വംശഹത്യക്കെതിരെ വിദ്യാർഥികൾ തമ്പ് കെട്ടുമ്പോൾ
'ഫലസ്ത്വീന്‍ വിമോചനം ഫലസ്ത്വീനികള്‍ക്ക് മാത്രമുള്ളതല്ല, നമ്മുടെ കാലഘട്ടത്തിലെ ചൂഷിതരും അടിച്ചമര്‍ത്തപ്പെട്ടവരുമായ എല്ലാ ജനവിഭാഗങ്ങളുടെയും വിമോചനമാണ്' എന്ന ഫലസ്ത്വീനിയന്‍ എഴുത്തുകാരൻ ഗസ്സാന്‍ കനഫാനിയുടെ വാക്കുകളെ സാധൂകരിക്കുന്നതാണ്, അമേരിക്കന്‍ സര്‍വകലാശാലകളില്‍ ആരംഭിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്ത സ്റ്റുഡന്റ് ഇന്‍തിഫാദ മൂവ്‌മെന്റ്.
ഗസ്സയിലെ സയണിസ്റ്റ് വംശഹത്യക്കെതിരെ ഏപ്രില്‍ മധ്യത്തോടെ അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയിലെ വിദ്യാർഥികള്‍ തുടക്കമിട്ട 'തമ്പടിക്കല്‍ പ്രക്ഷോഭം' അമേരിക്കയിലെ തന്നെ നൂറോളം കാമ്പസുകളിലും യൂറോപ്പിലെ വിവിധ സര്‍വകലാശാലകളിലും ലോകത്തെ മറ്റിതര ഭാഗങ്ങളിലും തരംഗമായി മാറിയിരിക്കുന്നു. റഫയിലെ അഭയാർഥി ക്യാമ്പുകളുടെ മാതൃകയാണ് എന്‍കാമ്പ്‌മെന്റ് സമരത്തിന്റെ പ്രചോദനം. സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്ത്വീന്‍ (എസ്.ജെ.പി) എന്ന കൂട്ടായ്മയും, ജ്യൂയിഷ് വോയ്സ് ഫോര്‍ പീസ് (ജെ.വി.പി) എന്ന സയണിസ്റ്റ് വിരുദ്ധ സംഘടനയുമാണ് സമരങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതെഴുതുമ്പോള്‍ അമേരിക്കയിലെ 45 സംസ്ഥാനങ്ങളിലെ 130 കോളേജുകളില്‍ സമരം വ്യാപിച്ചിട്ടുണ്ട്. അമേരിക്കക്ക് പുറത്ത് ആസ്‌ത്രേലിയ, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ബ്രിട്ടന്‍, ബെല്‍ജിയം, നെതര്‍ലാന്റ്‌സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകളിലും ഫലസ്ത്വീനിനു വേണ്ടി വിദ്യാര്‍ഥികള്‍ സമര മുഖത്താണ്. നിരവധി അമേരിക്കന്‍ സര്‍വകലാശാലകള്‍ ബിരുദദാന ചടങ്ങുകള്‍ മാറ്റിവെച്ചിരിക്കുകയാണ്.
കൊളംബിയ സര്‍വകലാശാലയില്‍ ആരംഭിച്ച യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ക്ക്, പല അമേരിക്കന്‍ സര്‍വകലാശാലകളിലും മുമ്പ് നടന്ന സമരങ്ങളുമായി പല നിലക്കും സമാനതകളുണ്ട്. ഒന്നാം ലോകയുദ്ധം, അമേരിക്കയുടെ വിയറ്റ്‌നാം- ഇറാഖ് അധിനിവേശങ്ങള്‍ തുടങ്ങിയ സുപ്രധാന സൈനിക ഇടപെടലുകളുടെ കാലത്ത്, യു.എസ് സര്‍വകലാശാലകള്‍ യുദ്ധവിരുദ്ധ പ്രതിഷേധങ്ങളുടെയും പ്രകടനങ്ങളുടെയും പ്രധാന കേന്ദ്രങ്ങളായിരുന്നു. ഹാവാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, ബെര്‍ക്ക്‌ലി തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും യുദ്ധത്തിനും സൈനിക ഭീകരതക്കുമെതിരെ സജീവമായി രംഗത്തുണ്ടായിരുന്നു. ആയുധ നിര്‍മാണ സ്ഥാപനങ്ങളുമായുള്ള കൊളംബിയ സര്‍വകലാശാലയുടെ ബന്ധത്തിനെതിരെ അറുപതുകളില്‍ പ്രതിഷേധം ഉയരുകയുണ്ടായി. 1968-ല്‍ വിയറ്റ്‌നാമിലെ അധിനിവേശ കാലത്ത് അഞ്ചു കാമ്പസ് കെട്ടിടങ്ങള്‍ വിദ്യാർഥികള്‍ കൈയടക്കുകയും സര്‍വകലാശാലാ ഡീന്‍ ഹെന്റി കോള്‍മാനെ മുപ്പത്തിയാറു മണിക്കൂറോളം ബന്ദിയാക്കുകയും ചെയ്തിരുന്നു.
