Prabodhanm Weekly

Pages

Search

2024 ജനുവരി 19

3336

1445 റജബ് 07

എം.എ മുഹമ്മദ് ജമാൽ സേവനം ജീവിത മുദ്ര

ടി.കെ ഫാറൂഖ്

ജമാൽ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ജനാസയെ സുൽത്താൻ ബത്തേരി വലിയ മസ്ജിദ് ഖബറിസ്ഥാൻ ഏറ്റുവാങ്ങുമ്പോൾ ഏറെയകലെ ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ ഒരു വിദ്യാലയം കണ്ണീരണിഞ്ഞ പ്രാർഥനയിലായിരുന്നു. ആ വിദ്യാലയം മതി ജമാൽ സാഹിബ് എന്ന മനുഷ്യ സ്നേഹിയെ, ഇച്ഛാശക്തിയും ദീർഘ ദൃഷ്ടിയുമുള്ള നേതാവിനെ, സമുദായ സമുദ്ധാരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ വായിച്ചെടുക്കാൻ.

എവിടെ നിന്നായാലും ഒരു അനാഥക്കുട്ടിയുടെ നിലവിളി ജമാൽ സാഹിബിന്റെ ഉള്ളുലക്കാതിരിക്കില്ല. 2013-ലെ മുസഫർ നഗർ കലാപത്തിന്റെ കനലടങ്ങുന്നതിന് മുമ്പാണ് ജമാൽ സാഹിബ് ചില സഹപ്രവർത്തകരുമായി അവിടെ ഓടിയെത്തുന്നത്. ചുറ്റുപാടുകളറിയുന്ന പലരും സ്നേഹപൂർവം പിന്തിരിപ്പിക്കാൻ ശ്രമിച്ചു; പ്രായത്തിന്റെയും രോഗത്തിന്റെയും പ്രയാസങ്ങൾ വേറെയും. എന്നാൽ,  കലാപ ഭൂമിയിൽ നിന്നുയരുന്ന നിലവിളികൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അവിടെ അനാഥമാക്കപ്പെട്ട പിഞ്ചുമക്കളിൽ കുറച്ചു പേരെയെങ്കിലും തന്റെ സ്ഥാപനത്തിലെത്തിക്കണം. അവരെ സനാഥരാക്കണം. നേരത്തെ ഗുജറാത്ത്‌ കലാപ വേളയിൽ ഇതേ ദൗത്യം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

എന്നാൽ, മുസഫർ നഗർ നിവാസികളുടെ ആവശ്യം മറ്റൊന്നായിരുന്നു. തങ്ങളുടെ പിഞ്ചു മക്കളെ വിദൂര സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയല്ല, പകരം ഇഴ പിന്നിയ തങ്ങളുടെ ജീവിതം തുന്നിച്ചേർക്കാൻ സഹായകമാകുന്ന ഒരു വിദ്യാലയം അവിടെ തന്നെ സ്ഥാപിച്ചുകിട്ടുകയായിരുന്നു അവർക്ക് വേണ്ടത്.  രണ്ടാമതൊന്നാലോചിക്കാതെ ജമാൽ സാഹിബ് അവർക്ക് ഉറപ്പുനൽകുകയാണ്. തന്റെ മുമ്പിലുള്ള കടമ്പകളെക്കുറിച്ച് അദ്ദേഹത്തിന് നന്നായറിയാം. താൻ നേതൃത്വം നൽകുന്ന വയനാട് മുസ്്ലിം ഓർഫനേജിന് ഈ ദൗത്യം ഏറ്റെടുക്കാൻ ഒട്ടനവധി പരിമിതികളുണ്ട്. എന്നാൽ, ആ പരിമിതികളിൽ ഉടക്കിനിൽക്കാതെ തന്നോട് സഹകരിക്കാൻ സന്നദ്ധതയുള്ള ഒരു കൂട്ടം സുമനസ്സുകളെ വിളിച്ചുചേർക്കുകയും ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയുമായിരുന്നു അദ്ദേഹം. അങ്ങനെ രൂപംകൊണ്ട ‘ഔവർ ഇന്ത്യ ഫൗണ്ടേഷൻ’ സ്ഥാപിച്ച വിദ്യാലയം ഇന്ന് മുസഫർ നഗറിന്റെ ആശാകേന്ദ്രമായി വളർന്നുകഴിഞ്ഞിരിക്കുന്നു.

