Prabodhanm Weekly

Pages

Search

2012 ജൂലൈ 28

'റോഹിങ്ക്യ' മുസ്ലിം വേട്ട തുടരുന്നു

മൂസക്കുട്ടി വെട്ടിക്കാട്ടിരി

ലക്ഷക്കണക്കിന് മനുഷ്യ ജീവിതങ്ങളെ കൊന്നു തീര്‍ക്കാനാകുമോ? അതും പരിഷ്കൃതരെന്നവകാശപ്പെടുന്ന മനുഷ്യര്‍ ജീവിക്കുന്ന ലോകത്ത്. കഴിയുമെന്നാണ് പഴയ 'ബര്‍മ'യായിരുന്ന പുതിയ മ്യാന്‍മര്‍ ഭരണകൂടം തെളിയിച്ചുകൊണ്ടിരിക്കുന്നത്. വിദേശ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമുള്ള ഈ തീവ്ര ബുദ്ധിസ്റ് രാജ്യത്ത് നടക്കുന്നതെന്താണെന്ന് പുറംലോകം അറിയുന്നില്ല. ഒരു ജനത, അവരുടെ വിശ്വാസത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുന്നത് ലോകത്ത് ജനാധിപത്യവും സമാധാനവും സുരക്ഷയുമൊക്കെയുണ്ടാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ലോക പോലീസുകാര്‍ക്ക് പ്രശ്നമേ ആകുന്നില്ല. അവരിപ്പോള്‍ പറയുന്നത് 'മ്യാന്‍മര്‍' ആകെ മാറിയിരിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ പാതയില്‍ അതിവേഗം മുന്നേറിക്കൊണ്ടിരിക്കുന്നുവെന്നുമാണ്. മ്യാന്‍മറിലെ ജനാധിപത്യ പോരാളി ഓങ് സാന്‍ സൂകി പച്ചമനുഷ്യര്‍ വെട്ടിനുറുക്കപ്പെടുന്നതിനെതിരെ ഒരു വാക്കുപോലും ഉരിയാടുന്നില്ല. 1990 തെരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷ കക്ഷിയായ ഓങ് സാന്‍ സൂകിയുടെ നാഷ്നല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി) പാര്‍ട്ടിക്കുവേണ്ടി റോഹിങ്ക്യ മുസ്ലിംകള്‍ പ്രചാരണം നടത്താന്‍ മുമ്പിലുണ്ടായിരുന്നുവെന്നുകൂടി ഓര്‍ക്കണം.
ഏതു സമയത്തും ഇരിക്കുന്ന കൂരയില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടേക്കാവുന്ന ഈ മനുഷ്യര്‍ക്ക് മ്യാന്‍മറിലോ മറ്റേതെങ്കിലും രാജ്യത്തോ പൌരത്വമില്ല, സഞ്ചാര സ്വാതന്ത്യ്രമില്ല. സര്‍ക്കാര്‍ നിയന്ത്രണം കൊണ്ട് വിവാഹവും എളുപ്പമല്ല. സര്‍ക്കാരിന്റെ തിട്ടൂരമില്ലാതെ ഇസ്ലാമികരീതിയില്‍ വിവാഹം കഴിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും. കുട്ടികളുണ്ടായാല്‍ അവര്‍ അനധികൃതരും തീവ്രവാദികളും! മക്കളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ കഴിയില്ല. നല്ല തൊഴില്‍ ഒട്ടും പ്രതീക്ഷിക്കേണ്ടതില്ല. വീടും സ്ഥലവുമൊന്നും സ്വന്തം പേരില്‍ രജിസ്റര്‍ ചെയ്യാന്‍ കഴിയില്ല. തലമുറകളായി യാതൊരു മനുഷ്യാവകാശങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. തികച്ചും അടിമത്തം പേറേണ്ടിവരുന്ന ജീവിതങ്ങള്‍. പുറത്തുനിന്ന് അതിഥികളെ സ്വീകരിക്കണമെങ്കില്‍ പട്ടാളത്തിന്റെ മുന്‍കൂര്‍ അനുമതി വേണം. വീട്ടില്‍ രാത്രി താമസിപ്പിക്കുന്നത് വന്‍ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. മുസ്ലിംകളുടെ ഇസ്ലാമിക ചിഹ്നങ്ങളും സംസ്കാരങ്ങളും തുടച്ചുനീക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു. ഭീഷണിയും കിരാത പീഡനമുറകളും പതിവാണ്. പള്ളികളും ഇസ്ലാമിക പഠനശാലകളും അനധികൃത സ്ഥാപനങ്ങളാണെന്നാണ് മ്യാന്‍മറിയന്‍ ബുദ്ധ'മതം'.