തന്ത്രങ്ങളിലും ആവിഷ്‌കാരങ്ങളിലും മാത്രമല്ല, സമരം മറ്റു സര്‍വകലാശാലകളിലേക്ക് വ്യാപിപ്പിക്കുന്നതിലും ഇപ്പോഴത്തെ കാമ്പസ് പ്രതിഷേധങ്ങള്‍ക്ക് 1968-ലെ വിദ്യാർഥി പ്രക്ഷോഭങ്ങളുമായി സമാനതകള്‍ കാണാം. കഴിഞ്ഞ കാലങ്ങളിലെ സമരങ്ങളെ ആഴത്തിൽ വിലയിരുത്തിയാണ് വിദ്യാര്‍ഥികള്‍ രംഗത്തുവന്നിട്ടുള്ളത്. അധികാര സ്ഥാപനങ്ങളുടെ കൊളോണിയല്‍, സാമ്രാജ്യത്വ നിലപാടുകളെയും വംശഹത്യക്ക് കുഴലൂത്ത് നടത്തുന്ന സമീപനങ്ങളെയും വെല്ലുവിളിച്ചാണ് സമരം മുന്നോട്ടു നീങ്ങുന്നത്. ഫലസ്ത്വീനികളെ വംശഹത്യ നടത്തുന്ന സയണിസ്റ്റ് സംവിധാനങ്ങളുമായി ഏതെങ്കിലും നിലയില്‍ ബന്ധം പുലര്‍ത്തുന്നവര്‍ മനുഷ്യത്വ വിരുദ്ധരാണെന്ന് അവര്‍ ഓര്‍മിപ്പിക്കുന്നു.
അടുത്ത കാലത്ത്, പ്രത്യേകിച്ചും 2020-ല്‍ കറുത്ത വർഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ നിഷ്ഠുരമായ കൊലപാതകത്തെത്തുടര്‍ന്ന്, അമേരിക്കയിലുടനീളമുള്ള സർവകലാശാലകളില്‍ 'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുകയുണ്ടായി. കറുത്തവരോടും അരികുവൽക്കരിക്കപ്പെട്ടവരോടുമുള്ള പോലീസ് പക്ഷപാതിത്തങ്ങളെ ചോദ്യം ചെയ്തും വംശീയ അസമത്വം പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും ഈ പ്രസ്ഥാനങ്ങളില്‍ വിദ്യാർഥി സംഘടനകൾ തങ്ങളുടെ സജീവ പങ്കാളിത്തം അടയാളപ്പെടുത്തിയിരുന്നു. സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയും കാമ്പസിനകത്തും പുറത്തും വംശീയത, അസമത്വം, അനീതി തുടങ്ങിയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള സന്നദ്ധതയുമാണ് യു.എസ് സർവകലാശാലകളില്‍ സമീപകാലത്തുണ്ടായ രാഷ്ട്രീയ ഇടപെടലുകളുടെ സവിശേഷത.
പ്രതിഷേധങ്ങള്‍ ഫലം കാണുന്നു
ഫലസ്ത്വീന്റെ വിമോചനവുമായി ബന്ധപ്പെട്ട സമരങ്ങളിലും അമേരിക്കന്‍ കാമ്പസുകളിലെ വിദ്യാർഥി പ്രസ്ഥാനങ്ങള്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ഗസ്സക്കു നേരെയുള്ള ഇസ്രയേലി ഭീകരതക്കെതിരെ 2023 ഒക്ടോബര്‍ മുതല്‍ തന്നെ സര്‍വകലാശാലകളില്‍ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. ഇസ്രയേലിനുള്ള അമേരിക്കയുടെ സൈനിക സഹായം നിര്‍ത്തുക, ഗസ്സക്കെതിരായ സയണിസ്റ്റ് വംശഹത്യ തടയുക, അധിനിവേശ വെസ്റ്റ് ബാങ്കിനു മേലുള്ള വിവേചനങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവര്‍ ഉന്നയിച്ചത്. ആയിരക്കണക്കിന് ജൂത വിദ്യാർഥികളും സംഘടനകളും സമരങ്ങളുടെ ആദ്യഘട്ടത്തില്‍ വലിയ പങ്കാണ് വഹിച്ചത്. 1996-ല്‍ ബെര്‍ക്‌ലി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപംകൊടുത്ത ജെ.വി.പി എന്ന സംഘടന ജൂത വിദ്യാർഥികളെ മുന്‍നിര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കുകയുണ്ടായി.
