Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

വോട്ട് വിനിയോഗം വെറുപ്പിനും വിഭാഗീയതക്കുമെതിരെ

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഒരു റമദാൻ വ്രതമാസക്കാലം കൂടി നാം പൂർത്തിയാക്കിയിരിക്കുകയാണ്. ആ പുണ്യമാസത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നമുക്ക് എത്രത്തോളം നേടിയെടുക്കാനായി എന്ന് ആത്മപരിശോധന നടത്തേണ്ട സന്ദർഭമാണിത്. ഇസ്ലാമിലെ ഓരോ ആരാധനക്കും അതിന്റേതായ അനുഷ്ഠാന രീതികളുണ്ട്.

ഓരോന്നിനും അതിന്റേതായ ആത്മാവുമുണ്ട്. ഈ ആത്മാവും ചൈതന്യവും ഉൾക്കൊള്ളാതെയും ആരാധനാ കർമങ്ങൾ നിർവഹിക്കുന്നവരുണ്ടാവും. അങ്ങനെയാണ് അനുഷ്ഠാനമെങ്കിൽ, എന്താണോ ആ കർമം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആ ഉദ്ദേശ്യം നേടിയെടുക്കുക സാധ്യമല്ല. റമദാൻ വ്രതത്തിനും മറ്റു അനുഷ്ഠാനങ്ങൾക്കും ബാഹ്യമായ നിർവഹണ രൂപങ്ങൾ ഉള്ളതോടൊപ്പം അവക്ക് ജീവൻ നൽകുന്ന ഒരു ആന്തരിക ചൈതന്യവുമുണ്ട്. ആരാധനകളുടെ ഈ രണ്ട് തലങ്ങളും പരസ്പരം ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോഴാണ് ഇബാദത്തുകളുടെ പൂർണതയിലേക്ക് വിശ്വാസി എത്തിച്ചേരുക. റമദാൻ വ്രതകാലത്ത് ഭക്ഷണപാനീയങ്ങളിൽനിന്ന് അകന്നുനിന്നുകൊണ്ട് നാം വിശപ്പും ദാഹവും സഹിച്ചു. ഈ സഹനത്തിലൂടെ നമ്മുടെ വ്യക്തിത്വത്തിൽ, സ്വഭാവത്തിൽ,  നിലപാടുകളിൽ, പ്രവർത്തനങ്ങളിൽ, ജീവിതവീക്ഷണത്തിൽ എന്തെന്ത് മാറ്റങ്ങൾ കൊണ്ടുവരാനാണ് പ്രപഞ്ചനാഥൻ ഉദ്ദേശിക്കുന്നതെന്ന കാര്യം നാം വിസ്മരിക്കുകയും ചെയ്യുന്നു. നോമ്പെടുത്തിട്ടും അതിന്റെ ലക്ഷ്യങ്ങളൊന്നും നേടാൻ കഴിയാതെ പോകുന്നു എന്നതാണ് ഇതിന്റെ സ്വാഭാവിക ഫലം. റസൂൽ തിരുമേനി പറഞ്ഞതു പോലെ, ഇത്തരം നോമ്പുകാർക്ക് നോമ്പുകൊണ്ട് വിശപ്പല്ലാതെ മറ്റൊന്നും കിട്ടിയിട്ടുണ്ടാവില്ല. ഉറക്കം നഷ്ടപ്പെട്ടു എന്നല്ലാതെ രാത്രിനമസ്കാരം കൊണ്ട് മറ്റൊന്നും നേടാത്തവരും എത്രയെത്ര എന്നും റസൂൽ പറഞ്ഞിട്ടുണ്ട്.

