Prabodhanm Weekly

Pages

Search

2024 മെയ് 17

3352

1445 ദുൽഖഅദ് 09

അവർ ഒരുപോലെയല്ല

എഡിറ്റർ

സയണിസ്റ്റ് ഭരണകൂടം ഗസ്സയിൽ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കയിലെയും യൂറോപ്പിലെയും യൂനിവേഴ്സിറ്റികളിൽ പടരുന്ന വിദ്യാർഥി പ്രക്ഷോഭങ്ങളെക്കുറിച്ച് പല ശ്രദ്ധേയമായ നിരീക്ഷണങ്ങളും വന്നുകഴിഞ്ഞിട്ടുണ്ട്. അമേരിക്കയിലെ കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്താൻ ആ യൂനിവേഴ്സിറ്റിയുടെ പ്രസിഡന്റ് റയട്ട് പോലീസിനെയടക്കം വിളിച്ചു വരുത്തിയതാണ് നൂറ് കണക്കിന് യൂനിവേഴ്സിറ്റികളിലേക്ക് പ്രക്ഷോഭം വ്യാപിക്കാനുള്ള പ്രധാന കാരണം.

കൊളംബിയ യൂനിവേഴ്സിറ്റിയുടെ പ്രസിഡന്റ് ആരാണെന്നല്ലേ, നിഅ്മത്ത് ശഫീഖ് എന്ന ഈജിപ്ഷ്യൻ വംശജ. തൊള്ളായിരത്തി അറുപതുകളിൽ ഈജിപ്തിൽനിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഇവരുടെ കുടുംബം. ഈജിപ്തിനോട് ചേർന്നു കിടക്കുന്ന ഗസ്സയോടും അതിലെ നിവാസികളോടും തരിമ്പും അനുഭാവം കാണിക്കാതെ, അമേരിക്കൻ - ഇസ്രയേൽ പബ്ലിക് അഫയേഴ്സ് കമ്മിറ്റി (AlPAC- ഐപക്) പോലുള്ള അമേരിക്കയിലെ ജൂത ലോബികളുടെ തിട്ടൂരങ്ങൾ അപ്പടി നടപ്പാക്കുകയായിരുന്നു നിഅ്മത്ത് ശഫീഖ്. ഇതിന്റെ മറുവശം കാണണമെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന സംഘടനകളെ നോക്കിയാൽ മതി. അതിന്റെ മുൻനിരയിൽ ജ്യൂയിഷ് വോയ്സ് ഫോർ പീസ് (ജെ.വി.പി) എന്ന സംഘടനയുണ്ട്. സയണിസ്റ്റുകളുടെ വംശഹത്യയെയും അതിക്രമങ്ങളെയും അവരോളം വീറോടെ തുറന്നുകാട്ടുന്ന മറ്റൊരു സംഘവുമില്ല.  ഇത്തരം കൂട്ടായ്മകളുടെ സജീവ സാന്നിധ്യം കൊണ്ടാണ്, 'ഏഷ്യൻ - അറബി വംശജരുടെ സെമിറ്റിക് വിരുദ്ധത'യായി ഈ പ്രക്ഷോഭങ്ങളെ ഇകഴ്ത്താനും കൊച്ചാക്കാനും പാശ്ചാത്യ ഭരണകൂടങ്ങൾക്കും മീഡിയക്കും കഴിയാതെ പോയത്. പ്രക്ഷോഭങ്ങൾക്ക് പൊതു സ്വീകാര്യത ലഭിക്കാനും മറ്റു കലാലയങ്ങൾ അത് ഏറ്റെടുക്കാനും ജെ.വി.പി ഒരു മുഖ്യ ഘടകമാണ്.

