Prabodhanm Weekly

Pages

Search

2024 മെയ് 17

3352

1445 ദുൽഖഅദ് 09

ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പുതിയ വൈജ്ഞാനിക കേരളത്തെ സൃഷ്ടിക്കുമോ?

ഡോ. ഇസഡ്. എ അഷ്റഫ്

ആഗോള തലത്തിൽ തന്നെ വിദ്യാഭ്യാസം, വിശിഷ്യാ ഉന്നത വിദ്യാഭ്യാസം സമഗ്രമായ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. നാലാം വ്യാവസായിക വിപ്ലവം (Industry 4.0) എന്നറിയപ്പെടുന്ന ഡിജിറ്റൽ  സാങ്കേതിക വിദ്യ സർവ മേഖലകളിലും പുതിയൊരു ലോകം തീർക്കാൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ കടന്നുവന്ന കോവിഡ് 19 വിദ്യാഭ്യാസ രംഗത്ത് ഓൺലൈൻ സംവിധാനങ്ങളുടെ വേഗത കുറച്ചൊന്നുമല്ല വർധിപ്പിച്ചത്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച പുതിയ കാഴ്ചപ്പാടുകളും ആൽഫ ജനറേഷനിലെ കുട്ടികളുടെ സ്വഭാവ വ്യത്യാസങ്ങളും  പുതിയ രീതിശാസ്ത്രം അവലംബിക്കാൻ അക്കാദമിക സമൂഹത്തെ നിർബന്ധിതമാക്കുകയായിരുന്നു. സ്വാഭാവികമായും നമ്മുടെ രാജ്യത്തും ഈ മാറ്റങ്ങൾക്ക്, ദേശീയ തലത്തിലും പ്രാദേശിക തലത്തിലും  സർക്കാറുകൾ തുടക്കം കുറിച്ചുകഴിഞ്ഞു. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് നേരത്തെ തന്നെ മറ്റു സംസ്ഥാനങ്ങളെക്കാൾ മികവ് പുലർത്തുന്ന കേരളം ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ മാറ്റങ്ങളെ അതിവേഗം സ്വാംശീകരിക്കാനുള്ള തയാറെടുപ്പിലാണ്.

എന്തൊക്കെ മാറ്റങ്ങളാണ്  ഉന്നത വിദ്യാഭ്യാസ രംഗത്ത് വരും വർഷങ്ങളിൽ നമ്മുടെ സംസ്ഥാനത്ത് വരാൻ പോകുന്നത്? ഈ മാറ്റങ്ങൾ നമ്മുടെ സാമൂഹിക - സാമ്പത്തിക വളർച്ചയെ എങ്ങനെയാണ് സ്വാധീനിക്കാൻ പോകുന്നത്? വിദ്യാഭ്യാസത്തിന്റെ പൊതു ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാൻ ഈ മാറ്റങ്ങൾക്ക് സാധിക്കുമോ? കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വിഭവങ്ങൾ വിതരണം ചെയ്തിരിക്കുന്നത് എല്ലായിടത്തും എല്ലാ വിഭാഗങ്ങളിലും  നീതി പൂർവമല്ലാത്തതിനാൽ ഈ പരിഷ്കാരങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടവരെ വീണ്ടും അരികുവൽക്കരിക്കുമോ, അതോ മുഖ്യധാരയിൽ കൊണ്ടുവരുമോ? പരിഷ്കാരങ്ങൾക്കായി സർക്കാർ നിയോഗിച്ച കമീഷനുകളുടെ കണ്ടെത്തലുകൾ എന്തൊക്കെ? ഇതനുസരിച്ചുള്ള നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമാണോ?

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ ഇത്തരം ചോദ്യങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടത്  തീർച്ചയായും അനിവാര്യമാണ്.


