Prabodhanm Weekly

Pages

Search

2012 ജൂലൈ 28

ഹമീദാ ഖുത്വ്ബ് വിപ്ളവ കുടുംബത്തിലെ ധീരവനിത

ബഷീര്‍ തൃപ്പനച്ചി

"മോളേ, നാം പിരിഞ്ഞതു മുതല്‍ നിന്നോട് പറയാന്‍ കരുതി വെച്ച ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, നമുക്കനുവദിച്ച സമയം അതിന് മതിയാവില്ലല്ലോ.... സാരമില്ല. ഇനി കണ്ടുമുട്ടുമ്പോള്‍ ഞാനത് പറഞ്ഞുതരുന്നുണ്ട്.... അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ നീ ഇനിയും ജീവിക്കും. നിനക്ക് എല്ലാം ക്ഷമിക്കാനും സഹിക്കാനും സാധിക്കുന്നതായിരിക്കും...''. കൊലക്കയറിലേക്ക് നടന്നടുക്കും മുമ്പ് ജയിലിലെ മറ്റൊരു സെല്ലിലെ തടവുകാരിയായ തന്റെ ഇളയ സഹോദരി ഹമീദാ ഖുത്വ്ബിനോട് അവസാന സന്ദര്‍ശനത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് പറഞ്ഞ വാക്കുകളാണിത്. സയ്യിദ് ഖുത്വ്ബ് രക്തസാക്ഷിയായി. അബ്ദുന്നാസിറിന്റെ കിങ്കരന്മാരുടെ ജയില്‍ പീഡനങ്ങളെ അതിജീവിച്ച് ക്ഷമയുടെ പര്യായമായി ഹമീദാ ഖുത്വ്ബ് പിന്നെയും അരനൂറ്റാണ്ടുകാലം ഇസ്ലാമിക ലോകത്ത് സജീവ സാന്നിധ്യമായി. തന്റെയും സഹോദരങ്ങളുടെയും ചോര വീണ മണ്ണില്‍ നിന്ന് ലോകത്താകമാനം നറുമണം പടര്‍ത്തിയ വസന്തസൌരഭ്യം അകലെ പാരീസില്‍ നിന്ന് അനുഭവിച്ചറിഞ്ഞ ശേഷമാണ് ഹമീദാ ഖുത്വ്ബ് ജൂലൈ 13 വെള്ളിയാഴ്ച ഈ ലോകത്തോട് വിട പറഞ്ഞത്.
സാഹിത്യാഭിരുചിയും ചിന്തയും എഴുത്തും ജന്മനാ ദൈവാനുഗ്രഹമായി ലഭിച്ച ഖുത്വ്ബ് കുടുംബത്തിലെ ഇളമുറക്കാരിയായി 1937-ലാണ് ഹമീദാ ഖുത്വ്ബ് ജനിച്ചത്. സയ്യിദ് ഖുത്വ്ബിനു പുറമെ സഹോദരന്‍ മുഹമ്മദ് ഖുത്വ്ബ്, സഹോദരി അമീനാ ഖുത്വ്ബ് തുടങ്ങിയവര്‍ ഹമീദാ ഖുത്വ്ബിന് മുമ്പെ സാഹിത്യലോകത്ത് എത്തിയിരുന്നു. കഥയും കവിതയുമായി അവരുടെ പിറകെ ഹമീദയും സ്ഥാനം പിടിച്ചു. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ നായകന്‍ സയ്യിദ് ഖുത്വ്ബായിരുന്നു. ഇഖ്വാനുല്‍ മുസ്ലിമൂനിലേക്കുള്ള സയ്യിദ് ഖുത്വ്ബിന്റെ രംഗപ്രവേശം ഖുത്വ്ബ് കുടുംബത്തിന്റേതൊന്നടങ്കമായിരുന്നു. 'അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍' പത്രത്തിന്റെ ചുമതല സയ്യിദ് ഖുത്വ്ബില്‍ വന്ന് ചേര്‍ന്നതോടെ ഹമീദാ ഖുത്വ്ബിന്റെ രചനകളും അതില്‍ സ്ഥാനം പിടിച്ചു. ഇസ്ലാമിക പ്രസ്ഥാനത്തിന് ജീവിതം സമര്‍പ്പിച്ച ഖുത്വ്ബ് കുടുംബത്തിന്റെ പോരാട്ട ചരിത്രം അവിടെ തുടങ്ങുകയായിരുന്നു. എഴുത്തിനോടൊപ്പം തന്നെ സൈനബുല്‍ ഗസാലിയുടെ കൂടെ വനിതാ സംഘാടനത്തിലും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളിലും ഹമീദാ ഖുത്വ്ബ് നേതൃപരമായ പങ്കാളിത്തം വഹിച്ചു.
