കൃത്യമായ ഡാറ്റ ഉണ്ടാകുന്നതല്ലേ നല്ലത്?
ഈ വര്‍ഷത്തെ പരിശുദ്ധ റമാദാനും ഈദുല്‍ ഫിത്വ്്റും ലോക മുസ്ലിംകളെ തഴുകിത്തലോടി കടന്നുപോയി. കേരളത്തെ സംബന്ധിച്ചേടത്തോളം വെന്തുരുകുന്ന കാലാവസ്ഥയായിരുന്നു. ചിലയിടങ്ങളില്‍ മഴ ലഭിച്ചെങ്കിലും ഇനിയും ചൂടിന് ശമനമായിട്ടില്ല. പശ്ചിമേഷ്യയിലും യൂറോപ്പിലും സംഘര്‍ഷങ്ങളും യുദ്ധവും നീണ്ടുപോകുന്നു. ഇത് സമാധാന കാംക്ഷികള്‍ക്ക് ഒരു പേടിസ്വപ്‌നമാണ്. ലോക നേതൃത്വത്തിന്റെയും യു.എന്‍.ഒവിന്റെയും അപചയവും ഇതിന് കാരണമാകാം.
ലോക മുസ്്‌ലിംകളില്‍ നല്ലൊരു വിഭാഗം റമദാന്‍ വ്രതം അനുഷ്ഠിക്കുന്നതോടൊപ്പം ദാനധര്‍മങ്ങള്‍ നല്‍കുന്നതിലും, ലോകത്തുടനീളം ഇഫ്ത്വാറുകള്‍ സംഘടിപ്പിക്കുന്നതിലും, സഹോദര സമുദായങ്ങളുമായി സൗഹൃദവും സ്‌നേഹവും ഊട്ടിയുറപ്പിക്കുന്നതിലും വ്യാപൃതരായിരുന്നതായി സോഷ്യല്‍ മീഡിയയിലും മറ്റും കാണാമായിരുന്നു.
സ്വന്തം സഹോദരങ്ങളുടെ പട്ടിണിയകറ്റാനും ജീവിതാവശ്യങ്ങള്‍ നിര്‍വഹിക്കാനും നല്ലൊരു വിഭാഗം സന്നദ്ധ സേവകര്‍ രാപകലില്ലാതെ കണ്ണിലെണ്ണയൊഴിച്ചിരുന്നെന്നോണം കര്‍മരംഗത്തായിരുന്നു. അങ്ങനെ സേവന മേഖല പുഷ്പിക്കുകയായിരുന്നല്ലോ.
നിര്‍ബന്ധ സകാത്ത്, സംഭാവന തുടങ്ങിയ ദാനധര്‍മങ്ങളിലൂടെ പരന്നൊഴുകി വരുന്ന ധത്തിന്റെ കണക്ക് ആരുടെയും കൈയിലുണ്ടാകാന്‍ വഴിയില്ല. ഈ ഇനത്തില്‍ നല്‍കപ്പെട്ട അരിയുടെ കണക്ക് സോഷ്യല്‍ മീഡിയയില്‍ കാണുകയുണ്ടായി. ഏതായാലും സകാത്ത്-സ്വദഖകളിൽ വ്യയം ചെയ്യപ്പെടുന്ന ധനത്തിന്റെയും ഗുണഭോക്താക്കളുടെയും ഒരു ക ണക്കും ഡാറ്റയും ഉണ്ടാകേണ്ടത് അനിവാര്യമാണ്. സര്‍ക്കാറിന് ഒരു വാര്‍ഷിക ബജറ്റും വാര്‍ഷിക പദ്ധതിയുമുണ്ട്. ഈ അടിസ്ഥാനത്തിലാണ് രാഷ്ട്രം പുരോഗമിക്കുന്നത്. ഇവിടെ ഒരു ശാസ്ത്രീയ സമീപനം ഉണ്ടാകുന്നത് മുസ്ലിം സമുദായത്തിന്റെ ശരിയായ വളര്‍ച്ചക്ക് നിദാനമായിരിക്കും.