ശ്യാം ബി മേനോൻ കമീഷനും വൈജ്ഞാനിക സമൂഹവും

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങൾ സമഗ്രവും സമ്പൂർണവുമായിരിക്കണം  എന്ന ഉദ്ദേശ്യത്തോടെ 2021-ൽ സർക്കാർ മൂന്ന് കമീഷനുകളെ നിയമിച്ചിരുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായ പ്രഫ. ശ്യാം ബി മേനോൻ കമീഷൻ  2022 ജൂലൈ മാസത്തിൽ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ മണ്ഡലത്തിൽ കാതലായ മാറ്റങ്ങൾക്ക് കാരണമാവുന്ന നിർദേശങ്ങൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ വളരെ പതുക്കെയാണെങ്കിലും ഉന്നത വിദ്യാഭ്യാസ കൗൺസിലും ഉന്നത വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തെ പൂർണമായും ഒരു വൈജ്ഞാനിക സമൂഹ (Knowledge Society) മായി പരിവർത്തിപ്പിക്കുക എന്നതും അതിലൂടെ ഒരു വൈജ്ഞാനിക സമ്പദ് വ്യവസ്ഥ (Knowledge Economy) കെട്ടിപ്പടുക്കുക എന്നതും വിദ്യാഭ്യാസത്തിന്റെ പ്രാഥമിക ലക്ഷ്യമായി റിപ്പോർട്ട് എടുത്തു പറയുന്നുണ്ട്. 

ഒരു സമൂഹം അറിവ് ഉൽപാദിപ്പിക്കാൻ സ്വയം പ്രാപ്തരാവുകയും അങ്ങനെ ഉൽപാദിപ്പിക്കപ്പെടുന്ന അറിവ് സമൂഹത്തിലെ എല്ലാ തട്ടുകളിലും എത്തുകയും എല്ലാവരിലേക്കും പങ്കുവെക്കപ്പെടുകയും ചെയ്യുക എന്നത് വൈജ്ഞാനിക സമൂഹത്തിന്റെ ലക്ഷണമാണ്. അങ്ങനെ രൂപപ്പെടുന്ന അറിവ് ആ സമൂഹത്തിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായകരമായി മാറേണ്ടതുമുണ്ട്. അതായത്, ഒരു വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടിപ്പിലൂടെ ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് ആ സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ സുസ്ഥിര വളർച്ചയാണ് എന്ന് സാരം.
ഒരു വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തുന്ന നാല് പ്രധാന തത്ത്വങ്ങളെ കുറിച്ച് യുനസ്കോ (UNESCO) അതിന്റെ റിപ്പോർട്ടിൽ  പറയുന്നത് ഇങ്ങനെയാണ്:

i) ഒരു വൈജ്ഞാനിക സമൂഹത്തിൽ ആവിഷ്കാര സ്വാതന്ത്ര്യം അതിന്റെ ഔന്നത്യത്തിലായിരിക്കും.
ii) സമൂഹത്തിലെ എല്ലാവർക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തും.
iii) അറിവും വിവരങ്ങളും എല്ലാവർക്കും പ്രാപ്യമായിരിക്കും.
iv) ഭാഷാപരമോ സാംസ്കാരികമോ ആയ വൈവിധ്യങ്ങളെ പരസ്പരം ആദരിക്കും.
അതായത്, അറിവ് ഉൽപാദിപ്പിക്കപ്പെടുകയും ഉപയോഗപ്പെടുത്തപ്പെടുകയും മാത്രമല്ല, അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും അങ്ങേയറ്റം സഹിഷ്ണുതയും സഹവർത്തിത്വവും പുലർത്തുന്ന, സാമ്പത്തിക പുരോഗതി കൈവരിക്കുന്ന ഉത്തമ സമൂഹമായിരിക്കും ഇത്തരത്തിലുള്ള വൈജ്ഞാനിക സമൂഹം എന്നർഥം. ഡാറ്റയും വിവര സാങ്കേതിക വിദ്യകളും എല്ലാ കാര്യങ്ങളെയും നിർവചിക്കുന്ന ഈ കാലത്ത് ലോകത്തിന്റെ നിയന്ത്രണവും അധികാരവും ഇത്തരം സമൂഹങ്ങളിൽ നിക്ഷിപ്തമാവുക സ്വാഭാവികം. സാക്ഷരത, സ്ത്രീ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റു സൂചികകൾ എന്നിവയിൽ രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് ഏറെ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ഇത്തരമൊരു വൈജ്ഞാനിക സമൂഹമായി   അതിവേഗം മുന്നേറാൻ സാധിക്കുമെന്ന് ശ്യാം ബി മേനോൻ കമ്മിറ്റി വിലയിരുത്തുന്നു.

