സമയനിഷ്ഠ പാലിക്കാത്ത ഖുത്വ്്ബകൾ
പ്രബോധനം വാരിക ലക്കം 3343-ല് ശമീര് ബാബു കൊടുവള്ളിയുടെ 'ജുമുഅ ആത്മീയ നിര്വൃതിയാണ് ' എന്ന ലേഖനം കാലിക പ്രസക്തമായി. ഖത്വീബിനും ശ്രോ താക്കള്ക്കും ഒരുപോലെ ഉപകാരപ്പെടുന്നത്. പൂർവ സൂരികള് വ്യാഴാഴ്ച മുതലേ ജുമുഅക്കുള്ള ഒരുക്കങ്ങള് തുടങ്ങിയിരുന്നുവെങ്കില് ഇന്ന് ബാങ്ക് വിളിക്കുമ്പോഴാണ് ഒരുക്കങ്ങള് തുടങ്ങുന്നത്. പല പള്ളികളിലും ഖുത്വ്്ബ തുടങ്ങുമ്പോള് ആളുകള് വന്നു തുടങ്ങുകയും ഖുത്വ്്ബ തീരുന്നത് വരെ വന്നുകൊണ്ടേയിരിക്കുകയുമാണ്. ലേഖനത്തില് പറഞ്ഞ പോലുള്ള ഖുത്വ്്ബ നടക്കുകയാണെങ്കില് ഈ അവസ്ഥക്ക് മാറ്റമുണ്ടാവുമെന്നാണ് തോന്നുന്നത്.
പ്രവാചകന്റെ ഖുത്വ്്ബയെ പറ്റി പറഞ്ഞ പോലെ, സ്വർഗത്തെ കുറിച്ച് സന്തോഷ വാർത്ത നല്കലും നരകത്തെ കുറിച്ച് മുന്നറിയിപ്പ് നല്കലും ഇന്ന് ഖുത്വ്്ബകളില് വിരളമായിരിക്കുന്നു. സമയനിഷ്ഠ പാലിക്കുന്നതില് പല ഖത്വീബുമാരും തീരെ ശ്രദ്ധിക്കുന്നില്ല. ഇസ്ലാമിക പ്രഭാഷണ ഗ്രൂപ്പുകളില് വരുന്ന ഖുത്വ്്ബകള് ശ്രദ്ധിച്ചാലറിയാം, അവയുടെ ദൈര്ഘ്യം 35 മിനിറ്റ് മുതല് 65 മിനിറ്റ് വരെയാണ്. ഇത്രയും സമയം ശ്രദ്ധിച്ചിരിക്കാന് പറ്റുന്നവരല്ല പുതിയ തലമുറ എന്ന കാര്യം നാം മറന്നുപോവുന്നു. സംസാരം ചുരുക്കുകയും നമസ്കാരം ദീര്ഘിപ്പിക്കുകയും ചെയ്യുക എന്നത് നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ലേഖകനും പ്രബോധനത്തിനും അഭിനന്ദനങ്ങള്.
ഉള്ളിൽ ചേക്കാറാനുള്ള വസന്തം
പ്രബോധനം വാരികയിൽ (മാർച്ച് 15) മുഹമ്മദ് നജീബിന്റ ഹൃദയസ്പർശിയായ എഴുത്ത്. എത്ര ഭംഗിയായിട്ടാണ് ഇതിൽ നോമ്പിനെ കുറിച്ച് പറഞ്ഞിട്ടുള്ളത്. വായിക്കുന്തോറും അത് ചിന്തയുടെ പുതിയ വാതായനങ്ങൾ തുറന്നിടുന്നു. അല്ലാഹുവിന്റെ സാമീപ്യം നേടാനുള്ള ആത്മീയ യാത്രയായിട്ടാണ് നോമ്പിനെ വിവരിക്കുന്നത്. അഗാധമായ സ്നേഹത്തിന്റെയും അനുസരണത്തിന്റെയും ഭക്തിയുടെയും ആത്മീയ വളർച്ചയുടെയും മാസമെന്ന നിലയിൽ റമദാനിന്റെ സത്തയിലേക്കും പരിവർത്തന ശേഷിയിലേക്കും ഈ എഴുത്ത് മനോഹരമായി കടന്നുചെല്ലുന്നു.
