Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

ഉസ്മാനി ഖിലാഫത്ത് ഫലസ്ത്വീനെ സംരക്ഷിച്ചത് എങ്ങനെ?

ഡോ. എ.എ ഹലീം

ഖിലാഫത്തുർറാശിദയുടെ യുഗം അവസാനിച്ചതോടെ ഇസ് ലാമിക ലോകത്തിന്റെ ആധിപത്യം വിവിധ വംശങ്ങളുടെ നിയന്ത്രണത്തിലായി. ഉമവികൾ, അബ്ബാസികൾ, സൽജൂഖികൾ, ഫാത്വിമികൾ, ഉസ്മാനികൾ തുടങ്ങിയ പ്രമുഖ താവഴികളാണ് പിന്നീട് ഭരണം കൈയാളിയത്. അവരിൽ അബ്ബാസികൾക്ക് ശേഷം ഏറ്റവും സുശക്തമായ സാമ്രാജ്യം പടുത്തുയർത്തിയത് തുർക്കിയയിലെ ഉസ്മാനി ഭരണകൂട (687/1288) മാണ്. ഉസ്മാൻ ഖാനാണ് പ്രസ്തുത ഭരണകൂടത്തിന് അടിത്തറ പാകിയത്. മുസ്്ലിം ലോകത്തിന്റെ കേന്ദ്രമെന്ന നിലയിൽ ദീർഘമായ ആറ് നൂറ്റാണ്ടിലധികം കാലം നിലനില്ക്കാൻ അതിനു കഴിഞ്ഞു.

മുസ്‌ലിം ലോകത്ത് നിലവിൽവന്ന വ്യത്യസ്ത ഭരണവംശങ്ങളിൽ ഖിലാഫത്തുർറാശിദയുടെ പല സവിശേഷതകളും നിലനിർത്തിയിരുന്നവരാണ് ഉസ്മാനികൾ. നീതിനിഷ്ഠ, അതിക്രമങ്ങളെ വെച്ചുപൊറുപ്പിക്കാതിരിക്കൽ, കൂടിയാലോചന, വിട്ടുവീഴ്ച, സത്യസന്ധത, പ്രജാക്ഷേമ തൽപരത, നിയമവാഴ്ചയോടും ജുഡീഷ്യറിയോടുമുള്ള ആദരവ്, വിജ്ഞാനത്തോടും പണ്ഡിതന്മാരോടുമുള്ള ബഹുമാനം, ഇസ്്ലാമിക ശരീഅത്തിനോടുള്ള പ്രതിബദ്ധത, ഭൗതികതയുടെയും നാഗരികതയുടെയും വർണപ്പകിട്ടുകളോടും സുഖലോലുപതയോടുമുള്ള വിരക്തി, ജീവിത ലാളിത്യം തുടങ്ങിയ മൂല്യങ്ങൾ ഉസ്മാനികളിൽ മിക്കവരും കാത്തുസൂക്ഷിച്ചിരുന്നു. മറ്റു ഭരണ കൂടങ്ങളെക്കാൾ സുദീർഘമായ കാലം നിലനിൽക്കാൻ ഉസ്മാനികളെ സഹായിച്ചതും ഈ സവിശേഷതകളാണ്.

ഉസ്്മാനി സാമ്രാജ്യ സ്ഥാപകനായ ഉസ്്മാൻ ഒന്നാമൻ (657/1257- 726/1326), പുത്രൻ ഊർഖാന്ന് (687/1288- 761/1360) നല്കിയ അന്ത്യോപദേശത്തിൽ തന്റെയും താൻ സ്ഥാപിച്ച ഭരണകൂടത്തിന്റെയും വിശിഷ്ട സ്വഭാവങ്ങൾ തെളിഞ്ഞു കാണാം. ഉസ്്മാനി ചരിത്രകാരനായ ആശിഖ് ചെലബി അത് ഇങ്ങനെ രേഖപ്പെടുത്തുന്നു: "പ്രിയപ്പെട്ട മകനേ, അനുസരിക്കുന്നവരെ എമ്പാടും സഹായിക്കുക. ഭടന്മാരോട് ഔദാര്യം കാണിക്കുക. ശക്തിയാലും സമ്പത്തിനാലും പിശാച് നിന്നെ ചതിക്കാതിരിക്കട്ടെ.

