Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

പൂജക്ക് അനുവാദം കൊടുത്തത് കടുത്ത അനീതി

എഡിറ്റർ

ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് പൂജക്ക് അനുമതി നല്‍കുന്ന വാരണസി ജില്ലാ കോടതിയുടെ വിധിപ്രസ്താവം ഞെട്ടലോടെയാണ് മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത ഓരോ ഇന്ത്യക്കാരനും കേട്ടത്. മസ്ജിദിലെ സീല്‍ ചെയ്ത നിലവറകളില്‍ 'വ്യാസ് കാ തഹ്ഖാന' എന്നറിയപ്പെടുന്ന ഭാഗത്താണ് പൂജ ചെയ്യാനുള്ള അനുവാദം കൊടുത്തിരിക്കുന്നത്. പൂജക്കുള്ള ക്രമീകരണങ്ങള്‍ ഏഴു ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും പൂജക്ക് നേതൃത്വം നല്‍കേണ്ടത് വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരിമാരാണെന്നും വിധിയില്‍ പറയുന്നുണ്ട്. മസ്ജിദില്‍ പൂജ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാല് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹരജി അംഗീകരിച്ചുകൊണ്ടാണ് വിധി. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് ഉണ്ടാക്കിയ ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങുകള്‍ നടന്ന അതേ മാസത്തിന്റെ അവസാന ദിനത്തിലാണ് രാജ്യത്തിന്റെ ഭാവിക്ക് മേല്‍ വലിയ കരിനിഴല്‍ വീഴ്ത്താന്‍ പോകുന്ന ഈ വിധി വന്നിരിക്കുന്നത്. അയോധ്യ സൃഷ്ടിച്ച അനുകൂലാന്തരീക്ഷമാണ് ഇത്തരം കേസുകളിലെ വിധികളെ സ്വാധീനിക്കുന്നതെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.

പള്ളി നില്‍ക്കുന്നിടത്ത് മുമ്പൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (എ.എസ്.ഐ) റിപ്പോര്‍ട്ട് കൊടുത്തതിനെ തുടര്‍ന്ന് അതിശക്തമായ പ്രൊപഗണ്ടയാണ് ഭരണ സ്ഥാപനങ്ങളെപ്പോലും ദുരുപയോഗം ചെയ്ത് നടന്നുവരുന്നത്. അത്തരം കള്ളപ്രചാരണങ്ങള്‍ പൊതുബോധത്തെ മാത്രമല്ല, ജുഡീഷ്യറിയെയും സ്വാധീനിക്കുന്നു. എ.എസ്.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തീര്‍ത്തും സംശയാസ്പദവും ദുരുപദിഷ്ടവുമാണ്. ഗ്യാന്‍വാപി പള്ളി നില്‍ക്കുന്നിടത്ത് ക്ഷേത്രമുണ്ടായിരുന്നുവെന്നതിന് ഖണ്ഡിതമായ ഒരു തെളിവും ആ സമിതി സമര്‍പ്പിച്ചിട്ടില്ല.

എന്നിരിക്കെ ആ റിപ്പോര്‍ട്ട് കോടതിവിധിയെ സ്വാധീനിച്ചുവെന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ആ റിപ്പോര്‍ട്ട് അപ്പടി സ്വീകരിക്കാതെ, വിദഗ്ധരെ വെച്ച് അതില്‍ പറയുന്ന കാര്യങ്ങള്‍ അന്വേഷിപ്പിക്കുകയാണ് കോടതി ചെയ്യേണ്ടിയിരുന്നത്. രാമ ജന്മഭൂമി-ബാബരി മസ്ജിദ് കേസിലും 'ഇസ്ലാമികമല്ലാത്ത ഒരു എടുപ്പ്' പള്ളിക്കടിയില്‍ ഉണ്ടായിരുന്നുവെന്ന് വാദിച്ചിട്ടുണ്ട് എ.എസ്.ഐ. പ്രമുഖ ആര്‍ക്കിയോളജിസ്റ്റുകളുടെ അഭിപ്രായം തേടിയ സുപ്രീം കോടതി എ.എസ്.ഐയുടെ വാദം തള്ളിക്കളയുകയാണ് ചെയ്തത്. ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍ ഒട്ടുമിക്കതും ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസൃതമായി കള്ളങ്ങള്‍ പടച്ചുവിടുന്നത് അവയുടെ വിശ്വാസ്യത ആഗോളതലത്തില്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നല്‍കുന്ന ഡാറ്റ പോലും ആഗോളതലത്തില്‍ സ്വീകതരിക്കപ്പെടുന്നില്ല എന്നതും ചേര്‍ത്തുവായിക്കണം.

1991-ല്‍ പാസ്സാക്കിയ ഒരു ആരാധനാലയ നിയമം നമ്മുടെ രാജ്യത്തുണ്ട്. 1947 ആഗസ്റ്റ് 15-ന് രാജ്യത്തെ ഓരോ ആരാധനാലയവും എങ്ങനെയായിരുന്നുവോ, ആ സ്റ്റാറ്റസ്‌കോ ഉറപ്പ് നല്‍കുന്നതാണ് ആ നിയമം. അതിന് കടകവിരുദ്ധമായതാണ് ഗ്യാന്‍വാപി മസ്ജിദ് കോടതി വ്യവഹാരങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  ഒരു മത വിഭാഗത്തിന്റെ ആരാധനാലയത്തിന് മേല്‍ മറ്റുള്ളവര്‍ ഇങ്ങനെ അവകാശവാദമുന്നയിച്ചു തുടങ്ങിയാല്‍ രാജ്യത്തിന്റെ സ്ഥിതിയെന്താവും? ഹിന്ദു രാജാക്കാന്മാര്‍ 84,000 ബുദ്ധ വിഹാരങ്ങളും സ്തൂപങ്ങളും പ്രതിമകളും തകര്‍ത്തിട്ടുണ്ടെന്നാണ് ബുദ്ധന്മാര്‍ പരാതിപ്പെടുന്നത്.

ജൈനര്‍ അവകാശപ്പെടുന്നത്, തങ്ങളുടെ ആയിരക്കണക്കിന് മന്ദിറുകള്‍ ഹിന്ദു മന്ദിറുകളാക്കി മാറ്റിയിട്ടുണ്ടെന്നാണ്. ഇപ്പോൾ ജനപ്രീതി നേടിയ ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളധികവും ഒരു കാലത്ത് ജൈന മന്ദിറുകളായിരുന്നുവെന്നും അവര്‍ വാദിക്കുന്നു. 2000 പള്ളികള്‍ പണിതത് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്തിട്ടാണെന്ന് ഹിന്ദുത്വരും അവകാശപ്പെടുന്നു. ഇതുപോലുള്ളത് ആരെങ്കിലും വിളിച്ചു പറയുമ്പോഴേക്ക് അതൊക്കെ അംഗീകരിച്ചു കൊടുക്കുകയാണോ വേണ്ടത്? ഇതൊക്കെ കടുത്ത അരാജകത്വത്തിലേക്കാണ് രാജ്യത്തെ തള്ളിവിടുക. നാല് വോട്ട് കിട്ടാന്‍ ചരിത്രത്തെ തലതിരിച്ച് പിടിക്കുകയും മത വൈകാരികതകള്‍ കുത്തിയിളക്കുകയും ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണതകളെ എന്തു വില കൊടുത്തും തടഞ്ഞേ പറ്റൂ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്