Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

ഇന്ത്യയെ വീണ്ടെടുക്കാൻ

പി.കെ നിയാസ്

''അയാള്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നു, എല്ലാവരും കൈയടിക്കുന്നുണ്ട്. അവര്‍ക്കറിയാം അയാള്‍ നുണ പറയുകയാണെന്ന്. അയാള്‍ക്കും അതറിയാം. എന്നിട്ടും അയാള്‍ നുണകള്‍ പറഞ്ഞുകൊണ്ടേയിരുന്നു. എല്ലാവരും കൈയടിക്കുന്നത് അയാളെ ഏറെ സന്തോഷിപ്പിക്കുന്നു...''
കമ്യൂണിസ്റ്റ് സ്വേഛാധിപതി ജോസഫ് സ്റ്റാലിനെക്കുറിച്ച് റഷ്യന്‍ വനിത നിന പോബ്ലസോവ എഴുതിയ വരികള്‍ ഉദ്ധരിച്ച്, ഇന്ത്യയും ഇതേ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടത് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ പറക്കാല പ്രഭാകറാണ്. നരേന്ദ്ര മോദി ലക്ഷണമൊത്ത ഏകാധിപതിയാണെന്നും അദ്ദേഹം അധികാരത്തില്‍ തുടരുന്നത് ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരു ദുരന്തമായിരിക്കുമെന്നും പ്രഭാകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

പറക്കാല പ്രഭാകര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ്. നരേന്ദ്ര മോദിയുടെ ഭരണം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്ന, രാജ്യം രക്ഷപ്പെടണമെങ്കില്‍ സംഘ് പരിവാറിനെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്ന് അനുഭവങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ രാജ്യവാസികളെ ഓര്‍മിപ്പിക്കുന്നയാള്‍. മോദിയുടെ ഏറ്റവുമടുത്ത അനുയായികളില്‍ ഒരാളും കേന്ദ്ര ധനമന്ത്രിയുമായ നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല പ്രഭാകറുടെ നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. ബുദ്ധിജീവി, സാമ്പത്തിക വിദഗ്ധന്‍, ഡാറ്റ അനലിസ്റ്റ്, സ്വതന്ത്ര ചിന്തകന്‍ എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റു സർവകലാശാലയിലും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലുമായിരുന്നു പഠനം. 2014 മുതല്‍ 2018 വരെ ക്യാബിനറ്റ് പദവിയില്‍ ആന്ധ്രപ്രദേശ് സര്‍ക്കാറിന്റെ വാര്‍ത്താ വിനിമയ ഉപദേശകനായി പ്രവര്‍ത്തിച്ചു. സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ രാജ്യത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന കോളമിസ്റ്റുകളിലൊരാളാണ്. ഇന്ത്യയുടെ രാഷ്ട്രീയം, സാമ്പത്തിക രംഗം, സാമൂഹികാവസ്ഥകള്‍ എന്നിവയെക്കുറിച്ച് നിരീക്ഷണം പങ്കുവെക്കുന്ന മിഡ് വീക്ക് മാറ്റേഴ്‌സ് എന്ന പ്രഭാകറിന്റെ യൂ ട്യൂബ് ചാനലും ജനകീയമാണ്.

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിക്കുകയും ആ പാര്‍ട്ടിയുടെ ഭാഗമാവുകയും ചെയ്തയാള്‍ ബി.ജെ.പിയുടെ സഹയാത്രികനായി ഇടയ്ക്കാലത്ത് പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തില്‍ പ്രഭാകര്‍ വിശദീകരിക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹ റാവുവിന്റെ അടുത്ത അനുയായി ആയിരുന്നു പ്രഭാകര്‍. റാവുവുമായി ഹൈക്കമാന്റ് ഇടഞ്ഞതോടെ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിടേണ്ടി വന്നു. മറ്റേതെങ്കിലും പ്രാദേശിക പാര്‍ട്ടിയില്‍ ചേരാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് ബി.ജെ.പിയായിരുന്നു രാജ്യത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടി. വാജ്‌പേയിക്ക് കീഴില്‍ നെഹ്‌റുവിയന്‍ സോഷ്യലിസമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന പ്രചാരണത്തില്‍ വീണു. ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് പ്രഭാകര്‍ സമ്മതിക്കുന്നു. പാര്‍ട്ടി വക്താവായി ആന്ധ്രയില്‍ കുറഞ്ഞ കാലം പ്രവര്‍ത്തിച്ചു. ബി.ജെ.പിയുടെ തനിനിറം മനസ്സിലായപ്പോള്‍ തന്നെ ആ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നിരുന്നു. അതിനുശേഷം തെലുങ്കു സിനിമാ നടന്‍ ചിരഞ്ജീവിയുമായി ചേര്‍ന്ന് രൂപം കൊടുത്ത പ്രജാരാജ്യം എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലുണ്ടാക്കാനുള്ള ശ്രമം നടക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ അതും ഉപേക്ഷിച്ചു. പ്രജാ പാര്‍ട്ടി പിന്നീട് കോണ്‍ഗ്രസില്‍ ലയിക്കുകയായിരുന്നു. കുറച്ചു കാലം തെലുഗുദേശം പാര്‍ട്ടിയിലും അംഗമായിരുന്നു. ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല.