ശരീഅത്തിന്റെ ആളുകളിൽനിന്ന് അകന്നുപോകുന്നത് സൂക്ഷിക്കുക. മകനേ, അധികാരത്തിന്റെ ആനന്ദത്തിനു വേണ്ടിയോ ആർക്കെങ്കിലും ആധിപത്യം ലഭിക്കാനോ യുദ്ധം ചെയ്യുന്നവരല്ല നമ്മൾ. ഇസ്്ലാം കൊണ്ട് നാം ജീവിക്കുന്നു. ഇസ്്ലാമിനു വേണ്ടി നാം മരിക്കും. അതിന്റെ മാത്രം ആളാണു നീ. മോനേ, ലോക നാഥന്റെ പ്രീതിയാണ് നമ്മുടെ ലക്ഷ്യമെന്ന് നിനക്കറിയാമല്ലോ. ജിഹാദുകൊണ്ട് എല്ലായിടത്തും നമ്മുടെ ദീനിന്റെ പ്രഭ പരക്കുന്നുണ്ട്. അതിനാൽ, പ്രതാപവാനും മഹാനുമായ അല്ലാഹുവിന് തൃപ്തിയുള്ളതു മാത്രം നീ പറയുക."1

ബഗ്ദാദിന്റെ തകർച്ചക്ക് ശേഷം ഉയർന്നുവന്ന ഏറ്റവും ശക്തവും ഇസ്്ലാമിക ലോകത്തിന്റെ ഏതാണ്ട് പൂർണ പ്രാതിനിധ്യം അവകാശപ്പെടാൻ അർഹതയുള്ളതുമായ ഭരണകൂടം എന്ന നിലയിൽ ഉസ്്മാനി സാമ്രാജ്യം, മാനവ ചരിത്രത്തിലെ തന്നെ ഒരു വിസ്മയമാണ്. ഉസ്്മാനി സൽത്തനത്തിന് അതിന്റെ ഉത്ഥാന കാലത്ത് അറബികളുടെ സാമ്രാജ്യത്തോളം വിസ്തൃതി ഉണ്ടായിരുന്നു. ഭദ്രതയുടെ കാര്യത്തിലാകട്ടെ ഏറ്റവും സുശക്തമായ ഭരണകൂടമായിരുന്നു അത്. ഇസ്്ലാമിക ചരിത്രത്തിലെ ഏറ്റവും ദീർഘായുസ്സുള്ള ഭരണകൂടവും ഉസ്്മാനി സൽത്തനത്തായിരുന്നു. 1288 മുതൽ 1700 വരെ പ്രതാപൈശ്വര്യങ്ങളോടു കൂടിയും 1700 മുതൽ 1800-കൾ വരെ സാമാന്യം ശക്തമായ നിലയിലും 1800-ന് ശേഷം 1924 വരെ ക്ഷയോന്മുഖമായ അവസ്ഥയിലും ഈ ഭരണം നിലനിന്നു.

ഇസ്്ലാമിക ചരിത്രത്തിലെ പല നിർണായക ഘട്ടങ്ങൾക്കും ചുക്കാൻ പിടിച്ചത് ഉസ്്മാനി സാമ്രാജ്യമാണ്. 857/1453-ലെ ഐതിഹാസികമായ കോൺസ്റ്റാന്റിനോപ്പിൾ വിജയം അവയിൽ ഏറെ പ്രാധാന്യം അർഹിക്കുന്നു. ഈ പട്ടണം കീഴടക്കാൻ മുസ് ലിംകൾ ഉമവി ഖിലാഫത്തിന്റെ സ്ഥാപകൻ അമീർ മുആവിയയുടെ കാലം മുതലേ  ശ്രമം തുടങ്ങിയിരുന്നു. പിന്നീട് അറബികളും തുർക്കികളുമായ പലരും നിരവധി തവണ അതിന് ശ്രമിച്ചുവെങ്കിലും റോമക്കാരുടെ യുദ്ധമികവോ മുസ്്ലിംകളുടെ അനൈക്യമോ കാരണമായി വിജയം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ, ഉസ്്മാനി സുൽത്താൻ മുഹമ്മദുൽ ഫാതിഹാണ് ആ നിർണായക വിജയം കൈവരിച്ചത്. 54 ദിവസത്തെ ഉപരോധത്തിന് ശേഷം 857/1453 മെയ് 29-ന് അദ്ദേഹം കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കി. അങ്ങനെ, പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ 1100 വർഷം പഴക്കമുള്ള ആസ്ഥാനം എന്നന്നേക്കുമായി നിലംപതിച്ചു. 'ദൈവം എനിക്ക് ഖൈസ്വറിന്റെയും കിസ്റായുടെയും താക്കോലുകൾ തന്നിരിക്കുന്നു' എന്ന നബി(സ)യുടെ പ്രവചനം സാക്ഷാത്കൃതമായി. കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കിയതോടെ ഉസ്മാനി ഭരണകൂടത്തിന്റെ മുഖഛായ തന്നെ മാറി. ശക്തമായൊരു സാമ്രാജ്യമായി അത് വികസിച്ചു. വ്യാപാര മേഖലയിലും രാഷ്ട്രീയ മേഖലയിലും വൻനേട്ടങ്ങൾ വാരിക്കൂട്ടാൻ ഉസ്മാനികൾക്കു കഴിഞ്ഞു.

