ബിസ്മില്ലാ കൊണ്ട് തുടങ്ങി നോക്കൂ
ഏഴ് അറബി അക്ഷരങ്ങളുള്ള ബിസ്മില്ലാഹ് എന്ന പ്രയോഗം വലിയ അർഥതലങ്ങൾ ഉൾക്കൊള്ളുന്നു. ഒരു ദിവസം പല തവണ ഒരു മുസ്ലിം ഇത് ആവർത്തിച്ച് ഉച്ചരിക്കുന്നുണ്ടല്ലോ.
ബിസ്മില്ലാഹിർറഹ്മാനിർറഹീം ഖുർആനിലെ ആദ്യ വചനമായി കണക്കാക്കപ്പെടുന്നുണ്ട്. ഒന്നൊഴികെ എല്ലാ അധ്യായങ്ങളുടെയും തുടക്ക വചനവും ഇതുതന്നെ.
മലക്ക് ജിബ്‌രീൽ നബിയുടെ അടുക്കൽ വന്ന് ബിസ്മില്ലാഹ് ... എന്ന് ഉരുവിടുമ്പോൾ ഒരു പുതിയ അധ്യായം തുടങ്ങാൻ പോകുന്നു എന്ന് തിരുദൂതർ (സ) മനസ്സിലാക്കിയിരുന്നു (അബൂ ദാവൂദ്).
ഒരു സ്വഹാബി പറയുന്നു: "ഞങ്ങൾ തിരുദൂതരുടെ സദസ്സിൽ ഇരിക്കുകയായിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ഭാവപ്പകർച്ച ഞങ്ങൾ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞ് അദ്ദേഹം ചിരിക്കുന്നത് കണ്ടു. ഈ ചിരിയുടെ കാരണം തിരക്കിയപ്പോൾ റസൂൽ തിരുമേനി ഇങ്ങനെ പറഞ്ഞു: ഒരു പുതിയ അധ്യായം അവതരിച്ചു കിട്ടിയിരിക്കുന്നു. പിന്നീട് അദ്ദേഹം 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' എന്നോതി. തുടർന്ന് അൽ കൗസർ എന്ന ഖുർആനിലെ ഏറ്റവും ചെറിയ അധ്യായം പാരായണം ചെയ്ത് കേൾപ്പിച്ചു" (അബൂ ദാവൂദ്).
ബിസ്മില്ലാ എന്ന വാക്കിന് മുൻകാല പ്രവാചകന്മാരും പ്രാധാന്യവും പ്രാമുഖ്യവും കൽപിച്ചിരുന്നു. ഹസ്റത്ത് നൂഹ് (അ) 950 വർഷം തന്റെ ജനതയ്ക്ക് ഇസ്ലാം പ്രബോധനം ചെയ്തു. ആ ജനത പക്ഷേ, അദ്ദേഹത്തെ ധിക്കരിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിച്ചില്ല. ഒടുവിൽ മഹാ പ്രളയമുണ്ടായി. തന്നിൽ വിശ്വസിച്ച ചെറു സംഘത്തെയും കൂട്ടി നൂഹ് താൻ നിർമിച്ച കപ്പലിൽ കയറി. തന്റെ കൂടെയുള്ളവരോട് അദ്ദേഹം പറഞ്ഞതായി ഖുർആൻ ഉദ്ധരിക്കുന്നു: "നിങ്ങളതില്‍ കയറിക്കൊള്ളുക. അതിന്റെ ഓട്ടവും നിര്‍ത്തവും അല്ലാഹുവിന്റെ പേരിലാകുന്നു" (ഹൂദ് 41).
സുലൈമാൻ നബിക്ക് ഹുദ്ഹുദ് പക്ഷി വന്ന് നൽകിയ വൃത്താന്തം ഇങ്ങനെ: ഞാൻ ഇവിടം വിട്ട് ഒരു നാട്ടിൽ പോയി. ഒരു രാജ്ഞിയാണ് ആ നാട് ഭരിക്കുന്നത്. അത്ഭുതം തന്നെ, അവരും അവരുടെ ജനതയും സൂര്യനെയാണ് ആരാധിക്കുന്നത്. അവർക്ക് സുലൈമാൻ നബി എഴുതിയ കത്തിൽ ബിസ്മില്ലാഹി...എന്നുണ്ടായിരുന്നു. കത്ത് കിട്ടിയപ്പോൾ ശേബ രാജ്ഞി തന്റെ ദർബാർ വിളിച്ചിട്ടിങ്ങനെ അറിയിച്ചു:
"ഹേ പ്രമുഖന്‍മാരേ, എനിക്കിതാ മാന്യമായ ഒരു എഴുത്ത് നല്‍കപ്പെട്ടിരിക്കുന്നു. അത് സുലൈമാന്റെ പക്കല്‍നിന്നുള്ളതാണ്. ആ കത്തിൽ 'ബിസ്മില്ലാഹിർറഹ്മാനിർറഹീം' (പരമ കാരുണികനും കരുണ ചൊരിയുന്നവനുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്നാണുള്ളത്" (അന്നംല് 29, 30).