വിശുദ്ധ മാസത്തിൽ വിശ്വാസികൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും ദൈവബോധവും സാമൂഹികമായ താളവും ഐക്യവും ലേഖനത്തിൽ എടുത്തുപറയുന്നു. മരുഭൂമി പോലെയുള്ള മനസ്സുകളെ പോലും ആർദ്രതയും കാരുണ്യവുമുള്ളതാക്കി മാറ്റാനുള്ള ഖുർആനിന്റെ പരിവർത്തന ശക്തിയെ ഊന്നിപ്പറയുന്നു. കേവലം ഓതിത്തീർക്കലല്ല, ഒഴിഞ്ഞിരുന്ന് ചിന്തിക്കാനുള്ള ഊർജം ആർജിക്കലാണ്. വിശ്വാസികൾക്ക് റമദാൻ നൽകുന്ന അനുഗ്രഹങ്ങളെയും ആത്മീയ വളർച്ചയ്ക്കുള്ള അവസരങ്ങളെയും ഓർമപ്പെടുത്തിയ ഈ ലേഖനം വായിച്ച് മതിയായില്ല.
ഫഹീമ പൊന്നാനി
ഈ വിജയം ഒരു ചൂണ്ടു പലക
ഹൈദരാബാദിലെ പ്രശസ്തമായ ഇഫ്ളു യൂനിവേഴ്സിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫ്രട്ടേണിറ്റി, ദലിത്, പിന്നാക്ക വിദ്യാർഥി സംഘടനകളുടെ വിജയം ഫാഷിസ്റ്റ് അക്രമ കലാലയ രാഷ്ട്രീയത്തിനെതിരെയുള്ള മുന്നറിയിപ്പാണ്. കലാലയങ്ങളെ വർഗീയതയുടെയും വംശീയതയുടെയും അക്രമത്തിന്റെയും ലൈംഗികാരാജകത്വത്തിന്റെയും വിളനിലമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന എ.ബി.വി.പി, എസ്.എഫ്.ഐ സംഘങ്ങളെ തൂത്തെറിഞ്ഞ് ദലിത് രാഷ്ട്രീയത്തിന്റെയും സാഹോദരത്തിന്റെയും കൂട്ടായ്മ കലാലയ രാഷ്ട്രീയം തിരിച്ചുപിടിക്കുന്ന ചേതോഹരമായ കാഴ്ചക്കാണ് ഇന്ത്യൻ കലാലയങ്ങൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. വർഗീയതയ്ക്കും അസമത്വത്തിനുമെതിരെ പോരാടുന്നുവെന്ന് അഭിമാനിക്കുന്ന എസ്.എഫ്.ഐയും മാതൃസംഘടനയായ സി.പി.എമ്മും വർഗീയതയ്ക്കും ഫാഷിസത്തിനും ശക്തിപകരുന്ന നീക്കങ്ങളാണ് പലപ്പോഴും നടത്തുന്നത്. അതാണ് സംഘ് പരിവാർ പിന്നീട് ആയുധമാക്കുന്നത്. അലൻ താഹാ കേസിലും പൂഞ്ഞാർ സംഭവത്തിലും ഇത് കണ്ടതാണ്. സംഘ് പരിവാർ പ്രതികളാകുന്ന കേസിൽ കുറ്റക്കാരെയെല്ലാം വെറുതെ വിടുന്ന രീതിയിൽ കേസുകൾ കൈകാര്യം ചെയ്യുന്നു. അവർ വാദികളാകുന്ന കേസിൽ പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്ന രീതിയിലാവും നടപടികൾ. ഇതെല്ലാം കണ്ടും കേട്ടും വളരുന്ന തലമുറ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് എസ്.എഫ്.ഐക്ക് ഇഫ്ളു യൂനിവേഴ്സിറ്റിയിലെ കുട്ടികൾ നൽകിയ തിരിച്ചടി.
