മാലി ഇനിയും വന്നുചേരാത്ത സ്വസ്ഥ സ്വര്‍ഗങ്ങള്‍
പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന പട്ടാള അട്ടിമറിയും അനന്തര സംഭവങ്ങളും കുറച്ചുകാലമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. പട്ടാള അട്ടിമറിയേക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റിയത് ഇസ്ലാമിസ്റുകള്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം, വടക്കന്‍ മാലിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചരിത്രപ്രധാന നഗരമായ തിമ്പുക്തുവിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരങ്ങള്‍ തകര്‍ക്കുകയും ചെയ്ത വാര്‍ത്തകളാണ്. വടക്കന്‍ മാലിയുടെ മൂന്നു മേഖലകളുടെയും നിയന്ത്രണം കൈയാളുന്ന, അല്‍ഖാഇദയുമായി ബന്ധമുള്ള അന്‍സാറുദ്ദീന്‍ എന്ന സംഘടന ചെയ്തുകൂട്ടുന്ന പരാക്രമങ്ങള്‍ അപലപനീയമാണെന്നും അവക്ക് ഇസ്ലാമുമായി ബന്ധമില്ലെന്നും മുസ്ലിം ഭരണകൂടങ്ങളും പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇതിന്റെയൊക്കെ പിതൃത്വം ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തലയില്‍ വെച്ചുകെട്ടാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യം മുതല്‍ ഫ്രഞ്ച് അധീനതയിലായിരുന്ന മാലി 1960-ലാണ് സ്വതന്ത്രമായത്. സമ്പൂര്‍ണ സ്വാതന്ത്യ്രം പ്രഖ്യാപിക്കും മുമ്പ് കുറച്ചുകാലം സെനഗലുമായി കോണ്‍ഫെഡറേഷനായി നിലകൊണ്ടു. പ്രകൃതിക്ഷോഭങ്ങള്‍, ആഭ്യന്തര കലാപം, പട്ടാള അട്ടിമറി, നീണ്ട 23 വര്‍ഷത്തെ സൈനിക സര്‍വാധിപത്യം തുടങ്ങിയ പ്രതിസന്ധികള്‍ അതിജീവിച്ച് 1992-ലാണ് മാലി ജനാധിപത്യപാതയിലേക്ക് വരുന്നത്. എന്നാല്‍, മാര്‍ച്ചിലെ സൈനിക കലാപം രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. വടക്കന്‍ മാലിയിലെ അസാവദ് സംസ്ഥാനത്ത് ത്വുവാരിഖ് റിബലുകള്‍ ആരംഭിച്ച വിഘടനവാദം തടയുന്നതില്‍ പ്രസിഡന്റ് അമദൂ തൌമാനി തൌര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് സൈന്യം അദ്ദേഹത്തെ പുറന്തള്ളിയത്. അസാവദ് സംസ്ഥാനത്തിന്റെ സ്വാതന്ത്യ്രം ലക്ഷ്യമിട്ട് ത്വുവാരിഖുകള്‍ രൂപം കൊടുത്തതാണ് നാഷ്നല്‍ മൂവ്മെന്റ് ഫോര്‍ ദ ലിബറേഷന്‍ ഓഫ് അസാവദ് (എന്‍.എം.എല്‍.എ) എന്ന ദേശീയ വിമോചന പ്രസ്ഥാനം. ലിബിയയില്‍ ഖദ്ദാഫി സേനയോടൊപ്പം പോരാടാന്‍ പോയ ത്വുവാരിഖുകള്‍ തിരിച്ചുവന്ന ശേഷം പ്രക്ഷോഭം ശക്തമാക്കി. തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന സൈനിക അട്ടിമറിയെത്തുടര്‍ന്ന് മാലി ആഭ്യന്തര ഛിദ്രതയിലേക്ക് എടുത്തെറിയപ്പെട്ടതോടെ വടക്കന്‍ സംസ്ഥാനത്തെ വിഘടനവാദം രൂക്ഷമായി. ഏപ്രിലില്‍ അവരോടൊപ്പം അന്‍സാറുദ്ദീന്‍ ചേര്‍ന്നതോടെ മാലി സൈനികരെ ഓടിച്ച് അസാവദ് സംസ്ഥാനം റിബലുകള്‍ കൈയടക്കി.
