Prabodhanm Weekly

Pages

Search

2024 മെയ് 17

3352

1445 ദുൽഖഅദ് 09

ഇമാമുല്‍ ഉലമാ സന്‍ദാനി

വി.എ കബീര്‍

ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 82-ാം വയസ്സില്‍ വിടപറഞ്ഞ യമനി മതപണ്ഡിതന്‍ അബ്ദുല്‍ മജീദ് സന്‍ദാനി ജീവിതത്തിന്റെ ബഹുമുഖ മേഖലകളില്‍ പതിഞ്ഞ സേവന മുദ്രകളിലൂടെ ശ്രദ്ധേയനായ വരിഷ്ഠ വ്യക്തിത്വമാണ്. ഒരേസമയം മുജ്തഹിദായ പണ്ഡിത ശ്രേഷ്ഠനും മുജാഹിദായ പ്രബോധകനുമായിരുന്നു അദ്ദേഹം. സമകാലികനായ അലി മുഹമ്മദ് സ്വല്ലാബി വിശേഷിപ്പിച്ച പോലെ, ഈ കാലഘട്ടത്തിലെ ഇസ്്‌ലാമിക നവജാഗരണത്തിന് ഇന്ധനം പകര്‍ന്ന ചടുല വ്യക്തിത്വങ്ങളിലൊരാള്‍. സ്വല്ലാബിയുടെ തന്നെ തലമുറയില്‍ അവശേഷിക്കുന്ന മൊറോക്കോവിലെ റൈസൂനിയെപ്പോലെ, ഒമാനിലെ മുഫ്തി അഹ്്മദ് ഖലീലിയെപ്പോലെ, സമീപകാലത്ത് അന്തരിച്ച യൂസുഫ് ഖറദാവിയെപ്പോലെയുള്ള പണ്ഡിതന്മാരുടെ കണ്ണികളില്‍ ഒരു കണ്ണിയാണ് യമന് മാത്രമല്ല, ആഗോള മുസ്ലിം സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. മുന്‍ ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ, അസ്ഹര്‍ സർവകലാശാലാ റെക്ടര്‍ അഹ്മദ് ത്വയ്യിബ്, മോറിത്താനിയക്കാരനായ അബ്ദുല്ല ബയ്യ എന്നിവരെ ഇക്കൂട്ടത്തില്‍ എണ്ണാത്തത് അവര്‍ പണ്ഡിതന്മാരല്ലാത്തതുകൊണ്ടല്ല; സന്‍ദാനി അവരെപ്പോലുള്ള പണ്ഡിതരല്ലാത്തതുകൊണ്ടാണ്.

ഇസ്ലാമിക ചരിത്രത്തില്‍ എക്കാലത്തും ഏങ്കോണിച്ചു നിന്നിരുന്ന, അധികാരത്തിന്റെ അരമന നിരങ്ങികളായ 'ഉലമാഉസ്സുല്‍ത്താനി'ല്‍ പെട്ട കീട ജന്മമായിരുന്നില്ല സന്‍ദാനിയുടേത്. മറിച്ച്, 'സുല്‍ത്താനുല്‍ ഉലമാ' പദവിയിലേക്കുള്ള യാത്രയായിരുന്നു ആ മഹദ് ജീവിതം. യമനിലെ തിളച്ചുമറിയുന്ന രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം മടിക്കുകയുണ്ടായില്ല. അതേസമയം ആയുധമേന്തേണ്ട സന്ദര്‍ഭങ്ങളിൽ സംഗ്രാമ ഭൂമിയിലും സാന്നിധ്യമറിയിക്കാന്‍ ശങ്കിച്ചില്ല. യമനിലെ യുവ തലമുറയെ വിശ്വാസത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ നിഷ്‌കാമവും നിസ്തന്ത്രവുമായ യജ്ഞ സഹസ്രങ്ങളുടെ സ്മാരകമാണ് ആ രാജ്യത്തെ 'ജാമിഅത്തുല്‍ ഈമാന്‍' എന്ന വ്യതിരിക്തമായ സര്‍വകലാശാല.

