കുതിക്കുന്ന രാമന്‍ കിതക്കുന്ന ഇന്‍ഡ്യ
ഫെബ്രുവരി ആദ്യത്തില്‍ ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന മുറക്ക് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇലക് ഷന്‍ കമീഷന്‍ പ്രഖ്യാപിക്കും. രണ്ട് മാസത്തിനുള്ളില്‍ രാജ്യത്തെ 96 കോടി സമ്മതിദായകര്‍ രാജ്യ ഭരണം ആരെ ഏല്‍പിക്കുമെന്ന് തീരുമാനിക്കുമെന്നര്‍ഥം. സാധാരണ ഗതിയില്‍ 2014 മുതല്‍ രണ്ട് തവണ കേന്ദ്ര ഭരണം സ്വന്തമാക്കിയ നരേന്ദ്ര മോദി തന്നെ മൂന്നാമൂഴവും തരപ്പെടുത്തുമെന്നായിരുന്നു സാമാന്യ ധാരണ. ഒടുവിലത്തെ വര്‍ഷം പക്ഷേ, ഇൻഡ്യ മുന്നണിയുടെ രംഗപ്രവേശം ചിലരെയൊക്കെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചതായി തോന്നി. ജനതാ ദള്‍ യു നേതാവ് നിതീഷ് കുമാറും എന്‍.സി.പിയുടെ ശരത് പവാറും മതേതര മുന്നണിയുടെ നായകരായി സ്വയം രംഗപ്രവേശം ചെയ്തതാണ് പരക്കെ ആവേശം പകര്‍ന്നത്്.
ബംഗാളിലെ മമതാ ബാനര്‍ജിയും യു.പിയിലെ അഖിലേഷ് യാദവും അവര്‍ക്ക് പിന്തുണ നല്‍കിയപ്പോള്‍ പ്രതിപക്ഷ ഐക്യ വികാരം തരംഗമായി വികസിച്ചു. എന്നാല്‍, ശുഭപ്രതീക്ഷക്ക് ആക്കം കൂട്ടിയത് ദേശീയ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിന്റെ അവസരോചിതമായ ഇടപെടലാണ്. ബി.ജെ.പിയെ തോല്‍പിക്കാന്‍ ആരുമായും എന്ത് വിട്ടുവീഴ്ച ചെയ്തും സഹകരിക്കാന്‍ പാര്‍ട്ടി തയാറാണെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഇന്‍ഡ്യ മുന്നണി എന്ന പേരില്‍ യോജിച്ചു പോരാടാനുള്ള ദൃഢനിശ്ചയത്തിന് മതേതര പാര്‍ട്ടികള്‍ക്ക് പ്രചോദനമായത് ഈ പശ്ചാത്തലമാണ്.
ദല്‍ഹിയിലെയും പഞ്ചാബിലെയും ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി തങ്ങള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാറിന്റെ ശത്രുതാ പ്രവര്‍ത്തനങ്ങളില്‍ പൊറുതി മുട്ടിയാണെങ്കിലും കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയാറായി മുന്നോട്ടുവന്നതും, സി.പി.എമ്മും സി.പി.ഐയും മറ്റു ഇടതുപക്ഷ പാര്‍ട്ടികളും ചേര്‍ന്ന മുന്നണി ഇന്‍ഡ്യ സഖ്യത്തോടൊപ്പം നിന്നതും ജനത്തിന് ആശ്വാസം പകര്‍ന്നു. അതിനിടെ നടന്ന കര്‍ണാടക നിയമ സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സ് ബി.ജെ.പിയെ മലര്‍ത്തിയടിച്ചതോടെ ഇന്‍ഡ്യയിലെ പാര്‍ട്ടികള്‍ മാത്രമല്ല, രാജ്യത്താകെയുള്ള മതേതര സമൂഹവും ആവേശത്തിമര്‍പ്പിലായി. രാജ്യത്തെ ഫലത്തില്‍ നിയന്ത്രിക്കുന്ന വാണിജ്യ വ്യവസായ തമ്പുരാക്കളുടെ പൂര്‍ണ സംരക്ഷണവും, അവരുടെ പ്രത്യക്ഷവും പരോക്ഷവുമായ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളുടെ നിസ്സീമമായ പിന്തുണയുമൊക്കെ ഹിന്ദുത്വ ബ്രിഗേഡിനുണ്ടെങ്കിലും ജനങ്ങള്‍ മാറി ചിന്തിച്ചാല്‍ കാറ്റ് മറിച്ചു വീശിയേക്കുമെന്ന ശുഭ ചിന്ത വ്യാപകമായിത്തുടങ്ങി.