ഷംസുദ്ദീൻ കായംകുളം
ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടേണ്ട പുസ്തകം
പല നിലക്കും ഏറെ സുപരിചിതനായ ജി. കെ എടത്തനാട്ടുകരയുടെ ഒരു പുസ്തകം ഈയിടെ വായിക്കാനിടയായി. പണ്ഡിതനും പത്ര പ്രവര്ത്തകനുമായ ഒ. അബ്ദുർറഹ്മാന് അവതാരിക എഴുതിയ 'എല്ലാം നല്ലതിനാണ്, സഫലമായ സത്യാന്വേഷണം' എന്ന ഈ പുസ്തകം വായിച്ചപ്പോഴാണ് ജി.കെയിലെ പ്രതിഭാധനനായ പ്രബോധകനെയും പണ്ഡിതനെയും മനസ്സിലാക്കിയത്. ഇസ് ലാമിക് പബ്ളിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിലുള്ള പല ഭാഗങ്ങളും 'പ്രബോധന'ത്തില് നേരത്തെ വന്നിട്ടുള്ളതാണ്. മതമല്ല മാറുന്നത്, മനമാണ് എന്ന വിശാല കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്ന പുസ്തകം, സൗഹൃദവും സഹിഷ്ണുതയും നിറയുന്ന വിഷയങ്ങളാൽ സമ്പന്നമാണ്.
പറയുന്നത് തന്റെ സത്യാന്വേഷണവും ജീവിത യാത്രയുമാണെങ്കിലും ഇസ് ലാമിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മുത്തുകള് വാരിയെടുത്ത് മാനവ കുലത്തിന് പകര്ന്നുനല്കുന്ന ചിത്രമാണ് അതിലുടനീളം കാണാന് കഴിയുന്നത്. സൗന്ദര്യമുള്ള ഇസ് ലാമിനെയാണ് ജി. കെ ഇവിടെ അനുവാചകര്ക്ക് പകര്ന്നു നല്കുന്നത്.
ഈ പുസ്തകം അറബിയിലേക്കും ഇംഗ്ലീഷിലേക്കും മറ്റു ലോക ഭാഷകളിലേക്കും മൊഴിമാറ്റം നടത്തിയാല് സത്യാന്വേഷികള്ക്ക് അതൊരു വഴികാട്ടിയും മുതൽക്കൂട്ടും റഫറന്സുമാകുമെന്നതിൽ സംശയമില്ല.
നസീര് പള്ളിക്കല്
98 47 50 27 70
സുതാര്യമല്ലാത്ത വ്യവഹാരങ്ങൾ
വളരെ പാവപ്പെട്ട ഒരു സഹോദരൻ ഒരു സൂപ്പർ മാർക്കറ്റിൽ നിക്ഷേപിച്ച പതിനായിരം രൂപ തിരിച്ചുകിട്ടാത്ത പ്രയാസം പങ്കുവെച്ചു. നടത്തിപ്പുകാരുമായി ബന്ധപ്പെട്ടപ്പോൾ അവർ തരില്ലെന്നും, അത്രയും സംഖ്യക്ക് സാധനങ്ങൾ വാങ്ങണമെന്നും ആണത്രേ പറയുന്നത്. തനിക്കെന്തിന് ഇത്രയധികം സാധനം, ആ പണം കിട്ടിയാൽ ബൈത്തുസ്സകാത്ത് ഫണ്ട് കൊണ്ട് തുടങ്ങിയ സ്വയം തൊഴിൽ പദ്ധതി ഒന്നുകൂടി വികസിപ്പിക്കാമായിരുന്നു.... അംഗ വൈകല്യമുള്ള സഹോദരൻ പറയുന്നു. സുസ്ഥിര വരുമാനമില്ലാത്തവർക്ക് സകാത്തിന്റെ ഫണ്ട് കൊടുത്ത് അവരെ സുസ്ഥിര വരുമാനം ഉള്ളവരാക്കണമെന്നും, കടം കൊണ്ട് വലയുന്നവരെക്കൊണ്ട് നിർബന്ധിച്ചു കടമെടുപ്പിച്ച് അവരെ കൂടുതൽ കടക്കാരാക്കാൻ പാടില്ലെന്നും ഇമാമുകളെയും പണ്ഡിതന്മാരെയും ഉദ്ധരിച്ച്, പ്രബോധനം ലക്കം 44-ലെ 'സുസ്ഥിര വരുമാനത്തിന് സകാത്തിന്റെ സാധ്യതകൾ' എന്ന ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ടല്ലോ. അയൽക്കൂട്ട അംഗങ്ങളായ പാവപ്പെട്ടവർക്ക് പതിനായിരം രൂപ ലോൺ കൊടുത്തു, ആ സംഖ്യ സൂപ്പർ മാർക്കറ്റിൽ നിക്ഷേപിക്കുന്നു, ഇത് ശരിയല്ലെന്ന് ലേഖനത്തിൽനിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
ഉമർ മാറഞ്ചേരി
Comments