ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ കാണാപ്പുറങ്ങൾ
ദമസ്കസിലെ ഇറാനിയൻ കോൺസുലേറ്റിലെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഇസ്രയേൽ വധിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ചതാണ് ഇറാൻ തിരിച്ചടിക്കുമെന്ന്. അതിന് പല കാരണങ്ങളുണ്ട്. ഇരു രാജ്യങ്ങളും ചുവന്ന വരകൾ മറികടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയാണ് അതിൽ പ്രധാനം. ഇറാന്റെ ഒരു നയതന്ത്ര കാര്യാലയത്തെ ഉന്നംവെച്ചുകൊണ്ട് ചുവന്ന വര മുറിച്ചുകടക്കുകയാണ് ഇത്തവണ ഇസ്രയേൽ ചെയ്തത്. ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ ചരിത്രം പരിശോധിച്ചാൽ നിയന്ത്രിത ആക്രമണങ്ങളേ ഇരുപക്ഷവും ഇതു വരെ നടത്തിയിട്ടുള്ളൂ എന്നു കാണാം. ആ കീഴ്്വഴക്കം ഇസ്രയേൽ ലംഘിച്ചപ്പോൾ ഇറാന്റെ തിരിച്ചടിയും സമാനസ്വഭാവത്തിലുള്ളതായി. ആക്രമണ പ്രത്യാക്രമണങ്ങളുടെ ബാലൻസ് നിലനിർത്തുന്നതിന് വേണ്ടിയാണിത്. ഇറാൻ സ്വന്തം മണ്ണിൽനിന്ന് ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നത് ഇതാദ്യമായാണ്. തങ്ങളുടെ നിയന്ത്രണത്തിലുള്ള ലബനാൻ, സിറിയ, ഇറാഖ്, യമൻ എന്നീ അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇതു വരെ ഇറാൻ തിരിച്ചടികൾ നൽകിക്കൊണ്ടിരുന്നത്. ഇതു വരെ നടന്നുവന്നിരുന്ന ബിനാമികളെ വെച്ചുള്ള പോരാട്ടം നേർക്കു നേരെയുള്ള പോരാട്ടമായി പരിണമിക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം.
നെതന്യാഹു ഇസ്രയേലിനകത്ത് ദുർബലനായിത്തീർന്നതും, അമേരിക്കയുമായി അയാൾ ഉരസിക്കൊണ്ടിരിക്കുന്നതും, ഗസ്സ യുദ്ധത്തിൽ അയാൾ തളർന്നതുമൊക്കെയാവാം നേരിട്ടുള്ള ആക്രമണത്തിന് ഇറാനെ ധൈര്യപ്പെടുത്തിയിട്ടുണ്ടാവുക. ഈ സന്ദർഭത്തിൽ ഇറാനുമായി മറ്റൊരു യുദ്ധമുഖം തുറക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുണ്ടാവില്ല. തെക്കൻ ലബനാനിൽനിന്നും ജൂലാനിൽനിന്നുമൊക്കെ അപ്പോൾ കടന്നാക്രമണം പ്രതീക്ഷിക്കണം. നേരിട്ടുള്ള ആക്രമണം രാഷ്ട്രീയമായും ഇറാന് വിജയമാണ്. ഫലസ്ത്വീനികളുടെ പ്രതിരോധത്തിന്റെ മുഖ്യ പിൻബലം തങ്ങളാണെന്ന് വിശ്വസിപ്പിക്കാൻ ഇതു വഴി ഇറാന് സാധിക്കുന്നുണ്ട്. ഇനി പ്രതികാരമായി ഇസ്രയേൽ ഇറാനിയൻ ഭൂമി ആക്രമിച്ചാൽ ഇരുപക്ഷവും തമ്മിലുള്ള നിയന്ത്രിത ആക്രമണ പ്രത്യാക്രമണ പതിവ് രീതികൾ തെറ്റും. നില വഷളായാൽ അത് വീണ്ടും സാധാരണ നിലയിലെത്തിക്കാൻ വളരെ പ്രയാസപ്പെടേണ്ടിവരും.
ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പ്രത്യാഘാതങ്ങളെ പല നിലയിൽ നോക്കിക്കാണാം. ഗസ്സ യുദ്ധത്തിൽ ഇത് എന്തു മാറ്റമുണ്ടാക്കും എന്നതാണ് ഒന്നാമത്തത്. ഫലസ്ത്വീൻ പ്രശ്നത്തെ മൊത്തത്തിൽ ഇത് എങ്ങനെ ബാധിക്കും? അറബ് ലോകത്ത് അത് എന്തൊക്കെ അനുരണനങ്ങൾ ഉണ്ടാക്കും? പല യുദ്ധമുഖങ്ങൾ തുറക്കപ്പെടാൻ സാധ്യതയുള്ള ഒരു ഏറ്റുമുട്ടലിന്റെ തുടക്കമാവുമോ ഇത്? അല്ലെങ്കിൽ പണ്ടത്തെപ്പോലെ നിയന്ത്രിത ആക്രമണ പ്രത്യാക്രമണത്തിലേക്ക് ഇരു കക്ഷികളും തിരിച്ചുപോകുമോ?
ഗസ്സ യുദ്ധത്തിന്റെ കാര്യത്തിലാണെങ്കിൽ, ഇസ്രയേലിനെതിരെ ഇറാൻ നടത്തുന്ന ഓരോ ആക്രമണവും, കേവലം പ്രതീകാത്മകം മാത്രമായിരുന്നാൽ പോലും അത് ഗസ്സക്കാർക്ക് അനുകൂലമായാണ് ഭവിക്കുക. ഇസ്രയേൽ അടിച്ചേൽപ്പിക്കുന്ന യുദ്ധ ഭാരത്തെ അത് ഏതെങ്കിലും തരത്തിൽ ലഘൂകരിക്കുന്നുണ്ട്. ഇറാൻ - ഇസ്രയേൽ സംഘർഷത്തിന്റെ ഒന്നാം ദിവസം തന്നെ ആ ലഘൂകരണം ഗസ്സക്കാർക്ക് അനുഭവിക്കാനായി. ദമസ്കസിലെ ഇറാനിയൻ കോൺസുലേറ്റിൽ ആക്രമണം നടത്തിയ ഉടനെത്തന്നെ വലിയൊരു വിഭാഗം സൈന്യത്തെ ഇസ്രയേൽ ഗസ്സയിൽനിന്ന് പിൻവലിക്കുകയുണ്ടായി. ലബനാനുമായും സിറിയയുമായും അതിർത്തി പങ്കിടുന്ന വടക്കൻ മേഖലയിലേക്കാണ് മുൻകരുതൽ എന്ന നിലക്ക് ആ സൈനികരെ കൊണ്ടുവന്നത്. ഇറാനുമായി നേരിട്ട് ഏറ്റുമുട്ടലുണ്ടായാൽ ഗസ്സയിലെ യുദ്ധം നിർത്തിവെക്കാൻ ഇസ്രയേൽ നിർബന്ധിതമായേക്കും.
തെക്ക് ഗസ്സയിലും വടക്ക് ലബനാനിലും ജൂലാനിലും ഒരേസമയം യുദ്ധം ചെയ്യുന്നത് ഒഴിവാക്കാൻ അതേ മാർഗമുണ്ടാവൂ. ആ യുദ്ധം തുടങ്ങിയാൽ അത് നിർത്താൻ അമേരിക്കൻ സമ്മർദവുമുണ്ടാവും. കാരണം, ആർക്കും ഒരു നിയന്ത്രണവുമില്ലാത്ത സ്ഫോടനാത്മകമായ നിലയിലേക്ക് അത് മേഖലയെ എത്തിക്കുമെന്ന് അമേരിക്കക്ക് അറിയാം. ഗസ്സ യുദ്ധത്തിൽ ഇസ്രയേലിനൊപ്പം പങ്കാളിയായ അമേരിക്കയുടെ റേറ്റിംഗ് ഇപ്പോൾ തന്നെ ഏറ്റവും താഴെയാണ്. ഇസ്രയേൽ യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ ഫലസ്ത്വീനിയൻ പ്രതിരോധ പ്രസ്ഥാനങ്ങളെ ഇറാൻ ആയുധങ്ങളും സാങ്കേതികവിദ്യകളും നൽകി സഹായിക്കും. ഇസ്രയേലിനെ അടിക്കാനുള്ള വടിയായി അത് ഉപയോഗിക്കും. പ്രതിരോധ പ്രസ്ഥാനങ്ങൾ പതിൻമടങ്ങ് ശക്തിപ്പെടും എന്നതായിരിക്കും ഇതിന്റെ സ്വാഭാവിക ഫലം.
