ടെ''. പിന്നെ ഗ്രാമീണനെ വിളിച്ചു നബി(സ): "പള്ളികള്‍ ഇങ്ങനെ മൂത്രമൊഴിക്കാനോ മാലിന്യങ്ങള്‍ കൊണ്ടുവന്നു തള്ളാനോ ഉള്ളതല്ല. അല്ലാഹുവിനെ ഓര്‍ക്കാനും നമസ്കരിക്കാനും ഖുര്‍ആന്‍ പാരായണം നടത്താനുമൊക്കെ ഉള്ളതാണ്'' തുടര്‍ന്ന് സ്വഹാബിമാരോട്: "മറ്റുള്ളവര്‍ക്ക് സന്തോഷം പകരാന്‍ നിയോഗിക്കപ്പെട്ടാവരാണ് നിങ്ങള്‍; അവര്‍ക്ക് ഞെരുക്കവും ബുദ്ധിമുട്ടും ഉണ്ടാക്കാനല്ല. ഒരു പാത്രം വെള്ളം ഒഴിച്ചു അത് വൃത്തിയാക്കിയേക്കൂ''. ഇത് കേട്ട ഗ്രാമീണന്‍: "അല്ലാഹുമ്മ ഇര്‍ഹംനീ വ മുഹമ്മദന്‍, വലാ തര്‍ഹം മഅനാ അഹദന്‍'' (അല്ലാഹുവേ, എന്നോടും മുഹമ്മദിനോടും നീ കരുണ കാട്ടേണമേ! ഞങ്ങളൊടൊപ്പം മറ്റാര്‍ക്കും നീ കരുണ ചൊരിയരുതേ!). ഇത് കേട്ട റൂസൂല്‍(സ): "വളരെ വിശാലതയുള്ള ഒരുവനെയാണല്ലോ നീ ഇടുങ്ങിയ രൂപത്തില്‍ കണ്ടത്?'' (ബുഖാരി, മുസ്ലിം).
എല്ലാ നന്മയും നമ്മില്‍ ഒതുങ്ങണം എന്ന ആ ഗ്രാമീണന്റെ ഇടുങ്ങിയ ചിന്തയോട് പൊരുത്തപ്പെടാന്‍ നബി(സ)യുടെ വിശാല മനസിന്നായില്ല. ഈ വിശാലതയാണ് പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കാവശ്യം. ഗ്രാമീണന്റെ മനസ്സല്ല.
സഖീഫ് ഗോത്രത്തിന്റെ ഇസ്ലാം സ്വീകരണം ചരിത്രത്തില്‍ ഇടം പിടിച്ച ഒരു പ്രധാന സംഭവമാണ്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസ്: 'ഉസ്മാനുബ്നു അബീ ആസ്വില്‍ നിന്ന് കേട്ട് അസ്ഫാന്‍ നമ്മോട് പറഞ്ഞത്: സഖീഫ് ഗോത്ര പ്രതിനിധിസംഘം നബി(സ)യെ സന്ദര്‍ശിക്കാന്‍ വന്നു. അവരുടെ ഹൃദയങ്ങള്‍ തരളിതമാവട്ടെ എന്ന് കരുതി നബി(സ) അവരെ പള്ളിയില്‍ സ്വീകരിച്ചിരുത്തി. തങ്ങളുടെ ഇസ്ലാം സ്വീകരണത്തിന് അവര്‍ ചില ഉപാധികള്‍ വെച്ചു: ജിഹാദിന് അവരെ വിളിക്കരുത്. സകാത്ത് അവരോട് ആവശ്യപ്പെടരുത്. നേതാവായി പുറത്ത് നിന്നാരെയും അടിച്ചേല്‍പ്പിക്കരുത്. മറ്റൊരു റിപ്പോര്‍ട്ടില്‍ അവരുടെ ആവശ്യം ഇങ്ങനെ ഉദ്ധരിക്കുന്നു: "മൂന്ന് വര്‍ഷമെങ്കിലും ഞങ്ങള്‍ ആരാധിച്ചു കൊണ്ടിരിക്കുന്ന വിഗ്രഹങ്ങളെ വെച്ചുകൊണ്ടിരിക്കാന്‍ അനുവാദം വേണം. നമസ്കരിക്കാന്‍ ഞങ്ങളോട് പറയരുത്''