യൂറോപ്പിലെയും പരിസര പ്രദേശങ്ങളിലെയും അനവധി നാടുകൾ അവർ കീഴടക്കുകയുമുണ്ടായി.
സമർഥരും ഭരണ വിദഗ്ധരുമായ അനവധി ഖലീഫമാർ ഉസ്മാനി ഭരണകൂടത്തിലുണ്ടായിരുന്നു. മുഹമ്മദ് രണ്ടാമൻ (അൽഫാതിഹ് : 1451-1481), ബായസീദ് രണ്ടാമൻ (1481-1512), പുത്രൻ സലീം ഒന്നാമൻ (1512-1520), സുലൈമാൻ അൽഖാനൂനി (1520-1566), സലീം രണ്ടാമൻ (1566-1574), മുറാദ് മൂന്നാമൻ (1574-1595), മുഹമ്മദ് മൂന്നാമൻ (1595-1603), അഹ്മദ് ഒന്നാമൻ (1603-1617) തുടങ്ങിയവർ അവരിൽ ചിലരാണ്. കിഴക്കൻ യൂറോപ്പിന്റെ ഭാഗമായ ബോസ്നിയ, കൊസോവോ, അൽബേനിയ മുതലായ പ്രദേശങ്ങളിൽ ഇസ്ലാം പ്രചരിച്ചതും തുർക്കികളുടെ വാഴ്ചക്കാലത്താണ്.

ഫലസ്ത്വീൻ 
ഉസ്മാനികൾക്ക് കീഴിൽ

ഇസ്്ലാമിന്റെ പ്രഥമ ഖിബ് ലയായ ബൈത്തുൽ മഖ്ദിസ് ഉൾപ്പെടുന്ന ഫലസ്ത്വീൻ പ്രദേശം ഉസ്മാനി ഖിലാഫത്തിന്റെ ആധിപത്യത്തിൽ വരുന്നത് സുൽത്താൻ സലീം ഒന്നാമന്റെ (875/1470- 926/1520) കാലത്താണ്. 922 റജബ് 25/1516 ആഗസ്ത് 24-ന് മര്‍ജ് ദാബിഖില്‍ നടന്ന യുദ്ധത്തില്‍ ഉസ്്മാനി സൈന്യം മംലൂക്കുകളെ പരാജയപ്പെടുത്തി സിറിയ, ഈജിപ്ത്, ഫലസ്ത്വീന്‍ എന്നീ പ്രദേശങ്ങള്‍ ജയിച്ചടക്കി. കയ്റോയില്‍വെച്ച് മക്കയിലെ ശരീഫ് കഅ്ബയുടെ താക്കോല്‍ സുൽത്താന്‍ സലീമിന് സമര്‍പ്പിച്ചു.

ഖാദിമുല്‍ ഹറമൈന്‍ എന്ന സ്ഥാനപ്പേരില്‍ സുൽത്താന്‍ സലീം അറിയപ്പെട്ടു. ഈജിപ്തിൽ ഉണ്ടായിരുന്ന അവസാനത്തെ അബ്ബാസി ഖലീഫ അല്‍മുതവക്കില്‍ അലല്ലാ, സുൽത്താന്‍ സലീമിനെ ഖിലാഫത്ത് ഏല്‍പ്പിച്ചു. ഇതോടെ അദ്ദേഹം ആഗോള മുസ്‌ലിംകളുടെ ഖലീഫയും ഇസ്‌ലാമിക ലോകത്തിന്റെ നേതാവുമായി അംഗീകരിക്കപ്പെട്ടു.  അദ്ദേഹത്തിന്റെ കാലത്ത് ഇസ്‌ലാമിക സാമ്രാജ്യം പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ മുതല്‍ കാസ്പിയന്‍ കടല്‍ വരെയും യൂഫ്രട്ടീസ് നദി മുതല്‍ മാവറാഅന്നഹ്്ർ വരെയും വ്യാപിച്ചുകിടന്നിരുന്നു. 1516 മുതൽ സുദീർഘമായ നാല് നൂറ്റാണ്ട് ആ വിശുദ്ധ ഭൂമി  അവർ കാത്തുസൂക്ഷിച്ചുപോന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ പരിധിയിൽ അറബ് രാജ്യങ്ങൾ പ്രവേശിച്ചതോടെയാണ് ഫലസ്ത്വീൻ പ്രശ്നവുമായുള്ള അവരുടെ ബന്ധം ആരംഭിച്ചതെന്ന് പറയാം.