അൽ ബഖറ അധ്യായത്തിൽ  നോമ്പിന്റെ നാല് ലക്ഷ്യങ്ങൾ ഊന്നിപ്പറഞ്ഞതായി കാണാം. തഖ് വയുള്ളവരായിത്തീരുക (ലഅല്ലകും തത്തഖൂൻ), നന്ദിയുള്ളവരായിത്തീരുക (ലഅല്ലകും തശ്കുറൂൻ), സത്യപാതയിൽ സഞ്ചരിക്കുന്നവരാവുക (ലഅല്ലഹും യർശുദൂൻ), ദൈവനാമം ഉയർത്തിപ്പിടിക്കുന്നവരാവുക (ലി തുകബ്ബിറുല്ലാഹ്) എന്നിവയാണ് ആ ലക്ഷ്യങ്ങൾ. ജീവിത കാമനകളെ നിയന്ത്രിച്ച് സത്യപാതയിൽ മുന്നോട്ടു പോകാൻ മനുഷ്യരെ പ്രാപ്തരാക്കുകയാണ് നോമ്പ് എന്ന് മറ്റൊരു ഭാഷയിൽ പറയാം. ഇതാണ് തഖ് വ. തനിക്ക് പടച്ചതമ്പുരാൻ കനിഞ്ഞരുളിയ കഴിവുകളെക്കുറിച്ചും അനുഗ്രഹങ്ങളെക്കുറിച്ചും ബോധവാൻമാരാകുമ്പോഴാണ് മനുഷ്യർ നന്ദി പ്രകാശനത്തിന് സന്നദ്ധരാവുക. നമ്മൾ കടന്നുപോകുന്ന വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് പലതരം അവസരങ്ങൾ തുറന്നുതന്നുകൊണ്ടാണ് പടച്ചതമ്പുരാൻ നമ്മെ അനുഗ്രഹിക്കുന്നത്. ഈ അവസരങ്ങളെ വേണ്ട വിധം പ്രയോജനപ്പെടുത്തുക എന്നതാണ് ഇക്കാലത്തെ നന്ദി പ്രകാശനം. ഇത് സാധ്യമാവണമെങ്കിൽ ജീവിത ലക്ഷ്യത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടാവണം.  അവസാന ശ്വാസം വരെ ദൈവവചനം ഉയർത്തിപ്പിടിക്കുക, അതിനു വേണ്ടിയുള്ള നിരന്തര ശ്രമങ്ങളിൽ ഏർപ്പെടുക, അതിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരിക്കുക എന്നതാണ് ആ ജീവിതലക്ഷ്യം. ഇത് ഓരോ മുസ്ലിമിന്റെയും മൗലിക ജീവിത ലക്ഷ്യമായിത്തീരേണ്ടതുണ്ട്.

