യു.കെ അബൂ സഹ്്‌ല ഇസ്്‌ലാമിക നവോത്ഥാനത്തിന് പാട്ട് കെട്ടിയ ആള്‍
ഇസ്ലാം മലയാളത്തില്‍ തളിര്‍ക്കാനും പൂത്തുലയാനും സര്‍ഗാത്മകതയെ എക്കാലത്തെയും മലയാളി മുസ്ലിം കൂട്ടുപിടിച്ചിട്ടുണ്ട്. വാമൊഴിയായും എഴുത്തായും കലയെയും സാഹിത്യത്തെയും അവര്‍ കൂടെ കൂട്ടി. ആശയങ്ങളെ പാട്ടായും കവിതയായും നാടകമായും അവര്‍ ജനങ്ങളിലേക്കെത്തിച്ചു.
നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട് കേരളത്തിലെ മാപ്പിളപ്പാട്ടുകള്‍ക്ക്. അറബി മലയാളത്തിലും പിന്നീട് മലയാളത്തിലും എഴുതപ്പെട്ട മാപ്പിളപ്പാട്ട് ശാഖയില്‍ ഏറ്റവും പഴക്കം ചെന്നത് ഖാദി മുഹമ്മദിന്റെ മുഹിയുദ്ദീന്‍ മാലയാണ്. ഇരുനൂറോളം മാലപ്പാട്ടുകള്‍ മാപ്പിള പരിസരത്തുനിന്ന് ഉയിർക്കൊണ്ടിട്ടുണ്ട്. പടപ്പാട്ടുകളും കപ്പപ്പാട്ടുകളും ഒപ്പനപ്പാട്ടുകളും മദ്ഹുകളും പിന്നീട് ഒരുപാടുണ്ടായി. അതോടെ മാപ്പിളപ്പാട്ട് കൂടുതല്‍ ജനകീയമായി. അപ്പോഴേക്കും അരാജകത്വ പ്രവണതകളും ജീർണതയും മാംസനിബദ്ധതയും മാപ്പിളപ്പാട്ട് ശാഖയെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയിരുന്നു. ഈയൊരു പശ്ചാത്തലം വെച്ചു വേണം യു.കെ അബൂ സഹ് ലയുടെ പാട്ടും പറച്ചിലും ജീവിതവും പഠനവിധേയമാക്കാൻ. മാപ്പിളപ്പാട്ട് കവിതകളില്‍ സവിശേഷമായൊരു ആസ്വാദന മണ്ഡലത്തിലാണ് അബൂ സഹ്്‌ല അടയാളപ്പെടുത്തപ്പെട്ടത്. മാപ്പിളപ്പാട്ടില്‍ ഇസ്ലാമിക ഗാനശാഖയിലെ ആചാര്യനാണ് അബൂ സഹ്്‌ലയെന്ന കവി.
മാപ്പിളപ്പാട്ടുകള്‍ ഇസ്ലാമിക ഗാനമെന്ന പുതുവഴിയിലേക്ക് പതിയെ പരുവപ്പെട്ടത് യു.കെയുടെ തൂലികയിലൂടെയാണ്. വളരെ വിസ്തൃതമായ കാവ്യലോകത്തിന്റെ ഭൂമികയാണ് യു.കെ പാട്ടുകള്‍ക്കുള്ളത്. കേവലം ആത്മീയ ലോകങ്ങളെ കുറിച്ചു മാത്രം എഴുതുകയും പറയുകയും ചെയ്യുന്ന ഒരു കവി എന്ന ഫ്രെയിമില്‍ യു.കെയെ ഒതുക്കിനിര്‍ത്താനാവുകയില്ല. ഇസ്്ലാമിക നവജാഗരണ പ്രസ്ഥാനങ്ങള്‍ക്ക് ഊടും പാവും നെയ്യുന്നതില്‍ യു.കെ അനല്‍പമായ പങ്കാണ് വഹിച്ചത്. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ നവോത്ഥാന ചിന്തയെ പാട്ടുവഴിയിലൂടെ നടത്തിയയാള്‍ എന്ന നിലക്കാണ് അദ്ദേഹത്തെ കാണേണ്ടത്.