വയനാട് മുട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയനാട് മുസ്‌ലിം ഓർഫനേജുമായാണ് ജമാൽ സാഹിബിന്റെ പേര് പ്രാഥമികമായി ചേർന്നുനിൽക്കുന്നത്. എന്നാൽ, ഏറെ പിന്നാക്കമായ വയനാട് ജില്ലയുടെ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രത്തിൽ ജമാൽ സാഹിബിന് സവിശേഷമായ കൈയൊപ്പുണ്ട്. വയനാട് മുസ്്ലിം ഓർഫനേജിന്റെ ബൃഹത്തായ സ്ഥാപന സംരംഭങ്ങൾ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കാതെ വയനാട് ജില്ലയുടെ വിവിധ മേഖലകളിൽ വിന്യസിക്കപ്പെട്ടത് ജില്ലയുടെ വികസനത്തെക്കുറിച്ച ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. എന്നാൽ, ഒരു ജില്ലയുടെയോ സംസ്ഥാനത്തിന്റെ തന്നെയോ അതിർവരമ്പുകളിൽ ഒതുങ്ങിനിൽക്കാത്ത മനുഷ്യസ്നേഹത്തിന്റെ അടയാളങ്ങളാണ് ഗുജറാത്തിലും മുസഫർ നഗറിലും ഒക്കെ നാം കാണുന്നത്.

1967-ലാണ് സയ്യിദ് അബ്‌ദുർറഹ്‌മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന വയനാട്ടിലെ മുസ്്ലിം പൗരപ്രമുഖൻമാരുടെ യോഗത്തിൽ വയനാട് മുസ്്ലിം അനാഥശാലക്ക് തുടക്കമാകുന്നത്. അവിടെ ഒത്തുകൂടിയ പൗരപ്രമുഖൻമാരോടൊപ്പം 30 വയസ്സ് പോലും തികയാത്ത മുഹമ്മദ്  ജമാൽ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അന്ന് നിലവിൽവന്ന പ്രഥമ ഭരണസമിതിയിൽ ജോയിൻ സെക്രട്ടറിയായി ജമാൽ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ നേതൃത്വം നൽകിയവരിൽ പലരും അല്ലാഹുവിലേക്ക് യാത്രയായതോടെ 1987-ൽ അദ്ദേഹം ജനറൽ സെക്രട്ടറിയായി.
അവിടുന്നിങ്ങോട്ട് ഇഴപിരിക്കാനാവാത്തതാണ് ജമാൽ സാഹിബിന്റെ ജീവിതവും അനാഥശാലയുടെ ചരിത്രവും. ചുമതലയേറ്റെടുക്കുമ്പോൾ ബാലാരിഷ്‌ടതകളിലായിരുന്നു സ്ഥാപനം. ബാക്കിയിരിപ്പായി വറുതിയും ദാരിദ്ര്യവും. പ്രതീക്ഷയായി അല്ലാഹുവിന്റെ  കാവലും മഹാ മനസ്കരുടെ മനസ്സലിവും മാത്രം. എന്നാലിന്ന്, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ചിറക് വിരിച്ച് നിൽക്കുന്ന മഹാ പ്രസ്ഥാനമായി വയനാട് മുസ്്ലിം ഓർഫനേജ് (ഡബ്ലു.എം.ഒ) വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ വളർച്ചയുടെ ഓരോ പടവിലും ജമാൽ സാഹിബിന്റെ വിയർപ്പിന്റെ ഗന്ധമുണ്ട്; നിശ്ചയദാർഢ്യത്തിന്റെ തിളക്കമുണ്ട്.