ഫലസ്തീൻ വിഷയത്തിൽ ഉസ്മാനി തുർക്കികൾ വഹിച്ച പങ്ക് ഒരിക്കലും അതർഹിക്കുന്ന പരിഗണനയോടെ ചരിത്രത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല എന്നത് ഒരു  യാഥാർഥ്യമാണ്. 
ഉസ്മാനി ചരിത്രത്തിൽ സവിശേഷ പഠനം നടത്തിയ ഇസ്തംബൂളിലെ സ്വബാഹുദ്ദീൻ സഈം സർവകലാശാലയിലെ പ്രഫ. ഡോ. മുഹമ്മദ് ഹർബ് (ജനനം 1941- പ്രസ്തുത വിഷയത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ അറബി ഗവേഷകനും അറബ് ലോകത്ത് ഉസ്മാനികളെ സംബന്ധിച്ച പഠനത്തിന്റെ തുടക്കക്കാരനുമായി അറിയപ്പെടുന്ന ആളുമാണ് ഈജിപ്തുകാരനായ അദ്ദേഹം), ജോർദാനിയൻ ചിന്തകനും ഗ്രന്ഥകാരനും പ്രസ്ഥാന നേതാവും പത്രപ്രവർത്തകനുമായ സിയാദ് മഹ്മൂദ് അബൂ ഗനീമ (1937- 2015) തുടങ്ങിയവർ ഈ വിഷയത്തിൽ വിലപ്പെട്ട പല വിവരങ്ങളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്.

അബൂ ഗനീമ എഴുതുന്നു: “അറബ്-മുസ്്ലിം ചരിത്രകാരന്മാരോ പാശ്ചാത്യ ചരിത്രകാരന്മാരോ ഒരിക്കലും ഫലസ്ത്വീൻ പ്രശ്നത്തിലെ ഉസ്മാനികളുടെ പങ്കിനെക്കുറിച്ച് വസ്തുനിഷ്ഠമായും പക്ഷാന്തരമില്ലാതെയും പരാമർശിച്ചിട്ടില്ല. പ്രത്യേകിച്ച്, ജൂതന്മാരിൽനിന്നോ ജൂതന്മാരാൽ സ്വാധീനിക്കപ്പെട്ടവരിൽനിന്നോ അതുണ്ടായിട്ടില്ലെന്ന് മാത്രമല്ല; പാശ്ചാത്യ ചരിത്രകാരന്മാരിൽ ഏറെയും തുർക്കികളുടെ പങ്കിനെക്കുറിച്ച് കരിനിഴൽ വീഴ്ത്താനാണ് ശ്രമിച്ചത്. അറബ് ജനതയുമായി സഹവർത്തിത്വത്തിൽ കഴിയാൻ ശ്രമിച്ച തുർക്കികളുടെ ക്രിയാത്മക നിലപാടുകൾ, ജൂതന്മാരെയും അവരുടെ സംരക്ഷകരെയും ഏറെ വിറളി പിടിപ്പിച്ചിരുന്നു. ഇരു കൂട്ടരെയും തമ്മിൽ അകറ്റാൻ ശ്രമിച്ചവർ തുർക്കികളും അറബികളും തമ്മിലുള്ള അടുപ്പം മറച്ചുവെക്കാനാണ് ശ്രമിച്ചത്.

ജൂതൻമാരുടെ കാര്യം നമുക്ക് വിടാം; എന്നാൽ ഫലസ്ത്വീൻ വിഷയത്തിൽ തുർക്കികളുടെ പങ്ക് രേഖപ്പെടുത്തുന്നതിൽ അറബ്- മുസ്്ലിം ചരിത്രകാരൻമാർ മാപ്പർഹിക്കാത്ത അപരാധമാണ് കാണിച്ചത്. ഫലസ്ത്വീൻ കൊള്ളയടിക്കാനുള്ള തങ്ങളുടെ പദ്ധതികൾക്ക് തടസ്സമായി ജൂതന്മാരും അവരുടെ സഹായികളും കണക്കാക്കിയിരുന്നത് ഉസ്മാനി ഖിലാഫത്തിനെയാണ്. അതിനാൽ, ഖിലാഫത്തിനെ തകർക്കാനുള്ള പദ്ധതിയിൽ അറബികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിലും അവരുടെ പിന്തുണ ഉറപ്പുവരുത്തുന്നതിലും അവർ ബദ്ധശ്രദ്ധരായി എന്നതാണ് യാഥാർഥ്യം.