പ്രസ്ഥാനം അണികളെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിച്ച പല കാര്യങ്ങളും ആകര്‍ഷണീയമായ രീതിയില്‍ പാട്ടിലൂടെ സാധാരണ ജനങ്ങളിലേക്ക് അദ്ദേഹം എത്തിച്ചു. ഒരു പ്രസംഗം കേള്‍ക്കുന്നതിനെക്കാള്‍ വലിയ ആവേശത്തോടെ ശ്രോതാക്കള്‍ പാട്ടിലെ ആശയങ്ങളെ നെഞ്ചേറ്റി. തൗഹീദും രിസാലത്തും ആഖിറത്തും പാട്ടിലെ പ്രധാന വിഷയമാക്കുന്നതും അത് ആകര്‍ഷണീയ ശൈലിയില്‍ ആസ്വാദന തലത്തിലെത്തിക്കുന്നതും ഒരു പാട്ടെഴുത്തുകാരനെ സംബന്ധിച്ച് ഭാരിച്ച പണിയാണ്. സ്തുതിഗീതങ്ങളും ആശംസാ പാട്ടുകളും കവിതാ ശകലങ്ങളും പ്രവാചക കഥാകഥനങ്ങളും ഖണ്ഡകാവ്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് യു.കെയുടെ കാവ്യലോകം. മാപ്പിളപ്പാട്ടിന്റെ ക്ലാസിക്കല്‍ നിയമാവലികളായ കമ്പി, കഴുത്ത്, വാല്‍കമ്പി, വാലുമ്മല്‍ കമ്പി... തുടങ്ങിയ പ്രാസങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് യു.കെയുടെ മിക്ക രചനകളും. പ്രസ്ഥാനം ഏറെ പ്രാമുഖ്യത്തോടെ മുന്നോട്ടുവെച്ച സ്ത്രീ നവോത്ഥാനം, സ്ത്രീകളുടെ കര്‍ത്തവ്യങ്ങളെ കുറിച്ച അവബോധം, സ്ത്രീ പ്രശ്‌നങ്ങളോടുള്ള സമീപനം തുടങ്ങിയ ആശങ്ങളോടൊപ്പമാണ് യു.കെയുടെ ഗാനങ്ങളും സഞ്ചരിക്കുന്നത്.
നാട്ടുമ്പുറത്തെ ജീവിതം പോലെത്തന്നെയായിരുന്നു യു.കെയുടെ പാട്ടെഴുത്തും. മക്കാനിയിലിരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കെ, കന്നുപൂട്ടിക്കൊണ്ടിരിക്കെ, ചെരിപ്പ് തുന്നിക്കൊണ്ടിരിക്കെ, ബീഡി തെരച്ചുകൊണ്ടിരിക്കെ... വെളിപാട് പോലെ ഗാനശകലങ്ങള്‍ യു.കെയുടെ ഭാവനയിലെത്തും. ഉടനെ സാധനങ്ങള്‍ ഒരു ഭാഗത്തു വെച്ച് കീശയില്‍നിന്ന് പേനയും കടലാസും എടുത്ത് അപ്പോള്‍തന്നെ എഴുതിവെക്കും. എഴുതിയ വരികള്‍ രണ്ട് മൂന്ന് ആവൃത്തി വായിച്ചുനോക്കും. വാര്‍ഷിക പരിപാടികള്‍ക്കും മറ്റും കുട്ടികള്‍ക്ക് പാടാനും അവതരിപ്പിക്കാനും വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ മിക്ക രചനകളും. ജനകീയനായ യു.കെയുടെ ഗാനങ്ങളില്‍ ഒന്നെങ്കിലുമറിയാത്ത നാട്ടുകാരുണ്ടായിരുന്നില്ല. നന്നേ ചുരുങ്ങിയത് അദ്ദേഹത്തിന്റെ ഏതാനും വരികളെങ്കിലും അവര്‍ക്ക് മനഃപാഠമായിരിക്കും. തൊട്ടിലില്‍ കുഞ്ഞിനെ പാടിയുറക്കുന്ന ഉമ്മമാരുടെ ചുണ്ടിലൂടെ യു.കെയുടെ താരാട്ട് പാട്ടുകള്‍ മന്ത്ര മധുരമായി ഒഴുകി.
