Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 26

3349

1445 ശവ്വാൽ 17

ആശക്കും ആശങ്കക്കുമിടയില്‍ സര്‍വേ റിപ്പോര്‍ട്ടുകള്‍

എ.ആർ

ഏപ്രില്‍ 19 മുതല്‍ ജൂൺ ഒന്ന് വരെ ഷെഡ്യൂള്‍ ചെയ്യപ്പെട്ട പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ദേശ വ്യാപകമായ പ്രചാരണം ഉച്ചസ്ഥായിയിലെത്തിനില്‍ക്കെ നിരവധി സര്‍വേകളും അഭിപ്രായ വോട്ടെടുപ്പുകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നു. പലതും ഇലക്്ഷന്‍ പോരിൽ  മുഖ്യ കക്ഷികളായ എന്‍.ഡി.എക്കും ഇന്‍ഡ്യ മുന്നണിക്കും അനുകൂലമായി അവരുടെ തന്നെ പരോക്ഷ പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്നതായതുകൊണ്ട് സ്വതന്ത്രമോ നിഷ്പക്ഷമോ, അതിനാല്‍ തന്നെ ആധികാരികമോ അല്ല. ഒട്ടൊക്കെ വിശ്വാസ്യത അവകാശപ്പെടാവുന്ന ഏജന്‍സികളുടെ താരതമ്യേന സ്വതന്ത്രമായ ഗ്യാലപ്പ് പോള്‍ ഫലങ്ങളുമുണ്ട് കൂട്ടത്തില്‍. പക്ഷേ, ഇലക്്ഷന്‍ പ്രചാരണ രംഗത്തെ ചിത്രം മാറി മാറിവരുന്നതിനാല്‍ ഓരോ ഘട്ടത്തിലുള്ള സര്‍വേ ഫലങ്ങളും ഭിന്നമാണെന്ന കാര്യവും ശ്രദ്ധേയമാണ്. ഇന്ത്യയെപ്പോലെ ലോകത്തേറ്റവും വലിയ ജനാധിപത്യ രാജ്യത്ത് 97 കോടി സമ്മതിദായകരില്‍ ലക്ഷം പേരുടെ പോലും അഭിപ്രായമാരായുക അപ്രായോഗികമാണെന്നിരിക്കെ ഒപീനിയന്‍ പോളുകളുടെ ആധികാരികത എന്തുമാത്രം അവലംബാര്‍ഹമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇവ്വിധത്തിലെ എല്ലാ പരിമിതികളും പരിഗണിച്ചുകൊണ്ടുതന്നെ ചില ഒപീനിയന്‍ പോളുകള്‍ സാമാന്യമായി ശ്രദ്ധിക്കപ്പെടാറുണ്ട്. അതിലൊന്നാണ് ദ ഹിന്ദു മൂന്ന് ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ച സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിംഗ് സൊസൈറ്റീസ് (സി.എസ്.ഡി.എസ്- ലോക് നീതി) 19 സംസ്ഥാനങ്ങളിലെ 10,019 പേരില്‍നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി തയാറാക്കിയ സര്‍വേ റിപ്പോര്‍ട്ട്. പോളിംഗ് ആരംഭിക്കുന്നതിന്റെ മൂന്നാഴ്ച മുമ്പ് നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഇപ്പോഴും എന്‍.ഡി.എക്ക് തന്നെ ഭരണത്തുടര്‍ച്ച പ്രവചിക്കുന്നു; പ്രധാനമന്ത്രി പദവയില്‍ നരേന്ദ്ര മോദി തന്നെ സ്വീകാര്യനായും തുടരുന്നു. ഇന്‍ഡ്യ മുന്നണിയെക്കാള്‍ 12 പോയിന്റ് മുന്നിലാണ് എന്‍.ഡി.എ. 48 ശതമാനവും മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ രാഹുല്‍ ഗാന്ധിയെ പകരക്കാരനായി കാണുന്നവര്‍ 27 ശതമാനമാണ്. അരവിന്ദ് കെജ്രിവാള്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ് എന്നിവര്‍ക്ക് മൂന്ന് ശതമാനം വീതം പിന്തുണയാണ് അഭിപ്രായ വോട്ടെടുപ്പില്‍. എന്‍.ഡി.എ പൊതുവിലും ബി.