ചുരുക്കിപ്പറഞ്ഞാൽ, അവർ (ഉസ്മാനികൾ), നാല് നൂറ്റാണ്ട് കാലം ഫലസ്ത്വീനെ സംരക്ഷിച്ചു പോന്നു; പക്ഷേ, നാം -അറബികൾ- ആകട്ടെ, മൂന്ന് പതിറ്റാണ്ട് കൊണ്ട് അതിനെ നഷ്ടപ്പെടുത്തുകയാണ് ചെയ്തത്.''2
ഫലസ്ത്വീനിലെ ജൂത താൽപര്യങ്ങളുടെ അപകടം ആദ്യം തിരിച്ചറിഞ്ഞത്, ആ പ്രദേശം സാമ്രാജ്യത്തിന്റെ ഭാഗമാക്കിയ സുൽത്താൻ സലീം ഒന്നാമൻ തന്നെയാണ്. അവരുടെ ഗൂഢ നീക്കങ്ങളെക്കുറിച്ച് അദ്ദേഹത്തിന് നേരത്തെതന്നെ അറിവുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. ഫലസ്ത്വീൻ പ്രശ്നത്തിന്റെ ചരിത്രത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഒരു നിലപാട് അദ്ദേഹം കൈക്കൊണ്ടു. ജൂതന്മാർ ഫലസ്ത്വീനിലും സീനായിലും വസിക്കുന്നത് വിലക്കുന്ന ആദ്യത്തെ നിയമം അദ്ദേഹം പുറപ്പെടുവിച്ചത് അതിനാലാണ്. ഫലസ്ത്വീനിലും സീനായിലും ജൂതന്മാർ താമസിക്കുന്നത് വിലക്കിക്കൊണ്ടുള്ള സുൽത്താൻ സലീമിന്റെ ഉത്തരവ്, നൂറ്റാണ്ടുകളായി അവിടെ താമസിക്കുന്ന അറബികളെ ആട്ടിയോടിച്ച് ഫലസ്ത്വീനിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള അവരുടെ സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്. അതിനാൽ, അവർ തങ്ങളുടെ എല്ലാ കഴിവുകളും സമാഹരിച്ച് ഈ കൽപ്പന റദ്ദാക്കാൻ യത്നിച്ചു.

