Prabodhanm Weekly

Pages

Search

2024 ജനുവരി 19

3336

1445 റജബ് 07

"ഡേർട്ടി ഗവർണൻസ്' കളികൾ

ബശീർ ഉളിയിൽ

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെങ്കിലും ഇനിയും ബാലികേറാമലയായി നില്‍ക്കുന്ന കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചില്ലറ സീറ്റുകളും തുടര്‍ന്നു സംസ്ഥാന ഭരണം എന്ന ചിരകാല സ്വപ്നവും സാക്ഷാത്കരിക്കാന്‍ ഓതിരം മുതല്‍ ഗദായഘട്ടം വരെയുള്ള അടവുകളെല്ലാം പയറ്റിയിട്ടും ഫലം നാസ്തി എന്ന് വന്നപ്പോള്‍ ബി.ജെ.പി പുറത്തെടുത്തിരിക്കുന്ന അവസാനത്തെ അടവാണ് ‘ഡേര്‍ട്ടി ഗവര്‍ണന്‍സ്’ കളി. ഭീഷണി, പ്രകോപനം, പ്രലോഭനം തുടങ്ങിയ ‘സംഘാഭാസ’ കലകള്‍ ക്ലച്ച് പിടിക്കാതെ വന്നപ്പോള്‍ സംസ്ഥാനങ്ങളുടെ ‘വീക്ക്നെസ്സില്‍ കയറിപ്പിടിച്ചു’ കീഴടക്കാന്‍ വിരുതുള്ള ഗവര്‍ണര്‍മാരിലൂടെ ദൗത്യം പൂര്‍ത്തീകരിക്കാനാണ്  അർധരാത്രിക്ക് അഞ്ചു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോള്‍  സംഘ് പരിവാര്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല, പ്രതിപക്ഷം ഭരിക്കുന്ന മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആസുര ബാണങ്ങള്‍ തൊടുത്തുവിട്ടു ഫലം കാത്തിരിപ്പാണ് ബി.ജെ.പി.  മുന്‍ ദേശീയ സുരക്ഷാ ഉപാധ്യക്ഷനായ കേരള കേഡര്‍ ഐ.പി.എസ് ഓഫീസര്‍ ആര്‍.എന്‍ രവി തമിഴ്്നാട്ടിലും തമിഴിസൈ സൗന്ദരരാജന്‍ എന്ന തമിഴ്‌നാട് മുന്‍ ബി.ജെ.പി അധ്യക്ഷ തെലുങ്കാനയിലും 'സാമാന്യം ഭേദപ്പെട്ട’ നിലയില്‍ ‘പെര്‍ഫോം’ ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ആരിഫ് മുഹമ്മദ്‌ ഖാന്‍ എന്ന ഉത്തരേന്ത്യക്കാരനെയാണ്  ഈ ‘ടാസ്ക്’ ഏല്പിച്ചിരിക്കുന്നത്.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനത്തിന്റെ യഥാർഥ ഭരണത്തലവന്‍ (Head of the State).  