ഹസ്സന്‍ ബാവ തലശ്ശേരി
ഒരു പുരുഷായുസ്സ് ഇസ്്ലാമിക പ്രസ്ഥാനത്തിന് സമര്‍പ്പിച്ച് എണ്‍പതാം വയസ്സില്‍ അല്ലാഹുവിലേക്ക് യാത്ര തിരിച്ച തലശ്ശേരിയിലെ ഹസ്സന്‍ ബാവ രണ്ട് തലമുറകളോടൊപ്പം കർമരംഗത്ത് സജീവമായിരുന്നു.
ജനനം മലപ്പുറം ജില്ലയിലെ താനൂരിലാണെങ്കിലും ആയുഷ്‌കാലമധികവും തലശ്ശേരിയിലായിരുന്നു. മെയിന്‍ റോഡിലെ ജമാഅത്തെ ഇസ്്ലാമി ഓഫീസിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാൻ ഒരു പ്രധാന നിമിത്തമായത് ഹസ്സന്‍ ബാവ ഉണ്ടാക്കിയെടുത്ത ഹൃദയബന്ധങ്ങളാണ്.
സ്വയം ഒരു പ്രസ്ഥാനമായി മാറിയ ഹസ്സന്‍ ബാവ എപ്പോഴും ഇസ്ലാമിക സാഹിത്യങ്ങളും ആനുകാലികങ്ങളും തന്റെ ബാഗില്‍ കരുതും. ബന്ധപ്പെടുന്നവരോടെല്ലാം ഗുണകാംക്ഷയോടെ പെരുമാറും. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ജീവിക്കുന്ന മാതൃകാ വ്യക്തിത്വമാകാനുമുള്ള സൗഭാഗ്യം ഹസ്സന്‍ ബാവക്ക് കൈവന്നിരുന്നു.
എപ്പോഴും ചെറുചിരിയുമായി തലശ്ശേരി നഗരത്തില്‍ എവിടെയെങ്കിലും ഹസ്സന്‍ ബാവയുണ്ടാകും. നഗരത്തിലെ വ്യാപാരികള്‍ക്കിടയില്‍ കുറി നടത്തിയിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ആ സാമ്പത്തിക ഇടപാട് ആര്‍ക്കും ഒരു പരാതിയുമില്ലാതെ സത്യസന്ധമായി നടത്തിക്കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചു.
നിശ്ശബ്ദ പ്രബോധകനായിരുന്ന ഹസ്സന്‍ ബാവയിലൂടെ ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക്, അതിന് വലിയ മുതല്‍ക്കൂട്ടായി മാറിയവരടക്കം, നിരവധി പേര്‍ കടന്നുവന്നു. തലശ്ശേരിയിലെ ആദ്യകാല പ്രവര്‍ത്തകരോടൊപ്പം കർമനിരതനായ ഹസ്സന്‍ ബാവയുടെ സഹപ്രവര്‍ത്തകരിൽ ഭൂരിഭാഗം പേരും അല്ലാഹുവിലേക്ക് യാത്രയായിക്കഴിഞ്ഞിരുന്നു. ജീവകാരുണ്യ മേഖലയിലും അദ്ദേഹം സജീവ സാന്നിധ്യമായി. സഹപ്രവര്‍ത്തകർ പ്രയാസങ്ങളിലകപ്പെടുമ്പോൾ കഴിവിൻ പടി സഹായിക്കാനും സാന്ത്വനിപ്പിക്കാനും ഹസ്സന്‍ ബാവയെന്ന നന്മയുടെ തണല്‍ മരമുണ്ടാവും.
ഭാര്യ കോമത്ത് കുഞ്ഞാമി. തലശ്ശേരിയിലെ പ്രസ്ഥാന നേതൃരംഗത്തുള്ള സാജിദ് കോമത്ത്, യു.പി നൗഷാദ്, ശുഐബ് (അജ്മാന്‍), സറീന, സുമയ്യ എന്നിവര്‍ മക്കളാണ്.