ഏപ്രില്‍ 19 മുതല്‍ ജൂണ്‍ ഒന്നു വരെ നീണ്ടുനില്‍ക്കുന്ന ഇലക് ഷന്‍ പ്രക്രിയ ഇന്ത്യയെ സംബന്ധിച്ചേടത്തോളം നിര്‍ണായകമാണ് എന്നതില്‍ ഭിന്നാഭിപ്രായമില്ല. മൂന്നാം വട്ടവും നരേന്ദ്ര മോദി അധികാരത്തിലെത്തുന്നതോടെ ഇന്ത്യ ഇല്ലാതാകുമെന്ന മുന്നറിയിപ്പാണ് സംഘ് പരിവാര്‍ അനുകൂലികളല്ലാത്ത മുഴുവനാളുകളും നല്‍കുന്നത്. എന്നാല്‍, ഇത്തവണ ഇന്ത്യക്കാര്‍ മാറിച്ചിന്തിക്കുമെന്ന ശുഭാപ്തിയുമായി രംഗത്തുള്ളത് ഡോ. പറക്കാല പ്രഭാകറാണ്. നിരവധി വാര്‍ത്താ മാധ്യമങ്ങളുമായുള്ള സംഭാഷണങ്ങളില്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

ദി വയറില്‍ കരണ്‍ ഥാപ്പറുമായും സൗത്ത് ഫസ്റ്റുമായും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ശര്‍മ എന്നിവരുമായും നടത്തിയ അഭിമുഖങ്ങളില്‍ പ്രഭാകര്‍ ഊന്നിപ്പറഞ്ഞത്, ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 230-ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കില്ലെന്നാണ്. സ്വന്തം നിലയില്‍ 370 സീറ്റുകളും എന്‍.ഡി.എ മുന്നണിക്ക് 400 സീറ്റുകളും ലഭിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപനം നടത്തുമ്പോഴാണ് തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രഭാകറുടെ പ്രവചനം. വടക്കേ ഇന്ത്യയില്‍ ബി.ജെ.പിക്ക് 50 മുതല്‍ 60 വരെ സീറ്റുകളും തെക്കേ ഇന്ത്യയില്‍ പത്തു മുതല്‍ 12 വരെ സീറ്റുകളും നഷ്ടപ്പെടും. ഇലക്ടറല്‍ ബോണ്ട് സ്‌കീം മോദിയുടെ നേതൃത്വത്തില്‍ നടന്ന വമ്പന്‍ അഴിമതിയാണെന്നും തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലല്ല, ഭരണ കക്ഷിയും ജനങ്ങളും തമ്മിലായിരിക്കും ഇത്തവണ മല്‍സരം. ബി.ജെ.പി 230 സീറ്റുകളില്‍ തളയ്ക്കപ്പെട്ടാല്‍ മോദിക്ക് പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരുമെന്നും പ്രഭാകര്‍ നിരീക്ഷിക്കുന്നു. 
മോദി ഭരണത്തില്‍ സാമ്പത്തിക മേഖല 20 മുതല്‍ 25 വര്‍ഷം പിറകോട്ട് പോയി. ഭരണ സംവിധാനം സ്വാതന്ത്ര്യത്തിനു മുമ്പുള്ള അവസ്ഥയിലായി. സാമൂഹിക മേഖലയില്‍ നമ്മുടെ മതേതര മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും കടപുഴകിയെറിഞ്ഞ് രാജ്യത്തെ 1800-കളിലേക്കാണ് കൊണ്ടുപോയതെന്ന് അദ്ദേഹം തുറന്നടിക്കുന്നു.

പറക്കാല പ്രഭാകര്‍ ശ്രദ്ധേയനായത്  The Crooked Timber Of New India: Essays on a Republic in Crisis എന്ന 2023-ല്‍ പുറത്തിറങ്ങിയ പുസ്തകത്തോടെയാണ്. ഗോദി മീഡിയയും ബി.ജെ.പിയുടെ ഡിജിറ്റല്‍ ആര്‍മിയും മോദിയുടെയും ഭരണകൂടത്തിന്റെയും അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ സത്യം അതല്ലെന്ന് രാജ്യത്തോട് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചയാളാണ് പ്രഭാകര്‍. 2020-നും 2023-നുമിടയില്‍ എഴുതിയ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരാണ് ഈ പുസ്തകം.

