Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

ധനാഗമ മാർഗങ്ങളും സകാത്ത് വിഹിതവും

ഡോ. കെ. ഇൽയാസ് മൗലവി

ഷെയറിന്റെ സകാത്ത്
കമ്പനിയിൽ ഷെയർ എടുത്ത ആളുടെ സകാത്ത് കമ്പനിയാണോ ആ വ്യക്തിയാണോ നൽകേണ്ടത്? ഷെയറിന്റെ സകാത്ത് വിഹിതം എങ്ങനെയാണ് കണക്കാക്കുക?

കമ്പനി തന്നെ നേരിട്ട് സകാത്ത് നൽകിയ ശേഷമാണ് ഓഹരി ഉടമകൾക്ക് ലാഭം വിതരണം ചെയ്യുന്നതെങ്കിൽ പിന്നെ ഓഹരി ഉടമകൾ ആ തുകക്ക് വീണ്ടും സകാത്ത് നൽകേണ്ടതില്ല. എന്നാൽ, കമ്പനി അതിന് സകാത്തു നൽകാറില്ലെങ്കിൽ ഓഹരി ഉടമകൾ ഓരോരുത്തരും അവനവന്റെ സകാത്ത് സ്വന്തം നിലക്ക് നൽകേണ്ടതാണ്.
ഇനി ഷെയർ തന്നെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പനികളിലാണ് ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്; ഷെയർ വാല്യു കൂടുമ്പോൾ ലാഭത്തിന് വിൽക്കാമെന്ന ഉദ്ദേശ്യാർഥമാണ് ഷെയർ വാങ്ങിയിട്ടുള്ളതും - എങ്കിൽ തങ്ങളുടെ ഷെയറിന്റെ കമ്പോള വില നോക്കുകയും അത് നിസ്വാബ് തികയാൻ മാത്രം ഉണ്ടെങ്കിൽ അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുകയും വേണം.  അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിൽ ഉള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കില്‍ അപ്പോഴും സകാത്ത് നൽകണം.

ഇനി ഇങ്ങനെയുള്ള ഷെയറല്ല, മറിച്ച് കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം പറ്റാമെന്ന ഉദ്ദേശ്യത്തില്‍ പണം ഇൻവെസ്റ്റ് ചെയ്തതാണെങ്കിൽ ആ ലഭിക്കുന്ന ലാഭം നിസ്വാബ് തികയുമെങ്കിൽ അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിൽ ഉള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കിലും സകാത്ത് നൽകണം.
കച്ചവട സ്ഥാപനത്തിലാണ് ഷെയറെങ്കിൽ കച്ചവടത്തിന്റെ സകാത്താണ് അതിന് ബാധകമാവുക.

കച്ചവടത്തിന്റെ സകാത്ത്

എനിക്കൊരു കടയുണ്ട്, അതിൽനിന്ന് തരക്കേടില്ലാത്ത വരുമാനവും ഉണ്ട്. ഞാനെങ്ങനെയാണ് സകാത്ത് നൽകേണ്ടത്?