ആഭ്യന്തര യുദ്ധമുഖത്ത്

 ഈ ലേഖകന്‍ ഖത്തറിലായിരുന്ന കാലത്ത് ഡോ. സന്‍ദാനി ഒന്നിലേറെ തവണ ദോഹ സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു. അപ്പോഴൊക്കെ സര്‍ക്കാര്‍ അതിഥിയായ അദ്ദേഹത്തിന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകൾ പ്രഭാഷണത്തിന് വേദി സജ്ജമാക്കി കൊടുക്കാറുണ്ടായിരുന്നു.

ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെക്കുറിച്ചാണ് മിക്കപ്പോഴും അദ്ദേഹം പ്രസംഗിക്കാറുണ്ടായിരുന്നത്. സന്‍ദാനി ഏറെ കൗതുകവും താല്‍പര്യവും പ്രകടിപ്പിച്ചുപോന്ന പ്രമേയമായിരുന്നു അത്. ഖുര്‍ആന്റെ അമാനുഷികതയുടെ തെളിവെന്നോണമാണ് ഈ വിഷയം അദ്ദേഹം അവതരിപ്പിച്ചിരുന്നത്.
1994-ല്‍ ഐക്യ യമനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം അടിച്ചമര്‍ത്തപ്പെട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ ദോഹാ സന്ദര്‍ശനങ്ങളിലൊന്ന്. ആ കലാപത്തിന്റെ രാഷ്ട്രീയമായിരുന്നു അത്തവണത്തെ പ്രഭാഷണ വിഷയം.

തെക്കും വടക്കുമായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന യമന്‍ 1990 മെയ് 20-നാണ് പരസ്പരം ലയിച്ച് റിപ്പബ്ലിക് ഓഫ് യമന്‍ നിലവില്‍ വന്നത്. തുടര്‍ന്ന് 1993-ല്‍ ബഹുകക്ഷി വ്യവസ്ഥ  അംഗീകരിക്കപ്പെടുകയും, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുകയും, അലി അബ്ദുല്ല സാലിഹിന്റെ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസ്സും അലി സാലിം ബീദ്, അബൂബക്കര്‍ അത്വാസ് എന്നിവരുടെ സോഷ്യലിസ്റ്റ് യൂനിയനും ഇസ്ലാമിസ്റ്റുകളുടെ അല്‍ ഇസ് ലാഹ് പാര്‍ട്ടിയും ചേര്‍ന്ന് ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തിനകം 1994-ല്‍ തന്നെ ഈ ഐക്യ സര്‍ക്കാര്‍ തകര്‍ന്നു. ദക്ഷിണ യമനില്‍ എണ്ണപ്പാടം കണ്ടെത്തിയതോടെ വിഘടനത്തിലേക്ക് വീണ്ടും മടങ്ങിപ്പോയി. ദക്ഷിണ യമന്‍ നേതാക്കളായ വൈസ് പ്രസിഡന്റ് അലി സാലിം ബീദും അബൂബക്കര്‍ അത്വാസും രാജ്യം വിട്ട് ഒമാനില്‍ ചേക്കേറി, അവിടെ നിന്ന് വിഘടിതരുടെ സായുധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പക്ഷേ, ആ സായുധ കലാപം പരാജയപ്പെടുകയാണുണ്ടായത്. അതിന്റെ പരാജയത്തില്‍ ഇസ്്‌ലാഹ് പാര്‍ട്ടിക്ക് മുഖ്യ പങ്കുണ്ടായിരുന്നു. യമനിലെ ഇമാമി ഭരണകൂടത്തിനെതിരെ സായുധമായിത്തന്നെ രംഗത്തിറങ്ങിയിരുന്ന സന്‍ദാനി വിഘടിതര്‍ക്കെതിരെയുള്ള ഈ സൈനിക നീക്കത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്നു. അതു കഴിഞ്ഞ ഉടനെയായിരുന്നു അദ്ദേഹത്തിന്റെ ദോഹ സന്ദര്‍ശനം. എന്നാല്‍, ഇത്തവണ പ്രഭാഷണ വിഷയം പതിവില്‍നിന്ന് ഭിന്നമായി വിഘടിതര്‍ക്കെതിരെയുള്ള സൈനിക നീക്കവുമായി ബന്ധപ്പെട്ട അനുഭവ വിവരണമായിരുന്നു.