ബിസ്മില്ലാ ഒരു വിപ്ലവ വചനമാണ്. ഏതൊരു സൽക്കാര്യവും ബിസ്മി കൊണ്ട് തുടങ്ങണമെന്ന് പ്രവാചകൻ തിരുമേനി പഠിപ്പിച്ചു. വാതിൽ അടക്കുമ്പോഴും വിളക്കണക്കുമ്പോഴും വെള്ളപ്പാത്രം മൂടിവെക്കുമ്പോഴും എല്ലാം ബിസ്മില്ലാഹ് ഉച്ചരിക്കണമെന്ന് പ്രവാചക വചനങ്ങളിൽ വന്നിട്ടുണ്ട്. ഖുർആൻ വാനലോകത്ത് നിന്നിറങ്ങിയപ്പോഴും അല്ലാഹുവിന്റെ നാമത്തിലായിരുന്നു ആദ്യ വാക്യം. ഇഖ്റഅ് ബിസ്മി റബ്ബികല്ലദീ ഖലഖ് (സൃഷ്ടിച്ചവനായ നിന്റെ നാഥന്റെ നാമത്തിൽ വായിക്കുക) എന്നായിരുന്നു ആ ആരംഭ സൂക്തം. ഇബാദത്തുകളിൽ പലതും ബിസ്മി കൊണ്ടാണ് തുടങ്ങേണ്ടത്. നമസ്കാരത്തിന് അംഗസ്നാനം ചെയ്യുമ്പോൾ ബിസ്മികൊണ്ട് തുടങ്ങണം. മൃഗബലി ഇസ്ലാമിൽ ഏറെ പുണ്യമുള്ളതാണ്. അത് നിർവഹിക്കുമ്പോഴും ബിസ്മില്ലാഹ് എന്ന് ചൊല്ലണം. "ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക് നല്‍കിയിട്ടുള്ള കന്നുകാലികളെ അവന്റെ നാമം ഉച്ചരിച്ചുകൊണ്ട് അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്" (അൽ ഹജ്ജ് 34).
തിരുമേനി(സ) യുദ്ധത്തിന് പോകുന്ന പട്ടാളക്കാരോട് ഇങ്ങനെ പറയാറുണ്ടായിരുന്നു: "ഉഗ്സൂ ബിസ്മില്ലാഹ് !" അല്ലാഹുവിന്റെ നാമത്തിൽ യുദ്ധക്കളത്തിലേക്ക് കാലെടുത്തുവെക്കുക (അബൂ ദാവൂദ്). പ്രഭാതത്തിലും പ്രദോഷത്തിലുമുള്ള മിക്ക പ്രാർഥനകളും ബിസ്മില്ലാഹ് കൊണ്ടാണ് തുടങ്ങുന്നത്. ഉറങ്ങാൻ കിടക്കുമ്പോൾ, ഭക്ഷണം കഴിക്കുമ്പോൾ, വാഹനം കയറുമ്പോൾ, പള്ളിയിലേക്ക് പുറപ്പെടുമ്പോൾ തുടങ്ങി പല സന്ദർഭങ്ങളിലും ബിസ്മില്ലാ കൊണ്ടുള്ള പ്രാർഥനകൾക്ക് വലിയ പ്രാധാന്യമുണ്ട്.
ബിസ്മില്ലാഹ് മനോഗതികളെ മാറ്റിമറിക്കും.