മൊത്തം ഫലസ്ത്വീൻ പ്രശ്നത്തിലും ഇറാൻ - ഇസ്രയേൽ യുദ്ധം അനുകൂല ഘടകമായിരിക്കും. ഇസ്രയേൽ എന്ന കൊളോണിയൽ കുടിയേറ്റ സമൂഹത്തിനെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും മൂർച്ചയേറിയ ആയുധം, ആ സമൂഹത്തിൽ ഭീതിയും ഉത്കണ്ഠയും പരത്തുക എന്നതാണ്. ഇസ്രയേലിൽ ഇറാൻ നടത്തിയ ആക്രമണത്തോടെ കടുത്ത ഭീതിയിലകപ്പെട്ടിരിക്കുന്നു ആ കുടിയേറ്റ സമൂഹം. ഇറാന്റെ ആക്രമണത്തെ വില കുറച്ചു കാണുന്നവർ മനശ്ശാസ്ത്ര യുദ്ധത്തെക്കുറിച്ച് പിടിപാടില്ലാത്തവരാണ്. ഇസ്രയേലി സമൂഹം എത്തിപ്പെട്ട ശൈഥില്യത്തെക്കുറിച്ചും അവർക്ക് ധാരണ കാണില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് വന്നുചേർന്നവരാണ് ഇസ്രയേലി സമൂഹം എന്നു പറയുന്നത്. ഇവരിൽ അധിക പേർക്കും ഇരട്ട പൗരത്വമുണ്ട്. ഇസ്രയേലിൽ സമാധാനവും സുരക്ഷിതത്വവും ഇല്ലെന്ന് വന്നാൽ തങ്ങൾക്ക് പൗരത്വമുള്ള പഴയ നാട്ടിലേക്ക് അവർ തിരിച്ചുപോകും.
സയണിസ്റ്റ് പ്രോജക്ടിന്റെ അന്ത്യമായിരിക്കും അതോടെ സംഭവിക്കുക. ഇറാനിയൻ കോൺസുലേറ്റ് ആക്രമിച്ചതു മുതൽ ഇസ്രയേലി സമൂഹം കടുത്ത ഭീതിയിലാണെന്ന് ഇസ്രയേലി പത്രമായ ജറൂസലം പോസ്റ്റ് എഴുതുന്നു. ഇസ്രയേൽ പൗരൻമാർ പണം ബാങ്കിൽനിന്ന് പിൻവലിക്കുന്നതായും വെള്ളം ധാരാളമായി സംഭരിച്ചുവെക്കുന്നതായും എല്ലാ തരത്തിലുമുള്ള വൈദ്യുതി ജനറേറ്ററുകൾ വാങ്ങിക്കൂട്ടുന്നതായും പത്രം തുടർന്നെഴുതുന്നു. ഇത് ഭീതിയും ഉത്കണ്ഠയും പടരുന്നതിന്റെ ലക്ഷണമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് തെൽ അവീവ് യൂനിവേഴ്സിറ്റി ഇറാനിയൻ പഠന വിഭാഗം ഒരു അഭിപ്രായ സർവെ നടത്തിയിരുന്നു. ഹാരെറ്റ്സ് പത്രം സർവെ ഫലം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇറാൻ അണുവായുധം നിർമിച്ചുകഴിഞ്ഞാൽ തങ്ങൾ ഇസ്രയേൽ വിടുമെന്നാണ് സർവെയിൽ പങ്കെടുത്ത നാലിലൊന്ന് പേരും പറഞ്ഞത്.