നിർഭാഗ്യവശാൽ, എല്ലാ ജനവിഭാഗങ്ങളിലും മതവിഭാഗങ്ങളിലും ഇത്തരം നല്ല മനുഷ്യരുണ്ടെന്ന കാര്യം പല പണ്ഡിതൻമാരും മത പ്രഭാഷകരും ശ്രദ്ധിക്കാറേയില്ല. ത്വൂഫാനുൽ അഖ്സ്വാ പോലുള്ള സംഭവങ്ങളുണ്ടാവുമ്പോൾ, ഒരു ജനവിഭാഗത്തെ (ജൂത സമൂഹത്തെ) ഒന്നടങ്കം അധിക്ഷേപിച്ചുകൊണ്ട് അവർ ശാപപ്രാർഥന നടത്തിക്കളയും. ഇസ്റാഈൽ സന്തതികൾ, ജൂതൻമാർ, സയണിസ്റ്റുകൾ ഇതൊക്കെ ഇവർക്ക് കേവലം പര്യായപദങ്ങളാണ്. ഇവ തമ്മിൽ എന്തെങ്കിലും വ്യത്യാസമുള്ളതായി അവരുടെ സംസാരം കേട്ടാൽ തോന്നുകയില്ല. ഇത്തരം സാമാന്യവൽക്കരണങ്ങളെ ഡോ. യൂസുഫുൽ ഖറദാവി, 'നമ്മുടെ ഇസ്ലാമിക വ്യവഹാരം ആഗോളീകരണ കാലത്ത്' (ഖിത്വാബുനൽ ഇസ്ലാമി ഫീ അസ്വ്്രിൽ ഔലമ) എന്ന തന്റെ ഗ്രന്ഥത്തിൽ ഖുർആനിക പരാമർശങ്ങൾ വെച്ചുകൊണ്ട് തന്നെ പഠനവിധേയമാക്കുന്നുണ്ട്. നേരത്തെ പറഞ്ഞതുപോലുള്ള ശാപ പ്രാർഥനകൾ വളരെ പ്രകോപനപരമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. വംശഹത്യ നടത്തുന്ന സയണിസ്റ്റുകളും ഫലസ്ത്വീനികൾക്കൊപ്പം നിൽക്കുന്ന ജൂത മതസ്ഥരും ഒരിക്കലും ഒരുപോലെയാവുകയില്ല. ആരാണോ അതിക്രമങ്ങൾ നടത്തുന്നത്, അവർ ചിലപ്പോൾ മുസ്ലിം രാഷ്ട്രങ്ങളിലെ ഭരണാധികാരികളാകാം, അവർക്കെതിരെയാണ് ശാപപ്രാർഥനകൾ ഉയരേണ്ടത്.

ജൂത - ക്രൈസ്തവ വിഭാഗങ്ങളെ 'വേദക്കാർ' എന്ന് വളരെ ആദരവോടെയാണ് ഖുർആൻ അഭിസംബോധന ചെയ്തിരിക്കുന്നത്. അവർ എല്ലാവരും ഒരുപോലെയല്ല എന്നും പറയുന്നു. "വേദവിശ്വാസികളെല്ലാം ഒരുപോലെയല്ല. സന്മാർഗത്തിൽ നിലകൊള്ളുന്ന ഒരു വിഭാഗവും അവരിലുണ്ട്" (3: 113). ഇതര മതവിഭാഗങ്ങളെക്കുറിച്ച് വരുന്ന ഖുർആനിക പരാമർശങ്ങളിൽ മിൻ അഹ് ലിൽ കിതാബ് / മിൻഹും (അവരിലുണ്ട് ഒരു വിഭാഗം), ലൈസൂ സവാഅൻ (അവർ ഒരുപോലെയല്ല) തുടങ്ങിയ പ്രയോഗങ്ങൾ ഇന്നത്തെ കാലത്ത് സവിശേഷ പഠനമർഹിക്കുന്നു. ഫാഷിസത്തിനെതിരെ ജീവൻമരണ പോരാട്ടം നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പശ്ചാത്തലത്തിലും ഈയൊരു വകതിരിവും തിരിച്ചറിവും വളരെ അനിവാര്യമാണെന്ന് പറയേണ്ടതില്ല.. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 49 അൽ ഹുജുറാത്ത് സൂക്തം 7-8
ടി.കെ ഉബൈദ്

ഹദീസ്‌

നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്