രാഷ്ട്രത്തിന് രാഷ്ട്രപതി എന്ന പോലെ സംസ്ഥാനങ്ങളുടെ നാമമാത്ര ഭരണത്തലവനാണ് ഗവര്‍ണര്‍. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കണ്ണി. ഔപചാരിക ഭരണത്തലവന്‍ ആണെങ്കിലും ഭരണ നിര്‍വഹണാധികാരം  ഗവര്‍ണര്‍ക്കില്ല. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ഗവര്‍ണര്‍ക്കുണ്ട് താനും. മന്ത്രിസഭാ തീരുമാനങ്ങളോട് ഗവര്‍ണര്‍ക്ക് വിയോജിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍, തീരുമാനങ്ങളില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ ഗവര്‍ണര്‍ അതംഗീകരിക്കണം. ഇങ്ങനെയൊക്കെയാണ് ജനാധിപത്യം വെന്റിലേഷനില്‍ ആവുന്നതിനു മുമ്പുള്ള ഇന്ത്യന്‍ രീതി. ബ്രിട്ടീഷധീന ഇന്ത്യയിലെ യഥാർഥ ഭരണത്തലവന്‍ ഗവര്‍ണര്‍ ജനറല്‍ ആയിരുന്നു. കോളനിവത്കരണ കാലത്ത് ബ്രിട്ടീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ചുമതല വഹിച്ചിരുന്നവരെയും ഗവര്‍ണര്‍ എന്ന് വിളിച്ചിരുന്നു. രാജഭരണക്കാലത്തെ ഗവര്‍ണര്‍ ‘ക്ഷത്രപതി’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാജാവിന്റെ അഭാവത്തില്‍ ഭരണം നടത്തിയത്  ക്ഷത്രപതികള്‍ ആയിരുന്നു.  1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ഇന്ത്യയിലെ രാജാവിന്റെ പ്രതിനിധി എന്ന പേരിലും രാജ്യത്തിന്റെ തലവന്‍ എന്ന നിലയിലും 1950 വരെ ഈ സ്ഥാനം നിലനിന്നിരുന്നു. കോരന്മാര്‍ തറയില്‍ കുഴി കുത്തി കഞ്ഞി കുടിക്കുന്ന ജാത്യാവശിഷ്ടങ്ങളുടെ സവര്‍ണ കാലം തിരിച്ചു വരാനുള്ള സുവര്‍ണ മോഹം പേറുന്ന ‘സനാതന’ ഭാരതീയര്‍ മൂന്നാമൂഴത്തിനു മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായിട്ടാണ്, ‘സര്‍ക്കാര്‍ തീരുമാനങ്ങളോട് വിയോജിക്കാനുള്ള’ ഗവര്‍ണര്‍മാരുടെ അധികാരം ഉപയോഗിച്ചു ഗവര്‍ണര്‍മാര്‍ക്ക് പഴയ  ക്ഷത്രപതിയുടെ പട്ടും വളയും നല്‍കി  കുളം കലക്കാന്‍ അവസരം നല്‍കിയിരിക്കുന്നത്. 