ജെ.പി വിശേഷിച്ചും നരേന്ദ്ര മോദിയുടെ ഊതിവീര്‍പ്പിച്ച വ്യക്തിത്വത്തെ മാത്രം ദേശവ്യാപകമായി അവതരിപ്പിക്കുകയും മോദി കാ ഗ്യാരണ്ടി അദ്ദേഹം തന്നെ സാമാന്യ മുദ്രാവാക്യമായി കൊണ്ടുനടക്കുകയും ചെയ്യുമ്പോള്‍ ഈ സര്‍വേ ഫലം മറ്റൊന്നായിരിക്കാന്‍ തരമില്ലല്ലോ. പക്ഷേ, മോദി കാ ഗ്യാരണ്ടി പണ്ടത്തെപ്പോലെ ഫലിക്കുന്ന ലക്ഷണമില്ലെന്ന് ബി.ജെ.പിയുടെ ആഭ്യന്തര സര്‍വേയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്ന സാഹചര്യത്തില്‍ വീണ്ടും പഴയ രാമക്ഷേത്രത്തിലേക്കും ഹിന്ദുത്വ വൈകാരിക സിംബലുകളിലേക്കും ഉന്നത തല നേതൃചര്‍ച്ചകള്‍ വഴിമാറുന്നതായാണ് ഇതെഴുതുമ്പോള്‍ ലഭിക്കുന്ന സൂചനകള്‍. ഏപ്രില്‍ 14-ന് മോദിയും സംഘവും പുറത്തിറക്കിയ പ്രകടന പത്രികയില്‍, കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പ് നല്‍കുന്ന ഭരണഘടന 370-ാം വകുപ്പ് റദ്ദാക്കിയതും രാമക്ഷേത്രം പണിതതുമാണ് മുഖ്യ ഭരണ നേട്ടങ്ങളില്‍ എടുത്തുപറയുന്നത്. അന്താരാഷ്ട്ര രാമോത്സവം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. അതേസമയം തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ രൂക്ഷതരമായ പ്രശ്‌നങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന മാനിഫെസ്റ്റോ എന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. യഥാര്‍ഥ ജനകീയ പ്രശ്‌നങ്ങളില്‍നിന്നുള്ള ഭരണപക്ഷത്തിന്റെ ഒളിച്ചോട്ടമായി വലിയ വിഭാഗം ജനങ്ങള്‍ കരുതുന്നു. നടേ സൂചിപ്പിച്ച സി.എസ്.ഡി.എസ് സര്‍വേയില്‍ പങ്കെടുത്തവരിൽ  62 ശതമാനവും, തൊഴിലില്ലായ്മയാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമായി എടുത്തുകാട്ടുന്നത്. മുസ്്‌ലിംകളും ദലിതുകളുമാവട്ടെ 67 ശതമാനമാണ് തൊഴിലില്ലായ്മയുടെ ഇരകള്‍. തൊഴിലില്ലായ്മയും വിലക്കയറ്റവും സാധാരണക്കാരന്റെ വരുമാനത്തിലുണ്ടായ ഇടിവുമാണ് ജനപ്രീതി 2019-നെ അപേക്ഷിച്ച്  ഗണ്യമായി കുറയാന്‍ കാരണമെന്ന് സർവേ വ്യക്തമാക്കുന്നുണ്ട്. സാമ്പത്തിക ഞെരുക്കത്തിന്റെ സൂചന നല്‍കി ഇന്ത്യയിലെ കുടുംബങ്ങളുടെ കടബാധ്യതയില്‍ വന്‍ വര്‍ധനയെന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ മോത്തിലാല്‍ ഓസ്്വാൾ  പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയതും ഇതോടു ചേര്‍ത്തുവായിക്കണം. 2022-23 സാമ്പത്തിക വര്‍ഷം കുടുംബ സമ്പാദ്യം ജി.ഡി.പിയുടെ 5.1 ശതമാനമായി കുറഞ്ഞതായി കഴിഞ്ഞ സെപ്റ്റംബറില്‍ റിസര്‍വ് ബാങ്ക് കണക്കാക്കിയിരുന്നു. 