Prabodhanm Weekly

Pages

Search

2024 മെയ് 17

3352

1445 ദുൽഖഅദ് 09

പാക് ജമാഅത്തിന് പുതിയ നേതൃത്വം

അബൂ സ്വാലിഹ

പാകിസ്താൻ ജമാഅത്തെ ഇസ്ലാമിയുടെ പുതിയ അധ്യക്ഷനായി ഹാഫിസ് നഈമുർറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 2029 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. നേരത്തെ ജമാഅത്തെ ഇസ്ലാമി കറാച്ചി മേഖലാ അധ്യക്ഷനായിരുന്നു. ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാക് ജമാഅത്തെ ഇസ്ലാമിയുടെ ആറാമത്തെ അമീറാണ്. മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദി (1941-72), മിയാൻ ത്വുഫൈൽ മുഹമ്മദ് (1972- 87), ഖാദി ഹുസൈൻ അഹ്മദ് (1987- 2008), മുനവ്വർ ഹസൻ (2008- 2013), സിറാജുൽ ഹഖ് (2013- 2024) എന്നിവരാണ് നേരത്തെ ഈ പദവി വഹിച്ചവർ. കഴിഞ്ഞ ഫെബ്രുവരി എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച ജമാഅത്തെ ഇസ്ലാമിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അന്നത്തെ അമീർ സിറാജുൽ ഹഖ് ഉടൻ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും ജമാഅത്ത് കേന്ദ്ര കൂടിയാലോചനാ സമിതി രാജി നിരസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാഅത്ത് പാർലമെന്റിലേക്ക് 243 സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും ആരും ജയിച്ചില്ല. 531 പ്രവിശ്യാ അസംബ്ലി സീറ്റുകളിലേക്ക് മത്സരിച്ചെങ്കിലും ആറ് പേർക്കാണ് വിജയിക്കാനായത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൈന്യത്തിന്റെ അറിവോടെയും സമ്മതത്തോടെയും വ്യാപകമായ തിരിമറി നടത്തിയതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നും അതിന്റെ പേരിൽ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നുമായിരുന്നു സമിതിയുടെ തീരുമാനം. കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു പുതിയ തെരഞ്ഞെടുപ്പ്.

      കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ താൻ വിജയിച്ച പ്രവിശ്യാ അസംബ്ലി സീറ്റ് PS- 129 (സെൻട്രൽ കറാച്ചി)പരാജയപ്പെട്ട തന്റെ തൊട്ടടുത്ത ഇൻസാഫ് പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്ത് ലോക ശ്രദ്ധ നേടുകയുണ്ടായി നഈമുർറഹ്മാൻ. 26, 296 വോട്ടിന് താൻ ജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ ഓരോ ബൂത്തിലെയും വോട്ടിംഗ് നില പരിശോധിച്ചപ്പോൾ പതിനായിരത്തിനും മുപ്പത്തിയൊന്നായിരത്തിനും ഇടക്ക് വോട്ടുകൾ ഇൻസാഫിലെ എതിർ സ്ഥാനാർഥിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലാണെന്നും വിലയിരുത്തിയാണ് സീറ്റ് ഉപേക്ഷിച്ചത്. ധാർമികമായി അതാണ് ശരി എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.

എഞ്ചിനീയറിംഗിൽ ബിരുദവും ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള നഈമുർ റഹ്മാൻ (53 വയസ്സ്) പാക് രാഷ്ട്രീയത്തിൽ ജമാഅത്തിന്റെ പൊതുമുഖമാണ്. ജമാഅത്തിന്റെ വിദ്യാർഥി വിഭാഗമായ ജംഇയ്യത്തുത്ത്വലബയുടെ സാരഥ്യം രണ്ടു തവണ വഹിച്ചിട്ടുണ്ട്. ജമാഅത്തിന്റെ കീഴിലുള്ള എൻ.ജി.ഒ ആയ അൽ ഖിദ്മ ഫൗണ്ടേഷന്റെ കറാച്ചി ചാപ്റ്റർ പ്രസിഡന്റുമായിരുന്നു. കറാച്ചി നഗരത്തിലെ പൊതു പ്രശ്നങ്ങൾ ഏറ്റെടുത്ത് നഈമുർറഹ്മാന്റെ നേതൃത്വത്തിൽ വലിയ ജന സ്വീകാര്യതയാണ് ജമാഅത്ത് നേടിയത്. 2023- ലെ കറാച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒമ്പത് ടൗണുകളും 87 യൂനിയൻ കമ്മിറ്റികളും ജമാഅത്തിനാണ് ലഭിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ ജമാഅത്ത് സ്ഥാനാർഥി നഈമുർ റഹ്മാൻ വളരെ മുമ്പിൽ എന്ന് ദ ഡോൺ പത്രം വരെ റിപ്പോർട്ടെഴുതിയാണ്. പക്ഷേ, എതിരാളിയായ പീപ്പ്ൾസ് പാർട്ടി അതിന്റെ വൃത്തികെട്ട പതിവ് രാഷ്ട്രീയ കളികൾ പുറത്തെടുത്തപ്പോൾ മുർതസാ വഹാബിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നഈം 160 വോട്ടും വഹാബ് 173 വോട്ടും നേടി എന്നാണ് ഔദ്യോഗിക വിശദീകരണം. പി.പി. പി മേയറെ 'പറ്റിപ്പ് മേയർ' എന്നാണത്രെ ജനം ഇപ്പോൾ വിളിക്കുന്നത്. നഈമുർ റഹ്മാൻ നേതൃത്വമേറ്റെടുത്തതോടെ പാക് രാഷ്ട്രീയത്തിൽ ജമാഅത്ത്- ഇൻസാഫ് പാർട്ടി സഖ്യത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന് പി.ടി.ഐ നേതാവ് അസദ് ഖൈസർ പറയുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 49 അൽ ഹുജുറാത്ത് സൂക്തം 7-8
ടി.കെ ഉബൈദ്

ഹദീസ്‌

നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്