അഞ്ചര കോടിയോളം വരുന്ന മ്യാന്‍മര്‍ ജനസംഖ്യയുടെ 15 ശതമാനത്തോളം മുസ്ലിംകളാണ്. ഭൂരിപക്ഷം മുസ്ലിംകളും താമസിക്കുന്നത് ബംഗ്ളാദേശ് അതിര്‍ത്തി പ്രദേശമായ 'റക്കാന്‍' പ്രവിശ്യയിലും. വ്യത്യസ്ത സംസ്കാരവും വിശ്വാസവും വെച്ചുപുലര്‍ത്തുന്ന മ്യാന്‍മര്‍ സമൂഹത്തിന്റെ പ്രമുഖ വിഭാഗങ്ങള്‍ 'ബര്‍മ' ഭാഷ സംസാരിക്കുന്ന 'ചൈനീസ് തിബ്ധു'കളാണ്. കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കന്ന ബുദ്ധമത വിശ്വാസികള്‍ പ്രതികാര ദാഹികളായ ഗോത്ര വര്‍ഗങ്ങളാണെന്നാണ് പറയപ്പെടുന്നത്. ഇതില്‍തന്നെ 'മാഗ്' വിഭാഗം തീവ്രതയില്‍ ഒരടി മുമ്പിലാണ്. 16-ാം നൂറ്റാണ്ടില്‍ ബര്‍മയിലേക്ക് കുടിയേറിയ പ്രസ്തുത വിഭാഗം 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ രാജ്യത്ത് പിടിമുറുക്കുകയും അധികാരസ്ഥാനങ്ങളില്‍ എത്തിപ്പെടുകയും ചെയ്തു. വിവിധ ഭാഷകള്‍ സംസാരിക്കുന്നവരും വ്യത്യസ്ത ആചാരങ്ങള്‍ പുലര്‍ത്തുന്നവരുമായി 140 വിഭാഗങ്ങളുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഒരുകാലത്ത് ഇസ്ലാം വ്യാപകമായി പ്രചരിച്ചിരുന്നു. ബുദ്ധ വര്‍ഗീയവാദികളുടെ പ്രതികാരത്തിന് കാരണവും ഇതായിരിക്കാം. ഭൂരിപക്ഷം മുസ്ലിംകളും കഴിയുന്ന റക്കാനില്‍ ജനസംഖ്യയുടെ 70 ശതമാനവും റോഹിങ്ക്യ മുസ്ലിംകളാണ്. കൃത്യമായ ജനസംഖ്യ നിര്‍ണയ കണക്ക് ലഭ്യമല്ലെങ്കിലും 40 ലക്ഷത്തോളം വരുമിത്. മ്യാന്‍മറിലെ നൂറുക്കണക്കായ അവാന്തര വിഭാഗങ്ങളില്‍ ഏറ്റവും ദരിദ്ര വിഭാഗമാണ് മുസ്ലിം ന്യൂനപക്ഷം. ഇസ്ലാമിനെക്കുറിച്ച പരിമിതമായ അറിവേ ഇവര്‍ക്കുള്ളുതാനും.