പ്രസ്ഥാനമണിഞ്ഞ് ബഹിഷ്‌കൃതനായി
യു.കെ അബൂ സഹ് ല എന്ന ഇബ്റാഹീം അഹ്‌മദ് ഹസനെ ഒരു പാട്ടുകാരന്‍ എന്ന നിലയില്‍ മാത്രമാണ് മലയാളം ചര്‍ച്ച ചെയ്തത്. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനവുമായി യു.കെയുടെ ജീവിതം എത്രത്തോളം ഇഴ ചേര്‍ന്നിരിക്കുന്നു എന്നു കൂടി വായിക്കപ്പെടേണ്ടതുണ്ട്. അതിന് അനിവാര്യമായത് യു.കെയുടെ പ്രസ്ഥാന ജീവിതമറിയുക, യു.കെയുടെ പാട്ടു ജീവിതമറിയുക, യു.കെയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതമറിയുക എന്നതു തന്നെയാണ്. യു.കെയുടെ സീമന്ത പുത്രന്‍ യു.കെ മുഹമ്മദലി രചിച്ച 'യു.കെ അബൂസഹ്്‌ലയുടെ ജീവിതയാത്ര' എന്ന ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകമാണ് യു.കെയെ അറിയാനുള്ള ഏക ഉപാധി. യു.കെയുടെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പുതുതലമുറക്ക് മനസ്സിലാക്കാനായി അദ്ദേഹം പിതാവിനെ കുറിച്ച ഓര്‍മക്കുറിപ്പുകള്‍ എഴുതിയിരുന്നു. ആ എഴുത്തുകൾ മക്കള്‍ മാത്രം അറിഞ്ഞാല്‍ പോരാ, പൊതുസമൂഹത്തെ കൂടി അറിയിക്കേണ്ടതുണ്ട് എന്ന് കുടുംബം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടതനുസരിച്ചാണ് അതൊരു പുസ്തകമായി പിറവിയെടുക്കുന്നത്. മകന്‍ പിതാവിനെ കുറിച്ച് എഴുതിയ വ്യത്യസ്തവും ആകര്‍ഷകവുമായ ആഖ്യാന ശൈലിയിലുള്ള ആ എഴുത്ത് വായിച്ചുതീരുമ്പോള്‍ പൂര്‍ണമായും നമുക്ക് മനസ്സിലാകും, അദ്ദേഹം പാട്ടുകള്‍ വെറുതെ എഴുതിയതല്ലെന്നും താന്‍ വിശ്വസിച്ച ജമാഅത്തെ ഇസ്്ലാമി എന്ന ആദര്‍ശപ്രസ്ഥാനത്തിന്റെ ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ പാട്ടുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നുവെന്നും.
ചെറൂപ്പ, ഉണിക്കൂര്‍ അഹമ്മദ് ഹാജിയുടെയും ബീവി ഫാത്തിമയുടെയും ഏറ്റവും ഇളയ മകനാണ് യു.കെ അബൂ സഹ്്ല. നാട്ടില്‍ 7-ാം ക്ലാസ്സ് മുഴുമിപ്പിക്കുന്നതിനു മുന്നെ മകനെ മതപണ്ഡിതനാക്കാനായി പിതാവ് കക്കോവിലെ പള്ളിദര്‍സില്‍ ചേര്‍ത്തു. അക്കാലത്തേ അവിടെ ഭൗതിക-ദീനീ വിദ്യാഭ്യാസം സമന്വയിപ്പിച്ചുള്ള നൂതന പാഠ്യപദ്ധതി അനുസരിച്ചായിരുന്നു പഠിപ്പ്. ജുമുഅ ഖുത്വ്്ബ പരിശീലനവും പ്രസംഗ പരിശീലനവും ഗാന രചനാ ശില്‍പശാലകളും ഉള്‍പ്പെട്ട ആ പാഠ്യപദ്ധതിയാണ് യു.കെയില്‍ ഗാന രചനാ വൈഭവത്തിന് പ്രോത്സാഹനമായത്. സുന്നി ആശയക്കാരനായ പിതാവ് മകനെ തുടർന്ന് വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിപ്പിച്ചത് നാട്ടിലെ യാഥാസ്ഥിതിക വിഭാഗത്തിന് പിടിക്കാത്തതിനാല്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നു. കെ.സി അബ്ദുല്ല മൗലവിയും കെ.മൊയ്തു മൗലവിയും പുരോഗമനാശയവുമൊക്കെ അവിടെ വെച്ചാണ് യു.കെയുടെ സഹപാഠികളാവുന്നത്. ദാറുല്‍ ഉലൂമിന്റെ വാഴക്കാട്ടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചപ്പോള്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നെങ്കിലും അദ്ദേഹത്തിന്റെ പാട്ടും പ്രസ്ഥാനപ്പിരിശവും വളരുകയാണ് ചെയ്തതെന്ന് പുസ്തകം വിശദീകരിക്കുന്നുണ്ട്.