നിയമസഭ പാസ്സാക്കുന്ന ബില്ലുകളില്‍ ഒപ്പിടാതെയും ഭരണ നടപടികളില്‍ അനാവശ്യമായി ഇടപെട്ടും  രാജ്ഭവനില്‍ കാലു കുത്തിയ ഒന്നാം ദിവസം തൊട്ടു തന്നെ ഒരു പ്രതിപക്ഷ നേതാവിന്റെ റോളില്‍ ആരിഫ് ഖാന്‍ ‘തിളങ്ങി’നിന്നു. കേരളത്തോട് തന്നെ യുദ്ധം പ്രഖ്യാപിച്ച മട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഓരോ ‘ആക് ഷനും’. ഏറ്റവുമൊടുവില്‍, അറുപത് വര്‍ഷങ്ങളായി മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ  1960-ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട്  നിയമ സഭ ഏകകണ്ഠമായി പാസ്സാക്കിയ ബില്ലില്‍ ഒപ്പിടാത്തതില്‍ ഇടുക്കിയില്‍ ഗവര്‍ണര്‍ക്കെതിരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മാറി മാറി നടത്തിയ കാവിവത്കരണ പരീക്ഷണങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ ‘സാക്ഷരത’ എന്ന വീക്ക്നെസ്സിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്‌  ഖാന്‍ തന്റെ ‘ചാന്‍സലര്‍’ പദവി ഉപയോഗിച്ചു കൈവെച്ചത്.  ‘സാക്ഷരത’യാണ് കേരളത്തിന്റെ ‘വീക്ക്നെസ്സ്’ എന്ന ‘നിഗൂഢ സത്യം’ ആദ്യം ‘കണ്ടെത്തിയ’ സംഘ് തലവന്‍ സാക്ഷാല്‍ ഒ. രാജഗോപാലാണ്‌. “സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം മുന്നില്‍ നില്‍ക്കുന്നതു കൊണ്ടാണ് ബി.ജെ.പി ഇവിടെ വളരാത്തത്. കേരളത്തില്‍ 90 ശതമാനമാണ് സാക്ഷരത. അവര്‍ ചിന്തിക്കുന്നു. സംവാദത്തില്‍ ഏര്‍പ്പെടുന്നു” (കേരളത്തില്‍ ബി.ജെ.പി വളരാത്തത് സാക്ഷരത കൊണ്ട്- ഒ. രാജഗോപാല്‍ - കേരള കൗമുദി 24-3-2021). ഈ ‘വീക്ക്നെസ്സിനെ’ എങ്ങനെ ‘ശക്തി’യാക്കി മാറ്റാം എന്നതിനെ കുറിച്ചു കാലങ്ങളായി  ‘ശാഖ’കളില്‍ നടക്കുന്ന ‘കൂലങ്കഷായ’ ചര്‍ച്ചകളില്‍നിന്ന് ഊറിവന്ന ചിന്തകളാണ് യൂനിവേഴ്സിറ്റികളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ‘മോദി’ ഫൈ ചെയ്ത് ‘ദി എന്റയര്‍ പൊളിറ്റിക്സ്’ മോഡല്‍ ആക്കാനാണ് പരിപാടി. ബി.ജെ.പിയുടെ ‘നല്ല മുസ് ലിം’ ആഖ്യാനത്തെ പ്രതിനിധാനം ചെയ്യുന്ന ‘ദേശീയ മുസ്‌ലിമിനെ’ തന്നെ കേരളത്തിലേക്ക് നിയോഗിച്ചത് ഫൗള്‍ കളിയിലുള്ള അദ്ദേഹത്തിന്റെ സര്‍വകലാവല്ലഭത്വം കൊണ്ട് തന്നെ.

