നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
عَنْ أَبِي هُرَيْرَة رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ الله صلَّى اللهُ عَلَيْهِ وَسَلَّمَ : حُجِبَتِ النَّارُ بالشَّهَوَاتِ، وحُجِبَتِ الجَنَّةُ بالمَكارِهِ (بُخَارِي وَ مُسْلِم)
അബൂ ഹുറയ്റ(റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "നരകം വലയം ചെയ്യപ്പെട്ടിരിക്കുന്നത് തന്നിഷ്ടങ്ങളാലാണ്. സ്വർഗം വലയം ചെയ്യപ്പെട്ടിരിക്കുന്നത് അനിഷ്ടങ്ങളാലാണ്" (ബുഖാരി, മുസ്‌ലിം).
ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം നവവി (റ) എഴുതി: "സുന്ദരവും സാഹിതീയവും സമഗ്രവുമായ വചനങ്ങൾ. ഭംഗിയുള്ള ചിത്രീകരണം. തന്നിഷ്ടങ്ങളുടെ പിറകെപ്പോകുന്നവർക്ക് സ്വർഗത്തിലെത്താനാവില്ലെന്നാണ് ആശയം. ദുരാഗ്രഹങ്ങൾ നരകത്തിലാണെത്തിക്കുക. മറ നീക്കിയാലേ മറക്കപ്പുറത്തേക്കെത്തൂ.
സ്വർഗത്തിന് ചുറ്റുമുള്ള അനിഷ്ടങ്ങൾ തരണം ചെയ്യുകയാണ് അതിലേക്കെത്താൻ ചെയ്യേണ്ടത്. ആഗ്രഹങ്ങളുടെ പിറകെപ്പോകുന്നവർ നരകത്തിൽ പതിക്കും. ഇബാദത്തുകളിൽ ഉൽസാഹിക്കുക, പുണ്യങ്ങൾ പതിവായി നിർവഹിക്കുക, അതിന്റെ പ്രയാസങ്ങൾ സഹിക്കുക, കോപം കടിച്ചിറക്കുക, വിട്ടുവീഴ്ച ചെയ്യുക, സഹനമവലംബിക്കുക, ദാനം ചെയ്യുക, ഉപദ്രവിച്ചവരോടും നന്മയിൽ വർത്തിക്കുക, വികാരങ്ങളെ ഒതുക്കിനിർത്തുക ഇവയെല്ലാം സ്വർഗത്തെ വലയം ചെയ്ത, എന്നാൽ മനുഷ്യന്റെ ദേഹേഛ ഇഷ്ടപ്പെടാത്തവയിൽ പെടും" (ശർഹു മുസ്‌ലിം).
വളരെ വിലയേറിയതാണ് അല്ലാഹുവിന്റെസ്വർഗം.
അത്യുൽസാഹത്തോടെ നന്നായി പണിയെടുക്കുന്നവർക്കുള്ളതാണത്. വിശുദ്ധ ഖുർആൻ ഇപ്രകാരം ചോദിക്കുന്നു:
"അല്ല, നിങ്ങളുടെ മുന്‍ഗാമികളെ ബാധിച്ച ദുരിതങ്ങളൊന്നും നിങ്ങള്‍ക്കു വന്നെത്താതെതന്നെ നിങ്ങള്‍ സ്വര്‍ഗത്തിലങ്ങ് കടന്നുകളയാമെന്ന് കരുതുന്നുണ്ടോ? പ്രയാസങ്ങളും ദുരിതങ്ങളും അവരെ ബാധിച്ചു. ദൈവദൂതനും കൂടെയുള്ള വിശ്വാസികളും 'ദൈവ സഹായം എപ്പോഴാണുണ്ടാവുക' എന്ന് വിലപിക്കേണ്ടിവരുമാറ് കിടിലംകൊള്ളിക്കുന്ന അവസ്ഥ അവര്‍ക്കുണ്ടായി" (2: 214).
റസൂൽ (സ) അരുളി: "ഭീതിയുള്ളവൻ നേരത്തെ പുറപ്പെടും. അവൻ വീട്ടിലെത്തും. അറിയുക: അല്ലാഹുവിന്റെ ചരക്ക് വിലകൂടിയതാണ്. അറിയുക: അല്ലാഹുവിന്റെ ചരക്ക് സ്വർഗമാണ്" (തിർമിദി).
തന്നിഷ്ടങ്ങളെ പിൻപറ്റിയവരെ വിശുദ്ധ ഖുർആൻ ഇപ്രകാരം അധിക്ഷേപിക്കുന്നു: "പിന്നീട് അവര്‍ക്കു പിറകെ പിഴച്ച ഒരു തലമുറ രംഗത്തുവന്നു. അവര്‍ നമസ്‌കാരം പാഴാക്കി. തന്നിഷ്ടങ്ങള്‍ക്കൊത്ത് ജീവിച്ചു. തങ്ങളുടെ ദുര്‍വൃത്തികളുടെ ദുരന്തഫലം അവരെ വൈകാതെ ബാധിക്കും" (19: 59).
ദേഹേഛ വരുത്തിവെക്കുന്ന അപകടത്തെക്കുറിച്ച് റസൂൽ (സ) മുന്നറിയിപ്പ് നൽകുന്നു: "പായയുടെ അടയാളങ്ങൾ ഉറങ്ങുന്നവന്റെ ശരീരത്തിൽ പതിയുന്നതു പോലെ ഹൃദയങ്ങളുടെ മേൽ ഫിത്്നകൾ പതിയും. ഫിത്്നയെ സ്വീകരിച്ച മനസ്സുകളിൽ ഒരു കറുത്ത പുള്ളി വീഴും. ഫിത്്നയെ തിരസ്കരിച്ച മനസ്സുകളിൽ വെളുത്ത പുള്ളിയും. അവസാനം അതൊരു വെളുത്ത മാർബിൾ പോലെയാവും. ഒരു കാലത്തും ഒരു കുഴപ്പവും ഇത്തരക്കാരെ പ്രയാസപ്പെടുത്തുകയില്ല.
ഫിത്്ന നിറഞ്ഞ ഹൃദയം പാടേ കറുത്തിരുളും. അതൊരു കമഴ്ത്തിയിട്ട പാത്രം പോലെയാവും. നന്മയെ അത് സ്വീകരിക്കില്ല. തിന്മയെ അത് തിരസ്കരിക്കുകയുമില്ല. അവന്റെ ദേഹേഛയിൽ കുടിയിരുത്തപ്പെട്ട പാപങ്ങളല്ലാതെ അവൻ പ്രവർത്തിക്കുകയുമില്ല" (മുസ്ലിം). l
Comments