Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

റമദാന് ശേഷം

ഹാമിദ് മഞ്ചേരി

നോമ്പും പെരുന്നാളുമെല്ലാം വിടപറഞ്ഞിരിക്കുന്നു. റമദാനിലും ജീവിതത്തിന്റെ പൂർവ സന്ദർഭങ്ങളിലും നിർവഹിച്ച കർമങ്ങളെല്ലാം റബ്ബ് സ്വീകരിച്ചിട്ടുണ്ടാകണം എന്ന് നമുക്കുറപ്പൊന്നുമില്ല. നോമ്പ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് തന്നെയും ഖുർആൻ പറയുന്നത് 'നിങ്ങൾ തഖ്‌വയുള്ളവരായേക്കാം' എന്നാണ്. 'ലഅല്ല' എന്നാണ് പ്രയോഗം. സാധ്യതയെയാണത് കുറിക്കുന്നത്. ഉറപ്പിന്റെ ബലം അതിനില്ല. അല്ലാഹുവിനോട് നിരന്തരം ഖബൂലിനെ ചോദിക്കുക എന്നതു തന്നെയാണ് മാർഗം. അല്ലാഹുവിന്റെ വഴിയിലായിരിക്കുക എന്നതു തന്നെയും അവന്റെ അപാരമായ തൗഫീഖാണല്ലോ. അവൻ ഉതവിയേകിയതാണ് നമ്മുടെ സത്കർമങ്ങളെല്ലാം. അതുകൊണ്ടു തന്നെ കർമങ്ങളെ ആസ്പദിച്ചല്ല, അല്ലാഹുവിന്റെ ഔദാര്യവും റഹ്മത്തും മാത്രമാണ് നമ്മുടെ സ്വർഗ പ്രവേശനത്തിന്റെ നിദാനം.

ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസാലി (റ) തന്റെ ശിഷ്യനു വേണ്ടിയെഴുതിയ 'അയ്യുഹൽ വലദ്' (പൊന്നു മോനേ) എന്ന പേരിലൊരു കൊച്ചു പുസ്തകമുണ്ട്.  അതിൽ ഇമാം ഉദ്ധരിക്കുന്നൊരു വാക്യം ഇപ്രകാരമാണ്: "ഒരാൾ ഉപകാരമില്ലാത്ത കാര്യങ്ങളിൽ മുഴുകുന്നു എന്നത് അല്ലാഹു തന്റെ ആ അടിമയെ അവഗണിച്ചിരിക്കുന്നു എന്നതിന്റെ അടയാളമാണ്." പരിഗണന ഏറ്റവും ആവശ്യമുള്ളവനിൽ നിന്ന് അവഗണന ഏറ്റുവാങ്ങിയവരാണോ നമ്മളെന്ന ആത്മപരിശോധനയുടെ കാലം കൂടിയാണ് നമുക്കീ റമാദാനാനന്തര കാലം. നമസ്കാരം ജമാഅത്തായി നിർവഹിക്കുന്നതിൽ (പ്രത്യേകിച്ച് സ്വുബ്ഹ് നമസ്കാരം), റവാത്തിബ് സുന്നത്തുകൾ അനുഷ്ഠിക്കുന്നതിൽ, വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിൽ, ദിക്റുകളിലും പ്രാർഥനകളിലും ഏർപ്പെടുന്നതിൽ  റമദാനാനന്തരം നാം എവിടെയാണുള്ളത്? ഒറ്റയടിക്ക് എല്ലാം നിലച്ച്, സ്വിയാമും ഖിയാമുമെല്ലാം ഖബൂലാകുന്നതിനെ പ്രതി യാതൊരു ആശങ്കയുമില്ലാത്ത വിധം റമദാൻ-പൂർവ കാലത്തേക്ക് തിരിച്ചുപോയവരാണോ നമ്മൾ?

റമദാനിന് മുമ്പും ശേഷവുമുള്ള ജീവിതമെന്ന വിഭജനത്തെ അസാധ്യമാക്കും വിധം സ്റ്റാറ്റസ്കോ തുടരുന്നവരോ അതിലും താഴ്ന്ന പടിയിൽ സഞ്ചരിക്കുന്നവരോ ആണോ നമ്മൾ? തഖ്‌വ നമ്മൾ ആർജിച്ചിട്ടുണ്ടോ എന്നത് തന്നെയാണ് ഈ ചോദ്യങ്ങളെല്ലാം മുന്നോട്ടു വെക്കുന്നത്.

പാപങ്ങൾ പൊറുക്കപ്പെട്ടതിന്റെയും കർമങ്ങൾ സ്വീകരിക്കപ്പെട്ടതിന്റെയും ലക്ഷണങ്ങൾ റമദാനിന്റെ ശേഷവും തുടരുന്ന സൂക്ഷ്മതയിലാണുള്ളത്. വലതു കൈയിൽ കർമപുസ്തകം ഏറ്റുവാങ്ങണം നമുക്ക്. സത്കർമങ്ങളുടെ കനം തൂങ്ങണം നമുക്ക്. വിചാരണയില്ലാതെ സ്വിറാത്ത് കടക്കണം നമുക്ക്. സ്വർഗീയ സുഖങ്ങളിൽ സന്തോഷിക്കണം നമുക്ക്. പാപക്കറകളില്ലാത്ത തെളിഞ്ഞ ഹൃദയവുമായി റബ്ബിനെ കണ്ടുമുട്ടണം നമുക്ക്. നന്മകളുടെ നൈരന്തര്യമാണത് ആവശ്യപ്പെടുന്നത്. അതിനെല്ലാമപ്പുറം അല്ലാഹുവിന്റെ അപാരമായ തൗഫീഖും. നാഥനോട് ചോദിച്ചുകൊണ്ടേയിരിക്കുക. അവന്റെ വഴിയിൽ ഇടർച്ചകളില്ലാതെ തുടരാൻ, അനേകം റമദാനുകളുടെ അനുഭൂതി നുകരാൻ, കർമങ്ങളുടെയും ജീവിതത്തിന്റെയും അവസാനം നന്നാകാൻ, കലിമ കൊണ്ട് മരണത്തെ പുൽകാൻ, 'ശാന്തമായ ആത്മാവേ നിന്റെ നാഥനെ തൃപ്തിപ്പെട്ടും നാഥന്റെ തൃപ്തി നേടിയും സ്വർഗത്തിൽ പ്രവേശിച്ചുകൊൾക'  എന്ന സ്വർഗീയ സ്വാഗതം അനുഭവിക്കാനുമെല്ലാം ചോദിക്കുക. ജീവിതത്തിൽ ശേഷിക്കുന്ന കാലമത്രയും റബ്ബിന്റെ വഴിയിൽ നടക്കാൻ അവൻ നമ്മെ തുണക്കട്ടെ. l

Comments