1954ല്‍ ജമാല്‍ അബദുന്നാസിര്‍ ഇഖ്വാന്‍ പ്രവര്‍ത്തകര്‍ക്കെതിരെ മര്‍ദനപീഡനങ്ങള്‍ അഴിച്ചുവിടാന്‍ തുടങ്ങി. സയ്യിദ് ഖുത്വ്ബ് അടക്കമുള്ള നേതാക്കളും പ്രവര്‍ത്തകരും ജയിലഴികള്‍ക്കുള്ളിലായി. 'ഇഖ്വാനികള്‍' എന്ന് സംശയിക്കുന്നവരെ നാസിറിന്റെ പട്ടാളം ജയിലറകളിലേക്ക് വലിച്ചിഴക്കുന്ന കാലം. അടങ്ങിയിരിക്കാന്‍ ഖുത്വ്ബ് കുടുംബത്തിന്റെ വിപ്ളവവീര്യം ഹമീദയെ അനുവദിച്ചില്ല. സൈനബുല്‍ ഗസാലിക്കും ഖാലിദ ഹുദൈബിക്കുമൊപ്പം തടവറയിലടക്കപ്പെട്ട പ്രവര്‍ത്തകരുടെ കുടുംബത്തിന് സാന്ത്വനമേകാനുള്ള പ്രവര്‍ത്തനങ്ങളിലവര്‍ ഏര്‍പ്പെട്ടു. സംഘടനാ നേതൃത്വത്തിന്റെ ചുമതലയുള്ള സയ്യിദ് ഖുത്വ്ബിനെ ജയിലില്‍ സന്ദര്‍ശിക്കാനും അദ്ദേഹത്തിന്റെ സന്ദേശം പുറത്തുള്ളവരെ അറിയിക്കാനുമുള്ള അസാമാന്യ ചങ്കൂറ്റവും ഇക്കാലയളവില്‍ ഹമീദാ ഖുത്വ്ബ് പ്രകടിപ്പിച്ചു. ജയില്‍ പീഡനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ ഖുത്വ്ബ് കുടുംബത്തെ ഒന്നടങ്കം തുറുങ്കിലടച്ചാണ് ജമാല്‍ അബ്ദുന്നാസിര്‍ ഇതിനോട് പ്രതികരിച്ചത്. സയ്യിദ് ഖുത്വ്ബില്‍നിന്ന് സൈനബുല്‍ ഗസാലിക്ക് വിവരങ്ങളും നിര്‍ദേശങ്ങളും കൈമാറി എന്നതായിരുന്നു 1965-ല്‍ ഹമീദാ ഖുത്വ്ബിനെ ജയിലിലടച്ചപ്പോള്‍ നല്‍കിയ കുറ്റപത്രം. 29 വയസ് മാത്രം പ്രായമുള്ള ആ വിപ്ളവയുവതിക്ക് പത്ത് വര്‍ഷത്തെ കഠിന തടവാണ് നാസിര്‍ ഭരണകൂടം വിധിച്ചത്. 25 വര്‍ഷം കഠിന തടവിന് വിധിക്കപ്പെട്ട സൈനബുല്‍ ഗസാലിയും അതേ ജയിലില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു.