കൊളംബിയ സര്‍വകലാശാലയില്‍ എൻകാമ്പ്‌മെന്റ് ശൈലിയിലുള്ള പ്രതിഷേധങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പു തന്നെ വിദ്യാർഥികള്‍ ഒരു കമ്യൂണിറ്റി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. യു.എസിലും പുറത്തുമായി നൂറ്റമ്പതോളം സർവകലാശാലകളിലേക്കും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും എൻകാമ്പ്‌മെന്റുകള്‍ 'പീപ്പിള്‍ യൂനിവേഴ്‌സിറ്റി ഫോര്‍ ഗസ്സ' എന്ന പേരില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു. ആയുധ നിര്‍മാണ കമ്പനികള്‍, യുദ്ധത്തില്‍നിന്ന് ലാഭം കൊയ്യുന്ന ഇസ്രയേല്‍ കമ്പനികള്‍ എന്നിവയിലെ മുഴുവന്‍ നിക്ഷേപങ്ങളും പിന്‍വലിക്കുക ( disclose and divest), സര്‍വകലാശാലാ ഭരണകാര്യ വകുപ്പുകള്‍ അവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ വെളിപ്പെടുത്തുക എന്നിവയാണ് അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങൾ. ഫലസ്ത്വീന്‍ നേതൃത്വത്തിലുള്ള ബി.ഡി.എസ് പ്രസ്ഥാനത്തിന് (Boycott, Divestment, and Sanctions Movement) കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിദ്യാർഥി സംഘടനകളിലും ഫാക്കല്‍റ്റി ഗ്രൂപ്പുകളിലും സ്വീകാര്യതയുണ്ട്.
സര്‍വകലാശാലകള്‍ക്ക് എതിരെയുള്ള ഡൈവെസ്റ്റ്‌മെന്റ് മൂവ്‌മെന്റുകള്‍ വിജയിച്ച ചരിത്രവുമുണ്ട്. ദക്ഷിണാഫ്രിക്കയിലെ വർണവിവേചന ഭരണകൂടത്തില്‍നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിന് 1985-ല്‍ കൊളംബിയ സര്‍വകലാശാലയില്‍ കറുത്ത വര്‍ഗക്കാരായ വിദ്യാർഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ ഉദാഹരണം. അന്ന് വിദ്യാർഥികള്‍ ഹാമില്‍ട്ടണ്‍ കെട്ടിടത്തിന്റെ വാതിലുകള്‍ ചങ്ങലയിട്ട് അടച്ച് ഒരു മാസത്തോളം പ്രവേശന കവാടം തടഞ്ഞു. പോരാട്ടങ്ങളുടെ ഫലമായി അതേ വര്‍ഷം ദക്ഷിണാഫ്രിക്കയെ പിന്തുണക്കുന്ന കമ്പനികളില്‍നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന ആദ്യത്തെ ഐവി ലീഗ് സ്‌കൂളായി കൊളംബിയ മാറി. ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റിന്റെ വർണവിവേചന വ്യവസ്ഥയെ തകര്‍ക്കുന്നതുവരെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള വലിയ ആഗോള നിക്ഷേപ നിഷേധ പ്രചാരണത്തിന്റെ (Global Divestment Campaign) ഭാഗമായിരുന്നു ഈ പോരാട്ടങ്ങള്‍. ഇത്തവണയും കൊളംബിയ സര്‍വകലാശാലയിലെ ഹാമില്‍ട്ടണ്‍ കെട്ടിടം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചു. ഏപ്രില്‍ ആറിന് ഹാമില്‍ട്ടന്‍ ഹാള്‍ കൈയേറിയ വിദ്യാര്‍ഥികള്‍ ഫലസ്ത്വീന്‍ പോരാട്ടത്തിന്റെ പ്രതീകമായ ഹിന്ദ് റജബ് എന്ന ആറു വയസ്സുകാരി രക്തസാക്ഷിയുടെ പേര് എഴുതിയ ബാനര്‍ അവിടെ ഉയര്‍ത്തുകയുണ്ടായി.