9746100562
യുദ്ധം നിര്‍ത്തൂ, സമാധാനം പുലരട്ടെ
ഇസ്രയേലും ഹമാസും തമ്മില്‍ ഏഴു മാസമായി യുദ്ധം നടക്കുന്നു. ഇപ്പോഴും തുടരുന്നു. വിശുദ്ധ റമദാനില്‍ ഗസ്സയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്ന് യു.എന്‍ രക്ഷാസമിതി ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഒരു സമവായത്തിലും ഇതുവരെ എത്തിയിട്ടില്ല. നാല്‍പതിനായിരത്തോളം പേര്‍ക്ക് ഇതുവരെ ജീവഹാനി സംഭവിച്ചു. കോവിഡാനന്തരമുള്ള വലിയൊരു ദുരന്തമാണ് ഈ യുദ്ധത്തിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
വെടിനിര്‍ത്താന്‍ പല രാഷ്ട്രങ്ങളും പല ഉപാധികളും മുന്നോട്ടുവെച്ചിരുന്നു. രക്ഷാസമിതിയിലെ പതിനഞ്ച് അംഗ രാജ്യങ്ങളില്‍ പതിനാലും ഇതിനുള്ള പ്രമേയത്തെ അനുകൂലിച്ചിരുന്നു. മുമ്പ് കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്ത യു.എസ് ഇത്തവണ അതിന് മുതിര്‍ന്നില്ല. പകരം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
പ്രമേയം പാസ്സായതിലുള്ള സന്തോഷം രക്ഷാസമിതിയംഗങ്ങള്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കണ്ടത്. മുമ്പ് മൂന്ന് തവണ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ പ്രമേയങ്ങളും യു.എസ് വീറ്റോ ചെയ്തിരുന്നു. യു.എസ് കൊണ്ടുവന്ന പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തതിനാല്‍ അത് പാസ്സായില്ല.
നീണ്ടതും സ്ഥിരവുമായ വെടിനിര്‍ത്തലിലേക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ നയിക്കണമെന്ന് പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്. ബന്ദികളെ വിട്ടയക്കണമെന്ന് ഹമാസിനോടും ആവശ്യപ്പെട്ടിരുന്നു.
അള്‍ജീരിയയുടെ നേതൃത്വത്തില്‍ പത്ത് രാജ്യങ്ങള്‍ ചേര്‍ന്നാണ് പ്രമേയം തയാറാക്കി അവതരിപ്പിച്ചത്. ഫലസ്ത്വീന്‍കാര്‍ വളരെയേറെ അനുഭവിച്ചു. ഈ രക്തച്ചൊരിച്ചില്‍ ഏറെ നീണ്ടുപോയിരിക്കുന്നു. എത്രയും വേഗം ഈ കൂട്ടക്കുരുതി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. യുദ്ധങ്ങള്‍ അവസാനിപ്പിച്ച് ശാശ്വതമായ സമാധാനം യാഥാർഥ്യമാക്കാൻ മറ്റു ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.
ആചാരി തിരുവത്ര, ചാവക്കാട് 8281123655
ഗസ്സയെക്കുറിച്ച് ഏറ്റവും മികച്ച വിശകലനം
ലക്കം 49-ല്‍ വന്ന ഡോ. അബ്ദുര്‍റസാഖ് മഖര്‍റിയുടെ 'പരാജയപ്പെട്ട രാഷ്ട്രീയത്തെപ്പറ്റി ഉയരാനിരിക്കുന്ന ചോദ്യങ്ങള്‍' എന്ന ലേഖനം വായിച്ചു. ദാര്‍ശനികനായ മാലിക് ബിന്നബിയുടെ നിരീക്ഷണത്തോടെ ആരംഭിക്കുന്ന ലേഖനം, കഴിഞ്ഞ ആറ് മാസക്കാലം ഗസ്സയെപ്പറ്റി വന്ന എല്ലാ ലേഖനത്തെയും കവച്ചുവെക്കുന്നതാണെന്ന് തന്നെ പറയാം.
ത്വൂഫാനുല്‍ അഖ്‌സ്വാ ദൈവത്തിന്റെ മേല്‍നോട്ടത്തില്‍ അരങ്ങേറിയ അവന്റെയൊരു പ്രാപഞ്ചിക നടപടിക്രമമാണെന്ന് പന്ത്രണ്ട് നിരീക്ഷണങ്ങളോടെ പറഞ്ഞുവെക്കുന്നു. 'ത്വൂഫാനുല്‍ അഖ്‌സ്വ കൊണ്ട് അക്രമികളെ ശിക്ഷിക്കാനാണ് ദൈവം തീരുമാനിച്ചതെങ്കില്‍ അത് സംഭവിച്ചിരിക്കുന്നു, പോരാട്ടം അവസാനിക്കുന്നതിനു മുമ്പ് തന്നെ; മുമ്പൊരിക്കലും അവര്‍ അനുഭവിച്ചിട്ടില്ലാത്ത തരത്തില്‍.''
കഴിഞ്ഞ ഏഴു മാസക്കാലത്തിനിടക്ക് ഗസ്സയുടെ കഥ ലോക മനസ്സാക്ഷിയെ തന്നെ മാറ്റിമറിച്ചിരിക്കുന്നുവെന്ന് ലേഖനം വായിച്ചാല്‍ നമുക്ക് ബോധ്യപ്പെടും. പ്രബോധനം വായനക്കാര്‍ ഈ ലേഖനം വായിക്കാതെ പോകരുതെന്ന് അപേക്ഷിക്കുന്നു.
മമ്മൂട്ടി കവിയൂര്‍
Comments