അസാവദിനെ സ്വതന്ത്ര പരമാധികാര രാജ്യമാക്കണമെന്നായിരുന്നു എന്‍.എം.എല്‍.എയുടെ നിലപാട്. എന്നാല്‍, മാലിയില്‍ ശരീഅത്ത് നിയമങ്ങള്‍ സ്ഥാപിക്കാന്‍ രംഗത്തിറങ്ങിയ അന്‍സാറുദ്ദീനുകാര്‍ ത്വുവാരിഖുകളെ അടിച്ചോടിച്ച് വടക്കന്‍ മാലിയില്‍ ആധിപത്യം സ്ഥാപിച്ചു. വടക്കന്‍ മേഖല പൂര്‍ണമായും അവര്‍ കൈയടക്കുകയും ചെയ്തു. ഫ്രാന്‍സിനേക്കാള്‍ വലുപ്പമുള്ള സഹാറന്‍ മേഖലയുടെ സമ്പൂര്‍ണ നിയന്ത്രണം ഇപ്പോള്‍ അന്‍സാറുദ്ദീന്‍ റിബലുകള്‍ക്കാണ്. അവര്‍ തങ്ങളുടെ വികലമായ ഇസ്ലാം അവിടെ നടപ്പാക്കിവരുന്നു. മാലിയുടെ വിഭജനത്തെ അനുകൂലിക്കുന്നില്ലെന്നും രാജ്യം മുഴുവന്‍ ശരീഅത്ത് നടപ്പാക്കാനാണ് തങ്ങളുടെ നീക്കമെന്നും അന്‍സാറുദ്ദീന്‍ നേതാക്കള്‍ പറയുന്നു. അതേസമയം, നേരത്തെ സ്വതന്ത്ര രാഷ്ട്രവാദം ഉയര്‍ത്തിയ ത്വുവാരിഖുകള്‍ അതില്‍നിന്ന് പിന്നോട്ടു പോവുകയും പൂര്‍ണ സ്വയംഭരണാവകാശമുള്ള കാനഡയിലെ ക്യൂബക്ക് മാതൃകയിലുള്ള ഭരണം അസാവദില്‍ വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഏറ്റവുമൊടുവില്‍ അവര്‍ വ്യക്തമാക്കിയിരിക്കുന്നു.
പുതിയ സൈനിക അട്ടിമറിക്കു പിന്നില്‍ അമേരിക്കയുടെ കരങ്ങളുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് തൌറും ഏറെക്കാലം അമേരിക്കയുടെ ഇഷ്ടക്കാരനായിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് അമേരിക്കന്‍, മാലി സൈനികരുടെ സംയുക്താഭ്യാസം അരങ്ങേറിയത്. എന്നാല്‍ അതൊരു പുകമറ മാത്രമായിരുന്നു. ഇടക്കാലത്ത് തൌറിനോടുള്ള താല്‍പര്യം വാഷിംഗ്ടണിനു കുറയുകയും അട്ടിമറിക്ക് നേതൃത്വം നല്‍കിയ സൈനിക തലവന്‍ സൊനോഗോവുമായി അടുക്കുകയും ചെയ്തു. ഭാഷാ പരിശീലന പരിപാടിയുടെ ഭാഗമായി 2004 ആഗസ്റ് മുതല്‍ 2005 ഫെബ്രുവരി വരെ അമേരിക്കയിലെ ടെക്സസിലുണ്ടായിരുന്ന സൊനോഗോയെ 2007-ല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം പ്രത്യേകമായി ക്ഷണിച്ച് ജോര്‍ജിയയില്‍ അഞ്ചുമാസക്കാലം ഇന്‍ഫന്ററി ഓഫീസറായി പരിശീലനം നല്‍കുകയുണ്ടായി. സൊനോഗോയുടെ നേതൃത്വത്തില്‍ നടന്ന അട്ടിമറി അമേരിക്കന്‍ ആശീര്‍വാദത്തോടെയായിരുന്നെങ്കിലും മാലിയുടെ വടക്കന്‍ മേഖലയുടെ നേതൃത്വം തങ്ങളുടെ ശത്രുക്കളുടെ നിയന്ത്രണത്തിലായത് വാഷിംഗ്ടണിനെ വേവലാതിപ്പെടുത്തുന്നുണ്ട്. മാലിയുടെ സാമ്പത്തിക മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനയുടെ നിക്ഷേപമാണ് അമേരിക്കയുടെ മറ്റൊരു ആശങ്ക. 1995-നും 2008-നുമിടയില്‍ മാലിയില്‍ ചൈനീസ് നിക്ഷേപം 300 ഇരട്ടിയായാണ് വര്‍ധിച്ചത്.