ക്ഷമയുടെ മാസം എന്നും റസൂൽ റമദാനെ വിശേഷിപ്പിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾക്ക് റമദാൻ കടിഞ്ഞാണിടുകയാണ്. തഖ് വയുടെ അടിത്തറയും ഇതുതന്നെ. അക്ഷമ മനുഷ്യനെ അതിന്റെ അടിമയാക്കി മാറ്റും. ക്ഷമയുടെ അഭാവത്തിൽ തഖ് വാപരമായ ജീവിതം അസാധ്യമാണ്. സാമ്പത്തിക ദുരാഗ്രഹങ്ങളെ, ലൈംഗിക കാമനകളെ  നിയന്ത്രിക്കാത്തവന് ജീവിത സൂക്ഷ്മത കൈവരിക്കാനാവില്ല. ഗർവും തൻപ്രമാണിത്തവും കൈയൊഴിയാത്തവൻ അഹങ്കാരിയായി മാറും. വെറുപ്പ്, വിദ്വേഷം, കോപം തുടങ്ങിയ വികാരങ്ങൾക്ക് അടിപ്പെടുന്നവരെ പെട്ടെന്ന് പ്രകോപിതരാക്കാൻ എതിരാളികൾക്ക് കഴിയും. വിശ്വാസി സമൂഹം എന്ന നിലക്കുള്ള തങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾ വിസ്മരിച്ച് അവർ അക്ഷമരായി പ്രതികരിക്കും.  ഇസ്ലാമിന്റെയോ മുസ്ലിം സമൂഹത്തിന്റെയോ താൽപ്പര്യങ്ങളൊന്നും അവർ വകവെക്കുകയില്ല. ഇങ്ങനെ അക്ഷമയുടെ പല പല രൂപങ്ങൾ നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്.
കടുത്ത ഭാഷയിൽ വൈകാരികമായി പ്രതികരിക്കുന്നത് മാത്രമാണ് പലപ്പോഴും അക്ഷമയായി മനസ്സിലാക്കപ്പെടാറുള്ളത്. ഭയത്തിനടിമകളാവുക, ഉത്കണ്ഠാകുലരാവുക, നിശ്ചയദാർഢ്യം ചോർന്നുപോവുക, നിരാശരാവുക ഇതൊക്കെയും സ്വബ്ർ / ക്ഷമ ഇല്ലാതായിപ്പോവുന്നതിന്റെ ലക്ഷണങ്ങളാണ്. ഭയം ഒരു വികാരമാണ്, നിരാശ ഒരു വികാരമാണ്. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാത്ത പക്ഷം മുന്നോട്ടുള്ള പ്രയാണത്തിൽ അത് മാർഗതടസ്സങ്ങൾ ഉണ്ടാക്കും. അപ്പോൾ, സ്വബ്ർ എന്നാൽ ഏത് ഘട്ടത്തിലും തങ്ങളുടെ വിശ്വാസാദർശങ്ങളിൽ ഉറച്ചുനിൽക്കുന്നതിന്റെ പേരാണ്. പ്രതിസന്ധികൾ മലപോലെ ഉയർന്നുവന്നാലും അവർ പതറുകയോ പ്രമാണങ്ങൾ കൈവിടുകയോ ചെയ്യില്ല. ഇങ്ങനെ തഖ് വയുടെയും സ്വബ്റിന്റെയും പാഥേയവുമായി സത്യമാർഗത്തിൽ മുന്നോട്ട് ഗമിക്കാൻ നമുക്ക് കരുത്തും പ്രാപ്തിയും പകർന്നുനൽകുകയാണ് ഓരോ റമദാൻ കാലവും. ഈ മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ടാണ് മുസ്ലിം സമൂഹം മുന്നോട്ട് പോകുന്നതെങ്കിൽ അവരെ കാൽക്കീഴിലമർത്താൻ ഒരു ശക്തിക്കും സാധ്യമാവുകയില്ല. ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ജനസമൂഹമായും അവർ മാറും. ഇത് അല്ലാഹുവിന്റെ വാഗ്ദാനമാണ്. യുക്തിപരമായും ഈ അനുമാനം ശരിയാണെന്ന് കാണാം. ഇത്തരം മഹത് മൂല്യങ്ങൾ ഏത് സമൂഹം ആർജിച്ചാലും അതിന്റെ സ്വഭാവ മഹിമ എത്ര തിളക്കമാർന്നതും കളങ്കമറ്റതുമായിരിക്കുമെന്ന് ആലോചിച്ചു നോക്കൂ. ഈ ഗുണങ്ങളാർജിക്കൽ ഏറ്റവും അനിവാര്യമായ ഘട്ടത്തിലൂടെയാണ് നമ്മുടെ നാട് കടന്നുപോകുന്നത്.