പ്രതിഷേധങ്ങള്‍ ഫലം കാണുന്നതിന്റെ ആദ്യ സൂചനകളും വന്നുതുടങ്ങി. ഇസ്രയേലുമായി ബന്ധമുള്ള കമ്പനികളിലെ നിക്ഷേപം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന് നോർത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാലയും ബ്രൗണ്‍ സര്‍വകലാശാലയും വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടങ്ങളിലെ സമരങ്ങള്‍ പിന്‍വലിച്ചേക്കും. ഇതിനു പിന്നാലെ എവർ ഗ്രീന്‍ സ്റ്റേറ്റ് കോളേജും സമാനമായ തീരുമാനത്തിലെത്തിയിട്ടുണ്ട്. റഫയില്‍ ഇസ്രയേല്‍ ബുള്‍ഡോസര്‍ കയറ്റിക്കൊന്ന സമാധാന പ്രവര്‍ത്തക റെയ്ചല്‍ കോറി പഠിച്ച സ്ഥാപനമാണിത്.
ഇസ്രയേല്‍ സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും ആഗോള അക്കാദമിക ബഹിഷ്‌കരണമാണ് ഡൈവെസ്റ്റ്‌മെന്റിന് പുറമെ വിദ്യാര്‍ഥികള്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ട മറ്റൊരു ആവശ്യം. തെല്‍ അവീവ് യൂനിവേഴ്‌സിറ്റി, ടെക്‌നിയന്‍ ഇസ്രയേല്‍ യൂനിവേഴ്‌സിറ്റി, ജറൂസലേമിലെ ഹീബ്രു യൂനിവേഴ്‌സിറ്റി എന്നിവയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ വംശഹത്യയെയും അവിടത്തെ അക്കാദമിഷ്യരെ കൊലചെയ്തതിനെയും (scholasticide) പരസ്യമായി അപലപിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിച്ചിട്ടുണ്ട്.
വെല്ലുവിളികളും തിരിച്ചടികളും
സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്ത്വീന്‍ (എസ്.ജെ.പി), ജ്യൂയിഷ് വോയ്സ് ഫോര്‍ പീസ് (ജെ.വി.പി), സ്റ്റുഡന്റ് കോലിഷന്‍ എഗെയ്്ന്‍സ്‌റ്റ് ലേബര്‍ എക്‌സ്‌പ്ലോയ്‌റ്റേഷന്‍ (സ്‌കെയില്‍), ഫലസ്ത്വീനിയന്‍ യൂത്ത് മൂവ്‌മെന്റ് (പി.വൈ.എം), മുസ്ലിം സ്റ്റുഡന്റ്സ് അസോസിയേഷന്‍സ് (എം.എസ.്എ) തുടങ്ങി നൂറോളം വിദ്യാർഥി സംഘടനകളുടെ സഖ്യമാണ് 'സ്റ്റുഡന്റ്് ഇന്‍തിഫാദ'യുടെ നേതൃത്വം വഹിക്കുന്നത്. വിഭവശേഷി കുറഞ്ഞവരും പരിമിതമായ ഫണ്ടിംഗ് ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ് ഫലസ്ത്വീന്‍ അനുകൂലികളായ വിദ്യാര്‍ഥികളും സംഘടനകളും. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ചരിത്രമുള്ള കൊളംബിയയിലെ വിദ്യാർഥികള്‍, പ്രത്യേകിച്ച് സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്ത്വീന്‍ മറ്റു സര്‍വകലാശാലകളിലേക്ക് വിപ്ലവം വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വംശഹത്യ തുടങ്ങി രണ്ടാമത്തെ ആഴ്ച തന്നെ സര്‍വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ സമരമാരംഭിച്ചിരുന്നു എന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ വിദ്യാർഥിയും മുസ്ലിം സ്റ്റുഡന്റ്സ് യൂനിയന്‍ വൈസ് പ്രസിഡന്റുമായ ഹിശാം പറയുന്നത്. സര്‍വകലാശാലയിലെ അസ്‌ന തബസ്സും എന്ന മുസ്ലിം വിദ്യാർഥിനിയുടെ വാലിഡിക്ടറി സ്പീച് സെമിറ്റിക് വിരുദ്ധം എന്നാരോപിച്ച് റദ്ദാക്കുകയുണ്ടായി. സയണിസ്്റ്റ് ലോബിയുടെ സമ്മർദത്തെ തുടര്‍ന്നാണിത്. സര്‍വകലാശാലയിലെ ഇസ്ലാമോഫോബിയ ചൂണ്ടിക്കാട്ടി ഇതിനെതിരെ ഉയര്‍ന്ന വ്യാപകമായ പ്രതിഷേധം കാമ്പസുകളിലെ കൂട്ടായ്മകളെ ശക്തിപ്പെടുത്തുകയാണ് ചെയ്തത്.