പുസ്തകം വായിച്ച സുഹൃത്ത് പ്രഭാകറോട് പറഞ്ഞത് രണ്ട് സാധ്യതകളാണ്: ഒന്നുകില്‍ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഗവണ്‍മെന്റ് ഗൗരവമായി എടുക്കും. അല്ലെങ്കില്‍ ജയിലിലടക്കും! ജയില്‍ പ്രഭാകറിന് പുത്തരിയല്ല. ജെ.എന്‍.യു പഠനകാലത്ത് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തതിന് തിഹാര്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ആര്‍.എസ്.എസുകാര്‍ ബ്രിട്ടീഷുകാരെ പിന്തുണച്ച കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തതിന് അദ്ദേഹത്തിന്റെ പിതാവ് അറസ്റ്റിലായിട്ടുണ്ട്.

കാപട്യം നിറഞ്ഞ രാഷ്ട്രീയ നേതാവാണ് മോദിയെന്ന് പ്രഭാകര്‍ ചൂണ്ടിക്കാട്ടുന്നു. അധികാരമേറ്റ ശേഷമുള്ള പ്രഥമ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ മോദി പറഞ്ഞത് 'താന്‍ പ്രധാനമന്ത്രിയല്ല, പ്രധാന സേവകന്‍' ആണെന്നായിരുന്നു. 'പ്രധാന സേവകനി' ല്‍നിന്ന് ഒമ്പതു വര്‍ഷത്തിനകം 'വിശ്വഗുരു'വിലേക്കുള്ള സ്ഥാനക്കയറ്റത്തിനു പിന്നിലെ കബളിപ്പിക്കലിനെക്കുറിച്ച് ജനങ്ങള്‍ മനസ്സിലാക്കണം. വികസനം, അഴിമതിക്കെതിരായ പോരാട്ടം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, കള്ളപ്പണം തിരികെ കൊണ്ടുവരല്‍ തുടങ്ങിയവയായിരുന്നു 2014-ല്‍ മോദിയുടെ മുദ്രാവാക്യം. പോരാട്ടം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലല്ലെന്നാണ് നൂറു കണക്കിന് പ്രചാരണ യോഗങ്ങളില്‍ മോദി പ്രസംഗിച്ചത്. എന്നാല്‍, യാഥാര്‍ഥ്യം മറിച്ചായിരുന്നു. 2016-ല്‍ ടീം ഇന്ത്യയെപ്പറ്റിയാണ് മോദി സംസാരിച്ചുകൊണ്ടിരുന്നത്. മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകള്‍ എടുത്തുപറയുകയും താന്‍ പ്രധാന സേവകനായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ടീം ഇന്ത്യയെന്നാല്‍ മോദിയാണെന്ന് ബോധ്യപ്പെടാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. ഇത് ബി.ജെ.പിയുടെ തന്ത്രമാണ്.

ജനങ്ങളെ കൈയിലെടുക്കുന്ന പ്രഖ്യാപനങ്ങളുമായി വരികയും അവരുടെ അംഗീകാരം കിട്ടിയെന്നു കണ്ടാല്‍ തങ്ങളുടെ പദ്ധതി പ്രാവര്‍ത്തികമാക്കുകയും ചെയ്യുക. പ്രഥമ പ്രധാനമന്ത്രി നെഹ്‌റുവിനെ ഇകഴ്ത്തിക്കാട്ടാനാണ് മോദി പിന്നീടങ്ങോട്ട് ശ്രമിച്ചത്. കിട്ടാവുന്ന വേദികളിലൊക്കെ അത് തുടര്‍ന്നു. നെഹ്‌റു ചെയ്തതൊക്കെ ഇന്ത്യാ വിരുദ്ധമാണെന്ന രീതിയില്‍ പ്രചാരണം നടത്തി. 2014-നു ശേഷമാണ് ഇന്ത്യ സ്വതന്ത്രമായതെന്ന് അനുയായികളെക്കൊണ്ട് പറയിപ്പിക്കുന്ന അവസ്ഥയോളം അതെത്തി.
ഹിന്ദുത്വ ശക്തികള്‍ക്ക് വളരാന്‍ പറ്റിയ അന്തരീക്ഷമായിരുന്നു വിഭജന വേളയിലും ശേഷവും ഉണ്ടായിരുന്നത്. വര്‍ഗീയത കത്തിനില്‍ക്കുന്ന സാഹചര്യവും ഗോള്‍വാള്‍ക്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, ബല്‍രാജ് മധോക്ക് തുടങ്ങിയ നേതാക്കളും ഉണ്ടായിട്ടും അക്കാലത്ത് ഹിന്ദുത്വക്ക് വേരുപിടിക്കാന്‍ കഴിയാതെ പോയതിനു കാരണം നെഹ്‌റുവിനെയും അംബേദ്കറിനെയും പോലെയുള്ള നേതാക്കളുടെ സാന്നിധ്യമായിരുന്നു. അത്തരം നേതാക്കളുടെ അഭാവവും മതേതര പാര്‍ട്ടികളുടെ നിലപാടില്ലായ്മയുമാണ് എണ്‍പതുകള്‍ക്ക് ശേഷം ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചക്ക് ഇടയാക്കിയതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. മതേതര പാര്‍ട്ടികള്‍ പ്രത്യയശാസ്ത്ര പോരാട്ടങ്ങളില്‍നിന്ന് പിന്മാറി.