ആവശ്യങ്ങളെല്ലാം ശ്രദ്ധാപൂര്‍വം കേട്ട നബി(സ) പ്രതികരിച്ചതിങ്ങനെ: "മൂന്ന് വര്‍ഷം പോയിട്ട് ഒരു ദിവസം പോലും വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവാദം തരില്ല. നിങ്ങളുടെ വിഗ്രഹങ്ങളെ നിങ്ങള്‍ തന്നെ തല്ലിയുടയ്ക്കുന്നതിലെ പ്രയാസം പരിഗണിച്ച്, ആ കൃത്യം നിര്‍വഹിക്കാന്‍ അബൂ സുഫ്യാനുബ്നു ഹര്‍ബിനെയും മുഗീറയെയും ഞാന്‍ ചുമതലപ്പെടുത്താം. നമസ്കാരത്തിന്റെ കാര്യം. നമസ്കാരമില്ലാത്ത മതത്തില്‍ നന്മയില്ല'' ഇത് കേട്ടപ്പോള്‍ പ്രതിനിധിസംഘം: "സംഗതി അല്‍പം തരംതാണതാണെങ്കിലും ഞങ്ങള്‍ ചെയ്തുകൊള്ളാം''.
നബി(സ) തുടര്‍ന്നു: "യുദ്ധമുഖത്തേക്ക് നിങ്ങളെ വിളിക്കില്ല. സകാത്ത് നിങ്ങള്‍ നല്‍കേണ്ടതില്ല. നിങ്ങള്‍ നിര്‍ദേശിക്കുന്ന ആളെയല്ലാതെ നിങ്ങളുടെ നേതാവുമാക്കില്ല''. മൌലികമായ പലവിഷയങ്ങളിലും വിട്ടുവീഴ്ച ചെയ്ത നബി(സ)യുടെ സമീപനത്തില്‍ തന്റെ സ്വാഹാബിമാര്‍ക്ക് വിമ്മിട്ടമുണ്ടെന്ന് മനസ്സിലാക്കിയ റസൂല്‍ അവരോട്: "അവര്‍ ഇസ്ലാം ആശ്ളേഷിച്ച് കഴിഞ്ഞാല്‍ സകാത്തും സദഖയും നല്‍കും, അവര്‍ ജിഹാദും ചെയ്യും'', ഈ സംഭവം വിശദമായി സീറത്തു ഇബ്നുകസീറില്‍ ഉദ്ധരിച്ചിട്ടുണ്ട്. അവരുടെ നേതാവായി ഉസ്മാനുബ്നു അബീആസിനെ തെരഞ്ഞെടുത്തയക്കുമ്പോള്‍ നമസ്കാരത്തില്‍ ഓതേണ്ട ചെറിയ ചെറിയ സൂറത്തുകള്‍ പോലും നബി(സ) നിര്‍ദേശിച്ചു കൊടുത്തിരുന്നു. തീരുമാനങ്ങളെടുക്കുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളും നബി(സ) നിശ്ചയിച്ചു കൊടുത്തു. "അവരില്‍ ഏറ്റവും നിസ്വനും ദുര്‍ബലനുമായവനെ വേണം നീ മാനദണ്ഡമാക്കാന്‍'' (സീറത്തു ഇബ്നു കസീര്‍).
എന്ത് വില നല്‍കിയും ജനഹൃദയങ്ങളെ തന്റെ കൂടെ നിര്‍ത്താനും ഇസ്ലാമിന്റെ വെളിച്ചത്തിലേക്ക് അവരെ നയിക്കാനും ബദ്ധശ്രദ്ധനായിരുന്നു നബി(സ)യെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കിത്തരുന്നു. കരുതിവെപ്പില്ലാത്ത തുറന്ന ഹൃദയവും സൌമ്യസമീപനവുമായിരുന്നു പ്രവാചകന്റെ സ്വഭാവവും സംസ്കാരവുമെന്ന് ഖുര്‍ആന്‍ തന്നെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടല്ലോ.
[email protected]
Comments