സ്വാതന്ത്ര്യ സമരത്തിലെ മുസ് ലിം പണ്ഡിത സാന്നിധ്യം
ഇസ് ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച പുതിയ പുസ്തകമാണ് 'ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും മുസ് ലിം പണ്ഡിതന്മാരും.' സീരിയൽ അനുസരിച്ച് ഐ.പി.എച്ചിന്റെ തൊള്ളായിരത്തി പന്ത്രണ്ടാമത്തെ കൃതി. ഗ്രന്ഥകാരൻ ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ വക്താവും ദാറുൽ ഉലൂം ദയൂബന്ദിലെ അധ്യാപകനും മുഫ്തിയുമായ ശൈഖ് മുഹമ്മദ് സൽമാൻ മൻസൂർപൂരി. മർഹൂം ഹുസൈൻ അഹ് മദ് മദനിയുടെ കൊച്ചുമകനും ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ നേതാവുമായിരുന്ന മൗലാനാ ഖാരി മുഹമ്മദ് ഉസ്മാൻ സാഹിബിന്റെ മകനുമാണ് അദ്ദേഹം. ഇന്ത്യൻ പൊതുമണ്ഡലത്തിലെ മുസ് ലിം പ്രതിനിധാനങ്ങൾ ഔദ്യോഗിക ചരിത്രത്തിൽനിന്ന് ഒന്നൊന്നായി മായ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ഗ്രന്ഥങ്ങളുടെ പ്രസാധനം വലിയൊരു സാമൂഹിക ദൗത്യമാണ് നിർവഹിക്കുന്നതെന്ന് പ്രസാധക കുറിപ്പിൽ പറയുന്നു. ഫാഷിസം പൂർണമായും പിടിമുറുക്കുന്നതിന് മുമ്പ് തന്നെ ഇതുപോലുള്ള കൃതികൾ വ്യാപകമായി പ്രചരിപ്പിക്കേണ്ടതായിരുന്നു. ജംഇയ്യത്തെ ഉലമായെ ഹിന്ദ് ശക്തമായി എതിർത്തിട്ടും എങ്ങനെ വിഭജനം സംഭവിച്ചു എന്നതിനെക്കുറിച്ചും ഗ്രന്ഥകാരൻ സ്വന്തമായ രീതിയിൽ വിശകലനം ചെയ്യുന്നുണ്ട് ഈ കൃതിയിൽ. എട്ടു പേജുള്ള വിവർത്തകക്കുറിപ്പും ധാരാളം വിവരങ്ങൾ പകർന്നു നൽകുന്നുണ്ട്.
ഗ്രന്ഥകാരന്റെ ആമുഖം കൂടാതെ അധിനിവേശ പോരാട്ടങ്ങൾക്ക് ഒരു ആമുഖം, ഇമാം സയ്യിദ് അഹ് മദ് ശഹീദിന്റെ പോരാട്ടം, സയ്യിദ് അഹ് മദ് ശഹീദിന്റെ ശേഷിപ്പുകൾ, ഒന്നാം സ്വാതന്ത്ര്യ സമരം (1857), ദയൂബന്ദി പണ്ഡിതന്മാരുടെ പങ്കാളിത്തം, ശൈഖുൽ ഹിന്ദ് മൗലാനാ മഹ് മൂദുൽ ഹസന്റെ പോരാട്ടങ്ങൾ, ദേശീയ മുന്നേറ്റങ്ങളും മുസ് ലിം പണ്ഡിതന്മാരും, പാകിസ്താൻ വാദം, വിഭജനത്തിന്റെ മുറിവുകൾ എന്നിങ്ങനെയാണ് അധ്യായങ്ങൾ. അവസാനം ജീവചരിത്രക്കുറിപ്പുകൾ എന്ന ശീർഷകത്തിൽ ഔറംഗസീബ് ആലംഗീർ, ടിപ്പുസുൽത്വാൻ, ഇമാം ശാഹ് വലിയുല്ലാഹിദ്ദഹ്്ലവി തുടങ്ങി മുഹമ്മദലി ജിന്ന വരെയുള്ള നൂറ്റിഅഞ്ച് പ്രധാനപ്പെട്ട നേതാക്കന്മാരുടെയും പണ്ഡിതരുടെയും ലഘു ജീവചരിത്രക്കുറിപ്പുകളുമുണ്ട്.
ദാറുൽ ഉലൂം ദയൂബന്ദിന്റെ രൂപീകരണ പശ്ചാത്തലമടക്കം അമൂല്യവും അതിപ്രധാനവുമായ നിരവധി വിവരങ്ങൾ ഉൾക്കൊള്ളുന്നതാണീ കൃതി. സമകാലിക പശ്ചാത്തലത്തിൽ ഓരോ ഇന്ത്യൻ മുസൻമാനും വായിച്ചിരിക്കേണ്ട കൃതിയാണിത്.
ഉർദു ഭാഷയിൽ പ്രവീണനായ മമ്മൂട്ടി അഞ്ചുകുന്നിന്റെ ലളിതവും സുഗ്രാഹ്യവുമായ വിവർത്തനം. l
Comments