Prabodhanm Weekly

Pages

Search

2024 ഫെബ്രുവരി 09

3339

1445 റജബ് 28

മിഡിലീസ്റ്റില്‍ വീണ്ടും അമേരിക്കന്‍ പടപ്പുറപ്പാട്

പി.കെ നിയാസ്

വടക്കു കിഴക്കന്‍ ജോര്‍ദാനിലെ സിറിയന്‍ അതിര്‍ത്തിക്കടുത്ത് അമേരിക്കയുടെ ടവര്‍ 22 സൈനിക ഔട്ട്്‌പോസ്റ്റിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ മൂന്ന് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനെതിരെ യു.എസ് സൈനിക നീക്കത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 350 അമേരിക്കന്‍ സൈനികരാണ് താവളത്തിലുള്ളത്. ആക്രമണത്തില്‍ 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഡ്രോണ്‍ ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നതിന് അമേരിക്കയുടെ പക്കല്‍ തെളിവില്ലെങ്കിലും ഇറാന്‍ പിന്തുണക്കുന്ന പോരാളി സംഘടനയായ കതാഇബ് ഹിസ്ബുല്ലയാണ് ആക്രമണം നടത്തിയതെന്ന് വാഷിംഗ്ടണ്‍ ആരോപിക്കുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘങ്ങളുടെ കൂട്ടായ്മയായ 'ഇസ്ലാമിക് റെസിസ്റ്റന്‍സ് ഇന്‍ ഇറാഖ്' സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതും, ദിവസങ്ങള്‍ക്കു മുമ്പ് ഇറാഖിലെ ഐന്‍ അല്‍ അസദ് വ്യോമ താവളത്തിനു നേരെയും തങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് അവര്‍ പ്രഖ്യാപിച്ചതുമാണ് ഇറാന്‍ ബന്ധത്തിലേക്ക് അമേരിക്ക വിരല്‍ ചൂണ്ടാന്‍ കാരണം. 

ഫലസ്ത്വീനിലെ ഇസ്രയേലി ഭീകര പ്രവര്‍ത്തനങ്ങളെ പിന്തുണക്കുന്ന അമേരിക്കയോടുള്ള പ്രതികരണമാണ് മൂന്ന് സൈനിക കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണമെന്നും യു.എസ് സൈന്യത്തെ മേഖലയില്‍നിന്ന് പുറത്താക്കുകയാണ് അന്തിമ ലക്ഷ്യമെന്നും സായുധ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ എന്ന തെമ്മാടി രാഷ്ട്രം അധിനിവിഷ്ട ഫലസ്ത്വീനില്‍ നടത്തിവരുന്ന കൂട്ടക്കുരുതിയാണ് മിഡിലീസ്റ്റിനെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്നത്. ഫലസ്ത്വീനികളെ സയണിസ്റ്റ് ഭീകരര്‍ വംശഹത്യ നടത്തുമ്പോള്‍ അവര്‍ക്കെതിരെ ഐതിഹാസിക പോരാട്ടം നടത്തുന്ന ഹമാസിനെയും ഇസ്‌ലാമിക് ജിഹാദിനെയും പിന്തുണക്കുന്നത് ലബനാന്‍, സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ഇറാന്റെ പ്രോക്‌സികളായ ശീഈ സംഘടനകളാണ്.

ഗസ്സക്കെതിരായ ഇസ്രയേലിന്റെ വംശഹത്യക്ക് കൂട്ടുനില്‍ക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ യമനിലെ ഹൂതികള്‍ (അന്‍സാറുല്ല) രംഗത്തുവന്നത് ഇക്കഴിഞ്ഞ നവംബറിലാണ്. ചെങ്കടലിലൂടെ സഞ്ചരിച്ച ഇസ്രയേലി കപ്പല്‍ റാഞ്ചിയായിരുന്നു തുടക്കം. ചെങ്കടല്‍ വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രയേലിലെ ഏലിയാത് തുറമുഖത്ത് മാത്രം 85 ശതമാനം പ്രവര്‍ത്തന ഇടിവ് രേഖപ്പെടുത്തി. ഇസ്രയേല്‍ അനുകൂല പാശ്ചാത്യ രാജ്യങ്ങളുടെ കപ്പലുകള്‍ക്കെതിരെയും ഹൂതികള്‍ മിസൈല്‍ ആക്രമണം തുടങ്ങിയതോടെ മെര്‍സ്‌ക് ഉള്‍പ്പെടെ ലോകത്തെ അഞ്ച് വന്‍കിട ഷിപ്പിംഗ് കമ്പനികള്‍ക്ക് ചെങ്കടല്‍ വഴിയുള്ള ഗതാഗതം നിര്‍ത്തിവെക്കേണ്ടി വന്നു. ബ്രിട്ടീഷ് പെട്രോളിയവും ഇവരോടൊപ്പം ചേര്‍ന്നു. ഇതേത്തുടര്‍ന്ന് ഹൂതികളെ നേരിടാന്‍ അമേരിക്ക പത്ത് രാജ്യങ്ങളുടെ സഖ്യം പ്രഖ്യാപിച്ചെങ്കിലും തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് മനസ്സിലാക്കി ചില അറബ് - ഗള്‍ഫ് രാജ്യങ്ങള്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