താങ്കൾ എങ്ങനെയാണ് സകാത്ത് നൽകേണ്ടത് എന്ന് ചുരുക്കിപ്പറയാം:
1. കച്ചവടം തുടങ്ങി ഒരു വർഷം പൂർത്തിയാവുമ്പോൾ ചരക്കുകളുടെ സ്റ്റോക്കെടുക്കണം.
2. സ്റ്റോക്കെടുത്തു കഴിഞ്ഞാൽ വിറ്റുപോവാൻ സാധ്യതയില്ലാത്തതും, കേടുവന്നതും, കാലഹരണപ്പെട്ടതിനാൽ വിൽക്കാൻ പറ്റാത്തതുമായവ ഒഴിവാക്കാവുന്നതാണ്. അഥവാ അവക്ക് സകാത്ത് നിർബന്ധമല്ല എന്നർഥം.
3. സ്റ്റോക്കെടുത്തപ്പോൾ 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ സംഖ്യക്കുള്ള ചരക്കുകൾ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.
4. ഇനി അത് സ്വന്തം നിലക്ക് നിസ്വാബ് തികയാൻ മാത്രം ഇല്ലെങ്കിലും, മറ്റുള്ള വകയിൽ കൈവശം ബാങ്കിലോ മറ്റോ കാശുണ്ട്, അല്ലെങ്കിൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുള്ള കടമുണ്ട് അങ്ങനെ ഇതെല്ലാം കൂട്ടുമ്പോൾ നിസ്വാബ് തികഞ്ഞാലും മൊത്തം തുകയുടെ രണ്ടര ശതമാനം സകാത്ത് നൽകണം.
5. സകാത്ത് നൽകാനായി വിൽപ്പനക്കുള്ള ചരക്കുകൾ മാത്രമേ സ്റ്റോക്കിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. അഥവാ കടയിൽ വിൽപ്പനക്കല്ലാതെ വെച്ചിട്ടുള്ള ഇനങ്ങൾക്ക് സകാത്ത് ബാധകമല്ല.
6. ബാങ്ക് ഡിപ്പോസിറ്റ്, സൂക്ഷിച്ചു വെച്ചിട്ടുള്ള സ്വർണം, കാശ് എല്ലാം  കണക്കുകൂട്ടി കച്ചവടത്തിന്റെ സകാത്തിനോടൊപ്പം ഒന്നിച്ച് കൊടുത്താൽ മതി.
7. എല്ലാ വർഷവും ഇതുപോലെ തന്നെയാണ് ചെയ്യേണ്ടത്.
ചുരുക്കത്തിൽ, സകാത്ത്‌ നല്‍കാന്‍ സമയമായാല്‍ കച്ചവടക്കാരന്‍ താന്‍ വില്‍പനക്ക്‌ വെച്ച വസ്‌തുക്കളുടെ സ്റ്റോക്കെടുപ്പ്‌ നടത്തി അവയുടെ മാര്‍ക്കറ്റ്‌ വില കണക്കാക്കുകയും തുടര്‍ന്ന്‌ കിട്ടാന്‍ സാധ്യതയുള്ള കടങ്ങളും കൈയിരിപ്പുള്ള ധനവും -അത് കച്ചവടത്തില്‍ നിന്ന്‌ ലഭിച്ചതാകട്ടെ അല്ലാതിരിക്കട്ടെ- എല്ലാം അതിനോട്‌ ചേര്‍ക്കണം. ശേഷം കൊടുത്തുവീട്ടാനുള്ള കടങ്ങള്‍ കഴിച്ച്‌ ബാക്കിയുള്ള മൊത്തം സംഖ്യ എത്രയാണെന്ന്‌ കണക്കാക്കി അതിന്റെ 2.5% സകാത്ത്‌ നല്‍കുക.

കച്ചവടത്തിൽ മുഴുവൻ കച്ചവടച്ചരക്കുകൾക്കുമാണോ സകാത്ത്? അതോ വർഷാവസാനമുള്ള മൊത്തം ലാഭത്തിനോ?