അറബ്-മുസ്ലിം വിദ്യാർഥികളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതും അധികൃതര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കാനറി മിഷന്‍ (Canary Mission) എന്ന വെബ്‌സൈറ്റ് ഫലസ്ത്വീന്‍ അനുകൂല പ്രസ്ഥാനങ്ങളുടെ ഭാഗമായ വിദ്യാർഥികളുടെയും ഫാക്കല്‍റ്റികളുടെയും പേരുകളും വിശദാംശങ്ങളും നല്‍കുകയും അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് തങ്ങളുടെ കരിയര്‍ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക വിദ്യാര്‍ഥികള്‍ക്കുണ്ട്. ഫലസ്ത്വീന്‍ അനുകൂല ആക്ടിവിസം സെമിറ്റിക് വിരുദ്ധമാണെന്ന ഇസ്രയേല്‍ അനുകൂല വിദ്യാർഥികളുടെ പ്രചാരണത്തിന് സയണിസ്റ്റ് മുതലാളിമാരും ( donor networks) കാമ്പസ് ഹില്ലെലുകളും (Hillels International) മുഖ്യധാരാ മാധ്യമങ്ങളും നിര്‍ബാധം സഹായം നല്‍കുന്നുണ്ട്.
വിദ്യാർഥി പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുമ്പോള്‍ സയണിസ്റ്റ് ലോബികളില്‍നിന്നുള്ള ആക്രമണങ്ങളും സര്‍വകലാശാലാ അധികൃതരില്‍നിന്നുള്ള സസ്‌പെന്‍ഷനുകളും വര്‍ധിച്ചിരിക്കുന്നു. പോലീസിനെ ഉപയോഗിച്ചു സമരം അടിച്ചമര്‍ത്താനുമുള്ള ശ്രമങ്ങളും ഇപ്പോള്‍ വ്യാപകമാണ്. ഇതിനകം 2500-ലേറെ വിദ്യാര്‍ഥികളും അധ്യാപകരും അറസ്റ്റ് ചെയ്യപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പോലീസ് നടപടികളില്‍ പരിക്കേറ്റു. ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ (യു.സി.എല്‍.എ) സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിദ്യാർഥികള്‍ക്ക് നേരെ മെയ് ഒന്നിന് ബാറ്റണുകളുമായി പോലീസ് നടത്തിയ റെയ്ഡ് സംഘര്‍ഷത്തിലാണ് കലാശിച്ചത്.
കാമ്പസുകളിലെ ആക്രമണങ്ങള്‍ ഭരണകൂടവും സയണിസ്റ്റ് പ്രക്ഷോഭകരും ചേര്‍ന്നു നടത്തുന്നതാണ്. വിദ്യാര്‍ഥികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ അടിച്ചമര്‍ത്തുന്നതിനെ ന്യായീകരിക്കാന്‍, അവരെ അക്രമാസക്തരും സെമിറ്റിക് വിരുദ്ധരുമായി ചിത്രീകരിക്കാനാണ് മുഖ്യധാരാ യു.എസ് മാധ്യമങ്ങളും വംശഹത്യാ അനുകൂല രാഷ്ട്രീയക്കാരും ശ്രമിക്കുന്നത്.
ടെക്‌സസ് പോലെയുള്ള സംസ്ഥാനങ്ങളില്‍ ഭരണകൂടം നേരിട്ടാണ് വിദ്യാര്‍ഥി സമരങ്ങളെ തകര്‍ക്കാന്‍ രംഗത്തുള്ളത്. തീവ്ര വലതുപക്ഷത്തിനു സ്വാധീനമുള്ള ടെക്‌സസിലെ സര്‍വകലാശാലാ കാമ്പസിനകത്ത് കടന്ന് സമരക്കാരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ ഗവര്‍ണര്‍ ഗ്രെഗ് ആബ്ബറ്റിന്റെ നിര്‍ദേശ പ്രകാരമാണ്. വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ സെമിറ്റിക് വിരുദ്ധമെന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചത്. ഓസ്റ്റിനിലെ ക്യാമ്പസില്‍ സമരക്കാര്‍ക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗവുമുണ്ടായി. ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്ന കമ്പനികളുമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ബിസിനസ്സ് നടത്തുന്നത് നിരോധിക്കുന്ന നിയമം 2017-ല്‍ പാസ്സാക്കിയ സംസ്ഥാനമാണ് ടെക്‌സസ്. അന്നു മുതല്‍ നിയമം ശക്തമായി നടപ്പാക്കിവരുന്നു.