ബുദ്ധ തീവ്രവാദികളില്‍നിന്ന് ക്രൂരമായ പീഡനമാണ് മ്യാന്‍മറിലെ ഏറ്റവും ദരിദ്രരും നിരക്ഷരരുമായ റോഹിങ്ക്യ മുസ്ലിംകള്‍ ഏറ്റുവാങ്ങുന്നത്. മ്യാന്‍മര്‍ മുസ്ലിംകള്‍ പലതവണ ബുദ്ധ വര്‍ഗീയവാദികളുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. 1942-ല്‍ 'മാഗ്' ബുദ്ധിസ്റ് തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയില്‍ ഒരു ലക്ഷത്തിലേറെ പേര്‍ കൊല്ലപ്പെടുകയും അനേക ലക്ഷങ്ങള്‍ കൂട്ടപലായനം നടത്തേണ്ടിവരികയും ചെയ്തു. 1978-ല്‍ ബര്‍മ സര്‍ക്കാര്‍ മൂന്നു ലക്ഷത്തിലേറെ മുസ്ലിംകളെ ബംഗ്ളാദേശിലേക്ക് നാടുകടത്തി. 1982-ല്‍ ഭരണകൂടം കുടിയേറ്റക്കാരെന്ന കുറ്റം ചുമത്തി മുസ്ലിംകളുടെ പൌരത്വം തന്നെ റദ്ദാക്കുകയാണുണ്ടായത്.
1992-ല്‍ മൂന്നു ലക്ഷത്തിലേറെ വരുന്ന മറ്റൊരു സംഘത്തെയും ബംഗ്ളാദേശിലേക്ക് നാടുകടത്തി. അവശേഷിക്കുന്നവരെ ജനസംഖ്യ കുറച്ച് വളര്‍ച്ച നിയന്ത്രിക്കാനാണ് ഭരണകൂടം തീരുമാനിച്ചത്. അതിന്റെ ഭാഗമായി 30 വയസ് തികയാത്ത മുസ്ലിം യുവാവിനും 25 വയസ് തികയാത്ത യുവതിക്കും വിവാഹം പാടില്ലെന്ന നിയമം കൊണ്ടുവന്നു.
തുടരെ തുടരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങളില്‍ മുസ്ലിം രാജ്യങ്ങളോ ആഗോള സമൂഹമോ ഇടപെടാതിരുന്നത് മ്യാന്‍മര്‍ സര്‍ക്കാറിന് അവരുടെ മനുഷ്യത്വവിരുദ്ധ അജണ്ട നടപ്പാക്കാന്‍ ഉര്‍ജ്ജം പകര്‍ന്നു. ഇപ്പോള്‍ നടക്കുന്ന വംശ ശുദ്ധീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്. ദോഷം പറയരുതല്ലോ, യു.എന്‍ ഒരുകാര്യം ചെയ്യാന്‍ ദയവു കാണിച്ചു. ലോകത്ത് ഏറ്റവുമധികം പീഡനങ്ങളനുഭവിക്കുന്ന ന്യൂനപക്ഷമെന്ന 'ടൈറ്റില്‍' നല്‍കി ഈ 'ആടു' ജീവിതങ്ങളെ 'ആദരിച്ചു'.
1962-ല്‍ അന്നത്തെ പട്ടാള ജനറലായിരുന്ന നിവിന്‍ (ചലംശി) സോവിയറ്റ് റഷ്യയുടെയും ചൈനയുടെയും 'കമ്യൂണിസ്റ്'പിന്തുണയോടെ നടത്തിയ പട്ടാള അട്ടിമറിയോടെയാണ് സൈന്യത്തിന് മുസ്ലിംകള്‍ ശത്രുക്കളായി മാറുന്നത്. തുടര്‍ന്ന് ബര്‍മീസ് മുസ്ലിംകള്‍ക്ക് പീഡന പര്‍വമായിരുന്നു. മുസ്ലിം വിഭാഗങ്ങളെ കൂട്ട പലായനത്തിന് നിര്‍ബന്ധിക്കുന്ന തരത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടു. അഞ്ചു ലക്ഷത്തിലധികം മുസ്ലിംകളെയാണ് ബര്‍മയില്‍നിന്ന് സൈന്യം ഒന്നിച്ചു പുറന്തള്ളിയത്. രേഖകളില്ലാതെ മലേഷ്യ, ബംഗ്ളാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ അലഞ്ഞുതിരിയുന്ന ഇക്കൂട്ടരുടെ ജീവിതം നരക തുല്യമാണ്. ഐക്യ രാഷ്ട്രസഭ നല്‍കുന്ന കണക്കനുസരിച്ച് ഇവരില്‍ വൃദ്ധന്മാരും സ്ത്രീകളും കുട്ടികളുമടക്കം നാലു ലക്ഷത്തോളം പേര്‍ ഇതിനകം മരിച്ചുകഴിഞ്ഞു.