കോണ്‍ഗ്രസും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാ ദളും ഒഴികെയുള്ള പാര്‍ട്ടികൾക്കൊക്കെ ഏതെങ്കിലും നിലയില്‍ ബി.ജെ.പിയുമായി ബാന്ധവം ഉണ്ടായിട്ടുണ്ടെന്ന് പ്രഭാകർ ചൂണ്ടിക്കാട്ടുന്നു.
തങ്ങളും മതേതര പാര്‍ട്ടിയാണെന്ന് പറഞ്ഞാണ് ബി.ജെ.പി രംഗത്തുവന്നിരുന്നത്. ഞങ്ങളും സെക്യുലര്‍ എന്നല്ല, ഞങ്ങളാണ് യഥാര്‍ഥ സെക്യുലരിസ്റ്റുകളെന്നും മറ്റുള്ളവർ വ്യാജ മതേതരന്മാർ (pseudo secularist) ആണെന്നും പറയാൻ അവർ മടിച്ചില്ല. ഇന്ന് ഹിന്ദുത്വ ദേശീയതയെക്കുറിച്ച് മാത്രമേ ബി.ജെ.പി സംസാരിക്കുന്നുള്ളൂ. ഇന്ത്യ സെക്യുലര്‍ രാജ്യമല്ലെന്നും 1976-ല്‍ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാ ഗാന്ധി മതേതരത്വവും സോഷ്യലിസവും കൂട്ടിച്ചേര്‍ത്തതാണെന്നും അതു മാറ്റി പഴയ ഇന്ത്യയിലേക്ക് തിരിച്ചുപോകുമെന്നുമാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2024-ലെ തെരഞ്ഞെടുപ്പില്‍ മൂന്നാം വട്ടം അധികാരം കിട്ടിയാല്‍ ഭരണഘടന മാറ്റിയെഴുതുമെന്നും സംഘ് പരിവാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 'എല്ലാവര്‍ക്കും തുല്യ നീതി, ആരോടും പ്രീണനമില്ല' എന്നു പ്രഖ്യാപിച്ചവര്‍ ഹിന്ദുത്വ അജണ്ട പച്ചയായി നടപ്പാക്കുന്നു.

ഞാനും ഹിന്ദുവാണ്, പക്ഷേ അവരെപ്പോലെയല്ല എന്നാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പറയുന്നത്. സംഘ് പരിവാര്‍ പതിറ്റാണ്ടുകളായി നടത്തിവന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഈ മാറ്റം. 1989-ല്‍ രാജീവ് ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കാമ്പയിന്‍ അയോധ്യയില്‍നിന്ന് ആരംഭിക്കേണ്ടി വന്നത് ഇക്കാരണം കൊണ്ടാണ്. ഹരിദ്വാറിലോ മറ്റെവിടെയെങ്കിലുമോ നടക്കുന്ന ധര്‍മ സൻസദ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ സാമ്പത്തിക ബഹിഷ്‌കരണമോ വംശഹത്യാ ഭീഷണിയോ പ്രഖ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നാല്‍, പ്രധാനമന്ത്രിയോ മന്ത്രിമാരോ അതിനെതിരെ ഒരക്ഷരം ഉരിയാടുന്നില്ല. ആള്‍ക്കൂട്ടക്കൊലകള്‍, മണിപ്പൂര്‍ കലാപം, ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടങ്ങിയ ഗൗരവ വിഷയങ്ങളില്‍ ഇത് രാജ്യം കണ്ടതാണ്. എല്ലാ തിന്മകളെയും നോര്‍മലൈസ് ചെയ്തിരിക്കുകയാണ് മോദി ഭരണകൂടം. വര്‍ഗീയ കലാപങ്ങള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, വിലക്കയറ്റം, തൊഴിലില്ലായ്മ, പൊതു കടം തുടങ്ങിയവയെല്ലാം നോര്‍മലൈസ് ചെയ്യപ്പെട്ടിരിക്കുന്നു.