ഇറാനിയന്‍ മണ്ണില്‍ ആക്രമണം നടത്തിയാല്‍ മിഡിലീസ്റ്റിലെ ഏത് അമേരിക്കന്‍ കേന്ദ്രങ്ങളിലേക്കും തിരിച്ചടിയുണ്ടാകുമെന്ന് മാധ്യസ്ഥ രാജ്യങ്ങള്‍ വഴി വാഷിംഗ്ടണിന് തെഹ്‌റാന്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള പോരാട്ടങ്ങള്‍ക്ക് മേഖല സാക്ഷ്യം വഹിക്കുമോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ലബനാനിലെ ഹിസ്ബുല്ലയും യമനിലെ ഹൂതികളും മറ്റു ഇറാന്‍ അനുകൂല മിലീഷ്യകളും മിഡിലീസ്റ്റിലെ അമേരിക്കന്‍ എംബസികളും താവളങ്ങളും ലക്ഷ്യമിട്ടാല്‍ അത് വലിയ സംഘര്‍ഷത്തിലേക്ക് നയിക്കും.

ഇറാനെ ആക്രമിക്കാന്‍ പ്രസിഡന്റ് ജോ ബൈഡനുമേല്‍ വലിയ സമ്മർദങ്ങളുണ്ട്. സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണങ്ങളില്‍ നേരിട്ട് പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കുകയും യു.എസിന്റെ പക്കല്‍ തെളിവുകള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെഹ്റാനിലേക്കുള്ള ഏതു മിസൈല്‍ ആക്രമണവും ആ രാജ്യത്തിന്റെ പരമാധികാരത്തിനു മേലുള്ള കൈയേറ്റമാകും. ലോക വ്യാപാര കേന്ദ്രം ആക്രമിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് പറയപ്പെടുന്ന അല്‍ ഖാഇദയുടെ ക്യാമ്പുകള്‍ അഫ്ഗാനിസ്താനിലാണെന്ന് ആരോപിച്ച് ആ രാജ്യത്തെ ആക്രമിക്കുകയും അധിനിവേശം നടത്തുകയും ചെയ്തതു പോലെ ഇറാനോട് കളിക്കാന്‍ അമേരിക്ക തയാറാവില്ല. അതേസമയം, സിറിയയിലെ ഇറാന്‍ സൈനിക കേന്ദ്രങ്ങളെയാണ് അമേരിക്ക ആക്രമിക്കുകയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എങ്ങനെ സംഭവിച്ചാലും, 2020-ല്‍ മുതിര്‍ന്ന ഇറാനിയന്‍ കമാണ്ടര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ച ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടു പോര്‍മുഖം തുറക്കുന്നതിന് ലോകം സാക്ഷ്യം വഹിക്കേണ്ടിവരും. സമ്പൂര്‍ണ യുദ്ധം ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നില്ല എന്നതും വസ്തുതയാണ്.

മിഡിലീസ്റ്റിലെ സാമ്രാജ്യത്വ അജണ്ട

1960-കള്‍ മുതല്‍ മിഡിലീസ്റ്റിനെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വേദിയാക്കി വരികയാണ് അമേരിക്ക. ഇറാനില്‍ ഷാ റിസാ പഹ്‌ലവിയുടെ മർദക ഭരണകൂടത്തെ പിന്തുണച്ചതും 1973-ല്‍ അറബികള്‍ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേലിനോടൊപ്പം നിലയുറപ്പിച്ചതും 1982-ല്‍ തെക്കന്‍ ലബനാനിലെ ഇസ്രയേലി അധിനിവേശത്തിന് ഒത്താശ ചെയ്തുകൊടുത്തതും മാത്രമല്ല, ഇറാഖിലെ രണ്ട് അധിനിവേശങ്ങളും, ഇറാനെതിരായ യുദ്ധത്തില്‍ ഇറാഖിനെ പിന്തുണച്ചതും, യമനിലെ സൈനിക നടപടികളുമൊക്കെ മേഖലയില്‍ അമേരിക്ക ആസൂത്രണം ചെയ്ത ഗൂഢ പദ്ധതികളില്‍ ചിലതാണ്.

സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുകയോ അതിനെ ആളിക്കത്തിക്കുകയോ ചെയ്യുന്ന അമേരിക്കന്‍ സാമ്രാജ്യത്വം മിഡിലീസ്റ്റില്‍ വീണ്ടും കുഴപ്പം ഉണ്ടാക്കാന്‍ പുറപ്പെടുന്നതിനു മുമ്പ് 1982-ല്‍ ലബനാനിലെ ഇസ്രയേലി അധിനിവേശത്തിന് ഒത്താശ ചെയ്തു കൊടുത്തതിന്റെ ദുരന്ത ഫലം ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കാം. 1983 ഒക്ടോബര്‍ 23-ന് ബൈറൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള സൈനിക താവളത്തില്‍ ഹിസ്ബുല്ല നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 241 സൈനികരെയാണ് അമേരിക്കക്ക് നഷ്ടപ്പെട്ടത്.

ഗസ്സയിലെ വംശഹത്യ കാല്‍ ലക്ഷം പിന്നിട്ടിട്ടും നിരപരാധരായ കൂടുതല്‍ മനുഷ്യരെ കൊന്നുതീര്‍ക്കാന്‍ ഇസ്രയേലിന് സർവവിധ സഹായവും നല്‍കുന്ന അമേരിക്കക്ക് തങ്ങളുടെ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടത് അഭിമാനത്തിന്റെ പ്രശ്‌നമായിരിക്കുകയാണ്. 'ഞങ്ങള്‍ ആരെയും കൊല്ലും, ആര് ജീവിക്കണം, ആര് മരിക്കണം എന്നൊക്കെ ഞങ്ങള്‍ തീരുമാനിക്കു'മെന്ന വെള്ള വംശീയ ധിക്കാരത്തിന് കാലം തിരിച്ചടി നല്‍കിയിട്ടുണ്ട്. എന്നിട്ടും ലോക പോലീസിന്റെ പണി തുടരുകയാണ് യു.എസ് സാമ്രാജ്യത്വം.

ഗസ്സയില്‍ യുദ്ധം തുടങ്ങിയ ശേഷം മധ്യപൗരസ്ത്യ മേഖലയിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ 160 ആക്രമണങ്ങള്‍ ഉണ്ടായെന്നാണ് പെന്റഗണ്‍ പറയുന്നത്. ഇറാഖില്‍ 2500 അമേരിക്കന്‍ സൈനികരുണ്ട്. ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) തിരിച്ചുവരുന്നത് തടയാനെന്ന പേരില്‍ സിറിയന്‍ മണ്ണില്‍ 900 സൈനികരെയും അമേരിക്ക പ്രതിഷ്ഠിച്ചിട്ടുണ്ട്.

ഗസ്സയില്‍ നൂറു ദിവസം യുദ്ധം ചെയ്തിട്ടും ലക്ഷ്യം കാണാതെ ആഭ്യന്തരമായി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്ന സാഹചര്യത്തില്‍ യുദ്ധം വ്യാപിപ്പിക്കുകയെന്നത് നെതന്യാഹുവിന്റെ തന്ത്രമാണ്. അപകടം പിടിച്ചതും ഭാരിച്ച ചെലവുണ്ടാക്കുന്നതുമായ നടപടിയാണെങ്കിലും സിറിയയിലെയും ലബനാനിലെയും ഇറാന്റെ സ്വാധീനം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ 25-നാണ് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ്‌സിന്റെ (ഐ.ആര്‍.ജി.സി) മേധാവി റാസി മൂസവിയെ ദമസ്‌കസിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപം ഇസ്രയേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ വധിച്ചത്. ദമസ്‌കസിലെ മെസ്സെഹില്‍ ഇസ്രയേല്‍ നടത്തിയ അപകടകരമായ നീക്കങ്ങള്‍ക്കെതിരെ ഇറാന്‍ നേരിട്ടു പ്രതികരിച്ചിട്ടില്ല.