    നാം ഒരു പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. ഖുർആൻ വിശേഷിപ്പിച്ച ഉത്തമ സമുദായം എന്ന നിലക്ക് മുസ്ലിംകൾക്ക് ഈ സന്ദർഭത്തിൽ ചില ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. ഈ രാജ്യത്ത് സമാധാനവും നിർഭയത്വവും നിലനിൽക്കാൻ, നീതിയും ന്യായവും സംരക്ഷിക്കപ്പെടാൻ സാധ്യമാവുന്ന എല്ലാ ശ്രമങ്ങളും അവർ നടത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കെടുക്കലും വോട്ട് ചെയ്യലും പൗരൻമാരെന്ന നിലക്കുള്ള നമ്മുടെ ഉത്തരവാദിത്വമാണെന്ന് മാത്രമല്ല, അത് നേരത്തെ വിശദീകരിച്ച ദൈവ മഹത്വം ഉയർത്തിപ്പിടിക്കുന്നതിന്റെ താൽപ്പര്യം കൂടിയാണ്. കാരണം, അല്ലാഹുവിന്റെ അടിയാറുകൾക്ക് സ്വാതന്ത്ര്യവും നീതിയും മൗലികാവകാശങ്ങളും ഉറപ്പ് വരുത്താനുള്ള എല്ലാ നീക്കങ്ങളിലും ഭാഗഭാക്കാകാൻ വിശ്വാസികളെന്ന നിലക്ക് നാം ബാധ്യസ്ഥരാണ്. എല്ലാ തരത്തിലുള്ള വിഭാഗീയതകളിൽനിന്നും താൽക്കാലിക നേട്ടങ്ങളിൽനിന്നും സങ്കുചിത താൽപ്പര്യങ്ങളിൽനിന്നും ഉയർന്നു നിന്നു കൊണ്ട് വോട്ടവകാശം വിനിയോഗിക്കാൻ അവർക്ക് കഴിയണം. ആ വിധത്തിൽ വളരെ ബോധപൂർവം, കരുതലോടെ സ്ഥാനാർഥികളെ തെരഞ്ഞെടുക്കാൻ രാജ്യനിവാസികളെ ബോധവൽക്കരിക്കുകയും വേണം.

അതിസങ്കീർണമായ മൂന്ന് പ്രശ്നങ്ങളാണ് ഇന്ന് രാജ്യം അഭിമുഖീകരിക്കുന്നത്. അതിൽ ഒന്നാമത്തേത്, അതിഭീമമായ സാമ്പത്തിക അസമത്വമാണ്. വളരെ ചെറിയ ഒരു ന്യൂനപക്ഷം രാജ്യത്തിന്റെ ഒട്ടുമുക്കാൽ സമ്പത്തും കൈയടക്കിയിരിക്കുന്നു. Oxfam ന്റെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം, രാജ്യത്തിന്റെ നാൽപ്പത് ശതമാനം സ്വത്തും നിയന്ത്രിക്കുന്നത് കേവലം ഒരു ശതമാനം വരുന്ന സമ്പന്ന വിഭാഗമാണ്. രാജ്യ ജനസംഖ്യയിൽ പകുതിയോളം വരുന്ന ജനങ്ങൾക്ക് ആകെയുള്ളത് മൂന്ന് ശതമാനം സമ്പത്ത് മാത്രം. ധനം പാവപ്പെട്ടവരിലേക്ക് എത്താതെ കുറച്ചാളുകളിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുകയാണ്. ഇത്ര അപായകരമായ സാമ്പത്തിക അസമത്വം നമ്മുടെ ചരിത്രത്തിൽ മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം നമ്മുടെ രാജ്യത്തുണ്ടായ ധനത്തിന്റെ 75 ശതമാനവും പോയത് അതിസമ്പന്നരുടെ കൈകളിലേക്കാണ്. ആഗോള ദാരിദ്ര്യസൂചികയിൽ നമ്മുടെ രാജ്യം അയൽ നാടുകളെക്കാൾ മാത്രമല്ല അതിദരിദ്ര ആഫ്രിക്കൻ രാഷ്ട്രങ്ങളായ സോമാലിയ, സുഡാൻ, മാലി, ഛാഡ് എന്നിവയെക്കാളും പിറകിലാണ്.