ഒരാളുടെ ഉടമസ്ഥതയിൽ  വിൽപ്പനയാവശ്യാർഥം സ്റ്റോക്കുള്ള എല്ലാ വസ്തുക്കൾക്കും സകാത്ത് കൊടുക്കൽ നിർബന്ധമാണ്. കച്ചവടത്തിന്റെ ലാഭത്തിനു മാത്രമല്ല, മുതലിനും കൂടി വർഷാവർഷം സകാത്ത് നൽകൽ നിർബന്ധമാണ്.
അനാഥകളുടെ സ്വത്ത് പോലും സകാത്ത് കൊടുത്ത് തീര്‍ന്നുപോയേക്കാമെന്നും അതിനിടവരുത്താതെ വല്ല ബിസിനസ്സ് സംരംഭങ്ങളിലും ഇറക്കി പരിപോഷിപ്പിക്കണമെന്നുമൊക്കെ ഹദീസുകളിൽ കാണാം. എങ്കില്‍ പിന്നെ ഒരു കച്ചവടക്കാരന്‍ തന്റെ മുതലിന് ഒരു പ്രാവശ്യം സകാത്ത് കൊടുക്കുകയും അതോടെ തന്റെ ബാധ്യത തീര്‍ന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതിന് യാതൊരു ന്യായവുമില്ല. നിസ്വാബ് തികഞ്ഞ പണത്തിന് എല്ലാ വര്‍ഷവും സകാത്ത് കൊടുക്കണം. ഇതിലാര്‍ക്കും സംശയമില്ല. തന്റെ പണംകൊണ്ട് ചരക്കുകള്‍ വാങ്ങിയ ശേഷം അത് എത്ര വര്‍ഷം സൂക്ഷിച്ചാലും അതിന് സകാത്ത് കൊടുക്കേണ്ടതില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?!
 
ഉദാഹരണമായി, ഒരാള്‍ പത്ത് ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചു. മറ്റൊരാള്‍ ലാഭത്തിനു മറിച്ചു വിൽക്കാമെന്ന ഉദ്ദേശ്യത്തോടെ ഭൂമി വാങ്ങി പരമാവധി ലാഭത്തിന് മറിച്ചു വില്‍ക്കാമെന്നും വെച്ചു. ഭീമമായ തോതില്‍ വിലവർധിക്കുമ്പോള്‍ കൂടുതല്‍ വിലയും ലാഭവും പ്രതീക്ഷിച്ച് മൂന്ന് വര്‍ഷം വരെ അയാളത് വില്‍ക്കാതെ വെച്ചുകൊണ്ടിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച വ്യക്തി വര്‍ഷം തോറും 2.5% സകാത്ത് നല്‍കണം. അതേസമയം വില്‍പനക്കായി ഭൂമി വാങ്ങിയ മറ്റേ വ്യക്തി സകാത്ത് നല്‍കേണ്ടതില്ലെന്നോ? അതിനാല്‍ കച്ചവടത്തിന്റെ സകാത്ത് മുതലും ആദായവും ചേര്‍ത്ത് കണക്കാക്കി, വര്‍ഷം തോറും കൊടുക്കണമെന്നാണ് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ന്യായമായ പ്രതിബന്ധങ്ങള്‍ കാരണം കച്ചവടം മുടങ്ങിപ്പോയവരാണെങ്കില്‍ അവരുടെ ഒഴികഴിവുകള്‍ മനസ്സിലാക്കാമായിരുന്നു. അങ്ങനെ വരുമ്പോള്‍, എപ്പോഴാണോ വില്‍പന നടക്കുന്നത് അപ്പോള്‍ സകാത്ത് നല്‍കിയാല്‍ മതിയാവുമെന്ന് ഇമാം മാലികിനെ പോലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റിന്റെ സകാത്ത്

റിയൽ എസ്റ്റേറ്റിന്റെ സകാത്ത് എങ്ങനെ? ചിലരതിനെ കൃഷിഭൂമിയായി കണ്ട് ലഭിക്കുന്ന കാർഷികോൽപ്പന്നങ്ങൾക്ക് മാത്രം സകാത്ത് നൽകുന്നത് ശരിയാകുമോ?

മറിച്ചു വിൽക്കാനുദ്ദേശിച്ച് ഒരാൾ സ്വന്തമാക്കിയ ഭൂമി, കെട്ടിടം പോലുള്ളവക്ക് സകാത്ത് നിർബന്ധമാണ്. അവ കച്ചവട വസ്തുക്കളാണ് എന്ന നിലക്ക് കച്ചവടത്തിന്റെ സകാത്താണ് ഇത്തരം സമ്പത്തിനു ബാധകമാവുക. സ്വാഭാവികമായും നിസ്വാബ് തികയുന്നവയായിരിക്കും അവയെല്ലാം എന്ന നിലക്കാണിത് പറയുന്നത്. അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ. അഥവാ അവ കൈവശം വന്ന് ഒരു വർഷം പൂർത്തിയാവുന്ന മുറക്ക് അവയുടെ വിലയുടെ രണ്ടര ശതമാനമാണ് നൽകേണ്ടത് എന്നർഥം.