1492-ലെ ഗ്രാനഡയുടെ പതനത്തെ തുടർന്ന് സംജാതമായ സാഹചര്യവും അതിനായി അവർ പ്രയോജനപ്പെടുത്തി. സ്‌പെയിനിലെ മുസ്ലിം ഭരണകാലത്ത് ജൂതൻമാർ സർവ സ്വാതന്ത്ര്യവും അനുഭവിച്ചുകൊണ്ടാണ് അവിടെ കഴിഞ്ഞുകൂടിയിരുന്നത്. മുസ്ലിംകളോട് പ്രതികാരബുദ്ധ്യാ പെരുമാറിയ ക്രിസ്ത്യൻ ഭരണാധികാരികൾ ജൂതന്മാരെയും വേട്ടയാടി. യൂറോപ്പിലെ ക്രിസ്ത്യൻ രാജ്യങ്ങൾ ജൂതന്മാർക്ക് മുമ്പിൽ തങ്ങളുടെ അതിർത്തികൾ അടച്ചിട്ടപ്പോൾ, പീഡനത്തിന് വിധേയരായ ജനതയെന്ന നിലയിൽ അവരെ പുനരധിവസിപ്പിക്കാൻ തയാറായത് സഹിഷ്ണുതക്ക് പേരുകേട്ട ഉസ്മാനി സാമ്രാജ്യമാണ്. എന്നാൽ, അതുപോലും സുൽത്താൻ സലീമിന്റെ ഉത്തരവ് റദ്ദാക്കാനുള്ള ആദ്യ അവസരമായാണ് ജൂതന്മാർ ഉപയോഗിക്കാൻ ശ്രമിച്ചത്. അന്ന് ഉസ്മാനി സാമ്രാജ്യമല്ലാത്ത മറ്റൊരിടവും അവരെ സ്വീകരിക്കാൻ സന്നദ്ധമായി ഉണ്ടായിരുന്നില്ല എന്നോർക്കണം. മറ്റെവിടെയും ഒരഭയസ്ഥാനം അവർ കണ്ടെത്തിയതുമില്ല. ജൂതൻമാരുടെ കെണിയിൽ പക്ഷേ, തന്ത്രജ്ഞരും ബുദ്ധിമാൻമാരുമായ ഉസ്മാനി സുൽത്താൻമാർ വീണില്ല. തന്റെ പിതാവ് പുറപ്പെടുവിച്ച കൽപ്പന നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്നാണ് സുൽത്താൻ സലീമിന്റെ പിൻഗാമിയായി അധികാരം ഏറ്റെടുത്ത സുൽത്താൻ സുലൈമാൻ പ്രഖ്യാപിച്ചത്. ഫലസ്ത്വീനും സീനായും ഒഴികെ ഉസ്മാനി സാമ്രാജ്യത്തിന്റെ ഏത് ഭാഗത്തും താമസിക്കാൻ സ്പെയിനിൽനിന്ന് പുറത്താക്കപ്പെട്ട ജൂതന്മാർക്ക് അവസരം നൽകിയത് അദ്ദേഹമായിരുന്നു. എന്നിട്ടും ഫലസ്ത്വീന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് സുൽത്താനെ പ്രേരിപ്പിക്കാൻ അവർ നിരന്തരം ശ്രമിച്ചുപോന്നു. ഫലസ്ത്വീനിലേക്ക് ജൂതന്മാരുടെ നുഴഞ്ഞുകയറ്റം തടയാനുള്ള നടപടികൾ പൂർവാധികം ശക്തിയോടെ നടപ്പാക്കാൻ ഇത് സുൽത്താനെ പ്രേരിപ്പിച്ചു.

ഫലസ്ത്വീനിലും സീനായിലും താമസിക്കുന്നതിൽനിന്ന് തങ്ങളെ തടഞ്ഞ സുൽത്താൻ സലീമിന്റെ ഉത്തരവ് റദ്ദാക്കിക്കിട്ടുന്നതിന് ഉസ്മാനി സാമ്രാജ്യത്തെ പ്രേരിപ്പിക്കാനുള്ള ശ്രമങ്ങളിൽനിന്ന് ജൂതന്മാർ ഒരിക്കലും പിന്തിരിഞ്ഞില്ല. നാനാ മാർഗങ്ങളിലൂടെ അവരത് ആവർത്തിച്ചുകൊണ്ടേയിരുന്നു.

അതിനായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി പാമർസ്റ്റണിന്റെ പേരിൽ ഔദ്യോഗിക അഭ്യർഥന സമർപ്പിക്കാൻ ബ്രിട്ടീഷ് ജൂത രാഷ്ട്രീയക്കാരനായ എർലെ ഷാഫ്റ്റെസ്ട്രിയോട് അവർ നിർദേശിച്ചു. ജൂതന്മാരുടെ സമ്മർദത്തിന് വഴങ്ങിയ പാമർസ്റ്റൺ അവരാവശ്യപ്പെട്ടത് ചെയ്തു. സുൽത്താൻ അബ്ദുൽ മജീദിനോട് (1839-1861), ഫലസ്ത്വീനിലേക്കും സീനായിലേക്കും ജൂത കുടിയേറ്റം തടയുന്ന നിയമം നിർത്തലാക്കാൻ ഔദ്യോഗികമായി അഭ്യർഥിക്കുന്ന രേഖയുമായി പ്രതിനിധിയെ അയച്ചു. എന്നാൽ, സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ പിതാവായ സുൽത്താൻ അബ്ദുൽ മജീദ്, പ്രസ്തുത അഭ്യർഥനയുമായി ഇസ്തംബൂളിലേക്ക് വന്ന പ്രത്യേക ബ്രിട്ടീഷ് പ്രതിനിധിയെ സ്വീകരിക്കാൻ വിസമ്മതിക്കുകയും അഭ്യർഥന നിരസിക്കുകയുമാണ് ചെയ്തത്. 