അതിനിടെയാണ് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ് ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത്. ഇന്‍ഡ്യയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കുറച്ചു കോണ്‍ഗ്രസ്സിന് ഈ സംസ്ഥാനങ്ങളിലുള്ള ശക്തി തെളിയിക്കേണ്ട സാഹചര്യം തന്മൂലം വന്നുകൂടി. കര്‍ണാടകയിലെ വന്‍ വിജയം മല്ലികാര്‍ജുൻ ഖാര്‍ഗെയെയും സഹ നേതാക്കളെയും കൂടുതല്‍ വിജയസ്വപ്‌നങ്ങളിലേക്ക് നയിക്കാനും, ഡിസംബറില്‍ ഫലങ്ങള്‍ പുറത്തു വന്നാല്‍ മുന്നണിയുടെ നേതൃസ്ഥാനം കൂടുതല്‍ ശക്തവും ഭദ്രവുമാക്കാമെന്ന് കണക്കുകൂട്ടാനും കളമൊരുങ്ങി.
പക്ഷേ, ഇന്‍ഡ്യ മുന്നണിയിലെ മറ്റു ഘടക കക്ഷികളുമായി കൂടിയാലോചനക്ക് പോലും തയാറാവാതെ ഒറ്റക്ക് മത്സരിക്കാനുള്ള മധ്യപ്രദേശിലെ കമല്‍നാഥിന്റെയും രാജസ്ഥാനിലെ അശോക് ഗഹ് ലോട്ടിന്റെയും മര്‍ക്കടമുഷ്ടിക്ക് പാര്‍ട്ടി കനത്ത വിലയാണ് കൊടുക്കേണ്ടിവന്നതെന്ന് മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെയും വന്‍ തിരിച്ചടികൾ തെളിയിക്കുകയായിരുന്നു. തെലങ്കാനയില്‍ നേടിയ തിളക്കമാര്‍ന്ന വിജയം ബി.ജെ.പിക്കെതിരെ ആയിരുന്നില്ല താനും. അതോടെ ചിത്രം മാറി.
ഇന്‍ഡ്യയെക്കുറിച്ച പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. മുന്നണിക്ക് ഒരു കണ്‍വീനറെ കണ്ടെത്താന്‍ പോലും കഴിയാത്ത പരുവത്തില്‍ പലവിധ അപസ്വരങ്ങൾ ഉയര്‍ന്നു തുടങ്ങി. ഒരുവശത്ത് മോദിയും അമിത് ഷായും കാവിപ്പടയുടെ വിജയത്തിനായി സര്‍വ വിധ തന്ത്ര കുതന്ത്രങ്ങളും പയറ്റവെ, മറുവശത്ത് മത്സരിക്കേണ്ട സീറ്റുകളുടെ കാര്യത്തില്‍ പോലും പരസ്പര ധാരണയിലെത്താതെ ഇന്‍ഡ്യ മുന്നണി ഉഴറുന്ന ദുരവസ്ഥ. പശ്ചിമ ബംഗാളില്‍ ആരുമായും കൂട്ടുകെട്ടിനു തയാറില്ലാതെ 42 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന തൃണമൂല്‍ സുപ്രീമോ മമതാ ബാനര്‍ജിയുടെ വെല്ലുവിളി. യു.പിയില്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് 11 സീറ്റുകള്‍ കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ അരികുവത്കരിച്ച ശരത് പവാറിന്റെ ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല. ബി.ജെ.പി റാഞ്ചിയെടുത്ത ഷിണ്ഡേ പക്ഷത്തിന് മുന്നില്‍ നിലനില്‍പിനായി കൈകാലിട്ടടിക്കുന്ന ഉദ്ധവ് താക്കറെയുടെ ശിവസേനക്ക് സ്വന്തം പേരും ചിഹ്നവും പരിരക്ഷിക്കാന്‍ പോലും സാധിച്ചേക്കില്ല എന്ന ധര്‍മ സങ്കടം.