കലാപകാരികളെ തെരഞ്ഞുപിടിക്കാനുള്ള ഇസ്്‌ലാഹ് പാര്‍ട്ടിയുടെ പട്ടാള ഗ്രൂപ്പില്‍ സന്‍ദാനിയുമുണ്ടായിരുന്നു. ആ തെരച്ചിലിനിടയില്‍ അവര്‍ക്ക് വഴിതെറ്റി. 'ളലൽനാ അത്ത്വരീഖ ലി നസ്വില അത്ത്വരീഖ സ്വഹീഹ' എന്നാണ് അതിനെക്കുറിച്ച് സന്‍ദാനി പറഞ്ഞത്. വഴിതെറ്റിയത് ശരിയായ വഴിയിലെത്താനായിരുന്നു എന്നര്‍ഥം. ഓടി രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ വിഘടിതര്‍ ഉപേക്ഷിച്ചുപോയ വലിയൊരു ആയുധ കൂമ്പാരത്തിന് മുന്നിലാണ് അവര്‍ എത്തിപ്പെട്ടത്. അങ്ങനെ വഴിതെറ്റിയതിന്റെ 'ഗനീമത്തു'മായാണ് അവര്‍ സ്വന്തം സങ്കേതകങ്ങളില്‍ മടങ്ങിയെത്തുന്നത്.

യമന്റെ സുസ്ഥിരതയിലുള്ള താല്‍പര്യമായിരുന്നു ഖത്തറിനെ ആ രാജ്യവുമായും സന്‍ദാനിയുമായും അടുപ്പിച്ചു നിര്‍ത്തിയ ഘടകം. ജി.സി.സിയില്‍ അംഗത്വം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹമായ രാജ്യമാണ് യമന്‍ എന്നതായിരുന്നു ഖത്തറിന്റെ കാഴ്ചപ്പാട്. പെട്രോള്‍ ഉല്‍പാദക രാജ്യമല്ലാത്തതുകൊണ്ട് മാത്രമാണ് ഇതര ജി.സി.സി രാജ്യങ്ങള്‍ യമനെ അകറ്റിനിര്‍ത്തിയത്. 

വിദ്യാഭ്യാസവും രാഷ്ട്രീയ നിലപാടും

ഇബ് പ്രവിശ്യയിലെ അള്ളഹ്ബി ഗ്രാമത്തില്‍ 1942-ലാണ് സന്‍ദാനിയുടെ ജനനം. ഓത്തു പള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പരമ്പരാഗത നിസാമിയ്യ പാഠശാലയില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഉപരി പഠനം ഈജിപ്തില്‍ വെച്ചായിരുന്നു. രണ്ടു വര്‍ഷം ഫാര്‍മസി പഠനത്തിനായി വിനിയോഗിച്ചു. ചെറുപ്പത്തിലേയുള്ള മതപഠന താല്‍പര്യം അദ്ദേഹത്തെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെത്തിച്ചു. അസ്ഹറിലെ പണ്ഡിതന്മാരുമായുള്ള സഹവാസം ശരീഅത്ത് വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിന് സഹായകമായി. യമന്‍ വിപ്ലവത്തില്‍ നേതൃപരമായ പങ്ക് വഹിച്ച മുഹമ്മദ് മഹ്മൂദ് സുബൈരിയുമായി പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്. ഈജിപ്തിലെ പഠനം മുസ്ലിം ബ്രദര്‍ ഹുഡുമായി സമ്പര്‍ക്കം സ്ഥാപിക്കാനും അവസരം നല്‍കി.

യമനിലേക്ക് മടക്കം

ഐന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫാര്‍മോക്കോളജിയും അസ്ഹറില്‍നിന്ന് ശരീഅഃ പഠനവും പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ദേശീയ വിപ്ലവ വികാരാവേശം തലക്കു പിടിച്ച സന്‍ദാനി അമ്പതുകളില്‍ ഇമാമി ഭരണകൂടത്തെ താഴെയിറക്കാനുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിപ്ലവത്തിന്റെ ധ്വജവാഹകരിലൊരാളായ മുഹമ്മദ് മഹ്മൂദ് സുബൈരിയോടൊപ്പം യമനിലേക്ക് മടങ്ങുന്നുണ്ട്. ഇക്കാലത്ത് സന്‍ആ റേഡിയോ നിലയത്തില്‍നിന്ന് 'മതവും വിപ്ലവവും' എന്ന ഒരു പരിപാടി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.