47 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തൊഴിലില്ലായ്മയും വിലക്കയറ്റവും മൊത്തം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളാണെങ്കിലും നടേ സൂചിപ്പിച്ച പോലെ ദലിതുകളും മുസ്്‌ലിം ന്യൂനപക്ഷവുമാണ് പ്രശ്‌നത്തിന്റെ ഏറ്റവും മോശപ്പെട്ട ഇരകള്‍. അമ്പത് വര്‍ഷത്തെ മുസ്്‌ലിം സ്ഥിതി സമഗ്രമായി പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് രജീന്ദർ സച്ചാര്‍ സമിതി ചൂണ്ടിക്കാട്ടിയ വസ്തുത തന്നെയാണിത്. എന്നല്ല, പട്ടിക ജാതി-പട്ടിക വര്‍ഗങ്ങളെക്കാള്‍ മോശമായ സാമൂഹിക-സാമ്പത്തിക സ്ഥിതിയാണ് മുസ്്‌ലിംകളിലെ ഏറ്റവും പാവപ്പെട്ട അർദലുകളുടേതെന്ന് സ്ഥിതി വിവരക്കണക്കുകള്‍ ഉദ്ധരിച്ച് സച്ചാര്‍ വെളിപ്പെടുത്തുകയുണ്ടായി. പിന്നെ എങ്ങനെയാണ് ജീവിതമെന്ന വെല്ലുവിളിയെ അവര്‍ നേരിടുന്നതെന്ന് ചോദിച്ചാല്‍ സ്വന്തമായി തൊഴിലുകള്‍ കണ്ടെത്തി  ജീവിച്ചുപോരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അത് യു.പി. എ ഭരണകാലത്തെ റിപ്പോര്‍ട്ടും അതേവരെയുള്ള വസ്തുതകളുടെ വെളിച്ചത്തിലെ വിശകലനവുമാണ്. 2014-ല്‍ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ ബ്രിഗേഡ് അധികാരത്തിലേറിയ ശേഷം സ്ഥിതി പൂര്‍വാധികം ദയനീയമാവുകയാണ് ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസപരമായ ആനുകൂല്യങ്ങള്‍ ഒന്നൊന്നായി എടുത്തുകളഞ്ഞും സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നിഷേധിച്ചും പലവിധ നിയമലംഘനങ്ങള്‍ ആരോപിച്ച് പുരയിടങ്ങള്‍ വരെ തകര്‍ത്തെറിഞ്ഞും കുടുംബ നാഥന്മാരെ കരിനിയമങ്ങള്‍ ഉപയോഗിച്ച് ജയിലിലടച്ചും മാംസ വ്യാപാരം പോലുള്ള പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിരോധമേര്‍പ്പെടുത്തിയും, ഭൂരിപക്ഷ സമുദായക്കാര്‍ താമസിക്കുന്നിടങ്ങളില്‍നിന്ന് കലാപങ്ങളിലൂടെയും മറ്റു വിധത്തിലും ആട്ടിയോടിച്ചും മുസ്്‌ലിം ന്യൂനപക്ഷത്തിനു നേരെ അരങ്ങേറിക്കൊണ്ടിരിക്കുന്ന അത്യാചാരങ്ങളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍നിന്ന് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമസഭകളിലോ പാര്‍ലമെന്റിലോ ഈ ദുഃസ്ഥിതിയിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കാന്‍ മുസ്്‌ലിം എം.എല്‍.എമാരോ എം.പിമാരോ ഉണ്ടാവരുതെന്ന് ഹിന്ദുത്വര്‍ തീരുമാനിച്ചതിനാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ പോലും വിരലിലെണ്ണാവുന്ന ഒറ്റുകാരല്ലാതെ മറ്റാരും സ്ഥലം പിടിക്കാറില്ല. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സാമാന്യമായി തല്‍സ്ഥിതി തുടരുന്നു. ഭരണഘടന അനുവദിക്കുന്ന വിദ്യാഭ്യാസ പരിരക്ഷക്ക് വിധേയമായി മുസ്്‌ലിം സംഘടനകള്‍ സ്ഥാപിച്ച് നടത്തിവരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബഹുഭൂരിപക്ഷത്തിനും എഫ്.സി.ആര്‍.