എല്ലാം കൊണ്ടും ഇന്‍ഡ്യയുടെ പ്രതിഛായക്ക് ഗ്ലാനി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഇൻഡ്യയുടെ പെരുന്തച്ചനെന്ന് വിളിക്കാവുന്ന നിതീഷ് കുമാറിന്റെ കരണം മറിച്ചില്‍.
ബിഹാറിലെ ഒ.ബി.സി-സോഷ്യലിസ്റ്റ് ചേരിയുടെ അമരക്കാരനും മുന്‍നിര പോരാളിയുമായ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ തിരശ്ശീല ഉയരാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാഘട്ബന്ധന്റെ കെട്ടു പൊളിച്ചു ബി.ജെ.പി പാളയത്തിലെത്തി, കാവിപ്പടയുടെ പിന്തുണയോടെ സംസ്ഥാന സര്‍ക്കാറിന്റെ തേരാളിയായി പുനരവതരിച്ചിരിക്കുന്നു. 79 എം.എല്‍.എമാരുള്ള ആര്‍.ജെ.ഡിയുമായി വിലപേശി 45 ജെ.ഡി.യു നിയമസഭാംഗങ്ങള്‍ മാത്രമുള്ളപ്പോള്‍ മുഖ്യമന്ത്രി പദത്തിലേറി, ഇനിയൊരിക്കലും ബി.ജെ.പിയോടൊപ്പം പോകുന്നില്ലെന്ന് ആണയിട്ട് പറഞ്ഞ നിതീഷ് കുമാര്‍ കൂറുമാറ്റത്തിന്റെ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് ഒരിക്കല്‍ കൂടി കാവിപ്പടയോട് കൂറ് പ്രഖ്യാപിച്ചിരിക്കുന്നു. ദല്‍ഹിയില്‍ ആപ്പിന്റെ 20 എം.എല്‍.എമാർക്ക് 25 കോടി വീതം വാഗ്ദാനം ചെയ്യപ്പെട്ട വിവരം മുഖ്യമന്ത്രി കെജ് രിവാള്‍ വെളിപ്പെടുത്തിയത് കണക്കിലെടുത്താല്‍ ഇന്‍ഡ്യയില്‍ ആരൊക്കെ അവശേഷിക്കുമെന്ന് കണ്ടറിയണം. അല്ലെങ്കിലും ഈ കലയില്‍ അമിത് ഷായെ കടത്തിവെട്ടാന്‍ ഇനി വല്ലവരും ജനിച്ചിട്ട് വേണം. 20 വര്‍ഷം മുമ്പ് ലോകത്തോട് വിടപറഞ്ഞ ബിഹാറിലെ പ്രഥമ സോഷ്യലിസ്റ്റ് മുഖ്യമന്ത്രിയും ഒ.ബി.സി പോരാളിയുമായിരുന്ന കര്‍പൂരി ഠാക്കൂറിന് പൊടുന്നനെ ഭാരത രത്‌നം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ പിന്നിലെ രാഷ്ട്രീയ ലാക്കിലേക്ക് സൂചനകള്‍ ലഭിച്ചിരുന്നതാണ്. കോണ്‍ഗ്രസ്സിന് പുറമെ ഡി.എം.കെ, എസ്.പി, എന്‍.സി.പി, ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, ആപ്, മുസ്്‌ലിം ലീഗ്, ഇടതു പാര്‍ട്ടികള്‍ തുടങ്ങിയ പാര്‍ട്ടികള്‍ തല്‍ക്കാലം മുന്നണിയിൽ അവശേഷിക്കുന്നുണ്ടെങ്കിലും സീറ്റ് പങ്കുവെപ്പ് ചര്‍ച്ചകള്‍ കൂടി കഴിയുമ്പോള്‍ ഇന്‍ഡ്യക്ക് റീത്ത് സമര്‍പ്പിക്കേണ്ടിവരുമോ എന്ന്് കാത്തിരുന്ന് കാണാം. അത് സംഭവിച്ചാലും ഇല്ലെങ്കിലും ചില വസ്തുതകള്‍ അനിഷേധ്യമായി അവശേഷിക്കുന്നു.