സി. അബ്ദുൽ ബഷീർ
കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി സി. അബ്ദുൽ ബഷീർ അല്ലാഹുവിലേക്ക് യാത്രയായി. വലിയൊരു ആക്സിഡൻറിന് ശേഷം ഏഴുമാസം അബോധാവസ്ഥയിൽ കിടന്ന ശേഷമായിരുന്നു അന്ത്യയാത്ര. ഊരകം ഹൈസ്കൂളിൽ അധ്യാപകനായിരുന്ന ബഷീർ മാസ്റ്റർ നാട്ടിലെ സാമൂഹിക സേവന രംഗങ്ങളിൽ സജീവമായിരുന്നു. ജമാഅത്തെ ഇസ്ലാമി കീരംകുണ്ട് ഹൽഖയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം ഹൽഖാ സെക്രട്ടറി, മസ്ജിദുർ റഹ്മ സെക്രട്ടറി, തർബിയത്തുൽ ഇസ്ലാം മദ്റസാ സെക്രട്ടറി, കൂട്ടിലങ്ങാടി മസ്ജിദുൽ ഹുദാ എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങൾ വഹിച്ചു.
നിശ്ശബ്ദനായി, ബഹളങ്ങളില്ലാതെ ധാരാളം സുകൃതങ്ങൾ ചെയ്തുതീർത്ത വ്യക്തിയായിരുന്നു ബഷീർ മാസ്റ്റർ. അധ്യാപകരും വിദ്യാർഥികളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്ന കാര്യം, എല്ലാ മേഖലകളിലും നന്മയുടെ ഒരു പ്രതീകമായി ജീവിച്ചിരുന്ന ആളായിരുന്നു ബഷീർ മാഷ് എന്നതാണ്. കുടുംബ ബന്ധം ചേർക്കുന്നിടത്ത്
ഒരു പിശുക്കും കാണിച്ചില്ല; കുടുംബത്തിൽ എല്ലായിടത്തും നിത്യ സന്ദർശകനായിരുന്നു.
സാമ്പത്തിക വ്യവഹാരങ്ങളിലുമുണ്ടായിരുന്നു ചില പ്രത്യേകതകൾ. കുറേയാളുകൾ അദ്ദേഹത്തിന് പണം കൊടുക്കാനുണ്ടായിരുന്നു. തനിക്ക് ഒരത്യാവശ്യം വരുമ്പോഴും തനിക്ക് തരാനുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് വിചാരിച്ച് അവരോടൊന്നും തിരിച്ചു ചോദിക്കാൻ മെനക്കെടാതെ തന്റെ അത്യാവശ്യങ്ങൾക്ക് പോലും മറ്റു വഴികൾ തേടുന്നതായിരുന്നു ശീലം.
എപ്പോഴും, താൻ കാരണം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകരുത് എന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു.
മദ്റസ, പള്ളി, മറ്റു സാമൂഹിക വ്യവഹാരങ്ങൾ എന്നിവയിൽ സാമ്പത്തികമായി പലവിധത്തിലുള്ള പദവികളും കൈകാര്യം ചെയ്തിരുന്നു. ആക്സിഡന്റ് സംഭവിക്കുന്നത് വരെയും പള്ളിയുടെയും മദ്റസയുടെയും ഖജാൻജിയായിരുന്നു. എല്ലാ പണമിടപാടുകളും കണിശമായും എഴുതിവെക്കാറുണ്ടായിരുന്നു. ആക്സിഡന്റിനു ശേഷം കണക്കുകളും മറ്റും പരിശോധിച്ചപ്പോൾ ചെറിയ ചെറിയ കണക്കുകൾ പോലും എഴുതിവെച്ചതായി കണ്ടു. മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടാകാത്ത രൂപത്തിലായിരുന്നു എല്ലാം; പടച്ചവന്റെ അടുത്തേക്ക് പോകുമ്പോൾ ഒരു ബാധ്യതയും ഉണ്ടാകരുതെന്ന്
അദ്ദേഹം ആഗ്രഹിച്ചിരുന്നതു പോലെ. ഓരോന്നിന്റെയും ബാക്കി പൈസകളൊക്കെയും വേറെ വേറെ കെട്ടാക്കി സൂക്ഷിച്ചുവെച്ചിട്ടുണ്ടായിരുന്നു.
ഏഴു മാസത്തിലധികം അദ്ദേഹം സഹിച്ച വേദനകളും മറ്റും അദ്ദേഹത്തിന്റെ പാകപ്പിഴവുകളും വീഴ്ചകളും പൊറുത്തുകൊടുക്കാനുള്ള നിമിത്തമായി അല്ലാഹു സ്വീകരിക്കുമാറാകട്ടെ.
പിതാവ് മർഹൂം സി. മോയിൻ ഹാജി. മാതാവ്: മല്ലികതൊടി ആഇശ. ഭാര്യ: റസിയ ടീച്ചർ. മക്കൾ: ഹുസ്ന, ഹനീന, അർഷദ്.
അബ്ദുൽ വഹാബ് കൂട്ടിലങ്ങാടി
Comments