അബ്ദുൽ ഹമീദ് രണ്ടാമനും 
ഫലസ്ത്വീൻ പ്രശ്നവും

ഫലസ്ത്വീന്റെ കാര്യത്തിലുള്ള യഹൂദ ദുർമോഹങ്ങൾക്ക് മുന്നിൽ ഉസ്മാനി സാമ്രാജ്യം നടത്തിയ പോരാട്ടത്തിലെ ഏറ്റവും സങ്കീർണവും അപകടകരവുമായ ഘട്ടത്തിന് സാക്ഷ്യം വഹിച്ചത് സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്റെ ഭരണ കാലമാണ്. ജൂത താൽപര്യങ്ങളുടെ സംരക്ഷകരും സയണിസ്റ്റ് ലോബിയും, ലോകത്തിലെ മിക്ക രാജ്യങ്ങളിലും -പ്രത്യേകിച്ച് അമേരിക്കയിലും ബ്രിട്ടനിലും- പടർന്നുകയറിയ അതിന്റെ നീരാളിക്കൈകളും തീരുമാനമെടുക്കുന്ന സകല കേന്ദ്രങ്ങളിലും പിടിമുറുക്കി. ഒപ്പം ഉസ്മാനികളെ പാട്ടിലാക്കാനുള്ള നീക്കങ്ങളും ശക്തമാക്കി. സുൽത്താൻ അബ്ദുൽ ഹമീദിന്റെ നേതൃത്വത്തിൽ ഉസ്മാനികൾ അതിനെ നേരിടുന്നതിന് പ്രസ്തുത ഘട്ടത്തിൽ സ്വീകരിച്ച നടപടികളിൽ ചിലത് പ്രത്യേകം പരാമർശമർഹിക്കുന്നു.

1881-ൽ, ഇസ്തംബൂളിലെ അമേരിക്കൻ-ബ്രിട്ടീഷ് അംബാസഡർമാർ ചേർന്ന് ഒരു സംയുക്ത സമ്മർദ പ്രചാരണത്തിന് നേതൃത്വം നൽകി. പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അംബാസഡർമാരും കോൺസൽമാരും അതിൽ പങ്കുചേർന്നു. റഷ്യൻ ചക്രവർത്തി സാർ അലക്സാണ്ടർ രണ്ടാമന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെട്ട് ഓടിപ്പോകുന്ന റഷ്യൻ ജൂതന്മാരെ ഫലസ്ത്വീനിലേക്ക് കുടിയേറാൻ അനുവദിക്കുന്നതിന് സുൽത്താൻ അബ്ദുൽ ഹമീദിനെ പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. തന്റെ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ് ജൂതൻമാർക്ക് എതിരെ അലക്സാണ്ടർ നടപടിയെടുത്തത്.

എന്നാൽ, തന്നെ വന്നുകണ്ട് വിഷയം  അവതരിപ്പിക്കാൻ ശ്രമിച്ച അംബാസഡർമാരുടെ സംഘത്തിന് സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഉറച്ചതും ധീരവുമായ മറുപടി ഇതായിരുന്നു: "ഉസ്മാനി സാമ്രാജ്യം നിലനിൽക്കുന്നിടത്തോളം ജൂതന്മാരെ ഫലസ്ത്വീനിൽ സ്ഥിരതാമസമാക്കാൻ ഞാൻ അനുവദിക്കില്ല”.3
1882-ൽ യഹൂദർ തങ്ങളുടെ ശ്രമം ആവർത്തിച്ചു. സൊസൈറ്റി ഓഫ് ലവേഴ്‌സ് ഓഫ് സീയോൻ, ഒഡെസയിലെ തന്റെ സ്ഥാനപതി മുഖേന സുൽത്താൻ അബ്ദുൽ ഹമീദിന് അയച്ച നിവേദനത്തിന്, മുൻ ശ്രമങ്ങളെ നേരിട്ട അതേ ദൃഢതയോടെയായിരുന്നു സുൽത്താന്റെ പ്രതികരണം. “ഉസ്മാനി ഭൂപ്രദേശങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ജൂതന്മാരിൽ ആരെയും ഫലസ്ത്വീനിൽ  സ്ഥിരതാമസമാക്കാൻ  അനുവദിക്കില്ലെന്ന് ഉസ്മാനി സർക്കാർ അറിയിക്കുന്നു.”4