ത്വാഇഫ് യാത്രയിൽ നബിതിരുമേനിക്കുണ്ടായ ഒരു അനുഭവം ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. അഭയം തേടി ചെന്ന പ്രവാചകനെ അന്നാട്ടുകാർ കല്ലെറിഞ്ഞോടിച്ചു. അദ്ദേഹം ഒരു ഈത്തപ്പന തോട്ടത്തിൽ അഭയം തേടി. നാട്ടുമൂപ്പന്മാരായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും തോട്ടമായിരുന്നു അത്. അവർ പ്രവാചകന്റെ എതിർ പക്ഷക്കാരെങ്കിലും അദ്ദേഹത്തിന്റെ ദൈന്യാവസ്ഥ കണ്ട് അലിവ് തോന്നി, വേലക്കാരൻ ഉദാസിനെ വിളിച്ച് കുറച്ച് മുന്തിരി കൊണ്ടുപോയി കൊടുക്കാൻ ആവശ്യപ്പെട്ടു. ഭൃത്യൻ മുന്തിരി പ്രവാചകന്റെ മുന്നിൽ എത്തിച്ചു. ശാരീരിക പ്രയാസമുണ്ടായിരുന്നെങ്കിലും അവിടുന്ന് എഴുന്നേറ്റ് ബിസ്മില്ലാ എന്ന് മൊഴിഞ്ഞു മുന്തിരിയിലേക്ക് കൈനീട്ടി. ബിസ്മില്ലാ എന്ന് കേട്ടപ്പോൾ ഉദാസ് അത്ഭുതപ്പെട്ടു. അയാൾ പ്രവാചകനെ തന്നെ നോക്കി. താങ്കൾ ഉച്ചരിച്ച ആ വാക്യം ഈ നാട്ടുകാർ പറയാറില്ലല്ലോ എന്ന് അവൻ പറഞ്ഞു. പ്രവാചകൻ ചോദിച്ചു: നീ ആരാണ്? അവൻ പറഞ്ഞു: ഞാൻ ഒരു ക്രിസ്ത്യാനി. നീനവക്കാരനാണ്!
അപ്പോൾ നീ മഹാനായ യൂനുസുബ്നു മത്തായുടെ നാട്ടുകാരനാണോ?!
താങ്കൾക്കിതെങ്ങനെ അറിയാം? അയാൾ ആരാണ്, എങ്ങനെയുള്ളവനാണ് എന്ന് താങ്കൾക്ക് അറിയാമോ?!
തിരുനബി പറഞ്ഞു: "അതെന്റെ സഹോദരനാണ്. ഞാൻ പ്രവാചകനാണ്, അദ്ദേഹവും പ്രവാചകനാണ്." ഇത്രയും കേട്ടപ്പോൾ ഉദാസ് ഓടി വന്ന് തിരുനബിയുടെ തിരുനെറ്റിയിൽ ചുംബിച്ചു. ഈ രംഗം കണ്ടുകൊണ്ട് നിൽക്കുകയായിരുന്നു ഉത്ബത്തും ശൈബത്തും. ഉദാസ് മടങ്ങിവന്നപ്പോൾ അവർ ചോദിച്ചു: നീയിത് എന്ത് ചെയ്യുകയായിരുന്നു? അവൻ പറഞ്ഞു: "ഈ ഭൂമിലോകത്ത് ഇതുപോലൊരു വ്യക്തിയില്ല. ഇത്തരം പകിട്ടാർന്ന ഒരു വ്യക്തിത്വം വേറെയുണ്ടാവില്ല. എന്നോടദ്ദേഹം പറഞ്ഞ പോലെയുള്ള കാര്യങ്ങൾ ഒരു പ്രവാചകനല്ലാതെ പറയുകയില്ല" (സീറത്ത് ഇബ്നു ഹിശാം).
ഒരു ബിസ്മില്ലാഹിയാണ് ഈ ഭൃത്യന്റെ മനം മാറ്റിയത്.
മനുഷ്യൻ കർമങ്ങൾ അനുഷ്ഠിക്കുന്നുവെന്നേയുള്ളൂ. അവയെല്ലാം വിജയതീരത്തെത്താൻ ദൈവാനുഗ്രഹം വേണം. അതിനാലാണ് ഏത് സത്കർമവും ആരംഭിക്കും മുമ്പ് അല്ലാഹുവിന്റെ ഉതവി തേടുന്നത്. മാത്രമല്ല, ബിസ്മി ചൊല്ലി ഒരു വിശ്വാസിക്ക് തിന്മ ചെയ്യാനുമാവില്ല. ഒരു പ്രവൃത്തി ചെയ്യുന്നതിന് മുമ്പ് അവൻ ഒരു നിമിഷം ചിന്തിക്കും. അങ്ങനെ നല്ലത് മാത്രം അല്ലാഹുവിന്റെ പേരിൽ ആരംഭിക്കും. ഇനി കർമങ്ങളിൽ വിജയിച്ചാൽ അത് ദൈവത്തിന്റെ ഔദാര്യം. വല്ലപ്പോഴും പരാജയപ്പെടുന്നുവെങ്കിൽ അതിൽ ക്ഷമിച്ച് തന്റെ നന്മ അതിലാണെന്ന് വിശ്വാസി ആശ്വസിക്കും. l
Comments