ഇനി അറബ് മേഖലക്ക്, പ്രത്യേകിച്ച് ചെങ്കടലിന്റെയും മധ്യധരണ്യാഴിയുടെയും കിഴക്കുള്ള അറബ് രാജ്യങ്ങൾക്ക് അവർ എന്തു നിലപാടെടുത്താലും ഇറാൻ - ഇസ്രയേൽ യുദ്ധത്തിന്റെ കെടുതികളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. രണ്ടു തരം രാജ്യങ്ങളാണ് ഇവിടെയുള്ളത്. ഇറാനുമായി സഖ്യത്തിലുള്ള, ഫലസ്ത്വീനികൾക്ക് പിന്തുണ നൽകുന്ന രാജ്യങ്ങളാണ് ആദ്യ വിഭാഗം.
ഇസ്രയേലുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ശ്രമിക്കുന്നവയാണ് രണ്ടാം വിഭാഗം രാജ്യങ്ങൾ. ഇറാന്റെയും സഖ്യകക്ഷികളുടെയും പ്രതികാര നടപടികളിൽനിന്ന് രണ്ടാം ഇനത്തിൽ പെട്ട രാജ്യങ്ങൾ സുരക്ഷിതമായിരിക്കില്ല. അതിലൊരു രാജ്യത്തിന് ഇറാൻ ഈയിടെ മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളുള്ള അറബ് രാജ്യങ്ങൾ തങ്ങളുടെ മണ്ണിലും യുദ്ധമുഖം തുറക്കപ്പെടുമോ എന്ന് ന്യായമായും ആശങ്കിക്കുന്നുണ്ട്. ഇറാനോട് ചേർന്നുകിടക്കുന്ന, എന്നാൽ ഇസ്രയേലിനോട് വിധേയത്വം പുലർത്തുന്ന രാജ്യങ്ങൾക്കായിരിക്കും യുദ്ധച്ചൂട് കൂടുതൽ സഹിക്കേണ്ടി വരിക.
ഇസ്രയേലുമായി നേരിട്ടുള്ള യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ലെന്നാണ് അവരുടെ പ്രസ്താവനകളിൽനിന്ന് മനസ്സിലാവുന്നത്. ഇസ്രയേലിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് ഇനിയുള്ള കാര്യങ്ങൾ രൂപപ്പെടുക. ഒരു കാര്യം നമുക്ക് ഉറപ്പിച്ചു പറയാം. 2023 ഒക്ടോബർ 7 പോലെ 2024 ഏപ്രിൽ 13-ഉം ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ഇസ്രയേലിന് കനത്ത തിരിച്ചടിയേറ്റ ദിവസങ്ങളായി ചരിത്രം അവയെ രേഖപ്പെടുത്തും. ഇസ്രയേലിന് ഈ ആക്രമണങ്ങൾ എത്ര നഷ്ടമുണ്ടാക്കി എന്ന് നോക്കിയല്ല ആ ദിവസങ്ങളെ വിലയിരുത്തേണ്ടത്. സയണിസ്റ്റുകളുടെ ആത്മവിശ്വാസത്തെയും അവരുടെ പ്രോജക്ടിനെയും അത്രയധികം കുലുക്കിക്കളഞ്ഞിട്ടുണ്ട് ഈ രണ്ട് സംഭവങ്ങളും. കുടിയേറ്റ ജനതയിൽ ഭയവും അങ്കലാപ്പും അവ വല്ലാതെ കൂട്ടിക്കളഞ്ഞിട്ടുണ്ട്. യുദ്ധം അവസാന വിശകലനത്തിൽ മനോബലങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണല്ലോ. l
(ഖത്തർ യൂനിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര വിഷയങ്ങളിൽ അധ്യാപകനാണ് ലേഖകൻ)
Comments