സുൽത്താൻ അബ്ദുൽ ഹമീദിന്റെ ഫലസ്ത്വീൻ പ്രശ്നത്തെക്കുറിച്ചുള്ള ഫയലിൽ, ഫലസ്ത്വീന്റെ പ്രാന്തപ്രദേശത്ത് കുടിയേറ്റ കേന്ദ്രം സ്ഥാപിക്കാനുള്ള ആദ്യ ജൂതശ്രമം പ്രായോഗികമായി പരാജയപ്പെടുത്തിയ ആദ്യത്തെ മുസ്ലിം ഭരണാധികാരി അദ്ദേഹമാണെന്ന് പറയുന്നു. 1892-ൽ ഫ്രീഡ്്മാൻ എന്നൊരാൾ ജർമൻ ജൂതന്മാരുടെ ഒരു സംഘത്തെ നയിച്ചുകൊണ്ട്,  ശറമുശ്ശൈഖിന് അഭിമുഖമായി സ്ഥിതിചെയ്യുന്നതും അഖബ ഉൾക്കടലിന്റെ കിഴക്കൻ തീരപ്രദേശങ്ങളുമായ അൽമൂലിഹ്, അൽവജ, അദ്ദബ എന്നിവിടങ്ങളിലെത്തി, ഒരു അർധ സൈനിക സെറ്റിൽമെന്റ് സ്ഥാപിച്ചു. തദവസരത്തിൽ സുൽത്താൻ അബ്ദുൽ ഹമീദ് ഈജിപ്ഷ്യൻ ഗവൺമെന്റിനോട് അയാളെ പുറത്താക്കാനും  സെറ്റിൽമെന്റ് പൊളിക്കാനും ഉത്തരവിട്ടു. കൈറോയിലെ ജർമൻ അംബാസഡറുടെ സമ്മർദത്തിന് വഴങ്ങിയിട്ടാവാം, തന്റെ ഉത്തരവ് നടപ്പാക്കുന്നതിൽ ഈജിപ്ഷ്യൻ സർക്കാർ അലംഭാവം കാണിക്കുന്നുവെന്ന് സുൽത്താന് തോന്നി. അതേ തുടർന്ന് പ്രസ്തുത പ്രദേശത്തിന്റെ മേൽനോട്ടം വഹിക്കാൻ ഈജിപ്ഷ്യൻ ഗവൺമെന്റിന് ഉസ്മാനികൾ നൽകിയ അധികാരം റദ്ദാക്കുന്നതായി സുൽത്താൻ പ്രഖ്യാപിച്ചു. ഒടുവിൽ, (1892 ഫെബ്രുവരി 16-ന്) അഖബയിലും പരിസരങ്ങളിലും ഉസ്മാനി നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള തീരുമാനം പുറപ്പെടുവിക്കാൻ ഖിദൈവി അബ്ബാസ് ഹിൽമി നിർബന്ധിതനായി. ഉടനെ തന്നെ സുൽത്താൻ സൈനിക സംഘത്തെ നിയോഗിച്ച്, ഫ്രീഡ്മാനെയും കൂട്ടരെയും പുറത്താക്കുകയും അവർ വന്ന അതേ കപ്പലിൽ തന്നെ അവരെ ജർമനിയിലേക്ക് തിരിച്ചയക്കുകയും ചെയ്തു.

(അടുത്ത ലക്കത്തിൽ 
അവസാനിക്കും)

ഗ്രന്ഥസൂചി:
മുഹമ്മദ് ഫരീദ് ബക്- താരീഖുദ്ദൗലതിൽ അലിയ്യതിൽ ഉസ്്മാനിയ്യ; ഡോ. അലി ഹസ്സൂൻ- താരീഖുദ്ദൗലതിൽ ഉസ്്മാനിയ്യ; ഡോ. മുഹമ്മദ് ഹർബ്- അൽഉസ്്മാനിയ്യൂന ഫിത്താരീഖി വൽഹദാറ; മൗസൂഅതു സഫീർ ലിത്താരീഖിൽ ഇസ്ലാമി; അബ്ദുൽ അസീസ് മുഹമ്മദ് ശനാവി- അദ്ദൗലതുൽ ഉസ്്മാനിയ്യ; ഹസ്സാൻ ആലാഖ്- മൗഖിഫുദ്ദൗലതിൽ ഉസ്മാനിയ്യ മിനൽ ഹർകതിസ്സ്വിഹ് യൂനിയ്യ-1897-1909.

അടിക്കുറിപ്പുകൾ
1. ഇസ്്ലാമിക വിജ്ഞാനകോശം, വാള്യം 6; 2-11.
2-4. സിയാദ് മഹ്മൂദ് അബൂ ഗനീമ- ദൗറുൽ അത്റാകിൽ ഉസ്മാനിയ്യീന ഫിൽ ഖദിയ്യതിൽ ഫലസ്ത്വീനിയ്യ (ലേഖനം), അൽമുജ്തമഅ് അറബി വാരിക, 1999 മാർച്ച് 16.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്