കമീഷൻ മുന്നോട്ടുവെക്കുന്ന പ്രധാന നിർദേശങ്ങൾ

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ മാറ്റങ്ങൾ നിർദേശിക്കുന്ന വളരെ മികച്ച  റിപ്പോർട്ടാണ്  ശ്യാം ബി മേനോൻ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്, കമീഷൻ തന്നെ പ്രഥമ പരിഗണന നൽകിയ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള എൻറോൾമെന്റ് (GER - Gross Enrolment Ratio) നിലവിലുള്ള 38.8 ശതമാനത്തിൽനിന്ന് 2031-ൽ 60 ശതമാനവും 2036-ൽ 75 ശതമാനവുമായി എത്തിക്കുക എന്നതാണ്.  നിലവിൽ  GER-ന്റെ കാര്യത്തിൽ കേരളം  ആറാം സ്ഥാനത്ത് മാത്രമാണ്.  കൂടുതൽ സ്ഥാപനങ്ങളും നിലവിലുള്ള സ്ഥാപനങ്ങളിൽ കൂടുതൽ കോഴ്സുകളും അനുവദിച്ചു കൊണ്ട് മാത്രമേ GER വർധിപ്പിക്കാൻ സാധിക്കുകയുള്ളൂ.

2023-ലെ ഇക്കണോമിക് റിവ്യൂ പ്രകാരം കേരളത്തിൽ ആർട്സ് & സയൻസ് വിഭാഗത്തിൽ 164 എയ്ഡഡ് കോളേജുകളും 66 ഗവൺമെൻ്റ കോളേജുകളുമാണുള്ളത്. ഇതിൽ എയ്ഡഡ് കോളേജുകളുടെ സിംഹഭാഗവും  കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. സർക്കാർ കോളേജുകളിലാവട്ടെ കോഴ്സുകളുടെ എണ്ണം വളരെ കുറവാണ് താനും. ഉള്ളവയാകട്ടെ പാരമ്പര്യ കോഴ്സുകളും.

ഈ പ്രാദേശിക അസന്തുലിതാവസ്ഥയെ കുറിച്ച് വളരെ വിശദമായി  തന്നെ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. തിരു-കൊച്ചിയെ  അപേക്ഷിച്ച് വളരെ പ്രകടമായ  പിന്നാക്കാവസ്ഥ മലബാർ അഭിമുഖീകരിക്കുന്നുണ്ടെന്ന് റിപ്പോർട്ട് എടുത്തുപറയുന്നു (പേജ് 18). ഇത് പരിഹരിക്കാൻ വളരെ ഫോക്കസ്ഡ് ആയ ശ്രമങ്ങൾ സർക്കാരിൽനിന്ന് ഉണ്ടാകണമെന്നാണ് കമീഷൻ നിർദേശിക്കുന്നത് (പേജ് 19). എല്ലാവരെയും ഉൾക്കൊള്ളുന്ന (inclusive)  വിദ്യാഭ്യാസം സാധ്യമാവുന്നതിന് പട്ടികജാതി / പട്ടികവർഗ വിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണന വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
വിജ്ഞാന ലോകത്തേക്ക് തടസ്സങ്ങളില്ലാതെ എല്ലാവർക്കും പ്രാപ്യത (access)  ഉറപ്പുവരുത്തുക എന്നതോടൊപ്പം, വൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കാൻ അനിവാര്യമായ ഗുണമേൻമ ഉറപ്പു വരുത്താൻ നിരവധി നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. ഇതിനായി നിലവിലുള്ള ഘടനയെ സമ്പൂർണമായി ഉടച്ചുവാർക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശിക്കപ്പെട്ട നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് ഗവേഷണോന്മുഖമായി കരിക്കുലം പുനഃക്രമീകരിക്കേണ്ടതുണ്ട്.
ഗവേഷണ തലവും അധ്യാപന രംഗവും മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും പ്രവർത്തിക്കുന്ന മികച്ച സ്ഥാപനങ്ങളുമായി നമ്മുടെ കുട്ടികളെ ബന്ധപ്പെടുത്താൻ സംവിധാനമൊരുക്കണം. കൂടുതൽ ഫ്ലക്സിബ്ൾ ആയ പഠന ക്രമത്തിലൂടെ എല്ലാ തരം വിദ്യാർഥികൾക്കും ഉന്നത വിദ്യാഭ്യാസ രംഗത്ത് അവരുടേതായ ഇടം കണ്ടെത്താൻ സാധിക്കണം.