എപ്പോഴും വിറ്റുപോകാവുന്ന വിലയാണ് പരിഗണിക്കേണ്ടത്. ഇത്തരം സമ്പത്ത് ഒരാളുടെ ഉടമസ്ഥതയിൽ എത്ര വർഷം ഇരിക്കുന്നുവോ അത്രയും വർഷം ഉടമസ്ഥൻ അതിന് സകാത്ത് നൽകണം. എന്നാൽ, തന്റേതല്ലാത്ത കാരണത്താൽ വിൽപ്പന മുടങ്ങിക്കിടക്കുന്ന സാഹചര്യമാണെങ്കിൽ എപ്പോഴാണോ അവ വിറ്റു പോവുന്നത് അപ്പോൾ ഒരു വർഷത്തെ സകാത്ത് കൊടുത്താൽ മതിയാവും.

സർവീസിന്റെ സകാത്ത്

സർവീസ് മേഖല ഇന്ന് വലിയൊരു ധനാഗമന സ്രോതസ്സാണ്. അതിന്റെ സകാത്ത് എങ്ങനെ കണക്കാക്കും?

സകാത്തിനെക്കുറിച്ചും, വിശിഷ്യാ അതിന്റെ അടിസ്ഥാന ഉപാധികളെ കുറിച്ചും  സാമാന്യ ധാരണ ഉണ്ടായിക്കഴിഞ്ഞാൽ ഇത്  എളുപ്പത്തിൽ  മനസ്സിലാവും. നിസ്വാബ് തികഞ്ഞ ഒരു തുക ഒരാളുടെ കൈവശംം വരികയും, അതിന് ഒരു വർഷം പൂർത്തിയാവുകയും ചെയ്യുന്ന മുറക്ക് അതിന് സകാത്ത് നിർബന്ധമാകും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

ഈ ചോദ്യത്തിലേക്ക് വന്നാൽ, സർവീസിലൂടെ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പണം എപ്പോഴാണോ നിസ്വാബ് തികയുന്നത്  (85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക) അപ്പോള്‍ അതിന്റെ സകാത്ത് വർഷം ആരംഭിച്ചു. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബിൽ കുറയാത്ത തുക അയാളുടെ കൈവശം ശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകൽ നിർബന്ധമാണ്. തുടർന്നുള്ള വർഷങ്ങളിലും അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല.

വാടകയുടെ സകാത്ത്

വാടകക്കെട്ടിടങ്ങൾക്ക് വരുമാനത്തിന്റെ എത്ര ശതമാനമാണ് സകാത്ത്? ആസ്തിയും വരുമാനവും  കൂട്ടിയാണോ സകാത്ത് കൊടുക്കേണ്ടത്?

വാടകക്കെട്ടിടങ്ങൾ, അവ എത്ര വിലമതിക്കുന്ന കെട്ടിടങ്ങളായാലും അവക്ക് സകാത്തില്ല. എന്നാൽ, അതിൽനിന്ന് ലഭിക്കുന്ന വാടകക്ക് അത് നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ലഭിക്കുന്ന വാടക 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തന്നെ ചെയ്യേണ്ടതാണ്. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല.

ടാക്സി വാഹനങ്ങളുടെ സകാത്ത് 

ടാക്സിയായി ഓടുന്ന വാഹനങ്ങൾക്ക് സകാത്ത് ബാധകമല്ലേ? കുടുംബാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സകാത്തുണ്ടോ?