എ നിഷേധിച്ചും, യു.പിയിലേതുപോലെ മദ്‌റസകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടിയും മുസ്്‌ലിം മുക്ത ഭാരതം സ്ഥാപിച്ചെടുക്കാനുള്ള നടപടികളാണ് പൂര്‍വാധികം വാശിയോടെ തുടരുന്നത്. എല്ലാറ്റിനും പുറമെ ലൗ ജിഹാദ് പോലുള്ള വ്യാജ പ്രചാരണങ്ങളിലൂടെ മുസ്്‌ലിം ന്യൂനപക്ഷത്തെ മാനസികമായി തളര്‍ത്താനും തകര്‍ക്കാനുമുള്ള നീക്കങ്ങളും മുറക്ക് തുടരുന്നു. കശ്മീര്‍ ഫയല്‍സും കേരള സ്റ്റോറിയും ഉദാഹരണങ്ങള്‍ മാത്രം. സി.എ.എ പോലുള്ള നിയമ നിര്‍മാണങ്ങളിലൂടെ മുസ്്‌ലിം പൗരത്വം പോലും ചോദ്യചിഹ്നമാക്കുന്ന നടപടികള്‍ സംഘ് പരിവാറിനെ സംബന്ധിച്ചേടത്തോളം വോട്ട് മൊത്തമായി നേടിയെടുക്കാനുള്ള പരിപാടികളാണ്. ഉത്തരേന്ത്യന്‍ ഹൈന്ദവ സമൂഹത്തില്‍ വലിയൊരു വിഭാഗത്തെ ഇതുമൂലം വൈകാരികമായി സ്വാധീനിക്കാനാവുമെന്ന വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ് ഒപീനിയന്‍ സര്‍വേ ഫലങ്ങള്‍.
അതേസമയം ഇന്‍ഡ്യ മുന്നണിയുടെ രംഗപ്രവേശവും കടുത്ത പ്രയാസങ്ങളും പ്രതിബന്ധങ്ങളും മറികടന്നുള്ള പ്രചാരണവും മതനിരപേക്ഷ ജനാധിപത്യ ശക്തികളെയും ന്യൂനപക്ഷങ്ങളെയും അനുകൂലമായി സ്വാധീനിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഒരളവോളം പ്രതീക്ഷക്ക് വക നല്‍കുന്നതാണ്. മുന്‍ സൂചിപ്പിച്ച സര്‍വേ ഫലങ്ങള്‍ അത് സ്ഥിരീകരിക്കുകയും ചെയ്യുന്നു. രാജസ്ഥാന്‍, ഹരിയാന, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങളില്‍ മോദി- അമിത് ഷാ കൂട്ടുകെട്ട് കിതക്കുന്നതായ റിപ്പോര്‍ട്ടുകള്‍ അവഗണിക്കപ്പെടേണ്ടതല്ല. ദല്‍ഹി മുഖ്യമന്ത്രിയും ആപ് നായകനുമായ കെജ്രിവാളിന്റെയും പ്രധാന സഹപ്രവര്‍ത്തകരുടെയും അറസ്റ്റ്, തിരിച്ചടിയെക്കുറിച്ച ബി.ജെ.പിയുടെ ഭീതിയിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ഇ.ഡിയെയും മറ്റു സ്റ്റേറ്റ് ഏജൻസികളെയും വേട്ട മൃഗങ്ങളാക്കിയുള്ള നടപടിക്ക് പിന്നില്‍ അധികാരം എന്തു വില കൊടുത്തും നിലനിര്‍ത്തിയില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന ഭീതിയാണെന്നേ കരുതാനാവൂ. ചുരുക്കത്തില്‍, ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹിക നീതിയും ഇന്ത്യാ മഹാരാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ തീവ്ര ഹിന്ദുത്വത്തിന്റെ ആത്യന്തിക പേക്കൂത്തുകള്‍ക്കെതിരെ പ്രബുദ്ധ ജനസമൂഹം ഒറ്റക്കെട്ടായും അതിസാഹസികമായും വിധിയെഴുതിയേ തീരൂ. അല്ലെങ്കില്‍ 140 കോടി വരുന്ന ജനത മോദി ചക്രവര്‍ത്തിയുടെ സമഗ്രാധിപത്യം പുലരുന്ന രാമരാജ്യത്തിലെ പ്രജ കളായി മാറും. അത്തരമൊരു സ്ഥിതിവിശേഷം സഹസ്രാബ്ദങ്ങൾ പിന്നിലേക്ക് രാജ്യത്തെ കൊ ണ്ടുപോവുകയും ചെയ്യും. l

Comments