പീഡനങ്ങളും മര്‍ദനങ്ങളും നിറഞ്ഞ ജയില്‍ ജീവിതത്തിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് പേരും വ്യത്യസ്ത സെല്ലുകളിലായിരുന്നു. താന്‍ ഒറ്റക്ക് അനുഭവിച്ച പീഡനാനുഭവങ്ങള്‍ കഥാരൂപത്തില്‍ 'റിഹ്ലത്തുന്‍ ഫി അഹ്റാശില്ലൈല്‍' എന്ന തന്റെ ഗ്രന്ഥത്തില്‍ അവര്‍ സവിസ്തരം തുറന്നെഴുതിയിട്ടുണ്ട് (1998 ല്‍ പ്രസിദ്ധീകൃതമായ ഈ പുസ്തകം 'യാത്രാമൊഴി' എന്ന പേരില്‍ ഐ.പി.എച്ച് മലയാളത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.) 'എന്റെ സ്നേഹനിധിയായ സഹോദരന്‍ സയ്യിദിന്, താങ്കള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യമായി തെരഞ്ഞെടുത്ത ഉപരിലോകത്തേക്ക് ഞാനീ കഥാസമാഹാരം സമര്‍പ്പിക്കുന്നു. നാം ഒന്നിച്ചനുഭവിച്ച ദുരന്തങ്ങള്‍ പറയുന്ന കഥ' എന്നാണ് ഈ കൃതി സയ്യിദ് ഖുത്വ്ബിന് സമര്‍പ്പിച്ചുകൊണ്ട് ഹമീദാ ഖുത്വ്ബ് എഴുതിയിരിക്കുന്നത്. ജയിലനുഭവത്തിന്റെ കഥകള്‍ പറയുന്ന 'നിദാഉന്‍ ഇലാ ദഫ്ഫത്തില്‍ ഉഖ്റാ' എന്ന കൃതിയും അവര്‍ രചിച്ചിട്ടുണ്ട്.
ജയില്‍ മര്‍ദനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ ഹമീദാ ഖുത്വ്ബും സൈനബുല്‍ ഗസാലിയും ഒരു സെല്ലിലായിരുന്നു. 'ജയിലനുഭവങ്ങള്‍' എന്ന പ്രസിദ്ധകൃതിയില്‍ അത് സൈനബുല്‍ ഗസാലി വിശദീകരിച്ചിട്ടുണ്ട്. പട്ടാള ജയിലിലെ സകലവിധ മര്‍ദനമുറകളെയും ക്ഷമയോടെ നേരിട്ട ഹമീദാ ഖുത്വ്ബ് പക്ഷേ, വ്യഭിചാരിണികളെയും അസാന്മാര്‍ഗികളെയും പാര്‍പ്പിക്കുന്ന ഖനാത്തിര്‍ ജയിലിലേക്ക് തന്നെ മാറ്റിയപ്പോള്‍ കടുത്ത പ്രതിഷേധമറിയിച്ചു. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷിയാകേണ്ടിവന്ന ആ രാത്രിയിലെ ഹമീദാ ഖുത്വ്ബിന്റെ തീക്ഷ്ണ പ്രതികരണത്തെ സൈനബുല്‍ ഗസാലി രേഖപ്പെടുത്തുന്നുണ്ട്: "ആ രാത്രി ഉറങ്ങാന്‍ എനിക്ക് സാധ്യമായില്ല. ചാട്ടവാറുകളുടെ ഗര്‍ജനമില്ലാതിരുന്നിട്ടുകൂടി ആ രാത്രി കഠിനവും ഭയാനകവുമായി തോന്നി. സഹോദരി ഹമീദ അന്നു മുഴുവന്‍ കരയുകയായിരുന്നു. ഞാന്‍ അവളെ സമാധാനിപ്പിച്ചു. മിലിട്ടറി ജയിലില്‍ ഞങ്ങള്‍ സഹിച്ച മര്‍ദന-പീഡനങ്ങളും വിശപ്പും അപമാനവുമെല്ലാം ഈ ഖനാത്തിര്‍ ജയിലിലെ രാത്രിയെ അപേക്ഷിച്ച് എത്രയോ നിസ്സാരമായിരുന്നു. നേരം വെളുത്തപ്പോള്‍ ഹമീദ സൂപ്രണ്ടിന്റെയടുത്തു പോയി തുറന്നടിച്ചു. 'ഇല്ല. ആ മുറിയില്‍ താമസിക്കാന്‍ ഞങ്ങള്‍ക്ക് സാധ്യമല്ല. ഇതിലും ഭേദം പട്ടാള ജയില്‍ തന്നെയാണ്. മരിച്ചാലും ആ മുറിയിലേക്കിനി പോവില്ല.' 'എന്ത്? ധിക്കാരം പറയുന്നോ? വെടിവെച്ച് കൊന്ന് കളയും ഞാന്‍ രണ്ടെണ്ണത്തിനെയും.' സൂപ്രണ്ട് അട്ടഹസിച്ചു. 'ആ മുറിയില്‍ കിടക്കുന്നതിനേക്കാള്‍ മരണം തന്നെയാണ് ഞങ്ങള്‍ക്ക് നല്ലത്' ഹമീദ മറുപടി പറഞ്ഞു'' (ജയിലനുഭവങ്ങള്‍-പേജ്: 213).