മൂന്ന് സിലിണ്ടറുകളും അഞ്ചു കിലോ ഗോതമ്പ്, അല്ലെങ്കില്‍ അരിയും നല്‍കി പാവപ്പെട്ടവനെ സന്തോഷിപ്പിക്കും. മൂന്ന് സിലിണ്ടറുകള്‍ പാവപ്പെട്ടവന് നല്‍കുമ്പോള്‍ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളിലൊരാള്‍ക്ക് മൂന്ന് എയര്‍പോര്‍ട്ടുകളും മറ്റെയാള്‍ക്ക് അഞ്ച് പോര്‍ട്ടുകളും നല്‍കുന്നതാണ് ഈ പദ്ധതിയെന്നത് പൗരന്മാര്‍ തിരിച്ചറിയുന്നില്ല. ജനസംഖ്യയില്‍ 84 ശതമാനത്തിനും വാങ്ങല്‍ ശേഷിക്ക് തുല്യമായ വരുമാനമില്ല. രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണമാണ് മോദി ഭരണത്തില്‍ 125-ല്‍നിന്ന് 145-ലേക്ക് വളര്‍ന്നത്. ഇന്ത്യാ മഹാരാജ്യം 145 കോടീശ്വരന്മാരുടെ നാടായി വളര്‍ന്നതില്‍ അഭിമാനം തോന്നുന്നില്ലേ എന്നാണ് ഭരണകൂടം ചോദിക്കുന്നത്. എണ്‍പത്തിനാലു ശതമാനത്തിന്റെ വരുമാനം പിന്നെയും ഊറ്റിക്കുടിച്ചാണ് പുതിയ കോടീശ്വരന്മാര്‍ പിറവിയെടുത്തത് എന്നതില്‍ ഗവണ്‍മെന്റിന് ഒരു പ്രശ്‌നവുമില്ല. സമ്പദ്ഘടനയുടെ അവസ്ഥ സാധാരണക്കാരനുമായി പങ്കുവെക്കേണ്ടതില്ലെന്ന നിലപാടാണവര്‍ക്ക്. 'ഞാന്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയും മന്ദിര്‍ നിര്‍മിച്ചും അവരെ പാഠം പഠിപ്പിച്ചു, ഇനിയും പഠിപ്പിക്കും' എന്ന മനോനില വെച്ചുപുലര്‍ത്തുന്ന ഭരണാധികാരികളെക്കുറിച്ച് എന്തു പറയാന്‍!

കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ നമ്മുടെ കടം 100 ലക്ഷം കോടി രൂപയാണ്. യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ 23 ശതമാനമായി ഉയര്‍ന്നു. ഇക്കാര്യത്തില്‍ ലബനാനും സുഡാനുമൊപ്പമാണ് നമ്മുടെ സ്ഥാനം. 2021-ല്‍ മാത്രം ഏഴരക്കോടി ജനങ്ങള്‍ ഇന്ത്യയില്‍ ദാരിദ്ര്യ രേഖക്ക് കീഴിലേക്ക് ചേർക്കപ്പെട്ടു. അതിന് കോവിഡിനെയാണ് പഴിചാരുന്നത്. ഇതിലും മാരകമായ കോവിഡ് ആക്രമണമുണ്ടായ രാജ്യമാണ് ചൈന. അവിടെ ലോക്ഡൗണും കര്‍ശനമായിരുന്നു. എന്നിട്ടും ഒരു കോടിയോളം ജനങ്ങള്‍ മാത്രമാണ് ദാരിദ്ര്യ രേഖക്ക് താഴെ എത്തിയത്. മോദി അധികാരത്തിലേറിയ 2014-നു ശേഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രതിസന്ധികള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ നമുക്കൊരു ജനാധിപത്യവും പാര്‍ലമെന്റുമില്ലേ, പ്രസിഡന്റും സംസ്ഥാന സര്‍ക്കാറുകളും ഇല്ലേ എന്നാണ് ചോദ്യം. പട്ടാള അട്ടിമറി കാരണമാണ് ജനാധിപത്യം തകരുകയെന്ന ക്ലീഷെകളെ മാറ്റിപ്പിടിക്കാന്‍ സമയമായി. അതിന്റെ വ്യക്തമായ സൂചനയാണ് മോദിയുടെ ഇന്ത്യ നല്‍കുന്നത്. നമ്മുടെ ജനാധിപത്യം മരണവക്കിലാണ്. സെക്യുലറിസം അവസാനിക്കുന്നു. പാര്‍ലമെന്റ് ഉണ്ടായിട്ടെന്ത്? പത്തു മിനിറ്റുകൊണ്ട് കര്‍ഷക നിയമങ്ങള്‍ പാസ്സാക്കിയെടുക്കുന്നതാണോ ജനാധിപത്യം? പഞ്ചാബ് ഇലക് ഷനു മുമ്പ് അവ പിന്‍വലിക്കുകയും ചെയ്തു. എന്തിനാണ് തിരക്കിട്ട് നിയമം പാസ്സാക്കിയതെന്നോ, എന്തുകൊണ്ടാണ് പിന്‍വലിച്ചതെന്നോ വിശദീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയാറല്ല.

രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും പ്രതിനിധാനം ചെയ്യുന്നതല്ല ഇന്ത്യന്‍ പാര്‍ലമെന്റ്. ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളുടെ ഒരു പ്രതിനിധി പോലും പാര്‍ലമെന്റില്‍ ഭരണകക്ഷിക്കില്ല. ജനസംഖ്യയില്‍ 20 ശതമാനം മുസ്‌ലിംകളുള്ള ഉത്തര്‍ പ്രദേശില്‍ ഒരൊറ്റ മുസ്‌ലിമിനെയും മല്‍സരിപ്പിച്ചില്ല. തെരഞ്ഞെടുപ്പിനെ എണ്‍പതു ശതമാനവും 20 ശതമാനവും തമ്മിലുള്ള പോരാട്ടമെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശേഷിപ്പിച്ചത്. വര്‍ഗീയത ഇത്രയും പരസ്യമായി പറഞ്ഞിട്ടും തെരഞ്ഞെടുപ്പ് കമീഷന്‍ ഒരു നടപടിയും എടുത്തില്ല.

ലോകത്തിനു മുന്നില്‍ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും കൈയടി നേടാനുമാണ് കഴിഞ്ഞ പത്തു വര്‍ഷം മോദി ശ്രമിച്ചത്. ആസൂത്രണ കമീഷന്‍ അടച്ചുപൂട്ടിയാണ് നീതി ആയോഗ് (National Institution for Transforming India) എന്ന പുതിയ സംവിധാനം കൊണ്ടുവന്നത്. നീതി ആയോഗ് എടുത്തുകൊണ്ടിരിക്കുന്ന പണിയെന്തെന്ന് ആര്‍ക്കും അറിയില്ല. സ്‌കില്‍ ഇന്ത്യ, മെയ്ക്ക് ഇന്ത്യ, സ്റ്റാന്റ് അപ് ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വഛ് ഭാരത്, സ്മാര്‍ട്ട് സിറ്റീസ്, ബേട്ടീ പഠാവോ-ബേട്ടീ ബച്ചാവോ തുടങ്ങിയ നിരവധി പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചെങ്കിലും അവയുടെയൊക്കെ സ്ഥിതി പരമ ദയനീയവും ആളുകളുടെ കണ്ണില്‍ പൊടിയിടലുമായിരുന്നു.

2015-ല്‍ പ്രഖ്യാപിച്ച ബേട്ടീ പഠാവോ-ബേട്ടീ ബച്ചാവോ പദ്ധതി ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 2016-നും 2019-നുമിടയില്‍ ഈ പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ 79 ശതമാനവും ചെലവഴിച്ചത് മോദിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്ന് വെളിപ്പെടുത്തിയത് പാര്‍ലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിയാണ്. 'സബ്കാ വികാസ്' മോദി ഇപ്പോള്‍ പറയാറില്ല. മുസ്‌ലിംകളെ ഒഴിവാക്കി പൗരത്വ നിയമം നടപ്പാക്കിയതോടെ അതു പറയാനുള്ള അവകാശം അദ്ദേഹത്തിന് ഇല്ലാതായി. ചര്‍ച്ചുകള്‍ സന്ദര്‍ശിച്ച് ക്രിസ്ത്യാനികളുടെ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ നടക്കുമ്പോഴും മണിപ്പൂരില്‍ ആ സമുദായം വംശഹത്യ നേരിടുന്നത് കണ്ടില്ലെന്ന് നടിക്കുന്നു.

കൊറോണയെ നേരിടാന്‍ നൂറു കോടി വാക്‌സിനുകൾ നല്‍കുമെന്നതും പൊള്ളയായ പ്രഖ്യാപനമായിരുന്നു. 25 ശതമാനം പേര്‍ക്കു പോലും നല്‍കാനായില്ലെന്ന സത്യം അദ്ദേഹം മറച്ചുപിടിച്ചു. കോവിഡിന്റെ പേരില്‍ അമേരിക്ക ഒരു ട്രില്യന്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ വീടുകളുടെ ബാല്‍ക്കണിയില്‍നിന്ന് പാത്രങ്ങള്‍ കൊട്ടാനും മെഴുകുതിരികള്‍ തെളിക്കാനുമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ലോക്ഡൗണുകള്‍ പ്രഖ്യാപിച്ച് കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലാഴ്ത്തുക മാത്രമല്ല അദ്ദേഹം ചെയ്തത്. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് വീടുകളിലേക്ക് മടങ്ങാനുള്ള സാഹചര്യം പോലുമുണ്ടാക്കിയില്ല.