മകന്റെ ജമാഅത്ത് ബന്ധം നാട്ടുകാരുടെ സംസാരത്തിലൂടെ അറിഞ്ഞ അഹമ്മദ് ഹാജി 'പിഴച്ചുപോയ' മകന്‍ തനിക്കും തറവാടിനും ചീത്തപ്പേര് വരുത്തുമെന്ന് ഭയന്നു. വീട്ടില്‍ വാക്കേറ്റം പതിവായി. ഇനി തന്റെ കണ്‍മുന്നില്‍ ഇങ്ങനെയൊരു മകനെ കണ്ടുപോകരുതെന്ന് പിതാവ് ശഠിച്ചു. അന്ന് ഭാര്യയെയും ഒന്നര വയസ്സായ മകളെയും കൂട്ടി, നെഞ്ചോട് ചേര്‍ത്ത പ്രസ്ഥാനത്തിനു വേണ്ടി, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തുന്ന സന്ധിയില്ലാ സമരത്തിന്റെ വിജയത്തിനു വേണ്ടി നാടും വീടും ഉപേക്ഷിച്ചുള്ള യു.കെയുടെ പലായനമാണ് ചേന്ദമംഗല്ലൂരിലും കെ.സിയിലും ചെന്നെത്തിയത്. അത് യു.കെയുടെ സ്വന്തം ജീവിതത്തെക്കാള്‍ പ്രസ്ഥാനത്തിന് ഉപകാരപ്പെട്ട വലിയ കഥ യു.കെ മുഹമ്മദലി പങ്കുവെക്കുന്നത്, യു.കെയെ ഒരു വെറും പാട്ടുകാരന്‍ എന്നതിലപ്പുറം അറിയാന്‍ കഴിയാതെപോയ പ്രസ്ഥാനവൃത്തത്തെയും പൊതുസമൂഹത്തെയും അറിയിക്കുക എന്ന ബാധ്യതകൂടി ഏറ്റെടുത്തുകൊണ്ടാണ്.
താമസം, ജോലി, കലാവൈഭവങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍... ഇതൊക്കെയും അദ്ദേഹത്തിനു ചുറ്റും ഒരുക്കപ്പെട്ടത് അന്നാട്ടുകാരാൽ തന്നെയായിരുന്നു. അതിനു പകരമായി യു.കെ അവിടത്തുകാര്‍ക്ക് അതുവരെ പരിചയമില്ലാത്ത ജീവിതം തന്നിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു. തലയില്‍ വട്ടക്കെട്ട് കെട്ടി മദ്റസയില്‍ കിതാബോതിച്ച് ഏതെങ്കിലുമൊരു വീട്ടില്‍നിന്ന് പള്ളനിറച്ച്, ബാങ്കും ഇഖാമത്തും ഇമാമത്തും കഴിഞ്ഞ് ഉറങ്ങുന്ന ഒരു രൂപമേയല്ല ഒരു മൗലവിക്ക് വേണ്ടതെന്നും കാണിച്ചു കൊടുത്തു. സ്വയം കുറ്റിയടിച്ചു പണിത വീട് മുതല്‍ അധ്യാപകന്‍, കൃഷിക്കാരന്‍, ഖത്വീബ്, കവി, കടത്തുകാരന്‍, കേട് വന്ന കുട, ടോര്‍ച്ച്, ചെരിപ്പ്, സിഗാര്‍ ലൈറ്റര്‍, ബാഗ് തുടങ്ങിയവ റിപ്പയര്‍ ചെയ്യുന്ന ജോലിക്കാരന്‍, മീന്‍പിടിത്തക്കാരന്‍, പ്രഭാഷകന്‍, പാതയോരങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നടുന്നയാള്‍ എന്നതൊക്കെ അദ്ദേഹത്തിന്റെ വിശേഷണങ്ങളാണ്.