ടാക്സിയായി ഓടുന്ന വാഹനങ്ങൾക്ക് അവ എത്ര വിലമതിക്കുന്ന വാഹനങ്ങളായാലും അവക്ക് സകാത്തില്ല. എന്നാൽ, അതു വഴി ലഭിക്കുന്ന വരുമാനം നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ലഭിക്കുന്ന വരുമാനം 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ - അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ- സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ നിർബന്ധ സകാത്ത് ബാധ്യതയില്ല.


ആഭരണങ്ങളുടെ സകാത്ത്

ഉപയോഗിക്കാത്ത ആഭരണങ്ങൾക്ക് മാത്രമാണോ സകാത്തുള്ളത്? അവയുടെ സകാത്ത് വിഹിതം എത്രയാണ്?

സാധാരണ ഗതിയിൽ ഒരു സ്ത്രീ മിതമായ തോതിൽ ഉപയോഗിക്കുന്ന ആഭരണങ്ങൾക്ക് സകാത്തില്ല. 10-ഉം 20-ഉം 30-ഉം ലക്ഷം രൂപ വിലയുള്ള വാഹനങ്ങളും ഉപയോഗിക്കുന്നവർ അതിനൊന്നും സകാത്ത് നൽകേണ്ടതില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ന്യായം. ഉപയോഗിക്കുക എന്ന ന്യായം ആഭരണം ഉപയോഗിക്കുന്ന സ്ത്രീകൾക്കും ബാധകമാണ്. എന്നാൽ, ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കുന്നതിനും പരിധി വിട്ട് ധൂർത്തോളം എത്തിയതുമായ ആഭരണങ്ങൾക്കും സകാത്ത് നൽകൽ നിർബന്ധമാണ്. 85 ഗ്രാം എത്തിക്കഴിഞ്ഞാൽ നിസ്വാബെത്തി. നിസ്വാബെത്തിയ സ്വർണം കൈയിൽ വന്ന് ഒരു വർഷം പൂർത്തിയാവുന്ന മുറക്ക് അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.

ശമ്പളത്തിന്റെ സകാത്ത്

50,000 രൂപ മാസശമ്പളം വാങ്ങിക്കുന്ന ഒരു സർക്കാർ ജീവനക്കാരനാണ് ഞാന്‍. ഞാൻ സകാത്ത് നൽകേണ്ടതുണ്ടോ? എങ്കിൽ എങ്ങനെയാണത് നൽകേണ്ടത്?

താങ്കളുടെ കൈവശം നിസ്വാബ് എത്തിയ തുക അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലക്ക് തുല്യമായ തുക എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ അതിന്റെ സകാത്ത് വർഷം ആരംഭിക്കുന്നു. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ അതിൽ കുറയാത്ത തുക താങ്കളുടെ കൈവശം അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ താങ്കൾക്ക് സകാത്ത് നിർബന്ധമല്ല.

കൃഷിയുടെ സകാത്ത്

തേങ്ങ, വാഴക്കുല, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുകയും അവ വിറ്റ് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു കർഷകനാണ് ഞാൻ. ലാഭകരമല്ലാത്തതിനാലും തൊഴിലാളികളെ വേണ്ട രീതിയിൽ ലഭിക്കാത്തതിനാലും നെൽകൃഷി ചെയ്യാറില്ല. കൃഷിയുടെ സകാത്ത് എങ്ങനെയാണ് കണക്കാക്കുക?

വരുമാനത്തിനായി തേങ്ങ, റബ്ബർ, വാഴപ്പഴം, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്ത് ധനം സമ്പാദിക്കുന്നവർ അവ വിറ്റും അല്ലാതെയും തങ്ങളുടെ കൈവശം നിസ്വാബ് എത്തിയ തുക അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ അതിന്റെ സകാത്ത് വർഷം ആരംഭിച്ചതായി കണക്കാക്കുക. അങ്ങനെ ഒരു വർഷം പൂർത്തിയാവുമ്പോൾ അതിൽ കുറയാത്ത തുക തന്റെ ഉടമസ്ഥതയിൽ അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിലും അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവക്ക് സകാത്ത് നിർബന്ധ ബാധ്യതയില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്