2015-നു ശേഷം സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 20 ഐ.ആര്‍.ജി.സി സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയുണ്ടായി. ഇവരില്‍ ഏഴു പേരെ സയണിസ്റ്റ് സേന വധിച്ചത് ഒക്ടോബര്‍ ഏഴിലെ ഗസ്സ സംഭവങ്ങള്‍ക്കു ശേഷമാണ്. തെഹ്‌റാന്റെ അടുത്ത സഖ്യകക്ഷിയായിട്ടും റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം എന്തുകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്നില്ലെന്ന് ആരായണമെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ പ്രസിഡന്റ് ഇബ്റാഹീം റഈസിയോട് ഈയിടെ ആവശ്യപ്പെടുകയുണ്ടായി.

ഇറാനെതിരായ അമേരിക്കയുടെ പടപ്പുറപ്പാട് ഇസ്രയേലിന്റെ താല്‍പര്യങ്ങളുടെ സംരക്ഷണം കൂടി ഉദ്ദേശിച്ചാണെന്നത് വ്യക്തമാണ്. ഹമാസ് നേതാക്കളെ വധിക്കുമെന്ന് നെതന്യാഹു പരസ്യമായി പ്രഖ്യാപിച്ചതിനു സമാനമായാണ് ഇറാന്റെ ഉന്നത നേതൃത്വത്തെ വധിക്കണമെന്ന് അമേരിക്കയിലെ ചില മുതിര്‍ന്ന നേതാക്കളും പറയുന്നത്. ഇറാനെ ആക്രമിക്കുകയും, ഐ.ആര്‍.ജി.സി കമാണ്ടര്‍ ഇസ്മാഈല്‍ ഖാനിയെയും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെയും വധിക്കണമെന്ന് ആവശ്യപ്പെട്ടതും വൈറ്റ് ഹൗസിന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കീത്ത് കെല്ലോഗാണ്.
2003-ല്‍ അധിനിവേശം നടത്തി സദ്ദാം ഹുസൈന്‍ ഭരണകൂടത്തെ പുറത്താക്കിയതു മുതല്‍ ശീഈ മിലീഷ്യകള്‍ക്ക് സര്‍വ പിന്തുണയും നല്‍കി ഇറാഖിലും മേഖലയിലും സ്വാധീനം വര്‍ധിപ്പിച്ചുവരികയാണ് ഇറാന്‍. നാല് അറബ് രാജ്യങ്ങളില്‍ ഇറാന് വ്യക്തമായ മേധാവിത്വമുള്ളത് അമേരിക്കയെയും ഇസ്രയേലിനെയും ഒരുപോലെ അസ്വസ്ഥമാക്കുന്നുണ്ട്. 2011-ല്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ വളര്‍ന്നുവന്ന ഇസ്ലാമിക് സ്‌റ്റേറ്റ് (ഐ.എസ്) 2014 ആകുമ്പോഴേക്ക് ഇറാഖിന്റെ മൂന്നിലൊന്നു ഭാഗം പിടിയിലൊതുക്കിയിരുന്നു. ഇറാഖി സുരക്ഷാ സംവിധാനം തകര്‍ന്ന ഘട്ടത്തില്‍ ഐ.എസിനെ നേരിട്ടത് ഇറാന്‍ അനുകൂല മിലീഷ്യകളായിരുന്നു. ലബനാനില്‍ ഔദ്യോഗിക സൈന്യത്തെ വെല്ലുന്ന വിധത്തില്‍ സൈനിക ശക്തിയായി മാറിയ ഹിസ്ബുല്ലയോട് താരതമ്യം ചെയ്യാനാവില്ലെങ്കിലും പഴയ ഐ.എസ് കേന്ദ്രങ്ങള്‍ ഇറാന്‍ അനുകൂല മിലീഷ്യകളുടെ താവളങ്ങളായി മാറിയിരിക്കുന്നു. അവിടെനിന്നാണ് യു.എസിനെതിരെ ഡ്രോണ്‍ ആക്രമണങ്ങള്‍ ലോഞ്ച് ചെയ്യപ്പെടുന്നത്. സിറിയയും യമനും ഇറാനൊപ്പമാണ്. l
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 35-38
ടി.കെ ഉബൈദ്

ഹദീസ്‌

അമിതാഹാരത്തിന്റെ ദൂഷ്യങ്ങൾ
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്