ഇമാമി ഭരണകൂടത്തെ നിഷ്‌കാസനം  ചെയ്ത് ജനാധിപത്യ വ്യവസ്ഥ സ്ഥാപിതമായപ്പോള്‍ നിലവില്‍ വന്ന സര്‍ക്കാറില്‍ പ്രസിഡന്റ് മാര്‍ഷല്‍ അബ്ദുല്ല സലാല്‍ അദ്ദേഹത്തെ ദേശീയ മാധ്യമ ഗൈഡന്‍സ് മന്ത്രിയുടെ ഡെപ്യൂട്ടിയായി നിയമിക്കുകയുണ്ടായി. 1968-ല്‍ പ്രൈമറി- സെക്കന്ററി തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടി പാഠപുസ്തക നിര്‍മാണത്തിന്റെ ചുമതല ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം തന്നെ രചിച്ച 'കിതാബുത്തൗഹീദ്' ഈ പാഠപുസ്തകങ്ങളിലൊന്നാണ്. 'കിതാബുല്‍ വാജിബാത്തുദ്ദീനിയ്യ' (നിര്‍ബന്ധ മത ബാധ്യതകള്‍ പഠിപ്പിക്കാനുള്ള ഗ്രന്ഥം), കിതാബുല്‍ ഈമാന്‍ എന്നിവ ഇക്കാലത്താണ് അദ്ദേഹം രചിക്കുന്നത്. ഏഡന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അന്നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.

'70-കളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സയന്‍സ് വകുപ്പിന്റെ അഡ്മിന്‍ കാര്യങ്ങളുടെ ചുമതല സന്‍ദാനിയെ ഏല്‍പിച്ചു. ബയോളജി തുടങ്ങിയ വിഷയങ്ങളുടെ അധ്യാപന ചുമതലയും അദ്ദേഹത്തിന് നല്‍കപ്പെട്ടു. ഈ കാലത്താണ് 'നഹ് വല്‍ ഈമാന്‍' (വിശ്വാസത്തിലേക്ക്), 'ത്വരീഖുല്‍ ഈമാന്‍' (വിശ്വാസത്തിന്റെ വഴി) എന്നീ കൃതികള്‍ അദ്ദേഹം രചിക്കുന്നത്. ശാസ്ത്രവും വിശ്വാസവും തമ്മില്‍ സാഹോദര്യം സൃഷ്ടിച്ചെടുക്കാനുള്ള സംരംഭത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ രചനകള്‍. മതവും ശാസ്ത്രവും വിരുദ്ധ ദ്വന്ദ്വങ്ങളാണെന്ന് വിദ്യാര്‍ഥി മനസ്സുകളില്‍ സംഘര്‍ഷം ഉല്‍പാദിപ്പിക്കുന്ന നവീന വിദ്യാഭ്യാസ പദ്ധതിയുടെ വിനകളില്‍നിന്ന് യുവതലമുറയെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചന. വിജ്ഞാനത്തിന്റെ ഇസ്ലാംവത്കരണം എന്ന ഇസ്മാഈല്‍ റാജിയുടെ പ്രോജക്ട് തിടംവെക്കുന്നതിന് മുമ്പേ ആ ദിശയിലേക്ക് ആലോചനകള്‍ കൊണ്ടുപോയ പണ്ഡിതനായിരുന്നു സന്‍ദാനി എന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. പില്‍ക്കാലത്ത് 'ജാമിഅത്തുല്‍ ഈമാന്‍' എന്ന പേരില്‍ ഒരു യൂനിവേഴ്‌സിറ്റി തന്നെ അദ്ദേഹം സന്‍ആയില്‍ സ്ഥാപിക്കുകയുണ്ടായി. ശാസ്ത്രബോധവും വിശ്വാസ ദാര്‍ഢ്യവും സമഞ്ജസമായി സമ്മേളിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ഉന്നം വെച്ചിരുന്നത്. ഇക്കാലത്തു തന്നെ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായും സന്‍ദാനി നിയമിക്കപ്പെടുകയുണ്ടായി. ഖാദി അബ്ദുര്‍റഹ്മാന്‍ ഇര്‍യാനി പ്രസിഡന്റായിരുന്ന 1975-ല്‍ ഗൈഡന്‍സ് ഓഫീസിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.