വിദ്യാർഥിയുടെ അഭിരുചിയും താൽപര്യവും പരിഗണിച്ച് കോഴ്സുകൾ തെരഞ്ഞെടുക്കാനും ആവശ്യമായ ഘട്ടത്തിൽ മറ്റൊരു കോഴ്സിലേക്ക് മാറാനും സാധിക്കണം. റഗുലർ കോഴ്സുകൾക്ക് പുറമെ ഓൺലൈൻ കോഴ്സുകൾ കൂടി മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിർദേശിച്ചതു പോലെ നിലവിലുള്ള യൂനിവേഴ്സിറ്റി അഫിലിയേഷൻ സംവിധാനം മാറ്റി കോളേജുകൾക്ക് കൂടുതൽ സ്വയംഭരണവും സ്വാതന്ത്ര്യവും നൽകണം. ഇതിനായി അടുത്തടുത്തുള്ള   കോളേജുകൾ ചേർന്നുള്ള കോൺസ്റ്റിറ്റുവന്റ് (Constituent) സംവിധാനമാണ് റിപ്പോർട്ട് നിർദേശിക്കുന്നത്.
റിപ്പോർട്ടിലുള്ള മറ്റൊരു പ്രധാന നിർദേശമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പൊതു നിക്ഷേപം വർധിപ്പിക്കുക എന്നത്. പൂർവ വിദ്യാർഥികളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസം വിപുലീകരിക്കണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

പരിഷ്കാര നിർദേശങ്ങളും സർക്കാർ നടപടികളും

ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമീഷൻ റിപ്പോർട്ട് അതേപോലെ നടപ്പാക്കുമെന്ന് സർക്കാർ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും  നടപടികൾ ഒച്ചിന്റെ വേഗതയിലാണ്. മാത്രമല്ല, ഉന്നത വിദ്യാഭ്യാസം മെച്ചപ്പെടുത്തേണ്ടതിന്റെ മുന്നോടിയായി പരിഗണിക്കേണ്ടുന്ന ഹയർ സെക്കന്ററി മേഖല  പൂർണമായും വിസ്മരിക്കപ്പെട്ടിരിക്കുന്നു. സർക്കാരിന്റെ അടിസ്ഥാന ബാധ്യതയായ എല്ലാവർക്കും സ്കൂൾവിദ്യാഭ്യാസം എന്ന ലക്ഷ്യം എത്തിപ്പിടിക്കാൻ കേരളത്തിന് ഇതുവരെ സാധിച്ചിട്ടില്ല.

കഴിഞ്ഞ വർഷവും ആയിരക്കണക്കിന് വിദ്യാർഥികൾ പ്ലസ് വൺ പ്രവേശനം ലഭിക്കാതെ ഓപ്പൺ സ്കൂളിൽ ചേരാൻ നിർബന്ധിതരായിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിന് പകരം ഈ വർഷവും ചില ജില്ലകളിൽ നിലവിലുള്ള ബാച്ചുകളിൽ 30 ശതമാനം സീറ്റ് വർധിപ്പിക്കാനാണ് കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചത് (ഇതാകട്ടെ ഖാദർ കമ്മിറ്റി റിപ്പോർട്ട് മുതൽ, പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ച കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് വരെയുള്ള എല്ലാ പഠനങ്ങൾക്കും കടക വിരുദ്ധവുമാണ്). ഇങ്ങനെ ഗുണനിലവാരമുള്ള  വിദ്യാഭ്യാസം ലഭിക്കാത്ത വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിലേക്ക് വരുന്നതിനാൽ പരിഷ്കാരങ്ങൾകൊണ്ട്  പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയില്ല.