മദ്റസാ കുട്ടികളെ അറബി ഭാഷ പഠിപ്പിക്കാന്‍ മലയാള പാഠാവലിയുടെ രൂപത്തില്‍ 'ലിസാനുല്‍ അത്വ് ഫാല്‍' എന്ന പുസ്തകത്തിന്റെ മൂന്ന് ഭാഗങ്ങള്‍ തയാറാക്കിയിരുന്നു. മതപ്രസംഗം കേള്‍ക്കാനല്ലാതെ നാട്ടുകാര്‍ ആദ്യമായി ഒരുമിച്ചുകൂടിയ മദ്റസാ വാര്‍ഷികദിനത്തില്‍ ഒരു പ്രദേശത്തിന്റെ നവോത്ഥാന സഞ്ചാരത്തിന് ആക്കം കൂട്ടിയ യു.കെയുടെ ഗാനങ്ങള്‍ ചര്‍ച്ചയായി. അദ്ദേഹത്തിന്റെ സ്ത്രീപക്ഷ ഗാനങ്ങള്‍ സ്ത്രീ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ടു. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും കഴിഞ്ഞുകൂടിയ ഒരു ഗ്രാമം പതിയെ പതിയെ നവോത്ഥാന വീഥിയിലേക്ക് ആനയിക്കപ്പെട്ടു. യു.കെയുടെ മിക്ക രചനകള്‍ക്കും സാമൂഹിക പശ്ചാത്തലം സ്വാധീനം ചെലുത്തിയിട്ടുണ്ട്. പിന്നീട് വേങ്ങേരിയിലും കുറ്റ്യാടിയിലുമൊക്കെ യു.കെ സ്വീകാര്യനായി. യു.കെയുടെ കാവ്യഭാവനയുടെ വളര്‍ച്ചയിലും വികാസത്തിലും അദ്ദേഹം ജോലി ചെയ്ത സ്ഥലങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും വലിയ സ്വാധീനമുണ്ടായിരുന്നു.
യാഥാസ്ഥിതിക വിഭാഗങ്ങളും ഉല്‍പ്പതിഷ്ണുക്കളും പല സ്ഥലങ്ങളിലും ഇസ്ലാമിക പ്രബോധനത്തിനു വേണ്ടി നാടു നീളെ പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചുകൊണ്ടിരുന്ന കാലത്ത്, വശ്യ ഗാനങ്ങളുടെ അകമ്പടിയോടെ നടന്ന യു.കെയുടെ കഥാപ്രസംഗ പരിപാടികളില്‍ പ്രഭാഷണ സദസ്സുകളെ കവച്ചുവെക്കുന്ന ജനബാഹുല്യം ഉണ്ടായിരുന്നു. കുറ്റ്യാടിയില്‍ പ്രദേശത്തെ വിദ്യാരഹിതരായ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ച് അവര്‍ക്ക് ഇസ്ലാമിക ബോധനം നല്‍കിയിരുന്നു യു.കെ. ഖുര്‍ആന്‍ ബോധനവും, പ്രസംഗ വിരസത ഒഴിവാക്കാന്‍ താന്‍ എഴുതിയ ഇമ്പമാര്‍ന്ന ഗാനശകലങ്ങളും ഇടകലര്‍ത്തിയായിരുന്നു ക്ലാസ്. പതിയെപ്പതിയെ എല്ലാവരും ക്ലാസ്സില്‍ താല്‍പര്യത്തോടെ പങ്കെടുത്ത് അറിവ് നേടി. ഒന്ന് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഇസ്ലാമിക ബോധമുള്ള ശക്തമായ ഒരു യുവ ടീമിനെ വാര്‍ത്തെടുക്കുന്നതില്‍ അദ്ദേഹം വിജയിക്കുക തന്നെ ചെയ്തു. പ്രദേശത്തെ ആതുര സേവന രംഗങ്ങളില്‍ ഈ ചുമട്ടുതൊഴിലാളികളുടെ സാന്നിധ്യം സജീവമായി. ട്രേഡ് യൂനിയനുകള്‍ നിലവില്‍ വരാത്ത അക്കാലത്ത് കുറ്റ്യാടിയിലെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ യു.കെ പലയിടങ്ങളിലും ചര്‍ച്ചാ വിഷയമായി. ചെന്നെത്തിയ ഇടങ്ങളിലെല്ലാം പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ സര്‍ഗാത്മക കൃഷിക്കാരന്‍ കൂടിയാണ് യു.കെ.
