Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

ജനങ്ങളിൽ ഏറെ ശ്രേഷ്ഠരായവർ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عَنْ عَبْدِ اللهِ بْنِ عَمْرو قَالَ: قِيلَ لِرَسُولِ الله ﷺ: “أيُّ النَّاسِ أَفْضَلُ؟” قَالَ: “كُلُّ مَخْمُومِ الْقَلْبِ صَدُوقِ اللسانِ”  قَالُوا : “صَدُوقُ اللِّسَانِ نَعْرِفُهُ فَمَا مَخْمُومُ الْقَلْبِ” ؟  قَالَ: “ هُوَ التَّقِيُّ النَّقِيُّ لَا إثْمَ فِيهِ وَلَا بَغْيَ وَلَا غِلَّ وَلَا حَسَدَ”  ( ابْنُ مَاجَه ).

അബ്ദുല്ലാഹിബ്നു അംറ് (റ) പറയുന്നു: "അല്ലാഹുവിന്റെ റസൂലി(സ)നോട് ഒരാൾ ചോദിച്ചു:
"ആരാണ് ജനങ്ങളിൽ ഏറെ ശ്രേഷ്ഠൻ?"  "ഹൃദയ വിശുദ്ധിയുള്ളവനും നാവ് കൂടുതൽ സത്യസന്ധമായവനും." ''നാവ്  സത്യസന്ധമായവനെ ഞങ്ങൾക്ക് മനസ്സിലായി. ഹൃദയ വിശുദ്ധിയുള്ളവൻ ആരാണ്?"  " ഒരു പാപവുമില്ലാത്ത, ഭക്തിയും വൃത്തിയുമുള്ള മനസ്സുള്ളവൻ. ക്രോധമോ പകയോ അസൂയയോ അവന്റെ മനസ്സിലുണ്ടാവില്ല" (ഇബ്നു മാജ).

ഹൃദയം പരിശുദ്ധമായവരും അധരം സത്യസന്ധമായവരുമാണ് ജനങ്ങളിൽ അത്യുത്തമർ എന്നാണ് ഹദീസിന്റെ പൊരുൾ. مَخْمُومُ القَلْبِ എന്നാൽ പാപങ്ങളിൽ നിന്ന് സുരക്ഷിതമായ, വൃത്തിയുള്ള മനസ്സുള്ളവൻ എന്നാണർഥം. വീട് അടിച്ചുവാരി വൃത്തിയാക്കുന്നതിന്  تَخْمِيمُ البَيتِ എന്ന് പറയാറുണ്ട്. എല്ലാതരം മാലിന്യങ്ങളിൽനിന്നും വൃത്തിയായ മനസ്സാണ് مَخْمومِ القلبِ. 
മനസ്സിനെ നന്നാക്കലാണ്  ഇസ്‌ലാമിലെ എല്ലാ ഇബാദത്തുകളുടെയും പരമ ലക്ഷ്യം.
വ്രതാനുഷ്ഠാനത്തിന്റെ  ലക്ഷ്യമായി വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചത് തഖ് വയാണ്.  തഖ് വയുടെ ആസ്ഥാനം ഇതാണെന്ന് നെഞ്ചിലേക്ക് ചൂണ്ടി മൂന്ന് തവണ റസൂൽ ആവർത്തിച്ച് പറയുകയുണ്ടായി. മനസ്സിലെ തോന്നലുകളും തീരുമാനങ്ങളുമാണ് പിന്നീട്  പ്രവർത്തനങ്ങളായി രൂപപ്പെടുന്നത്.
നല്ല മനസ്സുള്ളവർക്ക് മാത്രമേ പുണ്യങ്ങൾ ചെയ്യാനാവൂ. വിശുദ്ധ ഖുർആൻ പറയുന്നു:
"തീര്‍ച്ചയായും അത്മാവിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു'' (91: 9,10). 

മനസ്സിനെ ബാധിക്കുന്ന  രോഗങ്ങളെ സൂക്ഷിക്കണമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകുന്നുണ്ട്.
സുരക്ഷിത മനസ്സുമായി എത്തുന്നവർക്കാണ് പരലോകത്ത് വിജയം നേടാനാവുക
(അശ്ശുഅറാഅ്  89). ഇബ്നു അബ്ബാസ് (റ) പറയുന്നു:  "ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി. അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയ ശക്തിയാണ് സാക്ഷി" എന്ന വാക്യം  ഓതിയപ്പോൾ അല്ലാഹുവിന്റെ റസൂൽ അവിടെ നിർത്തി ഇപ്രകാരം പ്രാർഥിച്ചു: "അല്ലാഹുവേ, എന്റെ മനസ്സിന് അതിന്റെ ഭക്തി നൽകേണമേ. നീയാണതിന്റെ രക്ഷാധികാരി. നീയാണതിന്റെ ഉടമസ്ഥൻ. നീയാണതിനെ നന്നായി സംസ്കരിക്കുന്നവൻ" (ത്വബ്റാനി).
ആത്മസംസ്കരണമാണ് പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
 മനസ്സ് നന്നാവുമ്പോഴാണ് വ്യക്തിയും സമൂഹവും നന്നാവുക. ഹൃദയം നന്നായാൽ ശരീരം മുഴുവൻ നന്നാവുമെന്നും കേടായാൽ ശരീരം മുഴുവൻ കേടാവുമെന്നും റസൂൽ മുന്നറിയിപ്പ് നൽകി (ബുഖാരി).
പാപം ചെയ്യുന്നതോടെ ഹൃദയങ്ങളിൽ കറവീഴുന്നു. 

അന്യരോടുള്ള മനസ്സിലെ വിദ്വേഷങ്ങൾ മായാൻ വിശ്വാസികൾ പ്രാർഥിക്കേണ്ടതുണ്ട് (ഖുർആൻ  59: 10). തിന്മയെ അധിക്ഷേപിക്കുന്ന മനസ്സ്, തിന്മയെ പ്രേരിപ്പിക്കുന്ന മനസ്സ്, ശാന്തമായ മനസ്സ് എന്നിങ്ങനെ മൂന്ന് തരം മനസ്സുകളെ വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നു. ശാന്തിയും സമാധാനവും നിറഞ്ഞ മനസ്സ് ദൃഢ വിശ്വാസികൾക്ക് മാത്രമേ നേടാനാവൂ.

ഹദീസിലെ മറ്റൊരു പരാമർശം സത്യസന്ധതയെക്കുറിച്ചാണ്.  സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് വിശ്വാസികളുടെ മുഖമുദ്രയാണ്. അല്ലാഹു അരുളി: "വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. സത്യവാന്മാരോട് സഹവസിക്കുക" (ഖുർആൻ 9:119). 

എല്ലാ പാപങ്ങളുടെയും തലവനാണ്  അസത്യം.  നരകത്തിലേക്കുള്ള കുറുക്കുവഴിയാണത്. നബി (സ) പറഞ്ഞു: ''നിങ്ങൾ കളവ് പറയുന്നത് സൂക്ഷിക്കുക. അധർമങ്ങളിലേക്കാണത് കൊണ്ടുപോവുക. അധർമങ്ങൾ നിങ്ങളെ നരകത്തിലുമെത്തിക്കും" (ബുഖാരി, മുസ്‌ലിം). l

Comments