വർഗീയതയുടെ അസാധാരണവും അത്യാപൽക്കരവുമായ വ്യാപനമാണ് രണ്ടാമത്തെ വലിയ പ്രശ്നം. വർഗീയതയും വിദ്വേഷ പ്രചാരണവും, രാജ്യത്തെ പൊട്ടിത്തെറിക്കാനടുത്ത ഒരു അഗ്നിപർവതത്തിന്റെ സ്ഥിതിയിലെത്തിച്ചിരിക്കുന്നു. പ്രധാന നേതാക്കളും എം.പിമാരും എം.എൽ.എമാരും മന്ത്രിമാരും മുഖ്യമന്ത്രിമാരും വരെ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും വെറുപ്പിന്റെ പ്രചാരകരാവുകയാണ്. പാഠപുസ്തകങ്ങളിലൂടെയും വിദ്യാഭ്യാസ സംവിധാനത്തിലൂടെയും സിനിമകളിലൂടെയും വിഭാഗീയത വളർത്താനാണ് ശ്രമിക്കുന്നത്. വർഗീയത പറഞ്ഞെങ്കിലേ തെരഞ്ഞെടുപ്പ് ജയിക്കൂ എന്നു വരെ ധരിച്ചുവശായിരിക്കുന്നു. മുഖ്യധാരാ മീഡിയയിലും സോഷ്യൽ മീഡിയയിലും വർഗീയ വിദ്വേഷം പതഞ്ഞൊഴുകുകയാണ്. കള്ളങ്ങൾ തുറന്നുകാണിച്ച്, സത്യം തുറന്നുപറഞ്ഞ് പൊതു സമൂഹത്തിന്റെ കാവലാളാവേണ്ട, ശബ്ദമില്ലാത്തവന്റെ ശബ്ദമാവേണ്ട മീഡിയ അധികാരികൾക്കു വേണ്ടി കുഴലൂത്ത് നടത്തുകയാണ്. ജോർജ് ഓർവൽ പറഞ്ഞിട്ടുണ്ട്, മറ്റുള്ളവർ അച്ചടിച്ച് വരരുതേ എന്ന് ആഗ്രഹിക്കുന്നതെന്തോ അത് അച്ചടിക്കുന്നതാണ് പത്രപ്രവർത്തനം എന്ന്. മറ്റുള്ളതൊക്കെ അധികാരികൾക്ക് വേണ്ടി നടത്തുന്ന ജന സമ്പർക്ക പരിപാടികൾ മാത്രം. അത്തരം പി.ആർ വർക്കുകൾ നിർത്തി,  ആത്മപരിശോധനക്കും തെറ്റുതിരുത്തലിനും ഇന്ത്യൻ മാധ്യമ ലോകം തയാറാവേണ്ട സന്ദർഭം കൂടിയാണിത്.

ജനാധിപത്യ സ്ഥാപനങ്ങളെ തകർത്തുകൊണ്ടിരിക്കുന്നു എന്നതാണ് രാജ്യം നേരിടുന്ന മൂന്നാമത്തെ വലിയ വെല്ലുവിളി. വലിയ ത്യാഗങ്ങളും ബലിയർപ്പണങ്ങളും വേണ്ടിവന്നിട്ടുണ്ട് ആ സ്ഥാപനങ്ങളെ വളർത്തിക്കൊണ്ടുവരാൻ. ഈ സ്ഥാപനങ്ങൾക്കൊക്കെയും അവയുടെ സ്വാതന്ത്ര്യം വളരെ പെട്ടെന്ന് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തെ തെരഞ്ഞുപിടിച്ച് അവർക്കെതിരെ 'ബുൾഡോസർ നീതി ' നടപ്പാക്കുകയാണ്. സി. എ.എക്കെതിരെ പ്രതിഷേധിച്ച പലർക്കും വർഷങ്ങളായിട്ടും ജാമ്യം ലഭിച്ചിട്ടില്ല. വെറുപ്പിനെയും വർഗീയതയെയും സ്ഥാപനവൽക്കരിക്കുക പോലും ചെയ്തിരിക്കുന്നു. ഇ.ഡി, സി.ബി.ഐ പോലുള്ള സ്റ്റേറ്റ് ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ വേട്ടയാടുകയാണ്. തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനവും അവരുടെ പ്രവൃത്തികളും സംശയാസ്പദമായിത്തീർന്നിരിക്കുന്നു.

വളരെ ശ്രദ്ധാപൂർവം വോട്ട് വിനിയോഗിക്കേണ്ട പൊതു തെരഞ്ഞെടുപ്പാണിത്. വെറുപ്പിനും വിഭാഗീയതക്കുമെതിരെ പൗരാവകാശങ്ങൾക്കും മതമൈത്രിക്കും വേണ്ടി നിലകൊള്ളുന്നവരെ കണ്ടെത്തി വോട്ട് വിനിയോഗിക്കേണ്ട സന്ദർഭം. l

Comments