എല്ലാവർക്കും സ്വീകാര്യന്‍
ആശയപരമായി തികച്ചും വ്യത്യസ്തമായ നിലപാടുകള്‍ വെച്ചുപുലര്‍ത്തിയിരുന്നവരോടും വ്യക്തിപരമായി യു.കെ വല്ലാതെ അടുത്തുനിന്നിരുന്നു. പ്രദേശത്തെ സുന്നി- മുജാഹിദ് നേതാക്കന്‍മാരുമായി അടുത്ത വ്യക്തി ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവരെല്ലാവരും യു.കെയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ താല്‍പര്യം കാണിച്ചു. തന്റെ പ്രശസ്ത കഥാപ്രസംഗങ്ങളായ മൂസാ നബിയും ഫിര്‍ഔനും, നൂഹ് നബിയും സമുദായവും, ഹിജ്റത്തുന്നബി തുടങ്ങിയവ സുന്നി, മുജാഹിദ് സ്ഥാപനങ്ങളിലും ധാരാളമായി അരങ്ങേറിയിട്ടുണ്ട്. മറ്റു കഥാപ്രസംഗങ്ങള്‍ പോലെ സ്ത്രീ സൗന്ദര്യ വർണനയോ കെട്ടുകഥകളോ ആയിരുന്നില്ല യു.കെയുടെ കഥാവിഷ്‌കാരങ്ങള്‍. വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ ഉദ്ധരിച്ച് അതിന്റെ സര്‍ഗാത്മക വിശദീകരണമാണ് യു.കെയുടെ കഥാപ്രസംഗങ്ങളുടെ ഉള്ളടക്കം. ആര്‍ക്കും അഭിപ്രായ വ്യത്യാസത്തിന് ഇടം നല്‍കാത്ത വിധം നൂറ് ശതമാനവും ശരിയുടെ പക്ഷത്ത് നിന്നെഴുതിയതായിരുന്നു ആ കഥാപ്രസംഗങ്ങളും ഗാനങ്ങളും.
കണ്ണിയത്ത് അഹ്‌മദ് മുസ്ലിയാരുടെ ഭാര്യ മരണപ്പെട്ട സമയത്ത് അദ്ദേഹം തന്റെ ഭാര്യക്കു വേണ്ടി മയ്യിത്ത് നമസ്‌കരിക്കുന്നതിനായി യു.കെയുടെ മകള്‍ സക്കീനയെ ആളയച്ച് വരുത്തുകയായിരുന്നു. ''യു.കെയുടെ പഠിച്ച മകള്‍ ഇവിടെയുള്ള സ്ത്രീകള്‍ക്ക് ഇമാമായി നമസ്‌കാരം നിര്‍വഹിക്കട്ടെ'' എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകനായിരുന്ന യു.കെ അബൂ സഹ്്‌ലയുടെ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകയായ മകളാണ് സമസ്തയുടെ നേതാവ് കണ്ണിയത്തിന്റെ ഭാര്യയുടെ ജനാസക്ക് വേണ്ടി ഇമാമായി നമസ്കരിച്ചത്.