സുഊദിയിലേക്ക്

ഈ ഔദ്യോഗിക പദവികളിലൊക്കെ ഇരിക്കുമ്പോഴും താന്‍ പാതിവഴിക്ക് ഉപേക്ഷിച്ച ശരീഅ പഠനം പൂര്‍ത്തീകരിക്കാനുള്ള അദമ്യമായ ത്വര അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് 1978-ല്‍ പരമ്പരാഗത പണ്ഡിതന്മാരില്‍നിന്ന് അസ്ഹറില്‍ തുടങ്ങിവെച്ച ശരീഅ പഠനം പൂര്‍ത്തിയാക്കാന്‍ സുഊദിയിലെത്തുന്നത്. പഠനം പുനരാരംഭിച്ചതിനൊപ്പം സുഊദിയിലെ പാഠശാലകളിലും യൂനിവേഴ്‌സിറ്റികളിലും അധ്യാപനത്തിലും പ്രഭാഷണങ്ങളിലും വ്യാപൃതനാകാനും അദ്ദേഹം സമയം കണ്ടെത്തി. ഇതോടൊപ്പം ഏതാനും ഉലമാക്കളോടൊപ്പം ചേര്‍ന്ന് ഖുർആനിലും സുന്നത്തിലുമുള്ള ശാസ്ത്രീയമായ അമാനുഷികതകള്‍ കണ്ടെത്താനായി ഒരു അന്താരാഷ്ട്ര വേദി അദ്ദേഹം രൂപവത്കരിച്ചു. അതിന്റെ സെക്രട്ടറിയായും പിന്നീട് ഹോണററി പ്രസിഡന്റായും പ്രവര്‍ത്തിച്ചത് സന്‍ദാനി തന്നെയായിരുന്നു. മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗില്‍ യമന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചു. ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര ശാസ്ത്ര സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി. അതിനിടെ സന്‍ദാനിയുടെ ഏറ്റവും വലിയ ചിന്താവിഷയം തന്നെ ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. 'തഅ്സ്വീലുല്‍ ഇഅ്ജാസില്‍ ഇല്‍മിയ്യ്' (ഖുര്‍ആന്റെ അമാനുഷികതക്കുള്ള ശാസ്ത്രീയ തെളിവുകള്‍), 'വഇന്നഹുല്‍ ഹഖ്' (അതാണ് [ഖുര്‍ആന്‍] സത്യം), മിന്‍ത്വഖത്തുല്‍ മുസ്വബ്ബ് വല്‍ ഹവാജിസ് ബൈനല്‍ ബിഹാര്‍ (സമുദ്രങ്ങളിലെ ശുദ്ധജല-ഉപ്പുജല മേഖലകള്‍ വേര്‍തിരിയുന്നിടം) എന്നിവ ഈ കാലയളവില്‍ അദ്ദേഹം രചിച്ച ഗവേഷണ കൃതികളാണ്. സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടാനും ഇക്കാലത്ത് അദ്ദേഹം സമയം കണ്ടെത്തി.

രാഷ്ട്രീയ ഗോദയില്‍

1991-ല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ യമനി പതിപ്പായ 'അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്‌ലാഹ് (ഗാദറിംഗ് ഫോര്‍ റിഫോര്‍മേഷന്‍) എന്ന രാഷ്ട്രീയ വേദിക്ക് രൂപം കൊടുക്കുന്നതില്‍ ഡോ. സന്‍ദാനി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തജമ്മുഇന്റെ ഉന്നതതല സമിതിയില്‍ അംഗമായ സന്‍ദാനിയായിരുന്നു അതിന്റെ കൂടിയാലോചനാ സമിതിയുടെ പല യോഗങ്ങളിലും അധ്യക്ഷത വഹിച്ചിരുന്നത്.

1991-ല്‍ യമന്റെ ഏകീകരണവും സമാധാനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള സെമിനാറിന്റെ കാമ്പയിന്‍ നയിച്ചവരില്‍ പ്രമുഖനായിരുന്നു സന്‍ദാനി. ഇതിനായി ഭരണഘടനാ ഭേദഗതി ലക്ഷ്യം വെച്ച് യമന്റെ നാനാ ഭാഗങ്ങളില്‍നിന്നും ഒത്തുകൂടിയ മില്യന്‍ മാര്‍ച്ച് നയിക്കുന്നതിലും അദ്ദേഹം ആവേശപൂര്‍വം പ ങ്കെടുത്തു.

