Prabodhanm Weekly

Pages

Search

2024 ജനുവരി 19

3336

1445 റജബ് 07

ബംഗ്ലാദേശിലെ പ്രഹസന വോട്ട്

പി.കെ നിയാസ്

ജനാധിപത്യത്തെ ചവിട്ടിമെതിച്ച് ബംഗ്ലാദേശില്‍ ജനുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചതു പോലെ ശൈഖ് ഹസീന വാജിദിന്റെ നേതൃത്വത്തിലുള്ള അവാമി ലീഗ് വിജയിച്ചിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ 300-ല്‍ 223 സീറ്റുകള്‍ നേടിയാണ് ഹസീനയുടെ പാര്‍ട്ടി തുടര്‍ച്ചയായി നാലാം തവണയും അധികാരം നിലനിര്‍ത്തിയത്.

അഞ്ചാം തവണ പ്രധാനമന്ത്രിയാവുന്ന ശൈഖ് ഹസീന 2009 മുതല്‍ തുടര്‍ച്ചയായി നാലാം തവണയാണ് ഈ പദവിയിലെത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം അവാമി ലീഗിന്റെ വിജയത്തെച്ചൊല്ലി വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. അവാമി ലീഗിന്റെ ഏകാധിപത്യമാണ് ബംഗ്ലാദേശില്‍ നടക്കുന്നതെന്നും പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെ ജയിലുകളിലടച്ചും വോട്ടിംഗില്‍ കൃത്രിമം കാണിച്ചുമാണ് പാര്‍ട്ടി വിജയിക്കുന്നതെന്നുമായിരുന്നു പരാതികള്‍. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) 2014-ല്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 2019-ല്‍ പാര്‍ട്ടി മല്‍സരിച്ചെങ്കിലും സ്റ്റേറ്റ് മെഷിനറിയെ ഒന്നടങ്കം വരുതിയിലാക്കി ഭരണകക്ഷി നേടിയ 'വിജയ'ത്തെ ചോദ്യം ചെയ്യുകയുണ്ടായി.

വ്യാപകമായ കൃത്രിമം നടക്കുമെന്ന് ഉറപ്പുള്ളതിനാല്‍ കെയര്‍ ടേക്കര്‍ സര്‍ക്കാറിനു കീഴില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇലക് ഷന്‍ പ്രഖ്യാപനത്തിന് വളരെ മുമ്പു തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ന്യായമായ ഈ ആവശ്യം അംഗീകരിക്കാന്‍ ഭരണകക്ഷിയോ അവരുടെ ഇംഗിതത്തിനൊത്ത് പ്രവര്‍ത്തിക്കുന്ന ഇലക് ഷന്‍ കമീഷനോ കോടതികളോ തയാറായില്ല. അധികാരം നിലനിര്‍ത്തുകയെന്ന ഏക ലക്ഷ്യം മാത്രമുള്ള അവാമി ലീഗിനെ സംബന്ധിച്ചേടത്തോളം കെയര്‍ ടേക്കര്‍ ഗവണ്‍മെന്റിനു കീഴിലുള്ള തെരഞ്ഞെടുപ്പ് അചിന്ത്യമായിരുന്നു. തങ്ങളുടെ നിയന്ത്രണത്തില്‍ ഇലക് ഷന്‍ നടത്തിയാല്‍ ഭരണ മെഷിനറി ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താനും അവരുടെ റാലികള്‍ തടയാനും വ്യാപകമായ അറസ്റ്റുകള്‍ നടത്താനും കഴിയുമെന്ന് മുന്‍ അനുഭവത്തില്‍നിന്ന് അവര്‍ക്ക് ബോധ്യപ്പെട്ടതാണ്.

തങ്ങളുടെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് ബി.എന്‍.പിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇലക് ഷന്‍ ബഹിഷ്‌കരിച്ചത്. പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു മുമ്പ് തന്നെ ഹസീനയുടെ പാര്‍ട്ടി വിജയിച്ചിരുന്നു. ആളില്ലാ പോസ്റ്റിലേക്ക് ഗോളടിക്കാന്‍ വലിയ വൈഭവമൊന്നും വേണ്ടല്ലോ. എതിര്‍ ശബ്ദങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്തിയും പ്രതിപക്ഷ പാര്‍ട്ടി പ്രവർത്തകരെ വ്യാപകമായി ജയിലിലടച്ചുമാണ് അവാമി ലീഗ് ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് വിജയിപ്പിച്ചത്.