GER വർധിപ്പിക്കാൻ സർക്കാർ / എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കേണ്ടിയിരിക്കുന്നു. വടക്കൻ ജില്ലകളിൽ ഭൂരിപക്ഷം ഗവൺമെൻ് കോളേജുകളിലും കേവലം അഞ്ചോ ആറോ ബിരുദ കോഴ്സുകൾ മാത്രമാണ് നൽകപ്പെടുന്നത്. പുതിയ കോഴ്സുകൾ അനുവദിക്കുന്നതോടൊപ്പം  ആവശ്യത്തിന് കുട്ടികളില്ലാത്ത കോഴ്സുകൾ  അപേക്ഷകർ കൂടുതലുള്ള ജില്ലകളിലേക്ക് മാറ്റുകയും ചെയ്യാവുന്നതാണ്.
ശ്യാം ബി മേനോൻ കമ്മിറ്റി ആവശ്യപ്പെട്ടതു പോലെ മലബാറിനു വേണ്ടി ഫോക്കസ്ഡ് ആയ നടപടികൾ അനിവാര്യമാണ് എന്നർഥം.

നാലുവർഷ ബിരുദം ഫലം കാണുമോ?

ഉന്നത വിദ്യാഭ്യാസ പരിഷ്കാരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ വർഷം മുതൽ നടപ്പാക്കാൻ പോകുന്ന നാലുവർഷ ബിരുദ കോഴ്സുകൾ.  ദൈർഘ്യം മൂന്ന് വർഷത്തിൽനിന്ന് ഒരു വർഷം കൂട്ടി നാലാവുന്നു എന്നതല്ല പരിഷ്കാരത്തിന്റെ ഉദ്ദേശ്യം. മറിച്ച്, ബിരുദധാരികളിൽനിന്ന് ലോകം പ്രതീക്ഷിക്കുന്ന നിലവാരം ഉണ്ടാക്കിയെടുക്കുക എന്നതാണ്. ഇതിനായി മേജർ (നിലവിൽ  കോർ  അഥവാ മെയിൻ)  കോഴ്സിന് പുറമെ മൈനർ കോഴ്സുകളും ഫൗണ്ടേഷൻ കോഴ്സുകളായ എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സ്, സ്കിൽ എൻഹാൻസ്മെന്റ്, വാല്യു അഡിഷൻ, മൾട്ടി ഡിസിപ്ലിനറി കോഴ്സ് എന്നിവ കൂടി പൂർത്തിയാക്കിയെങ്കിൽ മാത്രമേ ബിരുദം ലഭിക്കുകയുള്ളൂ. കുട്ടികളെ  തൊഴിൽ നേടാൻ കൂടുതൽ പ്രാപ്തരാക്കുന്നതിനും ഗവേഷണ രംഗത്തേക്ക് ആകർഷിക്കുന്നതിനും ഇത് അനിവാര്യമാണ്.

പുതിയ അധ്യയന വർഷം പടി വാതിൽക്കൽ എത്തിയെങ്കിലും ഇതുമായി ബന്ധപ്പെട്ട നടപടികൾ സർവകലാശാലകൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. കരിക്കുലവും സിലബസും പാതി വഴിയിലാണ്. മാത്രമല്ല, അധ്യാപകരുടെ വർക്ക് ലോഡിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കാതെയാണ്  കരിക്കുലം തയാറാക്കുന്നത് എന്നതിനാൽ പരിഷ്കാരങ്ങൾ കൊണ്ട് ഉദ്ദേശിച്ച ഫലം ലഭിക്കാതെ പോകും.
ചുരുക്കിപ്പറഞ്ഞാൽ, വലിയ പ്രതീക്ഷയോടെ നിർദേശിക്കപ്പെട്ട  മാറ്റങ്ങൾ, ആവശ്യമായ ഗൃഹപാഠം ഇല്ലാത്തതിനാലും മുന്നൊരുക്കങ്ങൾ നടത്താത്തതിനാലും വിദ്യാർഥികൾക്ക് ഏറെ വെല്ലുവിളികൾ സുഷ്ടിക്കുന്നു. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 49 അൽ ഹുജുറാത്ത് സൂക്തം 7-8
ടി.കെ ഉബൈദ്

ഹദീസ്‌

നരക-സ്വർഗങ്ങളുടെ അതിർവരമ്പുകൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്