കാല്‍നടയായുള്ള യാത്രക്കിടയില്‍ നൂറു കണക്കിനാളുകള്‍ വഴിയില്‍ മരിച്ചുവീണു. ഗംഗാ നദിയില്‍ മനുഷ്യ ശവങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോഴും വാ തുറന്നില്ല പ്രധാനമന്ത്രി. നോട്ട് നിരോധമെന്ന വിഡ്ഢിത്ത പ്രഖ്യാപനം നടത്തി കോടിക്കണക്കിന് ജനങ്ങളെ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ യാചകരെപ്പോലെ നിര്‍ത്തി പീഡിപ്പിച്ചതിന്റെ പേരില്‍ ഖേദപ്രകടനം നടത്താന്‍ പോലും മോദി തയാറായില്ല.

അര്‍ധ സാക്ഷരരാണ് ബി.ജെ.പിയെ ഇപ്പോള്‍ നയിക്കുന്നതെന്ന് പ്രഭാകര്‍ പരിഹസിക്കുന്നു. നേതാക്കള്‍ സാധാരണക്കാരെ വഴിതെറ്റിക്കുന്നു. ബി.ജെ.പിയുടെ വോട്ടിംഗ് ശതമാനം വെറും 38 ശതമാനത്തില്‍ ഒതുങ്ങിനില്‍ക്കുന്നതും ഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണെന്നതും ആശ്വാസകരമാണെന്ന് അദ്ദേഹം പറയുന്നു.

ഒരു രാഷ്ട്രീയ നേതാവ് വിചാരിച്ചാല്‍ ജനാധിപത്യം ഇല്ലാതാക്കാനാവില്ല എന്നതുപോലെ അതിനെ രക്ഷിക്കാനുമാവില്ലെന്ന് സ്റ്റീവന്‍ ലെവിറ്റ്‌സ്‌കിയും ഡാനിയല്‍ സില്‍ബ്ലാറ്റും ചേര്‍ന്നു രചിച്ച 'ജനാധിപത്യം എങ്ങനെ മരിക്കുന്നു: നമ്മുടെ ഭാവിയെക്കുറിച്ച് ചരിത്രം വെളിപ്പെടുത്തുന്നത്' (How Democracies Die: What History Reveals About Our Future) എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. എന്നാല്‍, മോദിയും സംഘ് പരിവാരവും ജനാധിപത്യം ഏറക്കുറെ ഇല്ലാതാക്കിക്കഴിഞ്ഞു. അതിനെ വീണ്ടെടുക്കാനുള്ള ഭാരിച്ച ദൗത്യം ഇനി വോട്ടര്‍മാരിലാണ്. l


പറക്കാല പ്രഭാകറിന്റെ പത്തു നിരീക്ഷണങ്ങള്‍

ഇന്ത്യാ ടുഡേയുടെയും ആജ് തകിന്റെയും മുന്‍ എഡിറ്ററും ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റുമായ ദീപക് ശര്‍മയുമായി നടത്തിയ അഭിമുഖത്തില്‍ പറക്കാല പ്രഭാകറിന്റെ പത്തു നിരീക്ഷണങ്ങള്‍:

1. ബി.ജെ.പിയുടെ 400 സീറ്റ് പ്രഖ്യാപനം തന്ത്രം മാത്രമാണ്. ബി.ജെ.പി തോല്‍ക്കുകയോ ജയിക്കുകയോ എന്നതിലുപരി പാര്‍ട്ടിക്ക് എത്ര വോട്ടുകള്‍ ലഭിക്കുമെന്ന് ജനം ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണിത്. ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് സുപ്രീം കോടതിയുടെ സുപ്രധാന വിധി പുറത്തുവന്നതോടെ മോദിയും പാര്‍ട്ടിയും അങ്കലാപ്പിലാണ്.