"റെസ്പെക്റ്റ് ദ ചൈൽഡ് ആസ് എ പെഴ്സൺ' (കുട്ടികളെ മുതിർന്നവരെപ്പോലെ ആദരിക്കുക) എന്നതാണ് ഡബ്ലു.എം.ഒ യുടെ ആപ്‌ത വാക്യം. ജമാൽ സാഹിബിന് ഇത് കേവല മുദ്രാവാക്യം എന്നതിനപ്പുറം ജീവിത ദർശനം തന്നെയായിരുന്നു. അന്തേവാസികളെ മക്കൾ എന്നോ ഹോസ്റ്റൽ വിദ്യാർഥികൾ എന്നോ അല്ലാതെ അനാഥ കുട്ടികൾ എന്ന് വിളിക്കരുതെന്നത് ജമാൽ സാഹിബിന്റെ കർശന നിർദേശമാണ്. ഭക്ഷണ ഹാളിൽ അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഭക്ഷണ പാത്രവും കൈവെള്ളയും പരിശോധിച്ച് സ്നേഹപൂർവം ഭക്ഷണ മര്യാദകൾ ഉപദേശിച്ചുകൊടുക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഈ സ്നേഹ വായ്പിലൂടെയാണ് അദ്ദേഹം മലയാളി കുട്ടികളുടെ 'ജമാലുപ്പ'യും ഇതര ഭാഷക്കാരുടെ 'അബ്ബ'യുമായി മാറിയത്.

ദീനാനുകമ്പയും നിശ്ചയ ദാർഢ്യവുമായിരുന്നു ജമാൽ സാഹിബിന്റെ മുഖമുദ്ര. ഭിന്നശേഷിക്കാർ, മാനസിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർ, സാന്ത്വന പരിചരണം ആവശ്യമുള്ളവർ തുടങ്ങിയവരെ മുന്നിൽ കണ്ട്, ഡോക്ടർ ഇദ്‌രീസിനൊപ്പം നൂറ് കോടി രൂപയുടെ സഹാറാ ഭാരത് ഫൗണ്ടേഷൻ എന്ന സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാകുന്നത്.

ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെ പ്രവർത്തകനായിരുന്നു ജമാൽ സാഹിബ്. മുസ്്ലിം ലീഗായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. എന്നാൽ, ആരെയും ചേർത്തുനിർത്തുന്നതിലും ആരോടും ചേർന്നു നിൽക്കുന്നതിലും  ഇതൊന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ഏതൊരാളെയും സ്നേഹംകൊണ്ടും അവർക്ക് നൽകുന്ന ആദരവ് കൊണ്ടും കീഴ്്പെടുത്തുന്ന അദ്ദേഹത്തിന്റെ വശ്യവ്യക്തിത്വത്തിന്റെ അനുഭവ സാക്ഷി കൂടിയാണ്, അദ്ദേഹം നേതൃത്വം നൽകിയ സ്ഥാപനത്തിൽ ദീർഘ കാലം ജോലി ചെയ്യാൻ അവസരം ലഭിച്ച ഈയുള്ളവൻ.

മഹത്തുക്കൾക്ക് ഒരു സവിശേഷതയുണ്ട്. അവർ മൺമറഞ്ഞാലും അവരുടെ കാൽപ്പാടുകൾ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അവർ എറിഞ്ഞിട്ടു പോയ വിത്തുകൾ മരുപ്പറമ്പിലാണെങ്കിലും ഒരുപാട് വസന്തങ്ങൾക്ക് കാരണമാകും. അവരിലൊരാളായിരുന്നു ജമാൽ സാഹിബ് എന്ന എം.എ മുഹമ്മദ് ജമാൽ. പ്രശാന്തമായ മനസ്സിനുടമയായി, മാലാഖമാർ വരവേൽക്കുന്ന സച്ചരിതരുടെ കൂട്ടത്തിൽ അല്ലാഹു അദ്ദേഹത്തെ ഉൾപ്പെടുത്തുമാറാകട്ടെ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 26-29
ടി.കെ ഉബൈദ്