ജീവിക്കുന്നവരുടെ കാര്യമാണ് അതിലേറെ കഷ്ടം. താമസിക്കുന്ന രാജ്യങ്ങളില്‍ താമസരേഖയോ ശരിയായ തൊഴിലോ നിലനില്‍പ്പോ ഇല്ലാതെ അധികവും അഭയ കേന്ദ്രങ്ങളില്‍ പുഴുക്കളെപ്പോലെ ജീവിതം തള്ളിനീക്കുന്നു. മ്യാന്‍മറിലെ ബുദ്ധിസ്റ് വംശവെറിയുടെ കിരാത ഹസ്തങ്ങളില്‍നിന്ന് ഭാഗ്യം കൊണ്ടോ നിര്‍ഭാഗ്യം കൊണ്ടോ രക്ഷപ്പെട്ട് സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന ആയിരങ്ങള്‍ കൂട്ട പലായനം ചെയ്ത് കടല്‍ താണ്ടി കരക്കണഞ്ഞാല്‍ ഒരു രാഷ്ട്രവും റോഹിങ്ക്യകളെ സ്വീകരിക്കാന്‍ തയാറല്ല. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശവും സഹായവും ലഭ്യമായിരുന്നിട്ടും അയല്‍ രാഷ്ട്രമായ ബംഗ്ളാദേശും ഇവര്‍ക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കുന്നു.
എവിടെപ്പോകുമെന്ന റോഹിങ്ക്യ മുസ്ലിംകളുടെ ദീന രോദനം ആരുടെയും ചെവിയിലെത്തുന്നില്ല. ഒരുവിധം മരണത്തില്‍നിന്ന് രക്ഷപ്പെട്ട് മരത്തടി കെട്ടിയുണ്ടാക്കിയ ബോട്ടില്‍ ജീവനും കൊണ്ട് കടലിലൂടെ അലക്ഷ്യമായൊഴുകി നടക്കുന്ന ഈ മനുഷ്യരുടെ അവസ്ഥ കരള്‍ പിളര്‍ക്കുന്നതാണ്. ആഴ്ചകളും ചിലപ്പോള്‍ മാസങ്ങളും നീണ്ട യാത്രക്കൊടുവില്‍ ബംഗ്ളാദേശിലോ മലേഷ്യയിലോ ഇന്തോനേഷ്യയിലോ തായ്ലാന്റിലോ കരക്കണഞ്ഞാലോ, ദുരിതങ്ങളുടെ ബാക്കി പത്രം തുടങ്ങുകയായി. ഇങ്ങനെ സാഹസം നിറഞ്ഞ യാത്രക്കൊടുവില്‍ കടല്‍ കടന്നെത്തിയ സ്ത്രീകളും കുട്ടികളും രോഗികളുമടങ്ങുന്ന റോഹിങ്ക്യ മുസ്ലിംകളെ ഹസീനയുടെ ബംഗ്ളാദേശ് കടലിലേക്കുതന്നെ തിരിച്ചെറിയുന്നു.
ചില ബുദ്ധ 'സന്യാസിമാര്‍' മുസ്ലിംകള്‍ക്കെതിരെയുള്ള ആക്രമണം 'വിശുദ്ധ കര്‍മ'മാണെന്ന് പ്രഖ്യാപിച്ചതോടെയാണ് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമായത്. അതിജീവനത്തിന്റെ സാധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തില്‍ മ്യാന്‍മര്‍ മുസ്ലിംകളുടെ ഭാവി തീര്‍ത്തും ഇരുളടഞ്ഞിരിക്കുകയാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍, ഐക്യ രാഷ്ട്രസഭയും മറ്റു അന്താരാഷ്ട്ര റിലീഫ് സംഘടനകളും എത്രയും വേഗം ഇടപെട്ടില്ലെങ്കില്‍ മ്യാന്‍മര്‍ മുസ്ലിം ന്യൂനപക്ഷത്തിലെ അവസാനത്തെയാളും കൊല്ലപ്പെടാന്‍ അധികസമയം വേണ്ടിവരില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ മുഹമ്മദ് നസ്ര്‍ മുന്നറിയിപ്പ് നല്‍കുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