1993-ല്‍ പാര്‍ലമെന്റ് നിലവില്‍ വന്നപ്പോള്‍ പ്രസിഡൻഷ്യൽ സമിതിയില്‍ സന്‍ദാനി അംഗമായി നിയമിക്കപ്പെട്ടു. യമന്റെ ഏകീകരണത്തിനു ശേഷം വിഘടനവാദം വീണ്ടും തലപൊക്കിയപ്പോള്‍ അതിനെ സായുധമായിത്തന്നെ നേരിടാന്‍ അദ്ദേഹം ഉത്സാഹഭരിതനായി മുന്നോട്ടുവന്ന കഥ ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ. വിഘടനവാദികളെ അടിച്ചമര്‍ത്തിയ ശേഷം 1995-ല്‍ പ്രസിഡന്‍ഷ്യല്‍ സമിതിയില്‍ ഡെപ്യൂട്ടി പദവി വഹിച്ച സന്‍ദാനി പിറ്റേ വര്‍ഷം സ്വമേധയാ ആ സ്ഥാനം രാജിവെക്കുകയായിരുന്നു. വീണ്ടും ഗ്രന്ഥരചനയില്‍ വ്യാപൃതനായ അദ്ദേഹം 1997-ല്‍ പുതിയ ചില കൃതികളുമായാണ് രംഗത്തു വരുന്നത്. 'ഇല്‍മുല്‍ അജിന്ന ഫീ ദൗഇല്‍ ഖുര്‍ആന്‍ വസ്സുന്ന' (ഭ്രൂണശാസ്ത്രം ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍), 'ബയ്യിനാത്തുര്‍റസൂല്‍ വമുഅ്ജിസാത്തുഹു' (പ്രവാചകന്റെ തെളിവുകളും അമാനുഷ സിദ്ധികളും) എന്നിവ ഈ കാലയളവിലെ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.

ഇസ്തംബൂളില്‍

അറബ് വസന്താനന്തരം യമനില്‍ ആഭ്യന്തര കലാപം കലുഷിതമായപ്പോള്‍ ഹൂഥികള്‍ അദ്ദേഹത്തിന്റെ വസതിയും ആസ്ഥാനവും ആക്രമിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങനെയാണ് സുഊദി അറേബ്യ വഴി അദ്ദേഹം തുര്‍ക്കിയയിലെ ഇസ്തംബൂളിലെത്തുന്നത്.

1998-ല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിലാണ് കേന്ദ്രീകരിക്കുന്നത്. ഇസ്ലാമിക ബാങ്കുകളെ സംബന്ധിച്ച ഒരു സെമിനാറിന്റെ പ്രിപ്പറേറ്ററി കമ്മിറ്റി അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. 2000-ത്തില്‍ പങ്കാളിത്ത സംരംഭങ്ങളുടെ മുന്‍പന്തിയിലും അദ്ദേഹത്തെ കാണാൻ സാധിക്കും. ഇങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി ഒരവിശ്രമ ജീവിതമായിരുന്നു ശൈഖ് സന്‍ദാനിയുടേത്.

2023-ല്‍ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത വേദിയായ ഇത്തിഹാദു ഉലമാഇല്‍ ആലമില്‍ ഇസ്ലാമിയുടെ ഒരു പ്രതിനിധി സംഘം ഇസ്തംബൂളില്‍ സന്‍ദാനിയുടെ ആസ്ഥാനം സന്ദര്‍ശിച്ച് അദ്ദേഹത്തിന് ഇമാമുല്‍ ഉലമാ എന്ന ബഹുമതി ഷീല്‍ഡ് സമ്മാനിക്കുകയുണ്ടായി.

എയ്ഡ്‌സിന് ശമനൗഷധം?