ഏറ്റവുമൊടുവില്‍, ‘പൗരത്വ ബില്ലി’ല്‍ ആര്‍.എസ്.എസിന്റെ അറുപിന്തിരിപ്പന്‍ വര്‍ഗീയ ചിന്തയുടെ വക്താവായി സര്‍വകലാശാലാ വേദികളില്‍ അവതരിച്ച ശേഷമാണ് ‘ഭരണം പിടിക്കാന്‍’ കേരളത്തിലെ കലാശാലകളെ കാവിവത്കരിക്കലാണ് വഴി എന്ന് ഖാന്‍ കണ്ടെത്തുന്നത്. 2019-ല്‍ ആരോഗ്യ സര്‍വകലാശാലാ വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മല്‍ എന്ന സംഘ് നോമിനിയെ നിയമിച്ചുകൊണ്ടാണ് ആരിഫ് ഖാന്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മണ്‍തലത്തില്‍ കാളപൂട്ടല്‍ തുടങ്ങിവെച്ചത്. മൂന്നു വര്‍ഷത്തിന് ശേഷം 2022-ല്‍ കേരള വി.സിയുടെ അധികച്ചുമതല കൂടി മോഹനന് നല്‍കി.  എഴുപതുകളിലെ ‘ത്യാഗ സമര സുരഭിലമായ’ ചരിത്രം ചവറ്റുകൊട്ടയില്‍ തള്ളുകയും ഉദാരവത്കരണാനന്തര കാലത്തെ ജീർണതകൾ പേറി ഉദാര ലൈംഗികതയുടെയും നവ ലിബറലിസത്തിന്റെയും പ്രചാരണം ഏറ്റെടുത്ത്  സര്‍ഗ ശൂന്യമായിത്തീരുകയും ചെയ്ത എസ്.എഫ്.ഐക്ക് ഓര്‍ക്കാപുറത്ത് കിട്ടിയ  പ്രതിയോഗിയാണ്, യഥാർഥത്തില്‍ അവര്‍ തന്നെ ‘പാന്‍ പരാഗ് സംഘി’ എന്ന് വിളിക്കുന്ന ആരിഫ് മുഹമ്മദ്‌ ഖാന്‍. എസ്.എഫ്.ഐയുടെ കണ്‍വെട്ടത്ത് വെച്ച് തന്നെയാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാര്‍ കാലത്ത് കേരള പോലീസില്‍ ആര്‍.എസ്.എസിന്റെ സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുകയും സഖാക്കള്‍ പോലും ഇരകളാക്കപ്പെടുകയും ചെയ്തത്. എന്തൊരു ഒച്ചയായിരുന്നു എസ്.എഫ്.ഐയുടെ അന്നത്തെ മൗനത്തിന്! എസ്.എഫ്.ഐ നോക്കിനിൽക്കെയാണ് പിണറായിപ്പോലീസിന്റെ ബെഹ്റക്കാലത്ത് ഇപ്പോള്‍ തമിഴ്നാട്ടിലെ ഡി.എം.കെ മന്ത്രിസഭയെ വട്ടം കറക്കുന്ന ആര്‍.എന്‍ രവി എന്ന സംഘി ഗവര്‍ണറെ മുഖ്യാതിഥിയായി ക്ഷണിച്ച് കേരള പോലീസ് ‘ഇന്നൊവേഷന്‍’ നടത്തിയത്. അധികാരമില്ലാതിരിക്കെ തന്നെ പോലീസിനെകൊണ്ട് തങ്ങള്‍ക്കു വേണ്ടി പണിയെടുപ്പിക്കാന്‍ ആര്‍.എസ്.എസിന് കഴിഞ്ഞത് നിസ്സഹായരായി നോക്കിനിൽക്കേണ്ടി വന്ന എസ്.എഫ്.ഐ, ഒടുവില്‍ കാമ്പസുകളിലും പിടിത്തം വിടുമെന്ന ഘട്ടമെത്തിയപ്പോഴാണ് പടക്കളത്തിലിറങ്ങിയത്. എഴുപതുകളിലെ കാമ്പസുകളെ ത്രസിപ്പിച്ച എസ്.എഫ്.ഐ എന്ന ഇടത് വിദ്യാര്‍ഥി സംഘടന പരീക്ഷാ തട്ടിപ്പ്,  വ്യാജബിരുദം, ലഹരി മാഫിയ  തുടങ്ങിയ ഇടപാടുകളില്‍ പെട്ട് സമരവീര്യം ചോര്‍ന്നു മൃതപ്പെട്ട നിലയിലായിരുന്നു. ഈയൊരു ഗ്യാപിലാണ് സംഘ് പരിവാര്‍ ആശയധാരയിലുള്ളവരെ സർവകലാശാലാ സെനറ്റുകളിലേക്ക് തിരുകിക്കയറ്റുകയും ചാന്‍സലര്‍ പദവി ഉപയോഗിച്ചു സംഘ് സഹയാത്രികരെ വി.സിമാരാക്കുകയും ചെയ്തത്.   അതിനിര്‍ണായകമാണ് പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയുള്ള ഏതാനും മാസങ്ങള്‍. പൊതുമുതല്‍ കൊണ്ട് തന്നെ അക്കാദമിക തലത്തിലും ഭരണ നിര്‍വഹണ മേഖലയിലും നിഗൂഢമായി നടത്തിക്കൊണ്ടിരിക്കുന്ന കാവിവത്കരണത്തിനെതിരെ ജാഗരൂകത വേണ്ടത് കേരളത്തിന്റെ സൗഹൃദ പൈതൃകം നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന പൊതു സമൂഹത്തിനാണ്. അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സിന്റെ അടിത്തറയില്‍ അധികാരമുറപ്പിക്കാന്‍ ശ്രമിക്കുന്നവരില്‍നിന്ന് വലുതായൊന്നും പ്രതീക്ഷിക്കേണ്ടതില്ല. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 26-29
ടി.കെ ഉബൈദ്