പതിനൊന്നാം നൂറ്റാണ്ടു മുതല്‍ സഹാറയിലെ ഏറ്റവും പഴക്കമുള്ള വ്യാപാര കേന്ദ്രമാണ് തിമ്പുക്തു. അതോടൊപ്പം നഗരത്തെ പ്രസിദ്ധിയിലേക്ക് എത്തിച്ച മറ്റൊരു മേഖല വൈജ്ഞാനിക രംഗമാണ്. പന്ത്രണ്ടാം നൂറ്റാണ്ട് ആകുമ്പോഴേക്ക് മൂന്ന് അറിയപ്പെടുന്ന സര്‍വകലാശാലകളും 180 പാഠശാലകളുമുള്ള നഗരമായി തിമ്പുക്തു വളര്‍ന്നു. ചരിത്രകാരന്മാര്‍ ആഫ്രിക്കയിലെ സുവര്‍ണ കാലഘട്ടമെന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പുസ്തക പ്രസിദ്ധീകരണത്തിലും നഗരം ഏറെ മുന്നിലായിരുന്നു. എത്രയോ പുസ്തകങ്ങള്‍ തിമ്പുക്തുവില്‍ മാത്രം രചിക്കപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പുറംനാടുകളില്‍ പ്രസിദ്ധീകൃതമായ പുസ്തകങ്ങള്‍ ധാരാളമായി ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടു. 1893 മുതല്‍ 1960 വരെ മാലിയെ കോളനിവല്‍ക്കരിച്ച ഫ്രഞ്ചുകാര്‍ തിമ്പുക്തുവിലെ ലൈബ്രറികളില്‍നിന്ന് ധാരാളം പുസ്തകങ്ങളും അപൂര്‍വ രേഖകളും കടത്തിക്കൊണ്ടുപോയി. ഫ്രാന്‍സിലെ മ്യൂസിയങ്ങളിലും സര്‍വകലാശാലകളിലും ഇത്തരം പുസ്തകങ്ങള്‍ കാണാം. നിരവധി വന്‍ ശവകുടീരങ്ങളുടെയും നഗരമാണ് തിമ്പുക്തു. '333 പുണ്യവാളന്മാരുടെ നഗരം' (സിറ്റി ഓഫ് 333 സെയിന്റ്സ്) എന്ന പേരിലും അറിയപ്പെടുന്ന തിമ്പുക്തു ചരിത്രകാരന്മാരെയും വിനോദ സഞ്ചാരികളെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഇവയില്‍ പലതും ഐക്യരാഷ്ട്രസഭക്കു കീഴിലുള്ള യുനെസ്കോ, പൈതൃക ലിസ്റില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കുന്ന കേന്ദ്രങ്ങളാണ്. ഇവിടെ ആരും ആരാധനക്കു വരുകയോ പൂജാ വഴിപാടുകള്‍ അര്‍പ്പിക്കുകയോ ചെയ്യുന്നില്ല.
അന്‍സാറുദ്ദീന്‍ മാലിയില്‍ നടത്തിവരുന്നത് ഇസ്ലാമികവല്‍ക്കരണമല്ല, മറിച്ച് സംസ്കാരങ്ങള്‍ക്കും നാഗരികതകള്‍ക്കും എതിരായ യുദ്ധമാണ്. ശരീഅത്തെന്നാല്‍ കൈവെട്ടലും ശ്മശാന വിപ്ളവവുമാണെന്ന് ധരിച്ച ഒരു വിഭാഗം ചെയ്തുകൂട്ടുന്ന പക്വതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ താലിബാനിസത്തിന്റെ ആഫ്രിക്കന്‍ പതിപ്പാണ്. അന്‍സാറുദ്ദീന്റെ നടപടി ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷം ചെയ്യുന്നതാണെന്ന് ഇസ്ലാമിക രാജ്യ സംഘടന (ഒ.ഐ.സി) പ്രസ്താവിക്കുകയുണ്ടായി. പുരാവസ്തു കേന്ദ്രങ്ങള്‍ മാലിയുടെ സമ്പന്നമായ ഇസ്ലാമിക പാരമ്പര്യങ്ങളുടെ ഭാഗമായാണ് കാണേണ്ടതെന്ന് പ്രസ്താവന ഓര്‍മിപ്പിക്കുന്നു.
