Prabodhanm Weekly

Pages

Search

2024 ജനുവരി 19

3336

1445 റജബ് 07

തിന്മകൾക്ക് കൂട്ടുനിൽക്കുന്നതും ദൈവശാപം ക്ഷണിച്ചുവരുത്തും

നൗഷാദ് ചേനപ്പാടി

عَنْ ابْنِ مَسْعُودٍ رَضِيَ اللهُ عَنْه: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْه وَسَلَّمَ لَعَنَ آكِلَ الرِّبَا وَمُوكِلَهُ وَشَاهِدَيْهِ وَكَاتِبَيْهِ (رواه البخاري ومسلم و غيرهما)

ഇബ്്നു മസ്ഊദി(റ)ൽനിന്ന്: പലിശ തിന്നുന്നവനെയും അത് തീറ്റിക്കുന്നവനെയും (കൊടുക്കുന്നവനെയും) അതിന് സാക്ഷി നിൽക്കുന്നവരെയും അത് എഴുതിവെച്ചു അതിന് കൂട്ടുനിൽക്കുന്നവരെയും 
അല്ലാഹുവിന്റെ റസൂൽ (സ) ശപിച്ചിരിക്കുന്നു (ബുഖാരി, മുസ് ലിം).

عَنْ اِبْن عُمَرَ رَضِي الله عَنْه قَالَ : قَالَ رَسُولُ اللهِ صَلّى اللهُ عَلَيْه وَسَلّم : لَعَنَ الله الخَمرَ  
وَ شَاربَها وَ سَاقيَها وَ بَائِعَهَا وَ مبتَاعَها وَ عَاصِرَهَا وَ معتَصِرَهَا وَ حَامِلَهَا وَ المحمُولةَ إِلَيْهِ
 (رواه أبوداود : ٣٦٧٤، و ابن ماجه : ٣٣٨٠، والترمذي : ١٢٩٥ )

ഇബ്്നു ഉമറി(റ)ൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: മദ്യത്തെയും അത് കുടിക്കുന്നവനെയും  അത് വിതരണം ചെയ്യുന്നവനെയും അത് വിൽക്കുന്നവനെയും  വാങ്ങുന്നവനെയും അത് ഉണ്ടാക്കുന്നവനെയും ആർക്കു വേണ്ടി ഉണ്ടാക്കുന്നുവോ അവനെയും അത് കൊണ്ടുപോകുന്നവനെയും ആർക്കു വേണ്ടി കൊണ്ടുപോകുന്നുവോ അവനെയും അല്ലാഹു ശപിച്ചിരിക്കുന്നു 
(സുനനു അബീ ദാവൂദ്: 3674, സുനനു ഇബ്്നി മാജ: 3380, സുനനുത്തിർമിദി: 1295).

 

ഹദീസുകളിൽ പലിശയെയും മദ്യത്തെയും അവയുടെ എല്ലാ ഇടപാടുകാരെയും  അല്ലാഹുവും അവന്റെ റസൂലും ശപിച്ചിരിക്കുന്നതായി പറയുന്നു. ഈ രണ്ടു ഹറാമുകളും അതിന്റെ ദൂഷ്യങ്ങളും പ്രത്യാഘാതങ്ങളും ഒരു വ്യക്തിയിലോ ഏതാനും വ്യക്തികളിലോ ഒതുങ്ങുന്നതല്ല. മറിച്ച്, കുടുംബങ്ങളെയും സമൂഹത്തെയും ബാധിക്കുന്നതും തകർത്തുകളയുന്നതുമാണ്. ഇന്ന് പലിശയുടെയും മദ്യ - മയക്കുമരുന്നുകളുടെയും ദൂരവ്യാപകമായ ദൂഷ്യങ്ങളും പ്രത്യാഘാതങ്ങളും ആരെയും പറഞ്ഞറിയിക്കേണ്ടതുമില്ല.

