Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

عن المِقْدَام بن مَعْدِي كَرِبَ رَضِيَ اللهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوُل: مَا مَلَأََ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنِهِ ، بِحَسْبِ ابْنِ آدَمَ أُكُلاتٍ يُقِمْنِ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعامِهِ ، وَثُلُثٌ لِشَرَا بِهِ ، وَثُلُثٌ لِنَفَسِهِ  (التِّرْمِذِي)

മിഖ്ദാമുബ്നു മഅ്ദീ കരിബ(റ) യിൽനിന്ന്. റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു: "തന്റെ വയറിനെക്കാൾ ഉപദ്രവകരമായ ഒരു പാത്രവും മനുഷ്യൻ നിറക്കുന്നില്ല. ആദമിന്റെ പുത്രന് അവന്റെ മുതുക് നിവരുവാൻ വേണ്ട അൽപ്പം അന്നം മതി. ഇനി അനിവാര്യമാണെങ്കിൽ ഭക്ഷണത്തിന് മൂന്നിലൊന്നും പാനീയത്തിന് മൂന്നിലൊന്നും ശ്വസനവായുവിന് മൂന്നിലൊന്നും ആവാം" (തിർമിദി).

അമിതാഹാരത്തിന്റെ ദൂഷ്യത്തിലേക്കാണ് ഹദീസ് വിരൽ ചൂണ്ടുന്നത്. വയർ നിറച്ച് ഭക്ഷണം കഴിക്കുന്നതിനെ റസൂൽ വിലക്കുന്നു. വയറിന്റെ മൂന്നിലൊന്നേ ആഹരിക്കാവൂ എന്ന് ഉപദേശിക്കുന്നു. വിശുദ്ധ ഖുർആനും അമിതാഹാരം അരുതെന്ന് ഉണർത്തിയിട്ടുണ്ട്.

"നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിത വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല" (7: 31).

എല്ലാ വൈദ്യശാസ്ത്ര തത്ത്വങ്ങളുടെയും അടിത്തറയാണ് ഈ ഹദീസെന്ന്  ഇബ്നു റജബ് (റ) പറയുകയുണ്ടായി. സ്വഹാബികളും ഈ വിഷയത്തിൽ വളരെ കണിശത പുലർത്തിയിരുന്നതായി കാണാം.

ഉമർ (റ) പറഞ്ഞു: "വയർ നിറയെ തിന്നുന്നത് വർജിക്കുക. അത് ജീവിതത്തിന് ഭാരവും മരണത്തിന് ദുർഗന്ധവുമാണ്."

നാഫിഅ് (റ) പറയുന്നു: "ഇബ്നു ഉമർ (റ) ഒരഗതിയെ കൂടക്കൂട്ടാതെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിനം ഞാനൊരാളെ അദ്ദേഹത്തിന്റെ കൂടെ ഭക്ഷണം കഴിക്കാനായി വിട്ടു. അയാൾ ധാരാളം കഴിച്ചു. ഇബ്നു ഉമർ പറഞ്ഞു: "നാഫിഅ്, ഇയാളെ ഇനിയൊരിക്കലും എന്റെയടുത്തേക്ക് വിടരുത്. നബി (സ) ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: സത്യവിശ്വാസി ഒരു ആമാശയത്തിൽ ഭക്ഷിക്കുന്നു. ഒരു അവിശ്വാസി ഏഴ് ആമാശയങ്ങളിൽ ഭക്ഷിക്കുന്നു"  (ബുഖാരി, മുസ്‌ലിം).

ഇതിനെ വിശദീകരിച്ച്  ഇമാം നവവി എഴുതി: "ഈ ഹദീസിന്റെ ഉദ്ദേശ്യം ഭൗതിക ഭ്രമത്തെ കുറക്കുക എന്നതാണ്. വിരക്തിയെയും മിതത്വത്തെയും പ്രോത്സാഹിപ്പിക്കുന്നതാണീ വചനം. ഭക്ഷണം പരിമിതമാക്കൽ ഒരാളുടെ സൽസ്വഭാവത്തിന്റെ സാക്ഷ്യമാണ്. അമിതാഹാരം അതിന് വിരുദ്ധമാണ്. തന്റെ കൂടെയിരുന്ന് ഭക്ഷിച്ചയാളെക്കുറിച്ച് ''ഇയാളെ ഇനിയൊരിക്കലും എന്റെയടുത്തേക്ക് വിടരുത്" എന്ന് പറയാൻ കാരണം അവിശ്വാസികളുടെ സ്വഭാവത്തോട് സാമ്യതയുള്ളതുകൊണ്ടാണ്. അത്തരക്കാരോട് അനിവാര്യ ഘട്ടങ്ങളിലല്ലാതെ സഹവസിക്കുന്നത് നല്ലതല്ല. മറ്റുള്ളവരുടെ അന്നം തടസ്സപ്പെടാനും അമിതാഹാരം ഇടയാക്കാറുണ്ട്."

ഇമാം ശാഫിഈ (റ) പറഞ്ഞു: "വയർ നിറച്ച് ഭക്ഷിക്കൽ ശരീരത്തെ ഭാരമുള്ളതാക്കുന്നു. ഹൃദയത്തെ പരുഷമാക്കുന്നു. ബുദ്ധിയെ നശിപ്പിക്കുന്നു. ഉറക്കത്തെ ക്ഷണിക്കുന്നു. ഇബാദത്തുകൾ നിർവഹിക്കാൻ അശക്തനാക്കുന്നു."

വയർ നിറച്ച് ആഹാരം കഴിക്കുന്നതിന് പല വിപത്തുകളുമുണ്ട്:
ഒന്ന്: ശരീരത്തിന് ഭാരമുള്ളതായി അനുഭവപ്പെടും. രണ്ട്: ഹൃദയം കാഠിന്യമുള്ളതായി മാറും. മൂന്ന്: കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേകം നഷ്ടപ്പെടും. നാല്: റബ്ബിന് ഇബാദത്തെടുക്കുമ്പോൾ ക്ഷീണവും അലസതയും അനുഭവപ്പെടും. അഞ്ച്: എപ്പോഴും ഉറക്കം തൂങ്ങുന്ന അവസ്ഥയുണ്ടാവും.
അതിനാൽ, വയർ നിറച്ച് ആഹാരം കഴിക്കുന്നതിനെ സൂക്ഷിക്കുക. ഈ സ്വഭാവത്തെ പാടേ മാറ്റി നിർത്തുക (അൽ അദ്കിയാ).

ഇമാം ഗസാലി (റ) എഴുതി: "ഭക്ഷണം കുറക്കുന്നവന്റെ ഹൃദയം തെളിയുന്നു. ചിന്തകൾ വർധിക്കുന്നു. കാഴ്ചപ്പാടുകൾക്ക് തീക്ഷ്ണതയുണ്ടാവുന്നു. അമിതാഹാരം അലസതയുണ്ടാക്കുന്നു. ഹൃദയത്തിൽ അന്ധകാരം നിറക്കുന്നു" (ഇഹ് യാഉ ഉലൂമിദ്ദീൻ). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്