ലോകത്തെ ഒരു ഇസ്ലാമിക പ്രസ്ഥാനവും മാലിയിലെ ഇടിച്ചുനിരപ്പാക്കലിനെ അനുകൂലിച്ചിട്ടില്ല. സമാധാനപരമായ മാര്‍ഗത്തിലൂടെ ജനമനസ്സുകളില്‍ ധാര്‍മിക വിപ്ളവം സൃഷ്ടിക്കലാണ് ഇസ്ലാമിസ്റുകളുടെ പ്രവര്‍ത്തന രീതി. ഈജിപ്തില്‍ അധികാരം കൈയാളുന്ന ഇസ്ലാമിസ്റുകള്‍ അവിടത്തെ ലോകപ്രശസ്തമായ പിരമിഡുകളെ അടിച്ചുനിരപ്പാക്കുമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞിട്ടല്ല വോട്ടെടുപ്പില്‍ മത്സരിച്ചത്. ഇപ്പോള്‍ അധികാരത്തിലെത്തിയപ്പോഴും പിരമിഡുകളല്ല, ജനങ്ങളുടെ പ്രശ്നമാണ് അവര്‍ക്ക് വലുത്. ക്യാമ്പ് ഡേവിഡ് കരാര്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്ന അവിടത്തെ സലഫികള്‍ക്കും പിരമിഡുകള്‍ ബഹുദൈവാരാധനയുടെ പ്രതീകങ്ങളായി ഇതുവരെ തോന്നിയിട്ടില്ല.
ദൈവത്തെയും പ്രവാചകനായ സ്വാലിഹിനെയും വെല്ലുവിളിച്ച് ജീവിച്ച ഒരുവിഭാഗം ജനതയുടെ അവശിഷ്ടങ്ങള്‍ സുഊദി അറേബ്യയിലെ അല്‍ ഊലാ പട്ടണത്തിന്റെ ഭാഗമായ മദായിന്‍ സ്വാലിഹില്‍ സഞ്ചാരികളെ ധാരാളമായി ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ദൈവനിഷേധികള്‍ക്ക് ശിക്ഷ വന്നു പതിച്ച പ്രദേശവും അയ്യായിരത്തോളം വര്‍ഷം പഴക്കമുള്ള അവിടത്തെ കെട്ടിടങ്ങളും വാസ്തുശില്‍പങ്ങളും തകര്‍ത്തു തരിപ്പണമാക്കാന്‍ സുഊദി ഭരണകൂടവും മുതിര്‍ന്നിട്ടില്ല. 2001-ല്‍ അഫ്ഗാനിസ്താനിലെ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ത്ത താലിബാന്റെ നടപടിയെ മുസ്ലിം പണ്ഡിതന്മാര്‍ അപലപിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം സ്മാരകങ്ങള്‍ ചരിത്രത്തിന്റെ ജീവിക്കുന്ന പാഠങ്ങളെന്നാണ് പ്രമുഖ പണ്ഡിതന്‍ ഡോ. യൂസുഫുല്‍ ഖറദാവി വിശേഷിപ്പിച്ചത്.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ചരിത്ര സ്മാരകങ്ങളെയൊക്കെ ആരാധനാവസ്തുക്കളായി ചിലര്‍ക്ക് തോന്നിത്തുടങ്ങിയാല്‍ ലോകത്ത് ഏതെങ്കിലും പുരാവസ്തുക്കള്‍ക്ക് നിലനില്‍പുണ്ടോ? അന്‍സാറുദ്ദീനായാലും താലിബാനായാലും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം സംഹാര പ്രവര്‍ത്തനങ്ങളിലാണ് താല്‍പര്യം കാട്ടുന്നത്. ക്രിമിനല്‍ കൂട്ടങ്ങളായി ഇത്തരം സംഘടനകള്‍ പരിണമിച്ചിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ദരിദ്രമായ 25 രാജ്യങ്ങളിലൊന്നാണ് മാലി. അവിടത്തെ ജനങ്ങളുടെ ജീവിത നിലവാരത്തെക്കുറിച്ച് ഒരു ബോധവുമില്ലാത്തവരാണ് അന്‍സാറുദ്ദീന്‍ വിഭാഗമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പുതിയ സംഭവങ്ങള്‍ .
[email protected]
Comments