ഐക്യദാര്‍ഢ്യവും പ്രതീക്ഷകളും
അറസ്റ്റുകള്‍ക്കും മർദനങ്ങള്‍ക്കും ഇരയാകുമ്പോഴും പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിക്കുകയാണ്. മാതാപിതാക്കള്‍, യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങളുടെ ഭാഗമായിരുന്ന കാമ്പസ് അലുംനികള്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സാധാരണ ജനങ്ങള്‍ എന്നിവരില്‍നിന്നെല്ലാം വിദ്യാർഥികള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. പ്രതിഷേധങ്ങള്‍ക്കു ഗസ്സയിലും ആഴത്തിലുള്ള സ്വാധീനം ചെലുത്താന്‍ കഴിയുന്നു.
എൻകാമ്പ്‌മെന്റുകള്‍ പ്രതീക്ഷയാണെന്നും റഫയിലെ ബോംബിങ് അതിശക്തമായി തുടരുമ്പോള്‍ തങ്ങള്‍ക്കുവേണ്ടി ഇനിയും പലതും ചെയ്യാന്‍ കഴിയുമെന്നും സമരത്തിന്റെ ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ഫലസ്ത്വീനിയന്‍ മാധ്യമ പ്രവര്‍ത്തക ഹിന്ദ് കൗസരി പ്രതികരിച്ചത്. ഗസ്സയിലെ ടെന്റുകളില്‍ അമേരിക്കൻ വിദ്യാർഥികളോട് നന്ദി പറയുന്ന ബാനറുകള്‍ പോലും പ്രത്യക്ഷപ്പെടുകയുണ്ടായി.
ഫലസ്ത്വീന്‍ അനുകൂല പ്രസ്ഥാനങ്ങള്‍ ശക്തി പ്രാപിക്കുമ്പോള്‍, അടിച്ചമര്‍ത്തപ്പെട്ട ജനതയോടുള്ള ഐക്യദാര്‍ഢ്യം മാത്രമല്ല, അമേരിക്കയുടെ വിദേശ നയത്തിലെ ഇരട്ടത്താപ്പിലും സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കിവരുന്ന സൈനിക സഹായത്തിലും ജനങ്ങള്‍ക്കുള്ള കടുത്ത അതൃപ്തി കൂടിയാണ് വെളിവാക്കപ്പെടുന്നത്. ശക്തമായ ലോബികളുടെയും സ്ഥാപനങ്ങളുടെയും അധീശത്വത്തിനു മുന്നില്‍ നീതിക്കുവേണ്ടി വാദിക്കുന്നവര്‍ നേരിടുന്ന വെല്ലുവിളികളാണ് പ്രതിഷേധങ്ങള്‍ക്കു നേരെയുള്ള അടിച്ചമര്‍ത്തല്‍ നടപടികള്‍ അടിവരയിടുന്നത്. എന്നിരുന്നാലും, വർധിച്ചുവരുന്ന അന്താരാഷ്ട്ര പിന്തുണയും വിദ്യാർഥികളുടെ ഉറച്ച പ്രതിബദ്ധതയും ഫലസ്ത്വീനിനു വേണ്ടിയുള്ള പ്രക്ഷോഭ സമരങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഘടകങ്ങളാണ്. l
(എറണാകുളം വൈപ്പിൻ സ്വദേശിയായ ഷബാസ് ഫാത്തിമ ഇപ്പോൾ കാനഡയിൽ, ബ്രിട്ടീഷ് കൊളംബിയയിലെ ഹെൽത്ത് അതോറിറ്റിയിൽ സാമൂഹിക പ്രവർത്തകയായി ജോലി ചെയ്യുന്നു.
സതേൺ കാലിഫോർണിയ സർവകലാശാലയിലെ മൂന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹിഷാം അഹമ്മദ് അൻവർ).
Comments