2. പാര്‍ട്ടിക്ക് 220- 230 സീറ്റുകള്‍ കിട്ടുക പോലും ദുഷ്‌കരമാണ്. അധികാരത്തിലുള്ളവര്‍ക്ക് ഗ്രൗണ്ട് റിയാലിറ്റി അറിഞ്ഞുകൊള്ളണമെന്നില്ല. തെലുങ്കാന നല്ല ഉദാഹരണമാണ്. അവിടെ പാര്‍ട്ടി 10 മുതല്‍ 17 വരെ സീറ്റുകളാണ് പ്രതീക്ഷിക്കുന്നതെങ്കിലും രണ്ട് സീറ്റുകള്‍ പോലും കിട്ടുമെന്ന് ഒരുറപ്പുമില്ല.
3. തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂര്‍ വംശഹത്യ, ലഡാക്ക് തുടങ്ങിയവ അവഗണിച്ചു തള്ളാനാവില്ല. സംഘര്‍ഷ ഭൂമിയാണെന്നും ജീവന് ഭീഷണിയാണെന്നും അറിഞ്ഞിട്ടും ഇന്ത്യന്‍ യുവത ജോലി തേടി യുക്രെയ്്ൻ, റഷ്യ, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്ക് പോകുന്നു. തൊഴിലില്ലായ്മ രാജ്യത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്.

4. നരേന്ദ്ര മോദി എല്ലാം തികഞ്ഞ ഏകാധിപതിയായി മാറിയിരിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത 145 അംഗങ്ങൾ പാര്‍ലമെന്റില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ടതിന് സമാനമായ സംഭവം ലോകത്ത് ഏതെങ്കിലും ജനാധിപത്യ വ്യവസ്ഥയില്‍ ഉണ്ടായിട്ടുണ്ടോ? ഒരു വര്‍ഷത്തോളമായി രാജ്യത്തെ ഒരു സംസ്ഥാനം കത്തിയെരിയുമ്പോഴും പ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കാതിരിക്കുന്നതിന് സമാനമായ ഏതെങ്കിലും സംഭവം ലോകത്തുണ്ടായിട്ടുണ്ടോ? മണിപ്പൂരിനെക്കുറിച്ച് മുഖ്യധാരാ മാധ്യമങ്ങള്‍ മൗനം പാലിക്കുന്നതും മണിപ്പൂരികളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നതും എന്ത് ജനാധിപത്യമാണ്?

5. കര്‍ഷകരോട് പത്തു മിനിറ്റ് പോലും സംസാരിക്കാതെ അവരെ ബാധിക്കുന്ന മൂന്ന് നിയമങ്ങള്‍ പാസ്സാക്കിയെടുത്തു. കര്‍ഷകര്‍ ഇപ്പോഴും സമരത്തിലാണ്. ഒരു ജനാധിപത്യ രാജ്യത്തും ഇത്തരം സംഗതികള്‍ നടക്കില്ല.

6. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇന്ത്യയുടെ ഭൂപടവും ഭരണഘടനയും പൂര്‍ണമായും തിരുത്തിയെഴുതപ്പെടും. ആള്‍ക്കൂട്ടകൊലകള്‍ ആവര്‍ത്തിക്കപ്പെടും. ഭരണകൂടത്തെ വിമര്‍ശിക്കുന്നവരെ പാകിസ്താനിലേക്ക് അയക്കുമെന്ന ഭീഷണി ചെങ്കോട്ടയിലായിരിക്കും മുഴങ്ങുക. മണിപ്പൂരിലും ലഡാക്കിലും സംഭവിക്കുന്നത് രാജ്യം മുഴുവന്‍ ആവര്‍ത്തിക്കും.

7. മോദിയുടെ പാര്‍ട്ടിക്ക് 230 സീറ്റുകള്‍ മാത്രമേ കിട്ടുന്നുവെങ്കില്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാനാവില്ല. കാരണം, ഒരു പാര്‍ട്ടിയും അതിനു സന്നദ്ധമാവില്ല.

8. അദാനിയുടെ വളര്‍ച്ചയും മോദി സര്‍ക്കാറിന്റെ പോക്കും ഒരേ നിലയിലാണ്.

9. ഈ പൊതു തെരഞ്ഞെടുപ്പില്‍ മോദി വിജയിക്കുകയാണെങ്കില്‍ സംഘ് പരിവാറിന്റെ എല്ലാ അജണ്ടകളും പുറത്തെടുക്കും. ഒരു രാജ്യം ഒരു മതം, ഒരു രാജ്യം ഒരു പാര്‍ട്ടി, ഒരു രാജ്യം ഒരു നേതാവ് എന്ന നിലയിലേക്ക് ഇന്ത്യ മാറും.

10. ഹം ദോ ഹമാരെ ദോ (മോദിയും അമിത് ഷായും, അദാനിയും അംബാനിയും) സംഘമാണ് രാജ്യത്തെ നിയന്ത്രിക്കുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. പൗരന്മാര്‍ക്ക് രണ്ട് സിലിണ്ടറും അഞ്ച് കിലോ ധാന്യവും സുഹൃത്തുക്കള്‍ക്ക് ആറ് എയര്‍പോര്‍ട്ടുകളും നാല് സീ പോര്‍ട്ടുകളും എന്നതാണ് മോദിയുടെ ഇന്ത്യ. l

Comments