'ഏക പാര്‍ട്ടി ജനാധിപത്യം' എന്ന പേരുദോഷം ഒഴിവാക്കാന്‍ അവാമി പാര്‍ട്ടി ചില സീറ്റുകളില്‍ മല്‍സരിച്ചില്ല. അവിടങ്ങളില്‍ പേരും ഊരുമില്ലാത്ത ഡമ്മി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയായിരുന്നു. എന്നിട്ടും നാല്‍പതു ശതമാനം ആളുകള്‍ പോലും തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തില്ല. സഖ്യ കക്ഷിയായ ജാതീയ പാര്‍ട്ടിക്കും ചില സീറ്റുകള്‍ പതിച്ചു നല്‍കി. കഴിഞ്ഞ പാര്‍ലമെന്റില്‍ മുഖ്യ പ്രതിപക്ഷമായിരുന്ന ജാതീയ പാര്‍ട്ടി അവാമി ലീഗിനൊപ്പം സഖ്യമായി മല്‍സരിച്ചുവെന്നതാണ് മറ്റൊരു തമാശ. മുന്‍ പട്ടാള മേധാവി മുഹമ്മദ് ഹുസൈന്‍ ഇര്‍ഷാദ് രൂപവത്കരിച്ച പാര്‍ട്ടി തുടക്കത്തില്‍ അവാമി ലീഗിനെതിരെയാണ് നിലയുറപ്പിച്ചിരുന്നത്. സഖ്യകക്ഷിയായ ജാതീയ പാര്‍ട്ടിക്ക് 26 സീറ്റുകളാണ് അനുവദിച്ചത്. ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ ഉള്‍പ്പെടെ 14 പാര്‍ട്ടികളാണ് അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഉണ്ടായിരുന്നത്. ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാകിബ് അല്‍ ഹസ്സനെപ്പോലെയുള്ളവര്‍ക്ക് സീറ്റ് നല്‍കി സാധാരണ ജനങ്ങളെ കൈയിലെടുക്കാനും അവാമി ലീഗ് മറന്നില്ല. മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി.എന്‍.പിയെ ഭീകര സംഘടനയെന്നാണ് ഹസീന വിശേഷിപ്പിച്ചത്.

2014-ലെയും 2018-ലെയും തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ഭരണകക്ഷിയായ അവാമി ലീഗ് രാജ്യത്തിന്റെ സൈന്യത്തെയും ബ്യൂറോക്രസിയെയും ജുഡീഷ്യറിയയെും വ്യവസായ ഭീമന്മാരെയും വരുതിയിലാക്കിയാണ് രണ്ടു തെരഞ്ഞെടുപ്പുകളും വിജയിച്ചതെന്നാണ് ആരോപണം. തങ്ങളോടൊപ്പം നിലയുറപ്പിച്ച സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് ഭരണകൂടം വലിയ പദവികളും നല്‍കുകയുണ്ടായി.

2018-ല്‍ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇരുപതിനായിരത്തോളം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ജയിലിലടച്ചത്. രാഷ്ട്ര പിതാവ് മുജീബുർറഹ്‌മാന്റെ അടുത്ത അനുയായിയും ഭരണഘടനാ ശില്‍പികളില്‍ ഒരാളുമായ ഡോ. കമാല്‍ ഹുസൈന്‍ വരെ ആക്രമിക്കപ്പെട്ടു. അവാമി ലീഗില്‍നിന്ന് രാജിവെച്ച് ഹസീനയെ ഭരണത്തില്‍നിന്ന് താഴെയിറക്കാന്‍ സജീവായി രംഗത്തുണ്ടായിരുന്നു ഹുസൈന്‍. ഇത്തവണയും എതിരാളികളായ ഇരുപതിനായിരത്തോളം പേരെ ജയിലില്‍ അടച്ചു.  ബി.എന്‍.പി നേതാവ് ഖാലിദ സിയക്കോ, മകനും പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാവുമായ താരിഖ് റഹ്‌മാനോ രാഷ് ട്രീയത്തില്‍ ഇടപെടാനുള്ള അവസരം പോലും ഹസീന നല്‍കിയില്ല. കടുത്ത രോഗബാധിതയായ ഖാലിദ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് വീട്ടുതടങ്കലിലാണ്. ലണ്ടനില്‍ പ്രവാസിയാണ് താരിഖ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അദ്ദേഹം രാജ്യത്ത് പ്രവേശിച്ചാല്‍ ജയിലിലടക്കപ്പെടും.