പലിശ വാങ്ങുന്നവനെ മാത്രമല്ല അല്ലാഹുവിന്റെ റസൂൽ (സ) ശപിച്ചത്. അതിന് ഏതെങ്കിലും വിധേന സഹായിക്കുന്നവരെയും കൂട്ടുനിൽക്കുന്നവരെയും കൂടിയാണ്. അതേപോലെയാണ് മദ്യത്തിന്റെയും കാര്യം.  അത് കുടിക്കുന്നവനെ മാത്രമല്ല, അതിന് സഹായിയായി നിലകൊള്ളുന്നവരിൽ എല്ലാവർക്കുമാണ്  അല്ലാഹുവിന്റെ ശാപം ബാധകമാവുക. കാരണം, അവയുടെ രണ്ടിന്റെയും സാമൂഹിക വിപത്ത് അത്ര ഭയങ്കരവും ദൂരവ്യാപകവുമാണ്. ഇതു രണ്ടും മനുഷ്യനെ അവന്റെ മനുഷ്യത്വത്തിൽനിന്ന് ഊരിച്ചാടിച്ച് മൃഗവും പിശാചുമാക്കുന്ന തിന്മകളാണ്. വ്യഭിചാരവും അപ്രകാരംതന്നെ. അല്ലാഹു പറയുന്നു: "തീർച്ചയായും  വിശ്വാസികൾക്കിടയിൽ അധർമവും അശ്ലീലതയും പ്രചരിച്ചുകാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുണ്ടായിരിക്കും. അല്ലാഹു എല്ലാം അറിയുന്നു, നിങ്ങളോ ഒന്നും അറിയുന്നില്ല" (സൂറ: അന്നൂർ 19).
ഇവിടെ വിശ്വാസികൾക്കിടയിൽ അധർമവും അശ്ലീലതയും ദുർവൃത്തിയും പ്രചരിക്കുന്നതും വ്യാപിക്കുന്നതും 'ഇഷ്ടപ്പെടുന്നവർക്കാണ്' ദുൻയാവിലും ആഖിറത്തിലും വേദനയേറിയ ശിക്ഷയുണ്ടെന്ന് പറഞ്ഞിരിക്കുന്നത്. അപ്പോൾ ആ മാർഗത്തിൽ പ്രവർത്തിക്കുന്നവരുടെ കാര്യം പറയണോ? ഒരു മുസ് ലിമായാൽ നമസ്കാരവും നോമ്പും വേഷവിധാനവും മതി, സകാത്തുപോലും വേണ്ടതില്ല എന്നു കരുതുന്നവരാണ് പലരും. വ്യഭിചാരവും അതിലേക്കെത്തിക്കുന്ന സ്ത്രീപുരുഷന്മാരുടെ അഴിഞ്ഞാട്ടവും നഗ്നതാ പ്രദർശനവും പരസ്യമായ മദ്യസേവയുമാണ് ഈ അധർമങ്ങളിലും ദുർവൃത്തികളിലും മുന്നിൽനിൽക്കുന്നത്. മനുഷ്യ സമൂഹത്തിൽ ഇത് വ്യാപകമായിക്കഴിഞ്ഞാൽ മനുഷ്യനെന്ന കെട്ട് പൊട്ടുകയും മൃഗത്തിന്റെ തലത്തിലേക്കവൻ താഴുകയും കാലാന്തരേണ ആ സമൂഹം നശിക്കുകയും ചെയ്യും. അതിനെക്കാൾ അപകടകരമാണ് സ്വവർഗഭോഗം. അത് പ്രകൃതിവിരുദ്ധവും മൃഗങ്ങൾക്കു പോലും പരിചയമില്ലാത്തതും അവക്ക് അറിയാത്തതുമായ ദുർവൃത്തിയുമാണ്. മുൻകാലത്ത് ഒരു സമൂഹത്തിൽ അത് വ്യാപകമായപ്പോൾ ആ  പ്രദേശത്തെത്തന്നെ അല്ലാഹു കീഴ്മേൽ മറിച്ച് ലോകത്തിന് പാഠമാക്കിയിരുന്നു. അത്രമാത്രം മനുഷ്യൻ അറക്കുന്ന ദുർവൃത്തിയാണത്. അതിനെയാണിന്ന് ഒരു വിഭാഗം സാമാന്യവത്കരിക്കുകയും  മഹത്വപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നത്.

   നന്മ മാത്രം ചെയ്യുകയും സമൂഹത്തിൽ അതിന്റെ വ്യാപനത്തിനായി പ്രവർത്തിക്കുകയും ചെയ്യേണ്ട വിശ്വാസികളിൽ ഒരാൾപോലും ഇതുപോലുള്ള കൊടിയ തിന്മക്കും പാപത്തിനും ഒരർഥത്തിലും കൂട്ടുനിൽക്കാവതല്ല.  തിന്മയെ  തുടച്ചുനീക്കാൻ പരിശ്രമിക്കേണ്ട ഉത്തമ സമുദായത്തിന്റെ വക്താക്കൾ തങ്ങളുടെ കഴിവിനെ ഈ കൊടിയ അധർമത്തിന്റെ വ്യാപനത്തിന് വിനിയോഗിക്കുക എന്നുവെച്ചാൽ ഈ ദുൻയാവിലും ആഖിറത്തിലും അവർക്കുള്ള  അല്ലാഹുവിന്റെ ശിക്ഷ എത്ര  ഭയങ്കരമായിരിക്കും!
അതിലേക്ക് മനുഷ്യനെ നയിക്കുന്ന എല്ലാം ഇസ് ലാം  നിരോധിക്കുകയും കഠിനമായ ശിക്ഷയെപ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. ഇവിടെയെല്ലാം, ഏതെങ്കിലും വ്യക്തി ചെയ്യുന്നെങ്കിൽ ചെയ്തോട്ടെ, അതിൽ മറ്റുള്ളവർക്കും സമൂഹത്തിനും എന്തു കാര്യം എന്നുവെക്കാൻ ഇസ് ലാം ആരെയും അനുവദിക്കുന്നില്ല. അങ്ങനെയായിരുന്നുവെങ്കിൽ പലിശ വാങ്ങുന്നവനെയും മദ്യം കുടിക്കുന്നവനെയും മാത്രം അല്ലാഹുവും റസൂലും ശപിച്ചാൽ മതിയായിരുന്നു.  വ്യഭിചാരിയെയും അങ്ങനെത്തന്നെ. അതിലേക്ക് നയിക്കുന്നവർക്കും അതിന്  കൂട്ടുനിൽക്കുന്നവർക്കും അല്ലാഹുവിന്റെ ശിക്ഷ ബാധകമാകുമായിരുന്നില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 26-29
ടി.കെ ഉബൈദ്