ഈജിപ്തിലെ ഐന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍ ഫാര്‍മസി കോഴ്‌സ് പഠനം നടത്തിയ സന്‍ദാനിക്ക് ഔഷധ മേഖലയില്‍ കമ്പമുണ്ടായത് സ്വാഭാവികമാണ്. ത്വിബ്ബുന്നബി എന്ന പേരിലറിയപ്പെടുന്ന പ്രവാചക ചികിത്സയും അദ്ദേഹത്തിന്റെ താല്‍പര്യ വിഷയങ്ങളിലൊന്നായിരുന്നു. യഥാര്‍ഥത്തില്‍ ചികിത്സ എന്നത് പ്രവാചകന്റെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നതല്ല. തന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില ചികിത്സാ രീതികളോ ഔഷധങ്ങളോ പ്രവാചകനും സ്വീകരിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിലപ്പുറം അത് ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള പരമ സത്യങ്ങളൊന്നുമല്ല. പരാഗണത്തെക്കുറിച്ച ഹദീസില്‍ പ്രവാചകന്‍ പ്രസ്താവിച്ച പോലെ, അനുഭവത്തിന്റെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കേണ്ട ഭൗതിക വിജ്ഞാനങ്ങള്‍ മാത്രമാണവ. നബി വല്ലപ്പോഴും നടപ്പു ചികിത്സാ രീതികളെ കുറിച്ച് സംസാരിച്ചതിന്റെ മേല്‍ പില്‍ക്കാലക്കാര്‍ 'ഉണ്ടാക്കിയെടുത്ത' ഒന്നാണ്  ത്വിബ്ബുന്നബി അഥവാ പ്രവാചക ചികിത്സ.

ഈമാന്‍ യൂനിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സെന്ററില്‍ നടന്ന ഗവേഷണത്തിലൂടെ, ചില ഔഷധ സസ്യങ്ങളില്‍നിന്ന് എയ്ഡ്‌സിന് ചികിത്സ കണ്ടെത്തിയതായി സന്‍ദാനി അവകാശപ്പെട്ടിരുന്നു. ബൗദ്ധിക സ്വത്തവകാശം സ്ഥാപിക്കേണ്ടതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം കുറേകാലം വിസമ്മതിച്ചിരുന്നു. പലര്‍ക്കും ഈ ചികിത്സ ഫലം ചെയ്തതായ അവകാശവാദവുമുണ്ടായിരുന്നു. പക്ഷേ, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ക്ലാസിക്കല്‍ ഇമ്യൂണോളജി സര്‍വീസസ് തലവന്‍ ഡോ. ജമാല്‍ മുഖ്‌ലിസ്വ് ഈ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യുകയുണ്ടായി. സന്‍ദാനിയുടെ ചികിത്സ സ്വീകരിച്ച രോഗികളില്‍ താന്‍ വ്യക്തിപരമായി നടത്തിയ രക്തപരിശോധനയില്‍, ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി ഡോ. മുഖ്‌ലിസ്വ് പരസ്യ പ്രസ്താവന നടത്തുകയുണ്ടായി.

ഇതുപോലെ തന്നെ ഖുർആനെ ഒരു ശാസ്ത്ര ഗ്രന്ഥമായി അവതരിപ്പിക്കുന്നതിലും സൂക്ഷ്മതക്കുറവുണ്ട്. ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു ശാസ്ത്ര ഗ്രന്ഥമല്ല, സന്മാര്‍ഗ വേദമാണ്. ശാസ്ത്രം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഈ വക കാര്യങ്ങളിലുള്ള അത്യാവേശം വിപരീത ഫലങ്ങളിലാണ് കലാശിക്കുക. സന്‍ദാനി വിളിച്ചുകൂട്ടിയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത മറൈന്‍ സയന്റിസ്റ്റ് വില്യം ഹൂയ്, ജിയോളജിസ്റ്റ് ആല്‍ഫ്രഡ് ക്രോണര്‍ തുടങ്ങിയ ചില ശാസ്ത്രജ്ഞന്മാര്‍ തന്നെ തങ്ങളെ തെറ്റായി ഉദ്ധരിച്ചതിനെ കുറിച്ച് പിന്നീട് പരാതിപ്പെടുകയുണ്ടായിട്ടുണ്ട്.

സന്‍ദാനിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുകയല്ല. ഇതര മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളുടെ ശോഭയെ ഇത് കെടുത്തിക്കളയുന്നുമില്ല. ഇസ്തംബൂളില്‍ മഹാനായ സ്വഹാബി വര്യന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സന്‍ദാനിയുടെ ആത്മാവിന് അല്ലാഹു ശാന്തി അരുളട്ടെ. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 49 അൽ ഹുജുറാത്ത് സൂക്തം 7-8
ടി.കെ ഉബൈദ്

ഹദീസ്‌

നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്