സഹോദരന്‍ സയ്യിദ് ഖുത്വ്ബിന്റെയും സഹോദരി അമീനാ ഖുത്വ്ബിന്റെ ഭര്‍ത്താവ് കമാല്‍ സനാനീരിയുടെയും രക്തസാക്ഷിത്വം ആ നിശ്ചയദാര്‍ഢ്യം വര്‍ധിപ്പിച്ചതേയുള്ളൂ. 1971-ല്‍ 6 വര്‍ഷവും നാലു മാസവും നീണ്ട ഹമീദയുടെ ജയില്‍ വാസം അവസാനിച്ചു. സയ്യിദ് ഖുത്വ്ബില്ലാത്ത ഈജിപ്തില്‍ താമസിക്കാന്‍ സഹോദരനെ അത്രത്തോളം സ്നേഹിച്ച ആ സഹോദരിക്ക് സാധിക്കുമായിരുന്നില്ല. പാരീസ് മെഡിക്കല്‍ കോളേജില്‍ പ്രഫസറായ ഡോ. ഹംദി മസ്ഊദിനെ വിവാഹം ചെയ്ത് ഹമീദാ ഖുത്വ്ബ് ഫ്രാന്‍സില്‍ സ്ഥിരതാമസമാക്കി.
അബ്ദുന്നാസിറിന്റെ നരവേട്ടക്കാലത്ത് കയ്റോവില്‍ നിലച്ചുപോയ യൂനിവേഴ്സിറ്റി പഠനം അവര്‍ ഫ്രാന്‍സില്‍ പുനരാരംഭിച്ചു. പാരീസ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തിലും അറബി സാഹിത്യത്തിലും ബിരുദം നേടി. ചരിത്രത്തില്‍ ഗവേഷണ പഠനം നടത്തിയ ഹമീദാ ഖുത്വ്ബ് പിന്നീട് സെമിനാറുകളിലും സിമ്പോസിയങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അമേരിക്കയിലും യൂറോപ്പിലുമെല്ലാം അവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മരണം തേടിയെത്തിയ എഴുപത്തിയഞ്ചാം വയസ്സിലും അവര്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ നിരതയായിരുന്നു. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റായ യൂട്യൂബില്‍ ലഭ്യമായ, കഴിഞ്ഞ ജനുവരിയില്‍ അവര്‍ നടത്തിയ ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രഭാഷണം അതാണ് തെളിയിക്കുന്നത്.
ഖുത്വ്ബ് കുടുംബത്തില്‍ ഇനി അവശേഷിക്കുന്നത് മുഹമ്മദ് ഖുത്വ്ബ് മാത്രമാണ്. തന്റെ പഠനവും വായനയുമായി അദ്ദേഹം സുഊദി അറേബ്യയില്‍ ജീവിക്കുന്നു. കവയത്രിയും എഴുത്തുകാരിയുമായിരുന്ന സഹോദരി അമീനാ ഖുത്വ്ബ് 2007ല്‍ മരണപ്പെട്ടിരുന്നു. ഖുത്വ്ബിന്റെ സ്വന്തം നാട്ടില്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ പ്രതിനിധി മുഹമ്മദ് മുര്‍സി പ്രസിഡന്റ് പദവിയിലെത്താന്‍ മാത്രം ലോകത്തെങ്ങും ശക്തമായ ഇസ്ലാമിക നവജാഗരണത്തിന്, ഹമീദയടക്കമുള്ള ഖുത്വ്ബ് കുടുംബത്തോട് ഇസ്ലാമിക ലോകം ഏറെ കടപ്പെട്ടിരിക്കുന്നു.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