ചെറുവായൂര്‍ താമസക്കാലത്ത് നാട്ടുകാരായ കുറച്ചു പേരെ ജമാഅത്ത് അനുഭാവികളാക്കി മാറ്റാനും അദ്ദേഹത്തിന് സാധിച്ചു. ഇതേ സമയം ഇസ്ലാമിന്റെ സന്ദേശം ഇതര സമുദായങ്ങള്‍ക്കിടയില്‍ എത്തിക്കാനും ശ്രമമുണ്ടായി. റമദാന്‍ കാലത്ത് സ്വന്തം വീട്ടില്‍ ഇതര മതസ്ഥരായ പ്രമുഖര്‍ക്ക് ഇഫ്ത്വാര്‍ വിരുന്നൊരുക്കിയായിരുന്നു അതിന് തുടക്കം കുറിച്ചത്. നോമ്പ് തുറക്ക് ഹൈന്ദവ സഹോദരങ്ങളെ ക്ഷണിക്കുന്ന പതിവ് അക്കാലത്ത് ഇല്ലാതിരുന്നതിനാല്‍ എണ്‍പതുകളിലെ ആ ഇഫ്ത്വാര്‍ ഏറെ വിമര്‍ശിക്കപ്പെട്ടു.
ഉറച്ച നിലപാടിന്റെ ഉടമ
ഒരിക്കല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍നിന്ന് യു.കെക്ക് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് രചനയായ 'വിഹായസ്സിന്റെ വിരിമാറില്‍' (മിന്നിതിളങ്ങും...) എന്ന ഗാനം അവതരിപ്പിക്കാന്‍ ക്ഷണം ലഭിച്ചു. റെക്കോര്‍ഡിംഗ് ദിവസം യു.കെ ഗായകരുമായി നിലയത്തിലെത്തി. പ്രോഗ്രാം ഡയറക്ടരുടെ റൂമിലെത്തിയ അദ്ദേഹത്തോട് 'നിങ്ങളുടെ ഗാനത്തിലെ ഏതാനും വരികള്‍ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കുന്നവയാണ്. അവ ഒഴിവാക്കിയാല്‍ ആകാശവാണിയില്‍ നിങ്ങളുടെ രചന അവതരിപ്പിക്കാം' എന്ന് അറിയിച്ചപ്പോള്‍ 'ആ വരികളുടെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി മാത്രം എഴുതിയ പ്രസ്തുത വരികള്‍ ഒഴിവാക്കി എനിക്ക് പരിപാടി അവതരിപ്പിക്കേണ്ട' എന്ന് പറഞ്ഞ് ഇറങ്ങിപ്പോരുകയാണുണ്ടായത്.
താന്‍ ശരിയെന്ന് വിശ്വസിച്ച കാര്യങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ എപ്പോഴും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു.
37 വര്‍ഷം മുമ്പ് വിടപറഞ്ഞ യു.കെയെ നേരിൽ കാണാന്‍ കഴിയാത്തവർക്ക് അദ്ദേഹത്തിന്റെ അസ്പഷ്ടമായ മുഖചിത്രം മാത്രമേ മനസ്സിലുണ്ടായിരിക്കാനിടയുള്ളൂ. 'വിഹായസ്സിന്റെ വിരിമാറില്‍' (അബൂ സഹ്്‌ലയുടെ പാട്ടുകെട്ട്) എന്ന പേരില്‍ ജാബിര്‍ സുലൈം സമാഹരിച്ച്, ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകത്തിലെ പാട്ടുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മനസ്സില്‍ രൂപപ്പെട്ട ഒരു മുഖമാണ് യു.കെക്കുള്ളതെന്ന് ചിലര്‍ പറയുന്നു. വ്യക്തമല്ലാത്ത ചില ഫോട്ടോകളിലെ രൂപംനോക്കി ഒരു മുഖം തമന്ന സിത്താര വാഹിദിന്റെ വിരല്‍ത്തുമ്പില്‍നിന്ന് ചിത്രീകരിക്കപ്പെട്ടു എന്നത് ഈ പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ എടുത്തുപറയേണ്ടതാണ്. യു.കെയുടെ ഇഷ്ടശിഷ്യനും സഹപ്രവര്‍ത്തകനുമായ ഒ. അബ്ദുർറഹ്മാന്റെ അവതാരികയും പ്രിയ ശിഷ്യര്‍ ടി. ആരിഫലി, പി.കെ ജമാല്‍, കെ.പി കമാലുദ്ദീന്‍ എന്നിവരുടെ ഓര്‍മകളും പി.ടി കുഞ്ഞാലിയുടെ ഒരു പാട്ട് പഠനവും അനുബന്ധമായി ചേര്‍ത്തത് പുസ്തകത്തിന് വലിയ മുതൽക്കൂട്ടാണ്. l
Comments