ഹസീനയുടെ ഭരണത്തിനു കീഴില്‍ ബംഗ്ലാദേശ് പുരോഗതി പ്രാപിച്ചുവെന്നത് ഊതിവീര്‍പ്പിച്ച കണക്കുകളാണ്. ജി.ഡി.പിയിലെ നേരിയ വളര്‍ച്ചയും നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ വികാസവും ഉയര്‍ത്തിക്കാട്ടിയാണ് ഈ അവകാശവാദം. ഈയിടെ ലോക ബാങ്ക്, ഐ.എം.എഫ്, എ.ഡി.ബി എന്നിവിടങ്ങളില്‍നിന്ന് ലഭിച്ച വായ്പകളാണ്, ശ്രീലങ്ക അനുഭവിച്ച ദുരന്തത്തിന് സമാനമായ അവസ്ഥയില്‍നിന്ന് ബംഗ്ലാദേശിനെ രക്ഷിച്ചത്. ബംഗ്ലാദേശില്‍ ബി.എന്‍.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുമെന്ന് ആശങ്കിക്കുന്ന ബി.ജെ.പി അനുകൂല മാധ്യമങ്ങളാണ് ഇത്തരം കണക്കുകള്‍ ഉയര്‍ത്തിക്കാട്ടുന്നത്. 'ബംഗ്ലാദേശിലെ സെക്യുലറിസ്റ്റുകളും അള്‍ട്രാ ഇസ്‌ലാമിസ്റ്റുകളും തമ്മില്‍ നിലനില്‍പിനായുള്ള യുദ്ധമാണ് ജനുവരി ഏഴിന് നടക്കുന്നത്' എന്നായിരുന്നു ആര്‍.എസ്.എസ് വാരിക ഓര്‍ഗനൈസറിന്റെ തലക്കെട്ട്.

രാജ്യത്തെ ഏറ്റവും വലിയ ഇസ്‌ലാമിക പാര്‍ട്ടിയായ ജമാഅത്തെ ഇസ്‌ലാമിക്ക് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍നിന്ന് 2013 മുതല്‍ വിലക്കുണ്ട്. ഇതിനെതിരെ സംഘടന സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരമോന്നത കോടതി അപ്പീല്‍ തള്ളുകയായിരുന്നു. ഇലക് ഷന്‍ കമീഷനിലെ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനും 2013-ലെ വിധിയിലൂടെ കോടതി റദ്ദാക്കിയിരുന്നെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനം തടഞ്ഞില്ല. ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളെ ഹസീനാ ഭരണകൂടം അടിച്ചമര്‍ത്തിയതോടെ 2013-നുശേഷം പൊതു പരിപാടികള്‍ നടത്താന്‍ സംഘടനക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍, വിലക്ക് നീങ്ങിയതോടെ കഴിഞ്ഞ ജൂണില്‍ ജമാഅത്ത് നടത്തിയ റാലിയില്‍ ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തത്. 2024-ലെ പൊതു തെരഞ്ഞെടുപ്പ് കെയര്‍ ടേക്കര്‍ സര്‍ക്കാറിന്റെ കീഴില്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി.

ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബി.എന്‍.പി മുന്നണിയില്‍ അംഗമായിരുന്ന ജമാഅത്തെ ഇസ്‌ലാമി 2001 മുതല്‍ 2006 വരെ ഗവണ്‍മെന്റിന്റെ ഭാഗമായിരുന്നു. ജനുവരി ഏഴ് ബംഗ്ലാദേശിന്റെ ചരിത്രത്തിലെ കറുത്ത ദിനമായി രേഖപ്പെടുത്തുമെന്നാണ് ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് അമീര്‍ പ്രഫ. മുജീബുർറഹ്‌മാന്‍ അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തെ ഞെക്കിക്കൊന്ന തെരഞ്ഞെടുപ്പ് പ്രഹസനം ബഹിഷ്‌കരിച്ച വോട്ടര്‍മാരെ അദ്ദേഹം അഭിനന്ദിച്ചു.

ബംഗ്ലാദേശില്‍ ജനുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവും അല്ലെന്ന് അമേരിക്കയും വ്യക്തമാക്കിയിരിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും വ്യാപകമായി ജയിലിലടച്ച് നടത്തിയ തെരഞ്ഞെടുപ്പിന് വിശ്വാസ്യതയില്ലെന്നും വാഷിംഗ്ടണ്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിപക്ഷമില്ലാത്ത ബംഗ്ലാദേശിനെ സൃഷ്ടിച്ച് തന്റെ ഏകാധിപത്യം തുടരാമെന്നാണ് ഹസീന കരുതുന്നത്. ജനാധിപത്യ ധ്വംസനത്തിന്റെ കാര്യത്തില്‍ സംഘ് പരിവാര്‍ ഭരണകൂടത്തെ അവര്‍ മാതൃകയാക്കുകയാണ്. ഇരുകൂട്ടരും തമ്മില്‍ കുറച്ചു കാലമായി രൂപപ്പെട്ടിട്ടുള്ള ബാന്ധവം അതിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേസമയം, അവാമി ലീഗിന്റെ ഏകാധിപത്യ അടിച്ചമര്‍ത്തല്‍ ഭരണത്തിനെതിരെ താഴെതട്ട് മുതല്‍ ജനരോഷം ഉയര്‍ന്നുപൊങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക് ഷന്‍ ബഹിഷ്‌കരണം അതിന്റെ സൂചനയാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 26-29
ടി.കെ ഉബൈദ്