ഒന്ന്: മതേതരത്വം, ജനാധിപത്യം, ഭരണഘടന എന്നിത്യാദി തത്ത്വങ്ങളെ കുറിച്ചൊക്കെ വലിയ വായില്‍ അമറിയാലും സങ്കുചിത പാര്‍ട്ടി താല്‍പര്യങ്ങളാണ് അന്തിമമായി രാഷ്ട്രീയ പാര്‍ട്ടികളെ നയിക്കുന്നത്. പാര്‍ട്ടി താല്‍പര്യങ്ങള്‍ എന്നത് ഫലത്തില്‍ നേതാക്കളുടെ വ്യക്തി താല്‍പര്യങ്ങളോ കുടുംബ താല്‍പര്യങ്ങളോ ജാതി താല്‍പര്യങ്ങളോ ആയിരിക്കുകയും ചെയ്യും.
രണ്ട്: ഫാഷിസ്റ്റ് ഭീഷണി പടിവാതില്‍ക്കലെത്തി നില്ക്കുമ്പോഴും പല മതേതര പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും അത്ര വലിയ ബേജാറൊന്നും അക്കാര്യത്തിലില്ല. 'തോണി മറിഞ്ഞാല്‍ മറുപുറം' എന്ന് ആദ്യമേ മനസ്സില്‍ കരുതിയവരാണ് പലരും. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ ബാബരി മസ്ജിദ് സംഘികളും കര്‍സേവകരും തകര്‍ത്ത് നിലം പരിശാക്കിയപ്പോള്‍ കണ്ണീര്‍ വാര്‍ത്ത നേതാക്കളും, പ്രഥമ പേജില്‍ മുഖപ്രസംഗങ്ങളെഴുതിയ ദേശീയ പത്രങ്ങളും കഴിഞ്ഞ ജനുവരി 22-ന് നടന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠ എങ്ങനെ ആഘോഷമാക്കി എന്ന് ഒരു നിമിഷം പരിശോധിച്ചാല്‍ നമ്മുടെ മതേതരത്വ ഹിപ്പോക്രസി സൂര്യവെളിച്ചം പോലെ വെളിപ്പെടും.
മൂന്ന്: ഫാഷിസ്റ്റ് വിപത്ത് രാജ്യത്തെ മൊത്തം ഗ്രസിക്കുന്നതല്ല, മതന്യൂനപക്ഷങ്ങളെ മാത്രം പിടിയിലൊതുക്കുന്ന ഭീഷണിയായേ വലിയൊരു വിഭാഗം കരുതുന്നുള്ളൂ.
നാല്: മതേതര പാര്‍ട്ടികളില്‍ പ്രതിയോഗികളുടെ തന്ത്രങ്ങളറിഞ്ഞ് മറു തന്ത്രങ്ങളാവിഷ്‌കരിക്കാന്‍ പ്രാപ്തരായവരുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. കോൺഗ്രസ്സില്‍ ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവരുടെ സമശീര്‍ഷര്‍ പോലും ശുദ്ധ ശൂന്യം. പാവം രാഹുല്‍ ഗാന്ധിക്ക് എത്ര വേണമെങ്കിലും നടക്കാനറിയാം, പേടിക്കാതെ പറയാനറിയാം. വേണ്ടിവന്നാല്‍ മുങ്ങാനുമറിയാം. പക്ഷേ, രാഷ്ട്രീയ കളരിയിലെ അഭ്യാസം പഠിച്ചിട്ടു വേണം. l
Comments